Raise our Conscience against the Killing of RTI Activists




Monday, October 4, 2010

ഉത്തൂപ്പും ഗോപിയും ശശിയും പിന്നെ ഞാനും

അന്ത കാലം. എന്നുവച്ചാല്‍ കോളേജില്‍ പഠിക്കുന്ന കാലം. പറയേണ്ട കാര്യമില്ലല്ലോ. സുന്ദരികള്‍ തന്നെയാണ്‌ എറ്റവും വിപണി മൂല്യമുള്ള വസ്തു. മറ്റു വിപണി സാധനങ്ങള്‍ പോലെ തന്നെ പരിഗണിക്കപ്പെടുന്നതുകൊണ്ട്‌, ചരക്ക്‌ എന്നാണ്‌ അവരുടെ കോഡ്‌ ഭാഷ. എവിടെ പോയാലും നമ്മുടെ കണ്ണുകള്‍ ആദ്യം തിരയുക അവരെയായിരിക്കും. പ്രത്യേകിച്ചു ട്രെയിനില്‍. ബസ്സില്‍ ഏതൊ അലവലാതി (കോഴികളുടെ ഭാഷയില്‍) സ്ത്രീകള്‍ക്കു സീറ്റ്‌ സംവരണം ചെയ്തതു കൊണ്ടു അവരെല്ലം അവിടെയേ കൂടി നില്‍ക്കു. കോഴികള്‍ എന്നത്‌ സ്ത്രീകളില്‍ കുറച്ചു താല്‍പര്യം കൂടിയവരെ സ്നേഹിതന്‍മാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേരാണ്‌. പക്ഷേ, ലേഡീസ്‌ കമ്പാര്‍ട്മണ്റ്റ്‌ ഒഴിച്ച്‌ മറ്റെല്ലായിടത്തും ട്രെയിനില്‍ സമത്വമുണ്ട്‌. അതു ഭാരതത്തെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ തന്നെ കോഴികള്‍ക്ക്‌, ട്രെയിനിനോട്‌ ഒരു പ്രത്യേക  ബഹുമാനമാണ്‌. ട്രെയിനില്‍, ചരക്കുകള്‍ ഇരിക്കുന്ന ഭാഗങ്ങളില്‍ മിക്കവാറും തിരക്ക്‌ അല്‍പം കൂടുതലാണ്‌.

ഞാന്‍ 3ആം വര്‍ഷം പഠിക്കുമ്പൊഴാണ്‌ സംഭവം. പൊതുവേ എല്ലാവരും ചരക്കുകളില്‍ തല്‍പരരാണെങ്കിലും, അവരോട്‌ കേറി മുട്ടാനുള്ള ഗട്സൊന്നും എല്ലാവര്‍ക്കും ഇല്ല.  അങ്ങനെയുള്ള 3-4 കോഴികള്‍ എന്‍റെ ക്ളാസ്സിലുണ്ടായിരുന്നു. ഓണം അവധിക്കു ഞാനും, അവര്‍ എല്ലവരും കൂടി ചെന്നൈ മെയിലില്‍ വീട്ടിലേക്കു പോവുകയാണ്‌. നമുക്ക്‌ അവരെ തല്‍ക്കാലം ഗോപി, ഉത്തൂപ്പ്‌, ശശി എന്നിങ്ങനെ വിളിക്കാം. പൊതുവെ സ്റ്റാണ്റ്റേഡ്‌ ചരക്കുകള്‍ സ്ളീപ്പറില്‍ ആണ്‌ ഉള്ളത്‌, എന്നതുകൊണ്ടു തന്നെ ഞങ്ങളും കഷ്ടപ്പെട്ടു സ്ളീപ്പര്‍ ടിക്കറ്റ്‌ ഒക്കെ എടുത്തു. ട്രെയിനില്‍ കയറി വേഗം പരതല്‍ തുടങ്ങി. ഒത്തിരി എക്സ്പീരിയന്‍സൊക്കെ ഉള്ളതു കൊണ്ടുതന്നെ ഒരു കിടിലന്‍ ചരക്കിനെ കണ്ടെത്താന്‍ അവര്‍ക്കധികം താമസിക്കേണ്ടി വന്നില്ല.

സന്ദേശം എല്ലാവരിലേക്കും കൈമാറപ്പെട്ടു. ചരക്കു അവിടെ ഒറ്റക്കിരിക്കയാണ്‌. സീറ്റിനടുത്തിരിക്കാന്‍ അവര്‍ക്കിടയില്‍ കടുത്ത തര്‍ക്കമായി. ഗട്സ്‌ ഇല്ലായിരുന്നതുകൊണ്ട്‌, ഞാന്‍ അല്‍പം മാറിയിരുന്ന്‌ ബോബനും മോളിയും വായിക്കാനും തുടങ്ങി. അവസാനം അവരൊരു ഒത്തുതീര്‍പ്പിലെത്തി. ഓരോരുത്തര്‍ പോയി പരിചയപ്പെടുന്നു. നല്ല കൂട്ടായി കഴിയുമ്പോള്‍ അടുത്തവന്‍ സീറ്റിനടുത്തേക്കു വരും. അപ്പോള്‍ ആദ്യത്തവന്‍ മാറി കൊടുക്കണം. ഇതായിരുന്നു കോഴികള്‍ക്കിടയിലെ ധാരണ. മാന്യമായ ഈ ധാരണ അതിവേഗം അംഗീകരിക്കപ്പെട്ടു. അതനുസരിച്ച്‌, ആദ്യം ഉത്തൂപ്പു പരിചയപ്പെടാന്‍ പോയി. പുസ്തകം മുന്നിലുണ്ടെങ്കിലും, എന്‍റെ കണ്ണുകള്‍ അവിടെ എന്തു സംഭവിക്കുന്നു എന്നതിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ശശിക്കാണ്‌ 3ആം ചാന്‍സ്‌. അവന്‍ ടോയ്ലറ്റില്‍ ഒക്കെ പോയി 10-15 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ പതിയെ പരിചയപ്പെടാന്‍ രംഗപ്രവേശം ചെയ്തു.

നോക്കിയപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. പരിചയപ്പെടാന്‍ ഉത്സാഹിച്ച മറ്റു രണ്ടവന്‍മാര്‍ മുകളില്‍ കയറി, ഭാര്യയും ഭര്‍ത്താവും വഴക്കുണ്ടാക്കി കിടക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നു. അവന്‍മാരുടെ നമ്പറില്‍ അവള്‍ വീണുകാണില്ല, ശശി മനസ്സില്‍ ഉറപ്പിച്ചു. നമ്പര്‍ കുറച്ചു മാറ്റി പിടിച്ചു കളയാം. മനസ്സില്‍ കാല്‍ക്കുലേഷന്‍ ഒക്കെ നടത്തി അവന്‍, കോളേജ്‌ ID കര്‍ഡ്‌ എടുത്തു കഴുത്തിലിട്ടു, അവളുടെ എതിര്‍ സീറ്റില്‍ വന്നിരുന്നു. ആശാന്‍റെ രണ്ടു മൂന്നു ചിരി വെറുതെ  പാഴായി. അവള്‍ നോക്കുന്നേയില്ല. ഇനി നോക്കി നിന്നിട്ടു കാര്യമില്ല, അണ്ണന്‍ മനസ്സിലുറപ്പിച്ചു.

ശബ്ദമൊക്കെ ഒന്നു ശരിയാക്കി ആശാന്‍ ചോദിച്ചു, "എന്തു ചെയ്യുന്നു?". ഒരു നിമിഷം പോലും കഴിഞ്ഞില്ല, അവളുടെ മറുപടി വന്നു, "എന്‍റെ ഭര്‍ത്താവു കൊച്ചിയില്‍ ജോലി ചെയ്യുന്നു.""എന്തു!", ചോദ്യവും ഉത്തരവും തമ്മില്‍ എന്തു ബന്ധം. ആലോചിച്ചപ്പോഴാണ്‌ അവള്‍ പരിചയപ്പെടലിന്‍റെ ഉദ്ദേശം മനസ്സിലാക്കിയതായി അവനു പിടി കിട്ടിയത്‌. അപ്പോള്‍ തന്നെ മുകളില്‍ കിടക്കുന്ന അവന്‍മാര്‍, കികികി എന്നു പല്ലിളിക്കുന്നതും ശശി കേട്ടു. പണ്ടതെ മോഹന്‍ലാല്‍ സ്റ്റയിലില്‍ ശരി, വരട്ടെ എന്നൊക്കെ പറഞ്ഞു ശശി പയ്യെ രംഗത്തു നിന്ന്‌ എഴുന്നേറ്റു. എന്നിട്ടു പയ്യെ മുകളില്‍ കയറി കിടന്നു. ട്രെയിന്‍ ഇറങ്ങിയപ്പോഴാണ്‌ മനസ്സിലായത്‌, ഉത്തൂപ്പും ഗോപിയും അതേ ചോദ്യം തന്നെയായിരുന്നു ചോദിച്ചത്‌. ആദ്യം ഉത്തൂപ്പ്‌ വടിയായപ്പോള്‍, പയ്യെ മുകളിലേക്കു വലിഞ്ഞ്‌ ഗോപിയുടെ ഊഴം കാത്തുകിടന്നു. ഗോപിയുടെ ഊഴം കൂടി കഴിഞ്ഞതോടെ, ശശിയുടെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു അവര്‍. ചമ്മലിന്‍റെ ക്ഷീണം മാറ്റാന്‍ ഒരു നാരങ്ങാ വെള്ളമൊക്കെ കുടിച്ചു അവര്‍ സ്റ്റേഷനില്‍ നിന്നു പിരിഞ്ഞു. ഇതു, എന്നെകൊണ്ടു സാധിക്കുന്ന തരത്തിലൊക്കെ കോളേജില്‍ പാട്ടാക്കി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അന്നത്തെ ഓരോ രസങ്ങള്‍......

No comments:

Post a Comment