Raise our Conscience against the Killing of RTI Activists




Friday, March 25, 2011

വാര്‍ദ്ധക്യം അഥവാ വ്രദ്ധസദനങ്ങള്‍


ഈയടുത്ത ദിവസങ്ങളിലൊന്ന്‍. ഞങ്ങളുടെ നാട്ടിലെ ഒരു വ്രദ്ധസദനതിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുവാന്‍ സാഹചര്യവശാല്‍ ഇടയായി. വര്‍ഷാ വര്‍ഷം കനത്ത പെയ്മെന്‍റ് മേടിക്കുന്ന നല്ല സൌകര്യങ്ങള്‍ ഉള്ള ഒരെണ്ണം. നമ്മുടെ നഗര പരിസരത്ത് ഇത് മൂന്നാമത്തേതാണ് എന്നതാണ് ശ്രദ്ധേയം. ഉദ്ഘാടനമോക്കെ കഴിഞ്ഞു ലഘു ഭക്ഷണ ശേഷം വിശ്രമിക്കുമ്പോള്‍ അവിടുത്തെ അന്തേവാസിയായ ഒരു അമ്മച്ചിയെ പരിചയപ്പെടാന്‍ ഇടയായി. അമ്മച്ചിയുടെ മകന്‍ അമേരിക്കയിലാണ്. "അവനങ്ങു അമേരിക്കയിലാ. വേഗം, വേഗം വരാന്‍ പറ്റുമോ? എന്നാലും ഉടനെ വരുമെന്ന് പറഞ്ഞിട്ടാ അവന്‍ പോയത്". അഭിമാനപൂര്‍വ്വം അമ്മച്ചി അത് പറയുമ്പോള്‍ ആ ശബ്ദത്തില്‍ ചെറിയ ഒരിടര്‍ച്ച ഉണ്ടായിരുന്നോ?

നമ്മുടെ സംസ്കാരത്തില്‍ പുതിയൊരു ഉല്‍പ്പന്നമാണ് പെയ്മെന്റോട് കൂടിയ വ്രദ്ധസദനങ്ങള്‍‍. പുതിയ ലോകത്തില്‍, പുതിയ ചിന്തകളുമായി മക്കള്‍ സമയമില്ലാതെ പാഞ്ഞു നടക്കുമ്പോള്‍, മറ്റൊന്നും ചെയ്യാന്‍ ശേഷിയില്ലാത്ത പ്രായമായ മാതാപിതാക്കള്‍ ഒരു ബാധ്യതയാവുന്നു. മറിച്ചു, അവര്‍ ഇത്തരം വ്രദ്ധസദനങ്ങളില്‍ ആണെങ്കില്‍ തങ്ങള്‍ക്കു അയല്‍ക്കാരുടെ മുന്നില്‍ തല കുനിക്കുകയും വേണ്ടാ, അവര്‍ ഒഴിവാവുകയും ചെയ്യും. തീര്‍ച്ചയായും നമ്മുടെ കാര്‍ന്നവന്മാരെ നമ്മുടെ വീടുകളില്‍ ശുശ്രൂഷിക്കെണ്ടതല്ലേ? അവരുടെ എല്ലാ കാര്യങ്ങളും നോക്കാന്‍ സമയം കിട്ടുന്നില്ലെങ്കില്‍ ഒരു ഹോം നേഴ്സിനെയോ മറ്റോ വെക്കാന്‍ എന്താണ് ബുദ്ധിമുട്ട്?

നമ്മുടെ കാര്‍ന്നവന്മാര്‍ ഭാവിയിലെ നമ്മള്‍ തന്നെയാണ്. അവര്‍ നമ്മുടെ കുടുംബത്തിലെ ഭാഗം തന്നെ. പ്രതീക്ഷയോടെ നമ്മള്‍ ഭാവി തലമുറയെ നോക്കുമ്പോള്‍, പ്രതീക്ഷയില്ലെങ്കിലും അല്പം കരുണയോടെയെങ്കിലും നമ്മുടെ ഭൂത കാലങ്ങളിലെ വ്യക്തിത്വങ്ങളെ, നമുക്ക് നോക്കി കാണാവുന്നതാണ്. ഈ വ്യക്തിത്വങ്ങള്‍ ഒരു കാലത്ത് നമ്മുടെ എല്ലാമായിരുന്നെന്നും, അവരില്ലെങ്കില്‍ നമ്മള്‍ ഇല്ലായിരുന്നുവെന്നതും സത്യമാണ്. നമ്മുടെ സന്തോഷങ്ങളും, സങ്കടങ്ങളും, നൊമ്പരങ്ങളും, ഭയവും, അഭിമാനവുമായിരുന്നവര്‍. ഇന്നും അവരെ നമുക്കങ്ങനെ കരുതിക്കൂടെ?

സമയം, ക്ഷിപ്രനേരം കൊണ്ട് കാലത്തെ കീഴടക്കി പോകുമ്പോള്‍ നമുക്കും ചിന്തിക്കാം. അവര്‍ക്കായി കുറച്ചു സമയം നമുക്ക് മാറ്റി വെക്കാം, സന്തോഷങ്ങള്‍ പങ്കിടാം, കുറുമ്പ് കാട്ടാം. വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കാം. ഇത്രക്കും സ്വാതന്തര്യത്തോടെ നമുക്ക് മറ്റാരുടെയടുത്തു ഇടപഴകാനാവും? ഇതൊക്കെയല്ലേ ജീവിതത്തിലെ സന്തോഷങ്ങള്‍. സമ്പന്ന ജീവിതങ്ങളില്‍ സന്തോഷമില്ലെങ്കില്‍ പിന്നെ ആ സമ്പത്തിന് എന്ത് വില? പണത്തിനു ഒരു വിലയുമില്ല എന്ന് തോന്നിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങളിലൂടെയെങ്കിലും എല്ലാവരും കടന്നുപോയിട്ടുണ്ടാവും.

ജീവിതം കാലത്തിനു മായ്ക്കാവുന്ന പുസ്തകത്താളുകളാണ്. അവയുടെ തലക്കെട്ടുകള്‍ മാറി വന്നുകൊണ്ടിരിക്കും. താമസിയാതെ നമ്മുടെ പേരും അവിടെ വരും. നമ്മളും പ്രതീക്ഷിക്കും. ആരുമില്ലാത്ത ഒരവസ്ഥ ഉണ്ടാവല്ലെയെന്നു. ചെറുപ്പത്തിന്‍റെ ആരോഗ്യസ്ഥിതിയും, സാമ്പത്തിക ചുറ്റുപാടുകളും, ബന്ധങ്ങളും മൂലം നമ്മളാരും അങ്ങനെയൊരു കാലത്തെ പറ്റി ഇപ്പോള്‍ ആലോചിക്കുന്നില്ലെങ്കിലും, താമസിയാതെ വാര്‍ദ്ധക്യമെന്ന അവസ്ഥയിലേക്ക് നമ്മളും എത്തും. കാലം കഴിഞ്ഞുപോയാല്‍ പിന്നെ അതിനെപറ്റി സങ്കടപ്പെടാന്‍ മാത്രമേ ആവൂ. ഞാന്‍ ഇതെഴുതുന്ന നിമിഷവും വാര്‍ദ്ധക്യത്തിന്‍റെ ഒറ്റപ്പെടലിലിരുന്നു ആ അമ്മച്ചി പ്രതീക്ഷിക്കുന്നുണ്ടാവും താന്‍ വളര്‍ത്തി വലുതാക്കിയ മകനെ. വരില്ല എന്നറിയാമെങ്കിലും...

Tuesday, March 15, 2011

നായകന്‍റെ മായകള്‍


പലതരം കിളികളെക്കുറിച്ചു നിങ്ങള്‍ കേട്ട് കാണും. ചെറിയ കുരുവി മുതല്‍ അങ്ങ്, വലിയ പരുന്തു വരെ. അതിനാല്‍ തന്നെ വന്‍ അബദ്ധങ്ങള്‍ പറ്റുന്നവരെ പരുന്ത്‌ എന്ന് വിളിക്കുന്ന ഒരു പാരമ്പര്യവും ഞങ്ങളുടെ നാട്ടില്‍ ഉണ്ട്. അങ്ങനെ പരുന്തായ, എന്‍റെ  ഒരു സുഹൃത്താണ് ഈ സംഭവത്തിലെ നായകന്‍.

പ്രണയിക്കുന്നവരോട് എന്നും വാല്സല്യവും, മമതയും വച്ച് പുലര്‍ത്തിയിരുന്നു നമ്മുടെ നായകന്‍. പ്രണയ വിജയത്തിനായി ദൂത് പോവുക, പരസ്പരം മുട്ടിച്ചു കൊടുക്കുക തുടങ്ങിയവയൊക്കെ തന്‍റെ കടമാകളായാണ് നായകന്‍ കണക്കാക്കിയിരുന്നത്. ഇതുവരെ ആരും നായകനെ പ്രണയിക്കാതതുകൊണ്ടാണെന്നും, അതല്ല നായകന്‍ പ്രോപോസ് ചെയ്ത ഒരു കുട്ടി ചെകിട് നോക്കി ഒന്ന് പൊട്ടിച്ചത് കൊണ്ടാണ് നായകന്‍ ഇങ്ങനെ ആയി മാറിയതെന്നും ശത്രുക്കള്‍ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും ഞങ്ങള്‍ അതൊന്നും കാര്യമായി എടുത്തിട്ടില്ല.

ഈ സംഭവം നടക്കുന്നത് നായകന്‍റെ കമ്പനിയിലാണ്. നായകന്‍റെയും എന്‍റെയും പൊതു സുഹൃത്തായ ഒരു മൂന്നാമന് (തല്‍ക്കാലം അവനെ രാജു എന്ന് വിളിക്കാം)  കമ്പനിയിലെ തന്നെ സുന്ദരിയും സുശീലയും(?) ആയ മായ എന്ന പെണ്‍കുട്ടിയോട് കടുത്ത പ്രണയം. ആദ്യാനുരാഗമായിരുന്നതുകൊണ്ട് ആദ്യ സംഭാഷണത്തില്‍ തന്നെ രാജു കുട്ടിയോട് തന്‍റെ വിങ്ങല്‍ വെളിപ്പെടുത്തി. ഏതെങ്കിലും ഒരു വിങ്ങലിനായി കാത്തിരുന്ന ആ കുട്ടി തന്‍റെതും കൂടി കൂട്ടി അതിനെ ഒരു വലിയ വിങ്ങലാക്കി മാറ്റി.. പിന്നിട് നടന്ന പ്രണയ വേലിയേറ്റത്തില്‍ റോസാപ്പൂക്കള്‍, കത്തുകള്‍, ഫോണ്‍ വിളികള്‍ തുടങ്ങിയവയെല്ലാം യഥേഷ്ടം കൈ മാറ്റം ചെയ്യപ്പെട്ടു. നമ്മുടെ നായകന്‍റെ കരം ഇതിനെല്ലാം പുറകിലുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രാജുവും മായയും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഒരാള്‍ ഈഴവയും മറ്റൊരാള്‍ നായരുമായി പോയതുകൊണ്ട് വീട്ടുകാര്‍ ഇടഞ്ഞു. ഇവര്‍ കല്യാണം കഴിച്ചാല്‍ രാക്ഷസ വംശമാവും ജനിക്കുക എന്നത് പോലെയായിരുന്നു വീട്ടുകാരുടെ പെരുമാറ്റം. വീട്ടുകാരെ പിണക്കാന്‍ താല്പര്യമില്ലതിരുന്ന രാജുവും, മായയും ആകെ വൈക്ലഭ്യതിലായി. ഇരുവരും കട്ട സെന്റി. വെള്ളമടി, വീടിവലി, ഉറക്കമില്ലായ്മ, സംസാരമില്ലായ്മ, തുടങ്ങിയ സദ്ഗുണങ്ങള്‍ രാജു ശീലിച്ചപ്പോള്‍ ഫാനില്‍ കെട്ടിയ കയര്‍ നോക്കിയിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, പെട്ടെന്ന് കോപിക്കുക തുടങ്ങിയവയൊക്കെ മായക്കുട്ടിയും ശീലിച്ചു. ഇതൊക്കെ കണ്ടു ഒരാള്‍ക്ക്‌ മാത്രം സഹിക്കാന്‍ കഴിഞ്ഞില്ല. നമ്മുടെ നായകന്.

നായകന്‍ ഫോണെടുത്തു. രാജുവിന്‍റെ വീട്ടില്‍ സംഭവം അറിയിച്ചു. കല്യാണം നടത്തി കൊടുത്തില്ലെങ്കില്‍ മകന്‍ കൈ വിട്ടു പോകുമെന്നുഒരു താങ്ങും താങ്ങി. എവിടെ???? ഇതിനപ്പുറം കണ്ട മട്ടില്‍ രാജുവിന്‍റെ അച്ഛന്‍ പറഞ്ഞു, "അവന്‍ അങ്ങനെ ആയെങ്കില്‍ അത് നിങ്ങള്‍ സുഹൃത്തുക്കളുടെ കുഴപ്പമാണ്. നിങ്ങളെല്ലാമാണ് അവനെ വഷളാക്കിയത്." ഇതിനു സമാനമായ ഒരു മറുപടി പെണ്‍കുട്ടിയുടെ വീട്ടിലേക്കു വിളിച്ചു പറഞ്ഞ അവളുടെ കൂട്ടുകാര്‍ക്കും കിട്ടി. നായകന്‍റെ പേരും എഴുതി വച്ച് രാജു ആത്മഹത്യ ചെയ്യുന്നതായി സ്വപ്നം കണ്ടു ഉറക്കത്തില്‍ ഞെട്ടി എഴുന്നേല്‍ക്കുന്നത് വരെയായി നായകന്‍റെ അവസ്ഥ. ഒടുവില്‍ നായകന്‍ ആ തീരുമാനം എടുത്തു, ഇവരെ എങ്ങനെയെങ്കിലും കെട്ടിക്കുക.

അനേകം സിനിമകളില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജവുമായി നായകനും കൂട്ടരും ഒരു ദിവസം രാജുവിന്‍റെ കല്യാണത്തിനായി നിശ്ചയിച്ചു. അന്നെ ദിവസം രാവിലെ രാജു സധൈര്യം പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് ഇറക്കികൊണ്ട് വരികയും രജിസ്റ്റര്‍ ആഫീസില്‍ പോയി കല്യാണം നടത്തുകയും ചെയ്തു. കല്യാണം ഒക്കെ കഴിഞ്ഞ നിലക്ക് ഇനി വീട്ടുകാര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല എന്നാ തന്ത്രപരമായ കണക്ക് കൂട്ടലില്‍ എത്തിയ നായകന്‍, അവരെ നേരെ പെണ്ണിന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. കല്യാണം കഴിഞ്ഞ വിവരവും, രാജുവും മറ്റും പെണ്‍കുട്ടിയുടെ വീട്ടിലേക്കു എത്തുന്ന വിവരവും രാജുവിന്‍റെ വീട്ടിലും അറിയിച്ചിരുന്നു.

ഉദ്ദേശം രണ്ടു മൂന്നു മണിക്കൂറത്തെ യാത്രക്ക് ശേഷം സംഘം പെണ്‍വീട്ടില്‍ എത്തി. നോക്കിയപ്പോള്‍, വഴിയില്‍ മുറ്റത്തോട് ചേര്‍ന്ന് രാജുവിന്‍റെ അച്ഛനും നിലയുറപ്പിച്ചട്ടുണ്ട്. കാറില്‍ നിന്നിറങ്ങുന്ന ദമ്പതികളെ ഇരു അപ്പന്മാരും വാരി പുണരുന്നതും, രണ്ടു കുടുംബങ്ങള്‍ ഒന്നാവുന്നതും, ഇതിനെല്ലാം കാരണക്കാരനായ നായകനെ എല്ലാവരും ആശ്ലെഷിക്കുന്നതും ഓര്‍ത്തു നായകന്‍റെ മനസ്സ് കുളിരണിഞ്ഞു. മനസ്സിലെ കുളിരിനെ കീറി മുറിച്ചു കൊണ്ട് പെണ്‍വീട്ടില്‍ നിന്നൊരു ശബ്ദം.

"കേറി പോടീ വീട്ടില്‍." ഇതെന്താ എന്ന് നായകനും കൂട്ടരും ചിന്തിച്ചപ്പോഴേക്കും, മായ വീട്ടിലേക്ക്‌ ഓടുന്നതാണ് നായകന്‍ കണ്ടത്. അതിനൊപ്പം തന്നെ രാജുവിന്‍റെ അപ്പനും അപ്പുറം നിന്ന് അലറി, "വാടാ എന്‍റെ ഒപ്പം". രാജു അപ്പന്‍റെ ഒപ്പവും ഓടി. ഇതൊക്കെ കണ്ടു, താനാണോ സ്വപ്നത്തില്‍ എന്ന മട്ടില്‍ നായകന്‍ തന്‍റെ കൂട്ടരേ നോക്കി. അപ്പോഴേക്കും അവിടെ കൂടി നിന്ന നാട്ടുകാര്‍ നായകനെയും കൂട്ടരെയും വളഞ്ഞു. " നിയൊക്കെ കൂടി കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് വിളിചിറക്കും ഇല്ലെട. വഴി തെറ്റിക്കാന്‍ നടക്കുന്നു ഓരോരുതന്മാര്‍". ഇത്രയും കേട്ട ഓര്‍മയെ ഉള്ളു. ഒന്ന് രണ്ടെണ്ണം പുറത്തു വാങ്ങിച്ചതും ഓര്‍മയുണ്ട്. അപ്പോഴേക്കും ശരീരം സ്വാഭാവീകമായ പ്രതികരണം തുടങ്ങിയിരുന്നു, നമ്മുടെ പതിനെട്ടാമത്തെ അടവ്. നൂറു മയില്‍ ഓട്ടം.

അതില്‍ പിന്നെ പ്രണയം എന്ന ആന ചുഴിയില്‍ നമ്മുടെ നായകന്‍ ഒരിക്കലും തലയിട്ടിട്ടില്ല. ആള്‍ ഇപ്പോള്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ പ്രൊജക്റ്റ്‌ ലീഡര്‍ ആണ്. പ്രണയിയിക്കുന്നവരെ കണ്ടാല്‍ രണ്ടെണ്ണം പൊട്ടിച്ചു പായിച്ചു വിടും ഇപ്പോള്‍. നമ്മുടെ രാജുവിനും കുട്ടിക്കും ഇപ്പോള്‍ എന്ത് സംഭവിച്ചു എന്നറിയേണ്ടേ. അവര്‍ അവരുടെ വീട്ടുകാര്‍ കണ്ടു പിടിച്ച ഒരു വിവാഹം ഒക്കെ കഴിച്ചു ലോകത്തിന്‍റെ രണ്ടു കോണില്‍ ജീവിക്കുന്നു. നായകന്‍ ഇടയ്ക്കിടയ്ക്ക് ഇതിനെപറ്റി ഓര്‍ത്തു നെടുവീര്‍പ്പിടും. പിന്നെ സ്വയം പരിതപിക്കും, "എല്ലാം മായ.".

Saturday, March 5, 2011

ഇല വീഴാ പൂഞ്ചിറ: ഒരു യാത്രയുടെ ഓര്‍മ്മക്കായി


                     ശൈത്യ കാലം തുടങ്ങുന്ന സമയത്തുള്ള പ്രഭാതങ്ങളില്‍ ഒന്ന്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ഞാനും രണ്ടു സുഹൃത്തുക്കളും,  അതിരാവിലെ തന്നെ, ഇല വീഴ പൂഞ്ചിറ എന്ന സ്ഥലത്തേക്ക്, സുഹൃത്തിന്‍റെ വണ്ടിയില്‍ യാത്ര പുറപ്പെട്ടു. യാത്രാ മദ്ധ്യേ ആവശ്യമുള്ള കുറച്ചു  ഭക്ഷണം കൈയ്യില്‍ കരുതിയിരുന്നു.

                  തൊടുപുഴയില്‍ നിന്ന് ഉദ്ദേശം 20 കിലോമീറ്റര്‍ അകലത്തായി മേലുകാവിനടുത്തായാണ് ഇല വീഴാ പൂഞ്ചിറ. അവിടെയുള്ള ഒരു വലിയ മലയുടെ മുകളാണ് ഈ സ്ഥലം. മലമുകളില്‍ മരങ്ങളൊന്നും ഇല്ലാതെ, മൊത്തം പുല്മേടുകളായതിനാലാണ്  ഈ പേര് ഉടലെടുത്തത്.  മാരുതന്‍ സദാ  കീഴ്പെടുത്തിയിരിക്കുന്ന ഇവിടെ നിന്ന് നോക്കിയാല്‍ അങ്ങ് തൊടുപുഴ പട്ടണം മുതല്‍ ഇങ്ങു ചെറുതോണി അണക്കെട്ട് വരെ, പരന്നു കിടക്കുന്നത് കാണാം. ഒപ്പം അതിര് പാകി നില്‍ക്കുന്ന സഹ്യനെയും.

                     സംഭാഷണത്തില്‍ ലയിച്ചിരുന്ന ഞങ്ങള്‍, വണ്ടി, കയറ്റം കയറി തുടങ്ങിയത് അറിഞ്ഞതെയുണ്ടായിരുന്നില്ല. മലവഴികള്‍ അതിന്‍റെ ഉഗ്ര സ്വരൂപം കാണിച്ചു തുടങ്ങിയപ്പോള്‍, ഡ്രൈവറായ സുഹൃത്ത്‌ ജാഗരൂഗനായി, ഒപ്പം ഞങ്ങളും. ഒരു നാലും കൂടിയ കവലയില്‍ വച്ച് കഷ്ടി ഒരു ജീപ്പിന്‍റെ വീതിയിലെക്ക് വഴി ചുരുങ്ങുകയാണ്. പുതിയ കാര്‍ മനസ്സില്ലാമനസ്സോടെ അവന്‍ ആ വഴിയിലൂടെ ഉരുട്ടി കയറ്റി. പോകുന്ന വഴിയില്‍ കണ്ട ഒരു ചെറു പള്ളി പരിസരത്ത് വണ്ടി നിര്‍ത്തി, ഞങ്ങള്‍  ചായ കുടിച്ചു. ഉദ്ദേശം 2 കിലോമീറ്റര്‍ കൂടി മുകളിലേക്ക് ചെന്നതോടെ ടാര്‍ റോഡ്‌ അവസാനിച്ചു. വണ്ടി വശത്തേക്കൊതുക്കി ഞങ്ങള്‍ നടത്തം ആരംഭിച്ചു.

                         ഏകദേശം ഒന്നര കിലോമീറ്റര്‍ മുകളിലേക്ക് നടക്കണം. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ആ വഴിയിലൂടെ ആകെ ജീപ്പ് മാത്രമേ കയറു. അത്യാവശ്യം കുത്തനെയുള്ള കയറ്റങ്ങള്‍ മൂലവും, കൂടെയുള്ള ഒരു സുഹൃത്തിന്‍റെ ശരീര ഭാരം, അധികം സമയം അവന്‍റെ കാലുകള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാലും ഇടയ്ക്കിടയ്ക്ക് ഇരുന്നു വിശ്രമിച്ചാണ് യാത്ര. കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ്, മലമുകളില്‍ നിന്ന് റോഡിനു കുറുകെ ഒരു ചെറു അരുവി ഒഴുകുന്നത്‌ ശ്രദ്ധയില്‍ പെട്ടത്. അരുവിയുടെ ശുദ്ധതയും, കുളിര്‍മയും ആസ്വദിച്ചു കുറച്ചു സമയം അതിന്‍റെ ചുവട്ടില്‍ ചിലവഴിച്ചു. നല്ല വെയിലത്തുള്ള ആ നടപ്പില്‍ അതൊരു ആശ്വാസമായിരുന്നു. മലമുകളിലെ പുല്‍മേടുകള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്നുണ്ട്. അങ്ങനെ ഏകദേശം മുക്കാല്‍ മണിക്കൂറത്തെ നടപ്പിന് ശേഷം ഞങ്ങള്‍ മല മുകളില്‍ എത്തി. എടുക്കാവുന്ന സ്ഥലങ്ങളിലെല്ലാം ക്യാമറയും മിന്നിച്ചുകൊണ്ടാണ് യാത്ര എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

                     മലമുകളിലായി ഒരു വശത്ത് ശിവലിംഗം പോലെ ഒരു കല്ലുരുട്ടിവച്ചു എന്തോ പ്രതിഷ്ഠയുണ്ട്. മാരുതന്‍ സാവധാനം ശക്തി പ്രാപിച്ചു തുടങ്ങി. പക്ഷെ കാറ്റിന്‍റെ കുളിര് ഒരു വശ്യതയാണ്. വെയിലത്ത്‌ തണുത്ത കാറ്റടിച്ചുള്ള  ആ നില്‍പ്പ്, ഒരു നല്ല അനുഭവം പ്രദാനം ചെയ്യുന്നു. കുറച്ചു മുകളിലായി ഒരു കെട്ടിടം കാണാനാവുന്നുണ്ട്. സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ വക ഒരു ചെറു ബംഗ്ലാവ് ആണത്. അവര്‍ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചെങ്കിലും പുറമെയുള്ള പരന്ന പുല്‍മേടുകളും, തണുത്ത അന്തരീക്ഷവും, തലോടി കടന്നു പോകുന്ന ഇളംകാറ്റും എല്ലാംകൂടി ഞങ്ങളെ പിന്തിരിപ്പിച്ചു. നാടന്‍ കള്ള് ഉള്‍പ്പെടെയുള്ള പലവിധ പാനീയങ്ങള്‍ അവിടെ ലഭ്യമാണ്. അവരെക്കൊണ്ട് ഞങ്ങളുടെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുപ്പിച്ച ശേഷം ഞങ്ങള്‍ ബംഗ്ലാവില്‍ നിന്നിറങ്ങി.

                         മലയോട് ചേര്‍ന്നുള്ള കൊക്കകള്‍ ഭയചകിതമായ ആകാംക്ഷയാണ് ജനിപ്പിച്ചത്. അങ്ങ് താഴെ സോപ്പ് പെട്ടി പോലെയുള്ള ശകടങ്ങളില്‍ അനേകം മനുഷ്യര്‍.  സമീപത്തുള്ള ഒരു വശ്യതയുള്ള ബെഞ്ചിലിരുന്ന് ഞങ്ങള്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ചുതുടങ്ങി. അല്‍പ്പസമയത്തിനു ശേഷം കാലാവസ്ഥ അതി വേഗം മാറുന്നതായി അനുഭവപ്പെട്ടു. സൂര്യന്‍റെ ശക്തി താല്‍ക്കാലികമായി ക്ഷയിച്ചു. പകരം ആ സ്ഥാനത്ത്‌ കോടമഞ്ഞ് ഉയര്‍ന്നു വരാന്‍ തുടങ്ങി. ഒരു ജോലി ദിവസമായിരുന്നതിനാലും, ടൂറിസമെന്ന നീരാളിപ്പിടിത്തത്തില്‍ അത്രക്കങ്ങു അമരാത്ത സ്ഥലമായതിനാലും ഇതിനെല്ലാം സാക്ഷികളായി മലമുകളില്‍ ഞങ്ങള്‍ മൂന്നു സഞ്ചാരികള്‍ മാത്രം.


                             മലമുകളിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ഞങ്ങള്‍ ഇനിയും എത്തിയിട്ടില്ല. കോടമഞ്ഞ് അതിവേഗം ഉയര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഞങ്ങള്‍ വേഗം അവിടേക്ക് തിരിച്ചു. ഓരോ മിനിറ്റ് കഴിയുമ്പോഴേക്കും മഞ്ഞു കൂടുതല്‍ കനക്കുകയാണ്. കൂടെ, തണുത്ത മഞ്ഞില്‍ പുതഞ്ഞ അതിവേഗതയുള്ള കാറ്റും. ഇത് നേരിട്ട് അനുഭവിക്കേണ്ട ഒന്ന് തന്നെയാണ്. ഒര് ACക്കു പോലും, ഇത്ര ഉണ്മേഷപ്രദമായ ഒരു അന്തിരീക്ഷം സമ്മാനിക്കാനാവില്ല. ചെറു ജലകണങ്ങളായി മഞ്ഞിനെ ദേഹത്ത് നിക്ഷേപിച്ചു കൊണ്ടിരിക്കയാണ് കാറ്റ്. അതാസ്വദിച്ച് ഞങ്ങള്‍ വളരെയേറെ സമയം അവിടെ
നിന്നു.


                        ഏറ്റവും മുകളിലുള്ള സ്ഥലത്ത് ഒരു പോലീസു വയര്‍ലസ് സ്റ്റേഷനുണ്ട്‍‌. അവിടെ രണ്ടു പോലീസുകാര്‍ മഫ്തിയില്‍ ജോലിയിലുമുണ്ട്. കറണ്ടോ, മറ്റൊരു സംവിധാനങ്ങളോ അവര്‍ക്കവിടെയില്ല. നമ്മുടെ സുരക്ഷ്ക്കായുള്ള ദേശത്തിന്‍റെ കണ്ണുകള്‍ അവിടെ പോലുമുള്ളത് ശരിക്കും ഒരു അത്ഭുതമായിരുന്നു. അവരെയെല്ലാം പരിചയപ്പെടാനും സാധിച്ചു. ഒരു രണ്ടടി മുമ്പിലുള്ളവ പോലും കാണാന്‍ വയ്യാത്ത നിലയില്‍ മഞ്ഞു മൂടിയിരിക്കയാണ് ഇപ്പോള്‍. ഞങ്ങള്‍ ആ പാറപ്പുറത്ത് ഒരര മണിക്കൂര്‍ നേരം ഇരുന്നും, കിടന്നും, സംസാരിച്ചും സമയം ചിലവഴിച്ചു. മുകളില്‍ വെളുത്ത ആകാശം. ചുറ്റിലും, താഴത്തും വെളുത്ത കോടമഞ്ഞും.






                         അപ്പോഴേക്കും മഴ ചാറിതുടങ്ങി. നിമിഷ നേരം കൊണ്ട് കാലാവസ്ഥ മാറികൊണ്ടിരിക്കയാണ്. അടുത്തുള്ളൊരു ഷെഡ്ഡില്‍ ഞങ്ങള്‍ താല്‍ക്കാലിക അഭയമെടുത്തു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, ഭൂത, വര്‍ത്തമാന, ഭാവി ചിന്തകള്‍ ഞങ്ങള്‍ അവിടെ പങ്കു വച്ചു. ഉദേശം ഒരു മണിക്കൂര്‍ ആ പര്‍വതശ്രേഷ്ഠന്‍ മഴയില്‍ കുളിരണിയുന്നത് നോക്കി അവിടെയങ്ങനെ ചിലവഴിച്ചു. മഴ നിലച്ചതോടെ കോട മഞ്ഞു അപ്രത്യക്ഷമായി തുടങ്ങി. ചുറ്റുപാടും മുന്പതെക്കാളുമാധികം ദ്രശ്യമായിത്തുടങ്ങി. അങ്ങ് താഴെ ചെറുതോണി അണക്കെട്ടും, അങ്ങ് മുകളില്‍ കാര്‍മെഘമോഴിഞ്ഞ ആകാശവും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

                           സൂര്യന്‍ തന്‍റെ പ്രഭാവം വീണ്ടെടുത്തു തുടങ്ങി. ഇത്രയേറെ കാലാവസ്ഥകള്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറി മറിഞ്ഞതും ഒരു കുഞ്ഞു വിസ്മയമായി മനസ്സില്‍ നിലകൊണ്ടു. തിരിചിറക്കം വളരെ വേഗത്തിലായിരുന്നു. സൂര്യ പ്രകാശം മേഘവലയതിനുള്ളിലൂടെ ഒരു ബീം പോലെ വരുന്ന കാഴ്ച കണ്ണിനു കുളിരേകി. എന്‍റെ ചെറു ക്യാമറ അതിനു പറ്റാവുന്ന വിധത്തില്‍ അത് ഒപ്പിയെടുത്തു. ഞങ്ങള്‍ തിരിച്ചു പോയത് ഇതിലൊരു സുഹൃത്തിന്‍റെ തറവാട്ടിലെക്കാണ്.



                       ഓര്‍മയുടെ ഏടുകളില്‍ വിലമതിക്കാവുന്ന മറ്റൊരു ദിനം കൂടി കടന്നു പോയി. ഇതിനിടയില്‍, മരങ്ങളൊന്നുമില്ലാത്ത ആ ഇല വീഴാ പൂഞ്ചിറയില്‍ ഞാന്‍ ആരും കാണാതെ ഒരു ചെറു തൈ നട്ടു. ഭാവിയില്‍ അതും ഇല വീഴാത്ത ഒരു മരമാകുമോ? താമസിയാതെ വിദേശങ്ങളില്‍ നിന്നുള്ള എന്‍റെ കസിന്മാര്‍ വരും. അവര്‍ കറങ്ങിയ സ്ഥലങ്ങളുടെ ഫോട്ടോ കാണിക്കുമ്പോള്‍, ഞാന്‍ അഭിമാനത്തോടെ ഇവ കാണിക്കും, എന്‍റെ മനസ്സ് പറയും,"ഇത് എന്‍റെ നാട്, ദൈവത്തിന്‍റെ സ്വന്തം നാട്". എന്‍റെ മനസ്സ് ഇപ്പോള്‍ ആ തൈമരത്തിന്‍റെ കൂടെയാണ്. എന്‍റെ കുഞ്ഞു മരം അവിടെ ഇല പോഴിക്കുമോ?