Raise our Conscience against the Killing of RTI Activists
Tuesday, August 31, 2010
മദര്‍ തെരേസ
മദര്‍ തെരേസ. ജനനം ഓഗസ്റ്റ് 26, 1910.
ലോകത്തിനു പുതിയൊരു സന്ദേശം.
മദറിനു വളരെ തീക്ഷണമായ കണ്ണുകളായിരുന്നു ഉള്ളതെന്ന് 1970 മുതല്‍ 1997 വരെ മദറിന്‍റെ ഫോട്ടോ പകര്‍ത്തിയ പ്രശസ്ത ഫോട്ടൊഗ്രാഫര്‍ രഘു റായി അനുസ്മരിക്കുന്നു."അവര്‍ സാധാരണ നമ്മുടെ ഉള്ളുകളിലേക്ക് നോക്കിയിരുന്നു. മദറിന്‍റെ മുമ്പില്‍ നില്‍ക്കുക എന്നതു തന്നെ വളരെ പേടി ഉളവാക്കുന്ന കാര്യമായിരുന്നു. എന്‍റെ കണ്ണുകളിലേക്കു മദര്‍ നോക്കുമ്പോളെല്ലാം എന്‍റെ ഉള്ളിലെക്കാണ് അവര്‍ നോക്കിയിരുന്നത്. അതിനാല്‍ തന്നെ മദറിന്‍റെ ഫോട്ടോ പകര്‍ത്തല്‍ അല്‍പം ദുഷ്കരവുമായിരുന്നു" .
കുഷ്ഠരോഗികളുടെയും വൃദ്ധരുടെയും കുഞ്ഞുങ്ങളുടേയും കാര്യവുമായി നിരന്തരം സര്‍ക്കാര്‍ പടികള്‍ കയറി ഇറങ്ങുന്ന മദറിനെയാണ് മദറിന്‍റെ ജീവചരിത്രമെഴുതിയ മുന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചവ്ളക്കു പരിചയം. ഡെല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായ ചാവ്ള അങ്ങനെയാണ് മദറുമായി പരിചയം സ്ഥാപിക്കുന്നത്. പാവങ്ങളെ സഹായിക്കുവാനായി ബംഗാളിലേക്കു വന്ന മദറിനെ ചാവ്ള അനുസ്മരിക്കുന്നു," അവര്‍ തെരുവുകളിലേക്ക് 1948ല്‍ ഇറങ്ങുമ്പോള്‍ അവര്‍ക്കു സഹായിയായി ആരും ഉണ്ടായിരുന്നില്ല. അവര്‍ ആദ്യ കാലങ്ങളില്‍ പിച്ചയെടുത്താണ് ജീവിച്ചിരുന്നത്. കല്‍ക്കട്ടയിലെ തെരുവുകളില്‍ അവര്‍ ഒറ്റക്കു ഒരു സ്കൂള്‍ തുടങ്ങി. അതിനു കെട്ടിടമോ, ബോര്‍ഡോ, മേശയൊ കസേരയൊ ഒന്നുമുണ്ടായിരുന്നില്ല. അവര്‍ ഒരു വടി കൊണ്ടു മണ്ണിലെഴുതി പഠിപ്പിച്ചു. സാവധാനം ഓരൊരുത്തര്‍ സംഭാവനയായി മേശയും കസേരയും നല്‍കി. ടീച്ചര്‍മാര്‍ ഒഴിവു സമയങ്ങളില്‍ വന്നു പഠിപ്പിച്ചു. ഡോക്ടര്‍മാര്‍ തനിയെ മുന്നോട്ടു വന്നു ചികത്സിച്ചു. മരുന്നു കമ്പനികള്‍ മരുന്നു സൌജന്യമായി നല്‍കി. ഒരു നിശബ്ദ വിപ്ളവം ശക്തി പ്രാപിക്കുകയായിരുന്നു അവിടെ. ഇതിനിടയിലും ഒരു പൈസ പോലും മദര്‍ സംഭാവനയായി സ്വീകരിച്ചിരുന്നില്ല. മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മദറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. "ഞാന്‍ ഒരു ഹിന്ദുവിനെ നല്ല ഹിന്ദുവായും, സിഖുകാരനെ നല്ല സിഖുകാരനായും മാറ്റാറുണ്ട്. ഒരിക്കല്‍ ദൈവത്തെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അവരാണ് ദൈവത്തെകൊണ്ടു എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്".ചവ്ള അനുസ്മരിക്കുന്നു.
പ്രശസ്ത ഇറ്റാലിയന്‍ എഴുത്തുകാരനായ ഡോമിനിക്ക് ലാപീരി കൊലക്കത്തയിലെത്തിയത് തന്‍റെ ഒരു നോവല്‍ വിറ്റു കിട്ടിയ പണം എന്തു ചെയ്യണമെന്നു മദറുമായി ആലൊചിക്കാനായിരുന്നു. മദറിനെ അദ്ദേഹം കാണുന്നത് മരണാസന്നര്‍ക്കുള്ള ഭവനത്തില്‍ വച്ചായിരുന്നു. മരിക്കാന്‍ പോകുന്ന ഒരൊരുത്തരെയും മദര്‍ നോക്കുന്നത് ദൂരെ നിന്നു നോക്കി കണ്ട അദ്ദേഹം, അല്‍പ സമയം അങ്ങനെ നിന്നു പോയി. അദ്ദേഹം തിരിച്ചു പോയതു മനസ്സില്‍ ഒരു ദൃഢ നിശ്ചയവുമായി ആയിരുന്നു. താമസിയാതെ അദ്ദേഹവും കുഞ്ഞുങ്ങള്‍ക്കായി കല്‍ക്കട്ടയില്‍ തന്‍റെ സ്ഥാപനം തുടങ്ങി.ഇന്നും ആ സ്ഥാപനം കുഞ്ഞുങ്ങളുടെ ചിരികള്‍ക്കിടയില്‍ പ്രശോഭിച്ചു നില്‍ക്കുന്നു.
പ്രശസ്ത എഴുത്തുകാരന്‍ ഖുശ്വന്ത് സിംഗ് ഒരിക്കല്‍ മദറിനെ മരണാസന്നര്‍ക്കുള്ള നിര്‍മല്‍ ഭവനില്‍ സന്ദര്‍ശിച്ചു. അവിടെ ഒരു വ്യക്തി മരിക്കാന്‍ പോവുന്നതു കണ്ട മദര്‍ അയാളുടെ കൈകള്‍ മുറുകെ പിടിച്ചു പറഞ്ഞു. "ദൈവം ജീവിക്കുന്നു". അപ്പോഴേക്കും ആ രോഗി മരിക്കുകയും ചെയ്തു. യാതൊരു ഭാവ ഭേദവുമില്ലാതെ മദര്‍ ആ ജഡം അവിടെ നിന്നു മാറ്റുന്ന ദൃശ്യം സിംഗ് നോക്കി നിന്നു. സ്ഥിരമായി കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം എത്തിച്ചിരുന്ന ബ്രിട്ടാന്നിയ കമ്പനി ഒരിക്കല്‍ പ്രതിസന്ധി മൂലം ഒരു മാസത്തെ ഭക്ഷണം മുടക്കിയതായി അറിയിച്ചു. ഇതറിഞ്ഞ മദര്‍ അവരുടെ മാനേജറെ വിളിച്ച്, ബിസ്കറ്റ് ഉണ്ടാക്കുമ്പോള്‍ നിലത്തു വീഴുന്ന പൊടി കഷ്ണങ്ങളെങ്കിലും തന്നു കൂടെ എന്നു ചോദിച്ചു. ഒട്ടും വൈകാതെ ആ മാനേജര്‍ ഒരു വലിയ പെട്ടി നിറയെ നല്ല ബിസ്കറ്റുമായി അവിടെ എത്തിയ സംഭവം സിംഗ് ഒര്‍മിക്കുന്നു.
മദറിന്‍റെ പ്രവര്‍ത്തനം കോല്‍കത്തയെ മാറ്റി മറിച്ചതായി സോമനാഥ് ചാറ്റെര്‍ജി കരുതുന്നു. ഒരിക്കല്‍ കമ്മ്യൂണിസ്റ്റ്കാരുടെ ഒരു റാലി നടക്കുന്നു. വഴി വക്കില്‍ മദറിനെ കണ്ട റാലിയിലെ, ദൈവ വിശ്വാസമില്ലാത്ത അണികള്‍ ഒന്നൊന്നായി ചുവപ്പ് കൊടി അവിടെ വച്ച് മദറിന്‍റെ പാദം നമസ്കരിച്ച ശേഷമാണ് തിരികെ റാലിയില്‍ പ്രവേശിചത്. ചാറ്റെര്‍ജി ഓര്‍മിക്കുന്നു.അവരുടെ ജീവിതമായിരുന്നു അവരുടെ സന്ദേശം. മവോവാദികള്‍ പോലും അവരെ വളരെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്.
വിവാഹ ശേഷം 14 വര്‍ഷമായിട്ടും കുഞ്ഞുങ്ങളാകാതിരുന്ന ക്രിക്കറ്റ് താരം കപില്‍ ദേവും പത്നിയും ഒരിക്കല്‍ മദറിനെ സന്ദര്‍ശിച്ചു. അതീവ ദുഖിതനായിരുന്നു കപില്‍ അന്ന്. മദര്‍ അവരെ സമാശ്വസിപ്പിച്ചു. എന്നിട്ടു പറഞ്ഞു, "ഒട്ടും വിഷമിക്കരുത്. ദൈവം കരുണയുള്ളവനാണ്". ഇതൊക്കെ കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി. 3 മാസങ്ങള്‍ക്കു ശേഷം ഭാര്യ പ്രെഗ്നണ്റ്റ് ആയിരുന്ന സമയത്ത്, മദര്‍ കുഞ്ഞു സുഖമായിരിക്കുന്നൊ എന്നു ഫോണിലൂടെ അന്വോഷിച്ചത് ഒരു ഞെട്ടലോടെയാണ് കപില്‍ ഓര്‍മിക്കുന്നത്. തന്‍റെ മകള്‍ അമിയ, മദറിന്‍റെ ദാനമായി കപില്‍ കാണുന്നു.
പ്രശസ്ഥരുടെ അനുഭവങ്ങള്‍ തീരുന്നില്ല. അപ്പോള്‍ അല്ലാത്തവരുടെ അനുഭവങ്ങളുടെ മനോഹാരിത എന്തു മാത്രം ഉണ്ടാവും. ആ മനോഹാരിതയാണ് മദറിനെ ഇന്നും ജീവിപ്പിക്കുന്നത്. നോബെല്‍ സമ്മാനം മേടിക്കാന്‍ പോവുന്നതിനു തലേ ദിവസം പോലും തന്‍റെ ദിനചര്യയായിരുന്ന, പുരുഷന്‍മാരുടേതുള്‍പ്പെടെ കക്കൂസുകള്‍ വൃത്തിയാക്കുന്ന മദര്‍ ലോകത്തിനു തന്നെ പുതിയ ഒരു പാഠമാണ്. അവസാന നാളില്‍ വിജയികളുടെ പക്ഷത്ത് നില്‍ക്കുന്ന ചുരുക്കം ആളുകളില്‍ മദറും ഉണ്ടാവും. നമ്മളോ?
Labels:
inspirations
Subscribe to:
Post Comments (Atom)
No comments:
Post a Comment