Raise our Conscience against the Killing of RTI Activists




Wednesday, November 24, 2010

ബെസ്റ്റ്‌ ഓഫ്‌ ലക്ക്‌

                             യുവതാരങ്ങള്‍ അതാ ചിരിയുടെ മാലപ്പടക്കവുമായി വരുന്നു എന്നൊക്കെയുള്ള വിശേഷണങ്ങളുമായി ഇറങ്ങിയ സമീപകാല ചലച്ചിത്രമാണ്‌ ബെസ്റ്റ്‌ ഓഫ്‌ ലക്ക്‌. പക്ഷെ, അതൊരു നനഞ്ഞൊട്ടിയ പടക്കമായിരുന്നു എന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി. കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ചാണ്‌, യുവാക്കളുടെ ആ സിനിമ കാണുവാന്‍ ഞാന്‍ ഇറങ്ങി തിരിച്ചത്‌. ഇങ്ങനെയും "തമാശ" അവതരിപ്പിക്കാം എന്നൊരു പുതിയ അറിവാണ്‌ ഈ സിനിമ പ്രേക്ഷകരിലേക്കു തരുന്നത്‌. ഇതൊക്കെ കോമെഡി ആണോ എന്നു ആര്‍ക്കെങ്കിലും പടം കണ്ടിട്ടു സംശയം തോന്നിപ്പോയാല്‍, അവരെ തെറ്റു പറയാനെ പറ്റില്ല.

                                   M A നിഷാദ്‌ ആണ്‌ സിനിമയുടെ സംവിധായകന്‍. ദോഷം പറയരുതല്ലൊ, സിനിമയുടെ പേര്‌ എഴുതി കാണിക്കുന്നതു നല്ല വൃത്തിയായിട്ടാണ്‌. അതു കഴിഞ്ഞു തുടങ്ങുകയായി പൂരം. സൂക്ഷിക്കുക, കുളത്തില്‍  മുതലയുണ്ട്‌ എന്നൊക്കെ പറയുന്നതു പോലെ, മുകേഷ്‌ ഒരാവശ്യവുമില്ലാതെ വന്നു പറയുന്നു "വന്‍ കോമെഡി കാണാന്‍ ഒരുങ്ങിക്കൊള്ളു" എന്ന് . കോമെഡി കണ്ടാല്‍ ഉടനെ ചിരിക്കാന്‍ പാകത്തിന്‌ ആകാംക്ഷാപൂര്‍വം ഇരിക്കുകയണ്‌. ആദ്യത്തെ 5 മിനിറ്റില്‍ തന്നെ മനസ്സിലായി, ഇതു വെറും പൊട്ടാസു വെടിയാണെന്ന്‌.

                               സിനിമയില്‍ കൈലേഷും ആസിഫ്‌ അലിയും ഉറ്റ സുഹൃത്തുക്കളാണ്‌. സിനിമയുടെ ഒരു പ്രത്യേകത, ഉദ്ദേശം എല്ലാ ഷോട്ടിലും തന്നെ ഇവരും, ഇവരുടെ ലൌവേഴ്സ്‌ ആയ റീമ കല്ലുങ്കലും, അര്‍ച്ചനയും ഉണ്ട്‌ എന്നതാണ്‌. പക്ഷെ എന്തിനാണ്‌ എന്നു എനിക്കു അത്രക്കങ്ങു മനസ്സിലായില്ല. ആസിഫ്‌, പടമെടുക്കനുള്ള പണത്തിനായി കൈലേഷിന്‍റെ ചേട്ടനായ പ്രഭു അറിയാതെ, കൈലേഷിനെ ഒരൊ കെണിയില്‍ ചാടിക്കുന്നതാണ്‌ പടത്തിന്‍റെ ഇതിവൃത്തം. ഒരു ആവശ്യവുമില്ലാത്ത ഒരു കുക്കിന്‍റെ റോളില്‍ സുരാജും പ്രത്യക്ഷപ്പെടുന്നുണ്ട്‌. ദോഷം പറയരുതല്ലൊ, തമാശ പറയാന്‍ സുരാജ്‌ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട്‌. ഭീമന്‍ രഘു ഒരു തടിയന്‍ പൊട്ടനായിട്ടും അഭിനയിക്കുന്നു.

                                സിനിമയുടെ മറ്റൊരു ഹയ്‌ ലൈറ്റാണ്‌ മമ്മൂട്ടി. സിനിമ ചിത്രീകരിക്കുന്ന സമയത്ത്‌, മമ്മൂട്ടി വളരെ ഒരു നിര്‍ണായക റോളിലാണ്‌ വരുന്നതെന്നു സംവിധായകന്‍ പറയുന്നതു ചാനലില്‍ ഞാന്‍ കണ്ടിരുന്നു. മമ്മൂട്ടിയുടെ റോളൊക്കെ വളരെ സീരിയസായാണ്‌ സംവിധയകന്‍ ഉദ്ദേശിച്ചതെങ്കിലും, അതു കണ്ടപ്പോഴാണ്‌ ശരിക്കും ചിരി വന്നത്‌. മമ്മൂട്ടി ഒരു പോഷ്‌ കാറില്‍ വരുന്നു, പിന്നെ ഒരു ബൈകില്‍ വരുന്നു, ബൈക്ക്‌ ചെരിക്കുന്നു, പൊകുന്നു. ഇടക്കു മമ്മൂട്ടി ചുമ്മാ ആരെയൊക്കെയൊ പറന്നടിക്കുന്നു. പിന്നെ കുറച്ചു സമയം സ്ളോ മോഷനില്‍ നടക്കുന്നു.ഈ സിനിമയില്‍ മമ്മൂട്ടി( ഇതില്‍ നടനായിട്ടു തന്നെയാണ്‌) ആസിഫ്‌ അലിക്കു, തന്‍റെ സിനിമക്കു ഡെയിറ്റ്‌ കൊടുക്കുന്നു എന്നതാണ്‌ കഥയുമായുള്ള ഏക ബന്ധം. അതിനാണ്‌ ഈ കോലാഹലമെല്ലാം. മമ്മൂട്ടി വരുമ്പോഴുള്ള ബാക്ക്ഗ്രൌണ്ട്‌ സ്ക്കോര്‍ ഒന്നു കേള്‍ക്കേണ്ടതു തന്നെയാണ്‌. ഇതൊക്കെ കണ്ടാല്‍ പിന്നെ മമ്മൂട്ടി ജന്‍മത്തില്‍ ഇവര്‍ക്കൊന്നും ഡെയിറ്റ്‌ കൊടുക്കില്ല.

                                അതൊക്കെ പോട്ടെ, ആദ്യ പകുതിയില്‍ കുറച്ചു റൊമാന്‍സും പിന്നെ കുറച്ചു ഇന്‍ട്രൊഡക്ഷനുമായി, കഥ എന്താണെന്ന്‌ മനസ്സിലായിരുന്നു. രണ്ടാം പകുതി നടക്കുന്നതു മുഴുവന്‍ ഒരു വീടിനുള്ളിലാണ്‌. അതില്‍ നമ്മുടെ താരം എത്തുന്നു. ഉര്‍വശി. പ്രഭുവും വീട്ടില്‍ എത്തുന്നു. പിന്നെ ആകെ പാടെ അവിടെ ഒരു പുകയാണ്‌. ഇടക്കു നായികമാര്‍ ഇണ്റ്റര്‍ചെയിഞ്ച്‌ ആവുന്നു, ഇടക്കു ഒരുത്തിയെ കാണാതാവുന്നു, ഇതു വിശ്വസിപ്പിക്കാന്‍ പ്രഭുവിനോടു പറയുന്ന നുണയും എല്ലാം കഴിയുമ്പോള്‍, എതാണ്ട്‌ കുഴമ്പു പരുവത്തില്‍ ഒരു കഥ മുന്നില്‍ തെളിയും. വീട്ടില്‍ വേലക്കാരിയായി എത്തുന്ന ഉര്‍വശിയാണ്‌ എറ്റവും അസഹനീയം. ഉര്‍വശി മുഴുവന്‍ സമയവും കോട്ടൊക്കെ ഇട്ടാണ്‌ നടക്കുന്നത്‌. ഈ വേലക്കാരികള്‍ ഇപ്പൊള്‍ ഇതൊക്കെയാണാവൊ വേഷം. തന്നെയുമല്ല, അസ്സഹനീയമായ ഉര്‍വശിയുടെ കൊഞ്ചലും കുഴയലുമൊക്കെയായി പ്രേക്ഷകരെ ഒരു പ്രത്യേക മാനസീകാവസ്ഥയിലേക്കു സംവിധായകന്‍ ഈ സമയങ്ങളില്‍ കൊണ്ടു പോവുന്നുണ്ട്‌.

                                പടം 2 മണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ എല്ലാം മിക്സായി, നായികമാര്‍ ഒക്കെ ആരാണെന്നു കണ്‍ഫ്യൂഷനായി. ആകെ ആള്‍മാറാട്ടം മാത്രം. ഇതിനിടക്കു ജനാര്‍ദ്ദനന്‍, ഒരു ഉണ്ടയില്ലാ വെടി പൊട്ടിക്കാന്‍ എത്തുന്നുണ്ട്‌. ഉറക്കം മൂലം, ഞാന്‍ ഇടക്കു പോയി മുഖമൊക്കെ കഴുകി ഫ്രഷായി വന്നു. ചുറ്റും നോക്കി മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ കണ്ടു നിര്‍വൃതിയടഞ്ഞു. വാച്ചില്‍ നോക്കി നോക്കി, ഒടുവില്‍ പടം തീരാറായപ്പൊള്‍ ഒരു ആവശ്യവുമില്ലാതെ, പടം തീര്‍ന്നു എന്നും പറഞ്ഞു മമ്മൂട്ടി വീണ്ടും. പടം കഴിഞ്ഞപ്പോള്‍, അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നു രക്ഷപ്പെടുന്ന പോലെ ഓടി പുറത്തേക്ക്‌.

                             പ്രീയ വായനക്കാരോട്‌, ഇതു കാണാന്‍ പോകുന്ന പണം വല്ല നേര്‍ച്ചക്കുറ്റിയിലുമിട്ടാല്‍ അല്‍പം പുണ്യമെങ്കിലും ലഭിക്കും. ഇതിന്‍റെ തിരക്കഥാകൃത്ത്‌ ഒരു മഹാന്‍ തന്നെ, ഇങ്ങനെയും ഒരുക്കാമെന്നു നമുക്കു കാണിച്ചു തന്നു. ഈ കോമെഡി പടത്തില്‍, മമ്മൂട്ടിയുടെ സ്റ്റണ്ട്‌ രംഗങ്ങള്‍ ഒഴികെ, ഒരു രംഗങ്ങളിലും എനിക്കു ചിരി വന്നില്ല. അവസാനമായി നിര്‍ത്തുന്നതിനു മുമ്പ്‌ സംവിധായകനോട്‌ ഒരു വാക്ക്‌, നമ്മുടെ ശത്രു രാജ്യങ്ങളോടു പോലും ഇങ്ങനെ ചെയ്യരുത്‌.

Sunday, November 14, 2010

കുടിയന്‍മാരുടെ ലോകം

                       വെള്ളമടിക്കുക എന്നത്‌ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന മുഹൂര്‍ത്തമാണ്‌. വെള്ളമടിക്കാത്തവരെ പൊതുവേ പോഴന്‍മാരായും, അടിക്കാരെ മഹാന്‍മാരായും പരിഗണിക്കുന്ന ഒരു സംസ്കാരം കോളേജുകളില്‍ നിലവില്‍ ഉണ്ട്‌. എന്‍റെ  കോളേജിലും അങ്ങനെതന്നെ ആയിരുന്നു. അതിനാല്‍ തന്നെ മുക്കാലും വെള്ളമടി തുടങ്ങുന്നത്‌ കോളേജില്‍ നിന്നാണ്‌. കപ്പാസിറ്റി കൂടുന്നതനുസരിച്ച്‌, കിട്ടുന്ന ബഹുമാനത്തിലും മാറ്റം വരും. പരീക്ഷക്ക്‌ 1ആം റാങ്ക്‌ മേടിക്കുന്നവനു പോലും, ഒറ്റയടിക്ക്‌ നാലഞ്ച്‌ ഫുള്ള്‌ അകത്താക്കുന്നവന്‍റെ പകുതി വിലയെ ഉള്ളു അവിടെ.

                      വലിയ ഒരു കുടിയനാകണം എന്ന മൊഹവുമായി ചെങ്ങനാശ്ശേരിയില്‍ നിന്നും കോളേജില്‍ പഠിക്കാന്‍ എത്തിയതായിരുന്നു Mr.അരുണന്‍. വന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂത്ത കുടിയന്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും കമ്പനി ആകും. അങ്ങനെയുള്ള, എന്‍റെ ക്ളാസ്സിലെ 2 തലമുതിര്‍ന്ന കുടിയന്‍മാരായിരുന്നു പ്രതീപന്‍ കായംകുളവും, തമ്പാനൂര്‍ കീരിയും. സദസ്സുകളില്‍ ഇവന്‍മാരുടെ വെള്ളമടി കഥകള്‍ കേട്ടു കൊതിയോടും, കോരിത്തരിപ്പോടും കൂടി അരുണനും സമീപത്ത്‌ മാറി നിന്നു. എങ്ങിനീയറിംഗ്‌ ക്ളാസ്സുകള്‍ തുടങ്ങി നാലഞ്ച്‌ മാസം കഴിഞ്ഞപ്പോള്‍, തന്‍റെ മനസ്സിലെ മുളക്കാതെ നിന്ന ആ ആഗ്രഹം അരുണന്‍ കുടിയന്‍മാരുടെ മുന്നില്‍ അവതരിപ്പിച്ചു.

                       പുതിയ എന്‍ട്രികളെ, വളരെ ശ്രദ്ധയോടും, സൂക്ഷ്മമായും വിലയിരുത്തിയിട്ടെ കുടിയന്‍മാര്‍ തങ്ങളുടെ സംഗത്തില്‍ ചേര്‍ക്കാറുള്ളു. അതിനാല്‍ തന്നെ, ഇവന്‍ കുടിയന്‍മാരുടെ മഹാത്മ്യം ഉയര്‍ത്തി പിടിക്കുമൊ, കാലുവാരുമൊ തുടങ്ങിയവ അറിയാന്‍ വിശദമായ ഒരു ഇണ്റ്റര്‍വ്യൂ തന്നെ നടന്നു. അവസാനം, അവന്‍ കുടിയന്‍മാരുടെ യശസ്സ്‌ ഉയര്‍ത്തിപ്പിടിക്കുമെന്നും, കുടിയന്‍മാര്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടാകുമെന്നും മനസ്സിലാക്കിയ കുടിയന്‍ സബ്‌ കമ്മിറ്റി അവനു പച്ച സിഗ്നല്‍ കൊടുത്തു.

                       ഐശ്വര്യമായി, ഒരു വിഷു ദിനത്തില്‍ പ്രതീപനും, കീരിയും, മറ്റു കുടിയന്‍മാരും, അരുണനെ ഹരിശ്രീ എഴിതിക്കുവാനായി കോളേജിന്‍റെ അടുത്തു തന്നെ ഉള്ള ഹരിശ്രീ എന്ന ബാറിലേക്കു കൊണ്ടുപോയി. സമയം വൈകിട്ടു 5:00 കഴിഞ്ഞു. അതിഗംഭീരമായി ഉദ്ഘാടനം നടത്തിയ ശേഷം പിന്നിടു അരുണനെ സ്വന്തം നിലക്കു വെള്ളമടിക്കാന്‍ വിട്ടു. അപ്പൊഴാണ്‌ അരുണന്‍ ഒരു കാര്യം ശ്രദ്ധിച്ചത്‌. ഒരു പെഗ്‌ അടിച്ചിട്ടും തനിക്കു ഒന്നും പറ്റിയിട്ടില്ല. ബോധമെല്ലാം പഴയ പോലെ തന്നെ. അനവധി പെഗുകള്‍ അടിച്ചിട്ടും ബോധം പോകാത്തവര്‍, അഥവ കുടിയന്‍ ഭാഷയില്‍ കപ്പാസിറ്റി കൂടിയവര്‍ക്കാണ്‌ കൂടുതല്‍ ബഹുമാനം കിട്ടുക. അരുണന്‌, തന്നെ പറ്റി തന്നെ അഭിമാനം തോന്നി.

                       മൂത്ത കുടിയന്‍മാര്‍ അവിടെ മാറിയിരുന്നു സൊറ പറഞ്ഞു സാവധാനം സാധനം അകത്താക്കി കൊണ്ടിരിക്കയാണ്‌. ഒരു പെഗു കൂടി അടിച്ച ശേഷം അരുണന്‍ ഒരു ഫുള്‍ ഓര്‍ഡര്‍ ചെയ്തു. എന്നിട്ടും തനിക്കു മാറ്റമൊന്നുമില്ല എന്ന അഭിമാന വാര്‍ത്ത നേതാക്കളെ അരുണന്‍ ധരിപ്പിച്ചു. സാവധാനം, എന്ന ഉപദേശത്തോടെ അവര്‍ അരുണനോടു തുടര്‍ന്നുകൊള്ളാന്‍ പറഞ്ഞു. പിന്നീടു അവിടെ ഫുള്ളുകളുടെ ഒരു പ്രവാഹമായിരുന്നു. പെട്ടെന്നാണ്‌ അതു സംഭവിച്ചത്‌. അതാ, അരുണന്‍ ബോധം പോയ പോലെ "ഠേ" എന്ന ശബ്ദത്തോടെ, നിന്ന നില്‍പ്പില്‍ നിലത്തടിച്ചു വീണു.

                     മുതിര്‍ന്ന കുടിയന്‍മാര്‍ ഓടിയെത്തി. അവന്‍ ബോധം കെട്ട പോലെ കിടക്കുയാണ്‌. വായില്‍ നിന്നുള്ള മണം, നെഞ്ചിടിപ്പ്‌, തുടങ്ങിയ പല ഘടകങ്ങല്‍ വെച്ച്‌ പ്രശ്നത്തിന്‍റെ നിജ സ്ഥിതി മുതിര്‍ന്നവര്‍ മനസ്സിലാക്കി. അവര്‍ ലോകം മുഴുവന്‍ അംഗീകരിച്ച ചികത്സാ മാര്‍ഗത്തിലേക്കു കടന്നു. അവനെ ബാത്‌റൂമില്‍ കൊണ്ടു പോയി മൂന്നാല്‌ ബക്കറ്റ്‌ വെള്ളം ഒഴിച്ചു. ഒരു അനക്കവുമില്ല. പിന്നെയും നാലഞ്ച്‌ ബക്കറ്റ്‌ ഒഴിച്ചപ്പോള്‍ ചെറിയ ഒരനക്കം. ഒപ്പം പച്ച നിറത്തില്‍, ഹോസ്റ്റെലിലെ പുഴുത്ത മോരുകറി പോലെ എന്തോ ഒരു സാധനം പുറത്തേക്കും. പിന്നെയും ബൊധം പൊയി. ഇങ്ങനെ ഒരൊ മൂന്നാല്‌ ബക്കറ്റ്‌ കഴിയുമ്പോഴും ചെറുതായി ബൊധം വരികയും, തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടു പോലെ പല വര്‍ണത്തില്‍ സാധനം ശര്‍ദ്ദിലായി ബഹിര്‍ഗമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

                       അവസാനം കഴിച്ചതെല്ലാം പോയി കാറ്റു മാത്രം വരുന്ന അവസ്ഥയായി. സാവധാനം ബൊധം വന്നു. കഷ്ടി എഴുന്നേറ്റു നില്‍ക്കാമെന്ന അവസ്ഥയായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രതീപന്‍ കായംകുളവും, കീരി തമ്പാനൂരും ചേര്‍ന്നു അണ്ണനെ പൊക്കിയെടുത്തു, തൂക്കി റോഡിലൂടെ നടന്നു. ഒറ്റ ഓട്ടോ പോലും കൈ കാണിച്ചിട്ടു നിര്‍ത്തുന്നില്ല. അവസാനം ബസ്സില്‍ കയറ്റി കഷ്ട്ടപെട്ടു രാത്രി ഹോസ്റ്റെലില്‍ എത്തിച്ചു. വിവരം അറിഞ്ഞ സഹപാഠികള്‍ അതൊരു ആഘോഷമാക്കാന്‍ തീരുമാനിച്ചു. അവര്‍ അരുണനെ പൊക്കിയെടുത്തു ഹോസ്റ്റെലിലെ എല്ലാ മുറികളിലും, ആദിവാസികള്‍ ശവം കൊണ്ടു പോകുന്ന പോലെ "ഊ ഹോയി ഊ ഹോയി" ശബ്ദത്തോടെ എടുത്തു  പൊക്കി കൊണ്ടുപോയി. കുടിയന്‍ സമൂഹത്തിനു അപമാനം വരുത്തി വച്ച അരുണനെ, കുടിയന്‍ ഹൈ കമ്മാണ്റ്റ്‌ അടിയന്തരമായി സസ്പെണ്റ്റ്‌ ചെയ്തു. പിറ്റേന്നു ബോധം വന്നപ്പോഴാണ്‌ അരുണന്‍ കാര്യങ്ങള്‍ അറിയുന്നത്‌. ഇനി അടിക്കില്ല എന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും, ഇപ്പോള്‍ അവന്‍ പ്രതീപന്‍ പോലും തോറ്റു പോകുന്ന വിധത്തില്‍ ഒരു അന്താരാഷ്ട്ര കുടിയനാണെന്നുള്ള വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ.

Thursday, November 11, 2010

Simple Puzzle

For a multiple choice question, there are 3 possible solutions namely A, B and C. The choices given for the question was
A) Answer A
B) Answer A or B
C) Answer B or C
There is only one correct choice to this question. 
Which is that choice? 


Answers are expected as comments.