Raise our Conscience against the Killing of RTI Activists




Sunday, April 24, 2011

നഗരങ്ങളിലെ അഴുക്കുചാലുകള്‍

ശ്രീഹരിക്കൊട്ടയില്‍ നിന്ന് വീട്ടിലേക്കുള്ള ഒരു മടക്ക യാത്ര. കുറെ നാളുകള്‍ക്ക് ശേഷം മടങ്ങി വരുന്നത് കൊണ്ട് മനസ്സ് വീട്ടില്‍ തന്നെ. ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് അര്‍ത്ഥരാത്രിയുള്ള ട്രെയിനാണ് ടിക്കെറ്റ്‌. ചെന്നൈ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. യാത്രകളാണ് മനസ്സില്‍ ചിന്തകള്‍ നിറക്കുന്ന ഒരുപകരണം. പല യാത്രകളും മനസ്സിനെ ചിന്തകളുടെ ഒരു യുദ്ധക്കളമാക്കി മാറ്റാറുമുണ്ട്. ചെന്നൈയിലെ അഴുക്ക് നിറഞ്ഞ ചേരികള്‍ക്കിടയിലൂടെയുള്ള ട്രെയിന്‍ യാത്രകളും, അവിടങ്ങളിലെ പ്രാഥമീക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്ത സാഹചര്യങ്ങളും, തൊട്ടുമാറിയുള്ള കൂറ്റന്‍ കെട്ടിടങ്ങളും എല്ലാം കണ്ടുകൊണ്ട് എങ്ങനെ നമ്മുടെ രാജ്യം ഒരു വികസിത രാജ്യമായി മാറും എന്ന ചിന്തയിലായിരുന്നു മനസ്സ്. 

ഭക്ഷണ ശേഷം തിരിച്ചു സ്റ്റേഷനിലേക്കുള്ള യാത്ര. ചിന്തയുടെ കാലുഷ്യം മനസ്സില്‍ നിന്ന് പടിയിറങ്ങിയിട്ടുണ്ടായിരുന്നില്ല. സ്റ്റേഷനു അടുത്തുള്ള തെരുവോരങ്ങള്‍, ഫുട് പാത്തുകള്‍. അവിടെ ആയിരങ്ങള്‍ അന്തിയുറങ്ങുന്നു. അവരില്‍ പത്തിരുപതു വയസ്സ് മുതല്‍ ഏതാണ്ട് എണ്‍പത് വയസ്സ് പ്രായമായ  സ്ത്രീകളെയും പുരുഷന്മാരെയും വരെ കാണാം. ദുര്‍ഗന്ധം വമിക്കുന്ന ആ തെരുവോരങ്ങളില്‍ അര്‍ത്ഥരാത്രി പോലും സ്റ്റേഷനില്‍ നിന്നും, തെരുവ് വിളക്കുകളില്‍ നിന്നും നല്ല വെളിച്ചം വീഴുന്നുണ്ട്. നമുക്കൊന്നും സഹിക്കാനാവാത്ത കൊതുക് ശല്യവും. സാമ്പത്തീക ചിന്തകളില്‍ മുഴുകിയിരുന്ന മനസ്സ് സാവധാനം ഭൂമിയിലേക്കിറങ്ങി വന്നു. എന്തു കൊണ്ടോ ഈ കാഴ്ചകള്‍ എന്‍റെ മനസ്സിനെ മറ്റൊരു ദിശയിലേക്ക് മാറ്റി. "നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍". ഞാന്‍ എന്‍റെ സുഹൃത്തിനോടായി പറഞ്ഞു. "നമുക്കായി കാത്തിരിക്കാന്‍ ആരെങ്കിലുമുണ്ടല്ലോ". അവന്‍റെ ഈ മറുപടി അവനും സാഹചര്യങ്ങളെ സൂക്ഷ്മം വിലയിരുത്തുന്നു എന്ന് എന്നെ മനസ്സിലാക്കിച്ചു. 

ട്രെയിന്‍ വരാന്‍ സമയമുള്ളതിനാല്‍ ഞങ്ങള്‍ അടുത്ത് തന്നെയുള്ള മൂര്‍ മാര്‍ക്കറ്റിലേക്ക് പോയി. അവിടെ ഉടുത്തൊരുങ്ങി തങ്ങളുടെ അന്നത്തെ നാധനെയും കാത്തു നില്‍ക്കുന്നവര്‍‍. വയറിലെ വിശപ്പടക്കാന്‍, അല്ലെങ്കില്‍ ആശ്രയിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശരീരങ്ങള്‍ അവിടെ വില്‍ക്കപ്പെടുന്നു. ജീവിതത്തിന്‍റെ പ്രാരാബ്ദങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാതെ പോയ ഓരോ കഥകളും മനുഷ്യ രൂപം പൂണ്ടു നില്‍ക്കുന്നു. തിരിച്ചു നടക്കുമ്പോള്‍ മനസ്സ് കലുഷിതമായിരുന്നു. പകല്‍ പ്രകാശമാനമാവുന്ന നഗരത്തിന്‍റെ ഇരുണ്ട മുഖമാണ് രാത്രി കാണാനാവുക.

കുറച്ചു മാറിയുള്ള കൂറ്റന്‍ ബംഗ്ലാവുകള്‍ അവരെ കളിയാക്കുന്നതായി തോന്നി. അതിനുള്ളില്‍ അന്തിയുറങ്ങുന്നതും മനുഷ്യര്‍, തെരുവുകളില്‍ അന്തിയുറങ്ങുന്നതും അവര്‍ തന്നെ‍. സാമ്പത്തികമായ ഇത്തരം ചേരി തിരിവ് ബലപ്പെടുന്നത് സമൂഹത്തിനു ആപത്താണ്. എല്ലാവരും വരുന്നതും പോകുന്നതും ഒരു പോലെ. എന്നാല്‍ കാലമോ, ഭാഗ്യമോ, ജീവിത വീക്ഷണങ്ങളോ എന്തോ നമ്മുടെ സമൂഹത്തെ വേര്‍തിരിക്കുന്നു. അഴിമതി, സമൂഹത്തിന്‍റെ അപചയം തുടങ്ങി നൂറായിരം കാരണങ്ങള്‍ ഇതിനായി പറയാമെങ്കിലും, കാരണങ്ങളല്ല എന്തെങ്കിലും പരിഹാരമുണ്ടോ എന്നതാണ് പ്രധാനം. മരണ ശേഷം ഒരു പക്ഷെ നമ്മെ ഏറ്റവും അസ്വസ്ഥമാക്കുന്ന അവിടുത്തെ ചോദ്യങ്ങളിലോന്നു നീ ഇവര്‍ക്കായി എന്ത് ചെയ്തു എന്നതാവും?

നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന താലന്തുകളില്‍ ഒരംശം നമ്മുടെ സമൂഹത്തിനും അവകാശപ്പെട്ടതല്ലേ. നമുക്കായി കാത്തിരിക്കാന്‍ ആരെങ്കിലുമുണ്ടായത് ഒരിക്കലും നമ്മുടെ മിടുക്കല്ല. മനുഷ്യര്‍ വരുന്നു, പോകുന്നു, സമൂഹത്തിനായി എന്തെങ്കിലും നന്മ ചെയ്യുന്നവര്‍ മാത്രം പില്‍ക്കാലത്ത് സ്മരിക്കപ്പെടുന്നു. നാട്ടിലേക്കുള്ള ട്രെയിന്‍ അഞ്ചാം പ്ലാട്ഫോമില്‍ സ്ഥാനം പിടിച്ചിരുന്നു. "ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത്" വചനം വെറുതെ മനസ്സില്‍ മുഴങ്ങി. ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. തെരുവുകളില്‍ അപ്പോഴും നല്ല ഒരു നാളെ സ്വപ്നം കാണുന്നവര്‍ ഉണ്ടായിരുന്നു. "നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍" എന്ന് മനസ്സില്‍ മന്ത്രിക്കുന്ന ഒരു കൊച്ചു കൂട്ടം ട്രെയിനിനുള്ളിലും.

 

5 comments:

  1. ജീവിത യാത്രയിലെ നഗ്ന സത്യം ആണ് ഇത് നമ്മള്‍ പലവുരു കാണുന്നു ഈ സത്യത്തെ

    ReplyDelete
  2. Nannayi ezhuthan ariyam alle! Super aayittund

    ReplyDelete
  3. തന്റെ സഹജീവികളെ കുറിച്ച് അനുതാപതോടെ ചിന്തിക്കുന്നത് പോലും പുണ്യമാണ്. പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും വികസനങ്ങളും സമൂഹത്തിലെ ഈ ഉയര്‍ന്ന വിഭാഗത്തെ മുന്നില്‍ കണ്ടു കൊണ്ടാണ് എന്നും നാം തിരിച്ചറിയണം

    ReplyDelete
  4. താങ്കള്‍ എഴുതിയിരിക്കുന്നത് സത്യമാണ്. ചെന്നൈയില്‍ ഉണ്ടായിരുന്നപ്പോള്‍ എനിക്കും തോന്നിയതിരുന്നു ഇതൊക്കെ. പാവങ്ങളെ പണക്കാരന്‍ ചൂഷണം ചെയ്യും അവസാനം പാവങ്ങള്‍ തെരുവിലും പണക്കാരന്‍ മാളികയിലും. ഭൂമിയിലേക്ക് നാം വരുന്നത് വെറും കയ്യോടെ ആണ്, പോകുന്നതും അങ്ങനെ തന്നെ. അതിന്‍റെ ഇടക്ക് നമ്മുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് കൂടെ പ്രയോജനപ്പെടുന്ന രീതിയില്‍ ജീവിക്കേണ്ടി ഇരിക്കുന്നു

    ReplyDelete
  5. ഓരോ യാത്രയിലും നമ്മളൊക്കെ കാണുന്ന ഈ കാഴ്ചയെ താങ്കള്‍ ഹൃദയ സ്പര്‍ശിയായി എഴുതിയിരിക്കുന്നു.

    ReplyDelete