തന്‍റെ സിനിമകളില്‍ പരീക്ഷണം നടത്താന്‍ ഒട്ടും മടികാണിക്കാത്ത ഒരു സംവിധായകനാണ് രഞ്ചിത്ത്. നമ്മള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച തിരക്കഥ, പലേരി മാണിക്യം, നന്ദനം, കേരള കഫെ എന്നിവ അതിന്‍റെ മികച്ച ഉദാഹരണങ്ങളാണ്. അതിലേക്കു ഓരെണ്ണം കൂടി രഞ്ചിത്ത് ചേര്‍ത്തിരിക്കുന്നു. നമ്മുടെ സ്വന്തം പ്രാഞ്ചിയേട്ടന്‍. അതിന്‍റെ കഥാഗതികൊണ്ടാണ് പ്രാഞ്ചിയേട്ടന്‍ മറ്റു സിനിമകളില്‍ നിന്നു
വ്യതസ്തമാവുന്നത്. തൃശ്ശൂര്‍ ആണ് കഥാകേന്ദ്രം. സംവിധായകനു പ്രീയപ്പെട്ട മമ്മൂട്ടി തന്നെ ലീഡ് റോളില്‍ വരുന്ന സിനിമയില്‍ കൂടുതല്‍ അഭിനേതാക്കളും അതേ ജില്ലക്കാരു തന്നെയാണ്. പാട്ട്, ഡാന്‍സ്, അടി എന്നിവ തീരെ ഇല്ലെങ്കില്‍ പോലും പ്രേക്ഷകരെ പൂര്‍ണമായും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും രഞ്ചിത്തിന്‍റെ ബ്രില്ലിയണ്റ്റ് തിരക്കഥക്കു കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്‍റെ പക്ഷം.
ഒരു നിര്‍ണ്ണായക തീരുമാനമെടുക്കേണ്ട സമയത്ത് CE ഫ്രാന്‍സ്സീസ് എന്ന പ്രാഞ്ചിയേട്ടനും ഫ്രാന്‍സ്സീസ് പുണ്യവാളനും തമ്മില്‍ നടത്തുന്ന ആശയവിനിമയത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ധനവാനായ അരിക്കച്ചവടക്കാരനായ പ്രാഞ്ചി തന്‍റെ ജീവിതകഥ പുണ്യവാളന്‍റെ മുന്നില്‍ തുറന്നു കാട്ടുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള നമ്മുടെ ഓട്ടത്തെ സര്‍ഗാത്മകമായ സൃഷ്ടിയിലൂടെ തിരക്കഥാകൃത്ത് പരിഹസിക്കുന്നു.
ഒരു എപ്പിസോഡ് ഫോര്‍മാറ്റിലാണ് സിനിമയുടെ പുരോഗതി. അതിനാല്‍ സീനുകള്‍ക്കിടയില്‍ നമ്മുക്ക് അത്ര ബന്ധം തോന്നില്ലെങ്കില്‍ പോലും അടിസ്ഥാന കഥാതന്തു അവസാനം വരെ കേടു പറ്റാതെ സൂക്ഷിച്ചിരിക്കുന്നു സംവിധായകന്‍. പ്രധാന കഥയില്‍ നിന്നു വ്യതിചലിക്കുന്നു എന്നു ചില
സ്ഥലങ്ങളില്‍ തോന്നിയെങ്കിലും അവസാനം അതു അതിവിദഗ്ദമായി ഒന്നിപ്പിച്ചതിലാണ് രഞ്ചിത്തിണ്റ്റെ മിടുക്ക്. ഓരോ കഥാഭാഗത്തിനും ആവശ്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

മമ്മൂട്ടിയുടെ അടുത്ത കാലത്തെ വളരെ മികച്ച പ്രകടനം എന്നു നിസ്സംശയം പറയാം. സിനിമയെ രാജമാണിക്യം പോലെ സ്ളാങ്ങ് അടിസ്ഥാനമാക്കിയുള്ള ഒരു കോമെഡി പടമാക്കാത്തതില്‍ മമ്മൂട്ടിയുടെ പങ്കു നിര്‍ണ്ണായകമാണ്. മമ്മൂട്ടി, രഞ്ചിത്തിന്‍റെ തിരക്കഥയെ അതിലും ഉജ്വലമായി കാഴ്ചക്കാരിലെത്തിച്ചു. പ്രാഞ്ചിയെ വഴി തെറ്റിക്കുന്ന സഹായികളായി ഇന്നസെണ്റ്റും, ടിനി ടോമും, രാമുവും, TG രവിയും മനോഹരമാക്കി. ഇതില്‍ TG രവി മികച്ച പ്രകടനമാണ്. സിദ്ദിക്കുിനും ഖുശ്ബുവിനും സിനിമയില്‍ സീന്‍ കുറവാണെങ്കിലും കഥയില്‍ അവര്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. തന്‍റെ റോള്‍ മനോഹരമാക്കി പ്രിയാമണിയും. ഗണപതി എന്ന പയ്യന്‍ താരം അഭിനയത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം തന്നെയുണ്ട്. ചില സ്ഥലങ്ങളില്‍ അല്‍പം ഓവര്‍ ആയൊ എന്നു തോന്നിയെങ്കിലും കഥയില്‍ മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് ഗണപതിയുടെ പൌളി എന്ന കഥാപാത്രമാണ്. പുണ്യവാളനെ അവതരിപ്പിച്ച ജെസ്സി ഫോക്സ് അലനും, ശബ്ദം ഡബ്ബ് ചെയ്ത സംവിധായകന്‍ രഞ്ചിത്തും നന്നായിട്ടുണ്ട്.

പുണ്യവാളനും പ്രാഞ്ചിയേട്ടനുമായുള്ള സംസാരത്തിന്, ലഗെ രഹൊ മുന്നാഭായിയില്‍ മുന്നാഭായിയും ഗാന്ധിജിയുമായുള്ള സംഭാഷണത്തോടു തോന്നിയ നേരിയ സിമിലാരിറ്റി മാത്രമാണ് എനിക്കു അന്യസിനിമകളില്‍ നിന്നുള്ള ഒരു സ്വാധീനമായി തൊന്നിയതു. തിരക്കഥയില്‍ ഒരിടത്തു പോലും പ്രേക്ഷകണ്റ്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നില്ല. ഡയലോഗുകള്‍ ബുദ്ധിപരവും, ഹാസ്യാത്മകവും സാഹചര്യം ആവശ്യപ്പെടുന്ന പഞ്ചും ഉള്ളതാണ്.
ഔസേപ്പച്ചന്‍റെ സംഗീതം തരക്കേടില്ലെങ്കിലും ബാക്ക്ഗ്രൌണ്ട് സ്ക്കോര്‍ അത്യുഗ്രനാണ്. സിനിമയുടെ ആശയത്തോടു പൂര്‍ണ്ണമായും യോജിക്കുകയും, സിനിമ തീര്‍ന്നാലും പ്രേക്ഷകന്‍റെ മനസ്സില്‍ സ്ഥാനം പിടിക്കുന്നതുമാണ് അത്. ഛായാഗ്രാഹകന്‍ വേണു സീനുകള്‍ വളരെ ഭംഗിയാക്കി. മിക്കവാറും സീനുകളിലേക്കും വേണ്ട ഇന്‍ഡോര്‍ ലൈറ്റിംഗ് നന്നായി ക്രമീകരിച്ചിട്ടുണ്ട്. കലാസംവിധായകന്‍ മനു ജഗത്തും കൊള്ളാം.
പുണ്യവാളന്‍ അവസാനം പ്രാഞ്ചിയേട്ടനെ കാണിക്കുന്ന 3 ദര്‍ശനങ്ങളാണ് സിനിമയുടെ ഒരു പഞ്ചായി എനിക്കു തോന്നിയത്. ചുരുക്കത്തില്‍, ഈ സിനിമ മികച്ച അഭിനയം കൊണ്ടും, ബുദ്ധിപരമായ സ്ക്രിപ്റ്റ് കൊണ്ടും, എല്ലാറ്റിലും ഉപരിയായി കഥയുടെയും കഥാപാത്രങ്ങളുടേയും ലാളിത്യം കൊണ്ടും മികച്ചതായി എന്നു പറയാം. തിരുവനന്തപുരം കൃപ തിയറ്ററില്‍ ഹൌസ് ഫുള്ള് ആയ ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷം ഉണ്ടായ കയ്യടി അതിനെ സാധൂകരിക്കുന്നു. തിരിച്ചു തെരുവുകളിലേക്കിറങ്ങിയപ്പോള്‍ പുണ്യവാളന്‍ പ്രാഞ്ചിയേട്ടനോടു പറഞ്ഞ 2 വാചകങ്ങള്‍ മനസ്സില്‍ മുഴങ്ങി നിന്നു, "പ്രാഞ്ചീ, നീ നേടിയെന്നു കരുതിയവര്‍ക്ക് എന്തു നേടാനായി? നഷ്ടമായെന്നു കരുതിയവര്‍ക്കു അവസാനം എന്തു നഷ്ടപ്പെട്ടു?"