നമുക്കിടയില്‍ മാറ്റത്തിന്‍റെ ശംഖൊലി മുഴക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. അങ്ങനെ നോക്കിയാല്‍ ചെറുപ്പകാലത്തെ എന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നു അരുണ്‍ ജോസ്. പഠന രംഗങ്ങളില്‍ കാര്യമായ മാര്‍ഗനിര്‍ദ്ദേശം തന്നിരുന്ന വ്യക്തി. അനതിസാധാരണമായ ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിച്ചിരുന്ന അവന് യാതൊരുവിധ ദുസ്വഭാവങ്ങളും ഇല്ലായിരുന്നു. മറ്റെല്ലാവരും ക്ളാസ്സിലെ പ്രോജക്ട് പുറത്തു കൊടുത്തു ചെയ്യിപ്പിച്ചപ്പോള്‍ ഞാന്‍ സ്വയമായി ചെയ്യാനുണ്ടായ പ്രചോദനവും അവന്‍ തന്നെ.
സ്കൂള്‍ പഠന ശേഷം ഞാന്‍ വളരെ കുറച്ചു മാത്രമെ അവനെ കണ്ടിട്ടുള്ളു. ഞങ്ങള്‍ ഇരുവരും കേരളത്തിന്‍റെ രണ്ടറ്റത്തുള്ള കോളേജില്‍ പഠിച്ചതായിരുന്നു അതിനു കാരണം. പക്ഷെ, ക്രിയാത്മകമായ സൌഹൃദത്തിന് അതൊരു വിഘാതമായിരുന്നില്ല. നാട്ടില്‍ എത്തുമ്പോഴുള്ള കൂടിക്കാഴ്ച്ചകള്‍ ഞങ്ങള്‍ ആഘോഷമാക്കാറുണ്ടായിരുന്നു. ഞങ്ങള്‍ സ്ഥിരമായി സന്ധിക്കാറുണ്ടായിരുന്ന ടൌണിലെ സിറ്റി ബേക് ഹൌസ് ഇന്നും അതേ പ്രൌഢിയോടെ നില്‍ക്കുന്നു.
പക്ഷെ, ഇന്ന് അവനില്ല. ബ്രെയിന്‍ ക്യാന്‍സറ്‍ നിമിത്തം അവന്‍ മരിച്ചു. വളരെ വൈകിയാണ് കണ്ടെത്തിയത്. പ്രകത്ഭരായ ഡോക്ടര്‍മാര്‍ക്കു പോലും എന്തെങ്കിലും ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. ഞാന്‍ മരണ ചടങ്ങുകള്‍ക്കു പോയില്ല. പോകാന്‍ തോന്നിയില്ല എന്നതു സത്യം. അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ നമ്മള്‍ ബോധപൂര്‍വ്വം തന്നെ അംഗീകരിക്കാറില്ലല്ലോ.
ജീവിതത്തിന്‍റെ പകുതിയെന്നോ മുക്കാലെന്നോ അറിയാത്ത ഒരു ഭാഗം ഞാനും പൂര്‍ത്തിയാക്കി കഴിഞ്ഞു. പക്ഷേ, ഈ മത്സരത്തില്‍ അവന്‍ ഒന്നാമനായി. ദിവസങ്ങള്‍ക്കിടയിലുള്ള അന്തരം മങ്ങി തുടങ്ങിയിരിക്കുന്നു. ഇന്നലകളിലെ ഭക്ഷണം കഴിപ്പും, സിനിമ കാണലുകളും, സുഹൃത്തുക്കളോടൊപ്പമുള്ള കറങ്ങലുകളുമൊന്നും ഇന്ന് ഒരു സംതൃപ്തിയും നല്‍കുന്നില്ല. അവയെല്ലാം നിറഞ്ഞ ഒര്‍മ്മകള്‍ മാത്രം. നമ്മള്‍ ഇല്ലെങ്കിലും ഒന്നും നിന്നു പോവുന്നില്ല. ഞാന്‍ പഠിച്ച സ്കൂളുകളും കോളേജും, കറങ്ങിയ സ്ഥലങ്ങളും ഇന്നു പുതിയ വ്യക്തിത്വങ്ങളെകൊണ്ട് നിറഞ്ഞു നില്‍ക്കുന്നു. നമുക്കു മാത്രമാണ് മാറ്റം എന്നു തോന്നുന്നു. ഇതിനിടയില്‍ മറ്റൊരാളുടെ മുഖമെങ്കിലും നമ്മള്‍ മൂലം ശോഭിച്ചാല്‍, അതൊരു വിജയമായി. എന്നേക്കുമുള്ള വിജയം.
ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവന്‍ ഇനി വരില്ല. സിറ്റി ബേക് ഹൌസ് പുതിയ സൌഹൃദങ്ങള്‍ക്കായി ഒരുങ്ങി നില്‍ക്കുന്നു. പഴയവ പലതും ഓര്‍മ്മകളില്‍ പോലും അവശേഷിക്കാതായപ്പോള്‍ ഞാനും പുതിയ സൌഹൃദങ്ങള്‍ കണ്ടെത്തി. അതു തുടരുന്നു. എന്‍റെ പ്രീയപ്പെട്ട അരുണിനും, ഇതുവരെയുള്ള പഠനകാലത്തിനിടക്കു മൃതിയടഞ്ഞ നാലു സുഹൃത്തുക്കള്‍ക്കും, ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രകള്‍ക്കിടയില്‍ ഞാന്‍ അവഗണിച്ച ഓരോ വ്യക്തിത്വങ്ങള്‍ക്കു മുന്നിലും ഇതു ഞാന്‍ സമര്‍പ്പിക്കുന്നു.
No comments:
Post a Comment