Raise our Conscience against the Killing of RTI Activists




Saturday, December 24, 2011

അരുണിന്‍റെ ജീവിതവും, ക്രിസ്മസിന്‍റെ സന്ദേശവും


നിറയെ സ്വപ്നങ്ങളുമായി കോഴിക്കോട് ജില്ലയില്‍  ജീവിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയാണ് അരുണ്‍ ജോര്‍ജ്. അനേകം യുവാക്കളെ പോലെ ഒരു ബൈക്ക്‌ അപകടത്തില്‍ അവനു മസ്തിഷ്ക മരണം സംഭവിക്കുന്നു. ഒരു മാതാപിതാക്കളും കാണാന്‍ ആഗ്രഹിക്കാത്ത ഒന്നാവും തങ്ങളുടെ മക്കളുടെ മരണം. എന്നാല്‍, ഈ പ്രതിസന്ധിയില്‍ അരുണിന്‍റെ പിതാവ് പതറിയില്ല. അവയവ ദാനതിനുള്ള സമ്മതം അദ്ദേഹം ആശുപത്രിയെ ഉടനടി അറിയിച്ചു. അരുണിന്‍റെ വ്രക്കകളും, കരളും, കണ്ണുകളും ഇന്ന് അഞ്ചു പേര്‍ക്ക് ജീവിതത്തിലേക്കുള്ള വെളിച്ചമായി നിലനില്‍ക്കുന്നു.

വ്രക്ക തകരാറിലായ ബത്തേരി സ്വദേശി മഞ്ജുവിനെ ഉടനടി വിളിച്ചു വരുത്തി ശസ്ത്രക്രീയ നടത്തി. അവയവ ദാനത്തിനുള്ള ഓഫീസ്‌ തുറക്കുന്ന, പകല്‍ സമയം വരെ കാത്തുനില്‍ക്കാതെ ഉടനെ തന്നെ ശസ്ത്രക്രീയക്ക്‌ വേണ്ട സൌകര്യമൊരുക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രവീന്ദ്രനും ഇന്നത്തെ ഡോക്ടര്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥനായി. രാത്രി തന്നെ തലശ്ശേരി സ്വദേശി വിനെഷിന്‍റെ വ്രക്ക മാറ്റിവെക്കല്‍ ശസ്ത്രക്രീയയും നടന്നു. കരള്‍ പ്രത്യേക വാഹനത്തില്‍ അമൃത ആശുപത്രിയിലേക്കും, കണ്ണുകള്‍ നേത്ര ബാങ്കിലേക്കും മാറ്റി. അരുണ്‍ ഇന്ന് പലരിലൂടെ തന്‍റെ വിധിയെ മാറ്റിയിരിക്കുന്നു.

കാലം മോശമായി, മോശമായി എന്ന് ശൂന്യതയിലേക്ക് സംസാരിക്കുക മാത്രം ചെയ്യുന്നവരില്‍ നിന്ന് ഭിന്നമായി നില്‍ക്കുന്നു അരുണിന്‍റെ മാതാപിതാക്കള്‍. അവര്‍ പറയുന്നത്, മറ്റാരെയും നോക്കി മാതൃക കാട്ടാനല്ല, മറിച്ചു തങ്ങളെ തന്നെയാണ്. മക്കള്‍ക്ക്‌ നല്ല സാക്ഷ്യം നല്‍കുന്ന കാര്‍ന്നവന്മാര്‍ നിറഞ്ഞു നിന്ന ഒരു കാലത്തില്‍ നിന്ന് ഇപ്പോള്‍ എത്രയോ പിന്നോട്ട് പോയിരിക്കുന്നു. തങ്ങള്‍ വീട്ടില്‍ ഇല്ല, തുടങ്ങിയ കൊച്ചു കൊച്ചു കള്ളങ്ങള്‍ മക്കളെ പറഞ്ഞു ശീലിപ്പിക്കുകയല്ലേ ഇന്ന് മാതാപിതാക്കള്‍. വിതക്കുന്നതേ കൊയ്യൂ എന്നത് ഇന്നും പ്രസക്തമായ ഒരു വചനം. വിളവു മോശമാകുന്നെങ്കില്‍, വിതക്കാരന് അതിലെ പങ്കു വളരെ വലുതാണ്‌. അതിന്‍റെ ഫലം അനുഭവിക്കുന്നതോ സമൂഹവും. സമൂഹത്തില്‍ അത് വീണ്ടും തുടര്‍ച്ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

അല്‍പായുസ്സുള്ള വികാരങ്ങള്‍ക്ക് വേണ്ടി പായുന്നവരല്ലേ നമ്മള്‍‍. സന്തോഷമായാലും, സങ്കടമായാലും ഇതിനൊന്നും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കപ്പുറം ആയുസ്സില്ല എന്നിരുന്നാലും, വീണ്ടും വീണ്ടും മനസ്സിനെ സന്തോഷിപ്പിക്കാനും,  ഉല്ലസിപ്പിക്കാനും നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആത്മീയതക്കു വേണ്ടി, ദിവസത്തില്‍ നിമിഷങ്ങള്‍ പോലും മാറ്റി വെക്കാന്‍ നമ്മള്‍ മടിക്കുന്നു. നഷ്ടപ്പെട്ടത് തിരികെ കണ്ടെത്തുന്നവന്‍റെ സന്തോഷം, ആത്മീയത പ്രദാനം ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ വെറുതെയിരുന്നു ആലോചിക്കാറുണ്ട്. പല വിധ അളവ് കോളുകള്‍ വച്ചും, ജീവിതത്തിന്‍റെ പകുതി ഭാഗം പിന്നിട്ടു കഴിഞ്ഞു. സ്കൂള്‍ കാലഘട്ടത്തില്‍, കോളേജ് ജീവിതത്തില്‍ പൂര്‍ണ്ണ സന്തോഷം തേടി. കോളേജ് പഠന കാലത്ത്, അത് കഴിഞ്ഞു ജോലി കിട്ടുമ്പോഴാണെന്നു തെറ്റിദ്ധരിച്ചു. തീര്‍ച്ചയായും വിവാഹ ശേഷമല്ല എന്ന് മനസ്സിലാക്കുന്നു. സന്തോഷത്തിന്‍റെ വഴികള്‍, ഇപ്പോള്‍ തിരികെ കുട്ടികാലത്തേക്ക്  യാത്ര ചെയ്യുന്നു. പ്രായത്തിന്‍റെ നിഷ്കളങ്കത മാത്രമായിരുന്നോ അന്നത്തെ സമ്പാദ്യം. മറ്റെല്ലാ അളവ് കോളുകള്‍ വച്ചും ഞാന്‍ ഇപ്പോള്‍ മുന്നിലത്രേ. അവയിലേക്ക് എത്താനായിരുന്നോ ഞാന്‍ ഇത്രയും ദൂരം യാത്ര ചെയ്തത്?

നമുക്ക് ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന കാലം നമ്മള്‍ അമ്മയുടെ ഉദരത്തിലിരുന്ന കാലമാവും. അവിടെ നിന്ന് പുറത്തെത്തുന്ന മനുഷ്യന്‍ അതുപോലെയുള്ള സന്തോഷത്തിനും, സമാധാനത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ തന്നെ. എന്നാല്‍ അവ ഒരിടത്തു നിന്നും ലഭിക്കുന്നുമില്ല. ചിലയിടങ്ങള്‍, അതിനോട് സാമ്യമുള്ളവ എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ മുന്നോട്ടു എന്ന് വിചാരിക്കുന്ന കുറച്ചു കാലങ്ങള്‍, വിശേഷിച്ച് അവസാന കാലങ്ങള്‍, നമ്മള്‍ പിന്നോട്ട് യാത്ര ചെയ്തു തുടങ്ങുന്നു. അനശ്വരമായ സമാധാനം, ചിലപ്പോള്‍ മരണ ശേഷം ലഭിക്കുമെന്നും ഇതിലൂടെ കണക്ക് കൂട്ടാം. മരണം എന്നാ പ്രതിഭാസം പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാത്തിടത്തോളം, മറ്റെന്തു കണ്ടെത്തിയിട്ടും അവന്‍ നിസ്സഹായന്‍ തന്നെ. തിരക്കുകള്‍ വഴി ജീവിതത്തില്‍ നിന്ന് ഒളിച്ചോടി നാമെല്ലാം എത്തുന്നിടം ഒന്ന് തന്നെ.

അല്‍പ സമയത്തിന് ശേഷം ക്രിസ്മസിന്‍റെ വരവറിയിച്ചു കൊണ്ടുള്ള പള്ളിമണികള്‍ മുഴങ്ങും. സന്ദേശങ്ങള്‍ ലോകമെങ്ങും നല്‍കപ്പെടും. യഥാര്‍ത്ഥത്തില്‍ സന്ദേശം നല്‍കുന്നത് അരുണിന്‍റെ മാതാപിതാക്കളെ പോലുള്ള വരാണ്. ഒരു വാക്യം പോലും സംസാരിക്കാതെ അവര്‍ സന്ദേശം നല്‍കികഴിഞ്ഞിരിക്കുന്നു. ആര്‍ത്തിരമ്പുന്ന കടലും ചിലപ്പോള്‍ ശാന്തമാകാറുണ്ട്. വീണ്ടും അല്‍പായുസ്സിയായ ഒരു സന്തോഷ ആഘോഷത്തിനാണോ നമ്മള്‍ തിരി കൊളുത്താന്‍ പോകുന്നത്. അതോ നീണ്ടു നില്‍ക്കുന്ന തിരിച്ചറിവിനോ? നമ്മില്‍നിന്നാരംഭിച്ചു, നമ്മില്‍ തന്നെ അവസാനിക്കേണ്ട ഒന്നാണോ ജീവിതം?

Sunday, December 18, 2011

ഹിഗ്ഗ്സ് ബോസോണ്‍ അഥവാ ദൈവത്തിന്‍റെ കണിക


ഹിഗ്ഗ്സ് ബോസോണ്‍ എന്ന ദൈവത്തിന്‍റെ കണത്തിന്‍റെ നിലനില്‍പ്പിനെ പറ്റി തെളിവുകള്‍ ലഭിച്ചു എന്നത് ശാസ്ത്ര ലോകം കഴിഞ്ഞ ആഴ്ചകളില്‍ വളരെയധികം ചര്‍ച്ച ചെയ്ത ഒരു വിഷയമാണ്. ഇത് എന്താണ് എന്ന് പഠിക്കുവാനാണ് ഞാന്‍ ഇതിലൂടെ ശ്രമിക്കുന്നത്. അല്‍പം ബുദ്ധിമുട്ടുള്ള ഒരു വിഷയമാണെന്ന് ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. പ്രപഞ്ചത്തിന്‍റെ എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും മാസ്സ്(പിണ്ഡം) വരുന്നതെങ്ങനെ എന്നതിനുള്ള ഉത്തരമാണ് ഹിഗ്ഗ്സ് പദാര്‍ത്ഥം. മാസ്സ് എന്നത് ഭാരം അല്ല എന്നത് പ്രത്യേകം ശ്രിദ്ധിക്കേണ്ട ഒരു വസ്തുതയാണ്. ഭാരം എന്നത് മാസ്സുള്ള ഒരു വസ്തുവില്‍ ഭൂമി പ്രയോഗിക്കുന്ന ബലമാണ്. ഇതിനു ഭൂമിയില്‍ നിന്നുള്ള ദൂരത്തിനും, മറ്റു സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റമുണ്ടാകും. എന്നാല്‍ മാസ്സ് പ്രപഞ്ചത്തില്‍ എല്ലായിടത്തും ഏറെക്കുറെ സ്ഥിരമായി നിലനില്‍ക്കുന്നു. ശൂന്യാകാശത്ത് ചെല്ലുന്ന ഒരു വ്യക്തിക്ക് ഭാരക്കുറവുണ്ടാകുമെങ്കിലും, പിണ്ഡം മാറുന്നില്ല എന്നത് ഏവര്‍ക്കും അറിവുണ്ടാകുമല്ലോ. അതിനാല്‍ തന്നെ, മാസ്സ് എന്നത് വിശദീകരിച്ചിരിക്കുന്നത്, നിശ്ചലാവസ്തയിലോ സഞ്ചാരവസ്ഥയിലോ ഇരിക്കുന്ന ഒരു വസ്തു അതിന്‍റെ ആ അവസ്ഥ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ എത്രമാത്രം പ്രതിരോധം സൃഷ്ടിക്കുമോ, അതാണ്‌ അതിന്‍റെ മാസ്സിന്‍റെ അളവ്. ചുരുക്കി പറഞ്ഞാല്‍, ഒരു വസ്തുവിലുള്ള പദാര്‍ത്ഥങ്ങളുടെ ആകെ തുകയാണ് അതിന്‍റെ മാസ്സ്. അപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം ഒരു വസ്തുവിന് മാസ്സ് എങ്ങനെ ഉണ്ടാകുന്നു എന്നതാണ്?

ഇവയെ പറ്റി ശരിയായി മനസ്സിലാക്കാന്‍ നമുക്ക് particle physicsലെ standard modelനെ പറ്റി അല്‍പ്പം മനസ്സിലാക്കേണ്ടതുണ്ട്. ഊര്‍ജ്ജതന്ത്രത്തിന്‍റെ അടിസ്ഥാന ലക്‌ഷ്യം എന്നത് എല്ലാത്തരം പദാര്‍ത്ഥ ഊര്‍ജ്ജ interactionsഉം ഒരു അടിസ്ഥാന നിയമം വഴി വിശദീകരിക്കുക എന്നതാണ്. എന്ന് വച്ചാല്‍, ഊര്‍ജ്ജവും, പദാര്‍ത്ഥവും തമ്മില്‍ രൂപഭേദം മാറാന്‍ കഴിയുമെന്ന് e=mc^2 എന്ന പ്രസിദ്ധ സമവാക്യം വഴി einstein തെളിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, പദാര്‍ത്ഥങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം interactionsഉം ഊര്‍ജ്ജ കൈമാറ്റങ്ങളും നടക്കുന്നുണ്ട്. ഇവയെ ഫലപ്രദമായി വിശദീകരിക്കണമെങ്കില്‍, ഒരു അടിസ്ഥാന മോഡല്‍ വേണം. ഇതാണ് standard model of particle physics.

ഏതൊരു വസ്തുവും ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ആറ്റം വഴിയാണ്. ആറ്റത്തിനുള്ളില്‍ പ്രധാനമായുള്ളത് proton, neutron, electron എന്നിവയാണ്. ഇതില്‍ proton, neutron എന്നിവ വീണ്ടും വിഭജിക്കാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങളാണെന്നു standard model തെളിയിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ പ്രപഞ്ചത്തിലെ വിഭജിക്കാന്‍ കഴിയാത്ത, അടിസ്ഥാന കണങ്ങള്‍ ഏവ എന്നതിന്‍റെ ഉത്തരമാണ് standard model. പ്രപഞ്ചത്തിലെ അടിസ്ഥാന കണങ്ങള്‍ ആണ് fermions, gauge bosons and higgs boson എന്നിവ. ഈ modelല്‍ അടിസ്ഥാനപരമായി 3 force കള്‍ ആണ് ഉള്ളതായി പറയുന്നത്. ഇവ nuclear strong force, nuclear weak force, electromagnetic force എന്നിവയാണ്.

fermionകള്‍ എന്നത് pauli's exclusion principle അനുസരിക്കുന്ന അടിസ്ഥാന കണങ്ങളാണ്. എന്ന് വച്ചാല്‍, ഒരേ ഊര്‍ജ്ജാവസ്ഥ ഒരേ സമയം ഒന്നില്‍ കൂടുതല്‍ fermionകള്‍ക്കു കൈ വരിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ matterന്‍റെ അടിസ്ഥാന കണങ്ങളാണ് fermions. നമ്മുടെ ആറ്റത്തിനുള്ളില്‍electronകള്‍ പല ഊര്‍ജ്ജ ബാന്ടുകളില്‍ നിലനില്‍ക്കുന്നു എന്നത് കെമിസ്ട്രിയില്‍ പഠിച്ചത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിനു കാരണം electronകള്‍ fermionകള്‍ ആയതുകൊണ്ടാണ്. fermionകളില്‍ പ്രധാനമായി ഉള്ളത് 6 quarks and 6 leptons ആണ്. quarkക്കുകള്‍ക്ക് കളര്‍ ചാര്‍ജ്ജുകള്‍ ഉണ്ട്. അതായത് വിരുദ്ധ ചാര്‍ജ്ജോ സ്പിനോ ഉള്ള quarkക്കുകള്‍ കൂടി ചേര്‍ന്നാണ് nuclear strong force ഉണ്ടാക്കുന്നത്‌. electron ഉള്‍പ്പെടെ 6 പദാര്‍ത്ഥങ്ങളാണ് leptonകളില്‍ പെടുന്നത്. ഇവയാണ്  nuclear weak forceനു ആധാരം.

gauge bosons, bose-einstein stastics അനുസരിക്കുകയും, pauli's exclusion principle നിരാകരിക്കുകയും ചെയ്യുന്ന അടിസ്ഥാന കണങ്ങളാണ്. അതായത് ഒന്നില്‍ കൂടുതല്‍ ബോസോണുകള്‍ക്ക് ഒരേ സമയം ഒരേ ഊര്‍ജ്ജാവസ്ഥ കൈ വരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ energyയുടെ അടിസ്ഥാന കണങ്ങളാണ് gauge bosons.പദാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഊര്‍ജ്ജം കൈമാറ്റം ചെയ്യുന്നത്  bosons ആണ്. ഇവയാണ് electric, magnetic, gravitation  fieldകള്‍ വഴിയുള്ള ഊര്‍ജ്ജ കൈമാറ്റത്തിന്റെ അടിസ്ഥാന കണങ്ങള്‍. ഇവയില്‍ പ്രധാനമായി ഉള്ളത് പ്രകാശത്തിന്‍റെ അടിസ്ഥാന കണമായ photon, weak forcinuനു കാരണക്കാരായ W+, W-, Z bosons, strong forceന്‍റെ ശിലയായ quarkന്‍റെ ഉള്ളില്‍ ഊര്‍ജ്ജ കൈമാറ്റം നടത്തുന്ന gluons എന്നിവയാണ്.

ഇനിയാണ് ഈ modelല്‍ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്ത, എന്നാല്‍ ഈ അടിസ്ഥാന പദാര്‍ത്ഥങ്ങള്‍ക്ക് മാസ്സ് ലഭിക്കാന്‍ കാരണഭൂതനായ higgs boson വരുന്നത്. മുകളില്‍ പറഞ്ഞ അടിസ്ഥാന പദാര്‍ത്ഥങ്ങളില്‍ photonu മാത്രം മാസ്സ് ഇല്ല. മറ്റു bosonകള്‍ക്ക് ഉണ്ട് താനും. ഇത് വിശദീകരിക്കാന്‍ higgs bosonനു സാധിക്കും. നമ്മുടെ ഈ പ്രപഞ്ചം മുഴുവന്‍ higgs fieldന്‍റെ സാന്നിധ്യം ഉണ്ട്. അതായത്, പ്രപഞ്ചത്തില്‍ ഒരിടത്ത് പോലും higgs fieldന്‍റെ probability പൂജ്യം ആവുന്നില്ല എന്ന് മറ്റൊരു രീതിയില്‍ പറയാം. ഈ fieldനെ നമ്മുടെ electric field, magnetic field എന്നിവയുടെ മറ്റൊരു വകഭേദമായി മനസ്സിലാക്കിയാല്‍ മതി. higgs boson എന്നത് ഈ fieldന്‍റെ അടിസ്ഥാന കണം അഥവാ quantum ആണ്. ഇനി പദാര്‍ത്ഥങ്ങള്‍ക്ക് മാസ്സ് ഉണ്ടാവുന്നത് എങ്ങനെ എന്ന് നോക്കാം. പ്രപഞ്ചത്തിലെ മുകളില്‍ പറഞ്ഞ എല്ലാ അടിസ്ഥാനകണങ്ങളും പ്രകാശത്തിന്‍റെ വേഗതയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവ മുകളില്‍ പറഞ്ഞ higgs fieldമായി higgs boson വഴി interact ചെയ്യുന്നു. ഇതില്‍ ചില കണങ്ങള്‍ കൂടുതല്‍ interact ചെയ്യുന്നു, അതിനാല്‍ അവക്ക് മാസ്സ് കൂടുന്നു. higgs boson എന്നത് ഭാരമേറിയ ഒരു പദാര്‍ഥമാണ്. വളരെ വേഗം ഉരുണ്ടു പോകുന്ന ഒരു നാണയം തേനിലൂടെ ഉരുളന്നതിനോട്, നമുക്ക് പദാര്‍ഥങ്ങള്‍ higgs fieldമായി interact ചെയ്യുന്നതിനെ ഉപമിക്കാം. അതോടെ, അവയുടെ സഞ്ചാരത്തിന് തടസ്സം നേരിടുന്നു. അങ്ങനെ അവക്ക് inertia (നിശ്ചലാവസ്ഥയില്‍ നിന്ന് സഞ്ചാരവസ്ഥയിലെക്കോ, തിരിച്ചോ പോകുന്നതിനു ഒരു പദാര്‍ത്ഥം കാണിക്കുന്ന തടസ്സം) ഉണ്ടാവുകയും, അവ മാസ്സുള്ള ഒരു പദാര്‍ത്ഥമാവുകയും ചെയ്യുന്നു. higgs bosonകള്‍ അടിസ്ഥാന പദാര്‍ഥങ്ങളുമായി നടത്തുന്ന interactions വഴിയാണ് അവയ്ക്ക് മാസ്സ് ലഭിക്കുന്നത് എന്ന് ചുരുക്കി പറയാം.

higgs bosonനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അതിനുള്ള കാരണം ഇവയാണ്. ആണവ റിയാക്ടറുകളും ബോംബുകളും matterനെ energy ആക്കി മാറ്റിയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് അറിവുണ്ടാകുമല്ലോ. കുറച്ചു matterല്‍ നിന്ന് അനേകം ഊര്‍ജ്ജം ഉണ്ടാക്കാന്‍ സാധിക്കും (e=mc^2). higgs bosonനെ കൃത്രിമമായി സൃഷ്ടിച്ചെടുക്കാന്‍ ഇതിന്‍റെ നേര്‍ വിപരീത പ്രക്രിയ ആണ് നടത്തുന്നത്. higgs bosonന്‍റെ മാസ്സ് protonന്‍റെ മാസ്സിന്റെ 200 ഇരട്ടിയാണ്. അതിനാല്‍ തന്നെ ഭാരമേറിയ ഒരു പദാര്‍ത്ഥം ഊര്‍ജ്ജത്തില്‍ നിന്ന് സൃഷ്ടിക്കണമെങ്കില്‍, അത്രയേറെ ഊര്‍ജ്ജത്തിലേക്ക് പദാര്‍ത്ഥങ്ങളെ കൊണ്ട് പോകാന്‍ സാധിക്കുന്ന aacelerator ആവശ്യമാണ്‌. ഇതിനുള്ള ചെലവ് വളരെയധികമാണ്. ലോകത്ത് വളരെ ചുരുക്കം സ്ഥലങ്ങളിലെ ഇത് നടത്താന്‍ സാധിക്കൂ. ഒപ്പം higgs boson വളരെ ചുരുങ്ങിയ സമയം മാത്രമേ നിലനില്‍ക്കൂ. അതിനാല്‍ അവയെ കണ്ടെത്താന്‍, വളരെ sensitivity കൂടിയ detector ആവശ്യമാണ്‌.

ഇവയെ ദൈവത്തിന്‍റെ കണിക എന്ന് വിളിക്കുന്നതിനു കാരണം, ഇവയാണ് particle physicsന്‍റെ അടിസ്ഥാന കണിക എന്നതാണ്. ഇതിലൂടെ മാത്രമേ പദാര്‍ത്ഥങ്ങളുടെ അടിസ്ഥാനമായ മാസ്സ് വിശദീകരിക്കാന്‍ സാധിക്കുന്നുള്ളൂ. നമ്മുടെ ഇന്ന് വരെയുള്ള അറിവ് വച്ച്, പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിന്‍റെ തന്നെ അടിസ്ഥാനം ഈ പദാര്‍ത്ഥമാണ്. ശാസ്ത്രത്തിന്‍റെ പല തത്വങ്ങളും വളരെയധികം ആകാംക്ഷ ജനിപ്പിക്കുന്നു. ശാസ്ത്രം പ്രപഞ്ചത്തെ അറിയാന്‍ ശ്രമിക്കുന്നു, അതുവഴി നമ്മെ തന്നെയും.

Sunday, December 11, 2011

അണ നിറയുന്ന ആശങ്ക


സമൂഹത്തില്‍ ഭീതിയുടെ അന്തരീക്ഷം വിതച്ചു കൊണ്ട് മുല്ലപ്പെരിയാര് ഡാം‍, ഡയോക്ലീസിന്‍റെ വാള്‍ പോലെ മലയാളിയുടെ മനസ്സില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഭീതിയില്‍ അന്തിയുറങ്ങുന്ന ഒരു പുതു തലമുറയെ സമ്മാനിക്കാനല്ലാതെ ഡാം കൊണ്ട് കേരളത്തിന്‌ മറ്റു പ്രയോജനമൊന്നും ലഭിച്ചിട്ടില്ല. സാമൂഹീകമായ ഒരു വിപത്ത് അതിന്‍റെ അനിവാര്യമായ അന്ത്യത്തിലേക്കടുക്കുമ്പോള്‍, ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിക്കുന്നു. ജീവനെങ്കിലും സംരക്ഷണം നല്‍കണം എന്ന വളരെ സാധാരണമായ ആവശ്യം ഉന്നയിച്ചുള്ള ആ പ്രക്ഷോഭങ്ങളില്‍ ഞാനും ഇതിലൂടെ പങ്കു ചേരുന്നു.

മുല്ലപ്പെരിയാര്‍ ഡാം എന്നത് മുല്ലയാറും പെരിയാറും കൂടിച്ചേരുന്ന പ്രദേശത്ത് ലൈം സ്ടോണും, സുര്‍ഖിയും ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ഒരു ഗ്രാവിറ്റി ഡാം ആണ്. എന്ന് വച്ചാല്‍ സ്വന്തം ഭാരമാണ് ഈ ഡാം ജലത്തിന്‍റെ പ്രവാഹത്തെ തടഞ്ഞു നിര്‍ത്താന്‍ വിനിയോഗിക്കുന്നത്. ജലസമ്പുഷ്ടമായ പെരിയാര്‍ നദിയില്‍ നിന്നും, തമിഴ്‌ നാട്ടില്‍ കിഴക്കോട്ടൊഴുകുന്ന വൈഗൈ നദിയിലേക്ക് ജലമെത്തിക്കാനുള്ളൊരു പദ്ധതി ആദ്യം തുടങ്ങി വച്ചത് 1789ല്‍ രാമനാട് രാജാവിന്‍റെ മന്ത്രിയായിരുന്ന പ്രദാനി പിള്ളയാണ്.അവസാനം ഇത് നിര്‍മിക്കപ്പെടുന്നത്, മേജര്‍ ജോണ്‍ പെന്നികുക്ക് എന്ന സായിപ്പിന്‍റെ കാലത്തും. 1886 ഒക്ടോബര്‍ 26നു തിരുവതാംകൂര്‍ മഹാരാജാവായ വിശാകം തിരുനാള്‍ രാമവര്‍മയും ബ്രിട്ടീഷ്‌ സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ 999 വര്‍ഷത്തേക്ക് സ്ഥലം കൈമാറ്റം ചെയ്തുകൊണ്ടുള്ള പാട്ട കരാറില്‍ ഒപ്പിടുകയുണ്ടായി.അതനുസരിച്ച് 8100 ഏക്കര്‍ ഭൂമി, ഏക്കര്‍ ഒന്നിന് അഞ്ചു രൂപ പ്രതിവര്‍ഷം പാട്ടവ്യവസ്ഥയില്‍ നല്‍കി. സ്വാതന്ത്ര്യത്തിനു ശേഷം റദ്ദാക്കപ്പെട്ട ഈ കരാര്‍ 1970ല്‍ അച്യുത മേനോന്‍ മന്ത്രിസഭയുടെ കാലത്താണ് വീണ്ടും ഒപ്പിടുന്നത്.

ഡാം ഉണ്ടാകുന്നതിനു മുമ്പ് തമിഴ് നാടിന്‍റെ തെക്കന്‍ ജില്ലകളായ തേനി, മധുര എന്നിവിടങ്ങളിലൊക്കെ വളരെ ഭീതിതമായ ഒരു അന്തരീക്ഷമാണ് നിലനിന്നിരുന്നതെന്ന് മനസ്സിലാക്കുന്നു. മഴ നിഴല്‍ പ്രദേശങ്ങളില്‍ പെടുന്ന ഈ സ്ഥലങ്ങള്‍ അന്ന് തസ്കര ഗ്രാമങ്ങള്‍ ആയിരുന്നു. ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഷ്ടപ്പെടുന്ന ഒരു തലമുറ, ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് മാറുന്ന സമയത്താണ് ഡാമിന്‍റെ ഉദയം. പ്രാണ വായുവിന് തുല്യം പ്രാധാന്യം കല്‍പ്പിക്കാവുന്ന ശുദ്ധജലം, അവരുടെ ജീവിതങ്ങളെ തന്നെയാണ് മാറ്റി മറിച്ചത്. ഇന്ന് ഏകദേശം 4500 ഹെക്ടര്‍ പ്രദേശമാണ് അവര്‍ ഈ ജലം കൊണ്ട്, പോന്നു വിളയിക്കുന്നത്. പണ്ടത്തെ പോലെ തന്നെ ഇന്നും തമിഴന്‍റെ അദ്ധ്വാന ശീലത്തെ അസൂയയോടു കൂടിയേ നമുക്ക് നോക്കാനാവുന്നുള്ളു. അതിനാല്‍ തന്നെ ജലം എന്നത് വൈകാരികമായ ഒരു വസ്തു കൂടിയാണ് അവര്‍ക്ക്.

നമുക്ക് ആവശ്യത്തിനുള്ള ഒരു വസ്തുവും ജലം മാത്രമാണ്. നമ്മുടെ ജലം തമിഴ്‌ സഹോദരങ്ങള്‍ക്ക് പങ്കു വയ്ക്കുന്നതിനെതിരെ‍, കഴിഞ്ഞ 110 വര്‍ഷമായി ഒരു മലയാളി പോലും ശബ്ദമുയര്‍ത്തിയിട്ടില്ല എന്നത് അവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ്. ഇവിടെ വിഷയം ഡാമിലെ വെള്ളമല്ല, ഡാം തന്നെയാണ്. വില്ലന്‍, ഭൂമി കുലുക്കവും. സീസ്മിക് ആക്റ്റീവ്, അഥവാ ഭൂകമ്പ സാധ്യതയുള്ള ഒരു പ്രദേശത്താണ് ഡാം സ്ഥിതി ചെയ്യുന്നത്. മാസത്തില്‍ ഒരിക്കല്‍ എന്ന ഭീകരമായ തോതില്‍ ഈ പ്രദേശങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെടുന്നുമുണ്ട്. ഐഐറ്റി റൂര്‍ക്കിയുടെ വിദഗ്ധ പഠനത്തില്‍, റിച്ചര്‍ സ്കെയിലില്‍ ആറില്‍ കൂടുതലുള്ള ഒരു ഭൂമി കുലുക്കം വന്നാല്‍, പിന്നീട് സംഭവിക്കുന്നത് ചരിത്രമായി മാറും. ഇത്രയും ആര്‍ക്കു വേണമെങ്കിലും പരിശോദിക്കാവുന്ന വസ്തുതകള്‍. ഇനി തമിഴരോടായി ചില ചോദ്യങ്ങള്‍.

റിച്ചര്‍ സ്കെയിലില്‍ മൂന്നു വരെയുള്ള ഭൂമി കുലുക്കങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്ന ഒരു സ്ഥലത്ത്
ഒരിക്കലും ആറില്‍ കൂടുതല്‍ ഉണ്ടാവില്ല എന്ന് ഒരുറപ്പു തരാന്‍ നിങ്ങള്‍ക്കാവുമോ?

ഇല്ലെങ്കില്‍, തങ്ങളുടെ ജീവിതം എന്നു വരെ എന്ന ഭീതിയില്‍ ജീവിതകാലം മുഴുവന്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു ജനസമൂഹമാണോ നിങ്ങള്‍ സഹോദരന്മാര്‍ എന്ന് വിളിക്കുന്ന മലയാളികള്‍?

ഭൂമി കുലുക്കങ്ങള്‍ രൂക്ഷമാകുന്ന ഈ സമയത്ത്, ഡാം സുരക്ഷിതമെന്ന് തെളിയിക്കാന്‍ അതിന്‍റെ താഴ്വരിയിലേക്ക് താമസം മാറ്റാന്‍, ഇതിനു വേണ്ടി ഘോരം ഘോരം വാദിക്കുന്ന നിങ്ങളുടെ ഏതെങ്കിലും നേതാക്കള്‍ തയാറാവുമോ?

വെള്ളം നിങ്ങളുടെ ജീവല്‍ പ്രശനമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. അതില്ലെങ്കില്‍ നിങ്ങളുടെ ജീവിതം അവസാനിക്കുമെന്നും ഞങള്‍ അറിയുന്നു. ഡാം തകര്‍ന്നു അതില്‍ ഒരു മലയാളി എങ്കിലും മരിച്ചാല്‍, പിന്നെ നിങ്ങള്‍ക്ക് കേരളത്തിലെ ഏതെങ്കിലും നദിയില്‍ നിന്ന് ഒരു തുള്ളി ജലം വിട്ടു തരാന്‍  മലയാളി തയാറാകുമോ?

ഒന്ന് മനസ്സിലാക്കുക, ഞങ്ങളുടെ ജീവിതങ്ങള്‍ തകരുന്നതിനോപ്പം നിങ്ങളും ഉണ്ടാവും, നന്നായാലും അങ്ങനെ തന്നെ.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുത്തുകൊള്ളാം എന്ന് സത്യപ്രതിഞ്ഞ ചെയ്തു ഇരിക്കുന്നവരും കസേര നോക്കി ഇരിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കുക. ഞങ്ങളുടെ ജീവിതങ്ങള്‍ അപകടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഞങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുമുണ്ട്. ഒന്നുകില്‍ നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാം. അല്ലെങ്കില്‍ എല്ലാം നിശബ്ദമായി നോക്കി, ഞാന്‍ ഈ നാട്ടുകാരനല്ല എന്ന് ഭാവിക്കാം. അല്ലെങ്കില്‍ എ.ജിയും, പരമേശ്വരനും ഒക്കെ ചെയ്യുന്നത് പോലെ നിങ്ങളുടെ സ്ഥിരം രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്താം. പക്ഷെ ജനം എന്നത് തീരെ കഴുതകളായിരുന്ന ഒരു കാലം അങ്ങ് പണ്ട്. കാര്യങ്ങള്‍ ഞങ്ങളും മനസ്സിലാക്കുന്നു എന്ന് അറിയുക.

അടുത്തിടെ ഇതിനെ പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ ഒരു ദേശീയ മാധ്യമം നമ്മുടെ ഒരു എം.പിയോട് ചോദിക്കുകയുണ്ടായി, ഇതൊരു ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായതുകൊണ്ടാണോ സര്‍ക്കാര്‍ ഇത്രയും കോലാഹലം ഉണ്ടാക്കുന്നത്‌ എന്ന്‍? ദുരന്തം എന്നാണു എന്ന് പേടിച്ചിരിക്കുന്ന ഒരു ജനത്തെ പോലും മതത്തിന്‍റെയും, ജാതിയുടെയും പേരില്‍ കീറി മുറിക്കുന്ന, ജനാധിപത്യത്തിലെ നാലാം തൂണ്‌ എന്ന് സ്വയം അവകാശപ്പെടുന്ന നിങ്ങളുടെ ധാര്‍മികതയുടെ മുഖത്ത്, ഞാന്‍ അതിന്‍റെ അര്‍ഹിക്കുന്ന അവജ്ഞയോടെ എന്‍റെ രോഷം എന്ന ചെരിപ്പു വയ്ക്കുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും ഇതില്‍ ക്രിയാത്മകമായ ഒരു നിലപാടെടുക്കുമ്പോള്‍ ഇത്തരം ചില ഇത്തിള്‍കണ്ണികള്‍ സമൂഹത്തിനു എന്ത് പ്രയോജനം ഉണ്ടാക്കുന്നു എന്നത് ചിന്തനീയം.

ഈ കരാറിനു മറ്റൊരു പ്രത്യേകതയുള്ളതായി നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കരാറില്‍ ആനുകൂല്യങ്ങളെല്ലാം ഒരു വശത്തും, അതിന്‍റെ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ പേറേണ്ടത് മറു ഭാഗവുമാണ്. അത് ധര്‍മ്മം ആകുന്നില്ല. ധര്‍മ്മത്തിനു നിരക്കാത്തത് അധിക കാലം നിലനില്‍ക്കുകയുമില്ല. തമിഴ്‌ സഹോദരങ്ങളെ, നിങ്ങള്‍ക്കുള്ള ജലം ഇവിടെയുണ്ട്. അതിനിയും നിങ്ങള്‍ക്ക് തന്നെയുള്ളതാണ്. ഞങ്ങളുടെ സഹോദരന്മാരെന്നു പ്രഖ്യാപിക്കുന്ന നിങ്ങള്‍, ഞങ്ങളുടെ ഒരാവശ്യ സമയത്ത് ഞങ്ങള്‍ക്കൊപ്പമുണ്ട് എന്ന് വിശ്വസിക്കുന്നു. രാഷ്ട്രീയക്കാര്‍ ഒഴികെയുള്ള തമിഴര്‍ ഇത് മനസ്സില്ലാക്കുന്നു എന്നും കരുതുന്നു. പുലി വരുന്നേ, പുലി എന്ന് പറഞ്ഞു ഒരു നാള്‍ പുലി വരും, അന്ന് പക്ഷെ......

Saturday, December 3, 2011

ചിരി എന്ന ആശയം


മനുഷ്യന്‍റെ പുറംവാതിലുകളാണ് വികാരങ്ങള്‍. അവ മാറിയും മറിഞ്ഞും നമ്മുടെ ഉള്ളിനെയും ചുറ്റുപാടിനെയും കൂടുതല്‍ സന്തോഷപരമോ, സങ്കടപരമോ ഒക്കെ ആക്കുന്നു. ചുറ്റുപാടുകളിലേക്ക് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും  അവ തന്നെ. വികാരങ്ങള്‍ എന്ന പാതയിലൂടെ മനുഷ്യര്‍ പ്രാഥമീക ആശയങ്ങള്‍ കൈമാറുന്നു. വികാരങ്ങള്‍  യഥാര്‍ത്ഥമായി നമ്മുടെ മുഖത്ത് പ്രതിഫലിപ്പിക്കുന്നതും ഒരു കഴിവ് തന്നെ. അവയില്‍ കാപട്യം നിറയുമ്പോള്‍, ചുറ്റുപാടുകളും അതിനാല്‍ നിറക്കപ്പെടുന്നു. ചിരി ഒരു വികാരമാണോ എന്നറിയില്ല. എന്നാല്‍ അനുഗ്രഹീതര്‍ക്ക് അതൊരു അലങ്കാരമാണെന്നു വായിച്ചതോര്‍ക്കുന്നു.

കോശങ്ങളില്‍ മാറ്റം വരുത്താന്‍ ചിരിക്ക് സാധിക്കുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വൈറസുകളോട് പോരാടുന്ന കോശങ്ങള്‍ സജീവമാകുകയും, പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഫലിതങ്ങള്‍ പറയുന്നതും,കേള്‍ക്കുന്നതും പ്രയോജനപ്രദം തന്നെ. അതുവഴി, ചിരി ഉയരുമ്പോള്‍ തലച്ചോറിന്‍റെ തരംഗ വീഥികള്‍ സജീവമാകുന്നു. ഉറക്കെ ചിരിക്കുമ്പോള്‍ പല വേദനകള്‍ക്കും ശമനം അനുഭവപ്പെടുമെന്നും കണ്ടെത്തിയിരിക്കുന്നു. മേക്സിക്കോയിലെ പ്രധാന കാന്‍സര്‍ ചികല്‍സാ കേന്ദ്രമായ ഒയാസിസ്‌ ഓഫ് ഹോപില്‍ ചികല്‍സാക്രമത്തില്‍ മുപ്പതു വര്‍ഷമായി ചിരി ഒരു പ്രധാന ഇനമായി ഉപയോഗിച്ച് വരുന്നു. അത് വളരെ ഫലപ്രദമാണെന്നു അവിടുത്തെ ഡോക്ടേഴ്സ് സാക്ഷ്യപ്പെടുത്തുന്നു.

പ്രശസ്ത ഗവേഷകനായ ലീ ബെര്‍ക്ക്‌ സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരം, "മാനസീകവും ശാരീരികവുമായ നന്മയുടെ അനുഭവം വരുത്താന്‍ ചിരിക്ക് കഴിയും. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ദഹനം എളുപ്പമാക്കുന്നു. രക്തസമ്മര്‍ദം കുറക്കുകയും, പേശീമര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു". മറ്റൊരു ഗവേഷകനായ നോര്‍മന്‍ കസിന്‍സ്‌ സ്വന്തം ജീവിതത്തില്‍ നിന്നാണ് ചിരിയുടെ ശക്തി തിരിച്ചറിഞ്ഞത്. തന്‍റെ രോഗ ശമനത്തിന് ചിരി ഏറെ സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപ്രകാരം അഭിപ്രായങ്ങള്‍ നിരവധിയാണ്. സ്വാഭാവീക ചിരി കുറഞ്ഞു വരുന്നൊരു സമൂഹത്തില്‍, രോഗങ്ങള്‍ക്കെതിരെയെങ്കിലും ചിരികള്‍ സൃഷ്ടിക്കപ്പെടട്ടെ.

ജീവിതം ഒരാവര്‍ത്തനമാണ്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ചിലപ്പോള്‍ മാറിയേക്കാം. ആവര്‍ത്തിക്കപെടാത്തതായ ദിവസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ തുലോം കുറവായിരിക്കും. ആവര്‍ത്തിക്കപ്പെടാത്തതെന്നു കരുതപ്പെടുന്ന ഇപ്രകാരമുള്ള ദിവസങ്ങളാവും നമ്മുടെ ഏറ്റവും ഓര്‍മയുള്ള ദിവസങ്ങളും. ചുറ്റുപാടുമായി ബന്ധങ്ങള്‍ ഇല്ലാതെ നടക്കുന്ന ഒരു വ്യക്തിക്ക് ആവര്‍ത്തനദിനങ്ങള്‍ വളരെ കൂടി നില്‍ക്കും. മാഹാന്മാരെല്ലാം തങ്ങളുടെ ജീവിതത്തിലെ ഈ ആവര്‍ത്തനത്തെ ചുറ്റുപാടുമായുള്ള പുതിയ പുതിയ കെട്ടുപാടുകളിലൂടെ, മാറ്റാന്‍ ശ്രമിച്ചിരുന്നു. ചിരിയാണ് ഇവരില്‍ പലരും ഇതിനായി ഉപയോഗിച്ചിരുന്നത്. പകല്‍ മുതല്‍ സന്ധ്യ വരെ മനുഷ്യന്‍ പ്രതിസന്ധികളോട് മത്സരിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധികള്‍ രൂപവും ഭാവവും മാറി കുഞ്ഞന്മാരും വമ്പന്മാരുമായി വരുന്നു. ഇവയില്‍ പലതിനെയും നേരിടാന്‍ നിസ്സഹായനെന്നു കരുതപ്പെടുന്ന ഒരു ചിരിക്ക് സാധിക്കും.

ശാസ്ത്രത്തിന്‍റെ ഒരു ചെറു തത്വം കടമെടുത്താല്‍ ലോകത്ത് പദാര്‍ത്ഥവും ഊര്‍ജ്ജവും സൃഷ്ടിക്കപ്പെടുന്നില്ല. ആദിമ കാലം മുതലുള്ളതിനു രൂപമാറ്റം സംഭാവിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അമ്മയുടെ ഉദരത്തില്‍ നമ്മള്‍ വളര്‍ച്ച പ്രാപിക്കുന്നത് ഈ ഭൂമിയില്‍ നിന്ന്‍ കൈക്കൊള്ളുന്ന ഊര്‍ജത്തില്‍ നിന്നും പദാര്‍ത്ഥത്തില്‍ നിന്നുമാണ്. അതിനു ശേഷം വളരുന്നതും അങ്ങനെ തന്നെ. ചുരുക്കത്തില്‍ നമ്മള്‍ ഈ ഭൂമിയിലെ പദാര്‍ഥത്തിന്‍റെ ഒരു രൂപമാറ്റം മാത്രം. നമ്മുടെ മുന്‍തലമുറകള്‍ ജീവിച്ചു മരണമടഞ്ഞു ലയിച്ചു ചേര്‍ന്നതും ഈ ഭൂമിയിലേക്ക്. അപ്പോള്‍ നമ്മുടെ മുന്‍ തലമുറകലില്‍ ഉണ്ടായിരുന്ന പദാര്‍ത്ഥങ്ങള്‍ അല്പമെങ്കിലും നമ്മുടെ ശരീരത്തിലും ഉണ്ടാവില്ലേ. എന്‍റെ കാലിലെ ഒരു കോശം ചിലപ്പോള്‍ തലമുറകള്‍ക്ക് മുമ്പുള്ള ഒരു വ്യക്തിയുടേതില്‍ ഉണ്ടായിരുന്ന പദാര്‍ത്ഥമാവാം. നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന വ്യക്തികളിലും അങ്ങനെ തന്നെ. പല തലമുറകളുടെയും പദാര്‍ത്ഥങ്ങള്‍ നമ്മളുടെ ഉള്ളിലുണ്ടെങ്കില്‍, നമ്മളെല്ലാം യഥാര്‍ത്തമായ അര്‍ത്ഥത്തില്‍  ബന്ധുക്കള്‍ അല്ലെ. ചുറ്റുപാടും കാണുന്ന ഭിക്ഷക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ വരെ എല്ലാവരും ഭൂമിയില്‍ നിന്ന് അവതാരമെടുക്കുന്നു. നമ്മുടെ ഈ ബന്ധുക്കളെ നോക്കി യാതൊരു നഷ്ടവുമില്ലാത്ത ഒരു ചിരിയെങ്കിലും കൈമാറുന്നതില്‍ എന്തിനു വൈമുഖ്യം?

ചിരി ഒരാശയമാണ്. ഇതിനെ പ്രായോഗീകവല്‍ക്കരിച്ച എല്ലാവരും വിജയിച്ചു എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ആവശ്യ സന്ദര്‍ഭങ്ങളില്‍ അതിനെ ഉപയോഗിച്ച പലരുമാവും ഇന്ന് ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. ചിരിയിലൂടെ ലോകം മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍ ചുറ്റുപാടുകള്‍ മാറ്റാം, ബന്ധങ്ങള്‍ മാറ്റാം, നമ്മുടെ ആരോഗ്യം മാറ്റാം. സമൂഹത്തില്‍ ചിരിയെ അലയടിപ്പിക്കാം. ഒരാളുടെ ചിരി ചിലപ്പോള്‍ ഓളങ്ങള്‍ പോലെ സമൂഹത്തില്‍ ഒഴുകി നടക്കും. അപ്പോള്‍ പിന്നെ നമ്മള്‍ എന്തിനു ചിരിക്കാതെ നടക്കണം. ചിരിക്കൂ, മനുസ്സു തുറന്നു തന്നെ.