നിലവും വയലും പിതാവില്‍ നിന്ന് അവകാശമായി കിട്ടിയിരുന്ന മക്കള്‍ പണ്ടു കാലങ്ങളില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ ഇന്ന് സന്തോഷിക്കുക പാറയുള്ള ഭൂമി അവകാശമായി കിട്ടുന്ന മക്കളാണ്. കൂണുകള്‍ പോലെ അടുത്ത കാലത്തായി പൊങ്ങി വരുന്ന, ജന ജീവിതത്തെ താറുമാറാക്കുന്ന കരിങ്കല്‍ ക്വാറികളില്‍ നിന്ന് ലഭിക്കുന്ന വരുമാനം തന്നെ കാരണം. നെടുകെയും, ഉന്നതിയിലെക്കും വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങള്‍ക്ക്, കല്ലുകളോടും മെറ്റലുകളോടുമുള്ള താല്‍പ്പര്യവും ദിനപ്രതി ഏറി വരുന്നു. അതിനാല്‍ തന്നെ നഗരങ്ങളോട് ചേര്‍ന്നുള്ള കുന്നുംപ്രദേശങ്ങള്‍ ഇന്ന് അതിവേഗം അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു.
വളരെയധികം പാരിസ്ഥിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ഒന്നാണ് ക്വാറികള്‍. പൊടിപടലവും, കനത്ത നടുക്കവും തുടങ്ങി ഇവയുടെ സാമൂഹിക പ്രശ്നങ്ങളും വളരെ വലുതാണ്. അതിനാല്‍ തന്നെ ജനവാസം കുറഞ്ഞ, ചുറ്റും വളരെയധികം സ്ഥലം ക്വാറി ഉടമക്ക് സ്വന്തമായുള്ള സ്ഥലങ്ങളില്‍ മാത്രമേ ക്വാറികള്‍ തുടങ്ങാവൂ എന്നാണു നിയമം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നുള്ള നല്ലൊരു ശതമാനം ക്വാറികളും ജനവാസ മേഘലകളിലാണ് നിലകൊള്ളുന്നത്. സമീപവാസികളെ നിത്യരോഗികളാക്കിയും, അവരുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തിയും, ഇവ നിലകൊള്ളുന്നു. സമാധാനപരമായി ജീവിക്കാനും, ശ്വസിക്കാനുമുള്ള അവകാശത്തെ വരെ ഇവ ചോദ്യം ചെയ്യുന്നു.
ഒരു ക്വാറി തുടങ്ങുന്നതിനായുള്ള നിയമപരമായ ആവശ്യകതകള്‍ ഇവയാണ്. ദേശീയ നിയമമനുസരിച്ച് ക്വാറിയും മനുഷ്യവാസമുള്ള വീടുകളും തമ്മില്‍ 200 മീറ്ററിലധികം ദൂരം ഉണ്ടായിരിക്കണം. സമീപത്തെ ഭവനങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഇടവരുത്തുന്ന രീതിയില്‍, ഉറവകളുടെ സ്ഥാനം തെറ്റിക്കുന്ന വിധത്തില്‍ ശക്തിയുള്ള സ്ഫോടനങ്ങള്‍ നടത്തരുത്. പാറമടക്ക് ചുറ്റും 3 മീറ്ററെങ്കിലും ഉയരത്തില്‍ വേലി കെട്ടി സമീപ സ്ഥലങ്ങളെ സംരക്ഷിക്കണം. പൊതു ജനങ്ങള്‍ക്ക് സൂചന നല്‍കുന്ന വിധത്തില്‍ പ്രമുഖ സ്ഥലങ്ങളില്‍ വ്യക്തമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ക്വാറിക്ക് ചുറ്റും മരങ്ങള്‍ നട്ടു natural wall സൃഷ്ടിച്ചിരിക്കണം. പൊടിപടലങ്ങള്‍ കുറക്കുവാനാണിത്. എന്നാല്‍ ഇതില്‍ പാലിക്കപ്പെടുന്നവ തുലോം കുറവാണ്.
ഒരു ക്വാറി തുടങ്ങുന്നതിനു വേണ്ട ലൈസെന്‍സുകള്‍ ഇവയാണ്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും, ഈ ഖനനം മൂലം സമീപത്തെ ഉറവകള്‍ക്കും ഭൂമിക്കും നാശമുണ്ടാകില്ല എന്ന് ഉറപ്പാക്കിയ ശേഷം നല്‍കുന്ന ലൈസെന്‍സ്. എക്സ്പ്ലോസീവ്സ് വകുപ്പില്‍ നിന്നും സ്ഫോടക വസ്തുക്കളുടെ ഉപയോഗം പഠിച്ച ശേഷം നല്‍കുന്ന ലൈസെന്‍സ്. അടുത്തതായി വേണ്ടത് ബ്ലാസ്റ്റ്മാന്‍ ലൈസെന്‍സ് ആണ്. സ്ഫോടനങ്ങളെ സംബന്ധിച്ച ശാസ്ത്രീയ പഠനം കഴിഞ്ഞ ബ്ലാസ്റ്റ്മാന്‍റെ കീഴില്‍ മാത്രമേ പാറ പോട്ടിക്കലുകള്‍ നടത്താവൂ എന്ന് നിയമം. എല്ലാ വിധ പ്രാഥമീക ആരോഗ്യ സംവിധാനങ്ങളും ഒരുക്കിയെന്ന DMOയുടെ ലൈസെന്‍സ് ആണ് അടുത്തതായി വേണ്ടത്. മലിനീകരണം പരിധിക്കുള്ളിലെന്നു പരിശോധിച്ച് പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് നല്‍കുന്ന ലൈസെന്‍സും അത്യാവശ്യമാണ്. മേല്‍പ്പറഞ്ഞ ലൈസെന്‍സുകള്‍ എല്ലാം പരിശോധിച്ച ശേഷം പഞ്ചായത്താണ് പ്രവര്‍ത്തന ലൈസെന്‍സ് നല്‍കുന്നത്. ഭൂരിഭാഗം ക്വാറികളിലും ഇന്ന് പഞ്ചായത്ത് നല്‍കുന്ന ലൈസെന്‍സുകള്‍ മാത്രമേ നിലവിലുള്ളൂ.
ഈ ക്വാറികള്‍ നിയമത്തെ വെല്ലുവിളിച്ചു ഇങ്ങനെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഒരേയൊരു കാരണം അഴിമതിയാണ്. ഓരോ ക്വാറികളും തുടങ്ങുന്നതിനു അടിസ്ഥാനമായി വേണ്ടത് വില്ലേജ് ഓഫീസര്‍ നല്‍കുന്ന, പരിസരവാസികള്‍ ഇല്ലായെന്നും, സ്ഥലം തരിശല്ല എന്നുമുള്ള സര്‍ട്ടിഫിക്കറ്റ് ആണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, വില്ലേജ് ഓഫീസര്‍മാരുടെ പ്രധാന വരുമാന ശ്രോതസും ഇന്ന് ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ആണ്. രണ്ടോ മൂന്നോ സര്‍ട്ടിഫിക്കറ്റുകളോടെ തന്നെ ഒരു ജീവിതകാലത്തേക്കുള്ള വരുമാനം പലര്‍ക്കും ലഭിക്കുന്നുണ്ട്. നിയമങ്ങള്‍ നടപ്പാകാതെ വരുമ്പോള്‍ അവയ്ക്ക് അര്‍ത്ഥം നശിക്കുന്നു. ജനജീവിതത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഏറ്റവും വലിയ വിപത്തു ഈ അഴിമതി തന്നെ. അടുത്തിടെ ഒരു പ്രമുഖ ആഗോള ബ്രാന്‍ഡിന്‍റെ CEO, അമേരിക്കന്‍ ചാനെലായ CNNനു നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി, ലോകത്ത് മറ്റു പ്രമുഖ രാജ്യങ്ങളിലെല്ലാം, അവര്‍ക്ക് ഏറ്റവും മല്‍സരം നേരിടേണ്ടി വരുന്നത് നവീനമായ സാങ്കേതികവിദ്യകളില്‍ നിന്നും, സഹ ബ്രാന്‍ഡുകളില്‍ നിന്നുമാണെങ്കില്‍, ഇന്ത്യയില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്നത് സര്‍ക്കാരുകളുടെ അടിക്കടിയുള്ള പോളിസി മാറ്റലുകളെയും, അഴിമതിയെയുമാണ്. നമ്മുടെ രാജ്യം ലോകത്ത് ഏറ്റവും കൂടുതല്‍ നിയമങ്ങളുള്ള ഒരു രാജ്യമായി മാറുന്നുവെങ്കില്‍, അധികാരികള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ക്വാറികളില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് ഇതിലെ പ്രധാന ആകര്‍ഷക ഘടകം. കേന്ദ്ര പൊല്യൂഷന്‍ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കനുസരിച്ച്, പ്രതിവര്‍ഷം ചിലവെല്ലാം കഴിഞ്ഞു 13 ലക്ഷം രൂപയാണ് ഒരു ക്വാറി ഉടമക്ക് ലഭിക്കുക. ഔദ്യോഗീക കണക്ക് ഇതാണെങ്കില്‍, ശരിക്കും ലഭിക്കുന്നത് എത്ര ഭീമമായിരിക്കും. നമ്മുടെ ഗ്രാമത്തിലുള്ള ഒരു ക്വാറി നടത്തിപ്പുകാരന്‍ ആ സ്ഥലം ഉടമക്ക് പ്രതിമാസം വാടക ഇനത്തില്‍ കൊടുക്കുന്നത് 3.5 ലക്ഷം രൂപയാണ്. അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം ക്വാറി നടത്തിപ്പുകാരുടെ സംഘ ബലവും ശക്തിയുമെല്ലാം. എന്‍റെ ഗ്രാമത്തിലെ ഓരോ പഞ്ചായത്ത് മെമ്പര്‍ക്കും പ്രതിമാസം ആയിരക്കണക്കിന് രൂപ ക്വാറിയുടമകള്‍ നല്‍കുന്നു എന്നറിയുമ്പോള്‍ ഞെട്ടുന്നത് ഞങ്ങള്‍ നാട്ടുകാരാണ്. സര്‍ക്കാരിനും, അതു വഴി പൊതു ജനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ട തരിശു ഭൂമിയിലാണ് ക്വാറികളില്‍ ഭൂരിഭാഗം എന്ന് കൂടി മനസ്സിലാക്കുക.
എറണാകുളം ജില്ലയിലെ കിഴക്കന്‍ മലയോര മേഘലയിലാണ് എന്‍റെ ഗ്രാമം. വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാവുന്ന കല്ലൂര്‍ക്കാട് മുടി ഉള്‍പ്പെടുന്ന ഈ പഞ്ചായത്തില്‍, ജന സാന്ദ്രത വളരെയേറെ നിലനില്‍ക്കുന്ന ഈ പഞ്ചായത്തില്‍, ഇന്ന് 13 ക്വാറികളാണ് തലങ്ങും വിലങ്ങും കുന്നുകള്‍ ഇടിച്ചു നിരത്തുന്നത്. ഇതിന്‍റെ പൊടിപടലം ഞങ്ങളുടെ ഗ്രാമത്തെ മലീമസമാക്കിയിരിക്കുന്നു. സ്കൂള്‍ സമയത്തു പോലും ഇടതടവില്ലാതെ പോടിയുയര്‍ത്തി പായുന്ന ടിപ്പെറുകള്‍ ഇന്ന് ഗ്രാമത്തിന്‍റെ നിത്യ കാഴ്ച്ചയായിരിക്കുന്നു. ഗ്രാമത്തിന്‍റെ പച്ചപ്പും, സ്വച്ഛതയും സാവധാനം നഷ്ടമാകുന്നത് ഞങ്ങള്‍ തിരിച്ചറിയുന്നു. ഗ്രാമത്തിലെ മലകള്‍ വികസനത്തിന് വേണ്ടി പറിച്ചു നടപ്പെടുമ്പോള്‍ ഗ്രാമത്തിന്‍റെ ജീവതാളം തെറ്റുന്നത് വേദനയോടെ മനസ്സിലാക്കുന്നു. ഇന്ന് ഗ്രാമത്തിന്‍റെ ഉണര്‍ത്തുപാട്ടും, ജീവ ശബ്ദവും സ്ഫോടനങ്ങളത്രേ. ഒരു ജനത ഇതിനെതിരെ സംഘടിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ഗ്രാമം പുറത്തുനിന്നുള്ള രാത്രിഞ്ചരന്മാര്‍ക്ക് വിറ്റ് കാശാക്കിയ എല്ലാവര്‍ക്കുമെതിരെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്ന, എന്‍റെ ഗ്രാമത്തിലെ പാറമട വിരുദ്ധ ആക്ഷന്‍ കൌണ്‍സിലിനു എന്‍റെ അഭിവാദ്യങ്ങള്‍. സമൂഹീക പ്രശ്നങ്ങള്‍ എന്നെ ബാധിക്കില്ല എന്നാ അമൂല്‍ ബേബി സംസ്കാരത്തില്‍ വളര്‍ന്ന ഞാന്‍ ഇന്ന് കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടക്കുന്ന ജീവനത്തിന് വേണ്ടിയുള്ള സമരങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കരയുന്നവര്‍ക്ക് മാത്രം പാലുള്ള രാജ്യത്ത് ഞങ്ങളുടെ ഗ്രാമവും കരഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തെ ഞങ്ങള്‍ സംരക്ഷിക്കും. നിങ്ങളുടെ ഗ്രാമത്തെയോ?
DKD ഇത് പോലെ ലേഖനങ്ങള്‍ എത്ര കാലം ആയി പലരും എഴുതുന്നു. എന്നിട്ടും ജനതയുടെ കണ്ണുകള്‍ തുറക്കുന്നില്ല. ഇതും അത് പോലെ പാഴായി പോകും.. എങ്ങിലും പ്രതികരിച്ചു എന്ന് സ്വയം താങ്കള്‍ക്കു ആശ്വസിക്കാം. വെള്ളം ഊറ്റുന്ന വന്‍കിട കോള കമ്പനികളും, മണല്‍ മാഫിയകളും, കരിമണല്‍ ഖനനവും കൊണ്ട് പിടിക്കുമ്പോള്‍ കുന്നു കൂടുന്ന പണത്തിനും സുഖങ്ങള്‍ക്കും ഇടയില്‍ എല്ലാവരും മറന്നു പോകുന്ന അല്ലെങ്ങില്‍ കാണാത്ത ഒന്നുണ്ട്.. സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നു എന്നാ സത്യം.തീര്‍ച്ചയായും ഒരിക്കല്‍ പ്രകൃതി നിലവിളിക്കും. ആ നിലവിളിയില്‍ നമ്മുടെ നിലവിളികളും ഒടുങ്ങും. ഈ തീരാത്ത ചൂഷണം എവിടെ എത്തിക്കുമോ എന്തോ
ReplyDeleteകൊല്ലം ജില്ലയില്‍ വെളിചിക്കാല എന്നൊരു സ്ഥലത്തും ഇതേ പ്രശനം ഉണ്ട്. ജനങ്ങള്‍ ശ്വാസകോശ രോഗങ്ങളാല്‍ വലയുന്നു. പക്ഷെ ഇത്തരം ക്വാറിയുടമകളെ കണ്ണിലുണ്ണിയായി സംരക്ഷിക്കുകയാണ് രാഷ്ട്രീയക്കാരും പോലീസും എല്ലാം. ജുഡീഷ്യറി പോലും പലപ്പോഴും വിലക്കെടുക്കപ്പെടുന്നു.
ReplyDeleteപ്രാദേശികമായി ജനകീയ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയല്ലാതെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതില്‍ ഇടപെടും എന്ന ഒരു പ്രതീക്ഷയും വേണ്ട.