Raise our Conscience against the Killing of RTI Activists




Saturday, January 12, 2013

പങ്കാളി

അയാളുടെ ചക്രക്കസേരയുടെ മുന്നോട്ടുള്ള സഞ്ചാരം അവളില്‍ നിന്നു അയാളെ താല്‍ക്കാലികമായെങ്കിലും വേര്‍പെടുത്തി. അയാളില്‍ ചേര്‍ന്നിരുന്ന അവളുടെ കരങ്ങള്‍ കൂപ്പുകൈകളായി. അയാള്‍ സാവധാനം, വലിയ അക്ഷരങ്ങളില്‍, ചുവന്ന വെളിച്ചത്തിനു മുകളിലായി റേഡിയോതെറാപ്പി എന്നു രേഖപെടുത്തപ്പെട്ട മുറിയിലേക്കു പ്രവേശിച്ചു. ഉപകരണങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായുള്ള ബീപ് ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. പുറമെയുള്ള ചുവന്ന ബള്‍ബ്‌ അവളെ പേടിപ്പെടുത്തിക്കൊണ്ട് വീണ്ടും അരണ്ട വെളിച്ചം പ്രകാശിപ്പിച്ചു. ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ അയാളുടെ ശരീരത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അര്‍ബുദ കോശങ്ങള്‍ക്കൊപ്പം ധാരാളം ജീവസ്സുറ്റ കോശങ്ങളെയും അവ കൊന്നൊടുക്കി. അയാള്‍ക്ക്‌ അല്‍പ്പം പോലും വേദന തോന്നിയില്ല. പുറമേ നിന്നുള്ള പ്രാര്‍ത്ഥനകളോ, തന്‍റെ തന്നെ ആത്മവിശ്വാസമോ, എന്തോ ഒന്നു അയാള്‍ക്ക്‌ അളവില്‍ കവിഞ്ഞു ആവേശം നല്‍കി. സമയം കടന്നു പോകെ ഉപകരണങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മറ്റൊരു ഹതഭാഗ്യനു വേണ്ടി അവ കാത്തിരുന്നു. അയാള്‍ അവശനായിരുന്നു. പുറമെയുള്ള ചുവന്ന വെളിച്ചം സാവധാനം അണഞ്ഞു. പുറത്തെത്തിയ അയാളെ അവള്‍ വാരിപ്പുണര്‍ന്നു. അയാള്‍ തന്‍റെ അവസാനത്തെ റേഡിയേഷന്‍ ചികത്സയും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു, കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അയാളുടെ ഇരുപത്തിനാലാമത്തെത്. നടക്കുവാന്‍ അയാള്‍ക്കു പരസഹായം വേണ്ടിയിരുന്നു. അവളും അറ്റന്‍ഡറും ചേര്‍ന്നു അയാളെ താങ്ങി കാറില്‍ കയറ്റി. അവള്‍ കാര്‍ സാവധാനം മുന്നോട്ടെടുത്തു. അതു RCC എന്നെഴുതിയ ഗെയിറ്റും പിന്നിട്ടു മുന്നോട്ടു ചലിച്ചു.

അയാളില്‍ ഓര്‍മകള്‍ക്കു മാത്രം ഊര്‍ജ്ജം അവശേഷിച്ചു. സഞ്ചരിക്കുന്ന ചുറ്റുപാടുകളെക്കാള്‍ അയാള്‍ പഴമയെ പുല്‍കി. അയാള്‍ തന്നെ സൃഷ്ടിച്ച ചിന്തകളുടെ ലോകത്തിലേക്കു തന്‍റെ പഴമയെ അയാള്‍ ആവാഹിച്ചു. അയാളിപ്പോള്‍ ഒരു യുവ വക്കീലാണ്. നിയമപുസ്തകങ്ങള്‍ അതിര്‍ത്തി പാകുന്ന, മാറാലയാല്‍ മൂടപ്പെട്ട കുടുസു മുറിയില്‍ പതിവു പോലെ അയാള്‍ മറ്റൊരു ദിനം കൂടി ആരംഭിച്ചു. പ്രശസ്ഥ അഭിഭാഷകന്‍ രാമയ്യരുടെ അസ്സിസ്സ്ടന്റാണ്. സൂര്യകോപം ജ്വലിച്ചു നില്‍ക്കുന്ന ഒരു മെയ്‌ മാസ ദിനത്തില്‍ അവള്‍ കുറെ കടലാസ്സു കെട്ടുകളുമായി അയാളുടെ പക്കലേക്കു വന്നു. സ്ട്രീറ്റിലെ ഏറ്റവും വലിയ വീട്ടിലെ ഭാഗ്യവതിയായ ആ പരിചിത മുഖത്തെ കണ്ടു അയാള്‍ ചെറുതായൊന്നു ഞെട്ടി. "ഞാന്‍ പ്രിയ. ഞാന്‍ ഇവിടെ പി.ആര്‍.ലയിനില്‍ താമസിക്കുന്നു. അയ്യര്‍ സാറാണ് എന്നെ ഇങ്ങോട്ട് വിട്ടത്". അയാളും സ്വയം പരിചയപ്പെടുത്തി. "എന്‍റെ പേരു ജോണി. സാറിന്‍റെ അസ്സിസ്സ്ടന്റാണ്. കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഫ്രഞ്ചു സാറിന്‍റെ മകളല്ലേ. എന്‍റെ വീടും പി.ആര്‍. ലയിനില്‍ തന്നെ." പരിചയം സന്തോഷം ജനിപ്പിക്കുമെന്നു പ്രതീക്ഷിച്ച ജോണിക്കു ആ കണ്ണുകളില്‍ അവ കാണാന്‍ കഴിഞ്ഞില്ല. വരേണ്ടിയിരുന്നില്ല എന്നൊരു വികാരത്തോടെയാണ് അവള്‍ പിന്നീടു സംസാരിച്ചത്. ലയിനിലെ കൂറ്റന്‍ ബംഗ്ലാവില്‍ താമസിക്കുന്ന അവള്‍ എത്രയോ വട്ടം അയാളുടെയും, സമീപത്തുള്ള മറ്റു യുവാക്കളുടെയും മനസ്സിലൂടെ അവളുടെ ഇരുചക്ര വാഹനം ഓടിച്ചിരിക്കുന്നു.

പരിഹാരം എന്നൊരു വാക്കിന്‍റെ വിവധ തലങ്ങളിലെ സ്വാധീനം ഉപയോഗിച്ച്, വന്ന കാര്യം അവളില്‍ നിന്ന് പുറത്തു ചാടിച്ചു. "എന്‍റെ അപ്പച്ചന്‍ ഫ്രാന്‍സിലാണെന്നു അറിയാമല്ലോ. പുറമേക്കറിയുന്നതു പോലല്ല ഞങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി. അപ്പച്ചന്‍റെ  അതിരുവിട്ട മദ്യപാനം വീടും സ്ഥലവുമെല്ലാം പണയത്തിലാക്കി. ഇപ്പോള്‍ അവ ജപ്തിയുടെ വക്കിലാണ്. ബാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം വന്ന നോട്ടീസാണിത്. ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?", അവള്‍ ആ പേപ്പര്‍ കഷണം ജോണിയുടെ നേരെ പ്രതീക്ഷയോടെ നീട്ടി. ഒരു കണ്ണാടി മാളിക അതിവേഗം ചീട്ടുകൊട്ടാരമായി. ഒരു വക്കീലെന്ന നിലയില്‍ അയാള്‍ക്കതില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. ചെറിയ തുക ഉടനെ അടച്ചാല്‍ ജപ്തി കുറച്ചു നാളത്തേക്കു നീട്ടി വയ്ക്കാന്‍ കഴിയും. അതു മാത്രമേ ഇപ്പോള്‍ ചെയ്യാനുള്ളൂ. അവള്‍ക്കു അതിനുമുള്ള ത്രാണിയില്ല. അവളുടെ മറുപടിയില്‍ ഒന്നു രണ്ടു കണ്ണുനീര്‍ തുള്ളികളും കലര്‍ന്നിരുന്നു. വിചാരങ്ങളും സത്യവും തമ്മില്‍ വളരെ ദൂരമുണ്ട്. ഇന്ദ്രിയങ്ങള്‍ വഴി കണ്ടത്തിയവയില്‍ നിന്നുള്ള അനുമാനങ്ങളും, യാഥാര്‍ത്ഥ്യവും പലപ്പോഴും വ്യത്യസ്ഥങ്ങളാകുന്നു. ഏതാനും നിമിഷം കൊണ്ട് അവള്‍ മാനത്തു നിന്നു ഭൂമിയിലെത്തി. ഭൂമിയിലുമല്ല, ഏതോ ചതുപ്പില്‍.

വഴിയില്‍ പിന്നീടു അയാളെ കാണുമ്പോള്‍ അവള്‍ പുഞ്ചിരിച്ചു. അയാള്‍ തിരിച്ചും. വഴിവക്കില്‍ പാര്‍പ്പിടത്തിനായി അലയുന്ന നാടോടികളെ കാണുമ്പോഴും അയാള്‍ മന്ദഹസിച്ചിരുന്നു, അവര്‍ തിരികെ പ്രതികരിക്കാറില്ലെങ്കിലും. എന്നാല്‍ അവളോടുള്ള ജോണിയുടെ പുഞ്ചിരിയില്‍ സ്നേഹം കലര്‍ന്നിരുന്നു. അതു കൂടുതല്‍ വലിയ പുഞ്ചിരിക്കും, കൂടുതല്‍ നേരം അവളെ നോക്കി നില്‍ക്കുവാനും അയാളെ പ്രേരിപ്പിച്ചു. അവള്‍ മുന്നിലൂടെ ഓരോ തവണ പോകുമ്പോഴും, സ്നേഹം വളര്‍ന്നു വന്നു. ഒടുവിലൊരു നാള്‍ സ്നേഹം സഹതാപം എന്ന വികാരത്തെ കീഴടക്കി. അന്നു സായാഹ്നത്തില്‍, സ്വരൂപിച്ചു വച്ചിരുന്ന അല്‍പ്പം പണവുമായി, ശുഭ്ര വസ്ത്രം ധരിച്ചു നില്‍ക്കുന്ന ആ മാളികയിലേക്ക് അയാള്‍ നടന്നു. വാതില്‍ തുറന്ന അവളുടെ പക്കല്‍ പണം ഏല്‍പ്പിച്ചു തിരികെ പോന്നു. സംഭാഷണങ്ങള്‍ ഒന്നും ഉണ്ടായില്ല. ഗെയിറ്റിനരുകില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു അയാള്‍ കണ്ടു.

പലപ്പോഴും അവര്‍ സംസാരിച്ചു. ആ സംസാരത്തില്‍ വീട്ടുകാര്യങ്ങളും, നാട്ടുകാര്യങ്ങളും വിഷയങ്ങളായി. ആ സംഭാഷണങ്ങള്‍ സാവധാനം അവരിലേക്കു തന്നെ ഉള്‍വലിഞ്ഞു. അവ അവരുടെ വികാരങ്ങളെയും സ്പര്‍ശിച്ചു. സ്നേഹം വാക്കുകളായി രൂപപ്പെട്ടു. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നതിനോടു ജോണിയുടെ വീട്ടിലായിരുന്നു കൂടുതല്‍ എതിര്‍പ്പ്. സ്നേഹത്തിനു മുന്നില്‍ പ്രതിഷേധങ്ങളുടെ സ്ഥാനം പോലും അവയ്ക്ക് അയാള്‍ നല്‍കിയില്ല. അങ്ങനെയിരിക്കെയാണ് വായിലെ ആ മുറിവു കൂടുതല്‍ വേദന നല്‍കി വളര്‍ന്നു വന്നത്. വിദഗ്ദ പരിശോടനകള്‍ക്കിടയില്‍ ഡോക്ടര്‍ ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു സത്യം പങ്കു വച്ചു. "ജോണിയുടെ വായില്‍ ഉള്ളത് അര്‍ബുദ്ദമാണ്.". പുറമേക്ക് ഭാവപ്പകര്‍ച്ച ഒന്നുമുണ്ടായില്ലെങ്കിലും അയാളുടെ ഉള്ളില്‍ ഒരു പുകച്ചില്‍ അനുഭവപ്പെട്ടു. "രണ്ടാം സ്റ്റേജാണ്. ഞാനിതു RCCയിലേക്ക് റെഫര്‍ ചെയ്യാം." ഡോക്ടറുടെ മുറി വിട്ടിറങ്ങുമ്പോഴും അയാളുടെ ഉള്ളിലെ പുകച്ചില്‍ കുറഞ്ഞിരുന്നില്ല. സമയം പോകെ അതു കൂടി കൂടി വന്നു. അയാളുടെ ബന്ധുക്കളില്‍ ആര്‍ക്കും ഇത്ര ഭയാനകരമായ ഒരു രോഗം പിടിപെട്ടിരുന്നില്ല.

തന്‍റെ ഉള്ളില്‍ തന്‍റെ തന്നെ ഊര്‍ജ്ജത്തെ കാര്‍ന്നു തിന്നു കൊണ്ട് കോശ പടലങ്ങള്‍ വളരുന്നത് അയാളെ അസ്വസ്ഥനാക്കി. അത് അയാളെ ആത്മഹത്യ എന്നൊരു തീരുമാനത്തിലേക്കാണു നയിച്ചത്. അവസാനമായി അയാള്‍ പ്രിയയെ ചെന്നു കണ്ടു, "ഇന്നു ഞാന്‍ ഡോക്ടറെ കണ്ടു. വായിലെ ആ മുറിവില്ലേ, അതു ക്യാന്‍സറാണെന്ന്‍." അയാളുടെ തൊണ്ടയിടറി. പ്രിയയുടെ മുഖത്തു കാര്യമായ ഭാവപ്പകര്‍ച്ച ദൃശ്യമായില്ല. "ഇത്ര വല്യ അസുഖമൊന്നും കുടുംബത്തില്‍ ആര്‍ക്കും വന്നിട്ടില്ല. അതുകൊണ്ട് തന്നെ ജീവിക്കുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥവുമില്ല. ഞാന്‍ യാത്ര പറയാനാണു വന്നത്". "എന്തു ചെയ്യാനാണ് തീരുമാനം?", അവള്‍ ചോദിച്ചു "എനിക്കു ഡ്രൈവിംഗ് വളരെ താല്‍പ്പര്യമാണെന്നു അറിയാമല്ലോ. ഞാന്‍ ഡ്രൈവു ചെയ്തു തന്നെ വിടവാങ്ങും.". അതവളില്‍ ഒരിടര്‍ച്ചയുണ്ടാക്കി. "എത്രയോ പേര്‍ക്കു നാട്ടില്‍ ക്യാന്‍സര്‍ വന്നിട്ടു പൂര്‍ണ്ണമായും ഭേദമായിരിക്കുന്നു. നമുക്കു RCC വരെയൊന്നു പോകാം. ഞാന്‍ വരാം നിന്‍റെ കൂടെ." അവളുടെ നിരന്തരമായ നിര്‍ബന്ധത്തിനു മുന്നില്‍ അയാളുടെ ലക്ഷ്യങ്ങള്‍ വഴിമാറി. മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യങ്ങളാകുന്ന ഒരു കാലത്ത്, ഇവിടെ തിരിച്ചു സംഭവിച്ചു.

ജോണിയും പ്രിയയും പിറ്റേന്നു തന്നെ RCCയിലേക്ക് പുറപ്പെട്ടു. അവര്‍ ഒളിച്ചോടിയതായി നാട്ടില്‍ കഥകള്‍ പരന്നു. അതു വീട്ടുകാരുടെ പ്രതിഷേധം വര്‍ദ്ധിപ്പിച്ചു. അയാളെ അവര്‍ മാനസീകമായി അകറ്റി. അയാളുടെ ലക്ഷ്യങ്ങള്‍ ആരും അറിഞ്ഞില്ല. പ്രിയയായിരുന്നു അയാളുടെ ഏക ധൈര്യം. അവളിലും പ്രതീക്ഷ മാത്രം അവശേഷിച്ചു. അനേകര്‍ക്കു പ്രതീക്ഷയും, മറ്റുള്ളവര്‍ക്കു പേടി സ്വപ്നവുമായിരുന്ന റീജിയനല്‍ ക്യാന്‍സര്‍ സെന്‍റെര്‍ എന്ന ബോര്‍ഡ്‌ അവരെ സ്വാഗതം ചെയ്തു. അവിടെ അയാള്‍ പരിശോധനകള്‍ക്കു വിധേയനായി. "പേടിക്കാനില്ല. രണ്ടാം സ്റ്റേജാണ്. ഭേദമാക്കാനാവും. നമുക്കു ഉടനെ തന്നെ കീമോ തുടങ്ങണം. കീമോ കഴിയുമ്പോള്‍ രോഗി താല്‍ക്കാലികമായി അവശനാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഒരു സഹായി കൂടി വേണം. ആരെങ്കിലും കൂടെ ഉണ്ടോ?". അയാള്‍ മറുപടിക്കായി വിഷമിക്കുമ്പോള്‍, "ഭാര്യ കൂടെയുണ്ട്" എന്നൊരു ശബ്ദം അവളില്‍ നിന്നു ആ മുറിയില്‍ മുഴങ്ങി. ചികത്സക്കുള്ള പേപ്പറില്‍ ഒപ്പിടുമ്പോഴും അവള്‍ ഭാര്യ എന്നാണു എഴുതിയത്.

കീമോതെറാപ്പിയുടെ അതിശക്തമായ മരുന്നുകള്‍ അയാളുടെ ശരീരത്തിലൂടെ ഒഴുകി മറഞ്ഞു. അവ അര്‍ബുദ്ദ കോശങ്ങളെ ആക്രമിച്ചു കീഴ്പെടുത്തി. കൂടെ ആരോഗ്യമുള്ള അനേകം കോശങ്ങളും നശിക്കപ്പെട്ടു. ഓരോ കീമോ കഴിയുമ്പോഴും അയാള്‍ അവശനായിക്കൊണ്ടിരുന്നു. പ്രിയയുടെ നിശ്ചയദാര്‍ഢ്യം അയാളെ ഓരോ തവണയും കിടക്കയില്‍ നിന്നും വേഗത്തില്‍ എഴുന്നേല്‍പ്പിച്ചു. കീമോ ആറെണ്ണം കഴിഞ്ഞപ്പോള്‍, മുറിവു കരിഞ്ഞു തുടങ്ങി. അവരുടെ മുഖങ്ങളില്‍ സന്തോഷം മിന്നി മറഞ്ഞു. "ഒരു സര്‍ജറി ചെയ്യണം. അതും ഉടനെ തന്നെ വേണം ", ഡോക്ടര്‍ അറിയിച്ചു. സന്തോഷങ്ങള്‍ അല്‍പ്പായുസ്സിയായിരുന്നു. ആഴ്ചകള്‍ കടന്നു പോകെ അയാള്‍  സര്‍ജ്ജറിക്കും വിധേയനായി. രണ്ടു മാസത്തിനു ശേഷം തുടര്‍ പരിശോധനക്കു ഹാജരാകാനുള്ള നിര്‍ദ്ദേശത്തോടെ അവര്‍ ആശുപത്രിയോടു താല്‍ക്കാലികമായി വിട ചൊല്ലി.

തിരിച്ചുപോക്കില്‍ അവര്‍ ഇടവകപള്ളിയില്‍ ഇറങ്ങി വികാരിയച്ചനെ സന്ദര്‍ശിച്ചു, വിവാഹിതരാകാനുള്ള താല്‍പ്പര്യം അറിയിച്ചു. സാധാരണ രീതിയില്‍ കുടുംബത്തിലെ കാരണവന്മാര്‍ അറിയിക്കുന്ന ഒരു വിവരം. കാര്യങ്ങളെല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അച്ചന്‍ അറിയിച്ചു, "ആരൊക്കെ വന്നില്ലെങ്കിലും നിങ്ങളുടെ വിവാഹം ഞാന്‍ നടത്തി തരും. നിങ്ങളുടെ സ്നേഹത്തില്‍ ആത്മാര്‍ത്ഥതയുണ്ട്. വിവാഹത്തിനെടുക്കുന്ന "ഇന്നു മുതല്‍ മരണം വരെ" എന്ന പ്രതിഞ്ജ നിങ്ങള്‍ ഇതിനകം പ്രാവര്‍ത്തികമാക്കി കഴിഞ്ഞിരിക്കുന്നു." ദൈവദൂതന്മാര്‍ കുളിര്‍മഴയായി ഭൂമിയിലേക്കിറങ്ങി വന്നൊരു ദിവസം, അച്ചന്‍ അവരുടെ വിവാഹം ആശീര്‍വദിച്ചു. കാണികളായി ആരുമുണ്ടാകാതിരുന്ന ആ വിവാഹത്തിന്‍റെ സാക്ഷിക്കോളത്തില്‍ അച്ചന്‍ തന്നെ ഒപ്പിട്ടു. അയാളുടെ കൈയ്യും പിടിച്ചു അവള്‍ ദൈവസന്നിധിയില്‍ നിന്ന് പുറത്തേക്കിറങ്ങി. എങ്ങനെയും ജീവിക്കുമെന്ന ആത്മവിശ്വാസത്തോടെ.

രണ്ടു മാസങ്ങള്‍ക്കു ശേഷം തുടര്‍ പരിശോധനകള്‍ക്കു അവര്‍ RCCയില്‍ ഹാജരായി. അസുഖം പൂര്‍ണ്ണമായി ഭേദമായി എന്നൊരു വസ്തുത പ്രതീക്ഷിച്ചിരുന്ന അവരുടെ മുഖത്തു നോക്കി ഡോക്ടര്‍ അറിയിച്ചു, "ഇനി റേഡിയേഷന്‍ തുടങ്ങാം. ഇരുപത്തൊന്നെണ്ണമെങ്കിലും വേണ്ടി വരും." അവരുടെ ഓരോ പ്രതീക്ഷകളും അവരില്‍ നിന്നു മാറി മാറി സഞ്ചരിക്കുകയാണ്. "നമ്മള്‍ ഇത്രയും ചെയ്തില്ലേ. ഇനി ആകെ ഇതും കൂടിയല്ലെ ബാക്കിയുള്ളു. നമുക്കു ധൈര്യമായി അതു കൂടി പൂത്തിയാക്കാം." വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന അയാളോടായി പ്രിയ പറഞ്ഞു. അയാള്‍ അലസമായി തലയാട്ടി. അയാള്‍ കുറെ നാളുകളായി അനുസരിക്കുന്ന ഒരു യന്ത്രം മാത്രമായി മാറിയിരിക്കുന്നു. ഒരു രോഗിയായതിനാല്‍ അയാളുടെ ആഗ്രഹങ്ങള്‍ക്കോ, പ്രതീക്ഷകള്‍ക്കോ അവിടെ സ്ഥാനമില്ല. മറ്റുള്ളവര്‍ അയാളുടെ പ്രവര്‍ത്തികള്‍ നിശ്ചയിക്കുന്നു, നടപ്പിലാക്കുന്നു.  അയാള്‍ ഈ അവസ്ഥയില്‍ ആയിട്ടു അഞ്ചാറു മാസം കഴിഞ്ഞിരിക്കുന്നു. ഇതില്‍ നിന്നും എങ്ങിനെയും പുറത്തു കടക്കണം എന്ന ആഗ്രഹം അയാളില്‍ കലശലായിരുന്നു.

റേഡിയോ വികരണങ്ങള്‍ അതിന്‍റെ ജോലി അയാളുടെ ശരീരത്തില്‍ നിര്‍വ്വഹിച്ചു തുടങ്ങി. അവ അയാളുടെ ഉള്ളില്‍ കോശങ്ങളില്‍ കടന്നു ചെന്നു DNAയെ നുറുക്കി കളഞ്ഞു കൊണ്ടിരുന്നു. സ്വാഭാവികമായി നശിക്കാന്‍ മറന്നു പോയിരുന്ന പല കോശങ്ങളും ഈ അപ്രതീക്ഷിത ആക്രമണത്തില്‍ വിട വാങ്ങി. അതോടൊപ്പം നാക്കിന്‍റെ ആവരണവും, രുചി തിരിച്ചറിയാനുള്ള പല കോശങ്ങളും അയാള്‍ക്കു നഷ്ടമായി. ചികത്സ പുരോഗമിക്കെ, ബ്രെഡു പോലും അയാളുടെ നാവുകളെ നീറ്റി. എന്തു കഴിച്ചാലും അയാള്‍ക്കു നാവില്‍ നിന്ന് അളവില്‍ കവിഞ്ഞ പുകച്ചില്‍ അനുഭവപ്പെട്ടു. ഇരുപത്തോന്നെണ്ണം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ റേഡിയേഷന്‍റെ അളവു മൂന്നെണ്ണം കൂടി ദീര്‍ഘിപ്പിച്ചു. പ്രിയയുടെ കരങ്ങള്‍ അയാളുടെ കരങ്ങളായി, അവളുടെ വാക്കുകള്‍ അവന്‍റെ പ്രതീക്ഷകളായി. ഒടുവില്‍ ഇരുപത്തിനാലാം ചികല്‍സയും ഇന്നു വിജയകരമായി കഴിഞ്ഞിരിക്കുന്നു. ഓര്‍മ്മകള്‍ അയാളെ വീണ്ടും വര്‍ത്തമാന കാലത്തിലേക്കു കൊണ്ടുവന്നു. അയാള്‍ വണ്ടിയില്‍ നിന്നു പുറത്തേക്കു നോക്കി. വണ്ടി എറണാകുളം അടുക്കാറായിരിക്കുന്നു. ഇനി ആറു മാസം കൂടുമ്പോള്‍ RCCയിലെ പരിശോധന മാത്രമേ ബാക്കിയുള്ളൂ. വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു അയാള്‍ ഈ അലച്ചില്‍ തുടങ്ങിയിട്ട്. ഇന്നു അയാള്‍ സമാധാനപരമായി ഉറങ്ങും.

_____________________________________________________________

"ഡാ സമയം ഏഴു കഴിഞ്ഞു. നിനക്കിന്നു സ്കൂളില്‍ പോകണ്ടേ?" പ്രിയയുടെ ശബ്ദം രാവിലെ വീട്ടില്‍ മുഴങ്ങി. അവളുടെ ശബ്ദമാണ് ഇന്നു വീടിന്‍റെ താളം. മകന്‍റെ കൂടെ മൂടി പുതച്ചുറങ്ങുന്ന ജോണിയെ എഴുന്നേല്‍പ്പിക്കുക എന്ന ലക്ഷ്യവും ഈ ശബ്ദവീചികളില്‍ അടങ്ങിയിരിക്കുന്നു. പ്രിയ ഇന്നു നഗരത്തിലെ ഒരു അക്കൗണ്ടിങ്ങ് ഫേമില്‍ ജോലി സമ്പാദിച്ചിട്ടുണ്ട്. ജോണിയുടെ വക്കീല്‍ കോട്ടു തേച്ചു മിനുക്കി രാവിലെ തന്നെ അവള്‍ മേശയില്‍ വച്ചിരിക്കുന്നു. "വേണമെങ്കില്‍ അപ്പനും മോനും എണീറ്റു വല്ലതും കഴിക്ക്. എനിക്കു പോകാറായി." അവള്‍ അവസാന ഭീഷണി മുഴക്കി.

ജോണി ഓഫീസില്‍ ഇരിക്കെ ഒരു സ്ത്രീ അയാളെ കാണുവാനായി എത്തി. വേഷവിധാനം കണ്ടിട്ട് അവള്‍ ഒരു ഉത്തരാധുനീക വനിതയാണ്. "ഞാന്‍ ഒരു ഡൈവോഴ്സ് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ വന്നതാണ്." "എന്താണ് കാരണം?", അയാള്‍ തിരക്കി. "എന്‍റെ ഭര്‍ത്താവിനു എനിക്കു വേണ്ടി ചിലവഴിക്കാന്‍ സമയമില്ല. അയാളെപ്പോഴും അയാളുടെ ലോകത്താണ്." അവള്‍ പറഞ്ഞു. അതിനുള്ള മറുപടി ഒരു പുഞ്ചിരിയായിരുന്നു. ആ പുഞ്ചിരിയില്‍ അയാളുടെ ജീവിതം അടങ്ങിയിരുന്നു. അല്‍പനേരത്തെ നിശബ്ദടക്കു ശേഷം അയാള്‍ തുടര്‍ന്നു, "പങ്കാളിക്കു ജീവിതത്തിലുള്ള പ്രാധാന്യം അനുഭവം കൊണ്ടു മനസ്സിലാക്കിയ ഒരുവനാണ് ഞാന്‍. ഞാന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതു അവള്‍ മൂലം മാത്രമാണ്." അയാള്‍ മേശവിരിപ്പിനുള്ളില്‍ നിന്നു ഒരു പൊതി അവര്‍ക്ക് സമ്മാനിച്ചുകൊണ്ടു പറഞ്ഞു,  "നിങ്ങളുടെ പങ്കാളി ഇതിനുള്ളിലുണ്ട്. പുറത്തിറങ്ങി സാവധാനം അഴിച്ചു നോക്കിയാല്‍ മതിയാവും". അവര്‍ക്കൊന്നും മനസ്സിലായില്ല. തിരികെപ്പോകെ അവര്‍ പൊതി പൊട്ടിച്ചു. അതില്‍ ഒരു കണ്ണാടിയായിരുന്നു. അയാളുടെ പുഞ്ചിരി അവരുടെ മുഖത്തും സാവധാനം കടന്നുവന്നു. അവരുടെ സന്തോഷം അതിലും വ്യക്തമായി കണ്ണാടി പ്രതിഫലിപ്പിച്ചു.

(ഒരു യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടത്)

Friday, December 21, 2012

സിന്ദൂര


മഴ ഇനിയും തോര്‍ന്നിട്ടില്ല. പിരിയാനാവാത്ത കമിതാക്കളെ പോലെ ഇലകളെ ജല കണങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. മണ്ണിന്‍റെ മാറിലേക്ക് പതിക്കാനുള്ള മഴയുടെ ആവേശം അന്നമ്മയെ സന്തോഷിപ്പിച്ചു. മഴ കണ്‍ നിറയെ കാണാന്‍ അവര്‍ക്ക് എന്നും ആവേശമാണ്. മഴയുടെ കുളിര്‍മയാണോ, ശബ്ദമാണോ, ഗന്ധമാണോ എന്നറിയില്ല, ഏതോ ഘടകം അവരെ മഴയുമായി ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. വൃദ്ധസദനത്തിന്‍റെ മുഷിഞ്ഞ അന്തരീക്ഷത്തിലും അവര്‍ ആനന്ദം കണ്ടെത്തുന്നത് ഇങ്ങനെ ചില ഘടകങ്ങളിലാണ്. സദനത്തോടു ചേര്‍ന്നുള്ള പച്ചക്കറി തോട്ടത്തിലെ വെണ്ടയും, വഴുതനുമെല്ലാം അന്നമ്മയെ പോലെ തന്നെ മഴയെ ആസ്വദിക്കുകയാണ്. കാര്‍മേഘങ്ങള്‍ സൂര്യനെ കറുത്ത വലയങ്ങള്‍ കൊണ്ട് മറച്ചിരിക്കുന്നു. അവയ്ക്കിടയിലൂടെ എത്തിനോക്കുവാന്‍ സൂര്യന്‍ നടത്തുന്ന ശ്രമങ്ങള്‍ അവരെ സന്തോഷിപ്പിച്ചു.

പ്രായം പത്തെഴുപതു കടന്നെങ്കിലും പ്രായാധിക്യത്തിന്‍റെ യാതൊരു പ്രയാസങ്ങളും ആ ശരീരത്തെ ബാധിച്ചിട്ടില്ല. അതിനാല്‍ തന്നെ വൃദ്ധസദനത്തിലെ കുട്ടിയാണ് അന്നമ്മ. മുരിക്കന്‍ തറവാടിന്‍റെ ഗുണമാണ് തന്‍റെ പ്രസരിപ്പെന്നാണ് അവരുടെ വാദം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ പ്രൊഫസ്സറായിരുന്ന തട്ടേല്‍ വര്‍ക്കി സാറിന്‍റെ ഭാര്യയാണ് അവര്‍. ഒരേയൊരു മകന്‍ അമേരിക്കയില്‍. സാര്‍ കൂടി കളമോഴിഞ്ഞതോടെ അന്നമ്മ നാട്ടില്‍ ഒറ്റക്കായി. അവരെ കൂടെ കൊണ്ട് പോകുന്നതില്‍ നിന്നും സാമ്പത്തിക ബാധ്യതകള്‍, മകന്‍ സണ്ണിയെ വിലക്കി. കപ്പൂച്ചിന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന വൃദ്ധ സദനത്തിലേക്ക് അവര്‍ മാറ്റപ്പെട്ടു. ഒരു ആയുസ്സിന്‍റെ പ്രതിഫലം അവര്‍ അവിടെ കൈപറ്റി തുടങ്ങി. മക്കള്‍ ചിത്രങ്ങളാക്കാന്‍ വെമ്പുന്ന അനേകരെ അവര്‍ അവിടെ കണ്ടു. അവര്‍ സുഹൃത്തുക്കളായി. അമ്മമാര്‍ അവര്‍ക്ക് മക്കളായി. പച്ചക്കറി തോട്ടം അന്നമ്മയുടെ ആശയമായിരുന്നു. ഫിലോമിനയും, ഗ്രേസിയും അതിനു പൂര്‍ണ്ണ പിന്തുണ നല്‍കി. ഇന്ന് സദനത്തിലേക്കും, മഠത്തിലേക്കുമുള്ള മുഴുവന്‍ പച്ചക്കറികളും അവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്.

"അന്നാമ്മച്ചി ജനലരുകില്‍ തന്നെ കാണുമെന്ന് തോന്നിയിരുന്നു. വാ, വന്നു ചായ കുടിക്ക്" സിസ്റ്റര്‍ അനീറ്റയാണ്. പഞ്ചവാദ്യം മേളസ്ഥാനത്തു നിന്നു താഴും പോലെ മഴയും കെട്ടടങ്ങി കൊണ്ടിരുന്നു. "ഈ മഴയൊക്കെയാണ് എന്‍റെ സന്തോഷം സിസ്റ്ററേ‍. ഒരിക്കലും തിരിച്ചു പോകാന്‍ സാധിക്കാത്ത കുട്ടിക്കാലവുമായി നമ്മെ കൂട്ടിയിണക്കുന്ന സന്തോഷങ്ങള്‍. അന്നും ഇന്നും അതിനൊരു മാറ്റവുമില്ല". സൂര്യന്‍ കാര്‍മേഘത്തോടു പരാജയം സമ്മതിച്ചു തുടങ്ങിയപ്പോള്‍, അടുക്കളയിലെ കുഞ്ഞന്‍ മെഴുകു തിരികള്‍ അവയെ പരാജയപ്പെടുത്തി. അവ മെസ്സ് ഹാളിനു പ്രകാശം പകര്‍ന്നു. "ഇരുട്ടും മുമ്പ് നമുക്ക് പോയി ആ വഴുതനങ്ങ പറിച്ചു വരാം". മറ്റൊരു ദിനം കൂടി ഇരുട്ടിന്‍റെ ആക്രമണത്തിനു കീഴടങ്ങാന്‍ തുടങ്ങിയിരുന്നു.

പുലര്‍ച്ചെയുള്ള പള്ളിയില്‍ പോക്ക് അന്നമ്മ മുടക്കാറില്ല. കര്‍ത്താവിനെ കാണുക എന്നതുപോലെ തന്നെ തന്‍റെ പ്രീയതമനെ കാണുക എന്നതും അവരുടെ സന്ദര്‍ശന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സമീപത്തുള്ള കല്ലറകള്‍ ഇലകള്‍ വീണു മുഷിഞ്ഞിരുന്നപ്പോള്‍, വര്‍ക്കി സാറിന്‍റെ കല്ലറ മാത്രം നിത്യം പൂക്കള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടു. അതിലവര്‍ സന്തോഷവും, അതിലുപരി അഭിമാനവും കണ്ടെത്തിയിരുന്നു. മാഷ്‌ ഒരിക്കലും അവരെ പിരിഞ്ഞിരുന്നില്ല. അന്നും പതിവു പോലെ പുലര്‍ച്ചെ അഞ്ചിന് അവര്‍ എഴുന്നേറ്റു. തലേന്നത്തെ മഴയുടെ ഈര്‍പ്പവും, കുളിര്‍മയും മുറിയാകെ വ്യാപിച്ചിരുന്നു. അതില്‍ നിന്നു രക്ഷ നേടുവാന്‍ അവര്‍ ഒരു ചായയെ ആശ്രയിച്ചു. "അന്നാമ്മച്ചി കുര്‍ബ്ബാനക്ക് സമയമായി". ഇലകളില്‍ നിന്നു ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ വീണ്ടും അവരെ പ്രകൃതിയുമായി രമിപ്പിച്ചു തുടങ്ങിയിരുന്നു. അമ്മമാരും, അഞ്ചാറു അന്തേവാസികളും പുലര്‍ച്ചെ പള്ളിയിലേക്ക് പുറപ്പെട്ടു. മഴയുടെ ആധിക്യം കൊണ്ടോ എന്തോ, അന്ന് അന്തേവാസികളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു.

തിരികെ വരുമ്പോള്‍ ഗ്രേസിയാണ്‌, കവലയിലുള്ള തയ്യല്‍ക്കടയിലെ പുതിയ സാരി അന്നമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഗ്രേസിക്കു പരിചയമുള്ള കടയാണ്. ഓര്‍മ്മകള്‍ കൂട്ടിയിണക്കാന്‍ വല്ലപ്പോഴും മക്കള്‍ വരുമ്പോള്‍ പ്രതിഫലം സ്വീകരിക്കുന്ന സ്ഥലം. "നമുക്കൊന്നു കയറി നോക്കാം", ഗ്രേസിയുടെ നിര്‍ബന്ധത്തിനു അന്നമ്മ വഴങ്ങി.  സാരി അന്നമ്മക്കും ഇഷ്ടമായി. രണ്ടായിരം രൂപ എന്ന ഉയരമേറിയ കടമ്പക്കു മുന്നില്‍ അവര്‍ നിലംപതിച്ചു. "ആ ബോര്‍ഡര്‍ കറുത്ത നൂലായിരുന്നേല്‍ കൂടുതല്‍ നന്നായേനെ." ഇറങ്ങാന്‍ നേരം കടയുടമ റോസിയോടായി അന്നമ്മ ഒരു അഭിപ്രായം പങ്കുവച്ചു. പിന്നീടുള്ള ആലോചനയില്‍ അതു റോസിക്കും നല്ലതായി തോന്നുകയും, അവര്‍ ചെറിയൊരു ഭാഗം ബോര്‍ഡര്‍ കറുത്ത നൂലാക്കി നോക്കുകയും ചെയ്തു.

ഓര്‍മ്മകളില്‍ നിന്നു എന്തോ തികട്ടി വരും പോലെ. അത് ആഗ്രഹമാണോ, ചിന്തയാണോ, അതോ താല്‍പര്യങ്ങളാണോ? അന്നു മുഴുവനും അന്നമ്മ ചിന്തയിലമര്‍ന്നു. ആര്‍ത്തു പെയ്യുന്ന ഇടവപ്പാതിക്കും അവരുടെ ചിന്തകളെ വഴി തിരിക്കാന്‍ സാധിച്ചില്ല. അവര്‍ ഓര്‍മകളില്‍ ഒരു ഉല്‍ഖനനം നടത്തുകയാണ്. ലക്‌ഷ്യം അവരെ മോഹിപ്പിക്കുന്ന ആ വസ്തുത കണ്ടെത്തുകയും. തയ്യല്‍ കടയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അവരെ തയ്യല്‍ എന്ന കല വീണ്ടും ഭ്രമിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ചെറുപ്പത്തില്‍ ധാരാളം തയ്ക്കുകയും, അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു അവര്‍. സാഹചര്യങ്ങളുടെയോ, കാലത്തിന്‍റെയോ സമ്മര്‍ദ്ദത്തിനു അവര്‍ അവരുടെ മോഹങ്ങള്‍ അടിയറ വച്ചു. എന്നാല്‍ ഇന്നവ കുഴിതോണ്ടി പുറത്തെത്തിയിരിക്കുന്നു. തയ്ക്കാനുള്ള ഒരു അടങ്ങാത്ത ആവേശം അവരെ ബാധിച്ചു തുടങ്ങി. എന്നാല്‍ പ്രായം, സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ അവരെ സ്വയം പിന്തിരിപ്പിച്ചു കൊണ്ടുമിരുന്നു. പിറ്റേന്നു അവര്‍ക്ക് പള്ളിയില്‍ പങ്കു വയ്ക്കാന്‍ പുതിയൊരു വിഷയം കിട്ടിയിരുന്നു. മാഷിനോട് ചോദിച്ചിട്ട് മാഷും ഒന്നും മിണ്ടുന്നില്ല. പൂര്‍ണ്ണമായ ശൂന്യതയില്‍, ലക്‌ഷ്യം കണ്ടെത്താന്‍ സാധിക്കുന്നില്ല. ആശയക്കുഴപ്പത്തില്‍ നടന്ന അന്നമ്മയുടെ ശ്രദ്ധയെ ഗ്രേസിയാണ്‌ തലേന്നത്തെ തുണിക്കടയിലേക്കു തിരിച്ചത്. ആ സാരി കറുത്ത ബോര്‍ഡറില്‍ പൂര്‍വ്വധികം ശോഭയില്‍ മിന്നുന്നു. "ഇപ്പൊ അതിനെന്തൊരു ഭംഗി", ഗ്രേസിക്കു ആഹ്ലാദം മറച്ചു വയ്ക്കാന്‍ സാധിച്ചില്ല. ആ സാരി അന്നമ്മയ്ക്കൊരു ഉത്തരമായിരുന്നു, രണ്ടു ദിവസമായി മനസ്സില്‍ തികട്ടിക്കൊണ്ടിരുന്ന ഒരു സംശയത്തിനുള്ള ഉത്തരം.

"ചെറുപ്പത്തില്‍ തയ്യല്‍ പഠിച്ചിട്ടുണ്ട്. കുറച്ചു ദിവസമായി മനസ്സില്‍ ഒരു തോന്നല്‍, വീണ്ടും തയ്ച്ചാലോ എന്ന്. സമയം കളയാന്‍ ഉപയോഗപ്രദമായ ഒരു മാര്‍ഗമല്ലേ.". മദര്‍ ജസീന്തക്ക് ഈ ആശയത്തോടു ഒട്ടും എതിര്‍പ്പുണ്ടായിരുന്നില്ല. അന്തേവാസികളെക്കൊണ്ട് ഉപയോഗപ്രദമായ രീതിയില്‍ സമയം ചിലവഴിപ്പിക്കുവാന്‍ ഉല്‍സാഹിച്ചിരുന്നു അവര്‍. മോട്ടോര്‍ കടുപ്പിച്ച ഒരു തയ്യല്‍ മെഷീന്‍ സദനത്തിലെത്താന്‍ ഒട്ടും താമസമുണ്ടായില്ല. പച്ചക്കറി കൃഷി കൂടാതെ സദനത്തിന്‍റെ രണ്ടാമത്തെ തൊഴില്‍ ഉദ്യമം. സദനത്തിന്‍റെ ഏകാന്തതയിലേക്ക് മെഷീന്‍റെ കട കട ശബ്ദം അതിക്രമിച്ചു കയറി. അതിന്‍റെ ചക്രങ്ങള്‍ ഒരു സൈക്കിള്‍ അഭ്യാസിയുടെ ചക്രങ്ങള്‍ കണക്കെ നിര്‍ത്താതെ ചലിച്ചു. അന്നമ്മയുടെ ഈ ഉദ്യമത്തിനു ഗ്രേസിയും, ഫിലോമിനയും എല്ലാ വിധ പിന്തുണയും നല്‍കി. ആവശ്യമുള്ള എല്ലാ സാധനങ്ങളും അവര്‍ കവലയിലെ തയ്യല്‍ കടയില്‍ നിന്നും മറ്റും വാങ്ങി നല്‍കി. ഒരു ചുരിദാറിന് സാവധാനം അവരുടെ കരങ്ങളില്‍ ജീവന്‍ വച്ചു വന്നു. അതിനെ അവര്‍ സ്വന്തം മകളെ പോലെ സ്നേഹിച്ചു. ബ്രൌണ്‍ നിറത്തില്‍ കറുത്ത കരയോടു കൂടിയ ചുരിദാര്‍. ഇടവപ്പാതിയോ, തണുപ്പോ അന്നമ്മയുടെ ശ്രദ്ധയെ കവര്‍ന്നില്ല. രണ്ടു മൂന്നു മാസം കഴിയേ, ആരും കണ്ണുവച്ചു പോകുന്ന ഒരു ചുരിദാര്‍ വൃദ്ധസദനത്തില്‍ പിറന്നു വീണു.

അഭിനന്ദനങ്ങളും, പ്രോത്സാഹനങ്ങളും അന്നമ്മയുടെ കഴിവിനുള്ള സ്വാഭാവീകമായ പ്രതിഫലം മാത്രമായിരുന്നു. അന്നമ്മയെക്കാള്‍ സന്തോഷം ഗ്രേസിക്കും, ഫിലോമിനക്കുമായിരുന്നു. അവര്‍ ആ ചുരിദാര്‍ റോസിയുടെ തയ്യല്‍ കടയില്‍ പ്രദര്‍ശിപ്പിച്ചു. ആവശ്യക്കാര്‍ ഏറെയായിരുന്നു. അന്നമ്മ എന്ന പേര്‍ ആദ്യമായി സ്വന്തം നിലക്ക് പുറം ലോകം അറിഞ്ഞു. വീണ്ടും വസ്ത്രങ്ങള്‍ക്കുള്ള ഓര്‍ഡര്‍ വന്നു. കച്ചവടാടിസ്ഥാനത്തില്‍ ഒരു പ്രസ്ഥാനം തുടങ്ങാനുള്ള പ്രായവും, പണവും അന്നമ്മയെ കൈ വിട്ടിരുന്നു. അവരുടെതായി അടുത്ത ഒരു ചുരിദാറും ഒരു മാസത്തിനകം കടയില്‍ പ്രത്യക്ഷപ്പെട്ടു. ആളുകള്‍ക്കിടയില്‍ അന്നമ്മ ബ്രാന്‍ഡ്‌ എന്നൊരു പുതിയ ബ്രാന്‍ഡ്‌ പ്രചരിച്ചു തുടങ്ങിയിരുന്നു.

"അന്നാമ്മച്ചിയുടെ ഈ കഴിവുകള്‍ മറ്റുള്ളവരെയും പഠുപ്പിച്ചാല്‍ വളരെ നല്ലതായിരിക്കില്ലേ." സിസ്റ്റര്‍ അനീറ്റയാണ് ഈ ആശയം പങ്കു വച്ചത്. സദനത്തിന്‍റെ പടിഞ്ഞാറു വശത്തായി ഒരു ഷീറ്റിട്ട കെട്ടിടം സാവധാനം തലയുയര്‍ത്തി. അവിടെ മെഷീനുകള്‍ വന്നു, നൂല്‍ വന്നു, മോട്ടോര്‍ വന്നു. തയ്യല്‍ പഠനത്തിനായി ഒന്നു രണ്ടു യുവതികളും. അവര്‍ ഒരുമിച്ചു തയ്ച്ചു തുടങ്ങി. ആ കെട്ടിടം സദാ ഉണര്‍ന്നിരുന്നു. യുവതികളുടെ എണ്ണം കൂടി വന്നു. സിന്ദൂര എന്ന പേരില്‍ അവര്‍ സ്വന്തമായി ഒരു വസ്ത്ര ബ്രാന്‍ഡ്‌ രംഗത്തിറക്കി. പരസ്യങ്ങളോ, ക്യാന്‍വാസിംഗുകളോ ഇല്ലാതെ പരിചയക്കാര്‍ വഴി വിപണനം. ടൌണിലെ രണ്ടു തുണിക്കടയിലേക്കും സപ്ലൈ ഉണ്ട്. പരമ്പരാഗത രീതിയില്‍ നിന്നു ഓരോ ഉല്‍പ്പന്നവും വ്യത്യസ്ഥമായിരിക്കാന്‍ അന്നമ്മ ശ്രദ്ധിച്ചിരുന്നു. വര്‍ഷം ഒന്നു കടന്നു പോകവേ, അന്നമ്മ മഠത്തിന്‍റെ അനുമതിയോടെ പ്രസ്ഥാനത്തെ സഹകരണ രീതിയിലേക്കു മാറ്റി. ലാഭവും നഷ്ടവും, ബ്രാണ്ടുമെല്ലാം അവിടെ പണിയെടുക്കുന്ന യുവതികളുടെ സ്വന്തം. അനേകം യുവതികളുടെ വിവാഹത്തിനാവശ്യമായ പണം സിന്ദൂര സ്വരൂപിച്ചു. യുവതികളെ സദനത്തിന്‍റെ കൊച്ചു ഷെഡ്ഡിനു താങ്ങാവുന്നതിലും അപ്പുറമായി. എല്ലാവരും പിരുവിട്ടു, കുറച്ചു സ്ഥലം വാങ്ങി. നാട്ടിലെ ധാരാളം സന്മനസ്സുകള്‍ ഈ നല്ല പ്രസ്ഥാനത്തിന് സാമ്പത്തിക പിന്തുണയുമായി രംഗത്തു വന്നു. വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു സിന്തൂരയ്ക്കു മേല്‍നോട്ടം വഹിച്ചിരുന്നത്. അന്തേവാസികളിലും അതു പുതിയൊരു പ്രസരിപ്പുണ്ടാക്കി. അവരുടെയെല്ലാമായ ആ പ്രസ്ഥാനം വളരുകയായിരുന്നു. അവരുടെ സ്വന്തം സിന്ദൂര.

കയ്യെഴുത്തുകള്‍ക്കു പകരം സിന്ദൂരയുടെ പരസ്യങ്ങള്‍ അച്ചടിയിലേക്ക് മാറി, അവിടെ നിന്ന് ഫ്ലെക്സിലേക്കും. വര്‍ഷം മൂന്നാലു കഴിഞ്ഞിരിക്കുന്നു. കുടുംബശ്രീ പോലെ, ആളുകള്‍ സിന്ദൂരയുടെ ഉല്പന്നങ്ങള്‍ ചോദിച്ചു വാങ്ങി തുടങ്ങി. പൊടി പിടിച്ച അനേകം ജീവിത വിളക്കുകള്‍ കരിയിട്ടു തേച്ചു മിനുക്കപ്പെട്ടു. സഹകരണ പ്രസ്ഥാനത്തിന്‍റെ ചിറകുകള്‍ സാവധാനം വ്യാപിച്ചു. അന്യ ജില്ലകളിലും സിന്ദൂരക്ക് വേരുകള്‍ ഉണ്ടായി. ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങളെല്ലാം കേന്ദ്രീകൃതമായി വിപണനം ചെയ്യണമെന്നു അന്നമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. സിന്ദൂരയുടെ വാഹനങ്ങള്‍ വസ്ത്രങ്ങളുമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു. വൃദ്ധസദനത്തിലെ അമ്മച്ചിമാര്‍ വര്‍ദ്ധിത ഉത്സാഹത്തോടെ അതിനു നേതൃത്വം വഹിച്ചു വന്നു.

"ജീവിതത്തില്‍ ഇനിയെന്ത് എന്നു ഞാന്‍ ഒരിക്കല്‍ ചിന്തിച്ചിരുന്നു. ബാല്യവും, കൌമാരവും, വിദ്യാഭ്യാസത്തിനും, യൌവ്വനം ഭര്‍ത്താവിനും, വാര്‍ദ്ധക്യം ആദ്ധ്യാത്മികതയ്ക്കും വേണ്ടി ചിലവഴിക്കുന്ന മറ്റേതൊരു സാധാരണ സ്ത്രീയെ പോലെ തന്നെയാവും എന്‍റെയും ജീവിതമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു." 2000ത്തിലെ ബിസ്സ്നെസ്സ് പുരസ്കാരം സ്വീകരിച്ചു കൊണ്ട് അന്നമ്മ തുടര്‍ന്നു. ചടങ്ങുകള്‍ കവര്‍ ചെയ്യുവാന്‍ ദേശീയ മാധ്യമങ്ങള്‍ പോലും മല്‍സരിച്ചു. "ബൈബിളിലെ താലന്തുകളുടെ ഉപമ പലപ്പോഴും എന്നെ ചിന്തിപ്പിക്കുകയും, അതോടൊപ്പം ദുഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൃദ്ധസദനത്തിലെ ജീവിതം എന്നെ പലപ്പോഴും ചിന്തിപ്പിച്ചു. തന്നിലേക്ക് പോലും തിരിഞ്ഞു നോക്കാന്‍ സമയമില്ലാതെ പായ്യുന്ന മനുഷ്യന്‍റെ ജീവിത ശൂന്യതയെക്കുറിച്ച്, സ്നേഹത്തിന്‍റെ ആപേക്ഷികതയെക്കുറിച്ച്, ആത്മീയതയുടെ അന്തസത്തയെക്കുറിച്ച്, ഇങ്ങനെ പലതിനെ കുറിച്ചും. എന്നാല്‍ ഇവയെല്ലാം പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ പോലെ എന്നില്‍ ഒരു ചലനവുമുണ്ടാക്കാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. മഴയെ ഞാന്‍ എന്നും സ്നേഹിച്ചിരുന്നു. ഇലകളില്‍ തട്ടി ചിതറി വീഴുന്ന മഴത്തുള്ളികളോട് എനിക്ക് എന്നും അഭിനിവേശമായിരുന്നു. എന്നാല്‍ ഇന്ന് അവയെക്കാള്‍ അധികം ഞാന്‍ എന്‍റെ സിന്ദൂരയെ സ്നേഹിക്കുന്നു. ഞങ്ങളുടെ ഈ പ്രസ്ഥാനത്തിന്‍റെ നിയന്ത്രണം വൃദ്ധസദനത്തിലുള്ള അമ്മച്ചിമാരുടെ കയ്യിലാണ്. എന്നാല്‍ പ്രസ്ഥാനത്തിന്‍റെ ഓഹരികളെല്ലാം തൊഴിലെടുക്കുന്ന യുവതികളുടെ പേരിലും. ഇതിനോടൊപ്പം ഞങള്‍ക്ക് ഒരു കൊച്ചു ബാങ്കു കൂടിയുണ്ട്. യുവതികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ അതില്‍ നിന്നു വായ്പയെടുക്കാം. ജോലി ചെയ്തോ, പണമായോ അവര്‍ക്ക് ആ സംഖ്യ തിരിച്ചടക്കാം. തുടക്കത്തില്‍ പലരും എന്നോട് ചോദിച്ചു, ഞാന്‍ എന്താണ് ഇതില്‍ നിന്നു നേടിയതെന്ന്". അവര്‍ പ്രസംഗം ഒന്നു നിര്‍ത്തി സദസ്സിനെ നോക്കി. "സ്വന്തമായി ഞാന്‍ ഇതില്‍ നിന്നു ഒന്നും നേടിയില്ല എന്നതു തന്നെയാണ് ഇതില്‍ നിന്നുള്ള എന്‍റെ ഏറ്റവും വലിയ നേട്ടം.". നിര്‍ത്താത്ത കരഘോഷം ഹാളില്‍ നിന്നു മുഴങ്ങി.

-----------------------------------------------------------
വര്‍ഷങ്ങള്‍ കടന്നു പോയി. മഴ തോര്‍ന്ന ആ സായാഹ്നത്തില്‍, വര്‍ഷങ്ങള്‍ക്കു ശേഷം സണ്ണി അമ്മയെ കാണാന്‍ എത്തി. മഴത്തുള്ളികള്‍ ആ കല്ലറയില്‍ നിന്നും വിട്ടു പോകാന്‍ വിസമ്മതിക്കുന്ന പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു. അവ അയാളുടെ രൂപം വികൃതമാക്കി പ്രതിഫലിപ്പിച്ചു. ജീവിതം അയാളെയും പലതും പഠുപ്പിച്ചുണ്ടാകാം. കണ്ണുകളടച്ചു അയാള്‍ പ്രാര്‍ത്ഥിച്ചു. മഴത്തുള്ളികളെ പോലെ കണ്ണുനീര്‍ തുള്ളികളും അയാളില്‍ പറ്റി പിടിച്ചിരുന്നു. കുളിരു കോരുന്ന ആ സായാഹ്നത്തില്‍ അയാള്‍ അമ്മയുടെ കാല്‍ക്കല്‍ മെഴുകുതിരികള്‍ കത്തിച്ചു. അവ അയാളോട് താല്‍പര്യമില്ലാത്ത പോലെ ഇളകിയാടി പല വിക്രത രൂപങ്ങള്‍ ജനുപ്പിച്ചു. തിരികെ പോരുമ്പോള്‍ അയാള്‍ കല്ലറയിലേക്ക് തിരിഞ്ഞു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു,


"ഒരു സ്ത്രീ വൃദ്ധസദനത്തിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും സ്വപ്‌നങ്ങള്‍ നെയ്തു. അവരുടെയൊപ്പം അനേകരും. ആ സ്വപ്‌നങ്ങള്‍ അനേകര്‍ക്ക് വഴികാട്ടിയായി. അവരുടെ ആശയങ്ങള്‍ അനേകരെ സാമ്പത്തികമായി സ്വതന്ത്രരാക്കി."

അന്നമ്മ വര്‍ക്കി.
ജനനം: 28-9-1932
മരണം: 24-12-2009

Monday, November 26, 2012

ബന്ധങ്ങള്‍


"എന്നെ അന്വേഷിക്കേണ്ടതില്ല. ഞാന്‍ രഘുവിനൊപ്പം പോകുന്നു. സ്വന്തം മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞിട്ടും അതിനെതിരു നില്‍ക്കുന്ന നിങ്ങള്‍ ഒരച്ചനാണോ? എനിക്കു നിങ്ങളോട് വെറുപ്പാണ്. ഇനി ഒരിക്കലും തമ്മില്‍ കാണാതിരിക്കട്ടെ. കോളേജില്‍ പോലും പോകാന്‍ സമ്മതിക്കാതെ എന്നെ വീട്ടില്‍ അടച്ചതിന് നിങ്ങളെ ഞാന്‍ സ്റ്റേഷനില്‍ കയറ്റും. എല്ലാറ്റിനും നിങ്ങള്‍ സമാധാനം പറയേണ്ടി വരും." കത്തു വായിച്ചു ഔസേപ്പ് സാര്‍ കസേരയിലേക്ക് ചാഞ്ഞു. പ്രഭാത കുര്‍ബാനക്കു പള്ളിയില്‍ പോയ മകളെ ഉച്ചയായിട്ടും കാണാത്തതിനാല്‍ അവളുടെ മുറി പരതുകയായിരുന്നു സാര്‍. വിറയ്ക്കുന്ന കരങ്ങളില്‍ ആ കത്തുമായി, സാറിന്‍റെ ശരീരം മാത്രം മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. മനസ്സ് എപ്പോഴേ കൂട് വിട്ടിരുന്നു. "നീ വായിച്ചോ നമ്മുടെ മോളുടെ കത്ത്?". ഉച്ചക്കഞ്ഞി വയ്ക്കുന്ന തിരക്കിലായിരുന്ന മേരി ടീച്ചര്‍ ആ വാക്കുകളോട് പ്രതികരിച്ചില്ല. "ദേ കെടക്കുന്നു നിന്‍റെ മോളുടെ വിശേഷം.", അയാളുടെ ഈ വാക്കുകളില്‍ പ്രതികരണമില്ലായ്മയോടുള്ള പ്രതികാരം കലര്‍ന്നിരുന്നു. ശബ്ദത്തിന്‍റെ ബാഹുല്യമാണോ, അതോ അതിലെ ഗദ്ഗദമാണോ ടീച്ചറുടെ ശ്രദ്ധയെ ക്ഷണിച്ചതെന്ന് അറിയില്ല. വിതുമ്പലുകളുടെ നിശബ്ദത വീടിനെ വിഴുങ്ങി കഴിഞ്ഞിരുന്നു.

ടോണി സ്കൂള്‍ വിട്ടു വീട്ടിലെത്തിയപ്പോഴേക്കും സമയം സന്ധ്യയായിരുന്നു. വീട്ടിലെ അവസ്ഥ സന്തോഷകരമല്ലെന്നു പരിസരങ്ങളില്‍ നിന്നു തന്നെ അവന്‍ മനസ്സിലാക്കി. "ഇന്നെന്തു പ്രശ്നമാണോ ചേച്ചി വീട്ടില്‍ ഉണ്ടാക്കിയിരിക്കുന്നത്? ഒരിക്കലും സമാധാനം ലഭിക്കില്ലെ ഈശ്വരാ?". അവന്‍ വീട്ടിലെത്തിയതും, അച്ഛന്‍ അവനെ ചേര്‍ത്തു പിടിച്ചു. കര്‍ക്കശക്കാരനായ മാഷിനെ സംബന്ധിച്ചിടത്തോളം അതൊരു അസാധാരണ സംഭവമാണ്. അയാളും മാനസീകമായി പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. "അവള്‍ പോയെടാ.". "എപ്പോള്‍?". "ഇന്ന് രാവിലെ പള്ളിയില്‍ പോയ ശേഷം തിരിച്ചു വന്നില്ല.". അവനതൊരു ആശ്വാസമായാണ് തോന്നിയത്. എത്രയോ നാളുകളായി ഒരു വീട്ടില്‍ രണ്ടു കുടുംബങ്ങളായുള്ള താമസം. രഘുവുമായുള്ള നിമ്മിയുടെ ബന്ധം ഒരു ബന്ധു മുഖേനയാണ് മാഷ്‌ അറിയുന്നത്. അവള്‍ പതിവായി കോളേജില്‍ പോകുന്ന ബസ്സിന്‍റെ ഡ്രൈവറാണ് രഘു. അവള്‍ എങ്ങനെ ഒരു ബസ്‌ ഡ്രൈവറെ പ്രണയിക്കുമെന്നു എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ മനസ്സിലായില്ല. അരുതാത്ത പല സ്ഥലങ്ങളിലും അവരെ ഒരുമിച്ചു കണ്ടു എന്ന് സുഹൃത്തുക്കള്‍ പലരും പറഞ്ഞപ്പോഴാണ് മാഷ്‌ ഈ ബന്ധത്തെ കാര്യമായെടുത്തു തുടങ്ങിയത്. ചോദിച്ചപ്പോള്‍ നിമ്മി അതു നിഷേധിച്ചത്, മാഷിനെ വീണ്ടും സംശയത്തിലാക്കി. അയാള്‍ക്ക് മകളെ അത്ര കാര്യമായിരുന്നു. ടൂറിനെന്ന പേരില്‍ വീട്ടില്‍ നിന്നു പോയ അവള്‍ ഒന്നു രണ്ടു ദിവസം അവന്‍റെ കൂടെ താമസിച്ചു എന്ന് കൂടി കേട്ടതോടെ അയാള്‍ തളര്‍ന്നു. അന്നു വീട്ടിലെത്തിയ നിമ്മിയെ പുറത്തു പോകുന്നതില്‍ നിന്നും അയാള്‍ വിലക്കി.

അതോടെ കുടുംബത്തിനകത്തെ വീര്‍പ്പുമുട്ടലുകളും വളര്‍ന്നു. അവള്‍ ആരോടും മിണ്ടാതായി. ദിവസങ്ങളോളം അവള്‍ ഭക്ഷണത്തിനായി മാത്രം മുറിക്കു പുറത്തിറങ്ങുന്ന അവസ്ഥയില്‍ ജീവിച്ചു. വൈകുന്നേരങ്ങളില്‍ ഉച്ചത്തിലുള്ള മറ്റൊരു സന്ധ്യാ പ്രാര്‍ത്ഥന കൂടി വീട്ടില്‍ നിന്നുയര്‍ന്നു. കലഹങ്ങള്‍ പതിവായി. അവളുടെ മുറിയിലെ സാധനങ്ങള്‍ പലതും ദേഷ്യത്തിന് പാത്രമായി. നാളുകള്‍ കഴിയുമ്പോള്‍ അവള്‍ അവനെ മറക്കുമെന്ന് മാഷ്‌ ആശിച്ചു. രഘുവിനുള്ള കത്തുകള്‍  വീട്ടുകാര്‍ അറിയാതെ, വഴിപോക്കര്‍ മുഖാന്തിരം അവള്‍ കൊടുത്തുവിട്ടു. സമാധാനം എന്തെന്നറിയാതെ മാസങ്ങള്‍ ആ വീട്ടുകാര്‍ ചിലവഴിച്ചു. അതിനാല്‍ തന്നെ അവള്‍ പോയി എന്ന വാര്‍ത്ത ടോണിക്കു ആശ്വാസകരമായിരുന്നു. "നിങ്ങള്‍ക്കു ഞാനില്ലേ. അവള്‍ പോണെങ്കില്‍ പോട്ടെ. നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ", ടോണി തന്‍റെ കൊച്ചു വാക്കുകള്‍ കൊണ്ട് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"കിഴക്കേടത്തെ ഔസേപ്പ് സാറില്ലേ, അയാളുടെ മകള്‍ ആ ഡ്രൈവര്‍ രഘുവിന്‍റെ കൂടെ ഒളിച്ചോടിയെന്നു.". "ആയ്യോ കഷ്ടം. എനിക്കപ്പഴെ തോന്നിയതാ". "അവരിരുവരേം പാര്‍ക്കില്‍ വെച്ചു കണ്ടൂന്ന് ഞാന്‍ പറഞ്ഞപ്പോ നിങ്ങളൊക്കെ എന്താ പറഞ്ഞത്?" "അല്ലേലും അവളുടെ മട്ടും നടപ്പുമൊക്കെ തീരെ മോശമായിരുന്നു. മാഷിതൊക്കെ എങ്ങനെ സഹിക്കുവോ ആവോ?" കഥകള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കാന്‍ ഒട്ടും താമസമുണ്ടായില്ല. എല്ലാം അറിയാമെങ്കിലും അവര്‍ മാഷിനെ കാണുമ്പോള്‍ ചോദിച്ചു, "മോളിപ്പോ എന്തു ചെയ്യുന്നു മാഷേ?, അവള്‍ക്കു സുഖമാണോ". ഔസേപ്പ് മാഷിന്‍റെ ശിരസ്സ്‌ അവരുടെ പരിഹാസങ്ങള്‍ക്ക് മുന്നില്‍ കുനിഞ്ഞു. മാഷും ടീച്ചറും പൊതു പരിപാടികള്‍ക്കൊന്നും പോകാതായി.

അവളുടെ ഒളിച്ചോട്ടം കുടുംബത്തിലും പ്രശ്നങ്ങളുണ്ടാക്കി. "നമ്മുടെ കൊച്ചു ഒളിച്ചോടുമെന്നു എനിക്കിപ്പഴും വിശ്വസിക്കാന്‍ പറ്റണില്ല അളിയാ. നമ്മള്‍ എങ്ങനെ വളര്‍ത്തിയതാ അവളെ. ഇന്നലെ കണ്ട ഏതോ ഒരുത്തന്‍റെ കൂടെ അവളങ്ങനെ പോകുവോ?. അവളെ ബലം പ്രയോഗിച്ചോ, മോഹിപ്പിച്ചു മയക്കിയോ കൊണ്ട് പോയതാകാനാ സാധ്യത. നമ്മുടെ മോള്‍ അല്ലാതങ്ങനെ പോകില്ല അളിയാ. ". ടീച്ചറുടെ ആങ്ങള ബാസ്റ്റ്യന്‍ തന്‍റെ ദുഃഖം പങ്കു വച്ചു. സമുദ്രത്തിലേക്ക് എത്ര നദികള്‍ ഒഴുകിയാലും അതിനു മാറ്റമുണ്ടാകുന്നില്ല. "അപ്പോ അവളെഴുതിയ ഈ കത്തോ?", മാഷ്‌ ആ കത്ത് ഉയര്‍ത്തി പിടിച്ചു ചോദിച്ചു. "മോഹിപ്പിച്ചു മയക്കിയാ, ഇതല്ല ഇതിനപ്പുറം വരെ ആളുകള്‍ എഴുതും. നമുക്കിതിന്‍റെ സത്യാവസ്ഥ അറിയണം അളിയാ. അളിയന്‍ പോലീസില്‍ ഒരു പരാതി കൊടുക്കണം. നമ്മുടെ കുട്ടിയുടെ സുരക്ഷ നമ്മള്‍ തന്നെ നോക്കണം. ഇന്നത്തെ കാലമല്ലേ." കാര്യങ്ങളെ മറ്റൊരു വഴിക്ക് നോക്കി കാണാന്‍ ഈ വാക്കുകള്‍ മാഷിനെ പ്രേരിപ്പിച്ചു. ഇപ്പോള്‍ മകള്‍ മാഷ്ക്ക് അത്ര തെറ്റുകാരിയല്ല. ഇപ്പോള്‍ വില്ലന്‍ രഘുവാണ്. അവളെ അവന്‍ മാനസീകമായി തളര്‍ത്തി തട്ടികൊണ്ടുപോയതാണ്.  സത്യം ഉള്ളില്‍ കിടന്നു പുച്ചിച്ചു ചിരിക്കുമ്പോഴും, അയാള്‍ തന്‍റെ പുതിയ ചിന്തകള്‍ കൊണ്ട് സത്യത്തെ കീഴടക്കാന്‍ ശ്രമിച്ചു. നിരന്തരമായ ശ്രമത്തിലൂടെ അയാള്‍ സ്വയം അങ്ങനെ വിശ്വസിച്ചു തുടങ്ങി.

"എന്‍റെ മകള്‍ നിമ്മി ജോസെഫിനെ, ഈ മാസം 12ആം തിയതി മുതല്‍ വീട്ടില്‍ നിന്നു കാണുന്നില്ല. മുട്ടം പള്ളിയിലെ പ്രഭാത കുര്‍ബ്ബാനക്കായി, വീട്ടില്‍ നിന്നു ഇറങ്ങിയതാണ്. കുന്നുമ്മേല്‍ മോഹനന്‍റെ മകന്‍ രഘു അവളെ തട്ടിക്കൊണ്ട് പോയതായി ഞാന്‍ സംശയിക്കുന്നു. ആയതിനാല്‍ അവളെ സുരക്ഷിതയായി കണ്ടെത്തി തിരികെ വീട്ടില്‍ എത്തിക്കണമെന്ന് ഇതിനാല്‍ അപേക്ഷിച്ചു കൊള്ളുന്നു. എന്ന്, കിഴക്കേടത്ത് ഔസേപ്പ് (ഒപ്പ്).". പോലീസ്‌ സ്റ്റേഷനില്‍ ഈ പരാതിക്ക് കാര്യമായ സ്വീകാര്യത ഉണ്ടായിരുന്നില്ല. "ഇതു പോലെ എത്രയോ പെണ്ണുങ്ങള്‍ വീട്ടില്‍ നിന്നു ദിനം പ്രതി ഒളിച്ചോടുന്നു. ഇവരെയൊക്കെ കണ്ടു പിടിക്കലാണോ പോലീസിന്‍റെ പണി." എസ്.ഐയുടെ മറുപടിയില്‍ പരിഹാസം കലര്‍ന്നിരുന്നു. "പത്തു മുപ്പതു വര്‍ഷം സര്‍ക്കാരിനെ സേവിച്ച ഒരു അധ്യാപകനാണ് ഞാന്‍. എന്‍റെ മകള്‍ ഒളിച്ചോടുമെന്നു ഞാന്‍ കരുതുന്നില്ല. അവള്‍ക്കു ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍, നിങ്ങളെയെല്ലാം ഞാന്‍ കോടതി കയറ്റും.", മാഷിന്‍റെ മുഖം ചുവന്നിരുന്നു "ഞങ്ങള്‍ അന്വേഷിക്കാം മാഷേ. ഇപ്പൊ ചെല്ല്. ഇവിടെ നൂറുകൂട്ടം പണിയുണ്ട്". ഔസേപ്പ്‌ സാറിനെ കൂടുതല്‍ വിഷമിപ്പിക്കാതെ എസ്.ഐ യാത്രയാക്കി.

പിന്നീടുള്ള ദിവസങ്ങളിലൊന്നു. പ്രഭാതത്തിലുള്ള കോളിങ്ങ് ബെല്‍ കേട്ടു കതകു തുറന്ന മാഷ്‌ കണ്ടത് ഒരു പോലീസ്‌ കോണ്‍സ്റ്റബളിനെയാണ്. "കിഴക്കേടത്ത് ഔസേപ്പ് സാറല്ലേ.?". "അതെ". "സാര്‍ ഇന്നു സ്റ്റേഷന്‍ വരെ ഒന്നു വരണം. എസ്.ഐ പറഞ്ഞിട്ട് വന്നതാണ്." സന്ദേശം കൈമാറി, ഒരു ചായക്ക് പോലും കാത്തു നില്‍ക്കാതെ കോണ്‍സ്റ്റബിള്‍ യാത്രയായി. മാഷിനെ ചെറുതായി ആധി ബാധിച്ചു തുടങ്ങി. മകള്‍ക്ക് അരുതാത്തത് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ചിന്ത അയാളെ സാവധാനം കീഴടക്കി. "ആരാ വന്നത്?" അടുക്കളയില്‍ നിന്നു ടീച്ചര്‍ ആരാഞ്ഞു. "ഒന്ന് സ്റ്റേഷന്‍ വരെ ചെല്ലാന്‍ പറഞ്ഞതാ". വേഷമൊക്കെ മാറ്റി അയാള്‍ അപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങി. "ഞാനപ്പോഴേ പറഞ്ഞില്ലേ സാറേ, ഇതു ഒളിച്ചോട്ടമാണെന്നു". കണ്ട പാടെ എസ്.ഐ അത്യുല്‍സാഹത്തില്‍ അറിയിച്ചു. "ഞങ്ങള്‍ അന്വേഷിച്ചു. അവളെ തട്ടി കൊണ്ട് പോയതൊന്നുമല്ല. സ്വമനസ്സാലെ ഇറങ്ങി പോയതാ. തൊടുപുഴ രജിസ്റ്റര്‍ ഓഫീസില്‍ കല്യാണത്തിനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, അവളിപ്പോ നിമ്മിയൊന്നുമല്ല, സ്വാതിയാണ്, സ്വാതി. പ്രായപൂര്‍ത്തിയായ അവര്‍ക്കെതിരെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല.". അയാള്‍ ഒറ്റ ശ്വാസത്തില്‍ അറിയിച്ചു. അയാളും ഈ വാര്‍ത്തയില്‍ ചെറിയൊരാനന്ദം കണ്ടെത്തിയിരുന്നു. തന്‍റെ ഉയര്‍ച്ചയിലും, അന്യന്‍റെ താഴ്ചയിലും മാത്രമേ മനുഷ്യനു സന്തോഷം ലഭിക്കൂ എന്ന കാലം. മാഷിനു ആ വാര്‍ത്ത ഒട്ടും ശുഭകരമായിരുന്നില്ല.. "സാര്‍, ആ റൈറ്ററുടെ അടുത്തു ചെന്ന്‍,  വിവരങ്ങളൊക്കെ അറിഞ്ഞിരിക്കുന്നു എന്ന നോട്ടീസില്‍ ഒരൊപ്പിട്ടട്ടു പൊക്കോളൂ.". " ഇനിയും പെണ്‍മക്കളുണ്ടേല്‍ ഒന്നു സൂക്ഷിച്ചു വളര്‍ത്തുന്നത് നല്ലതാ", മാഷു മുറി വിടുമ്പോഴേക്കും അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

സോമരാജന്‍ ഹൈക്കോടതിയിലെ ഒരു വക്കീലാണ്, മാഷിന്‍റെ മികച്ച ശിഷ്യന്മാരിലൊരാള്‍. "മാഷേ, നമുക്കൊരു ഹേബിയസ്‌ കോര്‍പസ്‌ ഫയല്‍ ചെയ്താലോ?.", ആഴ്ചകള്‍ക്കു ശേഷം മാഷിനെ കണ്ട സോമന്‍ ചോദിച്ചു. "അതെന്തു ഹര്‍ജിയാ സോമാ?". "അന്യാമായി തടങ്കലില്‍ വച്ചിരിക്കുന്നവരെ കോടതി മുമ്പാകെ ഹാജരാക്കാനുള്ള നടപടി ക്രമത്തെ സൂചിപ്പിക്കുന്ന ഒരു ലാറ്റിന്‍ പദമാണ് ഹേബിയസ്‌ കോര്‍പസ്‌. അത് വഴി നമുക്ക് നിമ്മിയെ കോടതി മുന്‍പാകെ വിളിച്ചു വരുത്താനാവും. മേരി ടീച്ചര്‍ വഴി ഹര്‍ജി നല്‍കുന്നതാണ് കൂടുതല്‍ ഉചിതം. അമ്മയോടുള്ള അടുത്ത ബന്ധം അവള്‍ക്കൊരു പുനര്‍വിജിന്തനത്തിനു പ്രചോദനം നല്‍കും. അവള്‍ കോടതിയില്‍ എത്തി നിങ്ങളെയൊക്കെ കാണുമ്പോള്‍ ഇങ്ങു പോരും മാഷേ. ഇങ്ങനെ എത്രയെണ്ണം ഞാന്‍ കണ്ടിരിക്കുന്നു." സോമന്‍റെ വാക്കുകള്‍ ടീച്ചര്‍ക്കും തെല്ലോരാശ്വാസം നല്‍കി. വിദ്യാഭ്യാസം പൂര്‍ത്തിയാകാത്ത തന്‍റെ മകളെ തിരിച്ചു നല്‍കണമെന്ന് കാണിച്ചു അവര്‍ ഹര്‍ജി ഫയല്‍ ചെയ്തു.

വെള്ളിയാഴ്ചകളില്‍ ഹൈക്കോടതിയിലെ പത്താം നമ്പര്‍ കോടതി മുറിയിലാണ് ഹേബിയസ്‌ കോര്‍പ്പസ് കൈകാര്യം ചെയ്യുന്നത്. അനേകം പ്രതീക്ഷകള്‍ക്കും, വ്യസനങ്ങള്‍ക്കും വേദിയായിട്ടുണ്ട് അവിടം. ആ കോടതി മുറിയില്‍ ജഡ്ജിയുടെ റോള്‍ പരിമിതമാണ്. കക്ഷികളെ തന്‍റെ മുമ്പില്‍ വിളിച്ചുവരുത്തുന്നതില്‍ അതവസാനിക്കുന്നു. ഇവിടെ അപേക്ഷ സമര്‍പ്പിക്കുന്നതും, വിധി പ്രസ്ഥാവിക്കുന്നതും കക്ഷികള്‍ തന്നെ. വരുന്നതില്‍ നല്ലൊരു പങ്കു ഹര്‍ജികളും, പ്രണയത്തിന്‍റെയും, ഒളിച്ചോട്ടത്തിന്‍റെയും തല്‍ഭലമായി ഉണ്ടാകുന്നതാണ്. അങ്ങിങ്ങായി മാറാല പിടിച്ച ആ മുറി, മാറുന്ന മനുഷ്യ ബന്ധത്തിന്‍റെ പ്രതീകമെന്നോണം നിലകൊണ്ടു. പലപ്പോഴും ആ മുറിയിലെ കണ്ണ് മൂടിക്കെട്ടിയ നിയമത്തിന്‍റെ പ്രതിമ ബാഹ്യ വികാര വേലിയേറ്റങ്ങളില്‍ ആടിയുലഞ്ഞു.

വെള്ളിയാഴ്ച വളരെ നേരത്തെ തന്നെ പരാതിക്കാരി മേരി ടീച്ചറും, ഔസേപ്പ് സാറും കോടതിയിലെത്തി. ആളുകള്‍ എത്തി തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. ഒന്‍പതര മണിയോടു കൂടി കോടതി മുറികള്‍ തുറന്നു തുടങ്ങി. ആകംക്ഷയുടെയും, പ്രതീക്ഷയുടെയും അണയാത്ത നെരിപ്പോടുമായി ആ അച്ഛനും, അമ്മയും കോടതി മുറിയില്‍ ഇരിപ്പുറപ്പിച്ചു. സോമരാജന്‍ താമസിയാതെ എത്തിച്ചേര്‍ന്നു. കോടതി മുറി കാണികളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. കോടതി പരിസരങ്ങളില്‍ ഉദ്യോഗസ്ഥരെത്തി, വക്കീലന്മാരെത്തി, ജഡ്ജിമാരെയും വഹിച്ചു കൊണ്ട് വാഹനങ്ങളും എത്തി. അവര്‍ പ്രതീക്ഷിച്ച മുഖം എവിടെയും കാണാന്‍ കഴിഞ്ഞില്ല. അല്‍പം കഴിഞ്ഞപ്പോള്‍ രഘുവും നിമ്മിയും ബൈക്കില്‍ കോടതി പരിസരത്തേക്കെത്തുന്നത് അവര്‍ കണ്ടു. അമ്മ പരിസരം മറന്നു, മകളുടെ പക്കലേക്കോടി. ആളുകള്‍ നോക്കി നില്‍ക്കെ, അമ്മയുടെ കൈകള്‍ തട്ടി മാറ്റി അവള്‍ കോടതിയിലേക്ക് പ്രവേശിച്ചു. അവരുടെ പ്രായമായ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു തുടങ്ങി.

സമയം പത്തരയോടടുത്തു. ജസ്റ്റിസുമാരായ പയസ്‌ ജോസെഫും, കെ.പി. അബൂബക്കറും, ന്യായാസനങ്ങളിലേക്ക് പ്രവേശിച്ചു. കോടതി മുഴുവന്‍ അവരെ എഴുന്നേറ്റു നിന്ന് ബഹുമാനിച്ചു. ബഹുമാനം പ്രദര്‍ശനമാവുമ്പോള്‍, നാട്യക്കാരനാണ് പ്രതിഫലം ലഭിക്കുന്നത്. ആദ്യത്തെ കേസായി കിഴക്കേടത്തു മേരിയുടെ കേസ്‌ കോടതി പരിഗണിച്ചു. കേസ്‌ ഫയളിലൂടെ കണ്ണോടിച്ച ജസ്റ്റിസുമാര്‍, നിമ്മിയെ സാക്ഷിക്കൂടിലേക്ക് വിളിച്ചു. "താങ്കളെ അന്യായമായി കുന്നുമ്മേല്‍ രഘു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു, കുട്ടിയുടെ അമ്മയും പരാതിക്കാരിയുമായ കിഴക്കേടത്തു വീട്ടില്‍ മേരി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു. ഇത് സത്യമാണോ?", കോടതി നേരിട്ട് കക്ഷിയോട് ചോദിച്ചു. "രഘുവിന്‍റെ കൂടെ താമസിക്കാനുള്ളത് എന്‍റെ സ്വന്തം തീരുമാനമാണ്. അതില്‍ യാതൊരു ബാഹ്യ പ്രേരണയും ഇല്ല. ഞങ്ങള്‍ വിവാഹത്തിനായി നോട്ടീസ്‌ കൊടുത്തിട്ടുള്ളതാണ്. നിയമപരമായ വിവാഹപ്രായം കഴിഞ്ഞ എനിക്ക് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ബഹുമാനപ്പെട്ട കോടതി ഞങ്ങളെ ഒന്നിച്ചു ജീവിക്കുവാന്‍ അനുവദിക്കണം.", അവളുടെ മറുപടി അതിദ്രുതമായിരുന്നു.

"നിമ്മി വിവാഹത്തോടനുബന്ധിച്ച് മതം മാറിയിരിക്കുന്നതായും, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. മാറുന്ന ജീവിത സാഹചര്യങ്ങള്‍, പ്രണയത്തിന്‍റെ തീവ്രതയില്‍ ചുരുക്ക കാലത്തേക്ക് മനോഹരമായി അനുഭവപ്പെടുമെങ്കിലും, ദീര്‍ഘകാല ജീവിതത്തില്‍ അവ കയ്പ്പുനീരുകളായി ഭവിക്കും. ഒരു വ്യക്തിയുടെ ഭാവിക്ക്, വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. അതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യൌവ്വനത്തിന്‍റെ പക്വതയില്‍ വിവാഹത്തെ പറ്റി ഒരു തീരുമാനമെടുക്കുന്നതല്ലേ ഉചിതം. ദിവസവും, വ്യത്യസ്ഥങ്ങളായ അനേകം ജീവിതങ്ങള്‍ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നുണ്ട്. അവരുടെ അനുഭവങ്ങളില്‍ നിന്നാണ് ഞങ്ങള്‍ ഇതു പറയുന്നത്.", കോടതി അവളെ ഒരു പുനര്‍വിജിന്തനത്തിനു പ്രേരിപ്പിച്ചു.

"ഈ പരാതിക്കാരിക്ക്‌, എന്‍റെ മേല്‍ പരാതി തരാന്‍ എന്തര്‍ഹതയുണ്ട്. അവരെന്‍റെ അമ്മയൊന്നുമല്ല. എന്‍റെ അമ്മ എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു പോയി.", അവളുടെ മറുപടി കേട്ട് ഞെട്ടിയത് കോടതിയാണ്. കോടതി മുറി അതിദ്രുതം നിശ്ചലമായി. ജസ്റ്റിസ്‌ പയസ്‌ തന്‍റെ തൂവാല എടുത്തു മുഖത്തെ വിയര്‍പ്പ് തുള്ളികള്‍ തുടച്ചു. മേരി ടീച്ചറുടെ കണ്ണില്‍ ജലം കെട്ടി നിന്നു. അതില്‍ നിന്ന് ഒരു തുള്ളി താഴെ വീഴാന്‍ ഏറെ ക്ലേശിക്കുന്നുണ്ടായിരുന്നു. മാഷും ഇത് കേട്ട് സ്ഥബ്ദനായി. കോടതി മേരി ടീച്ചറെ സാക്ഷി കൂട്ടിലേക്ക് വിളിപ്പിച്ചു. സ്വന്തം മാതൃത്വം കോടതിയില്‍ തെളിയിക്കേണ്ടി വന്ന ആ അമ്മ അവിടെ നിന്ന് വാവിട്ടു കരഞ്ഞു, നിലവിളിച്ചു. അവരാണ് യഥാര്‍ത്ഥ അമ്മ എന്നു മനസ്സിലാക്കാന്‍ കോടതിക്ക് അത് മാത്രം മതിയായിരുന്നു. എന്നാല്‍ നിയമത്തിനു ഈ ഹര്‍ജിയില്‍ ഉള്ള പങ്കു തുലോം ശുഷ്കമാണ്. കരച്ചിലിന്‍റെ ആധിക്യത്തിനിടയില്‍ നിന്നും, "നൊന്തു പ്രസവിച്ച", തുടങ്ങിയ കുറച്ചു വാക്കുകള്‍ പുറം ലോകം ശ്രവിച്ചു. കോടതി മുഴുവന്‍ ക്ഷമയോടെ അവരുടെ വാക്കുകള്‍ക്കായി നിലകൊണ്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍, വിതുമ്പലുകള്‍ക്കിടയിലൂടെ അവര്‍ പറഞ്ഞു. "ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. അത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഭൂതമാണ് ഭാവിയാകുന്നത്. അതെ ആകൂ, ആകാവൂ. എനിക്കു പരാതിയില്ല.". പെണ്‍കുട്ടിയെ അവളുടെ താല്പ്പര്യ പ്രകാരം വിട്ടുകൊണ്ട് കോടതി, നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു.

നിമ്മി രഘുവിന്‍റെയൊപ്പം ഉല്ലാസവതിയായി പോകുന്നത് കോടതി വരാന്തയിലിരുന്ന് അവര്‍ കണ്ടു. കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ ടീച്ചര്‍ക്ക് ഏറെ നേരം അതു കണ്ടിരിക്കാന്‍ സാധിച്ചില്ല. കണ്ണീര്‍ ഒരു മറയാണ്, പല കാഴ്ചകളില്‍ നിന്നും, വിചാരങ്ങളില്‍ നിന്നും. തളര്‍ന്നു നില്‍ക്കുന്ന ആ അമ്മയുടെ കൈകളെ മറ്റൊരു കരം ശക്തിയില്‍ ചേര്‍ത്തു പിടിച്ചു. ടോണിയായിരുന്നു അത്. വാര്‍ദ്ധക്യം യൌവനത്തെ സാവധാനം പിന്തുടര്‍ന്നു. രഘുവും നിമ്മിയും അധിക ദൂരം പോകും മുമ്പ് തന്നെ ഒരു ശവസംസ്കാര പ്രദിക്ഷണം റോഡിനു എതിരെ വരുന്നതു കണ്ടു. അവര്‍ വണ്ടി വശത്തേക്കൊതുക്കി. ശവമഞ്ചത്തിനു മുകളില്‍ ഒരമ്മ വാവിട്ടു നിലവിളിക്കുന്നത് അവള്‍ കണ്ടു. മരിച്ചിരിക്കുന്നത് അവരുടെ മകളാണ്. മകളെയും കെട്ടിപിടിച്ചുള്ള ആ അമ്മയുടെ നിലവിളി, കോടതി മുറിയിലെ അവളുടെ അമ്മയുടെ നിലവിളിയായി അവള്‍ക്കു തോന്നി. പുറകിലുള്ള പ്രാര്‍ത്ഥനാസംഘത്തിന്‍റെ മൈക്കില്‍ നിന്നും ശബ്ദം ഉയര്‍ന്നു. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ മടങ്ങും. നീ അളക്കുന്ന അളവുകോലു കൊണ്ടു തന്നെ നീയും അളക്കപ്പെടും."

Monday, October 22, 2012

ആലപ്പുഴ ജലപ്പരപ്പില്‍ ഒരു ദിനം




"Here nature has spent up on the land her richest bounties". ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആലപ്പുഴ സന്ദര്‍ശിച്ച അന്നത്തെ വൈസ്രോയി ലോര്‍ഡ്‌ കഴ്സണ്‍, പ്രകൃതി ഭംഗി കണ്ടു അമ്പരന്നു പറഞ്ഞ വാക്കുകളാണ് മുകളില്‍ കുറിച്ചത്. കാഴ്ചകളുടെ ആവേശം അദ്ദേഹത്തിന്‍റെ സിരകളെ ബാധിച്ചുതുടങ്ങിയപ്പോള്‍, ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു അദ്ദേഹം ഉദ്ഘോഷിച്ചു, "Venice of the east". അവ അലയൊലികളായി കായല്‍പ്പരപ്പുകളില്‍ അവശേഷിച്ചു. വിദേശികള്‍ക്കും, സ്വദേശികള്‍ക്കും ഒരുപോലെ പ്രീയപ്പെട്ട കേരളത്തിലെ സുന്ദരമായൊരു ഭൂപ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് കേവലം ഒരു മീറ്റര്‍ മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതില്‍ നിന്നു തന്നെ ആലപ്പുഴയുടെ സവിശേഷത ആരംഭിക്കുന്നു. ആറു നദികളുടെ സംഗമ സ്ഥലമായ വേമ്പനാട് കായലും, കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടും സ്ഥിതി ചെയ്യുന്നതും ഇതേ ജില്ലയില്‍ തന്നെ. ലഗൂണുകള്‍, കായലുകള്‍, തോടുകള്‍, കനാലുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവിടം. ജലത്തിലാണ് ജീവന്‍ ഉണ്ടായതെങ്കില്‍, കേരളത്തില്‍ ജീവന്‍ ഉത്ഭവിച്ചിരിക്കുക ഇവിടെയാവാം.

ആലപ്പുഴയിലെ ജലജീവിതം ആസ്വദിക്കണമെങ്കില്‍ പുലര്‍ച്ചെ തന്നെ ആലപ്പുഴയില്‍ എത്തിച്ചേരണം. ഞാനും, എന്‍റെ സഹമുറിയന്‍ നിതിനും ഉള്‍പ്പെടുന്ന യാത്രാസംഘം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത് പുലര്‍ച്ചെ എട്ടു മണിയോടെ. പ്രധാനപ്പെട്ട സ്ഥലത്തിന്‍റെ ജീവനാടിയാണെങ്കിലും, തീര്‍ത്തും ശുഷ്കമാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍‍. ഭക്ഷണമുള്‍പ്പെടെ, ഒന്നിനുമുള്ള സൗകര്യം സ്റ്റേഷനില്‍ ലഭ്യമല്ല. സ്റ്റേഷനില്‍ നിന്നും, പ്രൈവറ്റ് ബസില്‍ ഞങ്ങള്‍ ബോട്ടു ജട്ടി വരെ എത്തി. ആലപ്പുഴയില്‍ ബോട്ടു ജട്ടിയും, ksrtc സ്റ്റാന്‍റും സമീപങ്ങളിലായി സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ കുടിവെള്ളത്തിന് ദൌര്‍ലഭ്യമുള്ളതിനാല്‍, സഞ്ചാരികള്‍ ജലം കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ജലത്താല്‍ ചുറ്റപ്പെട്ട ഒരു നഗരത്തില്‍, കുടിവെള്ളത്തിനുള്ള ക്ഷാമം തികച്ചും വിരോധാഭാസം തന്നെ. ടൂറിസ്റ്റുകള്‍ക്കായി ktdcയുടെ ഒരു ഔട്ട്ലെറ്റ് ഉണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യശേഷി തെളിയിച്ചു കൊണ്ട്, അനാധമായൊരു ഫാനും, കുറെ ഫയലുകളും മാത്രം ഞങ്ങളെ ഓഫീസില്‍ സ്വീകരിച്ചു.

ബോട്ട് ജട്ടിയുടെ സമീപത്തുകൂടെ നടക്കുമ്പോള്‍ താഴെ കായലില്‍, അനേകം ചെറു ബോട്ടുകള്‍ കാണാം. ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങള്‍ സീസണ്‍ അല്ലാത്തതിനാല്‍ പലതും റിപ്പയറിംഗ് തിരക്കുകളിലാണ്. അല്ലാത്തവ സന്ദര്‍ശകരെ പ്രതീക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍, എട്ടുപേര്‍ക്കിരിക്കാവുന്ന ഒരു ബോട്ട്, നാലു മണിക്കൂര്‍ നേരത്തേക്കു വാടകക്കെടുത്തു. മണിക്കൂറിനു മുന്നൂറു രൂപ നിരക്കില്‍. സീസണില്‍ ഇത് മണിക്കൂറില്‍ ആയിരത്തി ഇരുനൂറു വരെയാകുമെന്നു ബോട്ടുകാരന്‍ പിന്നീടു സൂചിപ്പിക്കുകയുണ്ടായി. ഡിസംബര്‍ ജനുവരിയും, ഓണക്കാലവുമാണ് അവിടെ സീസണ്‍. ഡ്രൈവര്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചു. കര കര ശബ്ദത്തോടെ അതു കനാലിലൂടെ സാവധാനം നീങ്ങി. ഡീസലും, എണ്ണയും വീണു കനാലിലെ ജലം മലിനമായിരുന്നു. വെള്ളത്തിന്‌ ഒഴുക്കില്ലാത്തതും മാലിന്യത്തിനു ആക്കം കൂട്ടി. സമയമിതു വരെ ആലപ്പുഴ എന്നതു കേരളത്തിലെ മറ്റേതു നഗരം പോലെയും സാധാരണമായിരുന്നു.

ഒരഞ്ചു മിനിറ്റുകൊണ്ട് തന്നെ ബോട്ട് കനാലില്‍ നിന്നു പുന്നമട കായലിലേക്ക് കടന്നു. കായലിന്‍റെ തീരങ്ങളില്‍, ഞണ്ടുകള്‍ കൂട്ടം കൂടി കിടക്കുന്നത് പോലെ നൂറുകണക്കിനു ഹൌസ് ബോട്ടുകള്‍ വിശ്രമിക്കുന്നുണ്ട്. ഹൌസ് ബോട്ടുകള്‍ യാത്ര പുറപ്പെടുന്നതും, അവസാനിപ്പിക്കുന്നതും അവിടെയാണ്. പകല്‍ ഒന്‍പതു മുതല്‍ അടുത്ത പകല്‍ ഒന്‍പതു വരെയാണ് അവയുടെ ദിവസങ്ങള്‍. അതിനാല്‍ തന്നെ പലതും സന്ദര്‍ശകരെ ഇറക്കുന്നതിന്‍റെയും, കയറ്റുന്നതിന്‍റെയും തിരക്കിലായിരുന്നു. അയ്യായിരം മുതല്‍ തുടങ്ങുന്നു അവയുടെ നിരക്കുകള്‍. ജലത്തിലുള്ള ഗൃഹങ്ങള്‍, കരയിലെ ഗൃഹങ്ങളെ കാഴ്ചയില്‍ നിന്നും മറച്ചു. ബോട്ടിലെ ഡ്രൈവര്‍ ഞങ്ങള്‍ക്ക് ഗൈഡു കൂടിയായിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ആരംഭ-അവസാന സ്ഥലങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്കായി വിവരിച്ചു. അനേകം തുഴക്കാരുടെ വിയര്‍പ്പും, വാശിയും ഏറ്റുവാങ്ങിയ അവിടം അടുത്ത മല്‍സരത്തിനെന്നവണ്ണം തയാറായിരുന്നു. അന്താരാഷ്‌ട്ര പ്രസിദ്ധമായ ആ വള്ളംകളി നേരില്‍ കാണണമെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു.

സമയവും ദൂരവും പോകെ, കേട്ടുവള്ളങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. നമ്മുടെ വീടുകളിലെ സൈക്കിളുകള്‍ പോലെ അവിടെ വീടുകളിലെല്ലാം കൊച്ചു വള്ളങ്ങളുണ്ട്. പത്തറുപത് വയസ്സായ സ്ത്രീകള്‍ വരെ അവ തുഴഞ്ഞു വരുന്നത് തുടക്കത്തില്‍ ആശ്ചര്യം ജനിപ്പിച്ചെങ്കിലും, പിന്നീട് അവ സാധാരണം മാത്രമായി. ജലത്തിനു ചുറ്റും അവരുടെ ജീവിതം പരിണാമം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. അലക്ക്, കുളി, മുതല്‍ വീട്ടാവശ്യങ്ങള്‍ക്ക് വരെ കായലില്‍ നിന്നു ആളുകള്‍ വെള്ളമെടുക്കുന്നുണ്ട്. പല വീടുകളുടെയും ഗേറ്റുകള്‍, കായലിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. പുന്നമട കായലിന്‍റെ ഓരങ്ങളില്‍ വാണിജ്യവല്‍ക്കരണം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. ചുറ്റും സ്പാകളും, ഹോം സ്റ്റേകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ജലത്തിലെ ഓളങ്ങളെയും, പായലുകളെയും കീറി മുറിക്കുവാന്‍ ഞങ്ങളുടെ ബോട്ട് കഷ്ടപ്പെടുന്നതായി തോന്നി. പുറമേക്ക് സൌന്ദര്യദായകമെങ്കിലും, ജലജന്യ ജീവിതത്തിന്‍റെ കഷ്ടപ്പാടുകള്‍ അവിടങ്ങളിലെ ജീവിതങ്ങളില്‍ വായിച്ചറിയാം.

കുട്ടനാടന്‍ പാടശേഖരങ്ങള്‍ സാവധാനം കണ്മുന്നിലേക്കെത്തിത്തുടങ്ങി. ജലനിരപ്പിനു കീഴെയായി പച്ചപ്പിന്‍റെ അനന്തമായ ഒരു വിരിപ്പ്. അവയ്ക്കിടയിലൂടെ ഒഴുകുന്ന ജല ചാലുകള്‍. അവ ആ നാടിനെ പോഷക സമൃദ്ധമാക്കുന്നു. ഭാരതത്തില്‍ ഏറ്റവും താഴ്ന്ന നിരപ്പില്‍ സ്ഥിതി ചെയ്യുന്ന ഇവിടം, ലോകത്തു തന്നെ സമുദ്രനിരപ്പില്‍ നിന്നും കീഴെ കൃഷി നടക്കുന്ന വിരളിലെണ്ണാവുന്ന പ്രദേശങ്ങളില്‍ പെടുന്നു. ചേര ഭരണ കാലത്ത് രാജ്യത്തെ പ്രബലമായ ഒരു പ്രദേശമായിരുന്നു അവിടം. തീപിടുത്തത്തില്‍ തകര്‍ന്ന ഒരു വനമേഘലയുടെ സൂചന നല്‍കിക്കൊണ്ട് കുട്ടാനാടിന്‍റെ ആഴങ്ങളില്‍ ഇന്നും കരിയുടെ സാനിധ്യമുണ്ട്. ജനങ്ങളുടെ പ്രധാന കൃഷി നെല്‍കൃഷി തന്നെ. കേരളത്തിന്‍റെ ദുരിതഭാവിയുടെ പ്രതീകമായി അവിടെ പല പാടങ്ങളിലും കൃഷി ഇറക്കാതെ തരിശായി കിടക്കുന്നത് കാണാനായി. കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പള്ളിത്താനം ലുക്ക്‌ മത്തായിയുടെ നേതൃത്വത്തില്‍, വേമ്പനാട് കായലില്‍ നിന്നു ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സൃഷ്ട്ടിച്ചെടുത്തതാണ് കുട്ടനാടന്‍ പാടശേഖരങ്ങളിലെ പല ബ്ലോക്കുകളും. സന്ദര്‍ശനത്തിനു വന്ന ഒരു ഉത്തരേന്ത്യന്‍ കുടുംബം കായലിന്‍റെ ഓരങ്ങളിലുള്ള ഒരു കള്ളു ഷാപ്പിലേക്ക് ബോട്ട് അടുപ്പിച്ചു കയറി.

ഞങ്ങള്‍ വേമ്പനാട് കായലിന്‍റെ തീരങ്ങളില്‍ സ്പര്‍ശിച്ചു. പുന്നമട കായല്‍ ചെസ്സിലെ തേരാളിയെങ്കില്‍ മന്ത്രിയാണ് വേമ്പനാട് കായല്‍. അതിന്‍റെ വന്യതയും, വശ്യതയുമാണ് വിദേശികളെ പോലും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പുന്നമട കായലും, വേമ്പനാടിന്‍റെ ഒരു ഭാഗം തന്നെയാണ്. മൂവാറ്റുപുഴ, മീനച്ചില്‍, പമ്പ, അച്ചെന്‍കോവില്‍ തുടങ്ങിയ നദികളെല്ലാം എത്തിച്ചേരുന്നിടം വേമ്പനാട് തന്നെ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായലിലൂടെ പകല്‍ മാത്രമേ ബോട്ടുകള്‍ക്ക് സഞ്ചരിക്കാനാവൂ. സന്ധ്യ ആവുന്നതോടെ കരിമീന്‍, കൊഞ്ചു കൃഷിക്കാര്‍ കായലിന്‍റെ ആഴങ്ങളില്‍ നിന്നു പൊന്നു കൊയ്തെടുക്കും. കായല്‍, രാത്രിയില്‍ വലകള്‍ കൊണ്ടു നിറയും. യാത്രയില്‍, പ്രസിദ്ധമായ പാതിരാമണല്‍ ദ്വീപ് വിദൂരങ്ങളില്‍ കാണാനാവും. പേരിലെ വശ്യത മാത്രമേ ദ്വീപിനുള്ളു. കാടും ഇഴജെന്തുക്കളും നിറഞ്ഞ ഒരു പ്രദേശമാണ് അത്. സമയം ഉച്ചയോടടുത്തു. കെട്ടുവള്ളങ്ങള്‍ ഞങ്ങളുടെ സഞ്ചാര പാതകള്‍ അപഹരിക്കാന്‍ നിഷ്കളങ്ക ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നിരന്തരമായ പാട ശേഖരങ്ങളും, വശങ്ങളിലുള്ള കേരവും, കേരളീയത വ്യക്തമാക്കുന്നു. കേട്ടുവള്ളങ്ങളുടെ ഓളങ്ങള്‍ ഞങ്ങളുടെ കൊച്ചോളങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നുണ്ട്. കായലിലൂടെ മുന്നോട്ട് പോകുന്തോറും മനുഷ്യ വാസം കുറഞ്ഞു വരുന്നു. വീടുകളൊന്നും തന്നെ വശങ്ങളില്‍ കാണാനാവുന്നില്ല. ഈ ഏകാന്തതയും, പച്ചപ്പും ഇപ്പോള്‍ കേരളത്തില്‍ നിന്നു പോലും അന്യം നിന്നു കൊണ്ടിരിക്കുകയാണ്. കെട്ടുവള്ളങ്ങളില്‍ നിന്നും പ്ലാസ്റ്റിക്‌ കൂടുകളില്‍ കെട്ടി കായലിലേക്കിടുന്ന അവശിഷ്ടങ്ങള്‍ ടൂറിസം എങ്ങനെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിന് നേര്‍സാക്ഷ്യമായി.

ഞങ്ങള്‍ ബോട്ടു യാത്ര ആരംഭിച്ചിട്ട് രണ്ടു മണിക്കൂറോളം പിന്നിട്ടു കഴിഞ്ഞു. ബ്ലോക്കുകള്‍ക്കിടയിലെ ഒരു ജല നാല്‍ക്കവലയിലൂടെ ബോട്ട് നാണിച്ചു യാത്ര തുടര്‍ന്നു. ആളൊഴിഞ്ഞ ഒരു പാടശേഖര ബ്ലോക്കില്‍ ഡ്രൈവര്‍ വണ്ടി അടുപ്പിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശയെ തുടര്‍ന്നു പാടശേഖരങ്ങളുടെ അതിരുകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ ദ്രുതം പുരോഗമിക്കുന്നുണ്ട്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കായലില്‍ നിന്നു മണ്ണെടുത്ത് അതിരുകളില്‍ നിക്ഷേപിക്കുകയാണ്. മണ്ണിനടിയിലെ കരിയുടെ നിക്ഷേപം വ്യക്തമായി കാണാം. ആ ബ്ലോക്കില്‍ ആളൊഴിഞ്ഞ പൂട്ടിയിട്ട നിലയിലുള്ള ഒരു ക്രിസ്ത്യന്‍ പള്ളി കാണാനായി. ഞങ്ങളല്ലാതെ വേറെ മനുഷ്യ ജീവികളെ അവിടെയെങ്ങും കാണാനായില്ല. ഞങ്ങള്‍ പള്ളിക്ക് ചുറ്റും നടന്നു. ആളൊഴിഞ്ഞ പള്ളി പരിസരങ്ങള്‍ പുല്ലുകള്‍ അവയുടെ കാല്‍ച്ചുവട്ടില്‍ ആക്കി കഴിഞ്ഞിരുന്നു. വള്ളിപ്പടര്‍പ്പുകളിലിരുന്നു കിളികള്‍ ശബ്ദമുണ്ടാക്കുന്നു. അതിരുകള്‍ പാകി നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകള്‍, ഞങ്ങളെ കണ്ടിട്ടെന്നവണ്ണം കാറ്റത്ത്‌, ഓലയടിച്ചു ശബ്ദമുണ്ടാക്കി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. പള്ളിയുടെ ജനലിലൂടെ പൊടി പിടിച്ചു കിടക്കുന്ന വിശുദ്ധ രൂപങ്ങള്‍ കാണാം. അള്‍ത്താരയില്‍ നിന്നും ഒരു പൂച്ചക്കുട്ടി അതിന്‍റെ സ്വൈര്യ വിഹാരത്തിന് തടസ്സമുണ്ടാക്കിയത്തില്‍ പ്രതിഷേധിച്ചു ജനല്‍ വഴി പുറത്തേക്കോടി. ജനലിന്‍റെ ഒരു വശത്ത്, കത്തിതീരാറായ ഒരു മെഴുകുതിരി, ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന വയോധികനെ പോലെ, നാളം നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടുന്നു. കാറ്റ് അതിന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ താങ്ങിയും തലോടിയും കടന്നു പോകുന്നു. അല്‍പ സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരികെ ബോട്ടില്‍ കയറി. വള്ളിപ്പടര്‍പ്പുകളില്‍ ഒച്ചയുണ്ടാക്കിയിരുന്ന കിളികള്‍ പറന്നു പോകുന്നത് ഞങ്ങള്‍ ബോട്ടിലിരുന്നു കണ്ടു.

ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. സമയം ഉച്ചയോടടുത്തു. വന്ന വഴികളിലൂടെയുള്ള ഒരു മടക്കസഞ്ചാരം. കായലരുകില്‍ തന്നെയുള്ള ഒരു ഹോട്ടെലിന്‍റെ മുന്നില്‍ ഡ്രൈവര്‍ ബോട്ടടുപ്പിച്ചു. ഞങ്ങള്‍ തിരഞ്ഞെടുത്ത കരിമീനും, കൊഞ്ചും, മിനിറ്റുകള്‍ക്കുള്ളില്‍ മുന്നില്‍ പാകമായെത്തി. ഡ്രൈവറും ബോട്ടിലിരുന്ന് ഭക്ഷണം കഴിച്ചു. മുന്നിലെ കായലിലൂടെ കെട്ടുവള്ളങ്ങളില്‍ അനേകം കുടുംബങ്ങള്‍ സഞ്ചാരം തുടരുന്നുണ്ട്. കെട്ടുവള്ളങ്ങള്‍ തന്നെ പല വലിപ്പങ്ങളില്‍ ലഭ്യമാണ്. പതിനഞ്ചു കിടപ്പുമുറികള്‍ ഉള്ള ഇരുനില കെട്ടുവള്ളങ്ങള്‍ വരെ ഞങ്ങള്‍ കണ്ടു മുട്ടി. അവ ഞങ്ങളുടെ പാതയില്‍ നിന്നു വഴിമാറാന്‍ കൂട്ടാക്കാത്ത ഗജവീരന്മാരെ പോലെ നിലകൊണ്ടു. ഉദ്ദേശം രണ്ടു മണിയോടെ ഞങ്ങള്‍ തിരികെ യാത്രയാരംഭിച്ച സ്ഥലത്ത് മടങ്ങിയെത്തി. ഡ്രൈവര്‍ക്ക് സലാം പറഞ്ഞു അടുത്ത യാത്രക്ക് ഞങ്ങള്‍ ഒരുങ്ങി. ആലപ്പുഴയില്‍ നിന്നു കോട്ടയത്തേക്കു സര്‍വീസ് ബോട്ടില്‍ ഒരു യാത്ര.

സര്‍ക്കാര്‍ ബോട്ട് സ്റ്റാന്‍റ് ജട്ടിയുടെ സമീപത്തു തന്നെയാണ്. കോട്ടയം എന്ന ബോര്‍ഡും ഉയര്‍ത്തി അഭിമാനപൂര്‍വ്വം ഒരുവന്‍ ജലത്തില്‍ നിലയുറപ്പിച്ചിരുന്നു. കൃത്യം രണ്ടരക്ക് തന്നെ ബോട്ട് യാത്ര ആരംഭിച്ചു. ഒരു സര്‍വീസ് ബോട്ടില്‍ അഞ്ചു ജീവനക്കാരുണ്ട്. രണ്ടു പേര്‍ ബോട്ടു കരയിലേക്ക് അടുപ്പിക്കാനും, ഒരാള്‍ ടിക്കെറ്റ് എടുക്കാനും, മറ്റൊരാള്‍ അടിയില്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനും, മറ്റൊരാള്‍ ബോട്ടിന്‍റെ മുകളില്‍ ബോട്ട് നിയന്ത്രിക്കാനും. ഞങ്ങള്‍ മുമ്പു സഞ്ചരിച്ച ബോട്ടിനെ അപേക്ഷിച്ചു, വളരെ ശക്തമായ എഞ്ചിനാണ് സര്‍വീസ് ബോട്ടിലുള്ളത്. കായലിന്റെ അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന സ്റ്റോപ്പുകളില്‍ നിന്നും ആളെ എടുക്കാന്‍, വളഞ്ഞും പുളഞ്ഞും ബോട്ടു കായലിലൂടെ മുന്നേറി. ബോട്ട് ഡ്രൈവര്‍ ആരെയെങ്കിലും കാണാതെ പോയെങ്കില്‍, കരയില്‍ നിന്നും ആളുകള്‍ കൂവി ഡ്രൈവറുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും കണ്ടു. സര്‍വീസ് ബോട്ട് കോട്ടയത്തേക്കുള്ള അതിന്‍റെ യാത്രാ മധ്യേ,  ടൂറിസ്റ്റ് ബോട്ടുകള്‍ പൊതുവില്‍ പോകാത്ത കുട്ടനാടിന്‍റെ ഹൃദയ ഭാഗങ്ങളിലേക്ക് പ്രവേശിച്ചു. മനുഷ്യ വാസത്തിന്‍റെ നേരിയ ലാഞ്ചന പോലും കാണിക്കാത്ത അനേകം പാടശേഖര ബ്ലോക്കുകള്‍. അവയില്‍ നിന്നും പണിക്കു ശേഷം ബോട്ടില്‍ കയറുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. കായലിലെ സ്വച്ഛമായ അന്തരീക്ഷം. നേരിയ കാറ്റ്. വശങ്ങളില്‍ വിശ്രമിക്കുന്ന കെട്ടുവള്ളങ്ങള്‍. ഇവയിലൂടെയാണ് ഞങ്ങളുടെ ബോട്ട് അതിന്‍റെ മുന്നോട്ടുള്ള ഗതി നടത്തുന്നത്. വേമ്പനാട്ടു കായലില്‍ നിന്നും ബോട്ട് ഒരു നദിയിലേക്ക് പ്രവേശിച്ചു. നദിക്കു കുറുകെയുള്ള നടപ്പാതകള്‍ ബോട്ട് വരുമ്പോള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് റെയില്‍വേ ക്രോസ്സുകളിലെ ബാറുകളെ ഓര്‍മിപ്പിച്ചു. സാവധാനം വശങ്ങളിലെ വീടുകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ കണ്ടു തുടങ്ങി. പിന്നീടു ടാറിട്ട റോഡുകള്‍ കണ്ടു. കാറുകള്‍, ലോറികള്‍ക്കും ബസ്സുകള്‍ക്കും വഴിമാറി. ഞങ്ങളുടെ ബോട്ടും നഗരത്തിലേക്കു പ്രവേശിച്ചു. കറുത്ത ബോര്‍ഡില്‍ വെളുത്ത ചായം കൊണ്ടെഴുതിയ "കോട്ടയം" എന്ന വലിയ അക്ഷരങ്ങള്‍ ഞങ്ങളെ കരയിലേക്കു സ്വാഗതം ചെയ്തു.

Sunday, September 23, 2012

ചില്ലറ മേഘലയിലെ വിദേശ നിക്ഷേപം- ഒരു പഠനം.


നമ്മുടെ രാജ്യത്തെ ഒരു പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ foreign direct investment അഥവാ fdi ആയി മാറിയിരിക്കുകയാണ്. സ്വരാജ്യത്തല്ലാതെ, മറ്റൊരിടത്തു കമ്പനി വാങ്ങുവാണോ, പ്രവര്‍ത്തനം വിപുലീകരിക്കാണോ കമ്പനികള്‍ പണം നിക്ഷേപിക്കുന്നതിനെ ആണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു കമ്പനിയുടെ വോട്ടിംഗ് ഷെയറുകളുടെ 10%ത്തില്‍ കൂടുതല്‍ വിദേശ കമ്പനി അതില്‍ നിക്ഷേപിച്ചാല്‍ മാത്രമേ അതിനെ fdi ആയി പരിഗണിക്കാറുള്ളു. മറ്റു രാജ്യങ്ങളുടെ സുരക്ഷാ നിക്ഷേപങ്ങളായ ബോണ്ടുകളിലും സ്റ്റോക്കുകളിലും പണം നിക്ഷേപിക്കുന്ന portfolio investmentല്‍ നിന്നുവ്യത്യസ്ഥമാണിത്. ഒരു രാജ്യത്തെ ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ആ രാജ്യത്തേക്കുള്ള മൊത്തം പണവരവ് (inflow) ഒരു പ്രധാന ഘടകമാണ്. fdi മുഖാന്തരം ഒഴുകുന്ന ധനം ദേശീയ വരുമാനം ഉയര്‍ത്തുന്നതിനാല്‍, സമ്പത്ത്‌ വ്യവസ്ഥയെ ചലിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് fdi. fdi ഏതൊക്കെ മേഘലകളില്‍ എങ്ങനെയൊക്കെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്‍റെ വിജയവും, പരാജയവും വരുന്നത്.

ലോകത്ത് fdi വഴി ഏറ്റവും പണം ഒഴുകിയിട്ടുള്ളത് അമേരിക്കയിലേക്കാണ്. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയുടെ 15 ശതമാനത്തില്‍ കൂടുതല്‍ പണം fdi വഴി മാത്രം എത്തിയതാണ്. രണ്ടാമതായി വളര്‍ച്ചക്ക് ഏറ്റവുമധികം fdi ഉപയോഗിച്ചിരിക്കുന്നത് ചൈന ആണ്. ലോകത്തെ വികസിത രാജ്യങ്ങളുടെയെല്ലാം വരുമാന സൂചിക വിലയിരുത്തിയാല്‍, fdiയുടെ പങ്കു അവയില്‍ വളരെ വലുതാണെന്ന് മനസ്സിലാക്കാം. ഇന്ത്യയില്‍, അമേരിക്കയിലും ചൈനയിലും ലഭിക്കുന്നതിന്‍റെ അഞ്ചില്‍ ഒന്നു മാത്രമേ fdi ആയി ലഭിക്കുന്നുള്ളൂ. fdi വരുന്നതിനു രാജ്യത്തെ നിയമവാഴ്ചയും, അവസരങ്ങളും, ഇന്‍ഫ്ര സ്ട്രക്ച്ഛറും, നിക്ഷേപ അന്തരീക്ഷവും തുടങ്ങി പലവിധ കാരണങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വതന്ത്ര വിപണികളുള്ള രാജ്യങ്ങളിലേക്കാണ് fdi ഒഴുക്ക് കൂടുതല്‍.

fdi, പണം നിക്ഷേപിക്കുന്ന രാജ്യത്തിനും, സ്വീകരിക്കുന്ന രാജ്യത്തിനും ഗുണകരമായ ഒരു ധനവിനിയോഗമാണ്. പണം മുടക്കുന്ന കമ്പനിക്ക്‌, രാജ്യാന്തര ബിസിനസ്സിലും, പുത്തന്‍ വിപണികളിലും, നൂതന വിപണന വഴികളിലും പ്രവേശിക്കുവാനും, പുതിയ സാങ്കേതിക വിദ്യ, പ്രവര്‍ത്തന പരിചയം എന്നിവ സ്വായത്തമാക്കുവാനും, പുത്തന്‍ ഉല്പന്നങ്ങളോ, സര്‍വീസുകളോ വഴി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും, ചെലവ് കുറഞ്ഞ ഉല്പാദനത്തിനും fdi അവസരമൊരുക്കുന്നുണ്ട്. പണം സ്വീകരിക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം, വികസനത്തിനുള്ള വിദേശ മൂലധനത്തിനും, പുത്തന്‍ മനേജ്മെന്റ്റ് തത്വങ്ങള്‍, സാങ്കേതിക വിദ്യ, പ്രവര്‍ത്തി പരിചയം എന്നിവ സ്വീകരിക്കുവാനും, പുത്തന്‍ തോഴിലവസരങ്ങള്‍ക്കുള്ള വഴിയും fdi ഒരുക്കുന്നു. എല്ലാ മേഘലകളിലും ആഗോള തലത്തിലാണ് ഇന്ന് ബിസ്സിനസ്സ് നടക്കുന്നത് എന്നതിനാല്‍ fdiക്ക് ഒരു രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ വികസനത്തിനുള്ള പങ്കു നിസ്സാരമല്ല.

മറ്റേതു മേഘലകളില്‍ വിദേശ നിക്ഷേപം വരുന്നതിനേക്കാളും എതിര്‍പ്പ് നേരിടുന്നത് ചില്ലറ വിപണന രംഗത്ത് വരുന്ന വിദേശ നിക്ഷേപത്തിനാണ്. മറ്റു മേഘലകളെക്കാളും പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഈ രംഗം സ്വാധീനിക്കുന്നു എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഇതില്‍ ലക്ഷക്കണക്കിന് ഭാരതീയര്‍ ഇന്ന് തൊഴിലെടുക്കുന്നുണ്ട് എന്നതു മറ്റൊരു കാരണം. ഈ മേഘലയില്‍ ലോകത്ത് പല രാജ്യങ്ങളിലും fdi പരീക്ഷിച്ചിട്ടുണ്ട്. ചൈന, സിങ്കപ്പൂര്‍, അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഇതു പൂര്‍ണ വിജയം കണ്ടെങ്കിലും , ബ്രസീല്‍, ചില്ലി മുതലായ രാജ്യങ്ങള്‍ക്ക് അത്ര വിജയകരമല്ലാത്ത കഥയും പറയുവാനുണ്ട്. അതിനാല്‍ തന്നെ ധനതത്വശാസ്ത്രത്തോടൊപ്പം, ചില്ലറ വിപണന മേഘലകളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള മറ്റു മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കും ഇവയുടെ വിജയത്തില്‍ വലിയ പങ്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ വിജയവും, പരാജയവും തീരുമാനിക്കുന്നത്, എങ്ങനെ ഇതു നടപ്പാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഇപ്പോഴത്തെ നമ്മുടെ ചില്ലറ വ്യാപാര മേഘലയുടെ പോരായ്മകള്‍ ഇവയാണ്.

1) ഇന്‍ഫ്രാസ്ട്രക്ച്ചര്‍ : നമ്മുടെ വിപണികളില്‍ ലോജിസ്റ്റിക്ക്സില്‍ ഉണ്ടായിട്ടുള്ള നിക്ഷേപം തീര്‍ത്തും ശുഷ്കമാണ്. ഭാരതം പച്ചക്കറികളുടെയും, പഴങ്ങളുടെയും ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണെങ്കിലും, ഇവിടെ കോള്‍ഡ്‌ സ്റ്റോറേജ് സൌകര്യങ്ങള്‍ വളരെ കുറവാണ്. ഉള്ളവ തന്നെ വിദൂര സ്ഥലങ്ങളില്‍ ആയതിനാല്‍, പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് വിദൂര, വിദേശ വിപണികളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. അതിനെ മറികടക്കുവാന്‍, കനത്ത വിഷപ്രയോകങ്ങളും ഇവിടെ നടത്തപ്പെടുന്നു.  കാര്‍ഷീക രംഗത്തും, ഉല്പാദന സമയത്തു നിന്നു ക്ഷാമ കാലത്തേക്ക് സാധനങ്ങള്‍ സൂക്ഷിക്കുവാന്‍  സ്റ്റോറേജ് ആവശ്യമാണ്‌. ഇതിന്‍റെ കുറവ് മൂലം, കര്‍ഷകരുടെ ഉല്പാദനത്തെ ബാധിക്കുകയും, അവര്‍ക്ക് ധാരാളം നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.
 
2) ഇടനിലക്കാരുടെ ആധിക്യം: നമ്മുടെ വിപണന ശ്രംഖലയില്‍ വില നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് ഇടനിലക്കാരനാണ്. ഇവ വില സംവിധാനത്തില്‍ സുതാര്യത നഷ്ടപ്പെടുത്തുന്നു. വിപണി വിലയുടെ അഞ്ചില്‍ ഒന്നു പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത ഉദാഹരണങ്ങള്‍ നിരവധിയാണ്.

3) പൊതുവിതരണ ശ്രംഖലയുടെ അപര്യാപ്തത: നമ്മുടെ പൊതുവിതരണ സിസ്റ്റത്തിന്‍റെ കാര്യക്ഷമത വളരെ മോശമാണ്. സാധനങ്ങള്‍ വാങ്ങുന്നതിലും, വിതരണം ചെയ്യുന്നതിലുമുള്ള അശാസ്ത്രീയത മൂലം ധാരാളം ഭക്ഷ്യ സാധനങ്ങള്‍ ആര്‍ക്കും പ്രയോജനപ്പെടാതെ നശിച്ചുപോകുന്നു. ഇതു സബ്സിഡിയോടു കൂടിയതായതിനാല്‍, അവ പണപ്പെരുപ്പം ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു. അവസാനം നശിച്ചു പോകുന്നവയുടെ വിലയുടെ ഒരു പങ്കും ഉപഭോക്താവ് നല്‍കേണ്ടി വരുന്നു.

4)ചെറിയ വിപണി: നമ്മുടെ ചെറുകിട മേഘലക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ്‌ ചെയ്യുവാനോ, മാര്‍ക്കറ്റ്‌ ചെയ്യുവാനോ സാധിക്കുന്നില്ല. ആയതിനാല്‍, അവക്ക് ബഹുരാഷ്ട്ര ബ്രാണ്ടുകളുടെ സ്വീകാര്യത ലഭിക്കാതെ വരികയും, ലോക്കല്‍ വിപണിയില്‍ ഒതുക്കപ്പെടുകയും ചെയ്യുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപത്തിന്‍റെ ആവശ്യകത
1) ചില്ലറ വ്യാപാര രംഗത്തെ fdi ഈ രംഗത്ത് മല്‍സരം വര്‍ധിപ്പിക്കുകയും, അതു മൂലം ഉല്പാദന രംഗത്ത് പുത്തന്‍ ഉണര്‍വേകുകയും ചെയ്യും.
2) വിദേശ ബ്രാന്‍ഡുകള്‍ ശീലമാക്കിയ വ്യക്തികള്‍ക്ക്, ആ പണം നമ്മുടെ രാജ്യത്തു തന്നെ വിനിയോഗിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇതിന്‍റെ നികുതി കൂടി സര്‍ക്കാരിനു ലഭിക്കുന്നതിനാല്‍ ഇത് ഗുണമുള്ള മറ്റൊരു കാര്യമാണ്.
3) fdi വഴി പണം നമ്മുടെ രാജ്യത്തുള്ള എതെങ്കിലും കമ്പനിയില്‍ എത്തുമ്പോള്‍, കമ്പനിയുടെ മൂല്യം ഉയരുകയും, അതില്‍ പണം നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാര്‍ക്ക് സ്റ്റോക്കിലെ ഉയര്‍ന്ന വില മൂലം അതിന്‍റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
4)ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളുടെ പുത്തന്‍ സാങ്കേതിക വിദ്യയും, സാങ്കേതിക പരിചയവും, മനേജ്മെന്‍റ് തത്വങ്ങളും ലഭിക്കുന്നു. ഇവ കമ്പനിയുടെ ഭാവിക്ക് ഗുണകരമാണ്.
5) fdi വഴി രാജ്യത്തിന്‍റെ ദേശീയ വരുമാനം ഉയരുകയും, സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സ്പെണ്ടിങ്ങ് പവര്‍ ലഭിക്കുകയും ചെയ്യും.
6) പുതിയ സപ്ലൈ ചെയിന്‍ മാതൃക മൂലവും, സാങ്കേതിക വിദ്യ മൂലവും, കര്‍ഷകര്‍ക്ക് ഉല്പാദനം ഉയരുകയും, അവരുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. ഇതു ഭക്ഷ്യ പണപ്പെരുപ്പം തടയുന്നതിനും സഹായിക്കും.
7) ചില്ലറ വ്യാപാര വിപണന രംഗത്തെ നിലവാരം ഉയരുന്നത് മൂലം, നമ്മുടെ മദ്ധ്യവര്‍ഗ ഉപഭോക്തൃ മേഘലയുടെ നിലവാരം ഉയരാന്‍ സാദ്ധ്യത ഉണ്ട്.

രാജ്യം, വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനു മുമ്പ് എടുക്കേണ്ട മുന്‍കരുതലുകള്‍.
ഒരു വന്‍ ജനസമൂഹത്തെ ഇതു നേരിട്ട് ബാധിക്കുമെന്നതിനാല്‍, വിപണി തുറന്നു കൊടുക്കന്നതിനു മുമ്പ് ചില മുന്‍കരുതലുകള്‍ ആവശ്യമാണ്‌. ഇതു സര്‍ക്കാരുകള്‍ ഉറപ്പാക്കണം.
1) സ്വകാര്യ മേഘല ലാഭം അധിഷ്ടിതമാക്കി മാത്രം പ്രവര്‍ത്തനം നടത്തുന്ന ഒരു മേഘലയായതിനാല്‍, ഇതു നമ്മുടെ സാമൂഹീക-സാമ്പത്തീക ജീവിത രീതികളെ ബാധിക്കുവാനും, പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുവാനും വഴി വെയ്ക്കും. ഇതു ആത്യന്തീകമായി സാമൂഹീക സമാധാനത്തെ ബാധിക്കും. ആയതിനാല്‍ തന്നെ, ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പ്രധാന പങ്കു, ഇതു മൂലം തൊഴില്‍ രഹിതരാകാന്‍ സാധ്യതയുള്ള ചില്ലറ മേഘലയിലെ വ്യാപാരികള്‍ക്ക്‌, മറ്റു സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള പ്രോത്സാഹനമായി, ലോണ്‍ ആയി കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്നത് ഉചിതമായിരിക്കും.

2)ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായും നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനാല്‍, ഗ്രാമ, നഗര അന്തരം വര്‍ധിക്കുവാന്‍ സാധ്യതയേറെയാണ്. ഇതു സമൂഹീക അസന്തുലിതാവസ്ഥ ഉണ്ടാക്കും. ആയതിനാല്‍, ഗ്രാമീണ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടി വരും.
3) വിദേശ കമ്പനികള്‍ക്ക് നാട്ടില്‍ തന്നെ ഉല്പന്നങ്ങള്‍ സംസ്കരിക്കുന്നതിനും, സൂക്ഷിക്കുന്നതിനും ഉള്ള സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ പ്രോത്സാഹിപ്പിക്കുക. അത് വഴി നാട്ടില്‍ തൊഴില്‍ ഉണ്ടാവുകയും, കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കുവാനും സാധിക്കും.

4)ഇത്തരം സ്ഥാപനങ്ങളില്‍ വിറ്റഴിക്കുന്ന ഉല്പന്നങ്ങളില്‍ ഒരു നിശ്ചിത ശതമാനം നാട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നു നിഷ്കര്‍ഷിക്കുക. ഇതു രാജ്യത്തെ ഉല്പാദനം വര്‍ധിപ്പിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ അത് മുപ്പതു ശതമാനം എന്നാണു നിശ്ചയിച്ചിരിക്കുന്നത്.
5)ഇവയിലെ തൊഴിലാളികളില്‍ ഒരു നിശ്ചിത ശതമാനം ഗ്രാമീണര്‍ക്കായി മാറ്റിവെയ്ക്കുന്നതും നല്ലതായിരിക്കും. എന്നാല്‍ ഈ ശതമാനം വലിയ തോതില്‍ ഉയരാതെ സര്‍ക്കാരുകള്‍ സൂക്ഷിക്കണം.

6) വന്‍ നഗരങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം പഠിച്ചു വിലയിരുത്തിയ ശേഷം മാത്രം ചെറു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉചിതം. ചെറു നഗരങ്ങളില്‍ എത്തുമ്പോഴാണ് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത കൂടുതല്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
7) അനുമതിക്ക് മുമ്പ് പ്രവര്‍ത്തനത്തെ പറ്റിയുള്ള ഒരു സമഗ്ര നിയമ നിര്‍മ്മാണം അത്യാവശ്യം വേണ്ട ഒരു കാര്യമാണ്. അശാസ്ത്രീയ വില രീതി നിയന്ത്രിക്കാന്‍ ഒരു സ്വതന്ത്ര കോംപറ്റീഷന്‍ കമ്മീഷനും അഭികാമ്യം.

മുകളിലെ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇവയുടെ ദൂഷ്യവശങ്ങളായ തൊഴില്‍ നഷ്ടവും, അവശ്യ സാധനങ്ങളുടെ അശാസ്ത്രീയ വില നിര്‍ണയവും നിയന്ത്രിക്കാനാവും. എവിടെയും സര്‍ക്കാരുകള്‍ക്കാണ് ജനങ്ങളുടെ സംരക്ഷകരായി മാറുവാനുള്ള ഉത്തരവാദിത്വം. അവരാണ് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നത്. ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ നാട്ടിലെ സമ്പത്ത് വ്യവസ്ഥക്ക് വളരെ ഗുണകരമാണ് fdi. എന്നാല്‍ ഈ ശ്രദ്ധ സര്‍ക്കാരുകള്‍ പുലര്‍ത്തണമെന്ന് മാത്രം.