സമൂഹത്തില്‍ ഭീതിയുടെ അന്തരീക്ഷം വിതച്ചു കൊണ്ട് മുല്ലപ്പെരിയാര് ഡാം, ഡയോക്ലീസിന്‍റെ വാള്‍ പോലെ മലയാളിയുടെ മനസ്സില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഭീതിയില്‍ അന്തിയുറങ്ങുന്ന ഒരു പുതു തലമുറയെ സമ്മാനിക്കാനല്ലാതെ ഡാം കൊണ്ട് കേരളത്തിന് മറ്റു പ്രയോജനമൊന്നും ലഭിച്ചിട്ടില്ല. സാമൂഹീകമായ ഒരു വിപത്ത് അതിന്‍റെ അനിവാര്യമായ അന്ത്യത്തിലേക്കടുക്കുമ്പോള്‍, ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിക്കുന്നു. ജീവനെങ്കിലും സംരക്ഷണം നല്‍കണം എന്ന വളരെ സാധാരണമായ ആവശ്യം ഉന്നയിച്ചുള്ള ആ പ്രക്ഷോഭങ്ങളില്‍ ഞാനും ഇതിലൂടെ പങ്കു ചേരുന്നു.
മുല്ലപ്പെരിയാര്‍ ഡാം എന്നത് മുല്ലയാറും പെരിയാറും കൂടിച്ചേരുന്ന പ്രദേശത്ത് ലൈം സ്ടോണും, സുര്‍ഖിയും ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ഒരു ഗ്രാവിറ്റി ഡാം ആണ്. എന്ന് വച്ചാല്‍ സ്വന്തം ഭാരമാണ് ഈ ഡാം ജലത്തിന്‍റെ പ്രവാഹത്തെ തടഞ്ഞു നിര്‍ത്താന്‍ വിനിയോഗിക്കുന്നത്. ജലസമ്പുഷ്ടമായ പെരിയാര്‍ നദിയില്‍ നിന്നും, തമിഴ് നാട്ടില്‍ കിഴക്കോട്ടൊഴുകുന്ന വൈഗൈ നദിയിലേക്ക് ജലമെത്തിക്കാനുള്ളൊരു പദ്ധതി ആദ്യം തുടങ്ങി വച്ചത് 1789ല്‍ രാമനാട് രാജാവിന്‍റെ മന്ത്രിയായിരുന്ന പ്രദാനി പിള്ളയാണ്.അവസാനം ഇത് നിര്‍മിക്കപ്പെടുന്നത്, മേജര്‍ ജോണ്‍ പെന്നികുക്ക് എന്ന സായിപ്പിന്‍റെ കാലത്തും. 1886 ഒക്ടോബര്‍ 26നു തിരുവതാംകൂര്‍ മഹാരാജാവായ വിശാകം തിരുനാള്‍ രാമവര്‍മയും ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ 999 വര്‍ഷത്തേക്ക് സ്ഥലം കൈമാറ്റം ചെയ്തുകൊണ്ടുള്ള പാട്ട കരാറില്‍ ഒപ്പിടുകയുണ്ടായി.അതനുസരിച്ച് 8100 ഏക്കര്‍ ഭൂമി, ഏക്കര്‍ ഒന്നിന് അഞ്ചു രൂപ പ്രതിവര്‍ഷം പാട്ടവ്യവസ്ഥയില്‍ നല്‍കി. സ്വാതന്ത്ര്യത്തിനു ശേഷം റദ്ദാക്കപ്പെട്ട ഈ കരാര്‍ 1970ല്‍ അച്യുത മേനോന്‍ മന്ത്രിസഭയുടെ കാലത്താണ് വീണ്ടും ഒപ്പിടുന്നത്.
ഡാം ഉണ്ടാകുന്നതിനു മുമ്പ് തമിഴ് നാടിന്‍റെ തെക്കന്‍ ജില്ലകളായ തേനി, മധുര എന്നിവിടങ്ങളിലൊക്കെ വളരെ ഭീതിതമായ ഒരു അന്തരീക്ഷമാണ് നിലനിന്നിരുന്നതെന്ന് മനസ്സിലാക്കുന്നു. മഴ നിഴല്‍ പ്രദേശങ്ങളില്‍ പെടുന്ന ഈ സ്ഥലങ്ങള്‍ അന്ന് തസ്കര ഗ്രാമങ്ങള്‍ ആയിരുന്നു. ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഷ്ടപ്പെടുന്ന ഒരു തലമുറ, ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് മാറുന്ന സമയത്താണ് ഡാമിന്‍റെ ഉദയം. പ്രാണ വായുവിന് തുല്യം പ്രാധാന്യം കല്‍പ്പിക്കാവുന്ന ശുദ്ധജലം, അവരുടെ ജീവിതങ്ങളെ തന്നെയാണ് മാറ്റി മറിച്ചത്. ഇന്ന് ഏകദേശം 4500 ഹെക്ടര്‍ പ്രദേശമാണ് അവര്‍ ഈ ജലം കൊണ്ട്, പോന്നു വിളയിക്കുന്നത്. പണ്ടത്തെ പോലെ തന്നെ ഇന്നും തമിഴന്‍റെ അദ്ധ്വാന ശീലത്തെ അസൂയയോടു കൂടിയേ നമുക്ക് നോക്കാനാവുന്നുള്ളു. അതിനാല്‍ തന്നെ ജലം എന്നത് വൈകാരികമായ ഒരു വസ്തു കൂടിയാണ് അവര്‍ക്ക്.
നമുക്ക് ആവശ്യത്തിനുള്ള ഒരു വസ്തുവും ജലം മാത്രമാണ്. നമ്മുടെ ജലം തമിഴ് സഹോദരങ്ങള്‍ക്ക് പങ്കു വയ്ക്കുന്നതിനെതിരെ, കഴിഞ്ഞ 110 വര്‍ഷമായി ഒരു മലയാളി പോലും ശബ്ദമുയര്‍ത്തിയിട്ടില്ല എന്നത് അവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ്. ഇവിടെ വിഷയം ഡാമിലെ വെള്ളമല്ല, ഡാം തന്നെയാണ്. വില്ലന്‍, ഭൂമി കുലുക്കവും. സീസ്മിക് ആക്റ്റീവ്, അഥവാ ഭൂകമ്പ സാധ്യതയുള്ള ഒരു പ്രദേശത്താണ് ഡാം സ്ഥിതി ചെയ്യുന്നത്. മാസത്തില്‍ ഒരിക്കല്‍ എന്ന ഭീകരമായ തോതില്‍ ഈ പ്രദേശങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെടുന്നുമുണ്ട്. ഐഐറ്റി റൂര്‍ക്കിയുടെ വിദഗ്ധ പഠനത്തില്‍, റിച്ചര്‍ സ്കെയിലില്‍ ആറില്‍ കൂടുതലുള്ള ഒരു ഭൂമി കുലുക്കം വന്നാല്‍, പിന്നീട് സംഭവിക്കുന്നത് ചരിത്രമായി മാറും. ഇത്രയും ആര്‍ക്കു വേണമെങ്കിലും പരിശോദിക്കാവുന്ന വസ്തുതകള്‍. ഇനി തമിഴരോടായി ചില ചോദ്യങ്ങള്‍.
റിച്ചര്‍ സ്കെയിലില്‍ മൂന്നു വരെയുള്ള ഭൂമി കുലുക്കങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്ന ഒരു സ്ഥലത്ത്
ഒരിക്കലും ആറില്‍ കൂടുതല്‍ ഉണ്ടാവില്ല എന്ന് ഒരുറപ്പു തരാന്‍ നിങ്ങള്‍ക്കാവുമോ?
ഇല്ലെങ്കില്‍, തങ്ങളുടെ ജീവിതം എന്നു വരെ എന്ന ഭീതിയില്‍ ജീവിതകാലം മുഴുവന്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു ജനസമൂഹമാണോ നിങ്ങള്‍ സഹോദരന്മാര്‍ എന്ന് വിളിക്കുന്ന മലയാളികള്‍?
ഭൂമി കുലുക്കങ്ങള്‍ രൂക്ഷമാകുന്ന ഈ സമയത്ത്, ഡാം സുരക്ഷിതമെന്ന് തെളിയിക്കാന്‍ അതിന്‍റെ താഴ്വരിയിലേക്ക് താമസം മാറ്റാന്‍, ഇതിനു വേണ്ടി ഘോരം ഘോരം വാദിക്കുന്ന നിങ്ങളുടെ ഏതെങ്കിലും നേതാക്കള്‍ തയാറാവുമോ?
വെള്ളം നിങ്ങളുടെ ജീവല്‍ പ്രശനമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. അതില്ലെങ്കില്‍ നിങ്ങളുടെ ജീവിതം അവസാനിക്കുമെന്നും ഞങള്‍ അറിയുന്നു. ഡാം തകര്‍ന്നു അതില്‍ ഒരു മലയാളി എങ്കിലും മരിച്ചാല്‍, പിന്നെ നിങ്ങള്‍ക്ക് കേരളത്തിലെ ഏതെങ്കിലും നദിയില്‍ നിന്ന് ഒരു തുള്ളി ജലം വിട്ടു തരാന്‍ മലയാളി തയാറാകുമോ?
ഒന്ന് മനസ്സിലാക്കുക, ഞങ്ങളുടെ ജീവിതങ്ങള്‍ തകരുന്നതിനോപ്പം നിങ്ങളും ഉണ്ടാവും, നന്നായാലും അങ്ങനെ തന്നെ.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുത്തുകൊള്ളാം എന്ന് സത്യപ്രതിഞ്ഞ ചെയ്തു ഇരിക്കുന്നവരും കസേര നോക്കി ഇരിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കുക. ഞങ്ങളുടെ ജീവിതങ്ങള്‍ അപകടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഞങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുമുണ്ട്. ഒന്നുകില്‍ നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാം. അല്ലെങ്കില്‍ എല്ലാം നിശബ്ദമായി നോക്കി, ഞാന്‍ ഈ നാട്ടുകാരനല്ല എന്ന് ഭാവിക്കാം. അല്ലെങ്കില്‍ എ.ജിയും, പരമേശ്വരനും ഒക്കെ ചെയ്യുന്നത് പോലെ നിങ്ങളുടെ സ്ഥിരം രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്താം. പക്ഷെ ജനം എന്നത് തീരെ കഴുതകളായിരുന്ന ഒരു കാലം അങ്ങ് പണ്ട്. കാര്യങ്ങള്‍ ഞങ്ങളും മനസ്സിലാക്കുന്നു എന്ന് അറിയുക.
അടുത്തിടെ ഇതിനെ പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ ഒരു ദേശീയ മാധ്യമം നമ്മുടെ ഒരു എം.പിയോട് ചോദിക്കുകയുണ്ടായി, ഇതൊരു ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായതുകൊണ്ടാണോ സര്‍ക്കാര്‍ ഇത്രയും കോലാഹലം ഉണ്ടാക്കുന്നത് എന്ന്‍? ദുരന്തം എന്നാണു എന്ന് പേടിച്ചിരിക്കുന്ന ഒരു ജനത്തെ പോലും മതത്തിന്‍റെയും, ജാതിയുടെയും പേരില്‍ കീറി മുറിക്കുന്ന, ജനാധിപത്യത്തിലെ നാലാം തൂണ് എന്ന് സ്വയം അവകാശപ്പെടുന്ന നിങ്ങളുടെ ധാര്‍മികതയുടെ മുഖത്ത്, ഞാന്‍ അതിന്‍റെ അര്‍ഹിക്കുന്ന അവജ്ഞയോടെ എന്‍റെ രോഷം എന്ന ചെരിപ്പു വയ്ക്കുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും ഇതില്‍ ക്രിയാത്മകമായ ഒരു നിലപാടെടുക്കുമ്പോള്‍ ഇത്തരം ചില ഇത്തിള്‍കണ്ണികള്‍ സമൂഹത്തിനു എന്ത് പ്രയോജനം ഉണ്ടാക്കുന്നു എന്നത് ചിന്തനീയം.
ഈ കരാറിനു മറ്റൊരു പ്രത്യേകതയുള്ളതായി നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കരാറില്‍ ആനുകൂല്യങ്ങളെല്ലാം ഒരു വശത്തും, അതിന്‍റെ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ പേറേണ്ടത് മറു ഭാഗവുമാണ്. അത് ധര്‍മ്മം ആകുന്നില്ല. ധര്‍മ്മത്തിനു നിരക്കാത്തത് അധിക കാലം നിലനില്‍ക്കുകയുമില്ല. തമിഴ് സഹോദരങ്ങളെ, നിങ്ങള്‍ക്കുള്ള ജലം ഇവിടെയുണ്ട്. അതിനിയും നിങ്ങള്‍ക്ക് തന്നെയുള്ളതാണ്. ഞങ്ങളുടെ സഹോദരന്മാരെന്നു പ്രഖ്യാപിക്കുന്ന നിങ്ങള്‍, ഞങ്ങളുടെ ഒരാവശ്യ സമയത്ത് ഞങ്ങള്‍ക്കൊപ്പമുണ്ട് എന്ന് വിശ്വസിക്കുന്നു. രാഷ്ട്രീയക്കാര്‍ ഒഴികെയുള്ള തമിഴര്‍ ഇത് മനസ്സില്ലാക്കുന്നു എന്നും കരുതുന്നു. പുലി വരുന്നേ, പുലി എന്ന് പറഞ്ഞു ഒരു നാള്‍ പുലി വരും, അന്ന് പക്ഷെ......
മുല്ലപ്പെരിയാറിനെക്കുറിച്ച് പറയുന്ന എല്ലാവരും തമിഴ്നാടിന് വെള്ളം നൽകുന്ന കാര്യത്തിൽ പുലർത്തുന്ന ഉദാരതയാണ് എനിക്ക് മനസ്സിലാകാത്തത്. ബ്രിട്ടീഷുകാരന്റെ കാലഘട്ടത്തിൽ അവർ ഡാം കെട്ടി വെള്ളം തിരുച്ചുവിട്ടു. ഇപ്പോൾ നമ്മൾ നമ്മുടെ സുരക്ഷയെക്കരുതി അവരോട് ഡാം കെട്ടാൻ അഭ്യർത്ഥിക്കുന്നു. അവർ ഡാം കെട്ടുന്നില്ലെങ്കിൽ നമ്മൾ കെട്ടണം. രണ്ടായാലും അത് പഴയ വ്യവസ്ഥകൾ വെച്ചുകൊണ്ടാകരുത്. പുതിയ വ്യവസ്ഥകൾ ആവണം. ജലത്തിന്റെ പ്രതിഫലം വർദ്ധിപ്പിക്കപ്പെടണം, ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയ്ക്കും ഇപ്പോളത്തെ നാമമാത്രമായ നിരക്കിനേക്കാൾ കൂടുതൽ പണം ലഭിക്കണം, നമ്മുടെ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഡാമിന്റെ സുരക്ഷയും പ്രവർത്തനവും പരിശോധിക്കാൻ നമുക്ക് അവകാശം ഉണ്ടാകണം. ഒരിക്കലും പണ്ടത്തേതു പോലെ 999 വർഷത്തെ കരാർ ആകരുത് അത്.
ReplyDeleteജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുത്തുകൊള്ളാം എന്ന് സത്യപ്രതിഞ്ഞ ചെയ്തു ഇരിക്കുന്നവരും കസേര നോക്കി ഇരിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കുക. ഞങ്ങളുടെ ജീവിതങ്ങള്‍ അപകടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഞങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുമുണ്ട്. ഒന്നുകില്‍ നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാം. അല്ലെങ്കില്‍ എല്ലാം നിശബ്ദമായി നോക്കി, ഞാന്‍ ഈ നാട്ടുകാരനല്ല എന്ന് ഭാവിക്കാം...
ReplyDeleteഅതായിരിക്കും സംഭവിക്കാന്‍ പോകുന്നത്...
നല്ലതിനായി പ്രാര്‍ഥിക്കാം... പ്രതികരിക്കാം..