ആഴ്ചതോറും പല ജനുസ്സിലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങുകയും, അവ നിലനില്‍ക്കുകയും ചെയ്യുന്നു എന്നത് സിനിമാപ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന ഒരു കാര്യമാണ്. ഈ സിനിമയില്‍ പുരാതന കാലഘട്ടമാണ് പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ഒപ്പം അവയോടെ അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്ന ചില വ്യക്തിത്വങ്ങളും. ബി. ജയമോഹന്‍റെ 'ഉറവിടങ്ങള്‍' എന്ന നോവലിനെ അധികരിച്ചുള്ള തിരക്കഥയിലാണ് ചിത്രം പിറവിയെടുത്തിരിക്കുന്നത്. അതിനെ അല്‍പം പോലും നാടകീയത കലര്‍ത്താതെ സത്യസന്ധമായി കാണികളിലേക്കെത്തിക്കുന്നതില്‍ മധുപാല്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ഈ വിജയമാണ്, കര്‍ട്ടന്‍ വീണു കഴിയുമ്പോഴും കാണികള്‍ക്ക് അനുഭവപ്പെടുന്നത്. തമിഴ് നാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രദേശത്തെ കഥയായതിനാല്‍ പ്രേക്ഷകര്‍ക്ക് സിനിമയിലേക്ക് ഇറങ്ങി ചെല്ലുവാന്‍ അല്‍പം സമയം എടുത്തേക്കാം.
പത്തന്‍പത് വയസ്സുള്ള ഒരു സ്ത്രീ ഒഴിമുറി അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. അവര്‍ എന്തിനു അപ്രകാരം ചെയ്യുന്നു എന്നുള്ളതും, അവരും, അവര്‍ക്ക് ചുറ്റുമുള്ളവരും കാര്യങ്ങളെ മനസ്സിലാക്കിയിരുന്നത് ശരിയായ രീതിയിലായിരുന്നോ എന്നതുമാണ് കഥ അന്വേഷിക്കുന്നത്. ഇതിനെ ജയമോഹന്‍ കൈകാര്യം ചെയ്തിരിക്കുന്നത് അല്പം വ്യത്യസ്ഥത കലര്‍ന്ന രീതിയിലാണ്. കാര്യങ്ങളെ തെറ്റായി മനസ്സിലാക്കുന്ന വ്യക്തികള്‍ പിന്നീട് സത്യങ്ങള്‍ തിരിച്ചറിയുന്നത്, മനസ്സിലാക്കിയിരുന്നവയിലെ അപൂര്‍ണത തിരിച്ചറിയുമ്പോഴാണ്. ഇതിലെ എല്ലാ പ്രമുഖ കഥാപാത്രങ്ങളും നന്മയുടെയും, തിന്മയുടെയും അംശങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ശക്തമായ സംഭവങ്ങള്‍ കൊണ്ടും, നാടകീയത കലരാത്ത സംഭാഷണങ്ങള്‍ കൊണ്ടും ജയമോഹന്‍ നല്ല ഒരു തിരക്കഥക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഇതിലെ പല കഥാപാത്രങ്ങളും സമീപ കാലത്തുണ്ടാകാത്ത വിധത്തില്‍ ശക്തമാണ്. ഇവയെ ശരിയായി അവതരിപ്പിക്കുക എന്ന ജോലി മധുപാല്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സിനിമ തീക്ഷണവും, വികാരഭരിതവുമായ അനേകം രംഗങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും, പ്രേക്ഷകരെ ഒട്ടും വഴി തെറ്റിക്കാതെ ലക്ഷ്യ സ്ഥാനത്ത് അദ്ദേഹം എത്തിക്കുന്നു. ഇതിലെ ഒട്ടുമിക്ക ഘടകങ്ങളും മികച്ചു നിന്നു എന്നതില്‍ നിന്നു തന്നെ ഇതിനെ ഒരു സംവിധായകന്‍റെ സിനിമ എന്നു നിസ്സംശയം വിളിക്കാം. ഇതില്‍ ലാല്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രം പോലെ തന്നെയോ, അതിലും ശക്തമോ ആണ് ശ്വേതാ മേനോനും, മല്ലികയും അവതരിപ്പിക്കുന്ന നായിക കഥാപാത്രങ്ങള്‍.
അളഗപ്പന്‍റെ ക്യാമറ വളരെ നല്ലൊരു അനുഭവമാണ് നല്‍കിയത്. പുരാതന കാലഘട്ടവും, നവ കാലഘട്ടവും തമ്മില്‍ എളുപ്പം മനസ്സിലാക്കാവുന്ന വെളിച്ച വ്യതിയാനവും, ക്യാമറ ആങ്കിളുകളും ആണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. സിറില്‍ കുരുവിളയുടെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്ക് അപ്പും ആണ് എടുത്തു പറയേണ്ട മറ്റൊന്ന്. പുരാതന കാലഘട്ടം ഒരു കഥാപാത്രം പോലെ തന്നെ അവതരിപ്പിക്കപ്പെടുമ്പോള്‍, ഇവരുടെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ഇവര്‍ ജോലിയോട് വളരെയധികം നീതി പുലര്‍ത്തി. ബിജിബാലിന്‍റെ സംഗീതം സാധാരണയില്‍ നിന്ന് ഉയര്‍ന്നതായി തോന്നിയില്ല. വിനോദ് ശിവറാമിന്‍റെ ശബ്ദ വ്യതിയാനം അല്പം മോശമായി അനുഭവപ്പെട്ടു. പല രംഗങ്ങളിലും സംഭാഷണങ്ങളേക്കാള്‍ ഉയര്‍ന്നു നിന്നത് പശ്ചാത്തല സംഗീതമായിരുന്നു. വി. സാജന്‍റെ എഡിറ്റിംഗ് സിനിമക്ക് കഥയാവശ്യപ്പെടുന്ന വേഗത നല്‍കുന്നുണ്ട്.
ഇതിലെ അഭിനേതാക്കളില്‍ പലര്‍ക്കും അടുത്ത വര്‍ഷത്തെ അവാര്‍ഡ് നിശകളില്‍ പുരസ്കാരം ഉറപ്പിക്കാം. ഗംഭീരവും, ശക്തവുമായ അഭിനയമാണ് അവര്‍ കാഴ്ച വെച്ചത്. അഭിനയത്തില്‍ ഒരാള്‍ പോലും മോശം എന്നു പറയാനില്ല. ലാലിന്‍റെയും, മല്ലികയുടെയും കഥാപാത്രങ്ങളെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരു പക്ഷെ ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമാകും ഇതെന്നാണ് തോന്നിയത്. ശ്വേത അവതരിപ്പിക്കുന്ന കഥാപാത്രവും അതി ശക്തമാണ്. നോട്ടം കൊണ്ട് പോലും, അവര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ ഭര്‍ത്താവിന്‍റെ അടിയും, ഇടിയും മേടിക്കുന്ന ഒരു പതിവു രീതിയില്‍ നിന്നു തുടങ്ങി, ഒരു സ്ത്രീയുടെ വിലയും, ശക്തിയുമെന്ത് എന്നു നമ്മളെ കാട്ടി തരുന്നു മല്ലികയുടെ കഥാപാത്രം. നന്ദുവിന്‍റെ അഭിനയം വളരെ ന്യാച്ചുറല്‍ ആയിരുന്നു. ഉപയോഗിക്കാനറിയുന്ന സംവിധായകന്‍റെ കരങ്ങളില്‍, ആസിഫ് അലിയുടെയും, ഭാവനയുടെയും പ്രകടനങ്ങള്‍ സുരക്ഷിതം. ശ്വേതയുടെയും, മല്ലികയുടെയും ഡബ്ബിങ്ങും നന്നായിരുന്നു.
സ്ത്രീകള്‍ക്ക് അമിതപ്രാധാന്യമുണ്ടായിരുന്ന മരുമക്കത്തായവും, പുരുഷന്മാര്‍ക്ക് അതു പോലെ പ്രാധാന്യമുണ്ടായിരുന്ന മക്കത്തായവും കഴിഞ്ഞു പുതിയ ഒരു കാലഘട്ടത്തിലേക്കാണ് സിനിമ വിരല്‍ ചൂണ്ടുന്നത്. സ്ത്രീയും, പുരുഷനും ആരും ആരുടേയും പിന്നിലല്ല എന്നു സിനിമ അടിവരയിടുന്നു. നമ്മുടെ ധാരണകള്‍ക്കിടയില്‍ ഒഴിഞ്ഞ കോണുകളുണ്ടെങ്കില്‍ നമ്മുടെ ധാരണ തെറ്റിധാരണയാവാം. അതു മനസ്സിലാക്കാന്‍ അനേക നാള്‍ കാത്തിരിക്കേണ്ടിയും വരാം. പലര്‍ക്കും അത് മനസ്സിലാകാനുള്ള ഭാഗ്യം ലഭിക്കാറുമില്ല. ശക്തമായ ഒരു പ്രമേയവും, സന്ദേശവും അവതരിപ്പിച്ച മധുപാലും, ജയമോഹനും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
ഈ സിനിമയെ കുറിച്ചു നെഗറ്റിവ് കൊമേന്‍റുകള്‍ ആണ് ഞാന്‍ നേരത്തെ വായിച്ച ബ്ലോഗ്ഗില്‍ കണ്ടത്... ഈ ഒഴിമുറി എന്നാല്‍ എന്താ? വിവാഹമോചനം ആണോ അതോ വസ്തു ഒഴിഞ്ഞു കൊടുക്കുന്ന രേഖയാണോ?..... ആശംസകള്‍
ReplyDelete