Raise our Conscience against the Killing of RTI Activists
Monday, September 20, 2010

തൊമ്മന്‍കുത്ത്‌ യാത്ര

തിരുവോണ അവധി ദിവസങ്ങളില്‍ കാര്യമായ പണിയൊന്നുമില്ലാതെ വീട്ടില്‍ ഇരിക്കുമ്പോഴാണ്‌ സുഹൃത്തിന്‍റെ ഫോണ്‍ വരുന്നത്‌. അവധിയുടെ ആലസ്യത്തില്‍ മടുത്തിരുന്ന അവനും ഞാനും, ഒരു ട്രിപ്‌ പോയാലൊ എന്ന ആലോചന ആയി. നിര്‍ദ്ദേശം അതിവേഗം സ്വീകരിക്കപ്പെട്ടു. അവന്‍റെ വീടിനടുത്തുള്ള തൊമ്മന്‍കുത്തിലേക്കു പോകാം എന്ന തീരുമാനവുമായി. തൊടുപുഴയില്‍ ഉള്ള മറ്റൊരു സുഹൃത്തിനെ കൂടി യാത്രയില്‍ പങ്കാളിയാക്കി. തിരുവോണ ദിവസം സദ്യയൊക്കെ കഴിച്ച ശേഷം ഉച്ചയോടെ സുഹൃത്തിന്‍റെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു, തൊമ്മന്‍കുത്തെന്ന പ്രകൃതിയുടെ വിസ്മയത്തിലേക്ക്‌.

തൊടുപുഴയില്‍ നിന്ന്‌ ഉദ്ദേശം 19km അകലെയാണ്‌ തൊമ്മന്‍കുത്തെന്ന മനോഹരമായ വനമ്പ്രദേശവും വെള്ളച്ചാട്ടവും. പോകുന്ന വഴിയില്‍ ഉള്ള പുഴയുടെ അരികില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി. ഒരു ചെറു വിശ്രമം. മഴക്കാലമായിരുന്നതു കൊണ്ടു പുഴ നിറഞ്ഞു കവിഞ്ഞിരുന്നു. ഞങ്ങള്‍ ഉത്സാഹത്തോടെ നടന്ന്‌ ഫോട്ടോ എടുത്തു. അധികം താമസിയാതെ ഞങ്ങള്‍ പുറപ്പെട്ടു.

തൊമ്മന്‍കുത്ത്‌ ഒരൊറ്റ വെള്ളച്ചാട്ടമല്ല. മറിച്ച്‌ രണ്ടാള്‍ മുതല്‍ മൂന്നാള്‍ വരെ ഉയരമുള്ള കുറേ ചെറു വെള്ളച്ചാട്ടങ്ങളുടെ ഒരു സമാഹാരമാണ്‌. ഈ ഓരൊ ചാട്ടത്തിനുമാണ്‌ അവിടെ കുത്ത്‌ എന്ന്‌ പറയുന്നത്‌. ഇങ്ങനെ മൊത്തം 7 കുത്ത്‌ ചേര്‍ന്നതാണ്‌ തൊമ്മന്‍കുത്ത്‌. ചെന്നു വണ്ടി പാര്‍ക്‌ ചെയ്യുന്ന സ്ഥലത്തു തന്നെ ഒന്നാം കുത്ത്‌ കാണാം. പ്രകൃതി അതിന്‍റെ ശക്തി പ്രദര്‍ശിപ്പിക്കുന്ന അപൂര്‍വം സ്ഥലങ്ങളില്‍ ഒന്ന്‌. നല്ല ഒഴുക്കുള്ളതു കൊണ്ടുതന്നെ അസുര ഭാവം തെളിഞ്ഞു നിന്നു. ഞങ്ങള്‍ ടോക്കണ്‍ എടുത്തു കയറിയപ്പോള്‍ തന്നെ ഞങ്ങളെ സ്വീകരിച്ചത്‌ 48പേര്‍ ഇതിനോടകം തന്നെ അവിടെ മരിച്ചു കഴിഞ്ഞു എന്ന്‌ സൂചിപ്പിച്ചുകൊണ്ടുള്ള അപകട മുന്നറിയിപ്പ്‌. പാറകള്‍ക്കിടയില്‍ പൊടുന്നനെയുള്ള കയങ്ങളും, അപ്രതീക്ഷിതമായ അടിയൊഴുക്കും നീന്തല്‍ അഭ്യാസിയെ പോലും ഒന്ന്‌ പരീക്ഷിക്കും. കണ്ടാല്‍ ആര്‍ക്കും ഒന്നിറങ്ങാന്‍ തോന്നുന്ന വിധത്തില്‍ മാടി വിളിക്കുകയാണ്‌ തൊമ്മന്‍കുത്തു പുഴ.

വനമേഘലയിലേക്കു ഞങ്ങള്‍ കയറി. ആ തണുപ്പും വായുവും ആര്‍ക്കും ഉന്‍മേഷം നല്‍കും. പുഴയുടെ അരികിലൂടെയാണ്‌ വനത്തിലെ നടപ്പാത. അപൂര്‍വതരം വനസസ്യങ്ങളുടെ ഒരു വന്‍ ശേഖരമാണ്‌ അവിടം. അതില്‍ പ്രധാനപ്പെട്ടവയുടെയെല്ലാം പേരുകള്‍ വൃക്ഷത്തില്‍ തന്നെ എഴുതി വച്ചിരിക്കുന്നത്‌, സസ്യശാസ്ത്ര പഠനത്തില്‍ ഏവര്‍ക്കും താല്‍പര്യം ഉണര്‍ത്തും. ഉദ്ദേശം 1km ഞങ്ങള്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ 2ആം കുത്ത്‌ എത്തി. അതിനടുത്തുള്ള പാറയിലൂടെ നടന്ന്‌ ഞങ്ങള്‍ ഫോട്ടോ എടുത്തു. എന്നാല്‍ ജലത്തിലിറങ്ങാന്‍ ഞങ്ങളില്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.  നീരൊഴുക്കുകള്‍ സഞ്ചാര പാതയെ ചെറുതായി തടസ്സപെടുത്തുന്നുണ്ട്‌.

2ആം കുത്ത്‌ കഴിഞ്ഞതോടെ വഴി പതിയേ ഒറ്റയടി പാതയായി മാറിത്തുടങ്ങി. മിക്കവാറും കുടുംബ ടൂറിസ്റ്റുകള്‍ ഇവിടം വരെയേ എത്താറുള്ളു. വനം അതിന്‍റെ ഗാംഭീര്യവും കാണിച്ചുതുടങ്ങി. നല്ല കയറ്റവും ഇറക്കവും ഒക്കെയായി വഴികള്‍ ദുഷ്കരമാവുകയാണ്‌. ഇതിനിടയിലൂടെ ഉദ്ദേശം മുക്കാല്‍ കിലോമീറ്റര്‍ കൂടി അകത്തേക്കു ചെന്നപ്പോല്‍ 3ആം കുത്തായി. അതു മനോഹരമാണ്‌. ഉദ്ദേശം 3 ആള്‍ പൊക്കത്തിലുള്ള വളരെ നല്ല ഒരു വെള്ളച്ചാട്ടം. അതിന്‍റെ ചുവട്ടില്‍ തൊട്ടടുത്തു വരെ പാറകളും ഉണ്ട്‌. വെള്ളചാട്ടത്തിന്‍റെ ചുവട്ടില്‍ അതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുക എന്നതു അവാച്യമായ ഒരു അനുഭൂതിയാണ്‌. ഫോട്ടോഗ്രഫിക്കു പറ്റിയ ഒരു സീനിക്‌ സ്ഥലം കൂടിയാണ്‌ അത്‌.

യാത്ര നിര്‍ത്തണോ എന്ന്‌ ചെറിയ ഒരു സന്ദേഹം ഉണ്ടായെങ്കിലും പിന്നീടു മുന്നൊട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. പിന്നീടങ്ങോട്ടു വഴി നന്നേ ദുഷ്കരമാണ്‌. ഞങ്ങളുടെ കൂടെ വളരെയധികം പേര്‍ യാത്ര തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ മാത്രം. വഴിയിലാകെ മരങ്ങളൊക്കെ ഒടിഞ്ഞു കിടക്കുന്നുണ്ട്‌. വനമേഖല ആയതിനാല്‍ വെട്ടി മാറ്റുക സാധ്യമല്ല. വഴിയെന്നു പറയുന്നതു പല സ്ഥലങ്ങളിലും ഇല്ലായെന്നുതന്നെ പറയാം. പലയിടത്തും തൂങ്ങിയും, മറിഞ്ഞു കിടക്കുന്ന മരങ്ങളുടെ മുകളിലൂടെയും ചാടി പൊകേണ്ടി വന്നു. നല്ല ഒരു ട്രക്കിംഗ്‌ അനുഭവം പ്രദാനം ചെയ്യുന്നു ഇവിടം. ഉദ്ദേശം അര മണിക്കൂറ്‍ കൂടി വനത്തിനകത്തേക്കു ചെന്നപ്പോള്‍ ആശ്വാസമായി 4ആം കുത്തും ദൃഷ്ടിയില്‍ പെട്ടു.

അവിടെ അല്‍പ സമയം വിശ്രമിച്ച ശേഷം മുന്നോട്ടു പോകാന്‍ തുടങ്ങിയപ്പോള്‍, വഴിയേ കാണുന്നില്ല. തന്നെയുമല്ല കൊടും കാടും. മറ്റ്‌ ആളുകള്‍ ആരും കൂടെയില്ലാതിരുന്നത്‌ ഞങ്ങളിലെ ഭയം ചെറുതായി കൂട്ടി. സമയം വൈകിട്ടു 4 മണിയായേ ഉള്ളുവെങ്കിലും നന്നായി ഇരുട്ടിയിരുന്നു. മുന്നോട്ടു, ആനയും മറ്റു ഹിംസ്രജീവികളും ഇറങ്ങുന്ന സ്ഥലമാണെന്നുള്ള മുന്നറിയിപ്പ്‌ ഞങ്ങള്‍ക്കു താഴെ നിന്നേ കിട്ടിയിരുന്നു. ഇതൊക്കെ കൊണ്ടു, ഞങ്ങള്‍ പകുതി മനസ്സൊടെ മടക്കയാത്ര ആരംഭിച്ചു. അപ്പോഴേക്കും പെരും മഴയും. ആ മഴയത്തു കാടിലൂടെ ഞങ്ങള്‍ തിരിച്ചു നടന്നു. മഴ കനത്തപ്പോള്‍ അവിടെയുള്ള ഒരു പാറയുടെ അടിയില്‍ ഞങ്ങള്‍ അഭയം പ്രാപിച്ചു.

 ഉദ്ദേശം അഞ്ചര മണിയോടെ തിരിച്ച് ഞങ്ങള്‍ കാടിനു പുറത്തെത്തി. മഴയത്ത്‌ ഒന്നാം കുത്ത്‌ അതിന്‍റെ അസുര ഭാവം മുഴുവന്‍  പുറത്തെടുത്തു നില്‍ക്കുകയായിരുന്നു അപ്പോള്‍. ആ നിമിഷങ്ങള്‍ ഓര്‍മ്മകള്‍ക്കായി ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ഇതിന്‍റെ 7ആമത്തേയും അവസാനത്തേയുമായ കുത്ത്‌ ഒരിക്കല്‍ കാണണം എന്ന ആഗ്രഹം, ഒരു ആവേശമായി അപ്പോഴും മനസ്സിലുണ്ടായിരുന്നു.

ഇത്തരം ഓരോ യാത്രകളും ചരിത്രത്തിലേക്കുള്ള യാത്രകളാണ്‌. നമ്മുടെ ഭൂമി നമുക്കു മുമ്പേ എങ്ങനെ എന്നതു പറഞ്ഞു തരും ഒരൊ വൃക്ഷങ്ങളും. മനുഷ്യന്‍റെ കാലടികള്‍ കുറഞ്ഞു വരുന്തോറും പ്രകൃതി അതിന്‍റെ തന്‍മയത്വം കാണിച്ചു തരും. വെള്ളച്ചാട്ടത്തിലെ ജലം, അതിന്‍റെ അമ്മയായ സമുദ്രത്തെ പുണരാനുള്ള ആവേശത്തിലായിരുന്നു. മനോഹരമായ ഒരു ദിവസം കൂടി ഞങ്ങള്‍ക്കു സമ്മാനിച്ചിട്ടു സൂര്യന്‍ തന്‍റെ മടക്കയാത്ര ആരംഭിച്ചിരുന്നു. കൂടെ ഞങ്ങളും...

No comments:

Post a Comment