Raise our Conscience against the Killing of RTI Activists




Saturday, June 11, 2011

ശങ്കരനും മോഹനും- ഒരു സിനിമാനുഭവം


 ആര്‍ട്ട് ഫിലിമുകള്‍ പലപ്പോഴും ജീവിതത്തിന്‍റെ പച്ചയായ വശമാണ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാറ്. വികാരപരമായ രംഗങ്ങളും, അര്‍ത്ഥവത്തായ സംഭാഷണങ്ങളും അടങ്ങിയിട്ടുള്ള ഇത്തരം സിനിമകള്‍, ചിലപ്പോഴെങ്കിലും സിനിമയോട് വികാരപരമായ ഒരടുപ്പം സമ്മാനിക്കാറുമുണ്ട്. മനോഹര സിനിമകളായ പൊന്തന്മാട, കഥാവശേഷന്‍ തുടങ്ങിയവ നമുക്ക് സമ്മാനിച്ച ടി.വി. ചന്ദ്രന്‍റെ ആദ്യ കമേഴ്സിയല്‍ സിനിമയെന്നു വിശേഷിക്കപ്പെട്ട ശങ്കരനും മോഹനനും കുറച്ചൊന്നുമല്ല പ്രതീക്ഷ നല്‍കിയത്. വ്യത്യസ്തമായ കഥാവതരണവും, സംഭാഷണങ്ങളും പ്രതീക്ഷിച്ചിരുന്നു. 

മരണശേഷവും മോഹനനെ വിടാതെ പിന്തുടരുന്ന, ജ്യേഷ്ഠനായ ശങ്കരന്‍റെ, സൈക്കിക്‌ ഹാലുസിനേഷന്‍ എന്നൊക്കെ വിളിക്കാവുന്ന വ്യക്തിതവും മോഹനനും തമ്മിലുള്ള ആശയവിനിമയമാണ് കഥാതന്തു. ആയുഷ്കാലം എന്ന മുന്‍കാല മലയാള സിനിമ ഈ വിഷയം മാന്യമായി കൈകാര്യം ചെയ്തതുമാണ്. മരണശേഷം ശങ്കരന്‍റെ ആഗ്രഹാഭിലാഷത്തിനായി ,ഫാഷന്‍ ഫോട്ടോഗ്രാഫറായ മോഹനന്‍ പ്രവര്‍ത്തിക്കുന്നതാണ് കഥ. ശങ്കരന്‍റെ പെയര്‍ ആയി മീര നന്ദനും, മോഹനന്‍റെ പെയര്‍ ആയി റിമ കല്ലിംഗലും എത്തുന്നു. 

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ, സാങ്കേതിക വിഭാഗത്തില്‍, സംവിധാനത്തെയും തിരക്കഥയേയും ഒരു സിനിമയുടെ തലച്ചോറും, ഹൃദയവുമായി കരുതാം. രണ്ടും നന്നായാല്‍ മാത്രമേ അടിസ്ഥാനപരമായി മറ്റു വിഭാഗങ്ങളിലേക്ക് പ്രേക്ഷക ശ്രിദ്ധ തിരിയു. ഏതൊരു സിനിമയെയും ഒരു ശരാശരി നിലവാരത്തിലെത്തിക്കാന്‍ ഇത് രണ്ടും നന്നായാല്‍ മാത്രം മതി. ഈ സിനിമയുടെ കാര്യത്തില്‍ ഇതിന്‍റെ ഏറ്റവും വലിയ പരാജയമായി തോന്നിയതും ടി.വി. ചന്ദ്രന്‍റെ തിരക്കഥ തന്നെ. കഥാഗതി ആത്യന്തികമായി നിശ്ചയിക്കുന്നതും തിരക്കഥ തന്നെയാണല്ലോ. ഓരോ സീനുകളിലും വ്യതസ്ഥമായി എന്തെങ്കിലും തിരക്കഥാകൃത്ത് ഒരുക്കിയിരിക്കണം. എന്നാല്‍ ഇതില്‍, സിനിമ തുടങ്ങി ഒരു പത്തു മിനിറ്റ് മുതല്‍ തീരുന്നത് വരെ ഓരോരോ വേഷങ്ങളില്‍ മരിച്ചു പോയ ശങ്കരേട്ടനെ കാണുന്നതും, ശങ്കരേട്ടന്‍ പല ഭാവങ്ങളില്‍ മോഹനാ എന്ന് വിളിക്കുന്നതും, തിരിച്ചു മോഹനന്‍ ശങ്കരേട്ടാ എന്ന് വിളിക്കുന്നതും മാത്രം. ഇത് മൊത്തത്തില്‍ വളരെ വലിച്ചില്‍ ഉണ്ടാക്കി. സിനിമയില്‍ പ്രധാന കഥാ തന്തുവുമായി ഒരു ബന്ധവുമില്ലാതെ ദ്വീപുകളായി നിലകൊള്ളുന്ന കഥാപാത്രങ്ങളും സംഭവങ്ങളും നിരവധി.  

ഇത്തരം ഒരു തിരക്കഥ ഒരു സംവിധായകനും നന്നായി സിനിമയാക്കാന്‍ സാധിക്കില്ല. എന്നാലും, ടി.വി. ചന്ദ്രന്‍ തന്‍റെ തനത് ശൈലിയായ ഒരു ബുദ്ധിജീവി ടച്ച്‌ ഇതിനു നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിലെ കോമെടികള്‍ പാളിപ്പോവുകയും ചെയ്തു. നൈജീരിയായില്‍ വച്ച് മരണമടഞ്ഞ തന്‍റെ തന്നെ സഹോദരന്‍റെ ഓര്‍മ്മകള്‍ തന്നെ വേട്ടയാടുന്നത് പ്രേക്ഷകരിലേക്ക് അല്പമെങ്കിലും എത്തിക്കാന്‍ സംവിധായകനായില്ല. പടത്തില്‍ ഒരു ആര്‍ട്ട് ഫിലിം ടച്ച്‌ നമുക്ക് നന്നായി ഫീല്‍ ചെയ്യും.


 
മോഹനനായി നല്ല പ്രകടനം കാഴ്ച വച്ച ജയസൂര്യ ശങ്കരേട്ടനായി ശരാശരി നിലവാരത്തില്‍ ഒതുങ്ങി. തിരക്കഥാ പ്രശ്നം മൂലം അദ്ദേഹത്തിന്‍റെ 20 വേഷപ്പകര്‍ച്ചകള്‍ കനത്ത വിരസതയാണുണ്ടാക്കിയത്. മോഹനന്‍റെ ഭാര്യയായ റീമ കല്ലിംഗല്‍ കഥയെ ഒരു വിധത്തിലും സ്വാധീനിക്കാത്ത ഒരു കഥാപാത്രം അവതരിപ്പിക്കുന്നു. മീര നന്ദന് പ്രധാനമായി സിനിമയില്‍ അവതരിപ്പിക്കാനുള്ളത് കരയുക എന്ന കൃത്യം മാത്രമായിരുന്നു. മോഹന്‍റെ സുഹൃത്തായ സുരാജിന്‍റെ കോമെഡികള്‍ വെറും പരിശ്രമത്തില്‍ ഒതുങ്ങിപ്പോവുകയും ചെയ്തു. കല്‍പ്പന, ജഗതി തുടങ്ങി കഥയെ ഒരു വിധത്തിലും സ്വാധീനിക്കാത്ത കഥാപാത്രങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്.

 
സിനിമയില്‍ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ഒരുക്കിയ ഐസക് തോമസിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സംവിധായകന്‍റെ ബുദ്ധിജീവി ടച്ച്‌ മൂലം മിക്കവാറും രംഗങ്ങളില്‍ സ്കോര്‍ ഉണ്ടായിരുന്നില്ല. പ്രേക്ഷകന്‍റെ വികാരങ്ങളെ  അവനറിയാതെ തന്നെ സിനിമയുടെ കൂടെ സഞ്ചരിക്കാന്‍ നല്ല സ്കോറിനാവുമെന്നു സംവിധായകന് അറിയാതിരിക്കാന്‍ വഴിയില്ല. പ്രദീപ്‌ നായരുടെ ക്യാമറ വര്‍ക്ക്‌ നിലവാരം പുലര്‍ത്തി. അത് പക്ഷെ മനോഹര പ്രകൃതി രംഗങ്ങള്‍ കാണിച്ചതുകൊണ്ടല്ല. മറിച്ചു, അന്തരിച്ച ഒരാളുമായി സംസാരിക്കുമ്പോഴുണ്ടാകുന്ന പരിഭ്രമവും, അംഗ ചലനങ്ങളും മനോഹരമായി പകര്‍ത്തിയെടുക്കുകയും, നിഗൂഢത ആവശ്യമായ രംഗങ്ങളില്‍ അതിനു യോജിച്ച ലൈറ്റിങ്ങ് പാറ്റേണ്‍ നല്‍കുകയും ചെയ്തതുകൊണ്ടാണ്. കലാസംവിധായകന്‍ ഉണ്ണിക്ക് കാര്യമായെന്തെങ്കിലും ചെയ്യാന്‍ സാധിച്ചെന്നു തോന്നിയില്ല. 20 വേഷങ്ങളില്‍ ജയസൂര്യയെ ഒരുക്കിയ പട്ടണം റഷീദ്‌ ബുദ്ധിമുട്ടേറിയ ഒരു കര്‍ത്തവ്യമാണ് ചെയ്തത്. മോഹനന്‍റെ വസ്ത്രാലങ്കാരം മികച്ചു നിന്നപ്പോള്‍ ശങ്കരേട്ടന്‍റെതില്‍ ഒരു ഏച്ചുകെട്ട് പ്രകടമായിരുന്നു. എഡിറ്റിങ്ങും ശരാശരി നിലവാരത്തിലേക്കൊതുങ്ങി. 

അയഥാര്‍ത്ഥമായത് ഉണ്ടെന്നു തോന്നുന്ന സൈക്കിക്‌ ഹാലുസിനേഷന്‍ എന്ന മനോഹരമായ ത്രെഡ് ആണ് ടി.വി.ചന്ദ്രന്‍ പാഴാക്കി കളഞ്ഞത്. ആവശ്യമില്ലാത്ത കഥാപാത്രങ്ങളും, രംഗങ്ങളും സിനിമയുടെ വല്ലാതെയുള്ള വലിച്ചിലും നിമിത്തം ധാരാളം പ്രേക്ഷകര്‍ ഇടക്കുവച്ചും ഇടവേളയിലും ഇറങ്ങിപ്പോവുകയുണ്ടായി. ശേഷിക്കുന്ന ധാരാളം പേര്‍ സിനിമയില്‍ ശ്രിദ്ധിക്കാതെ സംസാരിച്ചിരിക്കുന്നതും കാണാമായിരുന്നു. ഈ സിനിമ സംരംഭത്തിന്, ഒരു പ്രേക്ഷകനെ പോലും വികാരപരമായി സ്പര്‍ശിക്കാനോ, നല്ല ഒരു സന്ദേശം നല്‍കാനോ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ സിനിമയില്‍ നിന്ന് അടിസ്ഥാനപരമായി ഒരു പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് നല്‍കാന്‍ ഇതിനു കഴിഞ്ഞിട്ടില്ല. കഥാന്ത്യത്തില്‍ സംവിധായകന്‍ "നമുക്കിടയിലൂടെ ഒരു മരണം കടന്നു പോയോ?" എന്ന് ചോദിക്കുമ്പോള്‍, ഞാനുള്‍പ്പെടെ പത്തന്‍പത് പേരുടെ ഉള്ളിലെ സിനിമാപ്രേക്ഷകനാണ് മരണമടഞ്ഞു കഴിഞ്ഞിരുന്നത്.

7 comments:

  1. ഹ് മം!!
    കൊള്ളാം ഈ റിവ്യൂ, സില്‍മ യൂട്യൂബില്‍ വന്നിട്ട് കാണാമെന്നര്‍ത്ഥം!

    ReplyDelete
  2. നിരൂപണം നന്നായിട്ടുണ്ട്. ടി.വി ചന്ദ്രന്റെ അവസാനം കണ്ട സിനിമ ഭൂമിമലയാളം ആയിരുന്നു. കാലികമായ ഒരു കഥ. ഈ സിനിമ തല്‍ക്കാലം കാണാന്‍ ഉദ്ദേശിക്കുന്നില്ല.. :(

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. malayal.amലെ റിവ്യൂ വായിച്ചതിന് പിന്നാലെ ഈ റിവ്യൂ വായിച്ചപ്പോള്‍ ഇലക്ഷന് മുന്‍പ് ആര് ജയിക്കുമെന്നുള്ള മാധ്യമങ്ങളുടെ കലപില പോലെയായി.. ആര് പറയുന്നത് വിശ്വസിക്കും :(

    ReplyDelete
  5. ടി വി ചന്ദ്രന്‍റെ ഇതിനു മുന്‍പുള്ള എല്ലാ പടങ്ങളും
    എനിക്കിഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ ഇത് വലിയ പ്രതീക്ഷയോടെ നോക്കിയിരുന്ന സിനിമയാണ്.
    പടം കണ്ടില്ല. പക്ഷെ മുന്‍പ് കണ്ട രണ്ടു റിവ്യൂ വായിച്ചപ്പോളും നല്ല സിനിമ എന്നാണു തോന്നിയത്.
    ഈ പോസ്റ്റ്‌ വായിച്ചു ആകെ കുഴങ്ങിയല്ലോ...

    ReplyDelete
  6. ട്രെയിനും പൊളി.. ഇതും പൊളി... സിനിമ ഇരങ്ങ്ങ്ങുമ്പോഴേക്കും ഓടിപ്പിടിച്ചു പോയി കണ്ട് കാശു കളയണോ ചേട്ടാ ആരോടെൻകിലും ഒന്ന് അഭിപ്രായം ചോദിച്ചൂടെ:)

    ReplyDelete
  7. പടം കണ്ട് കഴിഞ്ഞപ്പോള്‍ ഈ പോസ്റ്റ് തപ്പിയെടുത്തു :) ഹോ ഈ സിനിമ “ഒരു അനുഭവം” തന്നെയായി പോയി...

    ReplyDelete