Raise our Conscience against the Killing of RTI Activists




Sunday, April 24, 2011

നഗരങ്ങളിലെ അഴുക്കുചാലുകള്‍

ശ്രീഹരിക്കൊട്ടയില്‍ നിന്ന് വീട്ടിലേക്കുള്ള ഒരു മടക്ക യാത്ര. കുറെ നാളുകള്‍ക്ക് ശേഷം മടങ്ങി വരുന്നത് കൊണ്ട് മനസ്സ് വീട്ടില്‍ തന്നെ. ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് അര്‍ത്ഥരാത്രിയുള്ള ട്രെയിനാണ് ടിക്കെറ്റ്‌. ചെന്നൈ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. യാത്രകളാണ് മനസ്സില്‍ ചിന്തകള്‍ നിറക്കുന്ന ഒരുപകരണം. പല യാത്രകളും മനസ്സിനെ ചിന്തകളുടെ ഒരു യുദ്ധക്കളമാക്കി മാറ്റാറുമുണ്ട്. ചെന്നൈയിലെ അഴുക്ക് നിറഞ്ഞ ചേരികള്‍ക്കിടയിലൂടെയുള്ള ട്രെയിന്‍ യാത്രകളും, അവിടങ്ങളിലെ പ്രാഥമീക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്ത സാഹചര്യങ്ങളും, തൊട്ടുമാറിയുള്ള കൂറ്റന്‍ കെട്ടിടങ്ങളും എല്ലാം കണ്ടുകൊണ്ട് എങ്ങനെ നമ്മുടെ രാജ്യം ഒരു വികസിത രാജ്യമായി മാറും എന്ന ചിന്തയിലായിരുന്നു മനസ്സ്. 

ഭക്ഷണ ശേഷം തിരിച്ചു സ്റ്റേഷനിലേക്കുള്ള യാത്ര. ചിന്തയുടെ കാലുഷ്യം മനസ്സില്‍ നിന്ന് പടിയിറങ്ങിയിട്ടുണ്ടായിരുന്നില്ല. സ്റ്റേഷനു അടുത്തുള്ള തെരുവോരങ്ങള്‍, ഫുട് പാത്തുകള്‍. അവിടെ ആയിരങ്ങള്‍ അന്തിയുറങ്ങുന്നു. അവരില്‍ പത്തിരുപതു വയസ്സ് മുതല്‍ ഏതാണ്ട് എണ്‍പത് വയസ്സ് പ്രായമായ  സ്ത്രീകളെയും പുരുഷന്മാരെയും വരെ കാണാം. ദുര്‍ഗന്ധം വമിക്കുന്ന ആ തെരുവോരങ്ങളില്‍ അര്‍ത്ഥരാത്രി പോലും സ്റ്റേഷനില്‍ നിന്നും, തെരുവ് വിളക്കുകളില്‍ നിന്നും നല്ല വെളിച്ചം വീഴുന്നുണ്ട്. നമുക്കൊന്നും സഹിക്കാനാവാത്ത കൊതുക് ശല്യവും. സാമ്പത്തീക ചിന്തകളില്‍ മുഴുകിയിരുന്ന മനസ്സ് സാവധാനം ഭൂമിയിലേക്കിറങ്ങി വന്നു. എന്തു കൊണ്ടോ ഈ കാഴ്ചകള്‍ എന്‍റെ മനസ്സിനെ മറ്റൊരു ദിശയിലേക്ക് മാറ്റി. "നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍". ഞാന്‍ എന്‍റെ സുഹൃത്തിനോടായി പറഞ്ഞു. "നമുക്കായി കാത്തിരിക്കാന്‍ ആരെങ്കിലുമുണ്ടല്ലോ". അവന്‍റെ ഈ മറുപടി അവനും സാഹചര്യങ്ങളെ സൂക്ഷ്മം വിലയിരുത്തുന്നു എന്ന് എന്നെ മനസ്സിലാക്കിച്ചു. 

ട്രെയിന്‍ വരാന്‍ സമയമുള്ളതിനാല്‍ ഞങ്ങള്‍ അടുത്ത് തന്നെയുള്ള മൂര്‍ മാര്‍ക്കറ്റിലേക്ക് പോയി. അവിടെ ഉടുത്തൊരുങ്ങി തങ്ങളുടെ അന്നത്തെ നാധനെയും കാത്തു നില്‍ക്കുന്നവര്‍‍. വയറിലെ വിശപ്പടക്കാന്‍, അല്ലെങ്കില്‍ ആശ്രയിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശരീരങ്ങള്‍ അവിടെ വില്‍ക്കപ്പെടുന്നു. ജീവിതത്തിന്‍റെ പ്രാരാബ്ദങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാതെ പോയ ഓരോ കഥകളും മനുഷ്യ രൂപം പൂണ്ടു നില്‍ക്കുന്നു. തിരിച്ചു നടക്കുമ്പോള്‍ മനസ്സ് കലുഷിതമായിരുന്നു. പകല്‍ പ്രകാശമാനമാവുന്ന നഗരത്തിന്‍റെ ഇരുണ്ട മുഖമാണ് രാത്രി കാണാനാവുക.

കുറച്ചു മാറിയുള്ള കൂറ്റന്‍ ബംഗ്ലാവുകള്‍ അവരെ കളിയാക്കുന്നതായി തോന്നി. അതിനുള്ളില്‍ അന്തിയുറങ്ങുന്നതും മനുഷ്യര്‍, തെരുവുകളില്‍ അന്തിയുറങ്ങുന്നതും അവര്‍ തന്നെ‍. സാമ്പത്തികമായ ഇത്തരം ചേരി തിരിവ് ബലപ്പെടുന്നത് സമൂഹത്തിനു ആപത്താണ്. എല്ലാവരും വരുന്നതും പോകുന്നതും ഒരു പോലെ. എന്നാല്‍ കാലമോ, ഭാഗ്യമോ, ജീവിത വീക്ഷണങ്ങളോ എന്തോ നമ്മുടെ സമൂഹത്തെ വേര്‍തിരിക്കുന്നു. അഴിമതി, സമൂഹത്തിന്‍റെ അപചയം തുടങ്ങി നൂറായിരം കാരണങ്ങള്‍ ഇതിനായി പറയാമെങ്കിലും, കാരണങ്ങളല്ല എന്തെങ്കിലും പരിഹാരമുണ്ടോ എന്നതാണ് പ്രധാനം. മരണ ശേഷം ഒരു പക്ഷെ നമ്മെ ഏറ്റവും അസ്വസ്ഥമാക്കുന്ന അവിടുത്തെ ചോദ്യങ്ങളിലോന്നു നീ ഇവര്‍ക്കായി എന്ത് ചെയ്തു എന്നതാവും?

നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന താലന്തുകളില്‍ ഒരംശം നമ്മുടെ സമൂഹത്തിനും അവകാശപ്പെട്ടതല്ലേ. നമുക്കായി കാത്തിരിക്കാന്‍ ആരെങ്കിലുമുണ്ടായത് ഒരിക്കലും നമ്മുടെ മിടുക്കല്ല. മനുഷ്യര്‍ വരുന്നു, പോകുന്നു, സമൂഹത്തിനായി എന്തെങ്കിലും നന്മ ചെയ്യുന്നവര്‍ മാത്രം പില്‍ക്കാലത്ത് സ്മരിക്കപ്പെടുന്നു. നാട്ടിലേക്കുള്ള ട്രെയിന്‍ അഞ്ചാം പ്ലാട്ഫോമില്‍ സ്ഥാനം പിടിച്ചിരുന്നു. "ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത്" വചനം വെറുതെ മനസ്സില്‍ മുഴങ്ങി. ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. തെരുവുകളില്‍ അപ്പോഴും നല്ല ഒരു നാളെ സ്വപ്നം കാണുന്നവര്‍ ഉണ്ടായിരുന്നു. "നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍" എന്ന് മനസ്സില്‍ മന്ത്രിക്കുന്ന ഒരു കൊച്ചു കൂട്ടം ട്രെയിനിനുള്ളിലും.

 

Tuesday, April 19, 2011

ഡ്രൈവര്‍ ശരത്‌


ശരത്താശാന്‍ എന്‍റെ ഓഫീസിലെ സഹപ്രവര്‍ത്തകനാണ്. വലിയ ആദര്‍ശമൊക്കെ ഉള്ള ആളാണെങ്കിലും പലപ്പോഴും അതൊന്നും നടപ്പാകാറില്ല. മറ്റേതൊരു ശരാശരി കൌമാരക്കാരനെയും പോലെ തന്നെ തരുണീമണികള്‍ കൂടതല്‍ ഉള്ള കോഴിക്കൂടുകള്‍ തന്നെയാണ് ആശാനും താല്പര്യം. നല്ല ഒരു ഉദ്യോഗവും, വരുമാനവും ഉള്ളതിനാല്‍ പറ്റിയ ഒരു പിടയെ കണ്ടുപിടിക്കുന്നതിനാണ് ഈ പരിശ്രമം എന്നാണു ആശാന്‍റെ ഭാഷ്യം.

ആശാന്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു ബന്ധുവിന്‍റെ കല്യാണത്തിന് പോയി. ബന്ധു എന്ന് പറഞ്ഞാല്‍ ഏതോ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമേ ഉള്ളു. വരനാണ് ബന്ധു. കുറച്ചു നാള്‍ ഏതോ ഗള്‍ഫ്‌ രാജ്യത്ത് പോയി എന്നതാണ് വരന്‍റെ പ്രധാന യോഗ്യത. ജാട എന്ന പദം പോലും അദ്ദേഹമാണോ കണ്ടു പിടിച്ചത് എന്ന് സംശയം തോന്നും. അമ്മയാണെങ്കില്‍ പറയുകയും വേണ്ട. നമ്മുടെ ഗോപുമോന്‍റെയും  (ശ്രീശാന്ത്‌) അമ്മയുടെയും മറ്റൊരു പതിപ്പായി കണക്കാക്കാം. അച്ഛന്‍ പഞ്ച പാവവും. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു തൊട്ടു മുമ്പാണ് ആശാന്‍ വീട്ടില്‍ ചെല്ലുന്നത്. ആശാനാണെങ്കില്‍ ആദ്യമായാണ് ഇവരെ കാണുന്നത് തന്നെ. ചെന്നപ്പോഴാണ് അറിയുന്നത് വരന്‍റെ അമ്മ അവരുടെ സ്വന്തം കാറായ കൊറോളയില്‍ ഡ്രൈവറെയും കൂട്ടി അമ്പലത്തിലേക്ക് വരനെയൊന്നും
കൂട്ടാതെ നേരത്തെ പോയിരിക്കുന്നു. അച്ചനാണെങ്കില്‍ ഡ്രൈവിങ്ങും വശമില്ല. കല്യാണ ദിവസം വരന്‍ തന്നെ എങ്ങനെ വണ്ടി ഓടിക്കും?

ആശാന്‍ വന്നപോഴേ തന്നെ വരന്‍റെ പെങ്ങളായ സുന്ദരിയെ ശ്രിദ്ധിച്ചിരുന്നു. അച്ഛനെ പോലെ മറ്റൊരു നല്ല വ്യക്തി. ഇടക്കിടക്ക്‌ ആശാന്‍ തന്‍റെ ഉദ്യോഗത്തിന്‍റെ id കാര്‍ഡ് ഇടുക തുടങ്ങി പലവിധ നമ്പറുകള്‍ കുട്ടിയുടെ അടുത്ത് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ്‌ ഈ വണ്ടി ഓടിക്കല്‍ പ്രശ്നം ആശാന്‍ കേട്ടത്. ഉടനെ ആശാന്‍ അച്ഛനോട് തന്‍റെ ഡ്രൈവിംഗ് പ്രാഗല്ഭ്യത്തെ പറ്റി അറിയിച്ചു. എല്ലാവര്‍ക്കും സന്തോഷം. പെങ്ങള്‍ തന്‍റെ ആദ്യ നോട്ട ശരം ആശാന് നേരെ എയ്തു. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയെന്ന് ആശാന്‍റെ മനസ്സും. അപ്പോഴാണ്‌ വരന് ജാട എന്ന അസുഖം ഇളകിയത്. "ഇവനൊന്നും ഓടിച്ചാല്‍ ശരിയാകില്ല", വരന്‍ പ്രഖ്യാപിച്ചു. മറ്റാരും ഓടിക്കാനില്ലാത്തത് കൊണ്ടും, അച്ഛന്‍റെയും ബന്ധുക്കളുടെയും സമ്മര്‍ദ്ദം മൂലവും ഒടുവില്‍ വരന്‍ സമ്മതിച്ചു. "നിനക്ക് ഇന്നോവയൊക്കെ ഓടിക്കാനറിയാമോടാ ചെറുക്കാ"?, പ, മ, കു, തുടങ്ങിയ അക്ഷരങ്ങളില്‍ വന്ന ചില വാക്കുകള്‍ വിഴുങ്ങിയ ആശാന്‍ വിനീതവിധേയനായി, അറിയും എന്ന്
മൊഴിഞ്ഞു. പെങ്ങള്‍ പ്രതീക്ഷയോടെ തന്‍റെ മുഖത്തേക്ക് ഉറ്റു നോക്കുന്നുണ്ട്.

ശരത്തും പരിവാരങ്ങളും വണ്ടിയില്‍ കയറി. യാത്രാമധ്യേ കാറിന്‍റെ ഗ്ലാസ്‌ വഴി ശരത്താശാന്‍ തന്‍റെ ഹൃദയത്തിന്‍റെ ഒരു ചെറിയ കഷണം പെങ്ങള്‍ക്ക് കൈമാറി. അവസാനം അമ്പലത്തിലെത്തിയപ്പോള്‍, വരന്‍ മൊഴിഞ്ഞു, "ങാ, നീ വണ്ടി അങ്ങ് മാറ്റി പാര്‍ക്ക്‌ ചെയ്തെരെ". എന്നിട്ട് വരനും പരിവാരവും പുറത്തിറങ്ങി അമ്പലം ലക്‌ഷ്യം വച്ച് നടപ്പാരംഭിച്ചു. ശരത് ആരാ മുതല്. ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഉല്‍പ്പന്നമാണ്. "ശ്ശ്" എന്ന് വിളിച്ച ശേഷം, ആശാന്‍ കീ വായുവിലൂടെ, എല്ലാവരും നോക്കി നില്‍ക്കെ, നായകന്‍റെ കയ്യില്‍ എത്തിച്ചു. വരന്‍ മോന്തക്കടി കിട്ടിയ പോലെ അതാ അവിടെ ഠിം. തിരിച്ചു നടക്കുമ്പോള്‍, ആശാന്‍ ഒന്ന് തിരിഞ്ഞു നോക്കി. പെങ്ങള്‍ അപ്പോഴും ആശാനെ നോക്കുന്നുണ്ടായിരുന്നു.

ശരത് ഫോര്‍ വീല്‍ ലൈസെന്‍സ് എടുത്തപ്പോഴും ഒരു രസകരമായ സംഭവമുണ്ടായി. ലൈസെന്‍സ് ടെസ്റ്റിന്‍റെ അന്ന് രാവിലെ ടെസ്റ്റ്‌ ഗ്രൌണ്ടിലെത്തിയ ശരത് കഷ്ടപ്പെട്ട് H പാസായി. ഇനിയുള്ളത് റോഡിലൂടെ ഓടിച്ചുള്ള പരീക്ഷയാണ്. ശരത്താശാന്‍റെ സമയമായി. മുതലമട മുത്തപ്പനെയും മനസ്സില്‍ ധ്യാനിച്ച്‌ ആശാന്‍ വണ്ടിയിലേക്ക് കയറി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടതു വശത്ത് ഇരിപ്പുണ്ട്. പുറകില്‍ ഡ്രൈവിംഗ് സ്കൂളുകാരനും. എല്ലാവര്‍ക്കും അറിയാമായിരിക്കുമല്ലോ, ഡ്രൈവിംഗ് സ്കൂള്‍ വണ്ടികള്‍ക്ക് ഇടതു വശത്തും ക്ലച്ചും ബ്രേക്കും ഒക്കെയുണ്ട്. പഠനത്തിന്‍റെ ആദ്യ കാലങ്ങളില്‍, കിടിലമായി ഓടിക്കുന്നു എന്ന് നമുക്ക് തോന്നുമെങ്കിലും ശരിക്കും ഡ്രൈവിംഗ് സ്കൂളുകാരന്‍ തന്നെ ആയിരിക്കും ബ്രേക്ക്‌ ഒക്കെ അമര്‍ത്തുക. പുറകിലുള്ള സ്കൂളുകാരനോട് വര്‍ത്തമാനം പറഞ്ഞിരുന്ന വെഹിക്കിളിന്‍റെ കാലുകള്‍ ബ്രേക്കിന്‍റെയും ക്ലെച്ചിന്‍റെയും മുകളിലായി പോയി. ഓടിക്കാന്‍ കയറിയ ശരത് ഞെട്ടി. അതാ ബ്രേക്കും ക്ലെച്ചും താഴ്ന്നിരിക്കുന്നു. രണ്ടു മൂന്നുവട്ടം അവയില്‍ ചവിട്ടിയെങ്കിലും പൊങ്ങി വരുന്നില്ല. പുറകിലുള്ള, വണ്ടി ആശാന്‍ ഒന്നും മനസ്സിലാകാതെ മിഴിച്ചിരിപ്പുമുണ്ട്. അവസാനം ശരത് അവസാന ശ്രമം നടത്തി. കുനിഞ്ഞു ബ്രേക്കില്‍ പിടിച്ചു വലിയായി. ഇത് കണ്ട വെഹിക്കിള്‍ ഞെട്ടി. "താന്‍ എന്തുവാടോ ഈ കാണിക്കുന്നേ?" എന്നാ ശകാരത്തിന്‍റെ കൂടെ വെഹിക്കിളിന്‍റെ കാലും അയാള്‍ അറിയാതെ ഇതില്‍ നിന്ന് മാറി. ബ്രേക്ക്‌ പൊങ്ങി. ഞാന്‍ വണ്ടിയെ ഒന്ന് വണങ്ങി പ്രാര്‍തിച്ചതാണ് സര്‍ എന്നാ ശരത്തിന്‍റെ മറുപടി കേട്ട് ഒന്നും മനസ്സിലാകാതെ കിളിയായി പുറകില്‍ വണ്ടി ആശാന്‍ അപ്പോഴും ഉണ്ടായിരുന്നു. ആശാന്‍റെ കൈമടക്കിന്‍റെ മിടുക്കോ അതോ ശരതിന്‍റെ
ഭാഗ്യമോ, എന്തായാലും ശരത്തിന് ലൈസെന്‍സ് കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ

Wednesday, April 13, 2011

കായീസ്‌ ബിരിയാണി



എറണാകുളംകാര്‍ക്ക് സ്വന്തം സ്ഥലം പോലെ തന്നെ പരിചയമായ മറ്റൊരു പേര് കൂടിയുണ്ട്. കായിക്ക. എറണാകുളത്തെ ബിരിയാണിയുടെ ഈറ്റില്ലം. ഉദ്ദേശം 61 വര്‍ഷമായി ചൂടാര്‍ന്ന ബിരിയാണിയുടെ ഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു കായിക്കയുടെ സ്വന്തം കായീസ്‌ ബിരിയാണി കട. കഴിഞ്ഞ ദിവസങ്ങളിലോന്ന്‍
ഞാനും, സുഹൃത്തും കൂടി പ്രസിദ്ധമായ കായീസ്‌ ബിരിയാണി ആസ്വദിക്കാന്‍ പുറപ്പെട്ടു.

എറണാകുളത്ത്‌ TDM ഹാളിനും ദര്‍ബാര്‍ ഗ്രൌണ്ടിനും അടുത്തായാണ് കായീസ്‌ കട സ്ഥിതി ചെയ്യുന്നത്. പാരമ്പര്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പരസ്യങ്ങളാണ് നമ്മെ വരവേല്‍ക്കുക. വര്‍ഷങ്ങളായി കടയെ പറ്റി പ്രസിദ്ധ മാധ്യമങ്ങളിലും, ചാനെലുകളിലും വന്ന വാര്‍ത്തകളും, കട സന്ദര്‍ശിച്ച പ്രമുഖരുടെ അഭിപ്രായങ്ങളും കടയിലേക്ക് ആരെയും ഊഷ്മളമായി സ്വാഗതം ചെയ്യും. പ്രമുഖരില്‍, ചിത്രകാരന്‍ M.F. ഹുസൈന്‍ മുതല്‍ സുരേഷ് ഗോപി പോലുള്ള നടന്മാരും, M.T പോലുള്ള സാഹിത്യകാരന്മാരും ഉള്‍പ്പെടുന്നു. മീഡിയം വലിപ്പത്തിലുള്ള കട നന്നേ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

1949ല്‍ ആണ് ഫോര്‍ട്ട്‌ കൊച്ചിക്കടുത്തായി കായിക്ക തന്‍റെ ബിരിയാണി കട തുറക്കുന്നത്. ദിവസവും ഉച്ചക്കും വൈകിട്ടും തുറക്കുന്ന കട, ഭക്ഷണം തീരുന്നത് വരെ പ്രവര്‍ത്തിക്കുന്നു. വളരെ ചെറിയ രീതിയില്‍ ആരംഭിച്ച കട, രുചി കൊണ്ടും കൈപ്പുണ്യം കൊണ്ടും പ്രശസ്തമാകുന്നതിനു അധികം കാലം വേണ്ടി വന്നില്ല. കായീസ്‌ എന്നാല്‍ അക്കാലത്ത് കായിക്ക മാത്രമായിരുന്നു. കട ഇപ്പോള്‍ നടത്തുന്നത് അദ്ദേഹത്തിന്‍റെ മക്കളാണ്.  800നു അടുത്ത ആളുകള്‍ ഒരു ദിവസം കടയില്‍ വരുന്നു. ബിരിയാണിക്ക് പുറമേ, അവിടുത്തെ നെയ്ച്ചോറും, മട്ടണ്‍ കറിയും പ്രശസ്തമാണ്.

ഞങ്ങള്‍ കടയില്‍ ചെല്ലുമ്പോള്‍ ഉദ്ദേശം 15 ഓളം ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. ആയതിനാല്‍ ഞങ്ങള്‍ ക്യൂ ഒഴിവാക്കി AC ഭാഗത്തേക്ക് മാറി. നല്ല വൃത്തിയുള്ള അന്തരീക്ഷവും, സര്‍വീസും ആരെയും ആകര്‍ഷിക്കും. ഏറെ പ്രസിദ്ധമായ കായീസ്‌ മട്ടണ്‍ ബിരിയാണി അപ്പോഴേക്കും തീര്‍ന്നിരുന്നു. ഓര്‍ഡര്‍ ചെയ്തു ഉദ്ദേശം 5 മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആവി പറക്കുന്ന ചിക്കന്‍ ബിരിയാണി മുന്നിലെത്തി. വിശപ്പ്‌ മൂലം ആദ്യ കുറെ സമയം ആസ്വദിച്ചു കഴിക്കാന്‍ സാധിച്ചില്ല.

കായീസ്‌ ബിരിയാണിക്ക് ടേസ്റ്റ് അല്പം വ്യത്യാസമുണ്ട്. അത് തന്നെ അതിന്‍റെ പ്രത്യേകതയും ആകര്‍ഷണവും. ബിരിയാണിയില്‍ കിസ്സ്മിസ്സിന്‍റെയോ അണ്ടിപ്പരിപ്പിന്‍റെയോ അതിപ്രസരമില്ല. ചിക്കന് മിതമായ കട്ടി മാത്രം. ചില സ്ഥലങ്ങളില്‍ ബിരിയാണി ചിക്കെന് വറുത്ത ചിക്കെന്‍റെത് പോലുള്ള കട്ടിയുണ്ട്.  ആര്‍ക്കും ബിരിയാണിയില്‍ ഒരു കായീസ്‌ സ്പര്‍ശം അനുഭവപ്പെടും. കൂടെ തൊട്ടു കൂട്ടാന്‍ ഈന്തപ്പഴം അച്ചാറും, സാലഡും, നാരങ്ങ അച്ചാറും. അളവിലും മിതത്വം ഉണ്ട്. അതിനാല്‍ തന്നെ സാധാരണ കഴിച്ചു കഴിയുമ്പോള്‍ അനുഭവപ്പെടുന്ന പോലെ വയര്‍ വല്ലാതെ നറഞ്ഞിരിക്കുന്നതായി തോന്നുകയുമില്ല. മികവ് മൂലം ഞങ്ങള്‍ ഒരെണ്ണം പാര്‍സല്‍ കൂടി മേടിക്കാന്‍ ശ്രദ്ധിച്ചു. ഏറ്റവും ആകര്‍ഷിച്ചത്, ഇത്ര നല്ല ബിരിയാണി ആയിരുന്നിട്ടും, നല്ല വൃത്തിയും വെടിപ്പും, ഒപ്പം acയില്‍ ആയിരുന്നിട്ടു പോലും 90രൂപയെ ബിരിയാണിക്കായുള്ളൂ എന്നതാണ്.

കഴിച്ചു പുറത്തിറങ്ങുമ്പോള്‍ കായിക്കടയെ പറ്റി സന്തോഷം തോന്നി. കഴുത്തറപ്പന്‍ പൈസ മേടിക്കാതെ, വൃത്തിയോടെ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലും കൈ മോശം വന്നിട്ടില്ല. കഴിച്ചു തിരികെയിറങ്ങുമ്പോഴും താഴെ ക്യൂ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. എറണാകുളംകാര്‍ക്ക് അഭിമാനമായി കായീസ്‌ അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. തിരികെ നടക്കുമ്പോള്‍, ഇനിയും സന്ദര്‍ശിക്കേണ്ട സ്ഥലമായി കായീസിനെ മനസ്സ്‌ ഉള്‍ക്കൊണ്ടു കഴിഞ്ഞിരുന്നു.

Simple puzzle

The doors of a working refrigerator in a closed room, is accidently kept open one day. 
a) Will there be any change in room temperature after some time? Why? 
b) Will there be any change in room temperature, if the refrigerator was an ideal one?

Answers are expected as comments

Sunday, April 3, 2011

വികസനത്തിന്‍റെ പൌരന്മാര്‍


അടുത്ത കാലത്ത് ഒരു ന്യൂസ്‌ ചാനലില്‍ മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ടവരുടെ ഇന്നത്തെ അവസ്ഥയെ പറ്റി ഒരു പരിപാടി സംപ്രേഷണം ചെയ്തിരുന്നു. രണ്ടു മൂന്നു വര്‍ഷം മുമ്പ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന, എന്നാല്‍ ഇന്ന് എല്ലാവരും മറന്ന ഉദ്ദേശം 30ഓളം കുടുംബങ്ങള്‍. അതിലെ സ്ത്രീകളും, കുട്ടികളുമടക്കമുള്ള അംഗങ്ങളും. കേരളത്തിലെ സ്വപ്ന പദ്ധതിയായിരുന്ന വല്ലാര്‍പാടത്തിനു വേണ്ടി കുടിയിറക്കപെട്ടവര്‍. ഇന്നിപ്പോള്‍ പദ്ധതി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. എന്നാല്‍, നാലഞ്ചു വര്‍ഷം മുമ്പ് കുടിയിറക്കപെട്ട അവര്‍ ഇന്നും നഗര പിന്നാമ്പുറങ്ങളിലെ ടെന്റുകളില്‍ അന്തിയുറങ്ങുന്നു.

ഇവര്‍ വിട്ടുകൊടുത്തത് ഒരിടത്ത് നിന്നും കയ്യേറിയ ഭൂമിയായിരുന്നില്ല. മറിച്ചു ഇവര്‍ അധ്വാനിച്ചും, തലമുറകള്‍ കൈമാറിയും കൈവന്ന വീടുകളാണ് ഒരു സുപ്രഭാതത്തില്‍ ബുള്‍ഡോസറുകള്‍ ഇടിച്ചു പൊളിച്ചത്. വെറും നാമ മാത്രമായ ചെറുത്ത് നില്‍പ് പോലീസ് നടപടിയില്‍ കലാശിക്കുകയും ചെയ്തു. വീടും കുടിയും നഷ്ടപ്പെട്ട ഇവര്‍ അതിനു ശേഷം അനേക നാളുകള്‍ ചെയ്ത
സമരഫലമായാണ് മൂലമ്പള്ളി പാക്കേജ് എന്ന ഒരു സ്വപ്ന പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അവര്‍ തങ്ങള്‍ക്കു തല ചായ്ക്കാന്‍ ഒരിടത്തിനായി സര്‍ക്കാര്‍ ആഫീസുകള്‍ കയറിയിറങ്ങുന്നു. ഇത്രയും വര്‍ഷം തെരുവുകളില്‍ കിടക്കാന്‍ എന്ത് തെറ്റാണ് അവര്‍ ചെയ്തത്? വല്ലാര്‍പാടത്തിനടുത്ത് സ്ഥലം ഉണ്ടായി പോയതോ?

കേരളത്തിന്‌ വളരെ ആവശ്യമുള്ള ഒരു പദ്ധതിയാണ് വല്ലാര്‍പാടം. അത് തീര്‍ച്ചയായും നടപ്പാക്കേണ്ട ഒന്ന് തന്നെ. അങ്ങനെയുള്ള ഒരു പദ്ധതിക്കായി സ്ഥലം കൊടുക്കുന്നവര്‍ക്ക്, മാന്യമായ ഒരു പുനരിധവാസം സര്‍ക്കാര്‍ ഉറപ്പാക്കെണ്ടതല്ലേ? സമൂഹത്തിന്‍റെ ഉയര്‍ച്ചയ്ക്കായാണ് ഇക്കൂട്ടര്‍ തങ്ങളുടെ ജീവിതങ്ങള്‍ നല്‍കിയത്. അപ്പോള്‍ അവരുടെ മാന്യമായ ജീവിതങ്ങള്‍ സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്വമല്ലേ? ഞങ്ങളുടെ അടുത്ത് തൊടുപുഴ മൂവാറ്റുപുഴ റോഡിനു സ്ഥലം ഏറ്റെടുത്തത് ഞാന്‍ ഓര്‍ക്കുന്നു. വിപണി വിലയിലും കൂടുതല്‍ കൊടുത്തു അന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍, ആളുകള്‍ സ്ഥലം വിട്ടു നല്‍കാന്‍ സന്നദ്ധരായി സ്വയം മുന്നോട്ടു വന്നു. ഇന്നത്‌ മനോഹരമായ ഒരു റോഡാണ്.

ഇവര്‍ കോടതിയില്‍ പോയാല്‍ നീതി ലഭിക്കുമായിരിക്കും. എന്നാലും ഒന്നോര്‍ക്കുക, കോടതികള്‍ക്ക് ഉത്തരവിടാന്‍ മാത്രമേ കഴിയൂ. അത് നടപ്പാക്കേണ്ടത് സര്‍ക്കാരുകള്‍ എന്ന് നമ്മള്‍ വിളിക്കുന്ന ഗവണ്‍മെന്റിലെ എക്സിക്യൂട്ടീവ് തന്നെയാണ്. കേരളത്തില്‍ ഒരു നേതാവും ഇക്കൂട്ടര്‍ക്ക് വേണ്ടി അടുത്തകാലത്തെങ്ങും സംസാരിക്കുന്നതും കേട്ടിട്ടില്ല. ന്യൂക്ലിയര്‍ സംസ്കാരത്തില്‍ നമ്മള്‍ അമരുമ്പോള്‍, അയല്‍ക്കാരന്‍റെ കൂര കത്തുമ്പോള്‍ എന്തിനു വെറുതെ വെള്ളം ഒഴിക്കണം?

എല്ലാ വികസനത്തിനു പിന്നിലും അമരുന്നവര്‍ക്ക്, മാന്യമായ ജീവിതം ഉറപ്പുവരുത്തണം. രാജ്യം സാമ്പത്തികമായി കുതിക്കുമ്പോള്‍, എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ച സാധ്യമാകാത്തത് വളരെ ഗൌരവമേറിയ ഒരു സാഹചര്യം തന്നെയാണെന്ന് പ്രധാന മന്ത്രി ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തരം സാഹചര്യങ്ങളാണ് നമ്മുടെ രാജ്യത്തെ മാവോയിസ്ടുകളുടെയും അത് പോലുള്ള വിഘടനവാദികളുടെയും കയ്യില്‍ കൊണ്ടെത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ ബഹു ഭൂരിപക്ഷം ആളുകള്‍ക്കും, തങ്ങളുടെ അവകാശങ്ങളെ പറ്റി വ്യക്തമായ ബോധ്യം ഉണ്ടാകാനുള്ള വിദ്യാഭ്യാസ പുരോഗതി ഇല്ലാത്തതും കാര്യങ്ങള്‍ വഷളാക്കുന്നു.

വല്ലാര്‍പാടത്ത് കപ്പലുകള്‍ എത്തി തുടങ്ങിയിരിക്കുന്നു. എന്നാല്‍ മൂലമ്പള്ളിക്കാര്‍ ഇപ്പോഴും കരയ്ക്ക് എത്തിയിട്ടില്ല. അവര്‍ക്കും മറ്റേതൊരു ഭാരതീയ പൌരനും ഉള്ളത് പോലുള്ള അവകാശങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സമൂഹത്തിന്‍റെ ഒരു വശം പ്രകാശിക്കുമ്പോള്‍ മറ്റൊരു വശം കൂടുതല്‍ ഇരുളിലേക്ക് പോകുന്നു. ഈ ജീവിതങ്ങള്‍ ഇരുളിലേക്ക് പോകാതെ സൂക്ഷിക്കാനുള്ള കടമ നമ്മുടെ സമൂഹത്തിനുണ്ട്. ഒരു കാര്യം മാത്രം ഓര്‍ക്കുക, എന്ന് വേണമെങ്കിലും നമ്മുടെ വീടുകളും വികസനത്തിന്‌ പറ്റിയ സ്ഥലമായി സമൂഹം മുദ്ര കുത്താം. വീടുകള്‍ നഷ്ടപ്പെട്ടു തെരുവിലേക്ക് യാത്രയാകുമ്പോള്‍, അയല്‍ക്കാര്‍ അവരുടെ വീടിന്‍റെ തിണ്ണയിലിരുന്നു നമ്മോടും ചോദിക്കും, "നാടിന്‍റെ വികസനത്തിന്‌ നിങ്ങള്‍ക്കൊക്കെ കുറച്ചു നഷ്ടം സഹിച്ചാല്‍ എന്താ?"