Raise our Conscience against the Killing of RTI Activists




Monday, June 28, 2010

ബാസ്റ്റ്യന്‍ ചേട്ടന്‍റെ ദിവസം

            ബാസ്റ്റ്യന്‍ ചേട്ടന്‍ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു കാര്‍ ഡ്രൈവര്‍ ആണ്‌. പണ്ടുമുതലേ വണ്ടി ഉള്ളതു കൊണ്ടു നാട്ടിലെ എല്ലാ പരിപാടികള്‍ക്കും ഒരു അവിഭാജ്യ ഘടകമാണു ബാസ്റ്റ്യന്‍ ചേട്ടന്‍. നാട്ടിലെല്ലാവര്‍ക്കും സുപരിചിതന്‍. പള്ളിയിലൊക്കെ ക്രമായി വരികയും വേദപാഠം പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടു പള്ളിയിലെ അച്ചനും മഠത്തിലെ സിസ്റ്റര്‍മാര്‍ക്കും ബാസ്റ്റ്യന്‍ ചേട്ടനെയും കുടുംബത്തെയും നല്ല പരിചയമാണ്‌.

               വടക്കേവീട്ടില്‍ തോമാച്ചന്‍ ചേട്ടന്‍റെ മകളുടെ കല്യാണ ദിവസം.അന്നൊരു തിങ്കളാഴ്ച ആണ്‌. പതിവു പോലെ ബാസ്റ്റ്യന്‍ ചേട്ടന്‌ കല്യാണ ഓട്ടം ഉണ്ട്‌. കല്യാണ ഓട്ടങ്ങള്‍ക്കു ചേട്ടനു ഒരു താല്‍പര്യം കൂടുതല്‍ ആണ്‌. നല്ല ഭക്ഷണം തന്നെ കാരണം. അന്നു രാവിലെ ചേട്ടന്‍, തോമാച്ചന്‍ ചേട്ടന്‍റെ വീട്ടിലെക്കു പൊവുകയാണ്‌. വഴിയില്‍ വച്ചു പള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോവുന്ന ഷേര്‍ളി സിസ്റ്ററേയും, മാര്‍ഗ്രറ്റ്‌ സിസ്റ്ററേയും കണ്ടു. നല്ല പ്രായമായ അവര്‍ ചട്ടി ചട്ടിയാണു നടക്കുന്നത്‌. അതു കണ്ടപ്പോള്‍ തന്നെ ചേട്ടന്‍ കാര്‍ നിര്‍ത്തി അവരെയും കൊണ്ടു മഠത്തിലേക്കു പോയി. ഇറങ്ങാന്‍ നേരം ഷേര്‍ളി സിസ്റ്റര്‍ പറഞ്ഞു, "ഇവിടം വരെ വന്നതല്ലേ ബാസ്റ്റ്യാ. ഇറങ്ങി കാപ്പി കുടിച്ചിട്ടു പോവാം.""ഞാനേ ഒന്നാന്തരം കല്യാണം കൂടാന്‍ പോകുവാ, അതും തോമാച്ചന്‍ ചെട്ടന്‍റെ വീട്ടിലെ.അപ്പഴാ നിങ്ങടെ ഉണക്കുകപ്പയും ഇറച്ചി കൂട്ടാനും." ചേട്ടന്‍ അവരെ കളിയാക്കി തിരിച്ചടിച്ചു.മഠതില്‍ തിങ്കളാഴ്ച ദിവസം രാവിലെ അതാണ്‌ വിഭവം എന്നു ചേട്ടന്‌ അറിയാമായിരുന്നു.

                   ചേട്ടന്‍ നേരെ കല്യാണ വീട്ടിലേക്കു കുതിച്ചു. സാധാരണ കല്യാണ വീട്ടില്‍ ചെന്നാല്‍ ഡ്രൈവര്‍മാരോടു ഇരുന്നു കാപ്പി കുടിക്കാന്‍ ആണ്‌ ആദ്യം പറയുക. ചെന്ന പാടെ തോമാച്ചന്‍ ചേട്ടന്‍ കാറിനടുത്തേക്കു വരുന്നതും കണ്ടു. കൈ കഴുകിയേക്കാം എന്നും കരുതി ടാപ്പിന്‍റെ അടുത്തേക്കു പൊയപ്പോഴാണ്‌, തോമാച്ചന്‍ ചേട്ടന്‍, ബാസ്റ്റ്യന്‍ ചേട്ടനോട്‌ വേഗം പള്ളിയില്‍ പോയി വര്‍ഗീസ്‌ അച്ചനെ വിളിച്ചോണ്ടു വരാന്‍ പറയുന്നത്‌. വിശപ്പിന്‍റെ വിളിയെ നിഷ്കരുണം കൊലപ്പെടുത്തി ബാസ്റ്റ്യന്‍ ചേട്ടന്‍ വണ്ടിയില്‍ കയറി പള്ളിയിലേക്ക്‌ തിരിച്ചു.

          പള്ളിയില്‍ സാധാരണ, ഭക്ഷണം മഠത്തില്‍ നിന്നാണു കൊണ്ടു വരുന്നത്‌. പള്ളിയില്‍ ചെന്നു അച്ചനോടു, തോമാച്ചന്‍ ചേട്ടന്‍ വിളിച്ച കാര്യം പറഞ്ഞു. അച്ചന്‍ പറഞ്ഞു," ബാസ്റ്റ്യാ, ഇതു വരെ രാവിലത്തെ കാപ്പി വന്നില്ലല്ലോ. ഒരു കാര്യം ചെയ്യാം, നമുക്കു മഠത്തില്‍ പോയങ്ങു കുടിച്ചു കളയാം." അച്ചന്‍റെ നിര്‍ബന്ധത്തിനും, വിശപ്പിന്‍റെ കശാപ്പിനും വഴങ്ങി ബാസ്റ്റ്യന്‍ ചേട്ടനും മഠതിലേക്ക്‌. ചെന്ന പാടെ അച്ചന്‍ പറഞ്ഞു," വേഗം ഭക്ഷണം എടുത്തോ. ഒരു അത്യാവശ്യമുണ്ട്‌, ഒന്നു ബാസ്റ്റ്യനും കൂടി". ബാസ്റ്റ്യന്‍ ചേട്ടന്‍ നോക്കുമ്പോള്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്ന മാര്‍ഗ്രറ്റ്‌ സിസ്റ്ററിന്‍റെ മുഖത്ത്‌ ഒരളിഞ്ഞ ചിരി. ബാസ്റ്റിയന്‍ ചേട്ടന്‍ ഉണക്കു കപ്പ വെട്ടി വിഴുങ്ങികൊണ്ടിരുന്നു." അല്ല ബാസ്റ്റ്യാ, അവിടെനിന്നു ഒന്നും കിട്ടിയില്ലേ?"  ഇതും പറഞ്ഞു ഷേര്‍ളി സിസ്റ്റര്‍, രാവിലെ നടന്നത്‌ അച്ചനുമായി പങ്കു വച്ചു.അതൊരു കളിയാക്കലിന്‍റെ മണമുള്ള കൂട്ടച്ചിരിയിലേക്കു വഴിമാറി. അന്നത്തോടെ തന്‍റെ സ്ഥിരം ഹോബി ആയിരുന്ന അമ്മമാരെ കളിയാക്കല്‍ പരിപാടി ബാസ്റ്റ്യന്‍ ചേട്ടന്‍ ഉപേക്ഷിച്ചു.....  

No comments:

Post a Comment