Raise our Conscience against the Killing of RTI Activists




Sunday, June 23, 2013

സ്വപ്നാടനം


അന്നു പുലര്‍ച്ചെ തുടങ്ങിയ മഴ ഉച്ചയായിട്ടും തോര്‍ന്നിരുന്നില്ല. വാഴപ്പിള്ളി, വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ പള്ളിയും, പരിസരങ്ങളും മഴയത്തും തണുപ്പിലും വിറങ്ങലിച്ചു നിന്നു. നിരന്തരമായ പേമാരിയിലും, വിശുദ്ധന്‍റെ പ്രതിമ അതേ ഗാംഭീര്യത്തില്‍ നിലകൊണ്ടു. വ്യാളിയുടെ വായിലേക്കു കുന്തം കയറ്റുന്ന ആ പ്രതിമയിലൂടെ ജലകണങ്ങള്‍ ധാരയായി പ്രവഹിച്ചു. അകത്തു സങ്കീര്‍ത്തിയില്‍, ജെറി ധൂപക്കുറ്റി ഒരുക്കുന്നതിന്‍റെ തിരക്കിലായിരുന്നു. പള്ളിയില്‍ കല്യാണക്കുര്‍ബ്ബാന നടക്കുന്നുണ്ട്. ധൂപക്കുറ്റിയിലെ ചിരട്ടക്കരിയില്‍ നിന്നുയര്‍ന്ന ചൂട്, അവനു താല്‍ക്കാലിക ആശ്വാസം പകര്‍ന്നു. അതില്‍ കുന്തിരിക്കം വെന്തുരുകുമ്പോള്‍ ഉയരുന്ന സുഗന്തപൂരിയായ പുക സ്വര്‍ഗലോകം വരെ പ്രവഹിച്ചു. കപ്യാരായ ജെറി, ഇതുപോലെ എത്രയോ കുര്‍ബ്ബാനകള്‍ക്കു കുന്തിരിക്കം പുകച്ചിരിക്കുന്നു. വിവാഹ ശേഷം ദമ്പതികളും, ആഘോഷങ്ങളും പള്ളിയില്‍ നിന്നും മടങ്ങി. അവിടെ വിശുദ്ധനും, അച്ചനും, കപ്യാരും, നിശബ്ദതയും മാത്രം ശേഷിച്ചു.

"ഹൊ, എന്നാ മഴയാ അച്ചാ", പള്ളിവാതിലുകള്‍ അടച്ചു തിരികെയെത്തിയ ജെറി പറഞ്ഞു. "തകര്‍ത്തങ്ങനെ പെയ്യെട്ടെടാ. മഴ മാറുമ്പോള്‍, വസന്തം വരും, അതു കഴിയുമ്പോള്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കും, തണുപ്പു പരക്കും, വേനല്‍ വരും. പൂര്‍ത്തിയാകാത്ത തിരക്കഥ കണക്കെ ഇതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കയല്ലേ. ശേഷിക്കുന്ന മണിക്കൂറുകള്‍ കുറയുന്നു എന്നതിന്‍റെ ഓര്‍മ്മപെടുത്തലാണ് ഓരോ മഴയും. ഇതൊന്നും ചിന്തിക്കാതെയും, മനസ്സിലാക്കാതെയും, മഴയെയും വെയിലിനേയും കുറ്റം പറഞ്ഞും, ഒരു സമൂഹം നമുക്കു ചുറ്റും ജീവിക്കുന്നു". ഒന്നും മനസ്സിലാകാത്ത അവന്‍റെ മുഖം അറിയാതെ വിടര്‍ന്നു പോയി. "നിന്‍റെ ഡിഗ്രി പരീക്ഷ എങ്ങനുണ്ടായിരുന്നു?", അച്ചന്‍ ചോദിച്ചു. "അതു കുഴപ്പില്ലായിരുന്നു. ഞാന്‍ ഇതു കഴിയുമ്പോള്‍ പഠിത്തം നിര്‍ത്തുവാണ്. എനിക്കീ പള്ളിയേം, പുണ്യാളനേം ഒന്നും വിട്ടു പോവാന്‍ വയ്യ. ഞാന്‍ ഇവിടെത്തന്നെയങ്ങു കൂടാന്‍ പോകുവാ". "നിന്‍റെയീ തീരുമാനം ഒരു മണ്ടത്തരം എന്നേ ഞാന്‍ പറയൂ. പഠനത്തിന്‍റെ കാലത്തു അതു മടുത്താല്‍, ജോലി സമയത്തു ജോലിയും, വാര്‍ദ്ധക്യത്തില്‍ വാര്‍ദ്ധക്യവും നീ വെറുക്കും. പഠനം ഇപ്പോഴേ സാധിക്കൂ. അതു നീ ആവുന്നത്ര പഠിക്കണം. അപ്പനും, അമ്മയും ഇല്ലായെന്നോര്‍ത്തു നീ വിഷമിക്കേണ്ട. ചെലവു എത്ര വരുമെന്നു പറഞ്ഞാല്‍ മതി. ഞങ്ങളും ജീവിത കാലത്തു കുറച്ചു സത്ക്കര്‍മ്മങ്ങള്‍ ഒക്കെ ചെയ്യെട്ടെടാ", അച്ചന്‍ പ്രതികരിച്ചു. അവന്‍ തല കുലുക്കി.

സമയം സന്ധ്യയായി. പള്ളിയില്‍ പ്രാര്‍ത്ഥനാ മണി മുഴങ്ങി. ആ മുഴക്കം പ്രകൃതിയില്‍ നേര്‍ത്തു അലിഞ്ഞില്ലാതായി. പണ്ടു ആളുകള്‍ ശ്രദ്ധാപൂര്‍വ്വം പ്രതീക്ഷിച്ചിരുന്ന ആ ശബ്ദം, ഇപ്പോള്‍ ഒരു ചലനവും ഉണ്ടാക്കാതെ ആളുകളുടെ ചെവിയിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു. ആല്‍ബെര്‍ട്ടച്ചന്‍റെ സന്തതസഹചാരിയാണു ജെറി. പള്ളിമുറിയില്‍ നിന്നു പ്രാര്‍ത്ഥനാശബ്ദങ്ങളുയര്‍ന്നു. പ്രാര്‍ത്ഥനാമണിക്കൂറുകളില്‍, ആത്മീയമായ ഒരു സമാധാനം അവന്‍ അറിഞ്ഞു. "സമാധാനപരമായ ഒരു അവസ്ഥയെയായിരിക്കും ഈ സ്വര്‍ഗ്ഗം എന്നൊക്കെ പറയുന്നതു അല്ലെ അച്ചാ", അവന്‍ ചോദിച്ചു. "അപ്പോള്‍ നീ കാര്യങ്ങള്‍ പഠിച്ചു വരുന്നുണ്ട്", അച്ചന്‍ പുഞ്ചിരിച്ചുകൊണ്ട് അവനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. പതിവായി അവരൊരുമിച്ചാണു ഭക്ഷണം കഴിക്കുന്നത്‌. ഭക്ഷണ ശേഷം വീണ്ടും അവര്‍ സംസാരിച്ചിരിക്കാറുണ്ട്. അവന്‍ പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍, സമയം ഒന്‍പതൊന്‍പതരയാവും. വീട്ടില്‍ ആരും കാത്തിരിക്കാനില്ലല്ലോ എന്നതാണു ഇതിനുള്ള അവന്‍റെ ന്യായം. 

അവന്‍ വീട്ടിലേക്കു പോകുന്നതു, സെമിത്തേരിയുടെ സമീപത്തുകൂടിയാണ്. ഇടയ്ക്കിടക്കു കാണാറുള്ളതു പോലെ, അന്നും അവന്‍ അവിടെ ആളനക്കം അറിഞ്ഞു. മരിച്ചു മണ്ണടിഞ്ഞ കിഴക്കേക്കര ഔതച്ചേട്ടനും, കാപ്പില്‍ വര്‍ക്കി ചേട്ടനും കല്ലറകള്‍ക്കു മുകളിരുന്നു കുശലം പറയുന്നു. വേറെ കുറെ ആളുകളെയും അവിടെ കാണാനാവുന്നുണ്ട്. ഇടയ്‌ക്കൊക്കെ കാണാറുള്ളതിനാല്‍ ഈ കാഴ്ച അവനു ഭയം ജനിപ്പിച്ചില്ല. "എടാ കൊച്ചനെ, നീ ഇവിടെ മണി അടിച്ചു നില്‍ക്കാതെ, പോയി നാലക്ഷരം പഠിക്കെടാ. അടുത്ത മാസം എന്‍റെ മോന്‍ സാംകുട്ടി അമേരിക്കയില്‍ നിന്നും വരുന്നുണ്ട്. നന്നായി പഠിച്ചാല്‍ നിന്‍റെ കാര്യം ഞാന്‍ അവനോടു പറയാം", വെറ്റില മുറുക്കികൊണ്ടു, ഔതച്ചേട്ടന്‍ അവനോടു പറഞ്ഞു. "എനിക്കങ്ങനെ ആരുടേയും ശുപാര്‍ശയില്‍ പണിയെടുക്കണ്ടാ. അല്ല, നിങ്ങളൊക്കെ മരിച്ചു കഴിഞ്ഞിട്ടും എന്താ ഇവിടെ ചുറ്റിയടിച്ചു നില്‍ക്കണേ? ഞാന്‍ കുരിശു കാണിക്കണോ", അവന്‍ തമാശയായി ചോദിച്ചു. ഒന്നു നീട്ടിത്തുപ്പികൊണ്ടു ഔതച്ചേട്ടന്‍ പറഞ്ഞു, "ഒന്നു പോടാ കൊച്ചനെ, നീ ഞങ്ങളെ പേടിപ്പിക്കുവാ?", ഇതും പറഞ്ഞു അയാള്‍ ചിരിച്ചു, അതില്‍ അവിടെയുള്ള മറ്റുള്ളവരും പങ്കാളികളായി. "ഞാന്‍ വീട്ടില്‍ പോണു. സമയം കുറെയായി", അവന്‍ നടന്നു. "കുറച്ചു സമയം കഴിഞ്ഞിട്ടു പോകാമെടാ. ബാക്കിയുള്ളവര്‍ക്കാര്‍ക്കും ഞങ്ങളെ കാണാന്‍ പറ്റുന്നില്ല", അവന്‍ തിരികെ നടക്കുമ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു. ഈ കാഴ്ച്ചകളോടു, അവന്‍ അറിയാതെ തന്നെ അവന്‍റെ മനസ്സു സൗഹൃദം സ്ഥാപിച്ചു തുടങ്ങിയിരുന്നു. ചെറുപ്പകാലം മുതല്‍ കണ്ടു വളര്‍ന്ന പരിചിതമുഖങ്ങളോടു, അവനു അല്‍പ്പം പോലും ഭയം തോന്നിയില്ല. സമീപത്തു പള്ളിയുള്ളതും അവനൊരു ചെറു ധൈര്യം പകര്‍ന്നു. "അച്ചാ, ഞാന്‍ ഇന്നലെയും സെമിത്തേരിയില്‍ ആളുകളെ കണ്ടു", പിറ്റേന്നു പ്രഭാതകുര്‍ബ്ബാനയ്ക്കെത്തിയ അവന്‍ പറഞ്ഞു. "ഈയിടെയായി ഇതല്‍പ്പം കൂടുന്നുണ്ടല്ലോ. ഇങ്ങനെയാണെങ്കില്‍, നമുക്കു ആ പൈലി ഡോക്ടറെ ഒന്നു കൂടി കാണേണ്ടി വരും", അച്ചന്‍ പറഞ്ഞു. അവന്‍ പിന്നീടു കൂടുതലൊന്നും പറഞ്ഞില്ല. ചെറുപ്പത്തില്‍, അപ്പന്‍ മരിച്ചപ്പോള്‍ ജെറി മാനസീകമായി അസ്വസ്ഥനായിരുന്നു. പൈലി ഡോക്ടറാണു അന്നു അവനെ ചികത്സിച്ചത്. ഇത്തരം കാഴ്ചകള്‍, സ്വാഭാവീകമായും, അവന്‍റെ രോഗാതുരമായ മനസ്സിന്‍റെ സൃഷ്ടിയാണെന്നാണു അച്ചന്‍ കരുതുന്നത്. 

ദിവസങ്ങളും, മാസങ്ങളും കടന്നു പോയി. പള്ളിയിലും, മണിശബ്ദങ്ങളിലുമായി ജെറിയുടെ ജീവിതം ഒരു മാറ്റവും കൂടാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അന്നൊരിക്കല്‍ രാത്രിയില്‍ പള്ളിയില്‍ നിന്നു തിരികെ പോരുമ്പോള്‍, സെമിത്തേരിയുടെ മതിലില്‍ ഒരു മദ്ധ്യവയസ്കന്‍ ഇരിക്കുന്നതു അവന്‍ കണ്ടു. മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കിയെങ്കിലും അവനു ആളെ മനസ്സിലായില്ല. കാവി ജുബ്ബയും, അതിനൊപ്പിച്ച പാന്റുമായിരുന്നു വേഷം. എന്നിരിക്കിലും, അയാള്‍ അതിനു പുറത്തുകൂടി അരപ്പട്ട ധരിച്ചിരുന്നു. അല്‍പ്പം കാറ്റു പോലും വീശാതെ പ്രകൃതി നിശ്ചലമായി നിന്ന ആ രാത്രിയില്‍ പള്ളിയിലെ കുരിശു വൈദ്യുതിദീപങ്ങളുടെ പ്രകാശത്തില്‍ തിളങ്ങി നിന്നു. "ആരാണ്?", അവന്‍ ചോദിച്ചു. "ഞാന്‍ തെക്കെപുറത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നു‌. ഇവിടെ പോസ്റ്റാഫീസിലാണു ജോലി. പേരു സെബാന്‍", അയാള്‍ പറഞ്ഞു. "സെബാനോ? അതെന്നാ പേരാ? അതു പോട്ടെ, ഞാന്‍ ജെറി. ഇവിടുത്തെ കപ്യാരാണ്. എന്നാലും താങ്കളെന്തിനാണു ജുബ്ബയ്ക്കു മുകളില്‍ അരപ്പട്ട കെട്ടിയിരിക്കുന്നത്?", അവന്‍ ചോദിച്ചു. "ഞാന്‍ സായാഹ്നങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ഇതു ധരിക്കാറുണ്ട്. പരമ്പരാഗത വേഷമാണ്", അയാള്‍ പറഞ്ഞു. "ഇവിടെയിങ്ങനെ അധിക സമയം ഒറ്റയ്ക്കിരിക്കേണ്ട. ഇതിനുള്ളില്‍ പലരെയും രാത്രികാലങ്ങളില്‍ ഞാന്‍ കാണാറുണ്ട്‌.", അവന്‍ പറഞ്ഞു. "അതൊന്നും എനിക്കു പേടിയില്ല ജെറി. ഞാന്‍ അല്‍പ സമയം ഒറ്റക്കിരിക്കട്ടെ", അയാള്‍ പറഞ്ഞു. അവന്‍ അവിടെ നിന്നും വീട്ടിലേക്കു മടങ്ങി. പൈലി ഡോക്ടര്‍ എന്ന നാമം ഈ സംഭവങ്ങള്‍ അച്ചനോടു പറയുന്നതില്‍ നിന്നും അവനെ പിന്തിരിപ്പിച്ചു.

പല രാത്രികളിലും അവന്‍ സെബാനെ കണ്ടു. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും ഇക്കാലയളവില്‍ വര്‍ധിച്ചു വന്നു. തണുപ്പു കാലം വേനലിനു വഴിമാറി. വൈദീക ബ്രഹ്മചര്യം, ആത്മീയത തുടങ്ങി രാഷ്ട്രീയ കാര്യങ്ങള്‍ വരെ അവരുടെ സംഭാഷണത്തിനു വിധേയമായി. സെബാനുമായുള്ള സമ്പര്‍ക്കം അവന്‍റെ ബൌദ്ധീക തലത്തിലും മാറ്റം വരുത്തി തുടങ്ങി. ഒരിക്കല്‍ അയാള്‍ ജെറിയുടെ വീട്ടില്‍ വന്നു. അവിടെവച്ചാണയാള്‍ സൂസിയുടെ ചിത്രം ആദ്യമായി കാണുന്നത്. പാസ്പോര്‍ട്ട്‌ ഫോട്ടോയുടെ അത്ര മാത്രം വലിപ്പമുള്ള ഒരു കൊച്ചു ചിത്രം. "ആരാണെടാ ഇത്?", അയാള്‍ കൌതുകപൂര്‍വ്വം അവനോടു ചോദിച്ചു. അവന്‍ അതിനൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "ചേട്ടനു ആരോടും ഇഷ്ടമൊന്നും തോന്നിയിട്ടില്ലേ?", അവന്‍ ചോദിച്ചു. "അതിനൊന്നും സമയം ലഭിച്ചില്ല. ഇനി അതൊന്നും നടക്കത്തുമില്ല." അയാള്‍ ഒന്നു നിര്‍ത്തിയ ശേഷം തുടര്‍ന്നു, "ഈ കുട്ടി ഇപ്പോള്‍ എന്തു ചെയ്യുന്നു?" "അവളുടെ കല്യാണം കഴിഞ്ഞു ഇപ്പൊ ബാംഗ്ലൂരോ മറ്റോ ആണ്. എന്നാലും ഫോട്ടോ കളയാന്‍ തോന്നിയില്ല", അവന്‍ പറഞ്ഞു. അവന്‍ അടുക്കളയില്‍ പോയി അയാള്‍ക്കായി കട്ടന്‍ ചായ അനത്തി. സിമിന്റിന്‍റെ നേരിയ അംശം പോലും ഇല്ലാത്ത ആ വീട്ടിലാകെ മൂന്നു മുറികളെ ഉണ്ടായിരുന്നുള്ളൂ.

ഗ്ലാസ്സിലുള്ള കട്ടന്‍ ചായയുടെ ഉയര്‍ന്നു പൊങ്ങുന്ന ആവിയെ അവന്‍റെ നിശ്വാസം പല വഴിക്കു ചിതറിച്ചു. "അവള്‍ എന്‍റെ കൂടെയാണു വേദപാഠം പഠിച്ചത്. ഏതു ക്ലാസ്സില്‍ വച്ചാണു താല്‍പ്പര്യം വന്നു തുടങ്ങിയതു എന്നോര്‍മ്മയില്ല. ആദ്യമൊക്കെ പ്രണയം എന്ന പാപചിന്ത എന്നില്‍ കയറിയതിനെപറ്റി ഞാന്‍ വളരെ ദുഖിച്ചിരുന്നു. അവള്‍ എപ്പോഴും എന്നില്‍ ഒരാന്തല്‍ ഉണ്ടാക്കിയിരുന്നു. അവളറിയാതെ ഞാന്‍ അവളുടെ പിന്നാലെ സൈക്കിളില്‍ സഞ്ചരിച്ചു. അവളറിയാതെ അവളുടെ വീട്ടിലേക്കു ഞാന്‍ കണ്ണുകള്‍ പായിച്ചു. അവള്‍ എന്നെ അക്കാലത്തു ശ്രദ്ധിച്ചിരുന്നോ എന്നെനിക്കോര്‍മ്മയില്ല. ഒന്‍പതില്‍ പഠിക്കുമ്പോഴാണു ഞാന്‍ ആദ്യമായൊരു കത്തു കൊടുക്കുന്നത്. ആരും കാണാതെ അവള്‍ അത് മേടിച്ചു വേദോപദേശ പുസ്തകത്തിനുള്ളില്‍ വച്ചു. നടന്നു പോകുമ്പോള്‍ അവള്‍ എന്നെ തിരിഞ്ഞു നോക്കി. ഒന്നല്ല, പലവട്ടം", അവന്‍ സംസാരത്തിനിടയില്‍ ഗ്ലാസ്സില്‍ നിന്നു ചായ കുടിച്ചുകൊണ്ടിരുന്നു. "നടക്കാതെ പോയ മറ്റൊരു പ്രണയകാവ്യം കൂടി", അയാള്‍ ചിരിച്ചു.

"വര്‍ഷങ്ങളോളം അവള്‍ക്കു എന്നെ ഇഷ്ടമായിരുന്നു. പക്ഷെ ഒരു കപ്യാരുടെ മകനു ആരെങ്കിലും മകളെ കല്യാണം കഴിപ്പിക്കുമോ? കോളേജു വിദ്യാഭ്യാസവും, പുറം ലോകവും അവളെയും വളരെയധികം മാറ്റി. ഞാന്‍ അന്നും ഇന്നും ഈ പള്ളിയോടും, പുണ്യാളനോടും ചേര്‍ന്നിരിക്കുന്നു. അവളുടെ കല്യാണത്തിനും ഞാനാണു കുന്തിരിക്കം പുകച്ചത്", അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. പക്ഷെ അതിലൊരു നനവിന്‍റെ ഗന്ധം അലിഞ്ഞിരുന്നു. "അതിനു ശേഷവും ആ ഫോട്ടോ കളയാന്‍ എനിക്കു തോന്നിയില്ല. അതെന്‍റെ ഒപ്പമുണ്ട്", അവന്‍ പറഞ്ഞവസാനിപ്പിച്ചു. "നേരം വൈകിയിരിക്കുന്നു. ഞാനിറങ്ങട്ടെ.", അയാള്‍ പറഞ്ഞു. "ഇതൊന്നും ആല്‍ബെര്‍ട്ടച്ചനു പോലും അറിയില്ലാട്ടോ", അയാള്‍ ഇറങ്ങുംനേരം അവന്‍ പറഞ്ഞു.

"എടാ ജെറി, എന്നാലും ആ സൂസീടെ കാര്യം നീ ഇത്ര നാളായിട്ടും പറഞ്ഞില്ലല്ലോടാ. ഞങ്ങള് നടത്തിതരത്തില്ലായിരുന്നോ?", മറ്റൊരു രാത്രിയില്‍, സെമിത്തേരിയില്‍ നിന്നും ഔതച്ചേട്ടന്‍ വിളിച്ചു പറഞ്ഞു. അവരെങ്ങനെ ഇതറിഞ്ഞു എന്നതിനെ പറ്റി അവന്‍ ആശ്ചര്യപ്പെട്ടു. "നീ ഞെട്ടുവൊന്നും വേണ്ട. നമ്മുടെ ആ സെബാന്‍ പറഞ്ഞതാ. നിന്നെ പോലെ അയാള്‍ക്കും ഞങ്ങളെ കാണുവോം, ഞങ്ങളോടു മിണ്ടുവോമൊക്കെ ചെയ്യാം.", ഔതച്ചേട്ടന്‍ പറഞ്ഞു. "ഒന്നു പതുക്കെ പറ എന്‍റെ ഔതച്ചേട്ടാ. നാട്ടുകാരാരെങ്കിലും കേള്‍ക്കും", അവന്‍ തിരികെ പറഞ്ഞു. "നീ ഇങ്ങോടു വാടാ. നിങ്ങടെ കല്യാണം ഞങ്ങള്‍ നടത്തിത്തരും", പാറേലെ അന്തോണി ചേട്ടനാണു ഇതിനുള്ള ആവേശം കാണിച്ചത്. "ജീവിച്ചു തുടങ്ങിയേ ഉള്ളു അപ്പച്ചാ. ഇപ്പഴേ നിങ്ങടെ അടുത്തേക്കു വരാനൊന്നും പറ്റത്തില്ല.", അവന്‍ പറഞ്ഞു. 

അടുത്ത അദ്ധ്യായന വര്‍ഷത്തേക്കു, ഉപരിപഠനത്തിനു ജെറിക്കായി ആല്‍ബെര്‍ട്ടച്ചന്‍ ഒരു സീറ്റു സംഘടിപ്പിച്ചു. പള്ളിയില്‍ നിന്നും വിട്ടു പോകാന്‍ മടിച്ചു നിന്ന അവനോടായി അച്ചന്‍ പറഞ്ഞു, "നീ ഒരു രണ്ടു വര്‍ഷം ഈ കപ്യാരു പണിയില്‍ നിന്നും മാറി നിന്നാല്‍ മതി. അതു കഴിയുമ്പോള്‍ തിരിച്ചിങ്ങു വരാം. നിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നു വിശ്വസിക്കുന്നതു കൊണ്ടാണ്, നിന്നോടു പോലും ചോദിക്കാത്തത്. അതില്‍ എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ മാത്രം പോകാതിരുന്നാല്‍ മതി". ഗത്യന്തരമില്ലാതെ അവന്‍ സമ്മതിച്ചു.

വേനലില്‍ പൊരിഞ്ഞു കിടന്ന മണ്ണിനു ആശ്വാസമായി ആദ്യ മഴയെത്തി. മഴയില്‍ വീണ്ടും ആ പള്ളിയും, പുണ്യാളന്‍റെ പ്രതിമയും നനഞു. വളരെ നാളുകള്‍ക്കു ശേഷം, അന്നു രാത്രിയില്‍ അവന്‍ വീണ്ടും സെബാനെ കണ്ടു മുട്ടി, പതിവു പോലെ സെമിത്തേരിയുടെ മതിലില്‍ അരപ്പട്ടയൊക്കെ ധരിച്ചായിരുന്നു അയാളുടെ ഇരുപ്പ്. "കുറെ നാളായല്ലോ കണ്ടിട്ട്, എവിടായിരുന്നു?". "ഞാനൊന്നു വീടു വരെ പോയിരുന്നെടാ", അയാള്‍ പറഞ്ഞു. ദൂരെ നിന്നു മഴയുടെ തണുപ്പിക്കുന്ന ആരവം ഒഴുകിയെത്തി. തുള്ളികളായും, ജലപ്രവാഹമായും അതു താഴേക്കൊഴുകി. അവന്‍ അയാളെ കുടയിലേക്കു ക്ഷണിച്ചുകൊണ്ടു പറഞ്ഞു, "വീണ്ടും മറ്റൊരു മഴക്കാലം. നിൽക്കുവാൻ താൽപ്പര്യമില്ലാത്ത പമ്പരം കണക്കെ കാലവും സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നപോലെ. ഒന്നിനും ഒരു മാറ്റവുമില്ല". മഴ അപ്പോഴേയ്ക്കും പൂര്‍ണ്ണ ശക്തി പ്രാപിച്ചിരുന്നു. കനത്ത മഴ അവരുടെ സഞ്ചാരത്തിനും ഇടയ്ക്കിടയ്ക്കു വിഘാതം സൃഷ്ടിച്ചു. "നീ സ്കൂള്‍ കാലം ഓര്‍മ്മിക്കുന്നുണ്ടോ? അന്നൊക്കെ ഓരോ ക്ലാസ്സു ജയിക്കുമ്പോഴും, അടുത്ത പഠിക്കാനുള്ള ക്ലാസ്സുകളുടെ എണ്ണമാണു മനസ്സില്‍ തെളിയുക. സമയത്തിനു തീരെ വേഗത ഇല്ലാത്തതു പോലെ. എന്നാല്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍, എല്ലാം ഞൊടിയിടയില്‍ കടന്നു പോയതായി തോന്നുന്നില്ലേ. ഇപ്പോഴുള്ള മഴ നീ കണ്ടോ? പണ്ടു മഴക്കാലം, സ്കൂള്‍ തുറക്കുന്നതിന്‍റെ ഒരു ചെറിയ ഭയം ജനിപ്പിച്ചിരുന്നു. അതിനു പുത്തന്‍ പുസ്തകങ്ങളുടെ ഗന്ധമുണ്ടായിരുന്നു. ഇന്നും മഴ പെയ്യുന്നു. എന്നാല്‍ അവ പ്രത്യേകിച്ചൊരു വികാരവും സമ്മാനിക്കാതെ പെയ്തൊഴിയുന്നു. കാലം ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ജീവിതങ്ങളും, മുഖങ്ങളും, സാഹചര്യങ്ങളും മാറും". ഒന്നു നിര്‍ത്തിയ ശേഷം അയാള്‍ തുടര്‍ന്നു, " ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ പറയുന്നതു പോലെ, മാറ്റം എന്നൊന്നു അടിസ്ഥാനപരമായി ഇല്ല തന്നെ. നന്മയുടെയും, തിന്മയുടെയും അടയാളങ്ങള്‍ മാത്രം ശേഷിക്കും. ജീവിതത്തില്‍ ആവോളം നന്മ ചെയ്യുന്ന നിന്നെ കണ്ടു പില്‍ക്കാലത്തു മറ്റുള്ളവര്‍ അസൂയപ്പെടും. യഥാര്‍ത്ഥ ജീവിതം ഇവിടെയല്ല. അതു വരാന്‍ കിടക്കുന്നതേയുള്ളു", അപ്പോഴേയ്ക്കും അവന്‍റെ വീടെത്തിയിരുന്നു. "നാളെ നമുക്കൊരു യാത്ര പോകാനുണ്ട്. യാത്രയില്‍ സൂസിയേയും കൂട്ടാം", അയാള്‍ തിരികെ നടക്കുമ്പോള്‍ പറഞ്ഞു. സൂസി എന്ന വാക്കു കേട്ടു ജെറി ഒന്നു ഞെട്ടിയെങ്കിലും അവന്‍ അതു പുറമേ പ്രകടിപ്പിച്ചില്ല.

പിറ്റേന്നു ആല്‍ബെര്‍ച്ചട്ടന്‍ പറഞ്ഞതനുസരിച്ചു, ഉച്ചയോടെ പള്ളിയിലേക്കു പോവുകയായിരുന്ന ജെറിയുടെ ഓട്ടോയുടെ നേരെ ഒരു ലോറി നിയന്ത്രണം വിട്ടു പാഞ്ഞടുത്തു. അല്‍പ സമയത്തേക്കു ബോധം നഷ്ടപ്പെട്ട  അവന്‍, ബോധം തെളിഞ്ഞപ്പോള്‍ ആദ്യം നോക്കിയതു, ഓട്ടോ ഓടിച്ചിരുന്ന വ്യക്തിക്കു എന്തെങ്കിലും സംഭവിച്ചോ എന്നതാണ്. ഭാഗ്യം, ഒന്നും സംഭവിച്ചില്ല. അയാള്‍ സമീപത്തു നില്‍ക്കുന്നുണ്ട്. സമയം വൈകിയതിനാല്‍ അയാളോടു യാത്ര പറഞ്ഞു ജെറി പള്ളിയിലേക്കോടി. "അച്ചാ ഞാന്‍ വന്ന ഓട്ടോ അപകടത്തില്‍ പെട്ടു. ഭാഗ്യത്തിനു ഒന്നും സംഭവിച്ചില്ല", എന്നാല്‍ അച്ചന്‍ ഒന്നും കേട്ടില്ലെന്നു തോന്നുന്നു. ആകുന്നത്ര ഉറക്കെ പറഞ്ഞിട്ടും, അച്ചന്‍ ഒന്നും കേള്‍ക്കുന്നില്ല. അവന്‍ അച്ചനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും,  അതിനും സാധിക്കുന്നില്ല. ഒരു ഫോണ്‍ വന്നു അച്ചന്‍ തിരക്കിട്ടു പുറത്തേക്കു പോകുന്നതും അവന്‍ കണ്ടു. വര്‍ഷങ്ങളായി കണ്ടും, അനുഭവിച്ചും കഴിഞ്ഞ ആ പള്ളിക്കുള്ളില്‍ അവന്‍ കയറി. 

****************

"എന്നാലും നമ്മുടെ ജെറി ഇത്ര ചെറുപ്പത്തിലെ പോയല്ലോ",  കുഴിവെട്ടുകാരന്‍ തോമ്മാ സഹായിയോടായി പറഞ്ഞു. "ആ ഓട്ടോ ഒടിഞ്ഞു മടങ്ങിപ്പോയി. ഡ്രൈവറും, അവനും തല്‍ക്ഷണം മരിച്ചതായാണു കേട്ടത്", അയാള്‍ കുഴി വെട്ടിക്കൊണ്ടു പറഞ്ഞു. "ഇതു കഴിഞ്ഞിട്ടു വേണം മറ്റേ കുഴി വെട്ടാന്‍. നമ്മുടെ നിരപ്പേലെ അപ്പച്ചന്‍ മുതലാളീടെ മോള്‍ടെത്. ആത്മഹത്യയായിരുന്നു എന്നാ കേള്‍ക്കണേ", "ആ കോച്ചിന്‍റെ പെരെന്നാ ചേട്ടാ", മണ്ണു മുകളിലേക്കു കയറ്റുന്നതിനിടയില്‍ സഹായി ചോദിച്ചു. "സൂസി എന്നോ മറ്റോ ആണ്. പേരിലിപ്പോ എന്തിരിക്കുന്നു", തോമ്മാ ചോദിച്ചു.

ആകാശം കാര്‍മേഘത്താല്‍ മൂടി. ഉച്ചയായിരുന്നിട്ടു കൂടി സായാഹ്നത്തിന്‍റെ പ്രതീതിയായിരുന്നു. കനത്ത മഴ ആകാശത്തും ഭൂമിയിലും പ്രകമ്പനങ്ങള്‍ സൃഷ്ട്ടിച്ചു. അവന്‍റെ മേല്‍ അവസാന തരി മണ്ണിടുമ്പോള്‍ ആ വൈദീകന്‍റെ കൈ വിറച്ചു. ഇടതൂര്‍ന്ന മഴയിലും പുണ്യാളന്‍റെ പ്രതിമയിലെ അരപ്പട്ട തിളങ്ങി നിന്നു. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്കു തന്നെ മടങ്ങും" എന്ന ശബ്ദം അവിടെ മാറ്റൊലി കൊണ്ടു. 

Monday, May 27, 2013

കാലം


സമയത്തിനു രണ്ടു മുഖങ്ങളുണ്ട്. അതിലൊന്നു നല്ല കാലമായും, മറ്റൊന്നു മോശം കാലമായും നമുക്കു അനുഭവപ്പെടുന്നു. പരസ്പര ആപേക്ഷികത്വത്തില്‍ നിലനില്‍ക്കുന്ന ഇവ മനുഷ്യ മനസ്സിന്‍റെ സൃഷ്ടിയാണ്. മോശം കാലത്തെ, നല്ല കാലത്തേക്കെത്തുവാനുള്ള പാഠങ്ങളായും, നല്ല കാലത്തെ മോശം കാലത്തിന്‍റെ ചവിട്ടുപടികളായും വിശേഷിപ്പിക്കാം.

സുഹൃത്തിന്‍റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സമയം നന്നേ വൈകിയിരുന്നു. അനുവിന്‍റെ മുഖത്തു വിയര്‍പ്പുകണങ്ങള്‍ പൊതിഞ്ഞു. വീട്ടിലേക്കുള്ള വഴിയിലെ, വിജനമായ ആ റബ്ബര്‍ തോട്ടമാണു അവളുടെ ആശങ്കയുടെ കേന്ദ്രബിന്ദു. ഉദ്ദേശം അരക്കിലോമീറ്ററോളം പടര്‍ന്നു കിടക്കുന്ന ആ തോട്ടത്തിനുള്ളിലുള്ള വഴിയിലൂടെ വേണം അവള്‍ക്കു വീടെത്താന്‍. സമയം പോകെ, അവളുടെ നടപ്പിനു വേഗം വര്‍ദ്ധിച്ചു. ഭയപ്പെടുത്താന്‍ പ്രത്യേകിച്ചൊന്നും സമീപത്തില്ലെങ്കിലും, തോട്ടത്തിന്‍റെ വിജനതയും, നിരന്തരമായ ചീവീടുകളുടെ മൂളിച്ചയും അവളുടെ ധൈര്യം ചോര്‍ത്തി. നിസ്സാര കാര്യങ്ങള്‍ക്കു അച്ഛനെ വിളിക്കാനുള്ള മടിയാണു, അവളെ തനിയെ നടത്തിക്കുന്നത്. അവളുടെ യാത്രയ്ക്കിടെ ഒരു വൃദ്ധനും, നാടോടി സ്ത്രീയും പിന്നെ നാട്ടില്‍ കമ്പ്യൂട്ടര്‍ ക്ലാസ്സുകളെടുക്കുന്ന പ്രദീപും എതിരെ കടന്നു പോയി. കനക്കുന്ന ഇരുട്ടു മൂലം, വ്യക്തികള്‍ അടുത്തു വരുമ്പോള്‍ മാത്രമാണു മുഖങ്ങള്‍ വ്യക്തമാകുന്നത്. ഓരോ രൂപങ്ങളും, വിദൂരതയില്‍ അവള്‍ക്കു പേടി ഉണര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ നിരന്തരം ഉയരുന്ന ആക്രമണങ്ങള്‍ അവളെയും ഭയപ്പെടുത്തിയിട്ടുണ്ട്. ഉദ്ദേശം ഏഴു മണിയോടു കൂടി അവള്‍ വീടെത്തിച്ചേര്‍ന്നു. "നിന്നോടെത്ര തവണ പറഞ്ഞിരിക്കുന്നു, ഈ അസമയത്തൊന്നും ഇങ്ങനെ ഒറ്റയ്ക്കു വരരുതെന്ന്", കയറിച്ചെന്നപ്പോഴേയുള്ള അച്ഛന്‍റെ ആ ശകാരങ്ങളെ ഒരു ചെറു പുഞ്ചിരിയോടെയാണ് അവള്‍ നേരിട്ടത്.

പിറ്റേന്നു പത്രം തുറന്ന അവള്‍ ഞെട്ടിപ്പോയി. നാട്ടില്‍ നിന്നും രണ്ടു ദിവസം മുമ്പു കാണാതായ വടക്കേലെ അമ്മുമോളുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ നിന്നു കണ്ടെടുത്തു എന്നതായിരുന്നു ആ വാര്‍ത്ത. ഇന്നലെ സന്ധ്യയോടെയാണു മരണം നടന്നതെന്നു അനൌദ്യോഗീകമായി പോലീസ് സ്ഥിരീകരിച്ചതായി വാര്‍ത്തയിലുണ്ട്. മൂന്നു വയസ്സു മാത്രമുള്ള ആ കുഞ്ഞു, മാനഭംഗത്തിനു വിധേയയായിയാണു മരണപ്പെട്ടതെന്നു കൂടി വായിച്ചതോടെ അവള്‍ അല്‍പ്പ സമയം തരിച്ചിരുന്നു. താന്‍ ഇന്നലെ ഭാഗ്യം കൊണ്ടു മാത്രമാണു രക്ഷപ്പെട്ടത്. അമ്മുമോളുടെ തിരോധാനം നാട്ടില്‍ വലിയ ചര്‍ച്ചയ്ക്കു വഴി വച്ചിരുന്നു. ആ കുഞ്ഞിനു വേണ്ടി പോലീസ് വ്യാപകമായ തോതില്‍ അന്വേഷണം നടത്തവെയാണു അവളുടെ ജഡം കണ്ടുകിട്ടിയത്. "നീ ഇന്നലെ പോരുന്ന വഴി അസ്വാഭാവികമായി വല്ലതും കണ്ടിരുന്നോ? ഉദ്ദേശം ആറര വരെ അവിടെ ജഡം ഉണ്ടായിരുന്നില്ലെന്നാണു ആളുകള്‍ പറയുന്നത്. അതിനു ശേഷമല്ലേ നീ അതു വഴി പോന്നത്?", ടൌണില്‍ നിന്നും മടങ്ങിയെത്തിയ അച്ഛന്‍ അനുവിനോടു ചോദിച്ചു. "ഞാന്‍ പ്രത്യേകിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഞാനിങ്ങോടു വരുമ്പോഴാണു, നമ്മടെ ട്യൂഷന്‍ കൊടുക്കുന്ന പ്രദീപ്‌ എതിരെ പോയത്. ആ സമയത്തു അയാള്‍ മാത്രമേ ശ്രദ്ധിക്കപ്പെടാവുന്നതായി എതിരെ പോയുള്ളൂ". "അപ്പൊ, മിക്കവാറും അവനു സത്യം അറിയാമായിരിക്കും. നീ തല്‍ക്കാലം ഒരു സംഭവങ്ങളും ആരോടും പറയേണ്ട", അച്ഛന്‍ അറിയിച്ചു. 

എന്നാല്‍ സ്ത്രീകള്‍ക്കു നേരെ നിരന്തരം ഉയരുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്നു അവള്‍ നിശ്ചയിച്ചിരുന്നു. പിറ്റേന്നു തന്നെ അവള്‍ പോലീസ് സ്റ്റേഷനില്‍ എത്തി, സന്ധ്യയോടെ പ്രദീപിനെ തോട്ടത്തില്‍ കണ്ട കാര്യം അവരെ അറിയിച്ചു. നിമിഷങ്ങള്‍ക്കകം, പ്രദീപ്‌ പോലീസ് കസ്റ്റടിയിലായി. അമ്മുവിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദി പ്രദീപാണെന്ന വാര്‍ത്ത നാട്ടില്‍ പരക്കാന്‍ ഒട്ടും താമസമുണ്ടായില്ല. പോലീസ് അനുവിനെ സാക്ഷി പട്ടികയില്‍ ചേര്‍ത്തു. തുടക്കത്തില്‍ വിസമ്മതിച്ച അവള്‍ക്കു എല്ലാവിധ സഹായങ്ങളും പോലീസ്‌ വാഗ്ദാനം ചെയ്തപ്പോഴാണ് അവള്‍ അതിനു സമ്മതിച്ചത്. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ പ്രദീപ്‌ കുറ്റം സമ്മതിച്ചതായി പത്രത്തില്‍ വാര്‍ത്തകള്‍ കണ്ടു തുടങ്ങി. സാമൂഹീക സംഭവങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാനായതിന്‍റെ ആവേശം അനുവിന്‍റെ മുഖത്തും വന്നു, അവളെ ഗ്രാമത്തില്‍ പലരും അഭിനന്ദിച്ചു. 

ഒരാളുടെ നല്ല കാലം മറ്റു ചിലര്‍ക്കു മോശം കാലമായി പരിണമിക്കാറുണ്ട്. ഒന്നിനെയും കാലചക്രത്തിനു കൊടുക്കാതെ വിധിക്കു വിടുന്ന ഒരു കൂട്ടരുണ്ട്. മറ്റൊരു കൂട്ടര്‍ ഇതിലൊന്നും വിശ്വസിക്കാതെ സ്വന്തം കര്‍മങ്ങളാണു പ്രധാനമെന്നും, അവയിലൂടെ കാലത്തെയും മാറ്റിയെടുക്കാമെന്നും വിശ്വസിക്കുന്നു.

ഒരു മാസത്തിനിപ്പുറം മൂവാറ്റുപുഴ നിര്‍മല കോളേജില്‍, അനുവിനെ കാണാന്‍ ഒരു അതിഥിയെത്തി. അവിടുത്തെ സൈക്കോളജി വിഭാഗത്തില്‍, ഗവേഷണ വിദ്യാര്‍ത്ഥിനിയാണവള്‍. പ്രദീപെന്ന തികച്ചും അപ്രതീക്ഷിതനായ ആ അതിഥിയെക്കണ്ടു അവള്‍ ഞെട്ടി. ഞെട്ടലിനേക്കാള്‍, ചെറുതായെങ്കിലും ഭയപ്പെട്ടു എന്നതാവും കൂടുതല്‍ ശരി. അയാളാവട്ടെ സൌമ്യനായി കാണപ്പെട്ടു. മുഖം, അയളേറ്റ മര്‍ദ്ദനങ്ങളുടെ നേര്‍രൂപമെന്നോണം പലയിടത്തും വീങ്ങിയും, കരുവാളിച്ചും കിടന്നു. "അല്‍പ സമയം എനിക്കു വേണ്ടി നീക്കി വയ്ക്കണം. അല്‍പം സംസാരിക്കാനുണ്ട്.", അയാള്‍ അഭ്യര്‍ത്ഥിച്ചു. കോളേജില്‍ ഒരു പ്രശ്നമുണ്ടാക്കണ്ട എന്നതിനാലും, ഉള്ളില്‍ അല്‍പ്പം ഭയം ബാക്കി കിടന്നതിനാലും അവള്‍ സമ്മതിച്ചു. കോളേജിലെ അതിഥി മുറിയില്‍, ഒരു മേശക്കിരുവശമായി അവരിരുവരും ഇരുന്നു. മുകളില്‍ ശബ്ദരഹിതമായി പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണര്‍ ഉണ്ടായിരുന്നെങ്കിലും അവളുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.

"നിയമപരമായി, നമ്മള്‍ തമ്മില്‍ കാണുവാന്‍ പാടില്ലാത്തതാണ്. ഞാന്‍ കാണാന്‍ വന്നിരുന്നുവെന്നു നിങ്ങള്‍ പോലീസില്‍ അറിയിച്ചാല്‍ ആ സമയം എന്‍റെ ജാമ്യം സ്വയം റദ്ദാകുകയും, ഏതൊരു അധികാരപ്പെട്ട പോലീസുദ്യോഗസ്ഥനും എന്നെ അറസ്റ്റു ചെയ്യുകയും ചെയ്യാം. പക്ഷെ ചില കാര്യങ്ങള്‍ നിങ്ങളറിയേണ്ടതുണ്ട് എന്നെനിക്കു തോന്നി", അയാള്‍ ഇത്രയും പറഞ്ഞു കസേരയിലേക്കു ചാഞ്ഞു. "എന്നെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചു മൊഴി മാറ്റിക്കാമെന്നും വിചാരിച്ചാണീ വരവെങ്കില്‍ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതു ആദ്യമേ പറഞ്ഞു കൊള്ളട്ടെ", അവള്‍ അറിയിച്ചു. അയാള്‍ അതിനു ഒന്നു മന്ദഹസിക്കുക മാത്രമേ ചെയ്തുള്ളൂ. "എനിക്ക് നിരപരാധിത്വം മാത്രമേ ബോധിപ്പിക്കാനുള്ളു. കാരണം, ഞാന്‍ നിരപരാധിയാണ്. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടു നിങ്ങള്‍ കണ്ടിരുന്നോ എന്നറിയില്ല. പോലീസു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു അഭിഭാഷകന്‍ മുഖേനയാണു എനിക്കു ലഭിച്ചത്. അതില്‍ മരണ സമയമായി ചൂണ്ടിക്കാട്ടിയിരിക്കുന്നതു, വൈകുന്നേരം അഞ്ചര എന്നാണ്. അന്നേ ദിവസം വൈകുന്നേരം ആറേ കാല്‍ വരെ ഞാന്‍ ട്യൂഷന്‍ സെന്‍ററില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. സംശയമുണ്ടെങ്കില്‍ അവരോടു ചോദിക്കാം. റിപ്പോര്‍ട്ടു തനിക്കു വായിക്കുവാനായി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതാ നോക്കാം", അയാള്‍ റിപ്പോര്‍ട്ടെടുത്തു അവളുടെ നേരെ നീട്ടി. ശരിയാണു, മരണ സമയം അഞ്ചര എന്നാണു കൊടുത്തിരിക്കുന്നത്. "നമ്മള്‍ തമ്മില്‍ കണ്ടതു, എന്‍റെ ഊഹം ശരിയാണെങ്കില്‍, വൈകുന്നേരം ആറരയ്ക്കു ശേഷമാണ്. ഇതു എന്‍റെ അഭിഭാഷകന്‍ ഉയര്‍ത്തിക്കാണിച്ചതാണു എനിക്കു ജാമ്യം ലഭിക്കാനുണ്ടായ പ്രധാന കാരണം.", അയാള്‍ പറഞ്ഞു. ചിന്തയിലാണ്ട അവള്‍ പറഞ്ഞു, "താന്‍ പറയുന്നതില്‍ കാര്യമുണ്ട്. കാരണം, വൈകുന്നേരം ആറേമുക്കാലോടെ ജഡം കാണപ്പെട്ട സ്ഥലത്തു കൂടി ഞാന്‍ കടന്നുപോകുമ്പോള്‍, അവിടെ അതുണ്ടായിരുന്നില്ല. അഞ്ചരയ്ക്കു കൊല നടന്നിട്ടുണ്ടെങ്കില്‍, അതു മറ്റെവിടെയോ വച്ചിട്ടായിരിക്കണം നടന്നിട്ടുണ്ടാവുക. അതിനു ശേഷം ജഡം അവിടെ കൊണ്ടു വന്നിട്ടതാവനം". "ഞാന്‍ പറയുന്നതു, ഒരിക്കലും എന്നെ സഹായിക്കാനോ, എന്‍റെ പക്ഷം ചേരാനോ അല്ല. തെറ്റായ ഒരു പ്രതിയെ നിയമം കണ്ടെത്തുമ്പോള്‍, രക്ഷപ്പെടുന്നതു യഥാര്‍ത്ഥ പ്രതിയാണ്. ആ ഗ്രാമത്തില്‍ ഇപ്പോഴും, പൂര്‍ണ്ണ സ്വതന്ത്രനായി അവന്‍ നടക്കുന്നുണ്ട്. ഇത്ര ചെറിയ കുഞ്ഞിനെ വരെ മാനഭംഗപ്പെടുത്തിയ സ്ഥിതിക്കു അയാള്‍ തീര്‍ച്ചയായും ഒരു മാനസീക രോഗിയാണ്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ നമ്മുടെ ഗ്രാമത്തില്‍ ആവര്‍ത്തിക്കും. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുക എന്നതു ഇപ്പോള്‍ മറ്റാരെക്കാളും എന്‍റെയും ഗ്രാമത്തിന്‍റെയും ആവശ്യമാണ്‌. താന്‍ ഇതിനു എന്‍റെ കൂടെ ഉണ്ടാകുമോ?", അയാള്‍ ചോദിച്ചു. "യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതിനു, നിയമാനുസരണമുള്ള എന്തു പ്രവര്‍ത്തികള്‍ക്കും ഞാന്‍ എന്‍റെ സഹായം വാഗ്ദാനം ചെയ്യുന്നു", അവള്‍ മന്ദഹസിച്ചുകൊണ്ടു പറഞ്ഞു. "നമുക്കു ഒരു ചായ കുടിച്ചുകൊണ്ടു സംസാരിക്കാം", അവരിരുവരും സമീപത്തുള്ള ചായക്കടയിലേക്കു നടന്നു. 

രാഘവേട്ടന്‍റെ ടീ സ്റ്റാള്‍‍. ചൂടു ചായയുടെ ഗന്ധം പകല്‍ മുഴുവന്‍ പാറിക്കുന്ന കോളേജു പരിസരത്തുള്ള ഏക കട. അവരിരുവരും ഓരോ ചായ വീതം ഓര്‍ഡര്‍ ചെയ്തു. "താങ്കളുടെ മുഖത്തെ ഈ പാടുകള്‍ എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നു. എന്‍റെ ഒരാളുടെ മൊഴിയാണു താങ്കളുടെ ജീവിതം മാറ്റിമറിച്ചതെന്നു എനിക്കറിയാം. അതിനാല്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി, താങ്കളില്‍ നിന്നും ഇതിന്‍റെ കറ കഴുകിക്കളയുക എന്നതു എന്‍റെ കൂടി ആവശ്യമായിരിക്കുന്നു", അയാള്‍ ഇതിനൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "ഈ കുപ്പിവളക്കഷണം എവിടെയെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പ്രത്യേകിച്ചു, അന്നേ ദിവസം. ആ കുഞ്ഞിന്‍റെ ജഡം കിടന്നിരുന്ന പരിസരം ഒന്നു വിശദമായി പരിശോധിച്ചപ്പോള്‍ ലഭിച്ചതാണ്", അയാള്‍ പറഞ്ഞു. തിളങ്ങുന്ന നീല കുപ്പിവളയുടെ ഒരു ഭാഗമായിരുന്നു അയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്. സാധാരണ കാണാത്ത തരം. അവളുടെ തലച്ചോറിലൂടെ ഓര്‍മയുടെ തരംഗങ്ങള്‍ പരസ്പരം സംവദിച്ചു. എവിടെയോ കണ്ടു മറന്ന ഒരു പരിചിതത്വം ആ വള ജനിപ്പിക്കുന്നുണ്ട്. എന്നാല്‍ അതെവിടെയാണെന്നു മനസ്സിലാക്കാനാവുന്നില്ല. "ഇതെവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ അങ്ങു കിട്ടുന്നില്ല", അവള്‍ പറഞ്ഞു. "മോളെ ചായ", രാഘവേട്ടന്‍റെ ശബ്ദം പിന്നണിയില്‍ ഉയര്‍ന്നു. "കൂടെയാരാണ്?", ചേട്ടന്‍ ചോദിച്ചു. "നാട്ടില്‍ നിന്നു വന്ന സുഹൃത്താണ്", അവള്‍ പ്രതികരിച്ചു.

"താന്‍ അന്നത്തെ യാത്രയില്‍ തോട്ടത്തില്‍ കണ്ട കാര്യങ്ങള്‍ ഒന്നൊന്നായി വിവരിക്കാമോ?", അയാള്‍ ചോദിച്ചു. "സമയം നന്നേ വൈകിയിരുന്നതിനാല്‍ ഞാന്‍ ആകെ പരിഭ്രാന്തിയിലായിരുന്നു. എത്രയും വേഗം വീടെത്തുക എന്ന ലക്ഷ്യത്തില്‍, പരിസരമൊന്നും അത്ര കാര്യമായി ശ്രദ്ധിച്ചില്ല എന്നുള്ളതാണു വാസ്തവം. എങ്കിലും അസ്വാഭാവികമായി ഞാന്‍ അവിടെ ഒന്നും കാണുകയോ, കേള്‍ക്കുകയോ ചെയ്തില്ല. തോട്ടത്തില്‍ ആദ്യം എതിരെ വന്നതു, നമ്മുടെ പഴയ തെങ്ങു കയറ്റക്കാരന്‍ അന്തോണി ചേട്ടനാണ്. പ്രായത്തിന്‍റെ ക്ലേശതകള്‍ മൂലം വടിയൊക്കെ കുത്തിയായിരുന്നു ചേട്ടന്‍റെ വരവ്. അതിനാല്‍ തന്നെ ചേട്ടനാണു ആ കുട്ടിയെ എന്തെങ്കിലും ചെയ്തതെന്നു ഞാന്‍ കരുതുന്നില്ല. പിന്നെ കുറെ ചെന്നപ്പോഴാണു ഒരു നാടോടി സ്ത്രീ എതിരെ വന്നത്. വല്ലയിടത്തും ഭിക്ഷയെടുക്കാന്‍ പോയതാവും. തോളത്തു ഒരു കുഞ്ഞുമുണ്ടായിരുന്നു. ഒരു ചുവന്ന സാരിയായിരുന്നു വേഷം", ഇത്രയും പറഞ്ഞ ശേഷം എന്തോ അസ്വാഭാവീകത മനസ്സിലാക്കിയ പോലെ അവള്‍ ഒന്നു നിര്‍ത്തി. "അവരുടെ കൈകളില്‍ നിറയെ ഇതേ കുപ്പിവളകളായിരുന്നു. അതെ, അവരിലാണു സാധാരണ കാണാനാവാത്ത ഈ വളകള്‍ ഞാന്‍ ശ്രദ്ധിച്ചത്". "അവരുടെ മുഖം താന്‍ ശ്രദ്ധിച്ചോ?", അയാള്‍ ഉടനെ തിരിച്ചു ചോദിച്ചു. "നല്ല ഇരുട്ടു പരന്നിരുന്നതിനാല്‍, മുഖം അത്ര ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല", അവള്‍ പറഞ്ഞു. "അപ്പോള്‍ അവരുടെ തോളത്തുണ്ടായിരുന്നതു അമ്മു മോളായിരിക്കും. അവളുടെ ജഡവും കൊണ്ടായിരിക്കണം അവര്‍ നടന്നു പോയിരിക്കുക", അയാള്‍ പറഞ്ഞു. ആവിശ്വാസ സംഭവങ്ങളുടെ ഞെട്ടലില്‍ അവള്‍ തരിച്ചിരുന്നു. "പക്ഷെ, അപ്പോഴും ഒരു സംശയം ബാക്കിയാണല്ലോ", അവള്‍ ചോദിച്ചു. "കുഞ്ഞിനെ മാനഭംഗപ്പെടുത്തിയതു ആരാവും?". "തല്‍ക്കാലം ആ സ്ത്രീയെ നമുക്കു സംശയ ദൃഷ്ടിയില്‍ നിര്‍ത്താം. അവര്‍ക്കറിവുണ്ടാവും, ആരാണു അമ്മുവിന്‍റെ കൊലയാളിയെന്ന്. ഇവിടെ ഇതുവരെ കാണാത്ത സ്ത്രീ എന്ന നിലയില്‍, അവര്‍ വേണമെങ്കില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആര്‍ക്കെങ്കിലും കാഴ്ച വെച്ചപ്പോള്‍ കുഞ്ഞു മരിച്ചു പോയതാകാനും സാധ്യതയുണ്ട്", അയാള്‍ അറിയിച്ചു. "ഞാന്‍ ആ സ്ത്രീയെ പറ്റിയും, വളയെ പറ്റിയും നാട്ടിലൊക്കെ ഒന്നന്വേഷിക്കട്ടെ", അവശേഷിക്കുന്ന ചായയും കുടിച്ചു അയാള്‍ കടയില്‍ നിന്നിറങ്ങി.

അങ്ങനെയൊരു സ്ത്രീയെ പറ്റി, പ്രദീപു സുഹൃത്തുക്കള്‍ മുഖേന നാട്ടിലൊക്കെ അന്വേഷിച്ചെങ്കിലും, മറ്റാരും അവരെ അതെ ദിവസം കണ്ടതായി അറിയിച്ചില്ല. അതിനാല്‍ അയാള്‍ അന്വേഷണം ആ വളയെ ചുറ്റി പറ്റിയാക്കി. ഗ്രാമത്തില്‍ കുപ്പിവളകള്‍ വില്‍ക്കുന്ന രണ്ടു കടകളേയുള്ളു. ഉത്സവ സീസണുകള്‍ ഒന്നുമല്ലാത്തതിനാല്‍, കടകളില്‍ നിന്നായിരിക്കും വളകള്‍ മേടിച്ചിട്ടുണ്ടാവുക എന്നയാള്‍ അനുമാനിച്ചു. വളയുടെ ഭാഗം കണ്ട ഉടനെ തന്നെ കൈമള്‍ അതു തിരിച്ചറിഞ്ഞു. "ഇതൊരു ഒന്നു രണ്ടു മാസം മുമ്പു എന്‍റെ കടയില്‍ നിന്നു വിറ്റതാണ്. ഇങ്ങനെത്തേതു അപൂര്‍വമായേ വരാറുള്ളൂ.  കടയില്‍ വന്ന ദിവസം തന്നെ ആ എഞ്ചിനീയറിംഗ് മാഷു ഇതു അമ്മയ്ക്കു കൊടുക്കണമെന്നും പറഞ്ഞു മേടിച്ചിരുന്നു", കൈമള്‍ പറഞ്ഞു. "ഏതു മാഷാ കൈമളേട്ടാ?", പ്രദീപു ചോദിച്ചു. "നമ്മുടെ ആ ചീനിക്കലുകാരുടെ വീട്ടില്‍ വാടകയ്ക്കു നില്‍ക്കുന്ന ആ മാഷില്ലേ, അയാളു തന്നെ. അല്ല എന്തിനാ ഇപ്പൊ ഇതൊക്കെ അന്വേഷിക്കണേ?", കൈമളു ചേട്ടന്‍ കരുക്കള്‍ മുന്നോട്ടു നീക്കി. "അല്ല ഈ വളകള്‍ എനിക്കു നന്നായി ഇഷ്ടപ്പെട്ടു. ഇതിപ്പോഴും അയാളുടെ പക്കലുണ്ടെങ്കില്‍ മേടിക്കാം എന്നോര്‍ത്തായിരുന്നു. കടയില്‍ ഇതുപോലത്തെ പുതിയ സ്റ്റോക്കു വന്നാല്‍ എന്നെ അറിയിക്കണേ", ഇതും പറഞ്ഞു പ്രദീപു കടയില്‍ നിന്നിറങ്ങി. 

കാര്യങ്ങള്‍ അയാള്‍ അന്നു തന്നെ അനുവുമായി ചര്‍ച്ച ചെയ്തു. "ഒട്ടും പ്രതീക്ഷിക്കാത്ത കുറെ അവതാരങ്ങളാണല്ലോ രംഗപ്രവേശം ചെയ്യുന്നത്", അവള്‍ പറഞ്ഞു. "എന്‍റെ കേസിന്‍റെ വിചാരണ രണ്ടു മാസത്തിനുള്ളില്‍ തുടങ്ങും. അതിനു മുമ്പ് യഥാര്‍ത്ഥ പ്രതിയെ പോലീസിനു കാണിച്ചു കൊടുക്കണം", അയാളുടെ മുഖത്തു പരിഭ്രാന്തിയുണ്ടായിരുന്നു, അല്‍പ്പം നിരാശയും. 

ഭാഗ്യവശാല്‍ അനുവിന്‍റെ ഒരു സുഹൃത്തു ഷംനാദ്, അതേ എഞ്ചിനീയറിംഗ് കോളേജില്‍ സാറായി ജോലി ചെയ്തിരുന്നു. അവള്‍ അയാള്‍ വഴി, സംശയ ദൃഷ്ടിയില്‍ നില്‍ക്കുന്ന മാഷിനെ പറ്റി അന്വേഷിച്ചു. "അയാളുടെ പേരു ശ്രീജിത്ത്‌ എന്നാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ നല്ല കഴിവുണ്ട്. അയാളെ പറ്റി സംശയകരമായി ഞങ്ങള്‍ക്കാര്‍ക്കും ഇതു വരെ തോന്നിയിട്ടില്ല. പക്ഷെ അയാള്‍, അയാളുടെ സ്വഭാവം അഭിനയിക്കുകയാണോയെന്നു എനിക്കു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്", ഷംനാദു പറഞ്ഞു. അയാളെ പറ്റി തനിക്കുള്ള സംശയങ്ങള്‍ അനു, ഷംനാദുമായി പങ്കു വച്ചു. പക്ഷെ അങ്ങനെയൊരു സംശയം തീര്‍ത്തും അടിസ്ഥാന രഹിതമായിരിക്കുമെന്നു ഷംനാദ് അറിയിച്ചു.  "ശ്രീജിത്തിന്‍റെ അമ്മ അടുത്ത നാളുകളില്‍ വല്ലതും അയാളുടെ കൂടെ വന്നു നിന്നതായി അറിയാമോ?", അവള്‍ ചോദിച്ചു. അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. 

"ഞാന്‍ മനസ്സിലാക്കുന്നതനുസരിച്ചു, ആ വളകള്‍ മാത്രമാണു ശ്രീജിത്തിനെ ഈ സംഭവങ്ങളുമായി കൂട്ടിയിണക്കുന്ന ഒരേയൊരു ഘടകം. അതു വച്ചു നമുക്കെങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും?", ഷംനാദ് ചോദിച്ചു. "താങ്കളുടെ  വാദം ശരിയാണ്. ശ്രീജിത്തിനു ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നു ഒരു കാരണവശാലും ഇപ്പോള്‍ ഉറപ്പിക്കാന്‍ പറ്റില്ല. എന്നാല്‍ ഒരു സാധ്യതയുണ്ട്. ഒന്നാമതായി അയാള്‍ മേടിച്ച കുപ്പിവളകളുടെ അതേ തരത്തിലുള്ളതാണു മൃതശരീരത്തിനടുത്തു നിന്നും കണ്ടെത്തിയത്. ആ കുപ്പിവളകള്‍ സാധാരണ ലഭിക്കുന്നവയുമല്ല. പിന്നെ മറ്റൊരു കാര്യം, നാട്ടിലെങ്ങും അടുത്ത നാളിലൊന്നും ഒരു നാടോടി സംഘം തമ്പടിച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു നാടോടി സ്ത്രീ കുഞ്ഞിനെ തട്ടിയെടുത്തു എന്നതു അത്ര വിശ്വസനീയമല്ല. മറ്റൊന്നു, നാടോടികളാണു തട്ടിയെടുത്തിരുന്നതെങ്കില്‍, എന്തിനവര്‍ ജഡം ഇതേ ഗ്രാമത്തില്‍ ഉപേക്ഷിക്കണം? ദൂരങ്ങളില്‍ പോകുന്ന അവര്‍ക്ക് ആരും അറിയാതെ അവ നശിപ്പിച്ചു കളയുവാന്‍ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്", അവളുടെ വാദങ്ങളിലും സത്യമുണ്ടെന്നു ഷംനാദിനു മനസ്സിലായി. 

"ഷംനാദ് ശ്രീജിത്തുമായി അടുത്തിടപഴകി അയാളെ മനസ്സിലാക്കണം. മൂന്നാലാഴ്ച കൊണ്ട് സാവധാനം അടുത്താല്‍ മതി. നന്നായി അടുത്തു കഴിയുമ്പോള്‍, നിങ്ങളുടെ ഒരു സുഹൃത്തു ഒരു പെണ്‍കുഞ്ഞിനെ രഹസ്യമായി വില്‍ക്കാന്‍ ശ്രമിക്കുന്നതായി അറിയിച്ച ശേഷം, അയാളുടെ പ്രതികരണം ഈ കുഞ്ഞു മൈക്കുപയോഗിച്ചു റെക്കോര്‍ഡ്‌ ചെയ്യണം. അതു ലഭിച്ച ശേഷം നമുക്കു ബാക്കി ആലോചിക്കാം", ചെറു റെക്കോര്‍ഡിംഗ് ഉപകരണം കൈമാറി അവള്‍ പറഞ്ഞു. "ഞാനും കേസില്‍ പെടുമോ?", ഷംനാദ് ആത്മഗതം ചെയ്തു.

പെണ്‍കുഞ്ഞിനെ വാങ്ങുവാന്‍ ശ്രീജിത്ത്‌ താല്‍പ്പര്യം പ്രകടിപ്പിച്ചു എന്ന വിവരം ഏറ്റവും കൂടുതല്‍ ആശ്വാസം നല്‍കിയതു പ്രദീപിനായിരുന്നു. ഈ വിവരങ്ങള്‍ അനു പോലീസിനു കൈമാറി. എന്നാല്‍ വ്യക്തമായ ഒരു തെളിവില്ലാതെ അയാളെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യാന്‍ അവര്‍ക്കാവില്ലായിരുന്നു. അനു പോലീസിന്‍റെ  സഹായത്തോടെ ഒരു പദ്ധതി തയാറാക്കി. കുഞ്ഞിനെ കൈമാറുന്നതു പോലീസ്‌ നിരീക്ഷണത്തിലുള്ള സ്ഥലത്തു വച്ചു, അനുവിന്‍റെ ചേച്ചിയുടെ മകളെയാവും. കൈമാറിക്കഴിഞ്ഞു ഉടനെ തന്നെ അയാളെ പോലീസ്‌ കസ്റ്റടിയിലെടുത്തു ചോദ്യം ചെയ്യാനും ധാരണയായിരുന്നു. കുഞ്ഞിനെ കൈമാറാനുള്ള ദിവസവും സ്ഥലവും ഷംനാദ് ശ്രീജിത്തിനെ അറിയിച്ചു. തന്‍റെ ഒരു സഹായി സ്ത്രീയാവും കുഞ്ഞിനെ ഏറ്റു വാങ്ങാന്‍ വരികയെന്നു ശ്രീജിത്ത്‌ ഷംനാദിനെ അറിയിച്ചു. 

കൈമാറ്റം ചെയ്യുന്ന ദിനത്തിൽ, അനു കുഞ്ഞിനെയുമായി മുന്‍പു പറഞ്ഞുറപ്പിച്ച സ്ഥലത്തു നിലയുറപ്പിച്ചു. പോലീസിന്‍റെ ചെറു ഷാഡോ സംഘങ്ങള്‍ ചുറ്റിലുമായും. അനുവിനെ ഞെട്ടിച്ചു കൊണ്ടു, അന്നു കണ്ട അതേ നാടോടി സ്ത്രീയാണു കുഞ്ഞിനെ ഏറ്റു വാങ്ങാന്‍ എത്തിയത്. അതു കണ്ടു അനു ഒന്നു പരിഭ്രമിച്ചെങ്കിലും, മുഖത്തു ഭാവ പ്രകടനങ്ങള്‍ വരുത്താതെ അനു കുഞ്ഞിനെ കൈമാറി. കൈമാറി അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ പോലീസ്‌ സംഘങ്ങള്‍ അവളെ കസ്റ്റടിയിലെടുത്തു. അന്നു തോട്ടത്തില്‍ കണ്ടതു ഇതേ സ്ത്രീയെയാണെന്ന വിവരം അവള്‍ അവരെ അറിയിച്ചു. അതിനാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യലിനായി അവരെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ചോദ്യം ചെയ്യലില്‍ പോലീസിനെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടി വെളിയില്‍ വന്നു. ആ നാടോടി സ്ത്രീ യഥാര്‍ത്ഥത്തില്‍ ശ്രീജിത്ത്‌ തന്നെയായിരുന്നു എന്നതായിരുന്നു ആ വസ്തുത. സ്വയം ആരുടേയും സംശയദൃഷ്ടിയില്‍ പെടാതിരിക്കാനും, കുഞ്ഞുങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത കിട്ടാനുമായിരുന്നത്രേ അയാള്‍ കുഞ്ഞുങ്ങളെ കൈക്കലാക്കുന്ന സമയത്തു സ്ത്രീ വേഷം കെട്ടിയിരുന്നത്.

"കേരള പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒരു കേസായി മാറി അമ്മുക്കൊലക്കെസ്. പോലീസ്‌ ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്ന പ്രതിയും, പ്രധാന സാക്ഷിയും കൂടിയാണ് യഥാര്‍ത്ഥ പ്രതിയെ കുടുക്കാനുള്ള തെളിവുകള്‍ പോലീസിനു കൈമാറിയത്", മാധ്യമപ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ സദസ്സില്‍, എറണാകുളം റൂറല്‍ പോലീസ് സുപ്രണ്ട് എസ്. രഘുറാം അറിയിച്ചു. "പ്രതിയെ പോലീസ് കസ്റ്റടിയിലെടുത്തതു, അയാള്‍ കുറ്റകൃത്യങ്ങള്‍ക്കു മറയായി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ത്രീ വേഷത്തില്‍ മറ്റൊരു കുഞ്ഞിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണു എന്നതു കേസിനെ കൂടുതല്‍ ശക്തമാക്കുന്നു. അമ്മുവിനെ തട്ടിയെടുത്തു മാനഭംഗത്തിനിരയാക്കിയ പ്രതി, കുഞ്ഞു മരിച്ചു കഴിഞ്ഞപ്പോള്‍ ഇല്ലാതാക്കാന്‍ ഉപയോഗിച്ചതും ഇതേ സ്ത്രീ വേഷമാണ്. പ്രതി ഒരു ലൈംഗീക മനോരോഗിയാണോയെന്നു പോലീസ്‌ സംശയിക്കുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ പ്രതിയെ കുടുക്കാന്‍ കഴിഞ്ഞത്, നമ്മുടെ നാട്ടിലെ അനേകം കുഞ്ഞുങ്ങളുടെ ഭാവിയെയാണ് സുരക്ഷിതമാക്കിയത്. ഇതിനു വേണ്ട തെളിവുകള്‍ ശേഖരിക്കുവാന്‍ സഹായിച്ച പ്രദീപും, അനുവും എല്ലാ വിധ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു".  

ചിലരുടെ നല്ല കാലം മറ്റു ചിലരുടെ മോശം കാലമാണെന്നതു തിരിച്ചും ശരിയാണെന്നു ഇതേ കാലം തന്നെ കാണിച്ചു. കാലത്തിന്‍റെ ഈ കളികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

ടീവിയില്‍ പോലീസിന്‍റെ പത്രസമ്മേളനം അനുവും പ്രദീപും ഒരുമിച്ചിരുന്നാണു കണ്ടത്. പത്രസമ്മേളനത്തിന്‍റെ ഒടുവില്‍, സന്തോഷം കൊണ്ട വിടര്‍ന്ന മുഖവുമായിരുന്ന അവനു അവൾ ഹസ്തദാനം നൽകി. പുറത്തേക്കു നടന്നകലുമ്പോഴും, അവരുടെ കരങ്ങള്‍ ചേര്‍ന്നിരുന്നു, കാലത്തിന്‍റെ എല്ലാ ആക്രമണങ്ങളെയും നേരിടാനുള്ള ചങ്കുറപ്പോടെ, അതിനു തക്ക മനസ്സോടെ. 

Tuesday, April 30, 2013

അവളോടൊപ്പം


രാത്രിയുടെ യാമങ്ങളില്‍ കോര്‍ബ തിരുവനന്തപുരം എക്സ്പ്രസ്സ്‌ ട്രെയിനും പ്രതീക്ഷിച്ചു ഞാന്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നു. അവധിക്കാലമായതുകൊണ്ടാണെന്നു തോന്നുന്നു, കേരളത്തിലേക്കു ടിക്കെറ്റുകളൊന്നും ലഭ്യമല്ല. അതിനാല്‍ തന്നെ അര്‍ദ്ധരാത്രി വണ്ടിയില്‍ ടിക്കറ്റു തരപ്പെടുത്തുകയാണ് ഏക മാര്‍ഗ്ഗം. കമ്പനി വക വെള്ളമടി പാര്‍ട്ടിയുടെ ഹാങ്ങ്‌ ഓവര്‍ വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. അര്‍ദ്ധരാത്രിയോടെ, പ്രതീക്ഷയുടെ പാളങ്ങളില്‍ ആ വണ്ടി സ്റ്റേഷനില്‍ എത്തി ചേര്‍ന്നു. ac ബോഗികളില്‍ ടിക്കറ്റു തരപ്പെടുത്താന്‍ ശ്രമിച്ചതു വിഫലമായി. രണ്ടും കല്‍പ്പിച്ചു സ്ലീപ്പര്‍ ക്ലാസ്‌ കമ്പാര്‍ട്ടുമെന്‍റില്‍ ഞാന്‍ കയറി. സീറ്റു ലഭിച്ചപ്പോഴേക്കും തലയിലെ ലഹരിയുടെ താണ്ടവം ഉച്ചസ്ഥായിയില്‍ എത്തിയിരുന്നു. വണ്ടിയുടെ കുലുക്കം ഉറക്കത്തെ അശേഷം ശല്യപ്പെടുത്തിയില്ല. ലഹരിയും, ക്ഷീണവും അത്രമേല്‍ എന്നെ കീഴ്പെടുത്തിയിരുന്നു.

മുകള്‍ ബെര്‍ത്തിലായിരുന്നതിനാല്‍ തന്നെ, നന്നേ സൂര്യ പ്രകാശം ബോഗിക്കുള്ളില്‍ കയറിയപ്പോഴാണു എനിക്കു ബോധം വീണ്ടു കിട്ടിയത്. താഴേക്കു നോക്കിയ ഞാന്‍ ഇരുനിറത്തോടു കൂടിയ ഒരു പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയും കണ്ടു. തലേന്നത്തെ മദ്യപാനത്തിന്‍റെ ആധിക്യം കൊണ്ടാണെന്നു തോന്നുന്നു, കടുത്ത തലവേദന അനുഭവപ്പെടുന്നുണ്ട്. അധിക സമയം അവളെ ആസ്വദിക്കാന്‍ ശരീരം എന്നെ അനുവദിച്ചില്ല. വീണ്ടും ഉറക്കത്തിനു ഞാന്‍ കീഴടങ്ങി. വിശപ്പും, ക്ഷീണവും തമ്മിലുള്ള ഏറ്റു മുട്ടലില്‍ വിശപ്പു ജയിച്ചു തുടങ്ങിയപ്പോഴാണു എനിക്കു പിന്നീടു ബോധം വെച്ചത്. സമയം പതിനൊന്നര ആയിരിക്കുന്നു. പ്രാഥമീക കര്‍മ്മങ്ങള്‍ക്കുള്ള ഉള്‍വിളിയും കലശലായിത്തുടങ്ങി. ടൊയലെറ്റില്‍ നിന്നു പരമാവധി നന്നായി മുടിയൊക്കെ ചീകി പുറത്തിറങ്ങി. അവളുടെയൊപ്പം ഒരു ഉത്തരേന്ത്യക്കാരിയും, അമ്മയും, അപ്പൂപ്പനുമുണ്ട്‌. ചൂടു ചായയോടൊപ്പം സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍, കൂടെയുള്ള ഉത്തരേന്ത്യക്കാരി അവളുടെ കൂട്ടുകാരിയാണെന്നു എനിക്കു ബോധ്യപ്പെട്ടു. ഇടയ്ക്കിടയ്ക്കു ഞങ്ങളുടെ കണ്ണുകള്‍ സംഗമിക്കുന്നുണ്ടെങ്കിലും, അതിനു തീരെ സ്ഥിരത ലഭിക്കുന്നില്ല. അവളുടെ കുടുംബാംഗങ്ങളുടെ സംസാരത്തില്‍ എനിക്കു പ്രവേശനം ലഭിച്ചില്ല. പാലക്കാടു നിന്നു അമ്പിളി ചേച്ചിയും, മകന്‍ നാലു വയസ്സുകാരന്‍ രോഹിത്തും ട്രെയിനില്‍ കയറിയതോടെയാണു അവിടെ നടന്ന ഏക പക്ഷ സംസാരത്തിനു ഒരു വിരാമമായത്. 

കുട്ടികളുടെ അടുത്തിറക്കുന്ന സ്ഥിരം സംഭാഷണങ്ങളിലൊന്നു ഞാന്‍ രോഹിത്തിനു നേരെ തൊടുത്തു. "ഏതു സ്കൂളിലാ പഠിക്കുന്നെ?", "ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍." ഉത്തരത്തിനു അല്‍പ്പം പോലും അമാന്തം ഉണ്ടായില്ല. "സൂസി ടീച്ചര്‍ പഠിപ്പിക്കുന്നുണ്ടോ?". അവന്‍ ആകെ സംശയ ഭാവത്തില്‍ അമ്മയെ നോക്കി. "ഞാന്‍ അവിടെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നുണ്ട്. എന്‍റെ ക്ലാസ്സ്‌ ടീച്ചര്‍ സൂസി ടീച്ചറാണ്. അതുകൊണ്ടു ചോദിച്ചതാ", ഞാന്‍ പറഞ്ഞു "അതിനു, എന്‍റെ ക്ലാസ്സ് ടീച്ചര്‍ ലത ടീച്ചര്‍ ആണല്ലോ. സൂസി ടീച്ചര്‍ എന്നെ പഠിപ്പിക്കുന്നില്ല." അവന്‍റെ ഉത്തരം കേട്ടു, അമ്പിളി ചേച്ചിക്കും, അവള്‍ക്കും ചെറുതായി ചിരി പൊട്ടി. അവള്‍, ഞാനും രോഹിത്തും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുന്നതു ഞാന്‍ അറിഞ്ഞിരുന്നു. രോഹിത്ത് ഞങ്ങളെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി മാറി. എല്ലാവരെയും അവന്‍ മാറി മാറി ഇരിപ്പിടമായി ഉപയോഗിച്ചു. അമ്പിളി ചേച്ചി ഇടയ്ക്കിടയ്ക്ക് അവനെ സ്വസ്ഥാനത്തിരുത്താന്‍ വിഫല ശ്രമം നടത്തുന്നുണ്ട്. "അല്ലേലും ഇവളുമാരുടെ മനസ്സില്‍ കയറി പറ്റാന്‍ പിള്ളേരാണു ഒരു നല്ല മാര്‍ഗ്ഗം", ഞാന്‍ മനസ്സില്‍ പറഞ്ഞു. 

"മോന്‍ എന്തു ചെയ്യുന്നു?", എന്‍റെ ബഹുരാഷ്ട്ര കമ്പനിയുടെ ബാഗു കണ്ടിട്ടു അവളുടെ അമ്മ ചോദിച്ചു. "ഞാന്‍ ചെന്നൈയില്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നു". "നാട്ടിലെവിടെയാണ്?", അമ്മ തുടർന്നു. "കോട്ടയത്തിനടുത്തു കുറവിലങ്ങാടാണ് വീട്. നിങ്ങള്‍ എവിടെ നിന്ന് വരുന്നു?", ഞാന്‍ അമ്മയോടു ചോദിച്ചു. "ഇന്‍ഡോറില്‍ ഒരു ബന്ധുവിന്‍റെ അടുത്തു പോയതാണ്. ചങ്ങനാശ്ശേരിയാണു വീട്.", അമ്മ പറഞ്ഞു. "ഇതു മക്കളാവുമല്ലേ?", അവളോടു സംസാരിക്കാനുള്ള ഒരു വഴി തെളിയുവാന്‍ ഞാന്‍ ചോദിച്ചു. "അതിലൊന്നു മകളാണ്, മീര. മറ്റേതു അവളുടെ കൂട്ടുകാരിയാണ്. ഒരുമിച്ചു പഠിച്ചതാണ്. അവളെ കൂടി ഇന്‍ഡോര്‍ യാത്രക്കു കൂട്ടി. രണ്ടും പിള്ളേരെപ്പോലെ എപ്പോഴും ഒരുമിച്ചേ നടക്കൂ.", അമ്മ ചിരിച്ചു. പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ അവളെ നോക്കി ചിരിച്ചു, അവള്‍ തിരിച്ചും. "മാസത്തിലൊന്നൊക്കെ നാട്ടില്‍ വരാറുണ്ടോ?", അമ്മ ചോദിച്ചു. "മിക്കവാറും വരാറുണ്ട്. കമ്പനിയില്‍ എന്തെങ്കിലും അത്യാവശ്യ പണികള്‍ വന്നാല്‍ മാത്രമേ അതിനു മുടക്കം വരാറുള്ളൂ". ആ സംഭാഷണങ്ങള്‍ അങ്ങനെ നീണ്ടു പോയി. രോഹിത്തിനെ കളിപ്പിക്കുന്നതിനിടയില്‍ അവള്‍ എന്‍റെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ട്. വീട്ടു കാര്യങ്ങളും, നാട്ടു കാര്യങ്ങളും അവയില്‍ നിറഞ്ഞു. അദ്ധ്യാപക കുടുംബമാണു അവളുടേത് . വണ്ടി കോട്ടയം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും അവരെല്ലാം ചെറു മയക്കത്തിലായിരുന്നു. "അമ്മേ, ഞാന്‍ ഇറങ്ങുന്നു", അവരെ ഉറക്കത്തില്‍ നിന്നുമുണര്‍ത്തി ഞാന്‍ പറഞ്ഞു. എന്‍റെ സംസാരം കേട്ടു അവളും ചാടിയെഴുന്നേറ്റു. ഞങ്ങളുടെ കണ്ണുകള്‍ അവസാനമായി ഒരിക്കല്‍ കൂടി തമ്മില്‍ കണ്ടു. ഞാന്‍ കോട്ടയത്തിന്‍റെ തിരക്കുകളിലേക്കു പടിയിറങ്ങി. ട്രെയിന്‍ മുന്നോട്ടു ചലിക്കവേ, എന്നെ യാത്രയാക്കാന്‍ അവള്‍ വാതിക്കല്‍ വന്നിരുന്നു. 

അന്നു രാത്രിയില്‍ ഞാന്‍ സോഷ്യല്‍ സൈറ്റുകളില്‍ ആ മുഖം തിരഞ്ഞു. സ്ഥലവും, പേരും വച്ചു നോക്കിയിട്ടും എനിക്കു ആളെ കിട്ടിയില്ല. ഏറെ നേരത്തെ വിഫലശ്രമത്തിനൊടുവില്‍, ഞാന്‍ എന്‍റെ ഡയറിയിൽ 12-4-2012 എന്ന തിയതിക്കു താഴെ ഇങ്ങനെ കുറിച്ചു. "മറ്റൊരു പെണ്‍കുട്ടി കൂടി എന്നെ മോഹിപ്പിച്ചു കൊണ്ട് ഇന്നു കടന്നു പോയി. പേരു മീര. അവള്‍ ആരാണെന്നോ, എന്താണെന്നോ എനിക്കറിയില്ല. ഒന്നറിയാം, ആ ഇരു നിറം എന്നെ കീഴ്പെടുത്തിയിരുന്നു. അവളോടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്‍റെ യാത്രയുടെ ലക്‌ഷ്യം എങ്ങോട്ടെന്നറിയാന്‍ എനിക്കാവുന്നില്ല. അവളെ ഒരിക്കല്‍ കൂടി കണ്ടു കിട്ടിയിരുന്നെങ്കില്‍....". പത്താം ക്ലാസ്സ് മുതല്‍ എന്‍റെ സഹയാത്രികരാണ് ഡയറികള്‍. അവയെല്ലാം ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. മരിച്ചു മണ്ണടിയുന്ന ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാന്‍. അവയ്ക്കു വെള്ളവും, വളവും നല്‍കാന്‍. ഒടുവില്‍ അവയെ തീര്‍ത്തും ആരോഗ്യദൃഢഗാത്രരായ ഓര്‍മ്മകളായി മുന്നില്‍ നിര്‍ത്താന്‍. അവളുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താനും ഞാന്‍ ഡയറിയുടെ സഹായം തേടി.  

ഒന്നു രണ്ടു മാസങ്ങള്‍ക്കു ശേഷം നാട്ടിലുള്ള സമയത്താണു പത്രത്തിലെ പ്രാദേശികം പേജില്‍ വന്ന ഒരു ഫോട്ടോ ഞാന്‍ ശ്രദ്ധിക്കുന്നത്. ഒരു ngo, ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിനു പഠനോപകരണങ്ങള്‍ സംഭാവന ചെയ്യുന്നതിന്‍റെ ഫോട്ടോയായിരുന്നു അത്. എന്‍റെ ശ്രദ്ധയെ ആകര്‍ഷിച്ചതു അതിലെ പരിചിതമായ ഒരു മുഖമായിരുന്നു, വ്യക്തമായി പറഞ്ഞാല്‍ അവളുടെ മുഖം. "ആശ്വാസ്‌" എന്ന സംഘടന പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനെ പറ്റി ഒരു ചെറു കോളം വാര്‍ത്തയും പത്രം നല്‍കിയിരുന്നു. അവള്‍ ആ ഫോട്ടോയില്‍ എങ്ങനെ വന്നു എന്നു ഞാന്‍ ആശ്ചര്യപ്പെട്ടു. വാര്‍ത്തയില്‍ അവരുടെ അഡ്രസ്സു നല്‍കിയിരുന്നു. അവളെ കാണുവാനുള്ള ആഗ്രഹം എന്നില്‍ വീണ്ടും ചലനങ്ങള്‍ സൃഷ്ടിച്ചു. വൈകുന്നേരം ബൈക്കുമായി ഞാന്‍ ടൌണിലേക്ക് പുറപ്പെട്ടു. ടൌണിന്‍റെ പ്രാന്ത പ്രദേശത്തുള്ള ഒരു ഒറ്റ മുറി കെട്ടിടമാണു ഓഫീസ്.

ഓഫീസിനുള്ളില്‍ അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിശ്വാസ കാഴ്ചകള്‍ കാണുന്നതിന്‍റെ അമ്പരപ്പ് അവളുടെ മുഖത്തു പ്രകടമായിരുന്നു. പരിചയ ഭാവം പ്രകടിപ്പിക്കാതെ ഞാന്‍ പറഞ്ഞു, "നിങ്ങളുടെ ngoയെ പറ്റി പത്രത്തില്‍ വായിച്ചു. കൂടുതലറിയാനായി വന്നതാണ്". "എന്നെ മനസ്സിലായില്ലേ. നമ്മള്‍ കഴിഞ്ഞ മാസം ചെന്നൈയില്‍ നിന്നു ട്രെയിനില്‍ ഒരുമിച്ചുണ്ടായിരുന്നു", അവള്‍ പറഞ്ഞു. മറവി അഭിനയിച്ചിരുന്ന ഞാന്‍ പതിയെ ഓര്‍മ്മകളെ ചികഞ്ഞെടുത്തു. സംശയ ഭാവത്തില്‍ ഞാന്‍ ചോദിച്ചു, "മീര അല്ലേ. പെട്ടെന്നു ഓര്‍മ്മ വന്നില്ല. കൂട്ടുകാരി ഉത്തരേന്ത്യയിലേക്കു തിരികെ പോയോ?". "അവളു വന്നു ഒരാഴ്ചയ്ക്കുള്ളില്‍ പോയി. ഇനി അടുത്ത മാസം വരും", അവള്‍ പറഞ്ഞു. "അപ്പൂപ്പനോ?, ഞാന്‍ വീണ്ടും ചോദ്യങ്ങളുന്നയിച്ചു. "അപ്പൂപ്പനും, അമ്മയും സുഖായിരിക്കുന്നു". സംഭാഷണങ്ങള്‍ മന്തഗതിയിലായപ്പോള്‍, ഞാന്‍ വീണ്ടും ngoയെ പറ്റി സംശയമുന്നയിച്ചു. "ഞങ്ങള്‍ എഞ്ചിനീയറിംഗ് സഹപാഠികള്‍ തുടങ്ങിയതാണിത്. പത്രത്തില്‍ പറഞ്ഞിട്ടുള്ള പോലെ പാവപ്പെട്ട കുട്ടികള്‍ക്കു പഠന സഹായം നല്‍കുകയാണു മുഖ്യ ഉദ്ദേശം. സംഭാവനയായി പൈസ സ്വീകരിച്ച്, അതു വിതരണം ചെയ്യുന്ന ധാരാളം ngoകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഞങ്ങള്‍ സംഭാവനയായി, ആരില്‍ നിന്നും പൈസ സ്വീകരിക്കുന്നില്ല.", അവള്‍ പറഞ്ഞു.

"അപ്പോള്‍ നിങ്ങള്‍ സ്വന്തം പൈസ ഇട്ടാണോ ഇതു നടത്തുന്നത്? എങ്കില്‍ ഇതൊരു മണ്ടന്‍ ആശയമാണ്. അധിക കാലം ഇതു നിലനില്‍ക്കില്ല.", ഞാന്‍ പറഞ്ഞു. അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു," ഞങ്ങള്‍ ഇടുന്നതു ഞങ്ങളുടെ കഴിവുകളാണ്. എനിക്കു വരയ്ക്കാന്‍ താല്പര്യമുണ്ട്, സാമിനു ഫോട്ടോഗ്രഫിയിലും, കീര്‍ത്തിക്കു തയ്യലിലും കഴിവുകളുണ്ട്. ഞങ്ങളുടെ ഈ കഴിവുകള്‍ ഞങ്ങള്‍ വില്പനയ്ക്കു വയ്ക്കുന്നു. കൃത്യമായി പറഞ്ഞാല്‍, രണ്ടു മാസത്തിലൊരിക്കല്‍ ഞങ്ങള്‍ ഒരു പ്രദര്‍ശനം നടത്താറുണ്ട്. അതില്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കു വയ്ക്കും. ലഭിക്കുന്ന വരുമാനമെല്ലാം കുട്ടികള്‍ക്കാണ്", അവള്‍ പറഞ്ഞു. "ഇതു സേവനം ഉദ്ദേശിച്ചുള്ളതായതിനാല്‍, വില അല്‍പം കൂടുതലായിരിക്കും", അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. "അപ്പോള്‍ നിങ്ങള്‍ മൂവരുമാണ് ഇതിന്‍റെ പിന്നില്‍ അല്ലെ? നല്ല ഒരാശയം", ഞാന്‍ പറഞ്ഞു. "ഈയൊരു രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍, ഞങ്ങള്‍ക്കു ഞങ്ങളുടെ പഠനവും, ജോലിയുമൊന്നും ഒപ്പം കൊണ്ടു പോകുന്നതിനു ഒരു തടസ്സവുമില്ല", അവള്‍ അറിയിച്ചു. അല്‍പ നേരത്തിനു ശേഷം അവളെ ഒന്നു സന്തോഷിപ്പിക്കാനായി ഞാന്‍ പറഞ്ഞു, "എനിക്കു നിങ്ങളുടെ ഈ സംരംഭവുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ട്. ഞാന്‍ ഒരു അയ്യായിരം രൂപ സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നു". അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു, "ഞങ്ങള്‍ പൈസ ഇവിടെ മേടിക്കാറില്ലെന്നു ആദ്യമേ പറഞ്ഞല്ലോ. താല്‍പ്പര്യമുണ്ടെങ്കില്‍ പ്രദര്‍ശനത്തില്‍ താങ്കള്‍ക്കും പങ്കെടുക്കാം. അതിലൂടെ കുട്ടികളെ സഹായിക്കാം". ഞാന്‍ എന്‍റെ ഓഫീസ് വിലാസവും, ഫോണ്‍ നമ്പറും അവള്‍ക്കു കൊടുത്തു. "ഇതൊരു വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള കുട്ടിയാണല്ലോ." തിരികെയിറങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരു മാസം കഴിയുന്നതിനു മുന്‍പു തന്നെ ആശ്വാസ്‌ നടത്തുന്ന പ്രദര്‍ശനത്തിന്‍റെ ക്ഷണക്കത്തു ഓഫീസില്‍ എത്തി. പതിവായി രണ്ടാം ശനിയാഴ്ചകളിലാണു അവര്‍ പ്രദര്‍ശനം നടത്തുന്നത്. കോട്ടയത്തെ പ്രസ്സ് ക്ലബാണു പ്രദര്‍ശന വേദി. ഒന്നു രണ്ടു വില കൂടിയ കാറുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്നതൊഴിച്ചാല്‍ പ്രദര്‍ശന നഗരി ശാന്തമാണ്. "ഇതു എന്‍റെ സുഹൃത്താണ്." വാതില്‍ക്കല്‍ തന്നെയുണ്ടായിരുന്ന സാമിനും, കീര്‍ത്തിക്കും മീര എന്നെ പരിചയപ്പെടുത്തി. "എല്ലാ ഉല്‍പ്പന്നത്തിനും അഞ്ഞൂറു രൂപയാണ്", അവള്‍ എന്‍റെ പക്കല്‍ പറഞ്ഞു. പ്രദര്‍ശന ഹാളില്‍ തിരക്കു നന്നേ കുറവാണ്. "മൂവരും നല്ല കഴിവുള്ളവരാണല്ലോ", പ്രദര്‍ശനം കണ്ടു ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു. കടല്‍ക്കരയിലെ, മഴയത്തുള്ള ഒരു സായാഹ്ന സൂര്യന്‍റെ ഫോട്ടോയും, ചിത്ര തുന്നലുകളോടു കൂടിയ ഒരു ടര്‍ക്കിയും, പല്ലു കൊഴിഞ്ഞ ഒരു അഞ്ചു വയസ്സുകാരിയുടെ നിഷ്കളങ്കത പ്രകടമാക്കുന്ന ഒരു ഓയില്‍ ചിത്രവും ഞാന്‍ മേടിച്ചു. "സേവനത്തിനു വേണ്ടിയല്ലായിരുന്നെങ്കില്‍ പോലും ഞാന്‍ ഇവ മേടിച്ചേനെ", ഇറങ്ങാന്‍ നേരം ഞാന്‍ പറഞ്ഞു. ആദ്യമായി അവള്‍ക്കു കൈ കൊടുത്തു ഞാന്‍ പ്രദര്‍ശന നഗരിയുടെ പടിയിറങ്ങി.

ആശ്വാസിന്‍റെ പ്രദര്‍ശനങ്ങളുടെ ക്ഷണക്കത്തുകള്‍ കൃത്യമായി എനിക്കെത്തി തുടങ്ങി. എല്ലാ പ്രാവശ്യവും, എനിക്കിഷ്ടപ്പെടുന്ന രണ്ടു മൂന്നെണ്ണം ഞാന്‍ വാങ്ങിച്ചു. ഓഫീസിലെ സഹപ്രവര്‍ത്തകരെ ഞാന്‍ ngoയ്ക്കു പരിചയപ്പെടുത്തി. കാലം കഴിയേ, അവര്‍ മൂവരും എന്‍റെ അടുത്ത സുഹൃത്തുക്കളായി മാറി. സാമും, കീര്‍ത്തിയും ഒരിക്കല്‍ ചെന്നൈയില്‍ വന്നപ്പോള്‍ എന്നെ വന്നു കണ്ടിരുന്നു, ഉച്ചഭക്ഷണവും കഴിച്ചിട്ടാണു അവര്‍ മടങ്ങിയത്. ഞങ്ങള്‍ക്കിടയില്‍ ഫോണ്‍ സംഭാഷണങ്ങളും സാധാരണമായി തുടങ്ങിയിരുന്നു.

ഞാന്‍ അവളെ പരിചയപ്പെട്ടിട്ടു, ഇന്നേയ്ക്കു ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇത്ര നാളും ഇഴഞ്ഞു നീങ്ങിയ കാലം എന്തേ ഇപ്പോള്‍ ഇങ്ങനെ വേഗത കൂട്ടുന്നു? ഒരിക്കല്‍ ഓഫീസില്‍ വച്ചു അവള്‍ എന്നോടു ചോദിച്ചു, "ഞാന്‍ ഈ പ്രസ്ഥാനത്തില്‍ ഉള്ളതാണു തന്നെ ഇതിലേക്കു അടുപ്പിച്ചത് എന്നെനിക്കറിയാം. ഇപ്പോഴും അതു മാത്രമാണോ ഇതിലേക്കു അടുപ്പിച്ചു നിര്‍ത്തുന്ന ഘടകം?", എന്‍റെ ചിന്തകള്‍ അവള്‍ വ്യക്തമായി മനസ്സിലാക്കുന്നുവെന്നതു എനിക്കു പുതിയൊരു തിരിച്ചറിവായിരുന്നു. "മീര പറഞ്ഞതു സത്യമാണ്. താനാണു എന്നെ ഈ പ്രസ്ഥാനവുമായി അടുപ്പിച്ചത്. അല്ലാതെ ഇങ്ങനെയൊരു പ്രസ്ഥാനം വിചാരിച്ചാല്‍ ഇവിടെ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയുമെന്നൊന്നും എനിക്കു വിശ്വാസമില്ല. ഇങ്ങനെ എത്ര പ്രസ്ഥാങ്ങള്‍ വന്നു പോയിരിക്കുന്നു.". അവള്‍ ഇതു കേട്ടു ചിരിച്ചുകൊണ്ടു ചോദിച്ചു, "താങ്കള്‍ക്കു അടുത്ത മാസം രണ്ടു ദിവസം അവധി എടുക്കാമോ? ഞങ്ങള്‍ക്കു താങ്കളെ കൊണ്ടു ഒരാവശ്യമുണ്ട്.". "താനുണ്ടെങ്കില്‍ എത്ര ദിവസം അവധിയെടുക്കാനും ഞാന്‍ തയ്യാര്‍", ഞാന്‍ പറഞ്ഞു. "അടുത്ത മാസത്തെ പ്രദര്‍ശനം നടത്താനുള്ള ചുമതല താങ്കളെ ഏല്‍പ്പിക്കാനാണു ആഗ്രഹം. നമ്മുടെ മൂവര്‍ സംഘം വിപുലപ്പെടുത്തി, അതില്‍ തന്നെ കൂടെ ഉള്‍പ്പെടുത്താന്‍ സാമും കീര്‍ത്തിയും കുറെ നാളുകളായി പറയുന്നു. ഞാനാണു എതിര്‍ത്തു നിന്നിരുന്നത്. സമയമായെന്നു എനിക്കും തോന്നുന്നു", അവള്‍ പറഞ്ഞു. "വളരെ സന്തോഷം", ഞാന്‍ പ്രതികരിച്ചു.

ഞാന്‍ നടത്തുന്ന പ്രദര്‍ശനം വിജയിപ്പിക്കുക എന്നതു എന്‍റെ അഭിമാന പ്രശ്നമായി. എന്‍റെ ചെന്നൈയിലും, നാട്ടിലുമുള്ള സുഹൃത്തുക്കളെയെല്ലാം ഞാന്‍ വിളിച്ചു പറഞ്ഞു. ഫ്ലക്സ് ബോര്‍ഡും, പോസ്റ്ററും നഗരത്തില്‍ തലയുയര്‍ത്തി. പതിവിലും കൂടുതല്‍ ആളുകള്‍ അന്നത്തെ പ്രദര്‍ശനത്തിനെത്തി. അന്നു മാത്രം ഞങ്ങള്‍ക്കു, ഒരു ലക്ഷത്തിലധികം രൂപ പിരിഞ്ഞു കിട്ടി. അതു വരെ കിട്ടിയതില്‍ റെക്കോര്‍ഡ്‌ കളക്ഷനായിരുന്നു അത്. ഞാന്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തി അവളുടെ മുന്നില്‍ നിന്നു. ലഭിച്ച പൈസയെല്ലാം പിറ്റേന്നു തന്നെ സമീപത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞായറാഴ്ചയായിരുന്നിട്ടു കൂടി അന്നു ആ ലോവേര്‍ പ്രൈമറി സ്കൂളില്‍ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും എത്തിച്ചേര്‍ന്നു. പഠനോപകരണങ്ങള്‍ ഓരോ കുട്ടിക്കും നല്‍കാന്‍ എന്നെയാണു ചുമതലപ്പെടുത്തിയിരുന്നത്. കുഞ്ഞുങ്ങളുടെ ഓരോ കണ്ണുകളിലും, പൊതിയിലുള്ളതു എന്ത് എന്നറിയാനുള്ള നിഷ്കളങ്കമായ ഒരു ആകാംക്ഷ ശേഷിച്ചിരുന്നു. ഘോരം ഘോരം പ്രസംഗങ്ങള്‍ നടക്കുമ്പോഴും, എന്‍റെ കണ്ണുകള്‍ ആ കുഞ്ഞുങ്ങളില്‍ തന്നെയായിരുന്നു. ഷര്‍ട്ടും, നിക്കറും ഷൂസും ധരിച്ചിരുന്ന എന്‍റെ സ്കൂള്‍ കാലത്തു നിന്നും തികച്ചും വിഭിന്നമായിരുന്നു അവിടെ ഞാന്‍ കണ്ട ഓരോ മുഖങ്ങളും. പലരുടെയും കുപ്പായങ്ങള്‍ പഴകിയും, ചെളി പുരണ്ടും, ചുളുങ്ങിയുമിരുന്നു. ദാരിദ്ര്യം എന്നതിനേക്കാള്‍ മാതാപിതാക്കളുടെയോ, സമൂഹത്തിന്‍റെയോ താല്‍പ്പര്യക്കുറവായിരിക്കാം കാരണമെന്നു ഞാന്‍ അനുമാനിച്ചു. ഞങ്ങള്‍ രണ്ടു കമ്പ്യൂട്ടറും വിദ്യാലയത്തിനു സംഭാവാന്‍ ചെയ്തു. എല്ലാപ്രാവശ്യവും ഉള്ളതു പോലെ ഇറങ്ങാന്‍ നേരം, ഞങ്ങള്‍ നാലുപേരും കുട്ടികളുടെ കൂടെ നിന്നൊരു ഫോട്ടോ എടുത്തു. എല്ലാ പ്രദര്‍ശനങ്ങളിലും, അതിനു മുന്‍പു സംഭാവന നല്‍കിയ സ്ഥലത്തെ ഫോട്ടോ പ്രദര്‍ശിപ്പിക്കാറുണ്ട്. 

"ഇവ നമ്മുടെ ചിന്താഗതിയിലും മാറ്റം വരുത്തുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല.", അന്നത്തെ സായാഹ്നം മീരയോടൊപ്പം  കടല്‍ക്കരയില്‍ ചിലവിടുമ്പോള്‍ ഞാന്‍ പറഞ്ഞു. "എനിക്കു ചുറ്റും ധാരാളം ചിരി ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അവയെല്ലാം ഹാസ്യം മൂലമുള്ള ചിരികള്‍ മാത്രമായിരുന്നു. ആ കുഞ്ഞുങ്ങളുടെ ചിരി അതില്‍ നിന്നെല്ലാം എത്രയോ വിഭിന്നം. അവ മനസ്സു നിറഞ്ഞ സന്തോഷം മൂലമുള്ള ചിരികളാണ്. ഞാന്‍ കാണാനോ, പരിചയപ്പെടാനോ താല്‍പ്പര്യം കാണിക്കാതിരുന്ന ചിരികള്‍‍. കൊച്ചു മാറ്റങ്ങളാണു നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കുക, അല്ലെ?", അവളുടെ മുഖം സന്തോഷം മൂലം വിടര്‍ന്നു. സമ്മാനം സ്വീകരിച്ച ആ കുട്ടികളുടെ മുഖത്തോടു അവളുടെ മുഖവും താദാത്മ്യം പ്രാപിച്ചിരുന്നു. "ഇങ്ങനെയുള്ള ഒരു വ്യക്തിയെയാണു ഞാന്‍ ആഗ്രഹിച്ചിരുന്നതു, ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതു. എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോഴേ അതു എനിക്കു പറ്റിയ മേഘലയല്ലെന്നു മനസ്സിലായിരുന്നു. അതിനാലാണു സോഷ്യല്‍ വര്‍ക്കില്‍ ഉപരിപഠനം തിരഞ്ഞെടുത്തത്. ഇപ്പോള്‍ അവസാന സെമസ്ടറാണ്", അവള്‍ പറഞ്ഞു. "ഭാവിയിലും ഇതു തുടരാന്‍ കഴിയുമെന്നു വിശ്വാസമുണ്ടോ?", ഞാന്‍ അവളോടു ചോദിച്ചു. "ചോദ്യത്തിന്‍റെ സാഗത്യം എനിക്കു മനസ്സിലായി". പുഞ്ചിരിച്ചു കൊണ്ട്, എന്നാല്‍ ഗൌരവം ഒട്ടും കൈ വിടാതെ അവള്‍ പറഞ്ഞു, "എന്നെ മനസ്സിലാക്കുന്ന ഒരാള്‍ വരട്ടെ. അപ്പോള്‍ നോക്കാം". "ഞാന്‍ ഒരു അപേക്ഷ തന്നാല്‍..".  ഒരു നിറഞ്ഞ ചിരിയായിരുന്നു അതിനുള്ള അവളുടെ മറുപടി. കടല്‍ക്കരയില്‍ അസ്തമയ സൂര്യന്‍ മറഞ്ഞു തുടങ്ങിയപ്പോഴും, കാറ്റിന്‍റെ ആവേശം ശമിച്ചിരുന്നില്ല. വലിയ തിരകള്‍ ഉണ്ടാക്കി അവ കരയിലേക്കു അഞ്ഞടിച്ചുകൊണ്ടിരുന്നു. 

അന്നു രാത്രിയില്‍ ഞാന്‍ ഡയറിയില്‍ കുറിച്ചു. "രാഹുല്‍ മേനോന്‍റെ ജീവിതത്തിലെ രണ്ടാം ഭാഗം ഇന്നു തുടങ്ങുന്നു. കാണാതെ പോയ കാഴ്ച്ചകള്‍ക്കായി, അറിയാതെ പോയ അനുഭവങ്ങള്‍ക്കായി,  അവളോടൊപ്പം...."

Wednesday, March 27, 2013

ഡബിള്‍ ബെല്‍


"Dr.ALEX  32  M  MAS  ERS", 
അതിരാവിലെ എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷനില്‍, ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ വണ്ടിയിലെ ചാര്‍ട്ടില്‍ ഞാന്‍ ഒരു വട്ടം കൂടി നോക്കി. കഞ്ഞി പശയുടെ ദുര്‍ബലമായ പിടുത്തത്തില്‍ നിന്നും അതിന്‍റെ പല ഭാഗങ്ങളും വിട്ടു പോന്നിരുന്നു. മയക്കത്തിന്‍റെ ആലസ്യം പൂര്‍ണ്ണമായി വിട്ടുമാറിയിരുന്നില്ലെങ്കിലും, ട്രെയിനിന്‍റെ നീണ്ട ഹോണ്‍ മുഴക്കം പെട്ടികള്‍ വേഗത്തില്‍ പ്ലാറ്റ്ഫോമിലേക്കു ഇറക്കി വയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചു. രാത്രിയിലെ വണ്ടിയിലുള്ള കുടുക്കമോ, പുലര്‍ച്ചെയുള്ള എഴുന്നേല്‍പ്പോ കാരണമെന്നറിയില്ല, തല ഇപ്പോഴും പൂര്‍ണ്ണമായി പ്രവര്‍ത്തനനിരതമാകാന്‍ വിസമ്മതിക്കുന്നു. പെട്ടികള്‍ കണ്ടിട്ടാവണം, ഒന്നു രണ്ടു ചുവന്ന കുപ്പായക്കാര്‍ എന്‍റെ അടുത്തേക്കു ഓടി വരുന്നത്‌. അവരുടെ സേവനം നിരസിക്കുമ്പോഴുള്ള ഉത്സാഹം, പിന്നീടു പെട്ടി നിരക്കി നീക്കുമ്പോള്‍ ലേശം പോലും ഉണ്ടായിരുന്നില്ല. കറ പറ്റിയ കുപ്പായവും, കുട്ടി നിക്കറും ധരിച്ചു സ്റ്റേഷന്‍റെ വശത്തു നില്‍ക്കുന്ന ആ ശോഷിച്ച രൂപം കണ്മുന്നില്‍ പെടുന്നത് തികച്ചും ആകസ്മികമായാണ്. പെട്ടിയുടെ ഭാരവും, അതിനും മുകളില്‍ പടര്‍ന്നു പന്തലിച്ച അലസതയും അവന്‍റെ സഹായം തേടാന്‍ എന്നെ പ്രേരിപ്പിച്ചു. സഹായം നല്‍കുന്ന വ്യക്തിയോടുള്ള സാമാന്യ മര്യാദയുടെ ഭാഗമായി ഞാന്‍ അവന്‍റെ പേര് ചോദിച്ചു. "അരുണ്‍", അനന്തമായി കിടക്കുന്ന ട്രാക്കുകളില്‍ കണ്ണും നട്ടു അലസമായി അവന്‍ പറഞ്ഞു. "എത്ര വയസ്സായി?", ചോദ്യങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചു. "എട്ട്". ചോദ്യത്തിനു മാത്രം ഉത്തരം എന്നതാണോ അവന്‍റെ രീതി. "സ്കൂളില്‍ ഒന്നും പോകുന്നില്ലേ?". ഒന്നു ചിരിക്കാന്‍ വേണ്ടി മാത്രം അവന്‍ ആദ്യമായി എന്‍റെ മുഖത്തു നോക്കി. "ഇപ്പോള്‍ പഠിച്ചില്ലെങ്കില്‍ പിന്നീടു ദുഖിച്ചിട്ടു കാര്യമില്ല."  "പഠിക്കാന്‍ ആഗ്രഹമുണ്ടു സാര്‍. രണ്ടാം ക്ലാസ്സു വരെ പോയി. അമ്മ പോയപ്പോ പഠിത്തോം നിര്‍ത്തി. വീട്ടില്‍ വേറെ ആരുമില്ല." പ്രീ പെയ്ഡ് ഓട്ടോ കൌണ്ടര്‍ വരെ അവന്‍ എന്‍റെ പെട്ടി എത്തിക്കുവാന്‍ സഹായിച്ചു. ഓട്ടോയില്‍ കയറുമ്പോള്‍ ഒരു നൂറു രൂപ അവന്‍റെ പോക്കറ്റില്‍ ഇട്ടു ഞാന്‍ പറഞ്ഞു, "പഠനം കൈവിടരുത്‌."

ഉണരാന്‍ മടിക്കുന്ന നഗരത്തിലൂടെ ബസ്സ് സ്റ്റാന്‍റ് ലക്ഷ്യമാക്കി ഓട്ടോ സഞ്ചരിച്ചു. എന്നെ ഞാനാക്കുവാന്‍ സഹായിച്ച ഭൌതീക സാഹചര്യങ്ങള്‍, എനിക്കു ലഭിക്കാനിടയായ ഭാഗ്യത്തെക്കുറിച്ചു ഞാന്‍ വീണ്ടും വീണ്ടും ചിന്തിച്ചു. എന്‍റെ കുട്ടിക്കാലവും, അരുണിനെയും തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുന്നതു അവ മാത്രമാണ്. ബസ്സ് സ്റ്റാന്റിൽ  കുട്ടിക്കാനം ബോര്‍ഡും ധരിച്ചു മൂക്കുന്തിയ ഒരു കിഴവന്‍ ബസ്സ് യാത്രക്കാരെയും പ്രതീക്ഷിച്ചു കിടപ്പുണ്ട്. അതിലെങ്ങും ആരെയും കാണ്മാനില്ല. കൌണ്ടറില്‍ നിന്നും ബസ്സു  പുറപ്പെടാന്‍ ഒരു മണിക്കൂറില്‍ കൂടുതലുണ്ടെന്നു മനസ്സിലാക്കിയ ഞാന്‍ ഒരു ചൂടു ചായയില്‍ അഭയം പ്രാപിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെ ചൂടന്‍ കാലി ചായ ഊതിയൂതി ശബ്ദമുണ്ടാക്കി കുടിച്ചപ്പോഴുണ്ടായ ആനന്ദം, അതൊരു വിദേശ മലയാളിക്കേ മനസ്സിലാവൂ. ചായ ആസ്വദിച്ച ശേഷം, പെട്ടികളും ചുമന്നു ഞാന്‍ ബസ്സില്‍ കയറി. പത്തു നാല്‍പ്പതു വയസ്സു പ്രായം തോന്നിക്കുന്ന, തൊപ്പി വച്ച ഒരു മധ്യവയസ്കന്‍റെ അരികിലായി ഞാന്‍ ഇരിപ്പിടം പിടിച്ചു. തൊട്ടു മുന്നിലെ സീറ്റില്‍ ഒരു യുവാവും യുവതിയും, സാമിപ്യം ആസ്വദിച്ചു കൊണ്ടും, പരിപോഷിപ്പിച്ചു കൊണ്ടും ഇരുന്നിരുന്നു. മുന്നിലെ സീറ്റില്‍ ഒരു വയസ്സന്‍ കാരണവരും ഉണ്ട്. യുവാക്കളുടെ ഒരു ആറംഗ സംഘവും അല്‍പ സമയത്തിനകം ബസ്സില്‍ കയറി. മൂകമായ ബസ്സിനെ യുവ ശബ്ദങ്ങള്‍ തട്ടിയുണര്‍ത്തി. സമയം പോകെ ആളുകള്‍ ബസ്സില്‍ നിറഞ്ഞു തുടങ്ങി. ഒടുവില്‍ ബസ്സില്‍ നില്‍ക്കാനും സ്ഥലമില്ലാത്ത അവസ്ഥ സംജാതമായി. വേനലില്‍ ചുട്ടു പഴുത്തു നില്‍ക്കുന്ന മണല്‍ത്തരികള്‍ക്കു മഴയുടെ കാഹളം പോലെ, ഡ്രൈവറും കണ്ടക്ടറും ബസ്സില്‍ കയറി. മുന്നില്‍ നിന്നായി ഡബിള്‍ ബെല്‍ മുഴങ്ങി. "എങ്ങോട്ടാണ്?", വശത്തു നിന്നു കണ്ടക്ടര്‍ ചോദിച്ചു. "കുട്ടിക്കാനം". "എഴുപതു രൂപ.", "എത്താന്‍ എത്ര സമയം എടുക്കും?" "ഒരു മൂന്നര മണിക്കൂര്‍". കണ്ടക്ടര്‍ തിരക്കിലൂടെ മുന്നിലേക്കു ഊളിയിട്ടു ഊളിയിട്ടു കടന്നു പോയി. തലേന്നത്തെ ഉറക്ക ക്ഷീണം കൊണ്ടോ എന്തോ, ഞാനും അറിയാതെ മയക്കത്തിലേക്കു ഊളിയിട്ടു.

അതിശക്തമായ എന്തോ ഒന്നു എന്നെ എടുത്തെറിയുന്നു എന്ന ഞെട്ടലിലാണ് ഞാന്‍ കണ്ണുകള്‍ മിഴിച്ചത്. യഥാര്‍ത്ഥ ലക്ഷ്യസ്ഥാനം ബോധമണ്ഡലത്തിലേക്കെത്താന്‍ പിന്നെയും സമയമെടുത്തു. ഇത്രനേരവും, ഓരോ വളവിലും എന്‍റെ ആക്രമണം സഹിച്ച് സമീപം ഇരുന്നിരുന്ന മദ്ധ്യവയസ്കനെ നോക്കി ഞാന്‍ പുഞ്ചിരിച്ചു, അയാള്‍ തിരിച്ചും. മുന്നിലുള്ള യുവതിയും, യുവാവും കയറിയപ്പോഴുള്ളതിനേക്കാള്‍ അല്‍പ്പം കൂടി ചേര്‍ന്നാണോ ഇരിക്കുന്നതു എന്നൊരു സംശയവും ഇല്ലാതില്ല. വണ്ടിയിലെ തിരക്കു അശ്ശേഷം കുറഞ്ഞിരിക്കുന്നുവെന്നതു സന്തോഷം നല്‍കിയ വിവരമാണ്. ഞാന്‍ വേഗം വാച്ചിലേക്കു കണ്ണോടിച്ചു. പുറപ്പെട്ടിട്ടു ഒന്നര മണിക്കൂറോളം പിന്നിട്ടിരിക്കുന്നു. പുറകില്‍ യുവസംഘത്തിന്‍റെ പാട്ടു മല്‍സരം നടക്കുന്നു. ഞാനും അതില്‍ സാവധാനം താളം പിടിച്ചു. "എങ്ങോട്ടാണ്?", ഞാന്‍ വശത്തിരുന്ന മദ്ധ്യവയസ്കനോടു ചോദിച്ചു. അയാള്‍ കേട്ടില്ല എന്നു തോന്നിയതുകൊണ്ട് ഞാന്‍ ചോദ്യം ഒന്നു കൂടി ആവര്‍ത്തിച്ചു. "കുട്ടിക്കാനം". അയാള്‍ ആ മറുപടി പറഞ്ഞ ഭാവത്തില്‍, ആവശ്യമില്ലാതെ സ്വകാര്യതയില്‍ ഇടിച്ചുകയറാതെ വായടച്ചു ഇരുന്നു കൂടെ എന്നുള്ള സന്ദേശം വ്യക്തമായി അടങ്ങിയിരുന്നു. "അല്ലെങ്കിലും എനിക്കിതു വേണം", ഞാന്‍ ആത്മവിമര്‍ശനം നടത്തി.

വണ്ടി മലനിരകള്‍ നിരങ്ങി നിരങ്ങി കയറുകയാണ്. മൂക്കുന്തിയ ആ കേളവനു സാധിക്കാവുന്നതിലും അധികമാണു ഈ ജോലിയെന്നു വ്യക്തമായും ഓര്‍മ്മപ്പെടുത്തുന്ന ചില ശബ്ദങ്ങള്‍ ഇടയ്ക്കിടയ്ക്കു എഞ്ചിന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഡിസംബര്‍ മാസം, അതിന്‍റെ സ്വതസിദ്ധമായ വെള്ള പുതപ്പു കൊണ്ടു മലനിരകളെ മറച്ചു തുടങ്ങിയിരിക്കുന്നു. സമയം പത്തു മണിയായെങ്കിലും, വണ്ടിയെ കീറിമുറിച്ചു പായുന്ന ഇളംകാറ്റിനു, പുലര്‍ച്ചയുടെ കുളിര്‍മ ഇനിയും വിട്ടു മാറിയിട്ടില്ല. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു ഒളിഞ്ഞു കടക്കുന്നതു പാപമാണെന്നറിയാമായിരുന്നിട്ടു കൂടി കണ്ണുകള്‍ മുന്നിലിരിക്കുന്ന ദമ്പതികളുടെ ഇടയിലേക്കു എന്‍റെ അനുവാദം വാങ്ങാതെ പലപ്പോഴും സഞ്ചരിച്ചു. പുറകിലുള്ള പാട്ടു മല്‍സരം, അതിന്‍റെ എല്ലാവിധ ശക്തിയും, ആവേശവും കൈവരിച്ചു നടക്കുന്നുണ്ട്. ബാഹ്യ സാഹചര്യങ്ങളെല്ലാം എന്നെ വീണ്ടും ഒരു മലയാളിയാക്കി മാറ്റി. ബസ്സു കുട്ടിക്കാനം ലക്‌ഷ്യം വച്ചാണു യാത്ര ചെയ്തിരുന്നതെങ്കിലും, ഞാന്‍ ചിന്തകളെ താല്‍ക്കാലികമായി ഭൂതകാലം തിരയുന്ന ഒരു പേടകത്തില്‍ കയറ്റിയിരുത്തി.

ഗോമസ്സ് അച്ചന്‍, തന്‍റെ എല്ലാ പ്രൌഡിയും പ്രതാപത്തോടും കൂടി കോട്ടയത്തെ സെയിന്‍റ് ജോസഫ്സ് അനാഥ മന്ദിരം നയിച്ചിരുന്നു. നാട്ടുകാരെ പരിചയപ്പെടുത്തുവാന്‍ വേണ്ടി പറയട്ടെ, ഞാന്‍ ബാല്യകാലം ചിലവഴിച്ച അനാഥമന്ദിരത്തിന്‍റെ ഡയറക്ടര്‍ ആണു അച്ചന്‍. അച്ചന്‍റെ ക്ഷോഭവും, ശകാരവും എല്ലാം ചൂരലിന്‍റെ രൂപത്തില്‍ പുറത്തു വരുന്നതു, മാര്‍ക്കു കുറയുമ്പോള്‍ മാത്രമാണ്. "നിനക്കൊക്കെ എന്തിന്‍റെ കേടാണെടാ ഇവിടെയുള്ളത്? നാലു നേരം മൂക്കു മുട്ടെ തിന്നാന്‍ കിട്ടുന്നില്ലേ. ഇരുന്നു പഠിച്ചാലെന്താ?". ഈ വാചകങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ കേട്ടവരാരും പിന്നീടൊരിക്കലും അതു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അതിനൊപ്പം തന്നെ തുടയില്‍ പതിക്കുന്ന ചൂരല്‍ വടിയുടെ സ്നേഹസ്പര്‍ശം, ഉറക്കത്തില്‍ പോലും പഠനത്തിന്‍റെ ആവശ്യകതയെ പറ്റി ഓര്‍മ്മകള്‍ ജനിപ്പിക്കും. "ചായ കുടിക്കാം, പത്തു മിനിറ്റുണ്ട്.", കണ്ടക്ടറുടെ ഒട്ടും ഗാംഭീര്യമില്ലാത്ത ആ ശബ്ദം പുറകില്‍ നിന്നുത്ഭവിച്ചു, വണ്ടിയില്‍ ചുറ്റി സഞ്ചരിച്ചു.

കയറ്റത്തിലെ ഒരു വളവിലാണു വണ്ടി നിര്‍ത്തിയിരിക്കുന്നത്. അവിടെ ആകെ ഒരു ചായക്കടയേ ഉള്ളു. യുവസംഘം ഇറങ്ങി ഫോട്ടോ എടുക്കുവാന്‍ ഓടി. കാമുകനും, കാമുകിയും പ്രണയം നുകര്‍ന്നു ബസ്സില്‍ തന്നെ ഇരിക്കുകയാണ്. ഞാനും, എന്‍റെ സമീപമിരിക്കുന്ന മധ്യവയസ്കനും, മറ്റു അഞ്ചാറു പേരും, ചായക്കടയിലെത്തി. തണുപ്പത്തു, ചൂടു ചായ നല്‍കിയ ഒരു സുഖം. തമിഴ്നാട്ടിലെ ചൂടും, പൊടിയും, വരള്‍ച്ചയും അനുഭവിച്ചു, ഇത്ര മനോഹരമായ ഒരു നാടു വിട്ടു, ഞാനെന്തിനു അവിടെ പോയി കിടക്കണം? മദ്ധ്യവയസ്കന്‍ പോക്കറ്റില്‍ നിന്നു പൈസ എടുത്തപ്പോള്‍ മറ്റൊരു കടലാസു കൂടി താഴെ ചാടി. അയാള്‍ അതു കണ്ടില്ലെന്നു തോന്നുന്നു. ഞാന്‍ അതെടുത്തു, "RCC പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്‌" എന്ന തലക്കെട്ടിനടിയിലായി, കുറച്ചു മരുന്നുകളുടെ പേരു വിവരം ഉണ്ടായിരുന്നു. "താങ്കളുടെയാണെന്നു തോന്നുന്നു", ഞാന്‍ കടലാസു തിരികെ ഏല്‍പ്പിച്ചു കൊണ്ടു പറഞ്ഞു.

അല്‍പ നേരത്തിനു ശേഷം വീണ്ടും ഡബിള്‍ ബെല്‍ മുഴങ്ങി. ദീര്‍ഘ നേരത്തെ ഇരുപ്പിനു ശേഷം വീണുകിട്ടിയ ചെറിയൊരു ഇടവേള ആളുകളെ ഉന്മേഷവാന്മാരാക്കിയിരുന്നു. "ഞാനൊരു ഡോക്ടറാണ്. ക്യാന്‍സറിനു ഇപ്പോള്‍ ചികല്‍യൊക്കെയുണ്ട്. പേടിക്കാനില്ല". സമീപമിരുന്ന മദ്ധ്യവയസ്കനെ നോക്കി ഞാന്‍ പറഞ്ഞു. അയാള്‍ അതിനു മറുപടിയെന്നോണം തലയിലെ തൊപ്പിയൂരി. രോമകൂപങ്ങളുടെ നേര്‍ത്ത അംശം പോലും ഇല്ലാതിരുന്ന ആ മൂര്‍ദ്ധാവ്‌, അയാള്‍ കടന്നുപോയിട്ടുള്ള ചികല്‍സയെക്കുറിച്ചു എനിക്കു ചെറിയൊരു രൂപം നല്‍കി. "നാലാം സ്റ്റേജിലുള്ള ഒരു ക്യാന്‍സര്‍ രോഗിക്കു എന്തു ചികല്‍സയാണുള്ളത്? എനിക്കായി പ്രത്യേകിച്ചു ആശ്വാസവചനങ്ങള്‍ ഒന്നും ആവശ്യമില്ല. ഈ ഒരു കാരണം കൊണ്ടു തന്നെയാണ്, RCCയുടെ പാലിയേറ്റീവ്‌ യൂണിറ്റില്‍ നിന്നും ഞാന്‍ സ്വയം ഇറങ്ങി പോന്നത്. ഇപ്പോള്‍ അവര്‍ അവിടെ എന്നെ അന്വേഷിക്കുന്നുണ്ടാവും. ഭൂമിയില്‍ ഇത്ര നല്ല സ്ഥലങ്ങളുള്ളപ്പോള്‍, അവസാനം നമ്മള്‍ എന്തിനു മരുന്നു മണക്കുന്ന ആ അടഞ്ഞ മുറിയിലാക്കുന്നു? വേദനഹാരികള്‍ ഞാന്‍ എടുത്തിട്ടുണ്ട്. യൂണിറ്റിലുള്ള നടക്കാന്‍ ആരോഗ്യമുള്ള എല്ലാവരും ഇങ്ങനെയൊന്നു കൊതിക്കുന്നുണ്ട്. പക്ഷെ, അതിനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കില്ലല്ലോ."  ഇതിനു എനിക്കു പ്രത്യേകിച്ചു മറുപടിയൊന്നുമുണ്ടായില്ല. അല്‍പ നേരത്തിനു ശേഷം, അയാള്‍ സ്വയം പരിചയപ്പെടുത്തി, "എന്‍റെ പേരു സുനില്‍. സ്ഥലം കൊല്ലത്തിനടുത്തു കുണ്ടറയാണ്. ഡോക്ടറുടെ പേരെന്താണ്?", ഞാന്‍ പറഞ്ഞു, "അലക്സ്‌. കോട്ടയത്തെ ഒരു അനാഥ മന്ദിരത്തില്‍ വളര്‍ന്നു. ഇപ്പോള്‍ മദ്രാസില്‍ ഹൃദ്രോഗവിദഗ്ദനായി ജോലി ചെയ്യുന്നു.". "ഒരു അനാഥ മന്ദിരത്തില്‍ നിന്നും ഹൃദ്രോഗവിദഗ്ദനിലേക്കോ? സാര്‍ തീര്‍ച്ചയായും ബഹുമാനം അര്‍ഹിക്കുന്നു." "ഒരു അസുഖത്തെ, അതിന്‍റെ ഭീഷണിയെ, അല്‍പം വില പോലും നല്‍കാതെ പഴംചാക്കിനു തുല്യം പുറത്തേക്കു വലിച്ചെറിയുന്ന ആ മനസ്സു കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നു.", ഞാന്‍ പറഞ്ഞു. പിന്നീടു സുനിലിനോടു സംസാരിക്കാന്‍ ഒന്നുമുണ്ടായില്ല. അയാളും പുറത്തെ മഞ്ഞു മൂടിയ മലനിരകളിലേക്കു കണ്ണും നട്ടിരുന്നു. ബസ്സ് മണിക്കൂറുകളായി അതിന്‍റെ കിതപ്പു തുടങ്ങിയിട്ട്. ആളുകളെ മുകളിലേക്കെത്തിക്കാന്‍ അനുസ്യൂതം അതു  കഷ്ടപ്പെടുന്നുണ്ട്. 

ഞാന്‍ ഓര്‍മ്മകളില്‍ വീണ്ടും ഗോമസ് അച്ചന്‍റെ തറവാട്ടു മുറ്റത്തെത്തി. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ സമയം, അച്ചന്‍ എന്‍റെ അടുക്കല്‍ വന്നു, "നീ ഒരു ഡോക്ടറായി കാണണമെന്നാണു എന്‍റെ ആഗ്രഹം. അനാഥാലയത്തിനു, അന്യ സംസ്ഥാനങ്ങളില്‍ വിട്ടു പൈസ കൊടുത്തു പഠിപ്പിക്കാന്‍ കഴിയില്ല എന്നു നിനക്കറിയാമല്ലോ. നീ എന്‍ട്രന്‍സ് എഴുതി തന്നെ സീറ്റ്‌ മേടിക്കണം. നിന്‍റെ കഴിവിനുള്ള ഒരു അംഗീകാരം കൂടിയാവും അത്. നിനക്കു അതിനു കഴിയും.", അച്ചന്‍ എന്‍റെ തോളില്‍ സ്പര്‍ശിച്ചു കൊണ്ടു പറഞ്ഞു. ചൂരലു കൊണ്ടല്ലാതെ ആ വൈദീകന്‍ ആദ്യമായായിരുന്നു എന്നെ സ്പര്‍ശിക്കുന്നത്. കുട്ടികള്‍ക്കു പ്രായമാവുമ്പോള്‍ അവരെ സ്വയം പര്യാപ്തരാക്കാന്‍ അച്ചന്‍ അതീവ ശ്രദ്ധാലുവായിരുന്നു. പഠിക്കാന്‍ മോശമായവര്‍ക്കു അച്ചന്‍ തന്നെ എന്തെങ്കിലും കൈ തൊഴിലിനുള്ള സഹായങ്ങള്‍ നല്‍കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്കു ബാഗുമായി ഞാന്‍ ഇറങ്ങുമ്പോള്‍, അച്ചന്‍ പറഞ്ഞു, "ഇവിടുത്തെ കാര്യങ്ങള്‍ ഇനി നിന്നെ ഒരിക്കലും അലട്ടരുത്. അതിനു ഞാനും മറ്റച്ചന്മാരും ഉണ്ട്. നീ അന്തസ്സുള്ള ഒരു ജീവിതത്തിനു വേണ്ടി പോരാട്ടം തുടങ്ങാന്‍ പോകുന്നു. അതു നിനക്കു ജന്മം തന്നു തെരുവിലേക്കു വലിച്ചെറിഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ്. നീ ഇവിടെയുള്ള നിന്‍റെ അനുജന്മാര്‍ക്കു എന്നും ഒരു പ്രചോദനമായി നിലകൊള്ളണം. നീ മറ്റുള്ളവരെപോലെ എന്നും എന്‍റെ പ്രാര്‍ത്ഥനയിലുണ്ടാവും. തിരിച്ചും പ്രാര്‍ത്ഥിക്കണം." അച്ചന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പഠനത്തിലെ ഓരോ ഘട്ടത്തിലും എന്നെ മുന്നോട്ടു നയിച്ചു.

വിറയ്ക്കുന്ന ഒരു കര സ്പര്‍ശം എന്‍റെ ശ്രദ്ധയെ വീണ്ടും വര്‍ത്തമാന കാലത്തിലേക്കെത്തിച്ചു. "ഞാന്‍ മദ്യപിച്ചിട്ടില്ല, പുക വലിച്ചിട്ടില്ല, ഈ അസുഖം എങ്ങനെയെങ്കിലും ഭേദമാക്കാന്‍ പറ്റുമോ ഡോക്ടര്‍." സുനിലിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അയാളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഭാവമാറ്റമായിരുന്നു അത്. അയാളുടെ രോഗ വിവരത്തിന്‍റെ രേഘകള്‍ നോക്കിയ ശേഷം ഞാന്‍ പറഞ്ഞു, "ബുദ്ധിമുട്ടാണ്." ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ വെറുക്കുന്ന നിമിഷങ്ങളാണിവ‍. കാര്‍ഡിയോളജി ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുവാന്‍ ഒരു പ്രധാന കാരണവും, ഇത്തരം മാറാരോഗങ്ങളുടെ കുറവായിരുന്നു. പുറകില്‍ വിദ്യാര്‍ത്ഥി സംഘങ്ങളില്‍ നിന്നായി, സിഗററ്റിന്‍റെ പുക ഉയര്‍ന്നു. കൂട്ടത്തില്‍ വലിക്കാത്ത ഒരുത്തനെ നിര്‍ബന്ധിക്കുകയാണെന്നു തോന്നുന്നു, "ജീവിതം എന്‍ജോയ്‌ ചെയ്യളിയാ. ഒരു പഫ് എടുത്തു നോക്ക്. ഇതൊക്കെ ഇപ്പൊ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പഴാ. " സിഗരറ്റ് പുക ബുസ്സിലാകെ അസ്വസ്ഥതയുണ്ടാക്കി. താമസിയാതെ കണ്ടക്ടര്‍ അവരെ വിലക്കുന്നതും കേട്ടു. "മരണത്തിനുള്ള കാരണം അന്വേഷിച്ചു വേവലാതി പൂണ്ടു നടക്കുന്ന ഒരു പഥികനാണു ഞാന്‍." സന്ദര്‍ഭത്തിനു യോജിക്കുമോ എന്നു നോക്കാതെ ഞാന്‍ സുനിലിന്‍റെ അടുത്തു കാവ്യാത്മകമായി പറഞ്ഞു. ഇതു അയാളില്‍ ചെറിയൊരു ചിരി പടര്‍ത്തി. "താങ്കള്‍ കുട്ടിക്കാനം വരെ ഉണ്ടാകുമോ?", ഞാന്‍ ചോദിച്ചു. "അങ്ങനെ ഇന്ന സ്ഥലമെന്നൊന്നുവില്ല. വഴിയില്‍ നല്ല ഒരു സ്ഥലം കണ്ടാല്‍ അവിടെ ഇറങ്ങും. ബാക്കി അപ്പോള്‍", അയാള്‍ പറഞ്ഞു. വണ്ടി യാത്ര തുടങ്ങിയിട്ടു മൂന്നു മണിക്കൂറോളം പിന്നിട്ടിരിക്കുന്നു. "enjoy the life as it comes", പുറകില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വരികള്‍ ഉയര്‍ന്നു.

ഇടയ്ക്കിടയ്ക്കു ഉറക്കത്തിന്‍റെ ഉള്‍വിളികള്‍ തലയില്‍ എത്തുന്നുണ്ട്. ഞാന്‍ വീണ്ടും ഒന്നു മയങ്ങി. ചെവിയിലൂടെ അരിച്ചു കയറുന്ന തണുപ്പിനെ തടയാന്‍ കമ്പിളി പുതച്ചാണ് ഉറക്കം. പത്തു, പതിനഞ്ചു മിനിട്ടു കഴിഞ്ഞു കാണും, സുനില്‍ എന്നെ തട്ടിയുണര്‍ത്തി, "സാര്‍ ഈ സ്ഥലം കണ്ടോ. എത്ര മനോഹരമായിരിക്കുന്നു." പല വര്‍ണ്ണ ഇലകളുമായി പൈന്‍ മരങ്ങള്‍ ചുറ്റിലും. വിരളമായി, അവിടിവിടെ ടൂറിസ്റ്റ് വണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അയാള്‍ സീറ്റില്‍ നിന്നു എഴുന്നേല്‍ക്കാന്‍ തയ്യാറെടുത്തുകൊണ്ടു പറഞ്ഞു, "ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയാ‍. പരസ്പരം ഇനി കാണില്ല. പ്രാര്‍ത്ഥനകളില്‍ എന്നെ കൂടി ഓര്‍മ്മിക്കണം". "എനിക്കു ഒരാശംസയും നേരുന്നില്ലേ?", ഞാന്‍ വെറുതെ സുനിലിന്‍റെ അടുക്കല്‍ ചോദിച്ചു. "സാറിനു, ഇതുപോലെ മനോഹരമായ ഒരു സ്ഥലത്തു, ശുദ്ധ വായു ശ്വസിച്ചു, വേദനരഹിതമായ ഒരു മരണമുണ്ടാകട്ടെ." ഞാന്‍ അതു കേട്ടു ചിരിച്ചു, "ലോകത്തു ഏതൊരു വ്യക്തിക്കും ലഭിക്കാവുന്നതില്‍ വച്ചു ഏറ്റവും വലിയ ഭാഗ്യം.", ഞാന്‍ മനസ്സില്‍ പറഞ്ഞു. കുട്ടികളെ പോലെ വിടര്‍ന്ന കണ്ണുകളുമായി അയാള്‍ ആ പൈന്‍ മരങ്ങള്‍ക്കിടയിലേക്കു ഇറങ്ങി, . ഡബിള്‍ ബെല്‍ മുഴങ്ങി. "ജീവിതം എത്ര സുന്ദരം, മനോഹരം", വിദ്യാര്‍ത്ഥികള്‍ സന്തോഷ ലഹരിയിലാണെന്നു തോന്നുന്നു. "കുട്ടിക്കാനം എത്താന്‍ എത്ര സമയം കൂടി എടുക്കും?", ഞാന്‍ കണ്ടക്ടറോടു ചോദിച്ചു. "ഒരു പത്തു മിനിറ്റു സാര്‍", അയാള്‍ പറഞ്ഞു. മുന്നിലുള്ള യുവാവും, യുവതിയും ചുറ്റുമുളള തണുപ്പിനെ ആസ്വദിക്കുകയാണ്. അവസാനം, ആ കിളവന്‍ ബസ്സ്‌, ഞങ്ങളെയും വഹിച്ചു കൊണ്ട്, കുട്ടിക്കാനം ബസ്സ് സ്റ്റാന്റിൽ എത്തി. ബസ്സില്‍ അവസാന സിംഗിള്‍ ബെല്‍ മുഴങ്ങി. എല്ലാവരും ഇറങ്ങി. സമയം ഉച്ചക്കു പന്ത്രണ്ടു കഴിഞ്ഞു. യുവാക്കളുടെ സംഘവും, ദമ്പതികളും എല്ലാവരും തിരക്കിലാണ്. നിമിഷ നേരം കൊണ്ടു അവര്‍ ആളുകള്‍ക്കിടയില്‍ അലിഞ്ഞു ചേര്‍ന്നു. ഞാന്‍ സാവധാനം മുന്നില്‍ പോയി, ഇത്രയം ദൂരം എന്നെ വഹിച്ചു കൊണ്ടു വന്ന വണ്ടിയുടെ, ശ്വാസോച്ഛ്വാസം നടന്നിരുന്ന മൂക്കില്‍ ഒന്നു തലോടി. കുട്ടിക്കാനത്തെ തണുപ്പിനിടയിലും വണ്ടിയുടെ ഉള്ളിലെ ചൂടു ഞാന്‍ അറിഞ്ഞു. സാവധാനം ഞാന്‍ ടൌണിലേക്കു നടന്നു. 

"പാസ്റ്ററല്‍ സെന്‍റര്‍ വരെ ഒന്നു പോകണം". ടൌണില്‍ മുന്‍വശത്തായി കിടന്നിരുന്ന ഒരു ഓട്ടോക്കാരനോടായി ഞാന്‍ പറഞ്ഞു. രണ്ടു കിലോമീറ്ററിനു അയാള്‍ അമ്പതു രൂപ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചു. സാവധാനം, പൂന്തോട്ടങ്ങള്‍ അതിര്‍ത്തി പാകിയിരിക്കുന്ന ആ കെട്ടിടത്തിലേക്കു ഞാന്‍ എത്തിച്ചേര്‍ന്നു. അച്ചന്മാര്‍ വിശ്രമജീവിതം നയിക്കുന്നിടമാണു ഇവിടം. "ഫാദര്‍ ഗോമസിനെ ഒന്നു കാണണം", ഞാന്‍ അവിടെ കണ്ട ഒരു കന്യാസ്ത്രീയോടായി പറഞ്ഞു. "ആരു വന്നെന്നു പറയണം", അവര്‍ ചോദിച്ചു. "അലക്സ്‌ വന്നെന്നു പറഞ്ഞാല്‍ മതി." സിസ്റ്റര്‍ സാവധാനം അകത്തേക്കു പോയി. ഒരു മനുഷ്യായുസ്സു മുഴുവന്‍ ദൈവത്തെ സേവിച്ച ശേഷം, അവിടുത്തിങ്കലേക്കു പോകാനുള്ള വഴി തുറക്കാനുള്ള പ്രാര്‍ത്ഥനയുമായി, വീടിന്‍റെ അവിടിവിടെ പ്രായം ചെന്ന ധാരാളം അച്ചന്മാര്‍ ഇരിക്കുകയും, നടക്കുകയും ചെയ്യുന്നുണ്ട്. ആ പ്രദേശം മനോഹരമാണ്, ശാന്തവുമാണ്. ആര്‍ക്കും വേവലാതിയില്ല, തിരക്കുമില്ല. കിട്ടുന്നതിനെ അവിടെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു. മരണം ഒരു സാധാരണ സംഭവവുമാണ്. ഓരോരുത്തരും താന്താങ്ങളുടെ ദിനങ്ങള്‍ എണ്ണി കഴിയുന്നു. "എടാ നീ വന്നോ?", പരിചയമുള്ള  ആ ശബ്ദത്തിനു അല്‍പ്പം ഇടര്‍ച്ച വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റു മാറ്റമൊന്നുമില്ല. ചക്രക്കസേരയിലാണു സഞ്ചാരം. ഉരുട്ടിക്കൊണ്ടു വന്ന കന്യാസ്ത്രീയോടായി, അച്ചന്‍ പറഞ്ഞു, "എന്‍റെ ശിഷ്യനാ. ഇപ്പോ മദ്രാസില്‍ ഡോക്ടറാ." തങ്ങളെ സന്ദര്‍ശിക്കാന്‍ ആരെങ്കിലും എത്തുന്നതു പ്രായമായവര്‍ക്കു അഭിമാനം നല്‍കുന്ന കാര്യമാണ്. "ഞാന്‍ നാളയെ പോകുന്നുള്ളൂ അച്ചാ". അച്ചന്‍റെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു. എനിക്കുള്ള മുറി നിമിഷ നേരം കൊണ്ടു തയ്യാറായി. ആയ കാലത്തെ സല്‍പ്രവര്‍ത്തനങ്ങള്‍ നിമിത്തം, ധാരാളം ഉയര്‍ന്ന നിലയിലുള്ള സന്ദര്‍ശകരുള്ള വ്യക്തിയാണു ഫാദേര്‍ ഗോമസ്‌. ഞാന്‍ ഒന്നു കുളിച്ചു ഫ്രെഷ് ആകുവാനായി മുറിക്കുള്ളിലേക്കു പോയി. 

അച്ചനോടൊപ്പം ഉച്ചഭക്ഷണം കഴിക്കവേ ഞാന്‍ ചോദിച്ചു, "നമുക്കു ഉച്ചക്കു ശേഷം ഒന്നു പുറത്തു പോയാലോ". പുറമേയ്ക്കു പോകുന്നതു അച്ചനും വളരെ താല്‍പ്പര്യമുള്ള കാര്യമാണ്. ഉച്ചയ്ക്കു ഒന്നു മയങ്ങിയ ശേഷം, നാലു മണിയോടെ ഞങ്ങള്‍ സെന്‍ററിലെ വണ്ടിയുമായി പുറപ്പെട്ടു. ഞാനാണ് ഓടിച്ചത്. പുല്‍ച്ചെടികള്‍ ഭൂമിയെ മറച്ച ഒരു കുന്നിന്‍ ചെരുവില്‍ ഞാന്‍ വണ്ടി നിര്‍ത്തി. അച്ചനെ വണ്ടിയില്‍ നിന്നിറക്കി, ചക്രക്കസേരയില്‍ ഇരുത്തി. ഞാന്‍ ആ മൊട്ടക്കുന്നിലൂടെ അച്ഛനെയും കൊണ്ടു സഞ്ചരിച്ചു. കുന്നിന്‍റെ ഏറ്റവും ഉയരത്തില്‍ ഞാന്‍ കസേര നിര്‍ത്തി. മൂടല്‍ മഞ്ഞു നിറഞ്ഞ തണുത്ത ഇളം കാറ്റു പ്രദേശമാകെ പൊതിഞ്ഞു, ഞാന്‍ ചോദിച്ചു, "എന്‍റെ അച്ഛനും അമ്മയും ആരാണെന്നു അച്ചനറിയുമോ?". "എന്തു പറ്റി വര്‍ഷങ്ങള്‍ക്കു ശേഷം പൈതൃകം അന്വേഷിക്കാന്‍?", അച്ചന്‍ ചോദിച്ചു. "അവരുടെ മുന്നില്‍ പോയി നില്‍ക്കാന്‍. നിങ്ങള്‍ ഉപേക്ഷിച്ച ആ പോടികുഞ്ഞു ഇത്രയും വളര്‍ന്നു എന്നു പറയാന്‍.", എന്‍റെ ശബ്ദം കനത്തിരുന്നു. കുറച്ചു നേരം അച്ചന്‍ ആലോചിച്ചിരുന്നു, ഓര്‍മ്മകള്‍ക്കായി ആ മനസ്സു പരതുന്ന പോലെ. "നിന്നെ എനിക്കു അനാഥ മന്ദിരത്തിന്‍റെ വാതില്‍ക്കല്‍ നിന്നാണു ലഭിച്ചത്. മഴ തോര്‍ന്ന ആ രാത്രിയില്‍ ഞാന്‍ ഗേറ്റ് അടക്കാനായി പുറത്തു കടന്നതാണ്. ഒരു ചോരക്കുഞ്ഞിന്‍റെ കരച്ചില്‍ അവിടെ കേട്ടു. നീ അല്‍പ്പം പോലും മഴ നനഞ്ഞിരുന്നില്ല. അതിനര്‍ത്ഥം നിന്നെ മാറോടണച്ചു സംരക്ഷിച്ചു കൊണ്ടു നിന്‍റെ അമ്മ പരിസരത്തെവിടെയോ നിന്നിരുന്നു. ഞാന്‍ ചുറ്റും നോക്കിയെങ്കിലും ആരെയും കാണാനായില്ല. അല്‍പം ദൂരെയായി ഒരു സ്ത്രീ നടന്നു പോകുന്നതു പിന്നീടു ഞാന്‍ കണ്ടു. അവരെ വിളിച്ചെങ്കിലും, വിളി കേള്‍ക്കാത്തതായി ഭാവിച്ചു അവര്‍ വിദൂരതയിലേക്കു നടന്നു നീങ്ങി." അച്ചന്‍ ഒന്നു നിര്‍ത്തിയ ശേഷം തുടര്‍ന്നു, "അര്‍ത്ഥശൂന്യമായ ഭൂതകാലം അന്വേഷിച്ചു സമയം കളയുന്നവനല്ല, അര്‍ത്ഥസംപുഷ്ടമായ ഭാവി കണ്ടെത്തുന്നവനാണു യഥാര്‍ത്ഥ വിജയി." പിന്നീടു അതേ പറ്റി ഒന്നും ചോദിക്കുവാന്‍ എനിക്കുണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു ഞങ്ങള്‍ മടങ്ങി. 

പിറ്റേന്നു എന്‍റെ വകയായി പ്രത്യേക പരിശോധന ആശ്രമത്തിലെ എല്ലാ അന്തേവാസികള്‍ക്കും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഇറങ്ങുന്നതിനു മുമ്പായി അച്ചന്‍ പറഞ്ഞു, "വര്‍ഷങ്ങളുടെ പൈതൃകം അവകാശപ്പെടാനുണ്ടെങ്കിലും, ഒരാളെ പോലും ജീവിത ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ അവനെക്കൊണ്ടു ദൈവത്തിനും, ലോകത്തിനും എന്തു പ്രയോജനം?" ഒന്നു നിര്‍ത്തിയ ശേഷം അച്ചന്‍ തുടര്‍ന്നു, "നീ ഇടയ്ക്കൊക്കെ ഇവിടെ വരണം". ആ കരങ്ങളില്‍ ഒന്നു ചുംബിച്ചു, ഞാന്‍ സെന്‍ററില്‍ നിന്നു പടിയിറങ്ങി. ഇന്നു എന്‍റെ മേല്‍ പരിപൂര്‍ണ്ണ അവകാശമുള്ള ഒരേയൊരു കൈകളാണവ. തിരികെ ബസ്സ് സ്റ്റാന്റിൽ  മൂക്കുന്തിയ ആ പഴഞ്ചന്‍ ബസ്സ് ഒരു മടക്കയാത്രക്കു തയ്യാറായി കിടപ്പുണ്ടായിരുന്നു. തലേന്നു കണ്ട യുവതി ഇന്നു മറ്റൊരുവന്‍റെ ഒപ്പം ടൌണിലൂടെ നടന്നു പോകുന്നത് ബസ്സിലിരുന്നു ഞാന്‍ കണ്ടു.  മടക്കയാത്രയില്‍ ആ പൈന്‍ മരങ്ങള്‍ക്കിടയില്‍ ഞാന്‍ സുനിലിനെ തിരഞ്ഞെങ്കിലും, കാറ്റത്തു ഇളകിയാടുന്ന മരങ്ങളും, ഏതാനും ടൂറിസ്റ്റു വണ്ടികളും മാത്രമാണു കാണാനായത്. മടക്കയാത്ര ഏതാണ്ടു മുഴുവനായും ഞാന്‍ ഉറക്കത്തിനു സമര്‍പ്പിച്ചു. റെയില്‍വേ സ്റ്റേഷനില്‍, ഏറെ നേരത്തെ തിരച്ചിലിനിടയില്‍ ഞാന്‍ അരുണിനെ കണ്ടെത്തി. പെട്ടി എടുക്കാന്‍ അവന്‍ എന്നെ സഹായിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിനു തൊട്ടു മുന്‍പ്, ഒരു കവര്‍ ഞാന്‍ അവനെ ഏല്‍പ്പിച്ചു. സാവധാനം അവന്‍ അതു പൊട്ടിച്ചു. അതില്‍ ഒരെഴുത്തും, മദ്രാസിലേക്കു ഒരു ടിക്കെറ്റുമായിരുന്നു. ആ എഴുത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു, "നാളത്തെ വണ്ടിയില്‍ മദ്രാസിലേക്കുള്ള ടിക്കറ്റ്‌ ഇതിലുണ്ട്. അവിടെയെത്തിയാല്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക. എന്നെ ഗോമസ്‌ അച്ചന്‍ വളര്‍ത്തിയതു പോലെ നിന്നെ ഞാന്‍ വളര്‍ത്തും. ഒടുവില്‍, ഞാന്‍ എന്‍റെ ഭാവിയെ കണ്ടെത്തിയിരിക്കുന്നു, തികച്ചും അര്‍ത്ഥസംപുഷ്ടമായ എന്‍റെ ഭാവിയെ." ട്രെയിനിന്‍റെ ചൂളം വിളി ഉയരുമ്പോള്‍, അവന്‍റെ കണ്ണുകള്‍ നിറയുന്നത് പ്ലാറ്റ്ഫോമിലെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

Friday, March 1, 2013

ഉത്തരാധുനീക ഗോലിയാത്തുമാര്‍



"വര്‍ഗ്ഗീയതയുടെ നിറമെന്താണു ബാബൂജി?", തെക്കന്‍ ഗുജറാത്തിലെ സോമനാഥ് കടല്‍ക്കരയില്‍, അസ്തമയ സൂര്യന്‍റെ ചുമപ്പിനെ സാക്ഷി നിര്‍ത്തി സാം ചോദിച്ചു. "അതു തന്നെ", സൂര്യന്‍റെ, ചുവപ്പിന്‍റെ പ്രഭയെ ചൂണ്ടിക്കാട്ടി ബാബൂജി അറിയിച്ചു. "അത് അല്‍പം താത്വികമായിപ്പോയല്ലോ", സാം പ്രതികരിച്ചു. "കൊന്നൊടുക്കാന്‍ ഭ്രാന്തു പൂണ്ടു തെരുവില്‍ അലയുന്ന ദൈവങ്ങള്‍ക്കു മറ്റെന്തു നിറം കൊടുക്കാനാവും? വര്‍ഗ്ഗീയതയ്ക്കു ദൈവങ്ങളെ കൂട്ടു പിടിക്കുന്നതു തന്നെ ഭ്രാന്ത്. പിശാചുക്കളും ദൈവത്തില്‍ നിന്നു തന്നെ ഉണ്ടായതാണെന്നൊരു സങ്കല്‍പ്പമുണ്ട്. അതിനെ ഊട്ടിയുറപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ സമൂഹത്തില്‍ ഇന്നു നടക്കുന്നുള്ളൂ, അഥവാ മാധ്യമങ്ങളില്‍ വരുന്നുള്ളൂ. മീഡിയായ്ക്കും അവരുടെ നിലനില്‍പ്പു ഒരു പ്രശ്നമല്ലേ. " തന്‍റെ കയ്യിലുള്ള കടലപ്പൊതിയില്‍ നിന്നു ഏതാനും വറുത്ത കടല ബാബൂജിയുടെ കയ്യിലേക്കു സാം കൈമാറി. ബാബൂജി ചോദിച്ചു, "അതു പോട്ടെ, ഇന്നു നിനക്കു ഓര്‍മ്മകളുടെ വേദനയാണോ, പ്രതീക്ഷയുടെ സന്തോഷമാണോ ഉള്ളത്?". "ഇവയ്ക്കിടയില്‍ ഒരു നേര്‍ രേഖയിലൂടെ പോകനല്ലേ ബാബൂജി എന്നെ പഠിപ്പിച്ചിട്ടുള്ളത്. അന്നും, ഇന്നും ഞാന്‍ അവയ്ക്കു മദ്ധ്യത്തില്‍ തന്നെ". കടല്‍ക്കരയില്‍ അനേകം കുടുംബങ്ങള്‍ എത്തിയിട്ടുണ്ട്. സാമും, ബാബൂജിയും മിക്കവാറും ഈ കടല്‍ക്കരയില്‍ സായാഹ്നം ചിലവഴിക്കാറുണ്ട്. താത്വിക ചിന്തകളും, അവലോകനങ്ങളുമായി അവരുടെ സായാഹ്നങ്ങള്‍ അങ്ങനെ നീണ്ടു പോകാറുമുണ്ട്. എന്നാല്‍ ഇന്നത്തെ സന്ധ്യയ്ക്കു ഒരു പ്രത്യേകതയുണ്ട്. അവന്‍ LLB പരീക്ഷ ഒന്നാം ക്ലാസ്സില്‍ പാസ്സായി കഴിഞ്ഞുള്ള ആദ്യ സന്ധ്യയാണത്.

പിറ്റേന്നു അവന്‍റെ മനസ്സു കലുഷിതമായിരുന്നു. അപ്പച്ചന്‍ സെബാസ്റ്റ്യനും, അമ്മ അന്നയും ജീവനോടെ കത്തിക്കപ്പെടുന്ന, മറവിയുടെ ചാലുകള്‍ക്കു ഇന്നും വിട്ടു കൊടുക്കാത്ത, കുട്ടിക്കാലത്തെ ആ രംഗം സാമിനെ അസ്വസ്ഥമാക്കി. അങ്ങനെയുള്ള സായാഹ്നങ്ങളില്‍ അവന്‍ ഒറ്റയ്ക്ക് കടല്‍ക്കരയില്‍ വന്നിരിക്കും. ബാബൂജിക്കും അതറിയാം. അലറിയടിച്ചു കരയിലേക്കു തള്ളിവരുന്ന തിരകള്‍, നിസ്സഹായമായി പിന്‍വലിയുന്ന നിരന്തരമായ ആ രംഗങ്ങള്‍ അവന്‍ നോക്കിയിരുന്നു. ഒരു മനുഷ്യനു മറ്റൊരു മനുഷ്യനെ ജീവനോടെ എങ്ങനെ കത്തിച്ചു കളയാന്‍ സാധിക്കുമെന്നതു ഇന്നും അവനു ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമാണ്, അതും സമാധാനത്തിന്‍റെ പ്രതീകമായ ദൈവത്തിന്‍റെ പേരില്‍. അവന്‍റെ പഴമയുടെ ഏടുകളില്‍, സോമനാഥ് ടൌണിലെ സെന്‍റ് മേരീസ്‌ സ്കൂളിലെ അദ്ധ്യാപകരായ അപ്പച്ചന്‍റെയും അമ്മയുടെയും മായാത്ത രൂപങ്ങളുണ്ട്. അപ്പച്ചന്‍ വാങ്ങിത്തന്നിരുന്ന വില കൂടിയ മുട്ടായിയുടെയും, അമ്മ സ്നേഹപൂര്‍വ്വം വിളമ്പിയിരുന്ന കൊണ്ടാട്ടത്തിന്‍റെയും, ഇന്നും വായില്‍ വെള്ളമൂറിക്കുന്ന രുചിയുണ്ട്. അയല്‍വാസികളുടെ സ്നേഹമസ്രണമായ മുഖങ്ങളുണ്ട്.

അന്നു, അവന്‍റെ അമ്മ പതിവിലും ഭയചകിതയായിരുന്നു. തെരുവിലെങ്ങും ആക്രോശങ്ങളും രോദനങ്ങളും. അഗ്നിയുടെ മടുപ്പിക്കുന്ന ദൃശ്യങ്ങള്‍ തെരുവിനെ അലങ്കോലമാക്കി. അമ്മ വന്ന പാടെ അവനെയും കൊണ്ടു വീട്ടില്‍ നിന്നിറങ്ങി. കുറച്ചകലെയുള്ള പാട്ടിയുടെ വീട്ടില്‍ അവനെ കൊണ്ടു ചെന്നാക്കി. ആദ്യമൊന്നും സമ്മതിക്കാതിരുന്ന പാട്ടിയുടെ കാലില്‍ അമ്മ വീഴുന്നത് ഇപ്പോഴും അവന്‍റെ മനസ്സിലുണ്ട്. തിരികെ അമ്മയുടെ കൂടെയിറങ്ങണമെന്നു വാശി പിടിച്ച അവനെ അമ്മ അത്യന്തം ക്ഷോഭത്തോടെയാണ് അന്നു ശകാരിച്ചത്. തിരികെ പോകുമ്പോള്‍ അമ്മ തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ അവര്‍ കണ്ണുകള്‍ തുടച്ചിരുന്നു. വീടിനുള്ളില്‍ നിന്നു  അപ്പച്ചനെയും അമ്മയെയും ആളുകള്‍ വലിച്ചു മുറ്റത്തേക്കു കൊണ്ടുപോകുന്നതു വിദൂരതയില്‍ നിന്നു അവന്‍ നോക്കി കണ്ടു. തീ നാളങ്ങളില്‍ മാംസം കരിയുന്ന ഗന്ധം കലര്‍ന്നപ്പോള്‍ അവന്‍ പാട്ടിയുടെ വീട്ടില്‍ നിന്നിറങ്ങി ഓടി. ആ ഓട്ടം കിലോമീറ്റെറുകള്‍ അകലെയുള്ള രാമകൃഷ്ണ മിഷനിലെ, സ്വാമി ശീര്‍ഷാനന്തയുടെ മുന്നിലാണ് ചെന്നു നിന്നത്. നിന്നു എന്നതു അസത്യമാവും. ക്ഷീണിച്ചു വീഴുകയായിരുന്നു എന്നതാണ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നത്. അവന്‍റെ കഴുത്തിലെ കൊന്ത, സ്വാമിക്കു ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി. ഒട്ടും സമയം പാഴാക്കാതെ സ്വാമി അവനെ എടുത്തു ആശ്രമത്തിലേക്കു കൊണ്ടു പോയി. ആദ്യമേ തന്നെ കൊന്ത ഊരി പെട്ടിയില്‍ വച്ചു.

മുഖത്തു വീണ തണുത്ത ജല കണങ്ങള്‍ കാണാമറയത്തിരുന്ന അവന്‍റെ ബോധത്തെ തിരികെയെത്തിച്ചു. "പേടിക്കേണ്ട. മോനെ ഇവിടെയാരും ഒന്നും ചെയ്യില്ല.", കാവി വസ്ത്രം കണ്ടു ഭയചകിതനായ അവന്‍റെ കുഞ്ഞു നേത്രങ്ങള്‍ നോക്കി സ്വാമി പറഞ്ഞു. "എന്താണ് സംഭവിച്ചത്?", സ്വാമി ആരാഞ്ഞു. നിഷ്കളങ്ക മനസ്സുകള്‍ക്കു മറയില്ല. സംഭവിച്ചത് അവതരിപ്പിച്ച അവന്‍ ഏങ്ങി ഏങ്ങി കരഞ്ഞു. "ഇന്നു മുതല്‍ ഞാന്‍ സാമിന്‍റെ ബാബൂജിയാണ്. ഒരു അച്ഛനെ ദൈവം എടുത്തപ്പോള്‍, മറ്റൊരച്ഛനെ അവിടുന്നു തന്നെന്നു കരുതിക്കൊള്ളൂ. തല്‍ക്കാലം പേരു പുറത്തു, മാറ്റി പറഞ്ഞാല്‍ മതി. ഇവിടെ തന്നെ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ ഉണ്ട്. അവിടെ നിന്നു സാമിനു പഠിക്കുകയും ചെയ്യാം." സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ കെല്‍പ്പില്ലാതിരുന്ന അവന്‍ സ്വാമിജിയുടെ നിര്‍ദ്ദേശം അതേ പടി സ്വീകരിച്ചു. ബന്ധങ്ങളുടെ പുതിയൊരു അധ്യായത്തിനാണ് അന്നു തിരശീല ഉയര്‍ന്നത്.

സാം പന്ത്രണ്ടില്‍ പഠിക്കുമ്പോഴാണു അവന്‍റെ മാതാപിതാക്കളുടെ കൊലപാതക കേസ് കോടതി വിചാരണക്കെടുക്കുന്നത്. എല്ലാ ഹിയറിങ്ങുകള്‍ക്കും ബാബൂജി അവനെ മുടങ്ങാതെ കൊണ്ടു പോയി. അവനു നീതി ലഭിക്കണമെന്ന അടങ്ങാത്ത ആവേശം ബാബൂജിക്കും ഉണ്ടായിരുന്നു. ആദ്യമൊക്കെ കൌതുകമായിരുന്ന വക്കീലന്മാരുടെ കറുത്ത ഗൌണുകളെ, അവന്‍ ആരാധനയോടെ നോക്കി കാണുവാന്‍ തുടങ്ങി. തികച്ചും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു വര്‍ഗ്ഗീയ ലഹളയിലാണ് തന്‍റെ മാതാപിതാക്കളുടെ ജീവന്‍ പൊലിഞ്ഞതെന്ന സത്യം കോടതി മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു ഞെട്ടലോടെ അവന്‍ തിരിച്ചറിഞ്ഞു. അവന്‍റെ സാക്ഷി മൊഴികള്‍, ലോകത്തിനു കുറ്റക്കാരാരെന്നു വ്യക്തമായി കാണിച്ചു കൊടുത്തു. അവന്‍ സ്വാമിജിയുടെ സംരക്ഷണയിലാണു എന്നത് അവനെ ഉപദ്രവിക്കുന്നതില്‍ നിന്നും ആളുകളെ വിലക്കി. "ബാബൂജി, ഞാന്‍ അഹമ്മദാബാദ്‌ സര്‍വ്വകലാശാലയുടെ LLB കോഴ്സിനു ചേരട്ടെ?", ഒരു സായാഹ്നത്തില്‍ കടല്‍ക്കരയില്‍ വച്ചു അവന്‍ ചോദിച്ചു. "അന്യര്‍ക്കു സഹായമേകുന്ന ഒരു വ്യക്തിയായി നീ മാറണമെന്നു മാത്രമേ എനിക്കാഗ്രഹമുള്ളു. ആഗ്രഹങ്ങളില്‍ നിന്നു തീരുമാനങ്ങള്‍ ഉണ്ടാകട്ടെ. തീരുമാനങ്ങളില്‍ നിന്നു പ്രവര്‍ത്തികളും", ബാബൂജിയുടെ വാക്കുകള്‍ കടല്‍ക്കരയില്‍ അലയടിച്ചു.

കടല്‍ക്കരയിലെ സായാഹ്നങ്ങളില്‍ അവര്‍ തമ്മില്‍ പലപ്പോഴും പരസ്പര ബഹുമാനത്തോടെയുള്ള മതപരമായ വാദപ്രതിപാദങ്ങളും നടന്നിരുന്നു. ബൈബിളും, ഗീതയും, ഖുര്‍ ആനും മറ്റു മത ഗ്രന്ഥങ്ങളും വച്ചു അവര്‍ അവയെ അടുത്തറിയാന്‍ ശ്രമിച്ചു. പലപ്പോഴും തര്‍ക്കങ്ങളും പിണക്കങ്ങളും ഉണ്ടായി. എന്നാല്‍ അവയൊന്നും ഒരു വറുത്ത കടലപ്പൊതി കൈമാറുന്നതിനപ്പുറം നീണ്ടില്ല. ബുദ്ധനും, കൃഷ്ണനും, ക്രിസ്തുവും ആ കടല്‍ക്കരയില്‍ ദിവസങ്ങളോളം ചുറ്റിയടിച്ചു. ബാബൂജിയുമായുള്ള സമ്പര്‍ക്കത്തിലൂടെ കൈ വന്ന അഭൂതപൂര്‍വമായ തത്വചിന്തകള്‍ അവന്‍റെ പഠനത്തെയും സഹായിച്ചു. അവരിരുവരും "കെയറിംഗ് ഇന്ത്യ" എന്നൊരു സംഘടനയിലെ അംഗങ്ങളുമായിരുന്നു. മത സംഘര്‍ഷങ്ങള്‍ രാജ്യത്തു ഉടലെടുക്കുന്നിടത്തെല്ലാം അവര്‍ കടന്നു ചെന്നു. കടല്‍ക്കരയില്‍ നബിയും, കൃഷ്ണനും, ക്രിസ്തുവും, ബുദ്ധനുമെല്ലാം കടലപ്പൊതിയും കൈമാറി വിശേഷങ്ങള്‍ പങ്കിട്ടു ചിരിച്ചുല്ലസിച്ചു നടന്നു നീങ്ങുന്ന മനോഹര ദൃശ്യം അവിടങ്ങളില്‍ ഇവര്‍ പകര്‍ന്നു നല്‍കി.

"വൈകിട്ടു നിന്നെ കാണാതെ വന്നപ്പോഴേ ഞാന്‍ ഊഹിച്ചു, നീ ഇവിടെ കാണുമെന്ന്."  പരിചിതമായ ആ ശബ്ദം ഓര്‍മ്മകളില്‍ നിന്നും സാമിനെ തിരികെ കടല്‍ക്കരയിലേക്കു കൊണ്ടുവന്നു. ബാബൂജി
തുടര്‍ന്നു, "ഓര്‍മ്മകള്‍ കഥകളാണ്. അതില്‍ പ്രചോദനം നല്കുന്നവ മാത്രമേ വീണ്ടും വായിക്കാവൂ. ശേഷിച്ചവ കടലിന്‍റെ ആഴങ്ങളില്‍ മൂടണം". "ബാബൂജിയെ കണ്ടില്ലെങ്കില്‍ ഇന്നു ഞാന്‍ എവിടെയെത്തിയേനെ എന്നാലോചിക്കുകയായിരുന്നു. ഭൂമിയിലേക്കു ദൈവങ്ങള്‍ ഇറങ്ങി വരുമെന്നു പറയുന്നത് എത്ര ശരി", സാം പറഞ്ഞു. "അഭിനന്ദനങ്ങളോ, പ്രോത്സാഹനങ്ങളോ പ്രതീക്ഷിക്കുന്നവന്‍ മൂഢന്‍. ഈശ്വരന്‍ എന്നോടു കല്‍പ്പിച്ചതു ഞാന്‍ ചെയ്യുന്നു. ഇതു തന്നെ നീയും ചെയ്യുക.",ബാബൂജി അറിയിച്ചു. "ശര്‍മാജി, നമ്മുടെ പൊതി കിട്ടിയില്ല.", സാം, സ്ഥലത്തെ കടല വില്‍പ്പനക്കാരില്‍ പ്രധാനിയായ ശര്‍മാജിയോടു പരാതിപ്പെട്ടു. സാമിനും, ബാബൂജിക്കുമുള്ള ഓരോ പൊതികള്‍ ശര്‍മ എന്നും മാറ്റി വയ്ക്കും. അവര്‍ ആ കടലയും കൊറിച്ചു, കരയെ നിരന്തരം പ്രണയിക്കുന്ന കടല്‍ക്കാറ്റുമേറ്റു തീരത്തുകൂടി നടന്നു.

സബര്‍മതി എക്സ്പ്രസ്സിലെ ഒരു ബോഗി ചുട്ടെരിക്കപ്പെട്ടെന്നും, അന്‍പതിനു മുകളില്‍ സംഘ പ്രവര്‍ത്തകര്‍ വെന്തെരിഞ്ഞു എന്നുമുള്ള വാര്‍ത്ത പിറ്റേന്നു നാട്ടില്‍ പരന്നു. മറവിക്കു വിട്ടുകൊടുക്കാത്ത ആ രംഗങ്ങള്‍ വീണ്ടും സാമിന്‍റെ കണ്മുന്നിലെത്തി. നിരത്തുകള്‍ വിജനമായി. ആളുകള്‍ ആക്രോശിച്ചു നിരത്തിലൂടെ പാഞ്ഞു. തലേന്നു വരെ തോളില്‍ കൈ ഇട്ടിരുന്നവര്‍ വെട്ടി കൊല്ലുവാന്‍ വാളെടുത്തു. പലരുടെയും ജീവിതങ്ങള്‍ അഗ്നി നാളങ്ങളില്‍ അസ്തമിച്ചു. സ്ത്രീകളും, പെണ്‍കുഞ്ഞുങ്ങളും ക്രൂരമായി വ്യഭിചരിക്കപ്പെട്ടു. ഒരു ജനതക്കു സ്വന്തം നാട്ടില്‍ ജീവിതം നിഷേധിക്കപ്പെട്ടു. അന്നും പതിവു പോലെ സാമും ബാബൂജിയും കടല്‍ക്കരയില്‍ ഒത്തുകൂടി. സാമിന്‍റെ കൈവശം അന്നുണ്ടായിരുന്നതു ഒരു ബൈബിള്‍ മാത്രം. ശാന്തമായ കടല്‍ക്കരയില്‍ ആകെ കേള്‍ക്കാനുണ്ടായിരുന്നത് തിരകളുടെ രോഷ പ്രകടനം മാത്രം. സാമിനെയും ഭയം വിഴുങ്ങി തുടങ്ങി. സമാധാനം പ്രസംഗിക്കുന്നവരും തെരുവില്‍ വാളിനിരയായി. "മനസ്സു സംഘര്‍ഷ ഭരിതമാണ്. നീ ബൈബിള്‍ ഒന്നു വായിക്കു", ബാബൂജി പറഞ്ഞു.

സാം കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു ബൈബിള്‍ തുറന്നു. അവനു ലഭിച്ചതു സാമുവേല്‍ പ്രവാചകന്‍റെ പുസ്തകത്തിലെ പതിനേഴാം അധ്യായമാണ്. ആട്ടിടയനായ ദാവിദ് മഹാപോരാളിയായ ഗോലിയാത്തിനെ നേരിടുന്നതായിരുന്നു ആ രംഗം. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, "ഗോലിയാത്ത് ദാവീദിനോടടുത്തു. ആയുധവാഹകന്‍ മുന്നേ നടന്നു. ദാവീദിനെ കണ്ടപ്പോള്‍ ഫിലിസ്ത്യനു പുച്ഛം തോന്നി. എന്തെന്നാല്‍ അവന്‍ തുടുത്തു കോമളനായ ഒരു കുമാരന്‍ മാത്രമായിരുന്നു. ഗോലിയാത്തു ചോദിച്ചു, "എന്‍റെ നേരെ വടിയുമായി വരാന്‍ ഞാനൊരു പട്ടിയോ?. ഞാന്‍ നിന്‍റെ മാംസം പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും." അവന്‍ ദേവന്മാരുടെ പേരു ചൊല്ലി ദാവീദിനെ ശപിച്ചു. ദാവീദ് പ്രതിവചിച്ചു, "വാളും, കുന്തവും, ചാട്ടൂളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ഇസ്രായേല്‍സേനകളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ നാമത്തിലാണു വരുന്നത്. കര്‍ത്താവ് ഇന്നു നിന്നെ എന്‍റെ കയ്യില്‍ ഏല്‍പ്പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. കര്‍ത്താവ് വാളും കുന്തവും കൊണ്ടല്ല രക്ഷിക്കുന്നതെന്നു ഈ ജനതതി മനസ്സിലാക്കും. ഈ യുദ്ധം കര്‍ത്താവിന്‍റെതാണ്. അവിടുന്നു നിങ്ങളെ ഞങ്ങളുടെ കയ്യില്‍ ഏല്‍പ്പിക്കും". തന്നെ നേരിടാന്‍ ഗോലിയാത്ത് അടുക്കുന്നതു കണ്ടു ദാവീദ് അവനെ എതിര്‍ക്കാന്‍ വേഗത്തിലോടി മുന്നണിയിലെത്തി. ദാവീദ് സഞ്ചിയില്‍ നിന്നു ഒരു കല്ലെടുത്തു കവണയില്‍ വച്ചു, ഗോലിയാത്തിന്‍റെ നെറ്റിക്കു ആഞ്ഞെറിഞ്ഞു. കല്ലു നെറ്റിയില്‍ തന്നെ തറച്ചു കയറി. അവന്‍ മുഖം കുത്തി നിലം പതിച്ചു. അങ്ങനെ ദാവിദ് കല്ലും കവണയുമായി ഗോലിയാത്തിനെ നേരിട്ട്, അവനെ എറിഞ്ഞു വീഴ്ത്തി." സാം ബൈബിള്‍ മടക്കി ചിന്താമഗ്നനായി.

"സ്നേഹമെന്ന കല്ല് ആശയമെന്ന കവണയില്‍ വച്ചു മതഭ്രാന്ത് പിടിച്ച ഗോലിയാത്തുമാരെ നേരിടാന്‍ നീ മുന്നണിയിലേക്കിറങ്ങുക. നിന്‍റെ കൂടെ സമാധാനത്തിന്‍റെ ശക്തിയുണ്ടാകും", ബാബൂജിയുടെ വാക്കുകള്‍ പിന്നണിയിലുയര്‍ന്നു.