Raise our Conscience against the Killing of RTI Activists




Thursday, August 12, 2010

തടയിലേക്ക്‌ ഒരു ഉല്ലാസയാത്ര



ഔദ്യോഗീക ആവശ്യത്തിനായി ആന്ധ്രാപ്രദേശില്‍ എത്തിയതായിരുന്നു. ജോലിക്കിടയിലുള്ള ഒരു ഞായറാഴ്ച, റൂമില്‍ ചടഞ്ഞിരുന്നപ്പോഴാണ്‌ ഒരു ട്രിപ്പ്‌ അടിച്ചാലൊ എന്നൊരു ആലൊചന വന്നത്‌. സമാന മനസ്ഥിതിക്കാരായ 5 പേരെ കണ്ടെത്താന്‍ ഒട്ടും താമസമുണ്ടായില്ല. ഉച്ചക്കു 12:30 ഓടെ ഉച്ച ഭക്ഷണമൊക്കെ കഴിച്ച്‌ എല്ലാവരും യാത്ര പോകുവാന്‍ റെഡി ആയിക്കഴിഞ്ഞു.

 ഞങ്ങളുടെ ജോലി അവിടെ ഒരു ഗ്രാമത്തിലാണ്‌. അതിനാല്‍ തന്നെ അവിടെ യാത്രക്കായി ആളുകള്‍ ഭൂരിഭാകവും ജീപ്പും ഓട്ടോയുമാണ്‌ ഉപയൊഗിക്കുന്നത്‌. ജീപ്പെന്നൊക്കെ പറഞ്ഞാല്‍ ജീപ്പിന്‌ നാണം വരും. അതു പോലത്തെ തുക്കട ജീപ്പാണ്‌. അറിയാവുന്ന തെലുങ്കും തമിഴും കൂട്ടി കുഴച്ച്‌ ഞങ്ങളും, അറിയാവുന്ന ഇംഗ്ളീഷില്‍ ജീപ്പുകാരനും, വാടക സംബന്ധിച്ചു 10 മിനിറ്റ്‌ നേരത്തെ തര്‍ക്കം. അത്‌ ഒടുവില്‍ ഫലം കണ്ടു. വാടക ഉറപ്പിച്ച്‌ അവസാനം ജീപ്പ്‌ പുറപ്പെടാന്‍ തയാറായി, കൂടെ ഞങ്ങളും.

ജീപ്പിന്‍റെ പുറകു വീലിന്‍റെ മുകളില്‍ ഒരു അമ്പ്ളിഫയര്‍ വച്ചിട്ടുണ്ടോ എന്ന്‌ സംശയം തോന്നി. ചെറിയ കുഴിയില്‍ വീഴുമ്പോള്‍ തന്നെ ഞങ്ങള്‍ എല്ലാവരും പൊങ്ങിച്ചാടുകയാണ്‌. വണ്ടി സാവധാനം ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന്‌ NHലേക്കു കയറി. പിന്നിട്‌ നല്ല യാത്രയായിരുന്നു. വണ്ടി തടയില്‍ എത്തി. പിന്നെ വെറൊരു കുഗ്രാമത്തിലെക്കാണ്‌ യാത്ര. കുലുക്കത്തിന്‍റെ അളവു വീണ്ടും കൂടി വന്നു. പോകുന്ന വഴിക്കാണ്‌ ആള്‍ ദൈവങ്ങളായ കല്‍ക്കി ഭഗവാന്‍റെയും പത്നിയുടേയും ആശ്രമം എന്നു വിളിക്കപ്പെടുന്ന കൊട്ടാരം. ഇനിയുള്ള കാലം മെയ്യനങ്ങാതെ ജീവിക്കണമെങ്കില്‍ ഇതൊക്കെയാണ്‌ വഴി എന്നു തോന്നി. അവിടെ അല്‍പ സമയം ചിലവഴിച്ച ശേഷം ഞങ്ങള്‍ പുറപ്പെട്ടു. ടാറിട്ട റോഡ്‌ പിന്നിടു ടാറിടാത്തതിലേക്കും, അതു പിന്നീടു കുണ്ടും കുഴിയും നിറഞ്ഞ വന പാതയിലെക്കും മാറി. വണ്ടി സത്യവേതു വനമേഖലയില്‍ എത്തി. നല്ല കുലുക്കം മൂലം തല മുകളില്‍ ഇടിക്കുന്നതിനാല്‍ ഞങ്ങള്‍ കമിഴ്‌ന്നും മലന്നുമൊക്കെയാണ്‌ പുറകില്‍ ഇരിപ്പ്‌. ഉദ്ദേശം 2: 30ഓടു കൂടി വണ്ടി ലക്ഷ്യസ്ഥലത്തെത്തി.

കൃത്യമായ അടയാളങ്ങളോ ബോര്‍ഡുകളോ ഒന്നും വെള്ളച്ചാട്ട മേഖലയില്‍ ഇല്ല. ഞങ്ങള്‍ ഒരു വഴി സങ്കല്‍പ്പിച്ചു നടത്തം തുടങ്ങി. നല്ല വെയിലുമുണ്ട്‌. ഉദ്ദേശം 20 മിനിറ്റ്‌ ആയിട്ടും ആളുകളെ ആരെയും കാണുന്നില്ല.അതു വഴി കടന്നുപോയ ഒരു വണ്ടിക്കാരനോടു ചോദിച്ചപ്പോഴാണ്‌ വഴി തെറ്റിയ വിവരം മനസ്സിലാവുന്നത്‌. ഞങ്ങള്‍ നേരെ തിരിച്ചു വിട്ടു. അപ്പോള്‍ അതുവഴി പൊയ 2 ബൈക്കുകളില്‍, പുറകില്‍ 2 കിടിലന്‍ സുന്തരികളെ കണ്ട്‌ എന്‍റെ സുഹൃത്ത്‌ പ്രതിമ കണക്കെ അതു നോക്കി നിന്നുപോയതും, ബൈക്ക്‌ ഓടിക്കുന്നവന്‍ വണ്ടി നിര്‍ത്തി അവനെ ഓടിച്ചു വിട്ടതും രസകരമായ നിമിഷങ്ങളായിരുന്നു. അങ്ങനെ ഉദ്ദേശം 40 മിനിറ്റ്‌ നേരത്തെ നടത്തത്തിനു ശേഷവും ഞങ്ങള്‍ തുടങ്ങിയ സ്ഥലത്തു തന്നെ.

അങ്ങനെ ഞങ്ങള്‍ യഥാര്‍ത്ഥ യാത്ര തുടങ്ങി. ഉദ്ദേശം 4 കിലോമീറ്റര്‍ വനത്തിനകത്താണ്‌ തട വെള്ളച്ചാട്ടം. അങ്ങോട്ടേക്കുള്ള വഴി മുഴുവന്‍ കല്ലും പാറയും നിറഞ്ഞതും. ആ ട്രക്കിംഗ്‌ തന്നെയാണ്‌ തട യാത്രയുടെ പ്രത്യേകതയും. വഴിയരുകിലുള്ള കുപ്പിയും മറ്റു മാലിന്യങ്ങളും പറക്കിക്കൊണ്ട്‌ "സേവ്‌ തട" മുദ്രാവാക്യമണിഞ്ഞ ഡ്രെസ്സുമായി ചെന്നൈ ട്രക്കിംഗ്‌ ക്ളബ്ബിന്‍റെ കുറേ അംഗങ്ങളും അവിടെ സുലഭമായിരുന്നു.തുടക്കത്തില്‍ നടക്കാന്‍ പാകത്തിലുണ്ടായിരുന്ന മണ്‍പാതകള്‍ പിന്നീടു ചെറു കല്ലുകള്‍ നിറഞ്ഞവയിലേക്കു വഴി മാറി. പോകുന്ന വഴിയിലുടനീളം നമ്മുടെ ശരീരവും മനസ്സും തണുപ്പിക്കാന്‍ എന്ന വണ്ണം മാങ്കൊ പൂള്‍ എന്ന പേരില്‍ വെള്ളക്കെട്ടുകള്‍ ഉണ്ട്‌. ഇടക്കു കണ്ട ഒരു മരത്തിന്‍റെ മുകളില്‍ കയറിയും മറ്റും ഞങ്ങള്‍ ഫോട്ടോക്കായി പോസ്‌ ചെയ്തുകൊണ്ടിരുന്നു.

യാത്രയിലുടനീളം 3, 4 പ്രാവശ്യം ചെറു അരുവികള്‍ മുറിച്ചു കടക്കേണ്ടതായിട്ടുണ്ട്‌. ഉദ്ദേശം 3 കിലോമീറ്റര്‍ വനത്തിനകത്തായി ഒരു ശിവ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്‌. അവിടെ ഉടനീളം മരത്തില്‍ എന്തോ കെട്ടി തൂക്കിയിട്ടുണ്ട്‌. വീണ്ടും അരുവി മുറിച്ചു കടന്ന്‌, ഞങ്ങള്‍ യാത്ര തുടങ്ങി. കൂട്ടത്തിലെ ഒരുത്തന്‍ അപ്പോഴേക്കും നടന്ന്‌ മടുത്ത്‌ യാത്രയില്‍ നിന്ന്‌ രാജി വച്ചിരുന്നു.

അതിനു ശേഷമുള്ള വഴി അല്‍പം സാഹസികമാണ്‌. ഒറ്റയടി പാതയാണ്‌. അതും, കൊടും കാട്ടിലൂടെ. സമയം ഉച്ച കഴിഞ്ഞേ ഉള്ളെങ്കിലും, തീരെ വെളിച്ചമില്ല. പാറക്കു മുകളിലൂടെ കയറി അടുത്ത ചെറു അരുവിക്കര എത്തി. പിന്നീടു ആ കൊച്ചരുവി വഴിയാണ്‌ മുകളിലേക്കു കയറേണ്ടത്‌. പാറക്കൂട്ടം ഒക്കെ ചാടി കയറി ഒടുവില്‍ ഞങ്ങള്‍ വെള്ളച്ചാട്ടത്തിനടുത്തെത്തി. അല്‍പ സമയം മാത്രമെ അവിടെ ചിലവഴിക്കാന്‍ സാധിച്ചുള്ളു. അവിടെയുണ്ടായിരുന്ന ഇരുട്ടും, പിന്നെ ദൂരെയുള്ള ജോലി സ്ഥലവും ഞങ്ങളെ തിരിച്ചു പോകാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു.



ഉദ്ദേശം 6:00 മണിയോടെ ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത സ്ഥലത്തെത്തി. ഇത്രയധികം നടന്നതിനാല്‍ ഞങ്ങളില്‍ പലരും തളര്‍ന്നിരുന്നു. കേരളത്തിലെ സ്ഥിതി എത്ര മെച്ചമാണെന്ന്‌ ആ കുഗ്രാമങ്ങളിലൂടെയുള്ള യാത്ര ഞങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അത്താഴം, ഞങ്ങള്‍ ഇടക്കിടക്ക്‌ ഒത്തു കൂടാറുള്ള പഞ്ചാബി ധാബയിലാക്കി. ചിക്കണ്‍ മുഗുളായും, ചില്ലി ചിക്കണും, അണ്ടിപ്പരിപ്പു വറുത്തതും, ചിക്കണ്‍ 65ഉം, പായസവും എല്ലാം ഞങ്ങുളുടെ യാത്രക്കു ഉഗ്രന്‍ കലാശക്കൊട്ടു നല്‍കി. ഉദ്ദേശം 9:15ഓടെ ഞങ്ങള്‍ തിരികെ എത്തി. ഒരു ഐസ്‌ ക്രീം കൂടി കഴിച്ചു, സന്തോഷകരമായ ആ ദിവസത്തിന്‍റെ ഓര്‍മകളുമായി എല്ലാവരും അവരവരുടെ മുറികളിലേക്കു പിരിഞ്ഞു.

2 comments:

  1. ഇത് തടയില്‍ പോയ കഥയാണോ അതോ നീയൊക്കെ ഞണ്ണാന്‍ പോയ കാര്യമാണോ?

    ReplyDelete
  2. എഡെയ്, നടന്നു ക്ഷീണിച്ച ആ സുഹൃത്ത് ആരാ??? പൈ ആണോ?? പിന്നെ വായിനോക്കിയത് നീയാണെന്ന് പറയാതെ തന്നെ മനസ്സിലായി...

    ReplyDelete