Raise our Conscience against the Killing of RTI Activists




Friday, December 31, 2010

ട്രെയിന്‍ നമ്പര്‍ 16327 കോര്‍ബാ-തിരുവനന്തപുരം എക്സ്പ്രസ്സ്‌ (ചെന്നൈ വഴി)

                        ഭാരതീയരെല്ലാം യാത്രയിലാണ്‌. ആയതിനാല്‍ ഇന്ത്യന്‍ റെയില്‍വേയില്‍, ആഘോഷ കാലങ്ങളില്‍ ഒരു കണ്‍ഫേര്‍മഡ്‌ ടിക്കറ്റ്‌ കിട്ടുന്നതും കേരള സര്‍ക്കാരിന്‍റെ ക്രിസ്തുമസ്‌ ബമ്പര്‍ എടുക്കുന്നതും ഒരു പോലെയാണ്‌, പ്രത്യേകിച്ചും ഒരാഴ്ച മുമ്പൊക്കെയാണ്‌ ബുക്ക്‌ ചെയ്യുന്നതെങ്കില്‍. പിന്നെ തത്കാല്‍ എന്നൊരു സാധനം അവര്‍ ഇറക്കിയിട്ടുണ്ട്‌. അതിലുള്ള എണ്ണിപ്പറക്കിയ അപ്പം ചുട്ട പോലെയുള്ള സീറ്റുകള്‍, സ്പിരിറ്റ്‌ ആവിയാകുന്നതിനേക്കാള്‍ വേഗത്തില്‍ തീരുന്നതിനാല്‍ സാധാരണക്കാര്‍ക്ക്‌ എന്നും കിട്ടാക്കനിയാണ്‌. ചുരുക്കത്തില്‍ മുമ്പു പറഞ്ഞ പോലെ ട്രെയിനിലെ ഒരു സീറ്റ്‌, അടിച്ച ലോട്ടെറിക്കു തുല്യം.

                         അപ്രതീക്ഷിതമായി വന്ന ജോലിത്തിരക്കു മൂലം കഴിഞ്ഞ ക്രിസ്തുമസ്‌ കാലത്തു ചെന്നൈയില്‍ നിന്നും, ഇതു പോലെ ഒരാഴ്ച മുമ്പ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു കിളി ആയവരാണ്‌ ഞാനും, കൂടെ ജോലി ചെയ്യുന്ന സുജിത്തും, പിന്നെ സീനിയര്‍ ആയ കരുണാകരന്‍ മാഷും. തത്കാല്‍ എടുക്കാന്‍ ക്യൂവില്‍ മൂന്നാമത്‌ ആയിരുന്നെങ്കിലും, അതിന്‍റെ തൊലി പോലും കിട്ടിയില്ല. രാവിലെ 4 മണിക്കു എണീറ്റു ഉറക്കം കളഞ്ഞതു മിച്ചം. ജോലിക്കൊക്കെ നല്ല കൃത്യ നിഷ്ടയായതിനാല്‍ ഇതു പോലത്തെ അനുഭവങ്ങള്‍ ധാരാളമുള്ള സാറന്‍മാര്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ ഉണ്ട്‌. ഞങ്ങള്‍ ഈ വിഷയത്തില്‍ വിദഗ്ദരോടു അഭിപ്രായം തേടി. അവരുടെ വക ഒരു കിടിലന്‍ ഐഡിയ. ചെന്നൈയില്‍ അര്‍ദ്ധരാത്രി എത്തുന്ന ഒരു ദീര്‍ഘദൂര വണ്ടിയുണ്ട്‌. അധികമാര്‍ക്കും ഇതിനെപ്പറ്റി അറിയാന്‍ വഴിയില്ല. ജനറല്‍ ടിക്കറ്റ്‌ എടുക്കുക, എന്നിട്ടു TTയെ കണ്ടു പൈസ കൊടുത്തു സീറ്റ്‌ മേടിക്കുക. കിട്ടിയ ഉപദേശമനുസരിച്ചു ഞങ്ങള്‍ സ്റ്റേഷനിലേക്കു പുറപ്പെട്ടു.

                         ചെന്നൈയില്‍ നിന്നു അര്‍ദ്ധരാത്രി പുറപ്പെടുന്ന കോര്‍ബ തിരുവനന്തപുരം എക്സ്പ്രസ്സാണ്‌ ലക്ഷ്യം. പതിവു പോലെ സ്റ്റേഷന്‍ അന്നും, ബഹളമയവും വൃത്തികേടുമായിരുന്നു. ട്രെയിന്‍ എത്താറായതോടെ ഞങ്ങള്‍ 3 കിളികള്‍ TTമാരെ തപ്പി നടപ്പു തുടങ്ങി. ചെന്നൈയില്‍ നിന്നു TTമാര്‍ മാറിക്കേറും. കയറാനുള്ള TTമാര്‍ പ്ളാറ്റ്ഫോമില്‍ തന്നെ നില്‍പ്പുണ്ട്‌. അവര്‍ സിക്കിം, ഭൂട്ടാന്‍ എന്നൊക്കെ വിളിച്ചു പറയുമ്പോലെ നോ ടിക്കറ്റ്‌, നോ ടിക്കറ്റ്‌ എന്നും പറഞ്ഞു പ്ളാറ്റ്ഫോമിലൂടെ നടക്കുന്നു. ആഫ്രിക്കയില്‍ നിന്നും മറ്റും ഭക്ഷണവും വെള്ളവും തേടി ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികളെ കാണുന്നതു പോലെയാണ്‌ പൊതുവേ TTമാര്‍ റിസര്‍വേഷന്‍ ഇല്ലാതെ പുറകെ നടക്കുന്ന ജനറലുകളെ കാണാറ്‌. ഞങ്ങളുടെ ശ്രമവും പാളി. പക്ഷെ, വല്യ തിരക്കില്ല, ഞങ്ങള്‍ ആശ്വസിച്ചു.

                      രാത്രി 11:45. ട്രെയിന്‍ വന്നു നിന്നു. ഞങ്ങള്‍ നോക്കിയപ്പോഴതാ തൃശൂര്‍ പൂരത്തിന്‌ ആളു കൂടുമ്പോലെ അവിടുന്നും ഇവിടുന്നുമൊക്കെ ആളുകള്‍ പാഞ്ഞു വരുന്നു.  അറിയാതെ ഉള്ളില്‍ നിന്നും ഒരു വിളി, ഈശ്വരാ. നാട്ടില്‍ cpmകാര്‍ വില്ലേജ്‌ ഓഫിസറെ തടഞ്ഞു വച്ചു ഖൊരാവൊ ചെയ്തു കാര്യം നടത്തുമ്പോലെ, ആളുകള്‍ TTമാരെ വളഞ്ഞു. സീറ്റ്‌ കൊടുത്താലെ അവര്‍ക്കും ട്രെയിനില്‍ കയറാന്‍ പറ്റു എന്ന അവസ്ഥ. ഇത്രയും പേരെ മാറ്റാന്‍ അവിടെയുള്ള 2 ഈര്‍ക്കിളി പോലീസ്‌ വിചാരിച്ചിട്ട്‌ നടന്നില്ല. ഗത്യന്തരമില്ലാതെ TTമാര്‍ സീറ്റ്‌ അലോട്ടു ചെയ്തു തുടങ്ങി. എല്ലാവരും TTയുടെ നേരെ ടിക്കറ്റും പൊക്കി നില്‍പ്പാണ്‌. പെട്ടെന്നാണ്‌ അതു സംഭവിച്ചത്‌. ആള്‍ക്കൂട്ടത്തില്‍ ഏതൊ വിരുതന്‍ എന്‍റെ ടിക്കറ്റ്‌ അടിച്ചു മാറ്റി. അപ്പോഴാണ്‌ അലോട്ട്‌ ചെയ്ത ഒരു ടിക്കറ്റ്‌ ഞാന്‍ TTയുടെ കൈയില്‍ കണ്ടത്‌. അതും തട്ടി ഞാന്‍ ട്രെയിനിലേക്ക്‌. മൊത്തം തിക്കും തിരക്കും ആയതിനാല്‍ എന്തു നടക്കുന്നു എന്നു ആളുകള്‍ക്കു വല്യ രൂപമില്ല. അടിച്ചു മോനെ അടിച്ചു, എനിക്കു കിട്ടിയതു ഒരു 2 ടയിര്‍ AC ടിക്കറ്റ്‌. കിട്ടിയ തക്കത്തിനു ഞാന്‍ സീറ്റില്‍ കയറി ഉറക്കം തുടങ്ങി.

                              സീറ്റ്‌ പെട്ടെന്നു തീര്‍ന്നു. മുജന്‍മ പാപങ്ങള്‍ മൂലമോ മറ്റോ, സുജിത്തും മാഷും ടിക്കറ്റ്‌ കിട്ടാത്തവരുടെ കൂട്ടത്തില്‍ പെട്ടു. അവര്‍ ജനറലില്‍ കയറി. അതിണ്റ്റകത്താകെ ബീഹാറികളും ഒറീസ്സക്കാരും മലന്നും, കമിഴ്‌ന്നും, തറയിലുമൊക്കെയായി കിടന്നിട്ട്‌, ഒരു സൂചി കുത്താനുള്ള സ്ഥലമില്ല മിച്ചം. വളരെ പണിപ്പെട്ട്‌, അവര്‍ രണ്ടു കാലു കുത്താനുല്ല സ്ഥലം ഒപ്പിച്ചു. തമിള്‍ മക്കളുടെ തള്ളു തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

                       വണ്ടി സേലം എത്തിയപ്പോള്‍, ഒന്നു ചൊറിയാനായി കാലൊന്നു പൊക്കിയതാണ്‌ നമ്മടെ സുജിത്‌. അതാ ആ സ്ഥലത്ത്‌ ഒരുത്തന്‍ ഇരിപ്പുറപ്പിച്ചു. പോയില്ലേ, സുജിത്‌ ഒറ്റക്കാലനായി. വരുന്നതു വരട്ടെ എന്നും പറഞ്ഞു അവനും മാഷും സ്ളീപ്പറില്‍ കയറി. കുറെ ബെര്‍ത്തുകല്‍ വെറുതെ കിടക്കുന്നതു കണ്ട്‌ അവരുടെ കണ്ണു തള്ളി. ഉടനെ തന്നെ മാഷ്‌, മുകളിലൊരു ബെര്‍ത്തില്‍ കയറി കിടപ്പായി. പേടി മൂലം സുജിത്‌ ഒരു സീറ്റിന്‍റെ മൂലക്കിരുന്നു. TT കണ്ടുപിടിച്ചാല്‍, ഉറങ്ങുന്ന അത്രയും വല്യ കുറ്റമല്ല ഇരിക്കുന്നത്‌. വണ്ടി സേലം വിട്ടു. സമയം വെളുപ്പിനു 3:30 കഴിഞ്ഞു. പയ്യെ ഉറക്കം പിടിച്ചപ്പോള്‍, അതാ തോളില്‍ ഒരു കൈ. "ടിക്കറ്റ്‌, ടിക്കറ്റ്‌?". കയ്യിലിരുന്ന ജനറല്‍ ടിക്കറ്റ്‌ ഭവ്യതയോടെ എടുത്തു കൊടുത്തു. ഒട്ടും താമസിച്ചില്ല, അടിച്ചു ഫൈന്‍ 300 രൂപ. അങ്ങനെ അതും പൊയി. അപ്പോഴും, മാഷ്‌ മുകളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നുണ്ടായിരുന്നു.

                     കോയമ്പത്തൂര്‍ എത്തിയപ്പോള്‍, സുജിത്‌ വണ്ടിയില്‍ നിന്നുമിറങ്ങി 3 ടയിര്‍ ACയിലെ TTയെ കണ്ടു കാലു പിടിച്ച്‌ ഒരു വിധത്തില്‍ സീറ്റ്‌ ഒപ്പിച്ചു. സമയം വെളുപ്പിനു 6 മണിയായി. ഉറങ്ങാനുള്ള ആവേശവുമായി പാഞ്ഞു സീറ്റില്‍ ചെന്നപ്പോഴാണു, കിട്ടിയത്‌ ഒരു മിഡില്‍ ബെര്‍ത്താണെന്നു മനസ്സിലായത്‌. രാവിലെയായതു കൊണ്ടു അതു മലര്‍ത്തിയിരുന്നു. മുകളിലൊക്കെ വേറെ ആളുകള്‍ ഉറങ്ങുന്നുമുണ്ട്‌. വീണ്ടും കിളി. ഗത്യന്തരമില്ലാതെ അവിടെ ഇരുന്നു. ഏകദേശം, അങ്കമാലി വരെ അവിടെ ഇരുന്നുറങ്ങി.

                    അപ്പോഴാണ്‌ ഞാന്‍ 2 ടയിര്‍ ACയില്‍ ഉള്ളത്‌ സുജിത്തിനു കത്തിയത്‌. അവന്‍ എന്‍റെ അടുത്തു വന്നു. ഞാന്‍ എര്‍ണാകുളത്തു ഇറങ്ങുകയാണ്‌. അവന്‍ എന്‍റെ സീറ്റില്‍ കയറി കര്‍ട്ടന്‍ ഒക്കെ വലിച്ചിട്ടു ഉറങ്ങാന്‍ തുടങ്ങി. ഞാന്‍ എര്‍ണാകുളത്ത്‌ ഇറങ്ങി. വണ്ടി ഉദ്ദേശം തൃപ്പൂണിത്തുറ എത്തിയപ്പോഴാണ്‌, വണ്ടിയില്‍ സ്ക്വാഡ്‌ കയറുന്നത്‌. 3 ടയിര്‍ ACയുടെ ടിക്കറ്റും വച്ചു 2 ടയിറില്‍ കിടന്നുറങ്ങിയതിന്‌ അടുത്ത 300ഉം പൊടിഞ്ഞു. അതിന്‍റെ ടിക്കറ്റ്‌ എന്‍റെ കയില്‍ ആയിപ്പോയി. ഗതി കെട്ട സുജിത്‌, വീണ്ടും പോയി തന്‍റെ സീറ്റില്‍ ഇരുന്നു. ദേഷ്യവും സങ്കടവും എല്ലാം കാരണം പിന്നെ ഉറങ്ങിയില്ല. തിരുവനന്തപുരം വരെ അവിടെ ഇരുന്നു.

                  ക്രിസ്തുമസ്‌ തലേന്നു വീട്ടിലെത്തിയ അവന്‌, ക്ഷീണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെന്ന പാടെ കയറി കിടന്നു ഒറ്റ ഉറക്കം. പിന്നെ, ക്രിസ്തുമസിന്‍റെ അന്നു ഉച്ചക്കാണ്‌ കക്ഷി എഴുന്നേല്‍ക്കുന്നത്‌. അങ്ങനെ അതും കുളം. അതു കൊണ്ടു തന്നെ, പിന്നീടു റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിനില്‍ കയറുക എന്നതു, കോഴിക്കാഷ്ടം കാണുന്ന കോഴി കണക്കെ ആയി അവനു. ഇത്തവണ ക്രിസ്തുമസിനു അവന്‍, 2 മാസം മുമ്പു തന്നെ കുറെ ദിവസങ്ങളിലേക്കു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടു. ഞാനും, മറ്റൊരു സുഹൃത്തും ഇത്തവണ കിളികളായി പറന്നപ്പോള്‍, അവന്‍ 2 ടയിര്‍ ACയിലെ രാജാവായിരുന്നു, കിരീടം വെക്കാത്ത രാജാവ്‌.

4 comments:

  1. :)ഒരു സമാന അനുഭവസ്ഥന്‍റെ കയ്യൊപ്പ്

    ReplyDelete
  2. ഏറെ കൂറെ ഭാരത ദരിദ്ര നരായനന്മാരും അനുഭവിക്കുന്ന സംഭവം

    ReplyDelete
  3. അതാണു നമ്മുടെ റെയില്‍വേയുടെ തിരക്കു.... ഏറ്റവും നല്ലതു 60 ദിവസം മുന്‍പു ടിക്കറ്റു ബുക്കിങ്ങു തുടങ്ങുമ്പോള്‍ തന്നെ എടുക്കുന്നതാ സുഹൃത്തേ.... അല്ലെങ്കില്‍ ഓണ്‍ലൈന്‍ ശ്രമിക്കൂ... അതാവുമ്പോള്‍ ഉറക്കം കളഞ്ഞില്ലല്ലോ എന്നെങ്കിലും ആശ്വസിക്കാം ...

    ReplyDelete
  4. സുജിത്തിന്റെയും നിന്റെയും പേരുകള്‍ മാറിപ്പോയോ എന്നൊരു സംശയം ... :)

    ReplyDelete