Raise our Conscience against the Killing of RTI Activists




Monday, May 30, 2011

ദി ട്രെയിന്‍ സിനിമ



കാലം മാറിത്തുടങ്ങി. വ്യത്യസ്ഥതയുള്ള സിനിമകള്‍ക്കാണ് ഇപ്പോള്‍ യുവജനങ്ങള്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നത്. സാധാരണയായി കലാമൂല്യമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കുകയും, രചിക്കുകയും ചെയ്യുന്ന ജയരാജ്‌, രഞ്ജിത്ത്, തിരക്കഥാകൃത്തുകള്‍ ബോബി‌- സഞ്ജയ്‌ തുടങ്ങിയവര്‍ക്ക് പ്രാധാന്യം കൂടുന്നത് ഇവിടെയാണ്‌. ലൌഡ് സ്പീക്കറിനു ശേഷം ജയരാജ്‌ സംവിധാനം ചെയ്ത ട്രെയിനിനു ഇതിനാല്‍ തന്നെ പ്രതീക്ഷ വളരെ കൂടുതലായിരുന്നു. ട്രാഫിക്, കൊക്ടെയില്‍‍, പാസ്സഞ്ചര്‍ തുടങ്ങി ഒരു ദിവസത്തെ സംഭവങ്ങള്‍ വിശദീകരിക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ ഇതിനെയും പെടുത്താം.

2006ഇലെ ട്രെയിന്‍ സ്ഫോടന ദിവസം, മുംബൈയിലെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന കുറച്ചു വ്യക്തിത്വങ്ങളെ സിനിമ നമുക്ക് പരിചയപ്പെടുത്തുന്നു. ട്രാഫിക്‌ എന്ന സിനിമയില്‍ ഉപയോഗിച്ച, പല ജീവിതങ്ങളെ ഒരു പൊതു സ്ഥലത്തോ സാഹചര്യത്തിലോ കൂട്ടിയോജിപ്പിക്കുക എന്ന ടെക്നിക്ക് ഉപയോഗിക്കുന്നതില്‍ ജയരാജ്‌ പരാചയപ്പെട്ടതായാണ് എന്‍റെ വിലയിരുത്തല്‍. ജീവിതങ്ങളുടെ എണ്ണ കൂടുതല്‍ മൂലവും, കഥ ഈ വ്യക്തികളുടെ ജീവിതങ്ങളിലൂടെ വളരെ വേഗം മാറിക്കൊണ്ടിരുന്നതിനാലും ഒരു വിരസത അനുഭവപ്പെട്ടു. എഡിറ്റിംഗ് ടേബിളിന്‍റെ വേഗതയില്‍ മനുഷ്യ മനസ്സിലെ വികാരങ്ങള്‍ സഞ്ചരിക്കില്ലല്ലോ. സിനിമയിലെ ജീവിതങ്ങളില്‍ കാര്യമായ എന്തെങ്കിലും ഈ സമയങ്ങളില്‍ സംഭാവിക്കാതിരുന്നത് ചെറിയ ഒരു വലിച്ചില്‍ പ്രതീതി ഉണ്ടാക്കുകയും ചെയ്തു. ഓരോ കഥകളും ഒറ്റക്കൊറ്റക്കു ചെയ്തിരുന്നെങ്കില്‍ നല്ല ഫീല്‍ ഉണ്ടാക്കാമായിരുന്നു എന്ന് തോന്നി.

ഇതിലെ കഥാപാത്രങ്ങളെല്ലാം ഫോണിലൂടെയാണ് സംസാരിക്കുന്നത്. സാമാന്യബുദ്ധിയെ വെല്ലു വിളിക്കുന്ന ചില സംഭവങ്ങള്‍ കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, ഉദാഹരണത്തിന്, ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ഒരു കുട്ടി, ഒരു റോങ്ങ്‌ നമ്പറില്‍ നിന്ന് കോള്‍ വന്നതിനാല്‍ പിന്മാറുന്നത്, GKF എന്ന കോഡില്‍ നിന്നും വൈകിട്ട് ആറു മണിക്ക് ശേഷം 7 സ്ഥലങ്ങളില്‍ 11 മിനിറ്റിനകം ബോംബു പൊട്ടുമെന്ന് നായക കഥാപാത്രം (മമ്മൂട്ടി) മനസ്സിലാക്കുന്നത്, മറവി ഒട്ടുമിക്ക കഥാപാത്രങ്ങളും പൊതു സ്വഭാവമായി കാണിക്കുന്നത് തുടങ്ങി നിരവധി.

അടിസ്ഥാനപരമായി ജയരാജിന്‍റെ തിരക്കഥക്കാണ് തെറ്റ് പറ്റിയതെന്നാണ് എന്‍റെ വിലയിരുത്തല്‍. സാധാരണ ഒരു സിനിമ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന വേഗതയും, സസ്പെന്‍സും നല്‍കാന്‍ അതിനായില്ല. ബോംബ്‌ പൊട്ടിത്തെറിച്ചിട്ടും നിര്‍വികാരതയോടെ തിയറ്ററില്‍ ഇരുന്ന സിനിമാസ്വാദകര്‍ അതിനു തെളിവാണ്. നായകനെ ഒരു സൂപ്പര്‍ നായകനാക്കാന്‍ സംവിധായകന്‍ കുറച്ചു പരിശ്രമിച്ചു. കൂട്ടത്തില്‍ ജയസൂര്യയുടെ അഭിനയം കുറച്ചു മികച്ചതായി അനുഭവപ്പെട്ടു. KPAC ലളിത, സലിം കുമാര്‍ തുടങ്ങി ആവശ്യമില്ലാതെ ഒരു സീനില്‍ വന്നു പോകുന്ന കഥാപാത്രങ്ങള്‍ നിരവധിയാണ്.

ട്രെയിനിനുള്ളിലെ ഇന്‍റെണല്‍ ലൈറ്റിങ്ങും മറ്റും പ്രതീക്ഷക്കൊത്ത് ഉയരാത്തത് തനു ബാലകിന്‍റെയും സീനുവിന്‍റെയും ക്യാമറ വര്‍ക്കിനെ മോശമാക്കി. പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍‍, ചില രംഗങ്ങളില്‍ സ്റ്റേഡി ക്യാം ഉപയോഗിച്ചതും അരോചകമായി. എന്നാല്‍ ചേരിയുടെയും, ട്രെയിനിന്‍റെയും ദ്രശ്യങ്ങള്‍ അവര്‍ നന്നായി പകര്‍ത്തിയിട്ടുണ്ട്.  ഇതില്‍ ഏറ്റവും സമ്മതിക്കേണ്ടത് വിവേക്‌ ഹര്‍ഷന്‍റെ എഡിറ്റിങ്ങിനെയാണ്. 7 വ്യത്യസ്ത സിനിമകളെ കൂട്ടിയോജിപ്പിച്ചു ഒറ്റ സിനിമയാക്കുക എന്നാ ബ്രഹത് യത്നമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് സമയത്ത്,  പ്രേക്ഷക വികാരങ്ങളെ വളരെ വേഗം മാറ്റുന്ന തരത്തിലുള്ള കഥാ മാറ്റം അദ്ദേഹത്തിനു ഒഴിവാക്കാമായിരുന്നു. പ്രണയത്തിന്‍റെ സുഗന്ധം ആസ്വദിച്ചു വരുമ്പോഴേക്കും, ബോംബിന്‍റെ ഭീകരതയും, അപ്പോഴേക്കും വാര്‍ധക്യത്തിന്‍റെ നിസ്സഹായതയും, ബാല്യത്തിന്‍റെ കുസൃതികളും, പോലീസു കാരന്‍റെ അന്വേഷണ ബുദ്ധിയും പല പല ജീവിതങ്ങളിലായി വന്നു കഴിഞ്ഞിരുന്നു. ഗോപി സുന്ദറിന്‍റെ ബാക്ക് ഗ്രൌണ്ട് സ്കോര്‍, ഭീകരതയുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയില്ല. എന്നാല്‍ പ്രണയവും, വാര്‍ധക്യവും കാണിക്കുന്ന സമയത്ത് അവ പ്രതീക്ഷക്കൊത്തുയര്‍ന്നു.

സിനിമ സംഗീത സാന്ദ്രം എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ശ്രീനിവാസ്‌, റഫീക്ക്‌ അഹ്മെദ് കൂട്ടുകെട്ടിന്‍റെ ഗാനങ്ങള്‍ ഇടത്തരം നിലവാരമേ പുലര്‍ത്തിയുള്ളു. അവരുടെ ആദ്യത്തെ ഹിന്ദിയിലുള്ള ഒരു ഗാനം മാത്രം മികച്ചതായിരുന്നു എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ബൈജു ഭാസ്കറിന്‍റെ മേക്ക് അപ്പ്‌ ശരാശരി നിലവാരത്തില്‍ ഒതുങ്ങി. ഈ സിനിമയിലെ അവസാന ഒരു രംഗം മാത്രമാണ് മനസ്സില്‍ തറച്ചു നിന്നത്. ഒരു സിനിമ എന്ന നിലയില്‍ ഈ സംരംഭം ഒരു പരാജയമായി തോന്നിയെങ്കിലും, മുംബൈ ട്രെയിന്‍ ആക്രമണങ്ങളെപ്പറ്റിയുള്ള ചിന്ത ഈ സിനിമ ഉയര്‍ത്തി വിട്ടു. ഉദ്ദേശം 167 പേരാണ് അന്നത്തെ സ്ഫോടന പരമ്പരകളില്‍ മരിച്ചത്. അവരില്‍ സിനിമ സൂചിപ്പിക്കുന്നത് പോലെ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാവും, നിറയെ സ്വപ്നങ്ങള്‍ ഉള്ള ചെറുപ്പക്കാര്‍ ഉണ്ടാവും, കുടുംബത്തിലെ അത്താണിയായ സ്ത്രീകള്‍ ഉണ്ടാവും, ഭൂത കാലത്തിന്‍റെ സ്പന്തനങ്ങളുമായി വല്യപ്പച്ചന്മാരും ഉണ്ടാവും. കാത്തിരിക്കുന്ന അനേകരെ ഒറ്റക്കാക്കി അവര്‍ യാത്രയായി. കാലത്തിന്‍റെ ആക്രമണത്തില്‍ മറന്നു തുടങ്ങിയിരുന്ന ആ കുടുംബങ്ങളുടെ ഓര്‍മ വീണ്ടും ഊതി കത്തിച്ചതിനു മാത്രം ഞാന്‍ സിനിമയോട് നന്ദി പറയുന്നു.

4 comments:

  1. ചുരുക്കി പറഞ്ഞാൽ ടിക്കറ്റിന്റെ പൈസ പോയി എന്ന്:) അങ്ങനെ അല്ലേ?

    ReplyDelete
  2. ഹഹ.. ടിക്കറ്റിന്റെ പൈസയും പോയി കൺഫ്യൂഷനും മിച്ചം.

    ReplyDelete
  3. Dear DKD,
    Good Evening!
    A real good attempt to do awonderful review of the movie.I could have realted better if I had seen the movie.
    Add the popular song tooin your post.
    It makes a difference.
    Wishing You A Lovely Evening,
    Sasneham,
    Anu

    ReplyDelete
  4. ങേ...ടി.വി.യില്‍ കാണിക്കുന്ന ജയസൂര്യ പാടുന്ന ആ ഹിന്ദി പാട്ട്‌ ട്രെയിനിലെ അല്ലേ.... !!?
    അത്‌ നല്ല പാട്ടാണല്ലൊ.... !!?

    ReplyDelete