മുന്‍കൂട്ടി നിശ്ചയിക്കാതെയുള്ള യാത്രകള്‍ ഒരു പ്രത്യേക ആനന്ദമാണ്. അതില്‍ നാം കണ്ടുമുട്ടുന്ന സ്ഥലങ്ങള്‍, പ്രകൃതി, എന്തിനു ആളുകള്‍ വരെ നമ്മെ ചിലപ്പോള്‍ ആശ്ചര്യപ്പെടുത്തും. എല്ലാ മനുഷ്യര്‍ക്കും അടിസ്ഥാനപരമായുള്ള, ഭാവിയില്‍ ഇനിയെന്ത് എന്നുള്ള ആകാംക്ഷയാണ് നമ്മെ ഇത്തരം യാത്രകളില്‍ മുന്നോട്ട് നയിക്കുന്നത്. ജീവിതത്തിലെ നാളുകള്‍ ഓര്‍മ്മപ്പുസ്തകത്തില്‍ വരുമ്പോള്‍ സുഗന്ധമുള്ള ഏതാനും താളുകള്‍ ഇവ പ്രധാനം ചെയ്യും. ഇത്തരം യാത്രകളില്‍ മുന്നൊരുക്കങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ തടസ്സങ്ങള്‍ കൂടുതലായിരിക്കുകയും ചെയ്യും.
ഒരു ശനിയാഴ്ച സായാഹ്നത്തില്‍ വളരെ യാദൃച്ഛികമായാണ് ഞാനും സുഹൃത്തും കൂടി ഒരു യാത്ര പുറപ്പെടുന്നത്. ലക്‌ഷ്യം പഠിച്ചിരുന്ന സ്കൂള്‍ പരിസരങ്ങള്‍ ഒന്ന് കൂടി കാണുക, ആ പഴയ നാട്ടു വഴികളിലൂടെ സഞ്ചരിക്കുക, ഓര്‍മ്മകളുടെ വഴിയെ ഒന്ന് തിരികെ സഞ്ചരിച്ചു നൊസ്റ്റാള്‍ജിയ എന്ന മനോഹര വികാരം ഒന്നാസ്വദിക്കുക മുതലായവയും. ഇത്തരം ഓര്‍മ്മ പുതുക്കലുകള്‍ക്ക് മനോഹരമായൊരു ഗന്ധമുണ്ട്, കഴിഞ്ഞു പോയ, തിരിച്ചുപിടിക്കാനാവാത്ത കുട്ടിക്കാലത്തിന്‍റെ ഗന്ധം. അതിനാല്‍ തന്നെ സ്കൂളില്‍ ഞങ്ങളുടെ അടുത്ത സുഹൃത്തായിരുന്ന, സ്കൂളിന്‍റെ തന്നെ അടുത്ത് താമസിക്കുന്ന മറ്റൊരു സുഹൃത്തിനെ കൂടി കൂട്ടുവാന്‍ തീരുമാനിച്ചു.
തികച്ചും അപ്രതീക്ഷിതമായി ഞങ്ങളെ കണ്ട അവന്‍ ആദ്യമൊന്നു അമ്പരന്നു പോയി. ഞങ്ങളുടെ യാത്രാ ലക്ഷ്യമറിയിച്ചപ്പോള്‍ അവനും ഞങ്ങളോടൊപ്പം ഇറങ്ങി. അവനാണ് സ്കൂളിന്‍റെ അടുത്തുതന്നെയുള്ള മലങ്കര എന്ന സ്ഥലത്തേക്ക് ആക്കാം യാത്ര എന്നറിയിച്ചത്. വളരെ പ്രശസ്തമായ, ധാരാളം ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുള്ള സ്ഥലമാണ് മലങ്കര. ഞങ്ങളുടെ യാത്രാ ലക്‌ഷ്യം മാറുവാന്‍ പിന്നെ താമസമുണ്ടായില്ല. അവന്‍റെ വീട്ടില്‍ നിന്ന് നടക്കുവാനുള്ള ദൂരമേയുള്ളൂ മലങ്കരക്ക്. അങ്ങനെ മഴക്കാലത്തെ, പെയ്യുവാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങളെ സാക്ഷിയാക്കി ഞങ്ങള്‍ യാത്ര ആരംഭിച്ചു.
ഇടുക്കിയുടെ കവാടമായ തൊടുപുഴയില്‍ നിന്ന് ഉദ്ദേശം 10 കിലോമീറ്റര്‍ അകലെയാണ് മലങ്കര. മലങ്കരയില്‍ പ്രശസ്തമായുള്ളത് ജലസേചനത്തിനുപയോഗിക്കുന്ന ഡാമും, അനുബന്ധ പ്രകൃതിഭംഗിയുമാണ്. മൂലമറ്റത്തെ വൈദ്യുതി ഉല്പാദനത്തിന് ശേഷം പുറത്തു വരുന്ന ജലമാണ് മലങ്കരയില്‍ സംഭരിക്കപ്പെടുന്നത്. മലങ്കര റബ്ബര്‍തോട്ടത്തിലൂടെയാണ് ഡാമിലെതാന്‍ സാധിക്കൂ. റബ്ബര്‍ മരങ്ങളുടെ ഇരുട്ടും, സായാഹ്നതയും, കാര്‍മേഘങ്ങളും എല്ലാം കൂടി വളരെ ഇരുണ്ട ഒരന്തിരീക്ഷമാണ് സൃഷ്ടിച്ചത്. ഒരിരുപതു മിനുറ്റത്തെ നടത്തത്തിന് ശേഷം ഞങ്ങള്‍ ഡാമില്‍ എത്തി ചേര്‍ന്നു.
ഡാമിലേക്ക് ഞങ്ങളെ എതിരേറ്റത് കനത്ത മഴയാണ്. ഡാമിന്‍റെ ഭയാനകതയോ, വലിപ്പമോ അല്ല മലങ്കരയുടെ പ്രത്യേകത, മറിച്ചു ആ കൊച്ചു ഡാം ചെറു വനവുമായി കൂടി ചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതി തന്നെയാണ്. കെട്ടി നില്‍ക്കുന്ന ജലം മറ്റെല്ലായിടങ്ങളും എന്നപോലെ ചെറു ഭീതി ഉണ്ടാക്കുന്നുമുണ്ട്. കനത്ത മഴയില്‍ ഞങ്ങള്‍ ഡാമിനുള്ളിലേക്ക് കയറി. ഇടിമിന്നല്‍ ധാരാളമായി ഉണ്ടായിരുന്നതിനാലും, സമയം നന്നേ വൈകിയിരുന്നതിനാലും ഗാര്‍ഡ് ഉള്ളിലേക്ക് പോകാന്‍ അനുവദിച്ചില്ല. പുറത്തു അല്‍പ സമയം ചിത്രങ്ങള്‍ എടുത്തും ഭംഗി ആസ്വദിച്ചും ഞങ്ങള്‍ ചിലവിട്ടു. ഡാമിന്‍റെ വശത്ത് നിന്ന് നോക്കിയാല്‍ മനോഹരമായ മല നിരകള്‍ മേഘങ്ങളാല്‍ മൂടി നില്‍ക്കുന്നത് കാണാം. തോട്ട് വശങ്ങളിലായി ചെറു പുല്‍മേടുകളുമുണ്ട്. എന്നാല്‍ അന്നത്തെ സായാഹ്നം മനോഹരമാക്കിയത് മഴ മാത്രമായിരുന്നു.
സമയം പോകുന്തോറും മഴയുടെ ശക്തി വര്‍ധിച്ചു വന്നു. ഡാമിന്‍റെ അടുത്ത് തന്നെ മണ്ണിട്ട് പുതിയ ഒരു വഴി നിര്‍മിച്ചിട്ടുണ്ട്. പ്രകൃതിയുടെ മേലുള്ള കയ്യേറ്റത്തിന്‍റെ ഒരാവിഷ്കാരം ഇവിടെയും കാണുവാന്‍ സാധിച്ചു. ആ വഴി ഡാമിന്‍റെ ഓരത്ത് കൂടിയാണ് പോകുന്നത്. ഞങ്ങളും ആ വഴിയെ നടന്നു. കുട കൊണ്ടൊന്നും തടുക്കാനാവാത്ത വിധത്തില്‍ മഴ അതിന്‍റെ ആക്രമണം വിപുലപ്പെടുത്തുകയാണ്. എന്നാലും മേല്‍ സൂചിപ്പിച്ചതുപോലെ, യാത്രകളെല്ലാം ഒരു അനുഭൂതിയാണ്, ആസ്വദിക്കാവുന്ന അനുഭൂതി.
സൂര്യന്‍ തന്‍റെ പതിവ് സഞ്ചാരം വിഘാതമില്ലാതെ തുടര്‍ന്നു. വെളിച്ചം കുറഞ്ഞു വന്നു. ഞങ്ങള്‍ക്കും തിരികെ പോകേണ്ട സമയമായി. തിരികെ ഡാമിന് അരികിലൂടെ നടക്കുമ്പോള്‍ അതിന്‍റെ മധ്യത്തില്‍, ആ കനത്ത മഴയില്‍ ഏതാനം കുട്ടികള്‍ കുളിക്കുന്നത് ആശ്ചര്യപൂര്‍വ്വം നോക്കി നിന്നു. അവര്‍ക്ക് ഏതു പുഴകളും നിസ്സാരമായിരിക്കും എന്ന് തോന്നി. ഡാമിലെ ജലം കൃഷി സ്ഥലങ്ങളിലേക്കുള്ള ഒഴുക്ക് തുടര്‍ന്നു കൊണ്ടെയിരുന്നു, എത്രയോ വര്‍ഷങ്ങളായി തുടരുന്നൊരു പ്രതിഭാസം. ആകാശം ഭൂമിയിലേക്ക് പെയ്തിറങ്ങിയ ആ ദിവസം, അവാച്യമായൊരു സംതൃപ്തിയാണ് പ്രദാനം ചെയ്തത്. പ്രകൃതിയുടെ തന്മയത്വം ദര്‍ശിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന ഒരു സംതൃപ്തി. ഞങ്ങള്‍ തിരികെ എത്തുമ്പോള്‍ റോഡുകള്‍ ആകമാനം വെള്ളക്കെട്ടുകള്‍ നിറഞ്ഞിരുന്നു. ആ മനോഹര ദിവസം അവസാനിക്കുമ്പോഴും മഴ തോര്‍ന്നിട്ടുണ്ടായില്ല. അന്നത്തെ യാത്രയിലെ വില്ലന്‍ മഴയായിരുന്നു, ഒപ്പം നായകനും.
:) യാത്രകള്‍ തുടരട്ടെ ...
ReplyDelete:)
ReplyDeleteഇവിടേം മഴയാ.. :)
ReplyDeleteമഴ യാത്രകൾ ഒരു അനുഭൂതി തന്നെയാണ്.
ReplyDeleteകൊള്ളാം നല്ല യാത്രാ വിവരണം
ReplyDeleteമഴയെ പ്രണയിച്ചൊരൂ യാത്ര.. അല്ലെ?
ReplyDelete