Raise our Conscience against the Killing of RTI Activists




Friday, March 26, 2010

കുഞ്ഞൂഞ്ഞു ചേട്ടന്‍


കുഞ്ഞൂഞ്ഞു ചേട്ടന്‍ എനിക്ക് ആരായിരുന്നു. അറിയില്ല. എന്‍റെ ചെറുപ്പത്തില്‍ എനിക്ക് എല്ലാം എല്ലാം ചേട്ടന്‍ ആയിരുന്നു. എനിക്ക് കഥകള്‍ പറഞ്ഞു തരികയും എന്നേ ചിരിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തി. എനിക്ക് ഓര്‍മ വരുന്ന നാള്‍ മുതല്‍ തന്നെ ചേട്ടന്‍ വീട്ടില്‍ ഉണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ചേട്ടനായിരുന്നു.വീട്ടിലെ പണിക്കാരന്‍ ആയിരുന്നെങ്കിലും ഞങ്ങള്‍ അങ്ങനെ  ആയിരുന്നില്ല  അദ്ദേഹത്തെ കണ്ടിരുന്നത്‌.ചെറുപ്പത്തില്‍ നമ്മളുമായി സംവദിക്കുന്നവര്‍ നമ്മുടെ സ്വഭാവ രൂപികരണത്തില്‍ വലിയ പങ്കു വഹിക്കും. എന്‍റെ ചെറുപ്പത്തിലെ  മധുരമുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തെ ചുറ്റി പറ്റി തന്നെയാണ്.

ഞാന്‍ 12 കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സ്ഥലം മാറി പോയി. അപ്പോളേക്കും അദ്ദേഹത്തിനു ചെറുതായി വയ്യായ്ക തുടങ്ങിയിരുന്നു. പഠനവും മറ്റു തിരക്കുകളും മൂലം ആ ഓര്‍മകളുമായി സാവധാനം സന്ധി ചെയ്യേണ്ടി വന്നു. വിജയങ്ങള്‍ എത്തി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ വേരുകള്‍ മറക്കുന്നു. അതിന്‍റെ വില മനസിലായി വരുമ്പോളേക്കും വേരുകള്‍ തന്നെ ഉണ്ടാവില്ല. ചേട്ടന് കാന്‍സര്‍ ആണ് എന്ന് ഞാന്‍ പിന്നിട് അറിഞ്ഞു. അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. കാര്യമായി അന്വേഷിച്ചില്ല എന്നത് സത്യം. ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ താല്‍പര്യങ്ങളിലും  മാറ്റം വരുന്നു. വളരെ സ്വാഭാവികമായ മാറ്റം. പഠനം പൂര്‍ത്തി ആക്കിയപ്പോലും ഞാന്‍ അദ്ദേഹത്തെ അന്വേഷിച്ചില്ല.കഴിഞ്ഞ ആഴ്ച ചേട്ടന്‍ മരിച്ചു. ഇന്നലെ ഞാന്‍ ശവ കുടീരത്തില്‍ പോയിരുന്നു. മനസ്സ് മരവിച്ചു കഴിഞ്ഞാല്‍ പിന്നെ വികാരങ്ങള്‍ക്ക് പ്രസക്തി ഇല്ല.  അദ്ദേഹത്തിന്‍റെ കാല്‍കല്‍ ഞാന്‍ ഒരു പൂവ് വച്ചു. മുല്ലപൂവ് വളരെ ഇഷടമായിരുന്നു അദ്ദേഹത്തിന്. ഇപ്പോള്‍ എനിക്ക് ചുറ്റും ഒരു ചെറു കാറ്റടിക്കുന്നു. അദ്ദേഹത്തിന്‍റെ  ആത്മാവ് ആവും. ഒരിറ്റു കണ്ണീര്‍ എന്‍റെ കടലാസ്സില്‍ വീണോ? 

1 comment:

  1. നിന്റെ എഴുത്ത് നന്നായി വരുന്നുണ്ട്.:-)

    ReplyDelete