നമ്മുടെ രാജ്യത്തെ ഒരു പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ foreign direct investment അഥവാ fdi ആയി മാറിയിരിക്കുകയാണ്. സ്വരാജ്യത്തല്ലാതെ, മറ്റൊരിടത്തു കമ്പനി വാങ്ങുവാണോ, പ്രവര്‍ത്തനം വിപുലീകരിക്കാണോ കമ്പനികള്‍ പണം നിക്ഷേപിക്കുന്നതിനെ ആണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു കമ്പനിയുടെ വോട്ടിംഗ് ഷെയറുകളുടെ 10%ത്തില്‍ കൂടുതല്‍ വിദേശ കമ്പനി അതില്‍ നിക്ഷേപിച്ചാല്‍ മാത്രമേ അതിനെ fdi ആയി പരിഗണിക്കാറുള്ളു. മറ്റു രാജ്യങ്ങളുടെ സുരക്ഷാ നിക്ഷേപങ്ങളായ ബോണ്ടുകളിലും സ്റ്റോക്കുകളിലും പണം നിക്ഷേപിക്കുന്ന portfolio investmentല്‍ നിന്നുവ്യത്യസ്ഥമാണിത്. ഒരു രാജ്യത്തെ ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ആ രാജ്യത്തേക്കുള്ള മൊത്തം പണവരവ് (inflow) ഒരു പ്രധാന ഘടകമാണ്. fdi മുഖാന്തരം ഒഴുകുന്ന ധനം ദേശീയ വരുമാനം ഉയര്‍ത്തുന്നതിനാല്‍, സമ്പത്ത് വ്യവസ്ഥയെ ചലിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് fdi. fdi ഏതൊക്കെ മേഘലകളില്‍ എങ്ങനെയൊക്കെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്‍റെ വിജയവും, പരാജയവും വരുന്നത്.
ലോകത്ത് fdi വഴി ഏറ്റവും പണം ഒഴുകിയിട്ടുള്ളത് അമേരിക്കയിലേക്കാണ്. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയുടെ 15 ശതമാനത്തില്‍ കൂടുതല്‍ പണം fdi വഴി മാത്രം എത്തിയതാണ്. രണ്ടാമതായി വളര്‍ച്ചക്ക് ഏറ്റവുമധികം fdi ഉപയോഗിച്ചിരിക്കുന്നത് ചൈന ആണ്. ലോകത്തെ വികസിത രാജ്യങ്ങളുടെയെല്ലാം വരുമാന സൂചിക വിലയിരുത്തിയാല്‍, fdiയുടെ പങ്കു അവയില്‍ വളരെ വലുതാണെന്ന് മനസ്സിലാക്കാം. ഇന്ത്യയില്‍, അമേരിക്കയിലും ചൈനയിലും ലഭിക്കുന്നതിന്‍റെ അഞ്ചില്‍ ഒന്നു മാത്രമേ fdi ആയി ലഭിക്കുന്നുള്ളൂ. fdi വരുന്നതിനു രാജ്യത്തെ നിയമവാഴ്ചയും, അവസരങ്ങളും, ഇന്‍ഫ്ര സ്ട്രക്ച്ഛറും, നിക്ഷേപ അന്തരീക്ഷവും തുടങ്ങി പലവിധ കാരണങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വതന്ത്ര വിപണികളുള്ള രാജ്യങ്ങളിലേക്കാണ് fdi ഒഴുക്ക് കൂടുതല്‍.
fdi, പണം നിക്ഷേപിക്കുന്ന രാജ്യത്തിനും, സ്വീകരിക്കുന്ന രാജ്യത്തിനും ഗുണകരമായ ഒരു ധനവിനിയോഗമാണ്. പണം മുടക്കുന്ന കമ്പനിക്ക്, രാജ്യാന്തര ബിസിനസ്സിലും, പുത്തന്‍ വിപണികളിലും, നൂതന വിപണന വഴികളിലും പ്രവേശിക്കുവാനും, പുതിയ സാങ്കേതിക വിദ്യ, പ്രവര്‍ത്തന പരിചയം എന്നിവ സ്വായത്തമാക്കുവാനും, പുത്തന്‍ ഉല്പന്നങ്ങളോ, സര്‍വീസുകളോ വഴി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും, ചെലവ് കുറഞ്ഞ ഉല്പാദനത്തിനും fdi അവസരമൊരുക്കുന്നുണ്ട്. പണം സ്വീകരിക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം, വികസനത്തിനുള്ള വിദേശ മൂലധനത്തിനും, പുത്തന്‍ മനേജ്മെന്റ്റ് തത്വങ്ങള്‍, സാങ്കേതിക വിദ്യ, പ്രവര്‍ത്തി പരിചയം എന്നിവ സ്വീകരിക്കുവാനും, പുത്തന്‍ തോഴിലവസരങ്ങള്‍ക്കുള്ള വഴിയും fdi ഒരുക്കുന്നു. എല്ലാ മേഘലകളിലും ആഗോള തലത്തിലാണ് ഇന്ന് ബിസ്സിനസ്സ് നടക്കുന്നത് എന്നതിനാല്‍ fdiക്ക് ഒരു രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ വികസനത്തിനുള്ള പങ്കു നിസ്സാരമല്ല.
മറ്റേതു മേഘലകളില്‍ വിദേശ നിക്ഷേപം വരുന്നതിനേക്കാളും എതിര്‍പ്പ് നേരിടുന്നത് ചില്ലറ വിപണന രംഗത്ത് വരുന്ന വിദേശ നിക്ഷേപത്തിനാണ്. മറ്റു മേഘലകളെക്കാളും പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഈ രംഗം സ്വാധീനിക്കുന്നു എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഇതില്‍ ലക്ഷക്കണക്കിന് ഭാരതീയര്‍ ഇന്ന് തൊഴിലെടുക്കുന്നുണ്ട് എന്നതു മറ്റൊരു കാരണം. ഈ മേഘലയില്‍ ലോകത്ത് പല രാജ്യങ്ങളിലും fdi പരീക്ഷിച്ചിട്ടുണ്ട്. ചൈന, സിങ്കപ്പൂര്‍, അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഇതു പൂര്‍ണ വിജയം കണ്ടെങ്കിലും , ബ്രസീല്‍, ചില്ലി മുതലായ രാജ്യങ്ങള്‍ക്ക് അത്ര വിജയകരമല്ലാത്ത കഥയും പറയുവാനുണ്ട്. അതിനാല്‍ തന്നെ ധനതത്വശാസ്ത്രത്തോടൊപ്പം, ചില്ലറ വിപണന മേഘലകളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള മറ്റു മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കും ഇവയുടെ വിജയത്തില്‍ വലിയ പങ്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ വിജയവും, പരാജയവും തീരുമാനിക്കുന്നത്, എങ്ങനെ ഇതു നടപ്പാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഇപ്പോഴത്തെ നമ്മുടെ ചില്ലറ വ്യാപാര മേഘലയുടെ പോരായ്മകള്‍ ഇവയാണ്.
1) ഇന്‍ഫ്രാസ്ട്രക്ച്ചര്‍ : നമ്മുടെ വിപണികളില്‍ ലോജിസ്റ്റിക്ക്സില്‍ ഉണ്ടായിട്ടുള്ള നിക്ഷേപം തീര്‍ത്തും ശുഷ്കമാണ്. ഭാരതം പച്ചക്കറികളുടെയും, പഴങ്ങളുടെയും ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണെങ്കിലും, ഇവിടെ കോള്‍ഡ് സ്റ്റോറേജ് സൌകര്യങ്ങള്‍ വളരെ കുറവാണ്. ഉള്ളവ തന്നെ വിദൂര സ്ഥലങ്ങളില്‍ ആയതിനാല്‍, പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് വിദൂര, വിദേശ വിപണികളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. അതിനെ മറികടക്കുവാന്‍, കനത്ത വിഷപ്രയോകങ്ങളും ഇവിടെ നടത്തപ്പെടുന്നു. കാര്‍ഷീക രംഗത്തും, ഉല്പാദന സമയത്തു നിന്നു ക്ഷാമ കാലത്തേക്ക് സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ സ്റ്റോറേജ് ആവശ്യമാണ്. ഇതിന്‍റെ കുറവ് മൂലം, കര്‍ഷകരുടെ ഉല്പാദനത്തെ ബാധിക്കുകയും, അവര്‍ക്ക് ധാരാളം നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.
2) ഇടനിലക്കാരുടെ ആധിക്യം: നമ്മുടെ വിപണന ശ്രംഖലയില്‍ വില നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് ഇടനിലക്കാരനാണ്. ഇവ വില സംവിധാനത്തില്‍ സുതാര്യത നഷ്ടപ്പെടുത്തുന്നു. വിപണി വിലയുടെ അഞ്ചില്‍ ഒന്നു പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത ഉദാഹരണങ്ങള്‍ നിരവധിയാണ്.
3) പൊതുവിതരണ ശ്രംഖലയുടെ അപര്യാപ്തത: നമ്മുടെ പൊതുവിതരണ സിസ്റ്റത്തിന്‍റെ കാര്യക്ഷമത വളരെ മോശമാണ്. സാധനങ്ങള്‍ വാങ്ങുന്നതിലും, വിതരണം ചെയ്യുന്നതിലുമുള്ള അശാസ്ത്രീയത മൂലം ധാരാളം ഭക്ഷ്യ സാധനങ്ങള്‍ ആര്‍ക്കും പ്രയോജനപ്പെടാതെ നശിച്ചുപോകുന്നു. ഇതു സബ്സിഡിയോടു കൂടിയതായതിനാല്‍, അവ പണപ്പെരുപ്പം ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു. അവസാനം നശിച്ചു പോകുന്നവയുടെ വിലയുടെ ഒരു പങ്കും ഉപഭോക്താവ് നല്‍കേണ്ടി വരുന്നു.
4)ചെറിയ വിപണി: നമ്മുടെ ചെറുകിട മേഘലക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുവാനോ, മാര്‍ക്കറ്റ് ചെയ്യുവാനോ സാധിക്കുന്നില്ല. ആയതിനാല്‍, അവക്ക് ബഹുരാഷ്ട്ര ബ്രാണ്ടുകളുടെ സ്വീകാര്യത ലഭിക്കാതെ വരികയും, ലോക്കല്‍ വിപണിയില്‍ ഒതുക്കപ്പെടുകയും ചെയ്യുന്നു.
ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപത്തിന്‍റെ ആവശ്യകത
1) ചില്ലറ വ്യാപാര രംഗത്തെ fdi ഈ രംഗത്ത് മല്‍സരം വര്‍ധിപ്പിക്കുകയും, അതു മൂലം ഉല്പാദന രംഗത്ത് പുത്തന്‍ ഉണര്‍വേകുകയും ചെയ്യും.
2) വിദേശ ബ്രാന്‍ഡുകള്‍ ശീലമാക്കിയ വ്യക്തികള്‍ക്ക്, ആ പണം നമ്മുടെ രാജ്യത്തു തന്നെ വിനിയോഗിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇതിന്‍റെ നികുതി കൂടി സര്‍ക്കാരിനു ലഭിക്കുന്നതിനാല്‍ ഇത് ഗുണമുള്ള മറ്റൊരു കാര്യമാണ്.
3) fdi വഴി പണം നമ്മുടെ രാജ്യത്തുള്ള എതെങ്കിലും കമ്പനിയില്‍ എത്തുമ്പോള്‍, കമ്പനിയുടെ മൂല്യം ഉയരുകയും, അതില്‍ പണം നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാര്‍ക്ക് സ്റ്റോക്കിലെ ഉയര്‍ന്ന വില മൂലം അതിന്‍റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
4)ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളുടെ പുത്തന്‍ സാങ്കേതിക വിദ്യയും, സാങ്കേതിക പരിചയവും, മനേജ്മെന്‍റ് തത്വങ്ങളും ലഭിക്കുന്നു. ഇവ കമ്പനിയുടെ ഭാവിക്ക് ഗുണകരമാണ്.
5) fdi വഴി രാജ്യത്തിന്‍റെ ദേശീയ വരുമാനം ഉയരുകയും, സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സ്പെണ്ടിങ്ങ് പവര്‍ ലഭിക്കുകയും ചെയ്യും.
6) പുതിയ സപ്ലൈ ചെയിന്‍ മാതൃക മൂലവും, സാങ്കേതിക വിദ്യ മൂലവും, കര്‍ഷകര്‍ക്ക് ഉല്പാദനം ഉയരുകയും, അവരുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. ഇതു ഭക്ഷ്യ പണപ്പെരുപ്പം തടയുന്നതിനും സഹായിക്കും.
7) ചില്ലറ വ്യാപാര വിപണന രംഗത്തെ നിലവാരം ഉയരുന്നത് മൂലം, നമ്മുടെ മദ്ധ്യവര്‍ഗ ഉപഭോക്തൃ മേഘലയുടെ നിലവാരം ഉയരാന്‍ സാദ്ധ്യത ഉണ്ട്.
രാജ്യം, വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനു മുമ്പ് എടുക്കേണ്ട മുന്‍കരുതലുകള്‍.
ഒരു വന്‍ ജനസമൂഹത്തെ ഇതു നേരിട്ട് ബാധിക്കുമെന്നതിനാല്‍, വിപണി തുറന്നു കൊടുക്കന്നതിനു മുമ്പ് ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. ഇതു സര്‍ക്കാരുകള്‍ ഉറപ്പാക്കണം.
1) സ്വകാര്യ മേഘല ലാഭം അധിഷ്ടിതമാക്കി മാത്രം പ്രവര്‍ത്തനം നടത്തുന്ന ഒരു മേഘലയായതിനാല്‍, ഇതു നമ്മുടെ സാമൂഹീക-സാമ്പത്തീക ജീവിത രീതികളെ ബാധിക്കുവാനും, പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുവാനും വഴി വെയ്ക്കും. ഇതു ആത്യന്തീകമായി സാമൂഹീക സമാധാനത്തെ ബാധിക്കും. ആയതിനാല്‍ തന്നെ, ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പ്രധാന പങ്കു, ഇതു മൂലം തൊഴില്‍ രഹിതരാകാന്‍ സാധ്യതയുള്ള ചില്ലറ മേഘലയിലെ വ്യാപാരികള്‍ക്ക്, മറ്റു സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള പ്രോത്സാഹനമായി, ലോണ്‍ ആയി കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്നത് ഉചിതമായിരിക്കും.
2)ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായും നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനാല്‍, ഗ്രാമ, നഗര അന്തരം വര്‍ധിക്കുവാന്‍ സാധ്യതയേറെയാണ്. ഇതു സമൂഹീക അസന്തുലിതാവസ്ഥ ഉണ്ടാക്കും. ആയതിനാല്‍, ഗ്രാമീണ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടി വരും.
3) വിദേശ കമ്പനികള്‍ക്ക് നാട്ടില്‍ തന്നെ ഉല്പന്നങ്ങള്‍ സംസ്കരിക്കുന്നതിനും, സൂക്ഷിക്കുന്നതിനും ഉള്ള സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ പ്രോത്സാഹിപ്പിക്കുക. അത് വഴി നാട്ടില്‍ തൊഴില്‍ ഉണ്ടാവുകയും, കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കുവാനും സാധിക്കും.
4)ഇത്തരം സ്ഥാപനങ്ങളില്‍ വിറ്റഴിക്കുന്ന ഉല്പന്നങ്ങളില്‍ ഒരു നിശ്ചിത ശതമാനം നാട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നു നിഷ്കര്‍ഷിക്കുക. ഇതു രാജ്യത്തെ ഉല്പാദനം വര്‍ധിപ്പിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ അത് മുപ്പതു ശതമാനം എന്നാണു നിശ്ചയിച്ചിരിക്കുന്നത്.
5)ഇവയിലെ തൊഴിലാളികളില്‍ ഒരു നിശ്ചിത ശതമാനം ഗ്രാമീണര്‍ക്കായി മാറ്റിവെയ്ക്കുന്നതും നല്ലതായിരിക്കും. എന്നാല്‍ ഈ ശതമാനം വലിയ തോതില്‍ ഉയരാതെ സര്‍ക്കാരുകള്‍ സൂക്ഷിക്കണം.
6) വന്‍ നഗരങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം പഠിച്ചു വിലയിരുത്തിയ ശേഷം മാത്രം ചെറു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉചിതം. ചെറു നഗരങ്ങളില്‍ എത്തുമ്പോഴാണ് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത കൂടുതല്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
7) അനുമതിക്ക് മുമ്പ് പ്രവര്‍ത്തനത്തെ പറ്റിയുള്ള ഒരു സമഗ്ര നിയമ നിര്‍മ്മാണം അത്യാവശ്യം വേണ്ട ഒരു കാര്യമാണ്. അശാസ്ത്രീയ വില രീതി നിയന്ത്രിക്കാന്‍ ഒരു സ്വതന്ത്ര കോംപറ്റീഷന്‍ കമ്മീഷനും അഭികാമ്യം.
മുകളിലെ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇവയുടെ ദൂഷ്യവശങ്ങളായ തൊഴില്‍ നഷ്ടവും, അവശ്യ സാധനങ്ങളുടെ അശാസ്ത്രീയ വില നിര്‍ണയവും നിയന്ത്രിക്കാനാവും. എവിടെയും സര്‍ക്കാരുകള്‍ക്കാണ് ജനങ്ങളുടെ സംരക്ഷകരായി മാറുവാനുള്ള ഉത്തരവാദിത്വം. അവരാണ് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നത്. ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ നാട്ടിലെ സമ്പത്ത് വ്യവസ്ഥക്ക് വളരെ ഗുണകരമാണ് fdi. എന്നാല്‍ ഈ ശ്രദ്ധ സര്‍ക്കാരുകള്‍ പുലര്‍ത്തണമെന്ന് മാത്രം.
നല്ല ഒരു പഠനം ആണ്. ചില മാധ്യമങ്ങളുടെ, ഇടനിലക്കാരുടെ പ്രചാരണങ്ങള്‍ മൂലം ആകെ അങ്കലാപ്പിലായ ഒരു ചര്‍ച്ചയെ വളരെ ലളിതമായി അവതരിപ്പിച്ചു. ആശംസകള്‍
ReplyDeleteഇത് പോലെ നടന്നാൽ നല്ലത്.. പക്ഷേ അത് സംഭവിക്കുമോ? അമേരിക്കയിൽ പോലും സംഭവിക്കുന്നില്ല എന്നിരിക്കേ ഇന്ത്യയിൽ അത് സംഭവിക്കുക അസാധ്യം അല്ലേ...
ReplyDelete“The history of the last decade tells us that Wal-Mart stands to be our City’s Trojan Horse” എന്നാണു ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് പറയുന്നത്! ജനങ്ങളുടെ ശക്തമായ പ്രതിഷേധം മൂലം ബ്രൂക്കിലിനിൽ കട തുടങ്ങാനുള്ള ഉദ്യമം ഉപേക്ഷിച്ചതായി വാൾമാർട്ട് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
റീട്ടെയിൽ ഭീമന്മാർ ലോക്കൽ സാധനങ്ങൾ വാങ്ങി വിൽക്കുവാൻ തയ്യാറാകണമെന്ന് പറഞ്ഞ് അമേരിക്കയിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. കുറഞ്ഞ കൂലി നൽകി പണിയെടുപ്പിക്കുന്നു എന്നും ജോലിക്കാരുടെ സുരക്ഷ ഇവർ പ്രാധാന്യം കൊടുക്കാറില്ല എന്നും പറഞ്ഞ് “വാൾമാർച്ച്” നടന്നിട്ട് ദിവസങ്ങൾ ആകുന്നുവേയുള്ളൂ! സ്വന്തം തട്ടകമായ, നിയമങ്ങൾ കടുത്ത അമേരിക്കയിൽ റീട്ടെയിൽ ഭീമന്മാർ അങ്ങിനെ ആകുമ്പോൾ ഇന്ത്യയിൽ അവർ നന്നായി നടത്തുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരമല്ലേ!
കോളകളിലെ പെസ്റ്റിസൈഡിന്റെ അംശം എത്ര വരെ ആകാമെന്ന ഒരു നിയമം പാസ്സാക്കുവാൻ കഴിഞ്ഞ 10 കൊല്ലമായിട്ടും കഴിയാത്ത ഇന്ത്യൻ സർക്കാർ ഈ പ്രശ്നത്തിൽ കടുത്ത നിയമങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുവാൻ എങ്ങിനെ കഴിയും ;)
നാട് നന്നവാന്‍ നാട്ടുകാര്‍ നന്നാവണം അതിന്‍ ഇടത് പിന്തിരിപ്പന്‍ മാറ്റി നിര്‍ത്തണം
ReplyDelete