Raise our Conscience against the Killing of RTI Activists




Saturday, December 4, 2010

ചരിത്രമുറങ്ങുന്ന ചന്ദ്രഗിരി

                ചരിത്രത്തില്‍ ചന്ത്രഗിരിക്കുള്ള സ്ഥാനം ചെറുതല്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള ഭാരതത്തിലെ വളരെ ചുരക്കം സ്ഥലങ്ങളില്‍ ഒന്നാണ്‌ ആന്ധ്ര പ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചന്ത്രഗിരി. ഒരു കാലത്ത്‌ വിജയനാഗര സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്നു ഇവിടം. വളര്‍ച്ചകളിലൂടെയും തളര്‍ച്ചകളിലൂടെയും കടന്നു പോയിട്ടുള്ള ആ മണ്ണ്‌ ഇപ്പൊള്‍ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചരിത്രാന്വേഷകര്‍ക്കു തീര്‍ച്ചയായും ധാരാളം സാധ്യതകള്‍ തുറന്നിടുന്നു അവിടം.

                ആന്ധ്ര പ്രദേശിലെ ഞങ്ങളുടെ ജോലി സ്ഥലത്ത്‌ നിന്നും, ഒരു ഒഴിവു ദിവസമാണ്‌ ചന്ത്രഗിരി കോട്ടയും, അനുബന്ധ സ്മാരകങ്ങളും കാണാനായി പുറപ്പെട്ടത്‌. കേരളത്തോട്‌ സാദൃശ്യം തോന്നുന്ന മനോഹരമായ സ്ഥലങ്ങളാണ്‌ പോകുന്ന വഴിയില്‍ ഇരുവശവും. മനോഹരമായ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി ഫോട്ടോയൊക്കെ എടുത്താണ്‌ യാത്ര. സുഹൃത്തുക്കളോടൊപ്പമുള്ള ആ യാത്ര മനോഹരമായിരുന്നു. ഉദ്ദേശം 2 മണിക്കൂറ്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നു.

                   ചന്ത്രഗിരിയുടെ കേന്ദ്ര ഭാഗങ്ങളെ സംരക്ഷിക്കുന്ന രീതിയില്‍ ചുറ്റുമുള്ള ഒരു മലക്കു മുകളിലൂടെയാണ്‌ കോട്ട പണിതിരിക്കുന്നത്‌. രണ്ടു നിരകളായി കോട്ടകള്‍ സ്ഥിതി ചെയ്യുന്നു. നമ്മുടെ പാരമ്പര്യത്തിന്‍റെ  ഊര്‍ജ്ജം വിളിച്ചോതുന്ന തരത്തിലാണ്‌ കോട്ടകളുടെ പ്രവേശന കവാടം ഉണ്ടാക്കിയിരിക്കുന്നത്‌. കാലമിത്ര കഴിഞ്ഞിട്ടും, അതിപ്പോഴും മാറ്റമില്ലാതെ അങ്ങനെ തന്നെ. കവാടങ്ങള്‍ പിന്നിട്ടു ഞങ്ങള്‍ അകത്തേക്കു നീങ്ങി. ഉദ്ദേശം മുക്കാല്‍ കിലോമീറ്റര്‍ അകത്തായാണ്‌ ക്ഷേത്രങ്ങളും കൊട്ടാരവുമെല്ലാം ഉള്‍പ്പെടുന്ന പ്രാചീന ചന്ത്രഗിരി പട്ടണം.

                  1000AD ല്‍ നരസിംഹ യാദവരായ ചക്രവര്‍ത്തിയാണ്‌ കോട്ടകള്‍ പണിതതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1565AD യിലെ തളിക്കോടു യുദ്ധത്തോടെയാണ്‌ രാജ്യത്തിന്‍റെ തലസ്ഥാനം ഹമ്പിയില്‍ നിന്നു ചന്ത്രഗിരിയിലെക്കു മാറ്റുന്നത്‌. അതിനു ശേഷം വന്ന വെങ്കടപ്പടിദേവ മഹാരായ, കോട്ടയെ ശക്തിപ്പെടുത്തുകയും ധാരാളം ക്ഷേത്രങ്ങള്‍ പണിയുകയും ചെയ്തു. 1646 മുതല്‍ ഗോല്‍ക്കൊണ്ട സുല്‍ത്താന്‍മാരുടെ അധീനതയിലായിരുന്ന ഇവിടം 1782ല്‍ മൈസൂറ്‍ രാജാക്കന്‍മാര്‍ കീഴ്പ്പെടുത്തുകയും പിന്നിടു ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കൈകളില്‍ എത്തുകയുമായിരുന്നു.

                   വിജയനാഗര ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായ രാജ്‌ മഹളാണ്‌ സ്ഥലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രം. ഈ പ്രദേശങ്ങള്‍ വളരെ ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൊട്ടാരം മുഴുവന്‍ കല്‍പാളികളാലാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌ എന്നതു ശ്രദ്ധേയമായ ഒരു വസ്തുതയാണ്‌. കട്ടിളപ്പടികലും, മേല്‍ക്കൂരകളും, എന്തിനേറെ പറയുന്നു, മുകള്‍ നിലകളെ താങ്ങി നിര്‍ത്തുന്ന ബീമുകള്‍ വരെ കല്‍പ്പാളികളാണ്‌. ആ കാലത്തും, ഇതിന്‍റെ സാങ്കേതികവിദ്യ നമുക്കുണ്ടായിരുന്നു. രാജ്‌ മഹളിനുള്ളില്‍ പുരാതന കാലത്തെ ശൈവ, വൈഷ്ണവ, ജൈന മത പശ്ചാത്തലങ്ങളുടെ ദേവി ദേവ വിഗ്രഹങ്ങളാണ്‌ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്‌. 2ആം നൂറ്റാണ്ടു BCയിലേതെന്നു കരുതപ്പെടുന്ന ഒരു ശിവ ലിംഗമാണ്‌ പ്രധാന ആകര്‍ഷണം. ഉദ്ദേശം എല്ലാ പ്രതിമകളുടെയും തല അറുക്കപ്പെട്ട നിലയിലാണ്‌. ഗോല്‍ക്കൊണ്ട സുല്‍ത്താന്‍മാരുടെ ആക്രമണ കാലത്താണ്‌ ഇതു സംഭവിച്ചതെന്നു ഗൈഡ്‌ വിശദീകരിച്ചു.

                   രാജ്‌ മഹളിന്‍റെ മുകള്‍ നിലയില്‍ പണ്ടു കാലത്തെ പലതരം ആയുധങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. അന്നത്തെ രാജ, റാണിമാരുടെയും വിഷ്‌ണുവിന്‍റെ പല അവതാരങ്ങളുടെയും വെങ്കല ശില്‍പങ്ങള്‍ ഉണ്ട്‌. അന്നത്തെ വാളിന്‍റെ അംശമുള്ള മനുഷ്യ എല്ലുകളുടെ ഭാഗങ്ങളും അവിടെയുണ്ട്‌. അവരെയൊക്കെ മരണത്തിനിടയാക്കിയ രാജ ശാസനം എന്തായിരിക്കും എന്നു ഞാന്‍ ഓര്‍ത്തുപോയി. രാജവിന്‍റെ ദര്‍ബാര്‍ ഹാളും സിംഹാസനവും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. 1800കളിലെ ബ്രിട്ടീഷ്‌ കാലത്തുള്ള ഇംഗ്ളീഷിലെഴുതിയ മുദ്ര പത്രങ്ങളാണ്‌ എനിക്കു താല്‍പര്യം തോന്നിയ മറ്റൊന്ന്‌. രാജ്‌ മഹളിനുള്ളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു.

                     റാണിമാരുടെ താമസ സ്ഥലമായിരുന്ന റാണി മഹള്‍ അടുത്തു തന്നെയാണ്‌. അതു താരതമ്യേന ചെറുതാണ്‌. തന്നെയുമല്ല അതു പഴയതിന്‍റെ ഒരു മാതൃക പുനശൃഷ്ട്ടിച്ചതാണ്‌. മല മുകളിലെ കോട്ടകളിലേക്കുള്ള പ്രവേശനം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്‌. അവിടെ വര്‍ദ്ധിച്ചു വന്ന ആത്മഹത്യകളാണ്‌ കാരണം. ആകാംക്ഷ മൂലം ഞങ്ങള്‍, കാവല്‍ക്കാരുടെ കണ്ണു വെട്ടിച്ച്‌ അല്‍പ ദൂരം മുകളിലെത്തിയപ്പോഴെക്കും താഴെ നിന്ന മറ്റുള്ളവര്‍ കണ്ടു പിടിച്ചതിനാല്‍ തിരിച്ചിറങ്ങേണ്ടി വന്നു. മല മുകളിലെക്കു കയറാനായി കല്‍പ്പാളികള്‍ കൊണ്ടു നടയും നിര്‍മ്മിച്ചിട്ടുണ്ട്‌. കൊട്ടാരത്തിന്‍റെ കിണറും മല്ലയുദ്ധങ്ങള്‍ നടന്നിരുന്ന സ്ഥലങ്ങളും ആകര്‍ഷകമാണ്‌. സമീപത്തുള്ള കുറച്ചു പുരാതന ക്ഷേത്രങ്ങള്‍ കൂടി സന്തര്‍ശിച്ച്‌, ഞങ്ങള്‍ മടക്ക യാത്രക്കൊരുങ്ങി. മലമുകളിലെ കല്‍ ഗോപുരങ്ങള്‍ പൊയ കാലത്തിന്‍റെ ആഢ്യത്വത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു.

                     സന്ധ്യക്കു കൊട്ടാരവും പരിസരവും വര്‍ണ വെളിച്ചത്തില്‍ വിളങ്ങി. മറ്റൊരു രാജ്യങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത പ്രൌഢമായ ഒരു പാരമ്പര്യത്തിലേക്കാണ്‌ ഈ യാത്ര എന്നെ നയിച്ചത്‌. ഒന്നും ആത്യന്തികമല്ല എന്നൊരു സത്യവും ചരിത്രം നാമ്മെ പഠിപ്പിക്കുന്നു. ഒരു കാലത്ത്‌ ആളുകള്‍ പരിസരത്തു വരാന്‍ പോലും പേടിച്ചിരുന്ന കൊട്ടാരങ്ങള്‍, ഇന്നു വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. ഇവിടെ മാറ്റം സംഭവിച്ചത്‌ കാലത്തിനു മാത്രം. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടു. എന്‍റെ മനസ്സിലെ കൊട്ടാരത്തില്‍, കാലം പഴയതായിരുന്നു, അവിടെ ചക്രവര്‍ത്തിയുണ്ടായിരുന്നു, ക്ഷേത്രത്തില്‍ ചടങ്ങുകള്‍ ഉണ്ടായിരുന്നു, കൂടാതെ കോട്ടകളില്‍ ഭടന്‍മാരുടെ വ്യൂഹം കാവലിനും.

1 comment:

  1. you should visit golkonda fort also. come to hyderabad if u gets time.

    ReplyDelete