Raise our Conscience against the Killing of RTI Activists




Saturday, June 25, 2011

ആദാമിന്‍റെ മകന്‍ അബു- ഒരു സിനിമാനുഭവം

ദേശീയ സംസ്ഥാന തലങ്ങളില്‍ ധാരാളം അവാര്‍ഡുകള്‍ക്ക് അര്‍ഹമായി മുഖ്യധാരയില്‍ സ്ഥാനമുറപ്പിച്ച ചിത്രമാണ് ആദാമിന്‍റെ മകന്‍ അബു. സാധാരണ, അവാര്‍ഡുകള്‍ക്ക് അര്‍ഹമാകുന്നത് ആര്‍ട്ട് പടങ്ങള്‍ എന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന നോണ്‍ കൊമ്മേര്‍ഷ്യല്‍ വിഭാഗത്തിലെ ചിത്രങ്ങള്‍ക്കാണെങ്കിലും, ഈ ചലച്ചിത്രം ഇതില്‍ നിന്ന് ഭിന്നമായി നില്‍ക്കുന്നു. ആദാമിന്‍റെ മകനായ അബുവിന്‍റെയും, കുടുംബത്തിന്‍റെയും, ചുറ്റുപാടുകളുടെയും കഥ ഈ സിനിമ രണ്ടു മണിക്കൂര്‍ സമയം കൊണ്ട് മനോഹരമായി പറഞ്ഞിട്ടുണ്ട്. പലപ്പോഴും, വ്യത്യസ്തമായ അവതരണശൈലിയും, കഥയും എല്ലാം ഇത്തരം സിനിമകളിലാണ് കാണാറുള്ളത് എന്നതൊരു സത്യം മാത്രം. 

ആദാമിന്‍റെ മകനായി ജനിക്കുന്ന അബുവിന്‍റെയും, ഭാര്യ ആയിഷയുടെയും, ജീവിതത്തിലെ പ്രാധാനപ്പെട്ട ലക്ഷ്യമായ ഹജ്ജിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രത്തിന്‍റെ ചാലകശക്തിയും, ഊര്‍ജ്ജസങ്കേതവും സലിം അഹമ്മദിന്‍റെ കഥയും തിരക്കഥയും തന്നെ. ഒരു സിനിമയാണെന്ന തോന്നല്‍ പോലും ഉണ്ടാക്കാത്ത വിധത്തില്‍, അവരുടെ ജീവിതത്തിലെ വളരെ സാധാരണമായ ദിവസങ്ങളാണ് തുടക്കരംഗങ്ങളില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ അബുവിന്‍റെ ജീവിതം ഒരു നേര്‍ക്കാഴ്ച പോലെ ദര്‍ശിക്കാനാവുന്നു. എന്നാല്‍ പ്രേക്ഷകരെ, അവര്‍ അറിയാതെ തന്നെ അബുവിന്‍റെയും കുടുംബത്തിന്‍റെയും സങ്കടങ്ങളിലെക്കും, പ്രതീക്ഷകളിലെക്കും, ഈ തിരക്കഥ സാവധാനം അടുപ്പിക്കുന്നു. പല പ്രധാനപ്പെട്ട സീനുകളിലും സംഭാഷണങ്ങള്‍ ഒഴിവാക്കി പ്രവര്‍ത്തികളിലൂടെ കഥയെ മുന്നോട്ടു നയിച്ചത് നല്ല ഒരു പരിശ്രമം ആയിരുന്നു. അബുവിനും കുടുംബത്തിനും മാത്രമല്ല, അവരുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും കഥയില്‍ നല്ലൊരു സ്വാധീനം ചെലുത്താനായിട്ടുണ്ട്. അത് മാത്രമല്ല, പ്രകൃതിക്ക് മനുഷ്യനിലുള്ള സ്വാധീനത്തിനെന്നോണം മുറ്റത്തെ പ്ലാവും, കുന്നിന്‍ മുകളിലെ ഒറ്റപ്പെട്ട മരവും, മേഘങ്ങളും അതിനിടയിലൂടെ അടര്‍ന്നു വീഴുന്ന സൂര്യ രശ്മികളും, ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്‍റെ എന്നവണ്ണം സ്വാധീനം ചെലുത്തിക്കാനായി എന്നത് തന്നെ തിരക്കഥയുടെ ഒരു വിജയമാണ്. പല സന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും പ്രേക്ഷകരെ വളരെ വികാരപരമായി സ്പര്‍ശിക്കുകയുണ്ടായി. സിനിമയുടെ ഗതിയെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഉസ്താദ് എന്ന കഥാപാത്രത്തെ ഒരു അഭൌമിക കഥാപാത്രമാക്കിയതും, അദ്ദേഹത്തിന്‍റെ മുഖം കാണിക്കാതെ അതിനൊരു നിഗൂഢത നല്‍കിയതും നന്നായി.

സിനിമയുടെ തലച്ചോറായ സലിം അഹമ്മദിന്‍റെ സംവിധാനത്തെ ഒറ്റ വാക്കില്‍ ബ്രില്ലന്‍റ് എന്ന് വിശേഷിപ്പിക്കാം. ഓരോ പ്രേക്ഷകനും, ഓരോ സിനിമയുടെ തുടക്കത്തിലും സ്വന്തം മനസ്സിനെ സംവിധായകന്‍റെ പക്കല്‍ ഏല്പ്പിക്കുകയാണ്. സംവിധായകനാണ് തിരക്കഥയിലൂടെയുള്ള സാങ്കല്‍പ്പിക ലോകം ക്യാമറയും അഭിനേതാക്കളും വഴി സൃഷ്ടിച്ചെടുത്ത് ഈ മനുസ്സുകള്‍ക്ക് അനുഭവവേദ്യമാക്കുന്നത്. രണ്ടു രണ്ടര മണിക്കൂര്‍ കഴിഞ്ഞു ഈ മനസ്സുകള്‍ സംവിധായകന്‍ തിരിച്ചു നല്‍കുമ്പോള്‍, സംതൃപ്തിയുടെ ഏതു നിലയില്‍ തങ്ങള്‍ എത്തി എന്നതില്‍ നിന്ന് ഒരു സംവിധായകന്‍റെ കഴിവിനെ നമുക്ക് വിലയിരുത്താം. ഈ സിനിമയില്‍, ഓരോ പ്രേക്ഷകനും നേരിട്ട് അനുഭവിക്കാവുന്ന രീതിയില്‍ ആദാമിന്‍റെ ജീവിതം സംവിധായകന്‍ സലിം  പകര്‍ന്നു നല്‍കി. ക്യാമറയുടെ പൊസിഷന്‍ തുടങ്ങി, സീനുകളുടെ ഏകോപനത്തിലും, അചഞ്ചല വസ്തുക്കള്‍ക്ക് സിനിമയില്‍ സ്വാധീനം സൃഷ്ടിക്കുന്നതിലും, കഥ മനോഹരമായി അവസാനിപ്പിക്കുന്നതിലും എല്ലാം സംവിധായകന്‍റെ കരവിരുത് പ്രകടമായിരുന്നു.

അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും മികച്ചു നിന്നു. കേന്ദ്ര അവാര്‍ഡ്‌ നിര്‍ണയ സമിതി അധ്യക്ഷന്‍ ജെ.പി. ദത്തയെ വരെ ആശ്ച്ചര്യപ്പെടുത്തിയ സലിം കുമാറിന്‍റെ അഭിനയത്തെ പറ്റി കൂടുതലൊന്നും പറയുവാനില്ല. പ്രായമായ അബുവിന്‍റെ ഓരോ അംഗവിക്ഷേപങ്ങളും, ചലനങ്ങളും , കൈ വിറയലുകളും, ഇരുപ്പും, എല്ലാം സലിം വളരെ മികച്ചതാക്കി. സലിം വളരെ പ്രായമേറിയ വ്യക്തി ആണെന്ന് അവാര്‍ഡ്‌ കമ്മിറ്റി തെറ്റിദ്ധരിച്ചു എന്നതില്‍ നിന്നു തന്നെ അദ്ദേഹത്തിന്‍റെ മികവ് മനസ്സിലാക്കാം. സറിന വഹാബ്, അബുവിന്‍റെ ഭാര്യയായ ആയിഷുവായി മികച്ചു നിന്നു. ഇവര്‍ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി പല സീനുകളെയും മനോഹരമാക്കി. അബുവിന്‍റെ പിന്നിലെ ശക്തി ആയിഷയാണ് എന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ സെറിനക്ക് കഴിഞ്ഞു. നെടുമുടിയുടെ സ്കൂള്‍ മാഷിന്‍റെ കാര്യവും എടുത്തു പറയേണ്ട കാര്യമില്ല. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍, നെടുമുടിയെ എന്നേ പ്രേക്ഷകര്‍ പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ട്രാവല്‍ ഏജന്‍സി മാനേജറായി മുകേഷും, ചായക്കടക്കാരനായി സുരാജും, തടിമില്‍ മുതലാളിയായി കലാഭവന്‍ മണിയും നല്ല അഭിനയം തന്നെ കാഴ്ചവെച്ചു.

ദേശീയ അവാര്‍ഡ്‌ നേടിയ, സിനിമയുടെ ഛായാഗ്രാഹകനായ മധു അംബാട്ട് വളരെ മികച്ച ഒരു വര്‍ക്ക്‌ ആണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം ഫ്രെയിമുകളും ഒരു ചിത്രപ്രദര്‍ശനത്തിലെ ചിത്രങ്ങളെന്നോണം മനോഹരമായി നിലകൊണ്ടു. രാത്രിയുടെയും, പ്രകൃതിയുടെയും മനോഹരമായ ഭാവങ്ങളാണ് അദ്ദേഹം നമുക്ക് കാണിച്ചു തന്നിരിക്കുന്നത്. കുന്നിന്‍മുകളിലെ സീനുകള്‍, രാത്രിയില്‍ അബുവും ആയിഷയുമായുള്ളവ സീനുകള്‍, മഴ, തുടങ്ങി മനോഹര സീനുകളെടുത്താല്‍ നിരവധിയുണ്ട്. രാത്രിയില്‍ അബു ഒറ്റക്കിരിക്കുമ്പോള്‍, റോഡിലൂടെ പോകുന്ന സ്കൂട്ടറിന്‍റെ വെളിച്ചം ഔട്ട് ഓഫ് ഫോക്കസ് ആക്കി ഒരു മിന്നാമിനുങ്ങിനെ ദ്യോതിപ്പിച്ചത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സീനാണ്. സന്തോഷ്‌ ശിവന്‍റെത് പോലെ ക്യാമറ വര്‍ക്ക്‌ സിനിമയില്‍ നിന്നു വേറിട്ട നിന്നില്ല എന്നത് അദ്ദേഹത്തിന്‍റെ ഒരു വിജയമായി കണക്കാക്കാം. പട്ടണം റഷീദിന്‍റെ മെയ്ക്ക് അപ്പ്‌ എടുത്തു പറയേണ്ടതാണ്. സലിമിനെ അബു ആക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്‍റെ പങ്ക് വലുതാണ്‌. റഫീക്ക് ആഹ്മെദിന്‍റെ വരികളും, രമേശ്‌ നാരായണന്‍റെ സംഗീതവും മനോഹരമായി. അതില്‍ മക്ക മദീന എന്ന് തുടങ്ങുന്ന ഗാനം നല്ല ഒരു ഫീല്‍ ആണ് പ്രദാനം ചെയ്തത്. ഐസക് തോമസിന്‍റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ചില രംഗങ്ങളില്‍ മികച്ചു നിന്നു. 

എല്ലാ യാത്രകളും പരമമായ ഒരു സത്യത്തിലേക്കാണെന്നുള്ള ഒരു മനോഹര പാഠം ഈ ചിത്രം നല്‍കുന്നുണ്ട്. എല്ലാ ഘടകങ്ങളും മികച്ചു നിന്നത് കൊണ്ട് അബുവിനെയും, കുടുംബത്തെയും,  പ്രേക്ഷകര്‍ക്ക്‌ സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇതു പോലെയുള്ള നല്ല പരീക്ഷണങ്ങള്‍ യുവതലമുറയെ മലയാള സിനിമയിലേക്ക് തിരികെയെത്തിക്കും. പല സീനുകളും വികാര നിര്‍ഭരമായിരുന്നു, അത് പ്രേക്ഷകര്‍ക്ക്‌ അനുഭവവേദ്യവുമായി. മൂവാറ്റുപുഴ ലതയിലെ മാറ്റിനിക്ക് ശേഷം തിരികെ വരുമ്പോള്‍ അബുവും കുടുംബവും എന്‍റെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു, ഒപ്പം അവരുടെ സങ്കടങ്ങളും പ്രതീക്ഷകളും.

10 comments:

  1. വളരെ നന്നായി പറഞ്ഞു..
    തീര്‍ച്ചയായും ഈ ചിത്രം വാണിജ്യപരമായും വിജയിപ്പിക്കേണ്ടത്
    നല്ല സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരുടേയും കടമയാണ്..

    പരമാവധി ഓണ്‍ലൈന്‍ പരസ്യങ്ങള്‍ / അഭിപ്രായങ്ങള്‍ ഈ ചിത്രത്തിനു നല്‍കി പിന്തുണക്കുക.

    ReplyDelete
  2. നിരൂപണം വളരെ അധികം നന്നായിട്ടുണ്ട് ഡാനിഷ്. സിനിമ എന്തായാലും കാണണം എന്നുണ്ട്. ഇവിടെ അടുത്തയാഴ്ചയാണ് റിലീസ്‌ ചെയ്യുക എന്ന് കേള്‍ക്കുന്നു. കലാപരമായി വിജയിച്ച ഈ സിനിമ സാമ്പത്തികമായും വിജയിക്കേണ്ടതുണ്ട്. വ്യത്യസ്ത പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പുതിയ സിനിമകള്‍ ഇനിയും പുറത്തുവരട്ടെ. നല്ല സിനിമകള്‍ അന്ഗീകരിക്കപ്പെടുകയും ചെയ്യട്ടെ..

    ReplyDelete
  3. വിശദമായ ഒരു കുറിപ്പിനു അഭിനന്ദനങ്ങൾ... ഈ സിനിമ കാണുവാൻ ഒരു കാരണം കൂടി....

    നന്ദി....

    ReplyDelete
  4. സിനിമ ഞാനിന്നലെ കണ്ടു.വളരെ നന്നായിട്ടുണ്ട്.പിന്നീടാണ് താങ്കളുടെ കുറിപ്പ് വായിച്ചത്.ഭാവുകങ്ങള്‍...

    ReplyDelete
  5. ഒരു മനോഹരമായ സിനിമകണ്ട ഫീല്‍ തന്ന അതി മനോഹരമായ എഴുത്ത്
    ആശസകള്‍

    ReplyDelete
  6. നിരൂപണം നന്നായിട്ടുണ്ട്. സിനിമ കണ്ടിട്ടില്ല. കാണണം.
    അഭിനന്ദനങ്ങള്‍.....

    ReplyDelete
  7. സിനിമ കണ്ടിട്ടില്ല.. വളരെ കുറച്ചെ മലയാള സിനിമ കണ്ടിട്ടുള്ളൂ... ഡാനിഷിന്റെ നിരൂമണം കണ്ടിട്ട് ഇതൊന്ന് കാണണം എന്നൊരാഗ്രഹം :)

    ReplyDelete