Raise our Conscience against the Killing of RTI Activists




Sunday, November 13, 2011

വിശക്കുന്ന ലോകം


                           സ്ഥലം കൊല്ലം റെയില്‍വേ സ്റ്റേഷന്‍‍. സമയം ഉദ്ദേശം രാത്രി 8 മണി കഴിഞ്ഞു. ഞായറാഴ്ചകളില്‍ കോട്ടയം കൊല്ലം പാസഞ്ചറിനു യാത്ര ചെയ്യുന്ന ഞാന്‍, അവിടെയിറങ്ങി ഭക്ഷണം കഴിച്ച ശേഷമാണ് അടുത്ത ട്രെയിനിനാണ്  പുറപ്പെടുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടുള്ള താല്പര്യ കൂടുതല്‍ കൊണ്ടു തന്നെ, അമ്മ വീട്ടില്‍ നിന്ന് തന്നയക്കുന്ന പൊതി ചോറാണ് കഴിക്കാറ്. കാര്യമായി വിശപ്പൊന്നുമില്ല. എന്നിരുന്നാലും ഭക്ഷണം വെറുതെ കളയണ്ട എന്ന ചിന്തയില്‍, കഷ്ടപ്പെട്ട് കഴിക്കുകയാണ്. സമീപത്തായി എന്‍റെ പക്കലേക്ക് ഭക്ഷണത്തിനായി ഒരു കൈ നീളുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത് വളരെ കുറച്ചു ഭക്ഷണം മാത്രം ബാക്കിയുള്ളപ്പോഴാണ്. സാധാരണ പ്രതികരണം എന്ന രീതിയില്‍ ഞാന്‍ ആദ്യം അയാളെ മാറ്റി വിടുവാനായി ശ്രമിച്ചെങ്കിലും അയാള്‍ പിന്മാറിയില്ല. ഒരുരുള ചോറ് ഞാന്‍ കൈയ്യില്‍ വെച്ച് കൊടുക്കാന്‍ നോക്കിയെങ്കിലും അത് ഇലയില്‍ തന്നെ വെച്ചുകൊള്ളാന്‍ അയാള്‍ ആംഗ്യം കാണിച്ചു. മലയാളിയുടെ സ്വദസിദ്ധമായൊരു അസ്വസ്ഥതയോടെ ഞാന്‍ ആ ഇല കൈ മാറി അവിടെ നിന്നെഴുന്നേറ്റു ദൂരെ മാറി അയാള്‍ കഴിക്കുന്നത്‌ നോക്കി നിന്നു. ഇലയില്‍ നിന്നും നിലത്ത് വീണ വറ്റ് പോലും ആ മനുഷ്യന്‍ പറക്കി കഴിക്കുന്നുണ്ട്. അതിനു ശേഷം കാലിയായ ഇലയെ കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ച് അവിടെ നിന്ന് തന്നെ അടുത്ത പൊതിയും എടുത്ത് ആര്‍ത്തിയോടെ ഭക്ഷിക്കുകയാണ്. എന്‍റെ അസ്വസ്ഥത ഒരു ഗദ്ഗദത്തിനു വഴിമാറിയത് പെട്ടെന്നായിരുന്നു.

                             ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായി സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നു. ഇവ ഏവര്‍ക്കും അറിവുള്ള കാര്യങ്ങളുമാണ്. ഇവ പോലും ഇല്ലാത്ത മനുഷ്യര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതും മറ്റൊരു അറിവാണ്. എന്നാല്‍ അറിവുകള്‍ നമ്മെ പലപ്പോഴും സ്പര്‍ശിക്കാറില്ല. ഇവ മറ്റൊരു അചഞ്ചല വസ്തുവായി നിലകൊള്ളുന്നു. നമ്മുടെ ചിന്തകള്‍ ഉപരിപ്ലവമാകുന്നതും ഇതിനൊരു കാരണമാകാം. അറിവുകളിലേക്ക് ഇറങ്ങിച്ചെന്നു അതിനെ അനുഭവിക്കാന്‍ നാമാരും തയാറാകുന്നുമില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ നേരിട്ടുള്ള അനുഭവങ്ങള്‍ മാത്രമേ നമ്മെ സ്പര്‍ശിക്കൂ. അത്തരം ഒരു അനുഭവം ആണ് എനിക്കുണ്ടായത്. പണ്ട് മുതല്‍ അറിവുള്ള ഒരു കാര്യം, അത് എന്നെ നിശബ്ദനാക്കി. സമൂഹത്തിനെ പറ്റിയുള്ള പച്ചയായ അറിവുകള്‍, അവയെ ശരിയായി അപഗ്രഥിക്കുന്നവര്‍ക്ക് പ്രവര്‍ത്തിയുടെയും, നിശബ്ദദയുടെയും വാതായനങ്ങളാണെന്നും എനിക്കൊരു അഭിപ്രായമുണ്ട്.

                               കാര്‍ന്നവന്മാരുടെ പുണ്യം കൊണ്ടോ, ഈശ്വരാനുഗ്രഹം കൊണ്ടോ, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സൌകര്യങ്ങളെല്ലാമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്‌. ധൂര്‍ത്തിന് നയാ പൈസ ഇല്ലാതിരിക്കുമ്പോള്‍ തന്നെ, ശരിയായ വിശപ്പെന്ത് എന്നത് എനിക്ക് ഇന്നും സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിലെ താളുകള്‍ മാത്രമാണ്. അതിനാല്‍ തന്നെയായിരിക്കണം ഇവയില്‍ നിന്നുള്ള അറിവുകള്‍ പേപ്പറുകളില്‍ മാത്രമായി നിലകൊണ്ടതും. വിശക്കുന്ന ആയിരങ്ങള്‍ നമുക്ക് ചുറ്റും ഇന്നും നിലനിലക്കുന്നത്, സമൂഹത്തിലെ ബഹു ഭൂരിപക്ഷം പേരും ഇങ്ങനെ താളുകളിലൂടെ മാത്രം സാമൂഹ്യ ശാസ്ത്രം മനസ്സിലാക്കുന്നതിനാലാവണം. ഇവര്‍ക്ക്, അക്കൂട്ടര്‍ വെറും "പുവര്‍ ബെഗ്ഗേഴ്സ്‌" മാത്രമായി നിലകൊള്ളുന്നു. ഒരര്‍ത്ഥത്തില്‍ നമ്മളും അക്കൂട്ടത്തില്‍ പെടുന്നുണ്ട്. നാമും ജീവിതം മുന്നോട്ട് നീക്കുന്നതിനു, മാന്യമെന്നു നാം മനസ്സിലാക്കിയതോ, സമൂഹം അംഗീകരിച്ചതോ ആയ മാര്‍ഗങ്ങളിലൂടെ പലരോടും കൈ നീട്ടികൊണ്ടിരിക്കുന്നു.

                                     പണം എന്നും ഒരു ആഭിസാരികയാണ്. ആവശ്യത്തിനുള്ളവരിലേക്ക് അത് വീണ്ടും വീണ്ടും എത്തുന്നു. ഇല്ലാത്തവന്‍റെ അടുത്ത് ഒരിക്കലും പോകുന്നുമില്ല. അതിനെ പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള പല പരിശ്രമങ്ങളും അക്രമത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ഇവയൊക്കെ ആത്മീയമായ ചിന്തകളാണെന്നു നിങ്ങള്‍ക്ക് സമര്‍ത്ഥിക്കാം. അത് ഒരു സത്യവുമാണ്. ചിലപ്പോഴൊക്കെ ആത്മീയത മനസ്സില്‍ കടന്നു വരാറുണ്ട്. ക്ഷണിക്കാതെ വരുന്ന അത്, ആരോടും പറയാതെ തിരികെ പോവാറുമുണ്ട്. അതിനെ പൂര്‍ണമായും മനസ്സിലാക്കിയ ഋഷിമാര്‍ക്കും വൈദീകര്‍ക്കും, അതിനെ വെറുത്തു ലൌകീകതയെ സ്വന്തമാക്കിയ ലൌകീക ജീവികള്‍ക്കും ഇടയിലാണ് സാധാരണ ജനം എന്ന് വിളിക്കപ്പെടുന്ന വര്‍ഗ്ഗത്തിന്‍റെ സ്ഥാനം. അതിനാല്‍ തന്നെ ചിന്തകളില്‍ നിന്ന് പടിയിറങ്ങും മുന്‍പ് ആത്മീയത പലതും ഓര്‍മപ്പെടുത്തുന്നു, ഉത്തരവാദിത്വങ്ങളെ, അര്‍ത്ഥമില്ലായ്മയെ, ജീവിതത്തെ എല്ലാം.

                                    ആത്മീയതയും ലൌകീകതയും ഒരു സ്വതന്ത്ര ജീവിതത്തിന് ആവശ്യമാണ്‌ എന്ന വാദക്കാരുടെ കൂട്ടത്തില്‍ ഞാനും പെടും. അതിനാല്‍ ഇത്തരത്തില്‍ അനുഭവവേദ്യമാകുന്ന ചിന്തനീയ സംഭവങ്ങള്‍ വളരെ വേഗം മറക്കപെടുകയും, അക്കൂട്ടര്‍ വീണ്ടും പുവര്‍ ബെഗ്ഗേഴ്സ് തന്നെയായി മാറുകയും ചെയ്യുന്നു. സമൂഹത്തിന്‍റെ പൊതുവിലുള്ള ചിന്താധാര ലൌകീകതയിലേക്ക് ചേക്കേറുന്ന ഒരു കാലഘട്ടത്തില്‍, സമൂഹത്തില്‍ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഉയരുക തന്നെ ചെയ്യും. എന്നാല്‍ ആത്മീയത ഉയര്‍ത്തിവിടുന്ന എന്തിനു? എവിടേക്ക്? എന്നീ ചോദ്യങ്ങള്‍ എപ്പോഴും പ്രസക്തമാണ്. അതിനെ പറ്റി ചിന്തിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ തന്നെ. തലമുറകള്‍ കഴിയുന്തോറും ശാസ്ത്രസത്യം വികസിക്കുന്നുവെങ്കിലും ചില അടിസ്ഥാന സത്യങ്ങള്‍ തലമുറകള്‍ പിന്നിലേക്ക്‌ പോവുന്നുണ്ടോ എന്ന് ഞാന്‍ ഭയക്കുന്നു.

                                    ജോലി കിട്ടി പുറപ്പെടുമ്പോള്‍ അമ്മ ഒരു കാര്യമാണ് എന്നോട് പറഞ്ഞത്. "നിന്‍റെ ശമ്പളം ഒരിക്കലും മുഴുവന്‍ നിനക്കുള്ളതല്ല. അതിലെ ഒരു പങ്കു സമൂഹത്തില്‍ വിശക്കുന്നവര്‍ക്കുള്ളതാണ്. അവരെ നീ തേടി നടക്കുകയും വേണ്ട. അവര്‍ നിന്‍റെ മുമ്പില്‍ വരും. അവരെ സഹായിക്കുക". ഇതിനെ ഞാന്‍ മറന്നു കളഞ്ഞെങ്കിലും അജ്ഞാതനായ ആ വ്യക്തി ഇന്ന് വീണ്ടും അവയെ ഓര്‍മിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ എനിക്കു ഗുരുവായി മാറിയിരിക്കുന്നു ആ മനുഷ്യന്‍. ഇരുളു വീണ ആ പ്ലാട്ഫോമിലേക്ക് അടുത്ത ട്രെയിന്‍ എത്തി കഴിഞ്ഞിരുന്നു. വിശപ്പില്ലാത്തവരുടെ ജീവിതങ്ങളിലേക്ക് ഞാനും എന്‍റെ യാത്ര തുടര്‍ന്നു.

12 comments:

  1. ഡാനി.. നൈസ് പോസ്റ്റ്..

    ReplyDelete
  2. kollam kalakki. pakshe njan paranja kathayile chila sahacharingal mattiyathu kathayodu sariyayilla.

    ReplyDelete
  3. വളരെ നല്ല പോസ്റ്റ്‌ ഡാനി ...നിന്റെ എഴുത്തുകള്‍ , ചിന്തകള്‍ എല്ലാം വളരെ ഉയര്‍ന്ന തലത്തിലാണ് ...അതിനെ എല്ലാവരും മനസ്സിലാക്കട്ടെ ...ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളാണ് നമ്മളെ പലപ്പോഴും നമ്മളാക്കുന്നത്‌ ....

    ReplyDelete
  4. നല്ല വിചാരം ഇന്നദികം കാണാന്‍ കഴിയില്ല,
    ഈ ചിന്തകള്‍ ഇനിയും തുടരുക, പ്രവര്‍ത്തിക്കുക
    നല്ല ഒരു പോസ്റ്റ്
    ആശംസകള്‍

    ReplyDelete
  5. വിശപ്പ്‌ ... വേദനിപ്പിക്കുന്ന സത്യം
    നന്നായി പറഞ്ഞു ...
    ആശംസകളോടെ ... (തുഞ്ചാണി)

    ReplyDelete
  6. ചിന്തിക്കപെടെണ്ട ഗൌരവമായ വിഷയം വിശപ്പിന്‍ വില മനസ്സിലാക്കിയ പോസ്റ്റ്

    ReplyDelete
  7. നല്ല പോസ്റ്റ്‌... ഇതൊക്കെ നേരിട്ട് കണ്ടാലും കണ്ണ് തുറക്കാത്തവരാണ് കൂടുതലും...

    ReplyDelete
  8. ചിന്തിപ്പിക്കുന്ന എഴുത്തിനു എല്ലാ ഭാവുകങ്ങളും...

    ReplyDelete
  9. nice thoughts dear friend.... i am proud of u

    ReplyDelete
  10. ഡാനിഷ് നല്ല പോസ്റ്റ്‌ ,,,,,,,,,,,നന്നായി എഴുതി ........

    ReplyDelete
  11. നമ്മള്‍ ഓരോരുത്തരും ഒരു ദിവസം പാഴാക്കുന്ന ഭക്ഷണം മതി ഒത്തിരി പേരുടെ പട്ടിണി മാറ്റാന്‍...

    ചിന്തിക്കേണ്ട വിഷയം...

    ഡാനി...അഭിനന്ദനങ്ങള്‍...

    ReplyDelete