മനുഷ്യന്‍റെ പുറംവാതിലുകളാണ് വികാരങ്ങള്‍. അവ മാറിയും മറിഞ്ഞും നമ്മുടെ ഉള്ളിനെയും ചുറ്റുപാടിനെയും കൂടുതല്‍ സന്തോഷപരമോ, സങ്കടപരമോ ഒക്കെ ആക്കുന്നു. ചുറ്റുപാടുകളിലേക്ക് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും അവ തന്നെ. വികാരങ്ങള്‍ എന്ന പാതയിലൂടെ മനുഷ്യര്‍ പ്രാഥമീക ആശയങ്ങള്‍ കൈമാറുന്നു. വികാരങ്ങള്‍ യഥാര്‍ത്ഥമായി നമ്മുടെ മുഖത്ത് പ്രതിഫലിപ്പിക്കുന്നതും ഒരു കഴിവ് തന്നെ. അവയില്‍ കാപട്യം നിറയുമ്പോള്‍, ചുറ്റുപാടുകളും അതിനാല്‍ നിറക്കപ്പെടുന്നു. ചിരി ഒരു വികാരമാണോ എന്നറിയില്ല. എന്നാല്‍ അനുഗ്രഹീതര്‍ക്ക് അതൊരു അലങ്കാരമാണെന്നു വായിച്ചതോര്‍ക്കുന്നു.
കോശങ്ങളില്‍ മാറ്റം വരുത്താന്‍ ചിരിക്ക് സാധിക്കുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വൈറസുകളോട് പോരാടുന്ന കോശങ്ങള്‍ സജീവമാകുകയും, പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഫലിതങ്ങള്‍ പറയുന്നതും,കേള്‍ക്കുന്നതും പ്രയോജനപ്രദം തന്നെ. അതുവഴി, ചിരി ഉയരുമ്പോള്‍ തലച്ചോറിന്‍റെ തരംഗ വീഥികള്‍ സജീവമാകുന്നു. ഉറക്കെ ചിരിക്കുമ്പോള്‍ പല വേദനകള്‍ക്കും ശമനം അനുഭവപ്പെടുമെന്നും കണ്ടെത്തിയിരിക്കുന്നു. മേക്സിക്കോയിലെ പ്രധാന കാന്‍സര്‍ ചികല്‍സാ കേന്ദ്രമായ ഒയാസിസ് ഓഫ് ഹോപില്‍ ചികല്‍സാക്രമത്തില്‍ മുപ്പതു വര്‍ഷമായി ചിരി ഒരു പ്രധാന ഇനമായി ഉപയോഗിച്ച് വരുന്നു. അത് വളരെ ഫലപ്രദമാണെന്നു അവിടുത്തെ ഡോക്ടേഴ്സ് സാക്ഷ്യപ്പെടുത്തുന്നു.
പ്രശസ്ത ഗവേഷകനായ ലീ ബെര്‍ക്ക് സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരം, "മാനസീകവും ശാരീരികവുമായ നന്മയുടെ അനുഭവം വരുത്താന്‍ ചിരിക്ക് കഴിയും. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ദഹനം എളുപ്പമാക്കുന്നു. രക്തസമ്മര്‍ദം കുറക്കുകയും, പേശീമര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു". മറ്റൊരു ഗവേഷകനായ നോര്‍മന്‍ കസിന്‍സ് സ്വന്തം ജീവിതത്തില്‍ നിന്നാണ് ചിരിയുടെ ശക്തി തിരിച്ചറിഞ്ഞത്. തന്‍റെ രോഗ ശമനത്തിന് ചിരി ഏറെ സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപ്രകാരം അഭിപ്രായങ്ങള്‍ നിരവധിയാണ്. സ്വാഭാവീക ചിരി കുറഞ്ഞു വരുന്നൊരു സമൂഹത്തില്‍, രോഗങ്ങള്‍ക്കെതിരെയെങ്കിലും ചിരികള്‍ സൃഷ്ടിക്കപ്പെടട്ടെ.
ജീവിതം ഒരാവര്‍ത്തനമാണ്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ചിലപ്പോള്‍ മാറിയേക്കാം. ആവര്‍ത്തിക്കപെടാത്തതായ ദിവസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ തുലോം കുറവായിരിക്കും. ആവര്‍ത്തിക്കപ്പെടാത്തതെന്നു കരുതപ്പെടുന്ന ഇപ്രകാരമുള്ള ദിവസങ്ങളാവും നമ്മുടെ ഏറ്റവും ഓര്‍മയുള്ള ദിവസങ്ങളും. ചുറ്റുപാടുമായി ബന്ധങ്ങള്‍ ഇല്ലാതെ നടക്കുന്ന ഒരു വ്യക്തിക്ക് ആവര്‍ത്തനദിനങ്ങള്‍ വളരെ കൂടി നില്‍ക്കും. മാഹാന്മാരെല്ലാം തങ്ങളുടെ ജീവിതത്തിലെ ഈ ആവര്‍ത്തനത്തെ ചുറ്റുപാടുമായുള്ള പുതിയ പുതിയ കെട്ടുപാടുകളിലൂടെ, മാറ്റാന്‍ ശ്രമിച്ചിരുന്നു. ചിരിയാണ് ഇവരില്‍ പലരും ഇതിനായി ഉപയോഗിച്ചിരുന്നത്. പകല്‍ മുതല്‍ സന്ധ്യ വരെ മനുഷ്യന്‍ പ്രതിസന്ധികളോട് മത്സരിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധികള്‍ രൂപവും ഭാവവും മാറി കുഞ്ഞന്മാരും വമ്പന്മാരുമായി വരുന്നു. ഇവയില്‍ പലതിനെയും നേരിടാന്‍ നിസ്സഹായനെന്നു കരുതപ്പെടുന്ന ഒരു ചിരിക്ക് സാധിക്കും.
ശാസ്ത്രത്തിന്‍റെ ഒരു ചെറു തത്വം കടമെടുത്താല്‍ ലോകത്ത് പദാര്‍ത്ഥവും ഊര്‍ജ്ജവും സൃഷ്ടിക്കപ്പെടുന്നില്ല. ആദിമ കാലം മുതലുള്ളതിനു രൂപമാറ്റം സംഭാവിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അമ്മയുടെ ഉദരത്തില്‍ നമ്മള്‍ വളര്‍ച്ച പ്രാപിക്കുന്നത് ഈ ഭൂമിയില്‍ നിന്ന്‍ കൈക്കൊള്ളുന്ന ഊര്‍ജത്തില്‍ നിന്നും പദാര്‍ത്ഥത്തില്‍ നിന്നുമാണ്. അതിനു ശേഷം വളരുന്നതും അങ്ങനെ തന്നെ. ചുരുക്കത്തില്‍ നമ്മള്‍ ഈ ഭൂമിയിലെ പദാര്‍ഥത്തിന്‍റെ ഒരു രൂപമാറ്റം മാത്രം. നമ്മുടെ മുന്‍തലമുറകള്‍ ജീവിച്ചു മരണമടഞ്ഞു ലയിച്ചു ചേര്‍ന്നതും ഈ ഭൂമിയിലേക്ക്. അപ്പോള്‍ നമ്മുടെ മുന്‍ തലമുറകലില്‍ ഉണ്ടായിരുന്ന പദാര്‍ത്ഥങ്ങള്‍ അല്പമെങ്കിലും നമ്മുടെ ശരീരത്തിലും ഉണ്ടാവില്ലേ. എന്‍റെ കാലിലെ ഒരു കോശം ചിലപ്പോള്‍ തലമുറകള്‍ക്ക് മുമ്പുള്ള ഒരു വ്യക്തിയുടേതില്‍ ഉണ്ടായിരുന്ന പദാര്‍ത്ഥമാവാം. നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന വ്യക്തികളിലും അങ്ങനെ തന്നെ. പല തലമുറകളുടെയും പദാര്‍ത്ഥങ്ങള്‍ നമ്മളുടെ ഉള്ളിലുണ്ടെങ്കില്‍, നമ്മളെല്ലാം യഥാര്‍ത്തമായ അര്‍ത്ഥത്തില്‍ ബന്ധുക്കള്‍ അല്ലെ. ചുറ്റുപാടും കാണുന്ന ഭിക്ഷക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ വരെ എല്ലാവരും ഭൂമിയില്‍ നിന്ന് അവതാരമെടുക്കുന്നു. നമ്മുടെ ഈ ബന്ധുക്കളെ നോക്കി യാതൊരു നഷ്ടവുമില്ലാത്ത ഒരു ചിരിയെങ്കിലും കൈമാറുന്നതില്‍ എന്തിനു വൈമുഖ്യം?
ചിരി ഒരാശയമാണ്. ഇതിനെ പ്രായോഗീകവല്‍ക്കരിച്ച എല്ലാവരും വിജയിച്ചു എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ആവശ്യ സന്ദര്‍ഭങ്ങളില്‍ അതിനെ ഉപയോഗിച്ച പലരുമാവും ഇന്ന് ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. ചിരിയിലൂടെ ലോകം മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍ ചുറ്റുപാടുകള്‍ മാറ്റാം, ബന്ധങ്ങള്‍ മാറ്റാം, നമ്മുടെ ആരോഗ്യം മാറ്റാം. സമൂഹത്തില്‍ ചിരിയെ അലയടിപ്പിക്കാം. ഒരാളുടെ ചിരി ചിലപ്പോള്‍ ഓളങ്ങള്‍ പോലെ സമൂഹത്തില്‍ ഒഴുകി നടക്കും. അപ്പോള്‍ പിന്നെ നമ്മള്‍ എന്തിനു ചിരിക്കാതെ നടക്കണം. ചിരിക്കൂ, മനുസ്സു തുറന്നു തന്നെ.
ചിരി ആരോഗ്യത്തിനു നല്ലത്....
ReplyDeleteചിലരുടെ ചിരിക്കുള്ളില്‍ കണ്ണീരൊലിപ്പിച്ചു വയ്ക്കും.....
വളരെ നല്ല ഒരു ലേഖനം..........
വൈകാരികവും,മാനസികവും,ആരോഗ്യപരവും ആയ കാര്യങ്ങള്‍
ചര്‍ച്ച ചെയ്തുകൊണ്ടുള്ള ഈ ലേഖനം അഭിനന്ദനാര്‍ഹം തന്നെ!!
100 ഇല്‍ 80 മാര്‍ക്ക് ഞാന്‍ ഇട്ടു.......
This comment has been removed by the author.
ReplyDeleteശെരി മാഷെ ചിരിക്കാതെ ഇരുന്നിട്ടെന്താകാര്യം .ചിരിച്ചേക്കാം ..
ReplyDeleteസത്യത്തില്‍ എന്നെ ചിലര്‍ ചിരികുട്ടാ എന്നാ വിളിച്ചിരുന്നത്, പക്ഷെ പ്രവാസി ആയപ്പോള്‍ അത് വളരെ കുറഞ്ഞു
ReplyDelete