Raise our Conscience against the Killing of RTI Activists




Wednesday, September 8, 2010

സൈമണ്‍ സാര്‍

സൈമണ്‍ സാര്‍ ഞങ്ങളുടെ ഓഫീസിലെ തല മുതിര്‍ന്ന ആളാണ്‌. പുതിയതായി ജോയിന്‍ ചെയ്യുന്നവരെ പറ്റിക്കുക എന്നത്‌ സാറും കൂട്ടുകാരും വര്‍ഷങ്ങളായി ഏറ്റെടുത്തിട്ടുള്ള ഒരു നയ പരിപാടിയാണ്‌. ഇവിടെയുള്ള എല്ലാവരും അതിന്‌ ഇരകളുമാണ്‌.

              ഒരിക്കല്‍ ഞാന്‍, ഞങ്ങളുടെ ഓഫിസിനകത്തുള്ള ഒരു ലാബില്‍ ഇരിക്കുകയാണ്‌. അന്നൊരു പ്രധാന പരീക്ഷണം നടക്കുന്ന ദിവസവും. അതുകൊണ്ടു തന്നെ, വലിയ സാറന്‍മാരൊക്കെ ലാബിന്‍റെ പുറകിലുള്ള കസേരകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്‌. ഞാന്‍ മുന്നില്‍ നിന്നു മൂന്നാം നിരയിലാണ്‌ ഇരിക്കുന്നത്‌. സുരക്ഷാപ്രശ്നങ്ങള്‍ കൊണ്ടാണോ, അതോ ആരെങ്കിലും ഉറങ്ങുന്നുണ്ടൊ എന്നറിയാനാണോ എന്തൊ, ലാബില്‍ അങ്ങിങ്ങു ക്യാമറകള്‍ ഉണ്ട്‌. ഒന്നു ലാബിന്‍റെ മുന്നിലും ഉണ്ട്‌. പെട്ടെന്നു ഞാന്‍ നോക്കിയപ്പൊള്‍ അതാ എന്‍റെ മുന്‍നിരയിലിരിക്കുന്ന കുട്ടന്‍ സാര്‍ ക്യാമറയെ നോക്കി, കസേരയില്‍ ഇരുന്നു കൊണ്ടു എന്തൊക്കെയൊ വിചിത്ര ആംഗ്യങ്ങള്‍ കാണിക്കുന്നു. കുട്ടന്‍ സാര്‍ സൈമണ്‍ സാറിന്‍റെ ഒരു ഉറ്റ സുഹൃത്താണ്‌. സാര്‍ ഇരിക്കുന്നതു കൊണ്ടു, മറ്റാരും കാണുന്നുമില്ല. എന്തൊക്കെ മണ്ടന്‍ ആക്ഷനുകള്‍ ആണ്‌ ഈ സാര്‍ കാണിക്കുന്നത്‌ എന്നു ഞാന്‍ മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ എന്‍റെ നിരയിലും ഒരു ഫോണ്‍ വന്നു. "ഇതു ക്യാമെറയില്‍ നിന്നാണ്‌ വിളിക്കുന്നത്‌", ഫൊണിന്‍റെ അങ്ങെ തലക്കല്‍ സ്വയം പരിചയപ്പെടുത്തി. "ഞങ്ങള്‍ ക്യാമറ ഫോകസ്‌ ചെയ്യുകയാണ്‌. നിങ്ങല്‍ ദയവായി ഒന്നെഴുന്നേറ്റു നില്‍കാമൊ?", എന്നോടു വിനീതമായി ആവശ്യപ്പെട്ടു. ഞാന്‍ ഒരു വിജയിയെപ്പോലെ ഉടനെ ചാടി എഴുന്നേറ്റു. "നിങ്ങള്‍ വലതു കൈ മുന്നിലെ ക്യാമെറയിലെക്കു നൊക്കി ഒന്നുയര്‍ത്താമോ?", ഫോണ്‍ ആവശ്യപ്പെട്ടു. ഉടനെ ഞാന്‍ അനുസരിച്ചു. "കൈ ഒന്നു അങ്ങോട്ടും ഇങ്ങോട്ടും വീശാമോ?" വീണ്ടും. ഞാന്‍ അനുസരിച്ചുകൊണ്ടേ ഇരുന്നു. "ok, കൈ ഫോകസ്‌ ചെയ്തു കഴിഞ്ഞു. നിങ്ങള്‍ ചൂണ്ടു വിരല്‍ മാത്രം ഉയര്‍ത്തി അങ്ങൊട്ടും ഇങ്ങൊട്ടും ഒന്നനക്കാമൊ?" വീണ്ടും ആവശ്യം. അതും ഞാന്‍ സാധിച്ചു. ഒരോ 30  സെക്കണ്റ്റ്‌ കൂടുമ്പോഴും ഞങ്ങള്‍ ഫോകസ്‌ ചെയ്യുകയാണ്‌ എന്നു ഫൊണിലൂടെ സന്തേശം എത്തുന്നുണ്ട്‌. അവസാനം പറഞ്ഞു, "വളരെ നന്ദി. ഞങ്ങള്‍ ഫോകസ്‌ ചെയ്തു കഴിഞ്ഞു". പുറകില്‍ നിന്നു കുറേ ചിരിയൊക്കെ കേട്ടെങ്കിലും എനിക്കു കാര്യമായൊന്നും മനസ്സിലായില്ല. പിറ്റേന്നു മറ്റൊരു സാര്‍ എന്‍റെയടുത്തു വന്നു ചോദിച്ചു, "താന്‍ ഇന്നലെ എന്തൊക്കെ കോപ്രായമാ എഴുന്നേറ്റു നിന്നു കാണിച്ചെ? അതൊക്കെ നമ്മടെ സൈമണിന്‍റെ പരിപാടി അല്ലായിരുന്നോ?" ചമ്മലില്‍ ഇരുന്നപ്പോഴാണ്‌ കുട്ടന്‍ സാറിനെ കണ്ടത്‌. ഞാന്‍ വേഗം സാറിനെ കളിയാക്കി, "അയ്യേ, ഇന്നലെ സാറിനെ പറ്റിച്ചതാ. സൈമണ്‍ സാറാണ്‌ വിളിച്ചത്‌". അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം കുട്ടന്‍ സാര്‍ പറഞ്ഞത്‌. സാറും, സൈമണ്‍ സാറും പ്ളാന്‍ ചെയ്തായിരുന്നു എന്നെ പറ്റിച്ചത്‌. എനിക്കു വിശ്വാസ്യത ഉണ്ടാക്കാന്‍ ആയിരുന്നു കുട്ടന്‍ സാറിന്‍റെ കോപ്രായങ്ങള്‍.

             കുഞ്ഞു മേരി ഓഫിസില്‍ അടുത്ത കാലത്തു ജോയിന്‍ ചെയ്ത ഒരു കുട്ടിയാണ്‌. ഒത്തിരി സ്വപ്നങ്ങള്‍ ഒക്കെയുള്ള ഒരു കുട്ടി. അന്ന് എന്നെ പറ്റിച്ച ദിവസം, ഒത്തിരി സന്തോഷത്തോടെ പൊട്ടിചിരിച്ച്‌ അതു സ്വീകരിച്ച ആളാണ്‌ ഈ കുഞ്ഞു മേരി. ആ വകയില്‍ കുറച്ചു പക എനിക്കു ബാകി കിടപ്പുണ്ട്‌. ഒരിക്കല്‍ കുഞ്ഞു മേരി ഔദ്യോഗീക ആവശ്യത്തിനായി സൈമണ്‍ സാറിന്‍റെ ഒപ്പം പ്ളെയിനില്‍ കയറി. മേരി ആദ്യമായി കയറുകയാണ്‌. സാര്‍ പറഞ്ഞു, "ഒന്നും പേടിക്കെണ്ട. ഞാനില്ലെ". സാര്‍ ഓരൊന്നൊക്കെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. പ്ളെയിന്‍ പൊങ്ങി കഴിഞ്ഞപ്പോള്‍ സാര്‍ പറഞ്ഞു, " നമുക്ക്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വേണമെങ്കില്‍ കോക്ക്പിറ്റ്‌ കാണാം. ആദ്യമൊന്നും അവര്‍ സമ്മതിക്കില്ല. അപ്പോള്‍ നമ്മുടെ ID കാര്‍ഡ്‌ കാണിച്ചാല്‍ മതി. അവര്‍ കയറ്റി കാണിച്ചു തരും." കേട്ട ആവേശത്തില്‍ മേരി ചാടി എഴുന്നേറ്റു. താന്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ സാര്‍ സീറ്റില്‍ തന്നെ ഇരുന്നു. നേരെ കോക്ക്പിറ്റിനടുത്തേക്കു വച്ചു പിടിക്കുന്ന മേരിയെ കണ്ട്‌ എയര്‍ ഹോസ്റ്റെസ്സ്മാര്‍ ഞെട്ടി. അവര്‍ ഓടി വന്ന് തടഞ്ഞു നിര്‍ത്തി ചോദിച്ചു," എവിടെ പൊവുന്നു?". "കോക്ക്പിറ്റ്‌ കാണണം", മേരി തിരിച്ചടിച്ചു. അതു സാധ്യമല്ലെന്നു അവര്‍ അറിയിച്ചപ്പോള്‍ കുഞ്ഞു മേരി ചാടി ID കാര്‍ഡ്‌ എടുത്തു. "I am കുഞ്ഞു മേരി from ISRO". കേട്ട പാടെ എയര്‍ ഹോസ്റ്റെസ്സ്‌ ഒറ്റ ചിരി. കൂടെ യാത്രക്കാരും . ചൂളി പൊയ മേരിയെ എയര്‍ ഹോസ്റ്റെസ്സ്‌ നിയമങ്ങളൊക്കെ പറഞ്ഞു സീറ്റില്‍ കൊണ്ടു വന്നിരുത്തി. സാറിന്‍റെ ചിരി അപ്പോഴും മാറിയിരുന്നില്ല.

2 comments:

  1. ആരെടാ ഈ കുഞ്ഞുമേരി?

    ReplyDelete
  2. Eda eda eda mandankonappiii.... Nee naatukaare aarem vidilla alledaaa... Ninakullath njan tharum... Nee karuthi irunno.. Haaa Haaa Haaa

    ReplyDelete