Raise our Conscience against the Killing of RTI Activists
Friday, June 17, 2011

തിരഞ്ഞെടുപ്പ്‌ അമളികള്‍

മദ്ധ്യ കേരളത്തിലെ ഒരു തിരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു സംഭവം. സ്ഥലത്തിന്‍റെ തിലകക്കുറിയായ രാഷ്ട്രീയ നേതാവിന്‍റെ മകനാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. പൊതുവില്‍ രാഷ്ട്രീയനേതാക്കളെല്ലാം ആശ്രിതവല്‍സലരും, പുത്രസ്നേഹം നിറഞ്ഞു തുളുമ്പുന്നവരും ആണല്ലോ. അതിനാല്‍ തന്നെ സ്വന്തം മകന്‍റെ ജയത്തിനായി ആഹോരാത്രമാണ് പിതാവ് പണിയെടുത്തിരുന്നത്. മകന്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ പിന്നെ അവനു നിലനില്‍പ്പ് ബുദ്ധിമുട്ടാണെന്നും തന്ത്രശാലിയായ പിതാവിനറിയാം.

തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്കുള്ള ഇരട്ടപ്പേരാണ് വോട്ട്. ഓരോ വ്യക്തിയെയും ഓരോ വോട്ടായാണ് ആ കാലത്ത് നേതാക്കള്‍ കാണുന്നത്. ബിസ്സിനെസ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത് പോലെ ചുരുങ്ങിയ പരിശ്രമത്തില്‍ പരമാവധി വോട്ട് പിടിക്കാനാണ് നേതാക്കള്‍ക്കും താല്‍പ്പര്യം. ആയതിനാല്‍ തന്നെ, വിവാഹ, മരണ, പൊതു ചടങ്ങുകളില്‍ ഇവര്‍ നിറ സാന്നിധ്യമായിരിക്കും. 

പ്രചാരണം മൂര്‍ച്ചിച്ചിരിക്കുന്ന സമയം. നേതാവ് യാത്രയിലാണ്. നോക്കിയപ്പോഴാണ് വഴിയിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഒരാള്‍ക്കൂട്ടം. മരണ ചടങ്ങുകളാണെന്നു നേതാവ് മനസ്സിലാക്കി. വേഗം ഡ്രൈവറെ, ആരാണ് മരിച്ചതെന്ന് മനസ്സിലാക്കുവാന്‍ പള്ളിയിലേക്ക് പറഞ്ഞയച്ചു. അതനുസരിച്ച് വേണം നേതാവിന് ആള്‍ക്കൂട്ടത്തില്‍ പോയി സങ്കടപ്പെടുവാന്‍. ഒരു കൂലിപ്പണിക്കാരന്‍റെ മരണത്തില്‍ കരയുന്നത് പോലെ ആവില്ല ഒരു കോടീശ്വരന്‍റെ മരണത്തില്‍ പൊട്ടിക്കരയുക. ഡ്രൈവര്‍ വിവരങ്ങളന്വേഷിച്ചു അതിവേഗം മടങ്ങി വന്നു. " സര്‍, മരിച്ചത് ഒരു പട്ടാളക്കാരനാണ്."

ഇതു തന്നെ പറ്റിയ അവസരം. നേതാവ് ദേശസ്നേഹം തുളുമ്പുന്ന കണ്ണുനീരുമായി പള്ളിയിലേക്ക് കയറി. കൂടെ കാറിന്‍റെ ഡിക്കിയില്‍ സ്ഥിരമായി സ്റ്റോക്ക്‌ ചെയ്തിട്ടുള്ള റീത്തും ഒരെണ്ണം കയ്യില്‍ എടുത്തു. റീത്ത് വച്ച ശേഷം, കണ്ണൊക്കെ കലക്കി പരേതന്‍റെ അമ്മയോട്, ഒരു പട്ടാളക്കാരന്‍റെ അമ്മയായതില്‍ അഭിമാനിക്കൂ എന്നറിയിച്ചു. കണ്ണീര്‍ക്കയത്തില്‍ മുങ്ങി നിന്ന അമ്മ ഇത് കേട്ട് ഞെട്ടി. ഇത് പോലെ തന്നെ അച്ഛനോടും നിങ്ങള്‍ രാജ്യത്തിന്‍റെ സ്വത്താണെന്നൊക്കെ അറിയിച്ചു. ഇത് കേട്ട് സ്ഥലത്ത് കൂടി നിന്ന ആളുകള്‍ക്കും ഒരു സംശയം, തങ്ങള്‍ വന്ന ശവ സംസ്കാര ശുശ്രൂഷ മാറിപ്പോയോ എന്ന്. പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ നേതാവിന്‍റെ ചെവിയില്‍ ഒരനുയായി സാവധാനം വന്നു മരിച്ചത് അവിടെയുള്ള ഒരു റബ്ബര്‍ വെട്ടുകാരനെന്നു ബോധിപ്പിച്ചു. നേതാവ് വളരെ വേഗം അവിടെയുള്ളവര്‍ക്ക് കൈ ഒക്കെ കൊടുത്തു സ്ഥലം കാലിയാക്കി.

തിരിച്ചു കാറിലെത്തിയ നേതാവ് ഡ്രൈവറെ പൊരിച്ചടുക്കി. ശകാര വര്‍ഷത്തിനിടയിലാണ് നേതാവിന് കാര്യം പിടി കിട്ടിയത്. ഡ്രൈവര്‍ അന്വേഷിക്കാനായി മുകളില്‍ എത്തിയപ്പോള്‍ അച്ഛന്‍ പ്രസംഗിക്കുകയായിരുന്നു. അതിനാല്‍ തന്നെ പള്ളിയില്‍ കയറാതെ ഡ്രൈവര്‍ പ്രസംഗം ശ്രിദ്ധിച്ചു. "അവന്‍ നല്ലവണ്ണം യുദ്ധം ചെയ്തു. അവന്‍ അവന്‍റെ ഓട്ടം പൂര്‍ത്തിയാക്കി", എന്ന വാക്യങ്ങള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ഡ്രൈവര്‍ തിരിച്ചെത്തുകയായിരുന്നു. എന്തായാലും ആ കാര്‍ അന്ന്, പിന്നീട് ലക്ഷ്യ സ്ഥാനത്ത് മാത്രമേ നിര്‍ത്തിയുള്ളു. കാര്യം എന്തൊക്കെയായാലും നേതാവിന്‍റെ മകന്‍ തിരഞ്ഞെടുപ്പില്‍ വിജയം വരിച്ചു എന്നത് വേറെ കാര്യം.

2 comments: