Raise our Conscience against the Killing of RTI Activists




Sunday, November 20, 2011

വധശിക്ഷകള്‍ നാടുവാഴുമ്പോള്‍


കൊടും കുറ്റവാളികള്‍ക്ക് ലോകത്തിന്‍റെ പല ഭാഗങ്ങളിലും നല്‍കുന്ന പരമോന്നത ശിക്ഷയാണ് വധശിക്ഷ. നമ്മുടെ രാജ്യത്തും അങ്ങനെ തന്നെ. മറ്റു ശിക്ഷകള്‍ നിന്ന് വിഭിന്നമായി ജീവിക്കാനുള്ള അവകാശം തന്നെ ഹനിക്കുന്ന വധശിക്ഷക്കെതിരെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. ഇത്തരം അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന്‍റെ ഒരു വിജയമാണ്. ഓരോ വ്യക്തിയുടെയും ആശയങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ബ്ലോഗുലോകത്ത്, ഞാന്‍ എന്‍റെ അഭിപ്രായം ഇവിടെ കുറിക്കുന്നു.

ഇന്ന് നിലനില്‍ക്കുന്ന വളരെ ചുരുക്കം സാമൂഹിക ജീവികളില്‍ പെടും മനുഷ്യന്‍. സമൂഹത്തിന്‍റെ സഹായം മനുഷ്യന്‍റെ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. തിരിച്ച് സമൂഹത്തിന്‍റെ നിലനില്‍പ്പിനും ഇതാവശ്യമാണ്. പ്രാചീന കാലം മുതല്‍ രൂപപ്പെട്ടു വന്നിരിക്കുന്ന ഈ കൂട്ടായ്മയുടെ സമാധാനപരമായ നിലനില്‍പ്പിനും, കെട്ടുറപ്പിനും, അതിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും സാമൂഹിക നീതി എന്ന് ബോധ്യപ്പെടുന്ന നിയമങ്ങള്‍ ആവശ്യമാണ്‌. ഇതിനെ ലംഘിക്കുന്നവരെ അതിനാല്‍ തന്നെ സമൂഹത്തില്‍ നിന്നും അടര്‍ത്തി മാറ്റി പ്രത്യേകം പാര്‍പ്പിക്കുന്നു. പ്രാചീന കാലത്ത് തന്നെ ഉടലെടുത്ത ഇത്തരം ഒരു ചിന്താഗതി ക്രമേണ തടവറകള്‍ എന്നതിലേക്ക് രൂപാന്തരപ്പെട്ടു എന്ന് കരുതാം. ഇപ്രകാരമുള്ള വാസത്തിലെ അവസ്ഥകള്‍ ക്രമീകരിച്ചു തന്നെ ഈ ശിക്ഷകളുടെ കാഠിന്യവും മാറ്റാം.

ഒരു വ്യക്തിക്ക് ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ഏകാന്തത ആണെന്ന് ഞാന്‍ കരുതുന്നു. സാഹൂഹിക ജീവിതത്തിലെ യാതൊരു വിധ ആവശ്യങ്ങളും നിറവേറ്റാനാവാതെ കഴിയുന്ന അത്തരം ഒരവസ്ഥ വധശിക്ഷയെക്കാള്‍ ഭയാനകമായിരിക്കും. വധശിക്ഷക്ക് വിധിക്കപ്പെട്ടു ഏകാന്ത തടവില്‍ കഴിയുന്ന പലരും തങ്ങളുടെ ശിക്ഷ നേരത്തെയാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുന്നതായി അടുത്തിടെ ദേശീയ ദിനപത്രമായ ഹിന്ദുവില്‍ വന്നൊരു വാര്‍ത്ത ഓര്‍ക്കുകയാണ്. ഇത് ഒരിക്കലും മരണത്തോടുള്ള ഒരു താല്പര്യം നിമിത്തമാണ് എന്ന് ഞാന്‍ കരുതിന്നില്ല. മറിച്ചു, ഇപ്പോള്‍ അവര്‍ അനുഭവിക്കുന്ന ശിക്ഷയെക്കള്‍ ലഘുവാണ് മരണം എന്ന്‍ ആശ്വസിക്കുന്നതുകൊണ്ടാവണം. അനേകം പേര്‍ ആത്മഹത്യകള്‍ വഴി നിസ്സാരമായി ജീവിതത്തെ അവസാനിപ്പിക്കുന്നൊരു തലമുറയില്‍, കൊടും കുറ്റവാളികള്‍ക്കും മരണം എന്നൊരു ആനുകൂല്യം നല്കുകയാണോ വേണ്ടത് എന്നതും ചിന്തനീയം തന്നെ.

വധശിക്ഷക്കെതിരെ അനേകം മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുണ്ട്. ഒരു മനുഷ്യാവകാശം എന്ന പേരിലല്ല ഞാന്‍ ഇതിനെ എതിര്‍ക്കുന്നത്. ഇത്തരം വ്യക്തികള്‍ മറ്റനേകം മനുഷ്യരുടെ അവകാശം ഹനിച്ചിട്ടുണ്ടാവും. ഹനിക്കപ്പെട്ട വ്യക്തികള്‍ക്ക് യഥാസമയം നീതി ലഭിക്കുന്നില്ല എന്ന അവസ്ഥയില്‍ ഒരു രാജ്യത്ത് പലരും നിയമം കൈലെടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, തീര്‍ച്ചയായും കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ ആവശ്യമായുണ്ട്. ഒരു രാജ്യം പൌരന് നല്‍കാവുന്ന പരമാവധി ശിക്ഷ വധശിക്ഷയാണെന്നൊരു ചിന്താഗതി അനേകരുടെ ഇടയില്‍ ഇന്നുമുണ്ട്. അതിനെ മനശാസ്ത്രപരമായി ലഘുവായി ഖണ്ഡിക്കാന്‍ സാധിക്കും. ഭാവി മുഴുവന്‍ ഏകാന്തതയില്‍ ഇരുളടയുന്ന ഒരു വ്യക്തിയുടെ വേദനയുടെ അത്രയും ഒരു വധശിക്ഷക്കും നല്‍കാനാവില്ല.

സ്വാഭാവീകമായി ഒരു വ്യക്തിയുടെ ഉള്ളില്‍ ഉയരുന്ന മറ്റൊരു ചോദ്യം, തങ്ങള്‍ രാജ്യ പുരോഗതിക്ക് വേണ്ടി സര്‍ക്കാരിലേക്ക് അടക്കുന്ന പണം ഇത്തരം വ്യക്തികളെ തീറ്റി പോറ്റാനല്ലേ ഉപകരിക്കൂ എന്നതാണ്. വധ ശിക്ഷക്കുള്ള ഒരു ഗുണം അത് സമൂഹത്തില്‍ മറ്റെല്ലാ ശിക്ഷകളെക്കാള്‍ ഭയം ജനിപ്പിക്കുമെന്നതാണ്. അതിനാല്‍ തന്നെ സാധാരണ ജനം കുറ്റകൃത്യത്തില്‍ നിന്ന് കൂടുതല്‍ അകന്നു നില്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏതെങ്കിലും തീവ്ര ആശയത്തെ സ്വീകരിച്ചവരെയോ, കൊടും കുറ്റവാളികളെയോ ഒരിക്കലും വധശിക്ഷ ഭയപ്പെടുത്തുന്നില്ല. മറിച്ചു, അവര്‍ തങ്ങളുടെ ആവശ്യത്തിനായി മരിക്കുവാന്‍ തയ്യാറായിരിക്കും. ഇത്തരത്തിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് , ആശയങ്ങള്‍ കൈമാറുവാനില്ലാത്ത ഏകാന്തതയെ തന്നെയാവും. അതിനാല്‍ തന്നെ ഇത്തരം കൊടും കുറ്റവാളികളെ ഭയപ്പെടുത്തുന്ന ഏകാന്ത തടവിനെ വധശിക്ഷയെക്കാള്‍ സ്വീകരിക്കുകയാണ് വേണ്ടത് എന്നത് മറ്റൊരു അഭിപ്രായം.

കൊടും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍ നമ്മളും, ആ കുറ്റവാളികളും തമ്മില്‍ എന്ത് വ്യത്യാസം എന്നത് ചിന്തിക്കപ്പെടെണ്ട ഒരു മറ്റൊരു മനുഷ്യത്വപരമായ ചോദ്യമാണ്. സമൂഹത്തില്‍ അവര്‍ മൂലം ഇല്ലാതായ ഒരു കൂട്ടം വ്യക്തികളുടെ ജീവിക്കാനുള്ള അവകാശം പോലെ നമ്മളും തിരിച്ചു പെരുമാറുകയല്ലേ?
മനുഷ്യത്വപരമായ ഒരാനുകൂല്യത്തിനും അര്‍ഹതയില്ലാതിരിക്കുമ്പോള്‍ തന്നെ,  സാമൂഹിക അവബോധമുള്ളൊരു  സമൂഹം തിരിച്ചു അതെ രീതിയില്‍ പെരുമാറില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അയാള്‍ സമൂഹത്തിനു വേണ്ട എന്ന രീതിയില്‍ സമൂഹത്തില്‍ നിന്ന് പുറന്തള്ളാം. എന്നാല്‍, ലോകത്ത് നിന്നു തന്നെ പുറന്തള്ളാന്‍ നമുക്ക് അവകാശമുണ്ടോ എന്നത് മറ്റൊരു ചിന്തനീയ വിഷയം തന്നെ.

ഞാന്‍ തുടക്കത്തില്‍ കുറിച്ചത് പോലെ ഇത് എന്‍റെ ചിന്തകള്‍ മാത്രമാണ്. നിങ്ങളുടെയുള്ളില്‍ ഒരു വിചാരമെങ്കിലും വധശിക്ഷക്കെതിരെ പോയെങ്കില്‍, നിങ്ങളുടെ മനസ്സാക്ഷി ഈ വാദത്തെ ഉള്‍ക്കൊണ്ടു എന്ന്‍ കരുതുന്നു. ഇവയെ ഞാനൊരു വാദമായി നിങ്ങളുടെ മുന്നില്‍ അവതരപ്പിക്കുകയാണ്. അവസാന വിധി ന്യായം പുറപ്പെടെണ്ടത് വായനക്കാരുടെ മനസ്സില്‍ നിന്നും. ഭൂരിപക്ഷം പേരുടെയും മനസ്സാക്ഷിയില്‍ ഇവയുമായി നേരിട്ടൊരു വാദ പ്രതിപാദത്തിനാണ് സാധ്യത. ഇവിടെ വിധി കര്‍ത്താക്കള്‍ അനേകരാണ്. വാദികള്‍ മനുഷ്യത്വവും മനസ്സാക്ഷിയും തന്നെ.

7 comments:

  1. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമ്പോൾ അത് നമ്മുടെ ഉള്ളിൽ സാമൂഹികമായ ഒരു നീതി നടപ്പിലാക്കി എന്ന ഒരു തോന്നൽ ഉളവാക്കുന്നു. ഇരയോ അവരുടെ ബന്ധുക്കളോ നിയമം കയ്യിലെടുക്കുമെന്നതുകൊണ്ടല്ല ഒരു കുറ്റവാളിക്ക് ശിക്ഷ ലഭിക്കുന്നത്. ഇരയും അവരുടെ ബന്ധുക്കളും കുറ്റവാളിയെ ശിക്ഷിക്കണം എന്നാഗ്രഹിക്കുന്നത് തികച്ചും സ്വാർത്ഥമാ‍യ കാര്യമാണ്. അതേ സമയം ഈ ശിക്ഷ ഒരു സമൂഹത്തിനെ മൊത്തമായി സംരക്ഷിക്കേണ്ടതാണെന്ന ബോധ്യം വരുമ്പോൾ ഈ സ്വാർത്ഥത ഇല്ലാതാകുന്നു. അതിനാണ് അറിവുള്ളവരുടെ അഭിപ്രായം ശിക്ഷാവിധികളിൽ സ്വീകരിക്കുന്നത്. ഒരു കൊലപാതകിയ്ക്ക് ഏകാന്ത തടവ് അനുഭവിക്കേണ്ടി വരുമ്പോൾ ആ ഇരയെ സംബന്ധിച്ച് എന്തെങ്കിലും പകരം ലഭിക്കുന്നുണ്ടോ? പക്ഷെ ആ കുറ്റവാളി ജീവിച്ചിരിക്കുകയാണെങ്കിൽ വീണ്ടും സമൂഹത്തിന് ദോഷകരമായി ഭവിക്കാം. സമൂഹത്തിന് ദോഷം വരുത്തുന്ന പ്രവർത്തികൾ എല്ലാം തന്നെ അധർമ്മമാകുന്നു.

    ReplyDelete
  2. മരണം വരെ ജയിലില്‍ പാര്‍പ്പിക്കുക എന്നത് നടക്കുന്ന കാര്യമാണോ .. ജീവപര്യന്തം എന്നത് ഇന്ത്യയില്‍ എത്ര വര്ഷം ആണ് ...?

    ReplyDelete
  3. വധശിക്ഷ ഒഴിവാക്കേണ്ടത് തന്നെയാണ്. ഒരു കൊലപാതകി ഒറ്റയ്ക്ക് ഒരു ആളെ കൊല്ലുമ്പോള്‍ സമൂഹം മൊത്തത്തില്‍ ഒരാളെ കൊല്ലുന്ന ഏര്‍പ്പാടാണ് വധശിക്ഷ. കൊലയ്ക്ക് കൊല എന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഒരു വ്യക്തിക്ക് ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ഏകാന്തതയാണെന്ന നിരീക്ഷണം ഏറ്റവും ശരിയാണ്.

    ReplyDelete
  4. ചെയ്തു പോയ കുറ്റത്തെക്കുറിച്ചു ആലോചിക്കാനും പശ്ചാത്തപിച്ചു മനുഷ്യത്വം നേടാനും വധശിക്ഷ ഒഴിവാക്കി ഏകാന്ത ജയില്‍ വാസം തന്നെ നല്‍കണം .പക്ഷെ നമ്മുടെ നാട്ടിലെ ജയിലുകളില്‍ അങ്ങനെ ഒരു സാഹചര്യം ഇല്ലാ.
    കുറ്റവാളികളെ ആത്മീയമായി നവീകരിക്കുന്നില്ല എന്ന് മാത്രമല്ല കൊടും കുറ്റവാളികളായി അവരെ മാനസാന്തരപ്പെടുത്തുകയും ആണ് നമ്മുടെ ജയിലുകളുടെ സാമൂഹിക പരിസരങ്ങള്‍ . ചിലര്‍ക്കത് ഗുണ്ടാത്താവളം ആണ് ,ചിലര്‍ക്ക് ടൂറിസ്റ്റ്‌ കേന്ദ്രം ,മറ്റു ചിലര്‍ക്ക് അറിയാന്‍ വയ്യാത്ത അടവുകള്‍ കൂടി സ്വായത്തമാക്കാനുള്ള പരിശീലന കേന്ദ്രം..

    ReplyDelete
  5. ഇനി കസബിനെയും ഗോവിന്ദച്ചാമിയെയും ജാമ്യത്തില്‍ ഇറക്കി വീട്ടില്‍ താമസിപ്പിച്ച് നല്ല മുടുക്കന്മാരാക്കി കാണിക്കും,ഇവിടുത്തെ മനുഷ്യസ്നേഹികള്‍. നോക്കിക്കോ.

    ReplyDelete
  6. നന്നായി വിഷയം എഴുതി എന്നതില്‍ അഭിനന്ടിക്കുന്നതോടൊപ്പം താങ്കളുടെ വീക്ഷണങ്ങളോട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിക്കൊള്ളുന്നു.

    കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ തന്നെ വേണം എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് കുറ്റ കൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല എങ്കിലും, ഭയം മൂലം കുറെ എങ്കിലും കുറക്കാന്‍ ആവും എന്ന് തോന്നുന്നു. വധ ശിക്ഷ നല്കപ്പെടെണ്ട കുറ്റങ്ങള്‍ക്ക് അത് തന്നെ കൊടുക്കണം. നമ്മുടെ നാട്ടില്‍ ജീവ പര്യന്തം എന്നാല്‍ പതിനാലു വര്ഷം എന്നാണെന്ന് തോന്നുന്നു. ജയിലില്‍ കുഴപ്പക്കരല്ലതവര്‍ക്ക് ഒന്‍പതോ പതോവര്‍ഷം വര്ഷം കഴിഞ്ഞു ഇറങ്ങാം..അതില്‍ തന്നെ പരോളിന്റെ കാര്യം നൊക്കു. പിടിപാടുള്ളവര്‍ക്ക് യധേഷ്ട്ടം ..

    നാലു വയസ്സുകാരിയെ ബലാല്‍ക്കാരം ചെയ്ത സെബാസ്ടിയന്‍ ഇന്ന് ജീവപര്യതം അനുഭവിക്കുന്നു. അതിനു മുന്‍പ് സമാന കുറ്റം ചെയ്ത അയാളെ വെറുതെ വിട്ടു...താങ്കള്‍ പറയു..ഇയാള്‍ വധ ശിക്ഷക്ക് അര്‍ഹാനല്ലേ ? പത്തു വര്ഷം കഴിഞ്ഞു വന്നാല്‍ ഇയാള്‍ സമൂഹത്തിനു ഭീഷണി അല്ലെ ?

    ReplyDelete