Raise our Conscience against the Killing of RTI Activists




Tuesday, October 26, 2010

പട്ടി ബെല്‍റ്റ്‌

                            വെറൈറ്റി ബാബു എന്‍റെ  അടുത്ത സുഹൃത്താണ്‌. ആളും, ഇലക്ട്രോണിക്സില്‍ എഞ്ചിനീയറിംഗ്‌ ഒക്കെ കഴിഞ്ഞ്‌ ഇരിക്കുകയാണ്‌. പഠിച്ചത്‌, കോട്ടയത്തുള്ള ഒരു പേരുകേട്ട കോളേജിലും. പേരില്‍ നിന്നുതന്നെ മനസ്സിലാക്കാമല്ലൊ, എന്തും വെറൈറ്റി ആയി ചെയ്യുന്നതിലാണ്‌ പുള്ളിക്ക്‌ താല്‍പ്പര്യം. നേരെയുള്ള വഴി കണ്ടാലും സമീപത്തുള്ള കാടു വഴി വല്ല എളുപ്പ വഴിയും ഉണ്ടോ എന്നാണ്‌ അദ്ദേഹം ആദ്യം ചിന്തിക്കുക.

                              ഫൈനല്‍ ഈയര്‍ പ്രോജക്ടിന്‍റെ സമയം. ബാബുവും കൂട്ടരും വ്യതസ്ഥമായ ഒരെണ്ണം തിരഞ്ഞെടുത്തു. പട്ടികളെ നിയന്ത്രിക്കുന്ന ഒരു അത്ഭുത ഉപകരണം. അതിന്‌ പേരുമിട്ടു, "ഡോഗ്‌ ബെല്‍റ്റ്‌". പട്ടികളുടെ കഴുത്തില്‍ കെട്ടുന്ന ഈ ഉപകരണം വച്ച്‌ ഏതു തരം പട്ടികളെയും നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്‌ ടിയാന്‍റെ പക്ഷം. പട്ടികള്‍ക്കു മാത്രം ശ്രവിക്കാന്‍ സാധിക്കുന്ന ഹൈ ഫ്രീക്ക്വെന്‍സി ശബ്ദം വച്ചാണ്‌ ഉപകരണം കാര്യം സാധിക്കുക. ആയതിനാല്‍, മനുഷ്യര്‍ക്ക്‌ വേറെ ശല്യമില്ല. പട്ടികള്‍ക്ക്‌ മനുഷ്യരെക്കാള്‍ വിലയുള്ള ഈ കാലത്ത്‌, ഇതു ഒരു വന്‍ കണ്ടുപിടിത്തമാവും എന്നൊക്കെയുള്ള ടിയാന്‍റെ പ്രിസെന്‍റെഷന്‍ കണ്ട്‌, സ്ഥിരമായി ട്രാന്‍സിസ്റ്ററും റെസിസ്റ്ററും കണ്ടു മടുത്തിരുന്ന അദ്ധ്യാപകര്‍ മൂക്കും കുത്തി വീണു. അവര്‍ ഒറ്റ സ്വരത്തില്‍ പ്രസ്താവിച്ചു, "gooooo ahead. "

                             അവസാന സെമസ്റ്റര്‍ കഴിയാറായി. ഞങ്ങളുടേതൊക്കെ സാധാരണ പ്രോജക്ട്‌ ആണ്‌. അതുകൊണ്ട്‌ അദ്ധ്യാപകര്‍ക്കു നമ്മളെ വല്യ വിലയൊന്നുമില്ല. മേല്‍പ്പടി ബാബു, ഇതുണ്ടാക്കി തുടങ്ങിയപ്പോഴാണ്‌ പ്രശ്നം തുടങ്ങുന്നത്‌. ഇന്‍റെര്‍നെറ്റില്‍ നിന്ന്‌ കോപ്പി അടിച്ച സര്‍ക്യൂട്ടിന്‌ ചെറിയൊരു കുഴപ്പം. അതു കാരണം ശബ്ദം മനുഷ്യര്‍ക്കും കേള്‍ക്കാനാവുന്നുണ്ട്‌. ഇനി സ്വന്തമായി ഒരു സംഭവം ഉണ്ടാക്കി എടുക്കാനുള്ള സമയവുമില്ല. 

                               അവസാനം പ്രോജക്ട്‌ പ്രിസെന്‍റെഷന്‍റെ സമയം വന്നെത്തി. ബാബു പ്രവര്‍ത്തനം ഒക്കെ എക്സ്റ്റേണലിന്‌ വിശദീകരിച്ചു കൊടുത്തു. എക്സ്റ്റേണലിന്‌, ബാബുവിന്‍റെ സാധനം ആകെയങ്ങു സുഖിച്ചു. "ശരി, പ്രവര്‍ത്തിപ്പിക്കൂ", എക്സ്റ്റേണല്‍ ഉത്തരവിട്ടു. ഓണാക്കിയതും, എല്ലാവരും ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. "എടോ, അപ്പോ താനല്ലേ പറഞ്ഞത്‌, മനുഷ്യര്‍ക്ക്‌ ഇതിന്‍റെ ശബ്ദം കേള്‍ക്കാന്‍ പറ്റില്ലെന്ന്‌, എന്നിട്ടു ഞാന്‍ കേള്‍ക്കുന്നുണ്ടല്ലൊ". വിയര്‍ത്തു പോയ ബാബു പറഞ്ഞു, "ഇല്ല സാര്‍ ഞാന്‍ കെള്‍ക്കുന്നില്ലല്ലൊ. ഇതു നായ്ക്കള്‍ക്കു മാത്രമെ കേള്‍ക്കാന്‍ സാധിക്കൂ!!!!". പിന്നീട് അവിടെ നടന്നത് ചരിത്രം. 

Sunday, October 17, 2010

സഖറിയാസ്‌ അച്ചനും ഞങ്ങളും

                            സഖറിയാസ്‌ അച്ചന്‍ 8-10 വര്‍ഷം മുമ്പ്‌ ഞങ്ങളുടെ പള്ളിയിലെ വികാരിയായിരുന്നു. മറ്റച്ചന്‍മാരില്‍ നിന്നും വ്യതസ്ഥമായി, ഭൌതീകകാര്യങ്ങളെ തണ്റ്റേടത്തോടു കൂടി   നേരിടാനുള്ള കഴിവാണ്‌ അച്ചനെ പ്രശസ്തനാക്കിയത്‌. കാര്യങ്ങള്‍ക്കെല്ലാം അപ്പപ്പോള്‍ തീരുമാനമെടുത്തിരുന്നതിനാല്‍ ഇടവകയംഗങ്ങള്‍ക്കു അച്ചനെ വളരെ പ്രീയമായിരുന്നു. സ്ഥലത്തെ ഷാപ്പില്‍ നിന്നും പുറത്തു വരുന്ന പാമ്പുകളോട്‌ വല്ലാത്ത ഒരു വാത്സല്യം അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നു.

                             ഞങ്ങളുടെ ഇടവക പള്ളി സ്ഥിതി ചെയ്യുന്നത്‌ ടൌണിന്‍റെ നടുക്കു തന്നെയാണ്‌. അതിനാല്‍ പള്ളിയില്‍ നിന്നു നോക്കിയാല്‍ ടൌണിലെയും, തിരിച്ചും കാഴ്ചകള്‍ വ്യക്തമായി കാണാം. അച്ചന്‌ വൈകുന്നേരങ്ങളില്‍ കൈലിമുണ്ടുമുടുത്ത്‌ പള്ളിമുറ്റത്തോടെ ഉലാത്തുന്ന ഒരു പതിവുണ്ട്‌. ഒരിക്കല്‍ ഒരു കള്ളുകുടിയന്‍ നാലു കാലില്‍ ടൌണിലൂടെ പൊകുമ്പോഴാണ്‌, ഒരു ആത്മാവ്‌ കൈലിയുമുടുത്ത്‌ പള്ളിയിലൂടെ ഉലാത്തുന്ന ആ ഭീകര ദൃശ്യം കണ്ടത്‌. വല്ല പിശാചുമാണൊ എന്ന ന്യായമായ സംശയത്തില്‍, കുടിയന്‍ താഴെ നിന്നു വിളിച്ചുചോദിച്ചു, "ഏതു പിശാചാടാ കൈലിയുടുത്തു നടക്കുന്നത്‌?". "ഞാനാടാ പിശാച്‌", എന്ന മറുപടിയോടു കൂടി ഒരു ഭീമാകാര രൂപം തന്‍റെ നേരെ ഇളകി വരുന്നതു കുടിയന്‍ കണ്ടു. ഒട്ടും താമസിയാതെ തന്നെ ആളെ മനസ്സിലാക്കിയ കുടിയന്‍ ക്ഷണം കൊണ്ട്‌ അവിടെ നിന്നു കടന്നു.

                            ഇതുപോലെ മറ്റൊരു കുടിയന്‌ രാത്രി കുറേ നേരം മദ്യപിച്ചു കഴിഞ്ഞപ്പോഴാണ്‌ കുമ്പസാരിക്കണം എന്നൊരു ചിന്ത പൊട്ടിമുളച്ചത്‌. വേഗം തന്നെ കുടിയന്‍ പള്ളിമുറിയിലേക്കോടി. കൊച്ചച്ചന്‍റെ വതില്‍ തട്ടി തുറന്നു കുടിയന്‍ തന്‍റെ നിഷ്കളങ്കമായ ആവശ്യം അറിയിച്ചു. വികാരിയച്ചന്‍ പള്ളിമേടയില്‍ മുകളിലത്തെ നിലയിലാണ്‌ താമസിക്കുന്നത്‌. കൊച്ചച്ചന്‍ താഴെയും. കാര്യം അത്ര പന്തിയല്ലെന്നു മനസ്സിലാക്കിയ കൊച്ചച്ചന്‍, രാത്രി കാലങ്ങളില്‍ കുമ്പസാരിപ്പിക്കാന്‍ വികാരിയച്ചനാണ്‌ നല്ലത്‌ എന്ന ഉപദേശത്തോടെ കുടിയനെ മുകളിലോട്ടു പറഞ്ഞു വിട്ടു. 5 മിനിറ്റ്‌ കഴിഞ്ഞില്ല, കുടിയന്‍ വരാന്തയിലൂടെ 4 കാലില്‍ പുറത്തേക്കോടി പോവുന്നതാണ്‌ കൊച്ചച്ചന്‍ തന്‍റെ മുറിയിലിരുന്നു കണ്ടത്‌.

                               പള്ളിപ്പെരുന്നാള്‍ നടക്കുന്ന സമയം. വികാരിയച്ചനാണ്‌ മൈകിന്‍റെ നിയന്ത്രണം. പ്രദിക്ഷണം കഴിഞ്ഞപ്പോള്‍ വഴി തെറ്റിപ്പോയ ഒരു കുട്ടിയെ കമ്മിറ്റിക്കാര്‍ അച്ചനെ ഏല്‍പ്പിച്ചു. ഉടനെ അച്ചന്‍ മൈകിലൂടെ," ഒരു കുട്ടിയെ കളഞ്ഞു കിട്ടിയിട്ടുണ്ട്‌. താല്‍പ്പര്യമുള്ളവര്‍ പള്ളിമേടയില്‍ വന്ന് ഒത്തു നോക്കേണ്ടതാണ്‌". പ്രദിക്ഷണത്തിനു ശേഷം ഉടനെ തന്നെ കരിമരുന്നു പ്രകടനമാണ്‌. കരിമരുന്നു പ്രകടനത്തിന്‌ മുമ്പ്‌ അച്ചന്‍ മൈകിലൂടെ പ്രധാന നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കയാണ്‌. അതിനിടയില്‍ അച്ചന്‍ പറഞ്ഞു, "ഞാന്‍ പറയാതെ പടക്കം പൊട്ടിക്കരുത്‌." പറഞ്ഞു തീര്‍ന്നില്ല 2 സാമ്പിള്‍ വാണങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. ഉടനെ അച്ചന്‍ മൈകിലൂടെ, "നിന്നോടെല്ലേടാ പറഞ്ഞത്‌ ഞാന്‍ പറയാതെ വാണം വിടരുതെന്ന്". അച്ചന്‍റെ ശുദ്ധമനസ്ഥിതിയും സംസാര ശൈലിയും അറിയാവുന്ന ഞങ്ങള്‍ ഇടവകക്കാര്‍ അതൊരു ചിരിയുടെ ആഘോഷമാക്കി മാറ്റി. 5-6 വര്‍ഷം മുമ്പ്‌ സ്ഥലം മാറിപ്പോയ അച്ചന്‍ ഇന്നും ഞങ്ങളുടെയെല്ലാം ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു.

Tuesday, October 12, 2010

ഭൂതകാലത്തെ സൌഹൃദങ്ങള്‍

                           നമുക്കിടയില്‍ മാറ്റത്തിന്‍റെ ശംഖൊലി മുഴക്കുന്നവരാണ്‌ യഥാര്‍ത്ഥ സുഹൃത്തുക്കള്‍. അങ്ങനെ നോക്കിയാല്‍ ചെറുപ്പകാലത്തെ എന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നു അരുണ്‍ ജോസ്‌. പഠന രംഗങ്ങളില്‍ കാര്യമായ മാര്‍ഗനിര്‍ദ്ദേശം തന്നിരുന്ന വ്യക്തി. അനതിസാധാരണമായ ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിച്ചിരുന്ന അവന്‌ യാതൊരുവിധ ദുസ്വഭാവങ്ങളും ഇല്ലായിരുന്നു. മറ്റെല്ലാവരും ക്ളാസ്സിലെ പ്രോജക്ട്‌ പുറത്തു കൊടുത്തു ചെയ്യിപ്പിച്ചപ്പോള്‍ ഞാന്‍ സ്വയമായി ചെയ്യാനുണ്ടായ പ്രചോദനവും അവന്‍ തന്നെ.

                           സ്കൂള്‍ പഠന ശേഷം ഞാന്‍ വളരെ കുറച്ചു മാത്രമെ അവനെ കണ്ടിട്ടുള്ളു. ഞങ്ങള്‍ ഇരുവരും കേരളത്തിന്‍റെ രണ്ടറ്റത്തുള്ള കോളേജില്‍ പഠിച്ചതായിരുന്നു അതിനു കാരണം. പക്ഷെ, ക്രിയാത്മകമായ സൌഹൃദത്തിന്‌ അതൊരു വിഘാതമായിരുന്നില്ല. നാട്ടില്‍ എത്തുമ്പോഴുള്ള കൂടിക്കാഴ്ച്ചകള്‍ ഞങ്ങള്‍ ആഘോഷമാക്കാറുണ്ടായിരുന്നു. ഞങ്ങള്‍ സ്ഥിരമായി സന്ധിക്കാറുണ്ടായിരുന്ന ടൌണിലെ സിറ്റി ബേക്‌ ഹൌസ്‌ ഇന്നും അതേ പ്രൌഢിയോടെ നില്‍ക്കുന്നു.

                          പക്ഷെ, ഇന്ന് അവനില്ല. ബ്രെയിന്‍ ക്യാന്‍സറ്‍ നിമിത്തം അവന്‍ മരിച്ചു. വളരെ വൈകിയാണ്‌ കണ്ടെത്തിയത്‌. പ്രകത്ഭരായ ഡോക്ടര്‍മാര്‍ക്കു പോലും എന്തെങ്കിലും ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. ഞാന്‍ മരണ ചടങ്ങുകള്‍ക്കു പോയില്ല. പോകാന്‍ തോന്നിയില്ല എന്നതു സത്യം. അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ നമ്മള്‍ ബോധപൂര്‍വ്വം തന്നെ അംഗീകരിക്കാറില്ലല്ലോ.

                        ജീവിതത്തിന്‍റെ പകുതിയെന്നോ മുക്കാലെന്നോ അറിയാത്ത ഒരു ഭാഗം ഞാനും പൂര്‍ത്തിയാക്കി കഴിഞ്ഞു. പക്ഷേ, ഈ മത്സരത്തില്‍ അവന്‍ ഒന്നാമനായി. ദിവസങ്ങള്‍ക്കിടയിലുള്ള അന്തരം മങ്ങി തുടങ്ങിയിരിക്കുന്നു. ഇന്നലകളിലെ ഭക്ഷണം കഴിപ്പും, സിനിമ കാണലുകളും, സുഹൃത്തുക്കളോടൊപ്പമുള്ള കറങ്ങലുകളുമൊന്നും ഇന്ന് ഒരു സംതൃപ്തിയും നല്‍കുന്നില്ല. അവയെല്ലാം നിറഞ്ഞ ഒര്‍മ്മകള്‍ മാത്രം. നമ്മള്‍ ഇല്ലെങ്കിലും ഒന്നും നിന്നു പോവുന്നില്ല. ഞാന്‍ പഠിച്ച സ്കൂളുകളും കോളേജും, കറങ്ങിയ സ്ഥലങ്ങളും ഇന്നു പുതിയ വ്യക്തിത്വങ്ങളെകൊണ്ട്‌ നിറഞ്ഞു നില്‍ക്കുന്നു. നമുക്കു മാത്രമാണ്‌ മാറ്റം എന്നു തോന്നുന്നു. ഇതിനിടയില്‍ മറ്റൊരാളുടെ മുഖമെങ്കിലും നമ്മള്‍ മൂലം ശോഭിച്ചാല്‍, അതൊരു വിജയമായി. എന്നേക്കുമുള്ള വിജയം.

                          ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവന്‍ ഇനി വരില്ല. സിറ്റി ബേക്‌ ഹൌസ്‌ പുതിയ സൌഹൃദങ്ങള്‍ക്കായി ഒരുങ്ങി നില്‍ക്കുന്നു. പഴയവ പലതും ഓര്‍മ്മകളില്‍ പോലും അവശേഷിക്കാതായപ്പോള്‍ ഞാനും പുതിയ സൌഹൃദങ്ങള്‍ കണ്ടെത്തി. അതു തുടരുന്നു. എന്‍റെ പ്രീയപ്പെട്ട അരുണിനും, ഇതുവരെയുള്ള പഠനകാലത്തിനിടക്കു മൃതിയടഞ്ഞ നാലു സുഹൃത്തുക്കള്‍ക്കും, ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രകള്‍ക്കിടയില്‍ ഞാന്‍ അവഗണിച്ച ഓരോ വ്യക്തിത്വങ്ങള്‍ക്കു മുന്നിലും ഇതു ഞാന്‍ സമര്‍പ്പിക്കുന്നു.

Monday, October 11, 2010

Average logical puzzle

Four angels sat on the Christmas tree amidst other ornaments. Two had blue halos (imaginary ring above head of angels) and two – yellow. However, none of them could see above his head. Angel A sat on the top branch and could see the angels B and C, who sat below him. Angel B, could see angel C who sat on the lower branch. And angel D stood at the base of the tree obscured from view by a thicket of branches, so no one could see him and he could not see anyone either.
Which one of them could be the first to guess the color of his halo and speak it out loud for all other angels to hear?


Answers are expected as comments

Monday, October 4, 2010

ഉത്തൂപ്പും ഗോപിയും ശശിയും പിന്നെ ഞാനും

അന്ത കാലം. എന്നുവച്ചാല്‍ കോളേജില്‍ പഠിക്കുന്ന കാലം. പറയേണ്ട കാര്യമില്ലല്ലോ. സുന്ദരികള്‍ തന്നെയാണ്‌ എറ്റവും വിപണി മൂല്യമുള്ള വസ്തു. മറ്റു വിപണി സാധനങ്ങള്‍ പോലെ തന്നെ പരിഗണിക്കപ്പെടുന്നതുകൊണ്ട്‌, ചരക്ക്‌ എന്നാണ്‌ അവരുടെ കോഡ്‌ ഭാഷ. എവിടെ പോയാലും നമ്മുടെ കണ്ണുകള്‍ ആദ്യം തിരയുക അവരെയായിരിക്കും. പ്രത്യേകിച്ചു ട്രെയിനില്‍. ബസ്സില്‍ ഏതൊ അലവലാതി (കോഴികളുടെ ഭാഷയില്‍) സ്ത്രീകള്‍ക്കു സീറ്റ്‌ സംവരണം ചെയ്തതു കൊണ്ടു അവരെല്ലം അവിടെയേ കൂടി നില്‍ക്കു. കോഴികള്‍ എന്നത്‌ സ്ത്രീകളില്‍ കുറച്ചു താല്‍പര്യം കൂടിയവരെ സ്നേഹിതന്‍മാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേരാണ്‌. പക്ഷേ, ലേഡീസ്‌ കമ്പാര്‍ട്മണ്റ്റ്‌ ഒഴിച്ച്‌ മറ്റെല്ലായിടത്തും ട്രെയിനില്‍ സമത്വമുണ്ട്‌. അതു ഭാരതത്തെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ തന്നെ കോഴികള്‍ക്ക്‌, ട്രെയിനിനോട്‌ ഒരു പ്രത്യേക  ബഹുമാനമാണ്‌. ട്രെയിനില്‍, ചരക്കുകള്‍ ഇരിക്കുന്ന ഭാഗങ്ങളില്‍ മിക്കവാറും തിരക്ക്‌ അല്‍പം കൂടുതലാണ്‌.

ഞാന്‍ 3ആം വര്‍ഷം പഠിക്കുമ്പൊഴാണ്‌ സംഭവം. പൊതുവേ എല്ലാവരും ചരക്കുകളില്‍ തല്‍പരരാണെങ്കിലും, അവരോട്‌ കേറി മുട്ടാനുള്ള ഗട്സൊന്നും എല്ലാവര്‍ക്കും ഇല്ല.  അങ്ങനെയുള്ള 3-4 കോഴികള്‍ എന്‍റെ ക്ളാസ്സിലുണ്ടായിരുന്നു. ഓണം അവധിക്കു ഞാനും, അവര്‍ എല്ലവരും കൂടി ചെന്നൈ മെയിലില്‍ വീട്ടിലേക്കു പോവുകയാണ്‌. നമുക്ക്‌ അവരെ തല്‍ക്കാലം ഗോപി, ഉത്തൂപ്പ്‌, ശശി എന്നിങ്ങനെ വിളിക്കാം. പൊതുവെ സ്റ്റാണ്റ്റേഡ്‌ ചരക്കുകള്‍ സ്ളീപ്പറില്‍ ആണ്‌ ഉള്ളത്‌, എന്നതുകൊണ്ടു തന്നെ ഞങ്ങളും കഷ്ടപ്പെട്ടു സ്ളീപ്പര്‍ ടിക്കറ്റ്‌ ഒക്കെ എടുത്തു. ട്രെയിനില്‍ കയറി വേഗം പരതല്‍ തുടങ്ങി. ഒത്തിരി എക്സ്പീരിയന്‍സൊക്കെ ഉള്ളതു കൊണ്ടുതന്നെ ഒരു കിടിലന്‍ ചരക്കിനെ കണ്ടെത്താന്‍ അവര്‍ക്കധികം താമസിക്കേണ്ടി വന്നില്ല.

സന്ദേശം എല്ലാവരിലേക്കും കൈമാറപ്പെട്ടു. ചരക്കു അവിടെ ഒറ്റക്കിരിക്കയാണ്‌. സീറ്റിനടുത്തിരിക്കാന്‍ അവര്‍ക്കിടയില്‍ കടുത്ത തര്‍ക്കമായി. ഗട്സ്‌ ഇല്ലായിരുന്നതുകൊണ്ട്‌, ഞാന്‍ അല്‍പം മാറിയിരുന്ന്‌ ബോബനും മോളിയും വായിക്കാനും തുടങ്ങി. അവസാനം അവരൊരു ഒത്തുതീര്‍പ്പിലെത്തി. ഓരോരുത്തര്‍ പോയി പരിചയപ്പെടുന്നു. നല്ല കൂട്ടായി കഴിയുമ്പോള്‍ അടുത്തവന്‍ സീറ്റിനടുത്തേക്കു വരും. അപ്പോള്‍ ആദ്യത്തവന്‍ മാറി കൊടുക്കണം. ഇതായിരുന്നു കോഴികള്‍ക്കിടയിലെ ധാരണ. മാന്യമായ ഈ ധാരണ അതിവേഗം അംഗീകരിക്കപ്പെട്ടു. അതനുസരിച്ച്‌, ആദ്യം ഉത്തൂപ്പു പരിചയപ്പെടാന്‍ പോയി. പുസ്തകം മുന്നിലുണ്ടെങ്കിലും, എന്‍റെ കണ്ണുകള്‍ അവിടെ എന്തു സംഭവിക്കുന്നു എന്നതിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ശശിക്കാണ്‌ 3ആം ചാന്‍സ്‌. അവന്‍ ടോയ്ലറ്റില്‍ ഒക്കെ പോയി 10-15 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ പതിയെ പരിചയപ്പെടാന്‍ രംഗപ്രവേശം ചെയ്തു.

നോക്കിയപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. പരിചയപ്പെടാന്‍ ഉത്സാഹിച്ച മറ്റു രണ്ടവന്‍മാര്‍ മുകളില്‍ കയറി, ഭാര്യയും ഭര്‍ത്താവും വഴക്കുണ്ടാക്കി കിടക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നു. അവന്‍മാരുടെ നമ്പറില്‍ അവള്‍ വീണുകാണില്ല, ശശി മനസ്സില്‍ ഉറപ്പിച്ചു. നമ്പര്‍ കുറച്ചു മാറ്റി പിടിച്ചു കളയാം. മനസ്സില്‍ കാല്‍ക്കുലേഷന്‍ ഒക്കെ നടത്തി അവന്‍, കോളേജ്‌ ID കര്‍ഡ്‌ എടുത്തു കഴുത്തിലിട്ടു, അവളുടെ എതിര്‍ സീറ്റില്‍ വന്നിരുന്നു. ആശാന്‍റെ രണ്ടു മൂന്നു ചിരി വെറുതെ  പാഴായി. അവള്‍ നോക്കുന്നേയില്ല. ഇനി നോക്കി നിന്നിട്ടു കാര്യമില്ല, അണ്ണന്‍ മനസ്സിലുറപ്പിച്ചു.

ശബ്ദമൊക്കെ ഒന്നു ശരിയാക്കി ആശാന്‍ ചോദിച്ചു, "എന്തു ചെയ്യുന്നു?". ഒരു നിമിഷം പോലും കഴിഞ്ഞില്ല, അവളുടെ മറുപടി വന്നു, "എന്‍റെ ഭര്‍ത്താവു കൊച്ചിയില്‍ ജോലി ചെയ്യുന്നു.""എന്തു!", ചോദ്യവും ഉത്തരവും തമ്മില്‍ എന്തു ബന്ധം. ആലോചിച്ചപ്പോഴാണ്‌ അവള്‍ പരിചയപ്പെടലിന്‍റെ ഉദ്ദേശം മനസ്സിലാക്കിയതായി അവനു പിടി കിട്ടിയത്‌. അപ്പോള്‍ തന്നെ മുകളില്‍ കിടക്കുന്ന അവന്‍മാര്‍, കികികി എന്നു പല്ലിളിക്കുന്നതും ശശി കേട്ടു. പണ്ടതെ മോഹന്‍ലാല്‍ സ്റ്റയിലില്‍ ശരി, വരട്ടെ എന്നൊക്കെ പറഞ്ഞു ശശി പയ്യെ രംഗത്തു നിന്ന്‌ എഴുന്നേറ്റു. എന്നിട്ടു പയ്യെ മുകളില്‍ കയറി കിടന്നു. ട്രെയിന്‍ ഇറങ്ങിയപ്പോഴാണ്‌ മനസ്സിലായത്‌, ഉത്തൂപ്പും ഗോപിയും അതേ ചോദ്യം തന്നെയായിരുന്നു ചോദിച്ചത്‌. ആദ്യം ഉത്തൂപ്പ്‌ വടിയായപ്പോള്‍, പയ്യെ മുകളിലേക്കു വലിഞ്ഞ്‌ ഗോപിയുടെ ഊഴം കാത്തുകിടന്നു. ഗോപിയുടെ ഊഴം കൂടി കഴിഞ്ഞതോടെ, ശശിയുടെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു അവര്‍. ചമ്മലിന്‍റെ ക്ഷീണം മാറ്റാന്‍ ഒരു നാരങ്ങാ വെള്ളമൊക്കെ കുടിച്ചു അവര്‍ സ്റ്റേഷനില്‍ നിന്നു പിരിഞ്ഞു. ഇതു, എന്നെകൊണ്ടു സാധിക്കുന്ന തരത്തിലൊക്കെ കോളേജില്‍ പാട്ടാക്കി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അന്നത്തെ ഓരോ രസങ്ങള്‍......