Raise our Conscience against the Killing of RTI Activists
Monday, June 6, 2011

പുകവലിച്ചോളൂ പക്ഷേ.....

പതിവ് പോലെ ഈ വര്‍ഷവും മെയ്‌ 31ആം തിയതി ലോക പുകയില വിരുദ്ധ ദിനം കടന്നുപോയി. നമ്മളില്‍ പലരുടെയും ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ പുകയില, മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെ പറ്റി ചിന്തിക്കുവാനും, മറ്റുള്ളവരെ ബോധവല്‍ക്കരിക്കുവാനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഈ ദിവസം ഉപയോഗിക്കുന്നത്. അല്‍പ സമയത്തെ ലഹരിക്ക് വേണ്ടി നമ്മള്‍ ബലി കൊടുക്കുന്നത് നമ്മുടെ തന്നെ ആരോഗ്യമാണ്. ഒരല്‍പം വീണ്ടു വിചാരം ചിലപ്പോള്‍ ജീവിതത്തെ തന്നെ മാറ്റിയേക്കാം. സിഗററ്റായും, പാന്‍ ആയും പുകയില യഥേഷ്ടം ലഭിക്കുന്നു.

ലോകത്ത് പുകയില ഉപയോഗം മൂലം ഉദ്ദേശം 54 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നതായി WHO കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രധാന അസുഖമാണ് ക്യാന്‍സര്‍. ശ്വാസകോശ ക്യാന്‍സര്‍, വായിലും തൊണ്ടയിലുമുണ്ടാകുന്ന ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍, കരള്‍ ക്യാന്‍സര്‍ തുടങ്ങിയവയ്ക്കൊക്കെ ഇതുമൂലം സാധ്യതയുണ്ട്. ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക് എന്നിവ വേറെയും. പുരുഷന്മാരില്‍ പ്രത്യുല്പാദന ശേഷി ഇത് കുറയ്‌ക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.

പുകയില മൂലം ഏറ്റവുമധികം ആളുകളില്‍ കാണപ്പെടുന്ന അസുഖം ക്യാന്‍സറാണ്. ക്യാന്‍സറിനു കാരണമാകുന്ന ഉദ്ദേശം 19ഓളം കാര്‍സിനോജെനുകള്‍ സിഗരറ്റ് പുകയില്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ പ്രധാനം polynuclear aromatic hydrocarbons, acrolein, nitrosamines എന്നിവയാണ്. ഇപ്രകാരമുള്ള കാര്‍സിനോജെനുകള്‍ സെല്ലുകളിലെ DNAയുമായി കൂടി ചേരുകയും ജെനിടിക് മ്യൂട്ടേഷന്‍ നടത്തുകയും ചെയ്യും. വളരെ ചെറിയ അളവില്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന lead-210ഉം, polonium-210ഉം റേഡിയോ ആക്ടിവ് കാര്‍സിനോജെനുകള്ലായി പ്രവര്‍ത്തിക്കുന്നു. 

ഓരോ സെല്ലിന്‍റെയും DNAയിലാണ് ആ സെല്ലിന്‍റെ പ്രവര്‍ത്തനം കോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവ അടിസ്ഥാനപരമായി protein molecules ആണ്. DNAയിലെ protein ആവരണത്തിന്‍റെ കുറവ് മൂലമോ, വരുന്ന കാര്‍സിനോജെനുകളുടെ അളവിലെ ആധിക്യമോ മൂലം, ഇവ DNAയിലേക്ക് അറ്റാച്ച് ചെയ്യപ്പെടുന്നു. അടിസ്ഥാനപരമായി alkaline സ്വഭാവമുള്ള കാര്‍സിനോജെനുകളും protein മോളിക്യൂളുകളും തമ്മില്‍ നടക്കുന്ന ഒരു കെമിക്കല്‍ റിയാക്ഷന്‍ ആണത്. ഓരോ സെല്ലും വിഭജിക്കേണ്ടതിന്‍റെ റേറ്റ് സൂക്ഷിച്ചു വച്ചിരിക്കുന്നത് DNAയിലാണ്. എന്നാല്‍ കാര്‍സിനോജെനുകളുമായുള്ള റിയാക്ഷന്‍ മൂലം ഒന്നുകില്‍ DNA നശിച്ചു പോവുകയോ, അല്ലെങ്കില്‍ അതിന്‍റെ ജെനിടിക് കോഡ് തെറ്റി പോവുകയോ ചെയ്യും. ഇങ്ങനെ ജെനെടിക് കോഡ് തെറ്റി പോവുന്ന DNAകള്‍ ഉള്ള സെല്ലുകളാണ് ക്യാന്‍സര്‍ സെല്ലുകള്‍. ക്യാന്‍സര്‍ സെല്ലുകളില്‍ വിഭജനത്തിന്‍റെ അളവും തെറ്റുന്നു. തന്മൂലം അവ അതിവേഗം വിഭജനത്തിനു വിധേയമാകാന്‍ തുടങ്ങും. പുതുതായി ഉണ്ടാകുന്ന സെല്ലുകള്‍ പഴയതിന്‍റെ തനിയാവര്‍ത്തനമാകയാല്‍  അവയും അതിവേഗം വിഭജിക്കുന്നു. അങ്ങനെ മൊത്തത്തില്‍ സെല്ലുകളുടെ വിഭജനത്തിന്‍റെ തോത് പതിന്മടങ്ങായി മാറും. ഇവ സമീപത്തുള്ള ആരോഗ്യമുള്ള സെല്ലുകളുടെ ഊര്‍ജം കൂടി തങ്ങളുടെ വളര്‍ച്ചക്കായി ഉപയോഗിക്കുന്നതിനാല്‍ അവ സാവധാനം നശിക്കുകയും ഒരു ക്യാന്‍സര്‍ ആയി രൂപപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ജനിതകമാറ്റം സംഭിവിച്ച വ്യക്തികളുടെ വരും തലമുറയിലും ക്യാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ളതായി വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പുകയിലയോട് ആസക്തിയുണ്ടാക്കുന്ന പ്രധാന ഘടകമാണ് nicotine. nicotine അടിസ്ഥാനപരമായി adrinalin എന്ന ഹോര്‍മോണിനെ കൂടുതലായി പുറപ്പെടുവിക്കുകയും, തന്മൂലം ബ്ലഡ്‌ പ്രഷര്‍, ഹ്രദയമിടിപ്പ് എന്നിവ ഉയരുകയും ചെയ്യും. അതിനാല്‍ തന്നെ ഇവയുടെ നിരന്തര ഉപയോഗം ഹൃദ്രോഗം, സ്ട്രോക്ക്, ലൈംഗീക ശേഷി കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. 

നാം ഓരോ പുക ശ്വാസകോശത്തിലേയ്ക്ക് എടുക്കുമ്പോഴും ഈ 19 കാര്‍സിനോജെനുകളും നികോടിനും രക്തത്തില്‍ കലരുന്നു. രക്തം ഇവയെ ശരീരമാസകലം എത്തിക്കുന്നു. protein ആവരണത്തില്‍ കുറവുള്ള ഏതെങ്കിലും ഒരൊറ്റ സെല്‍ മതി നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുവാന്‍. ഒരൊറ്റ നല്ല ഗുണം പോലും പുകയില പ്രദാനം ചെയ്യുന്നില്ല. പുകവലിക്കാരുടെ അടുത്ത് നിന്ന് കിട്ടുന്ന passive smokingഉം ഒരു പോലെ അപകടകാരിയാണ്. നമുക്ക് വേണ്ടിയാണ് നമ്മുടെ അവയവങ്ങളും പ്രവര്‍ത്തിക്കുന്നത്. ഒരു നിമിഷത്തെ ലഹരിക്ക് വേണ്ടി മാത്രമാണ് നാം ഇവയെ നശിപ്പിക്കുന്നത്. ക്യാന്‍സര്‍ തീര്‍ച്ചയായും വേദനയുടെയും രോദനങ്ങളുടെയും അസുഖമാണ്. പുകവലിക്കുന്നതിനു മുമ്പ് ഒരു നിമിഷം നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത് രാസപരിണാമങ്ങള്‍ ഓര്‍ത്തു നോക്കുക. ഇപ്പോള്‍ നമുക്ക് ഒരു തീരുമാനമെടുക്കാനുള്ള അവസരമുണ്ട്. ഭാവിയില്‍ ചിലപ്പോള്‍ അത് ലഭിച്ചെന്നു വരില്ല, ഒരിക്കലും.

2 comments:

  1. നല്ല പോസ്റ്റ്.. നല്ല മെസ്സേജ്

    ReplyDelete
  2. എനിക്കിഷ്ടപ്പെട്ടു....
    പൊതുസ്ഥലങ്ങളില്‍ വലിച്ച്‌ ബാക്കിയുള്ള പാവങ്ങള്‍ക്ക്‌ പണി തരുന്ന കാലന്‍മാരേ,നിങ്ങള്‍ നമ്മളെല്ലാവരുടെയും കുഴി തോണ്ടിക്കൊണ്ടിരിക്കുവാ !!

    ReplyDelete