Raise our Conscience against the Killing of RTI Activists




Saturday, May 8, 2010

നെല്ലിയാമ്പതിയിലേക്ക്‌ ഒരു യാത്ര

പഠനം പൂര്‍ത്തിയാക്കി പിരിഞ്ഞ ശേഷം ഒരു സഹപാഠിയുടെ വിവാഹത്തിനായാണ്‌ ഞങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാലക്കാട്‌ ഒത്തുകൂടിയത്‌.വിവാഹത്തേക്കാള്‍ ഉപരിയായി ഒരു യാത്ര പൊവുകയായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ ഞങ്ങള്‍ എല്ലാവരും വിവാഹ തലേന്നു തന്നെ പാലക്കാട്‌ മുറിയെടുത്തു. നെല്ലിയാമ്പതി എന്ന വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.രാവിലെ ഒരു കുളി ഒക്കെ പാസ്സാക്കി ഉദ്ദെശം 10 മണിയോടെ ഞങ്ങള്‍ പുറപ്പെട്ടു. ഒരു സുമോയില്‍ ആയിരുന്നു യാത്ര. സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര ഒരു മനോഹരമായ അനുഭൂതിയാണ്‌, വിശേഷിച്ചു ദീര്‍ഘ നാളുകള്‍ക്കു ശേഷം കാണുമ്പോള്‍. അവര്‍ നമ്മളെ തല്ലിയും തലോടിയും എപ്പോളും ഉന്‍മേഷവാന്‍മാരാക്കികൊണ്ടിരിക്കും.വണ്ടി പതിയെ ലക്ഷ്യ സ്ഥാനത്തേക്കു നീങ്ങി കൊണ്ടിരുന്നു.


വാരിയും വാരല്‍ മേടിച്ചും അകത്ത്‌ ഞങ്ങളും വ്യാപ്രിതരായിരുന്നു. ഭക്ഷണം ഒരു കള്ളു ഷാപ്പില്‍ നിന്നു ആക്കാം എന്നു ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. പലക്കാട്‌ കള്ളിനു പ്രശസ്തമാണല്ലോ. വഴിയിലുള്ള ഒരു ഷാപ്പില്‍ ഞങ്ങള്‍  ഇറങ്ങി. അവിടെ സമാധാനപരമായി കുടിച്ചു കൊണ്ടിരുന്ന സ്ഥിരം കുടിയന്‍മാര്‍ക്ക്‌ ഞങ്ങള്‍ 8-9 പെരുടെ വരവു കൌതുകവും, ഒപ്പം ചെറിയ ശല്യവും ഉണ്ടാക്കിയതായി തോന്നി. അവിടുത്തെ മേശയൊക്കെ അടുപ്പിച്ചിട്ട്‌ കപ്പയും കറിയും ഓര്‍ഡര്‍ ചെയ്തു. ബീഫ്‌ കറിയും ചിക്കന്‍ കറിയുമായിരുന്നു പ്രധാനമായി ഉണ്ടായിരുന്നതു. കറിക്കൊക്കെ അത്യാവശ്യം എരിവ്‌ ഉണ്ടായിരുന്നു. കുടിക്കാന്‍ ആവശ്യക്കാര്‍ക്‌ നല്ല തെങ്ങിന്‍ കള്ളും പനങ്കള്ളും. ഒരു കാര്യം പറയണമല്ലൊ, അവിടെയുണ്ടായിരുന്ന കപ്പ മുഴുവനും ഞങ്ങല്‍ തീര്‍ത്തു. കറിയും ഒരുമാതിരി ഫിനിഷ്ഡ്‌. കൈ കഴുകി പുറത്തിറങ്ങിയ ഞങ്ങളിലെ ചില വിരുതന്‍മാര്‍ മണത്തില്‍ നിന്നു മത്തി ഫ്രൈ ഉണ്ടെന്നു മനസ്സിലാക്കി കടയിലേക്കു തന്നെ പാഞ്ഞു കയറി. ആക്രാന്തം മൂത്തു ഒറ്റയടിക്കു 5,6 ഫ്രൈ അകത്താക്കി ഞങ്ങള്‍ പുറത്തിറങ്ങി. ഷാപ്പ്‌ ഉടമസ്ഥനായ ശ്രീ തങ്കപ്പനെ നന്ദിയോടെ സ്മരിച്ചു യാത്ര തുടര്‍ന്നു.


 പോകുന്ന വഴിക്ക്‌ പാലക്കാടു നിന്നു ഉദ്ദെശം 40 കിലോമീറ്റര്‍ അകലെ ആണ്‌ പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്‌.വളരെ ചെറിയ ഒരു ഡാം ആണ്‌ അത്‌. പക്ഷെ നടക്കാന്‍ നല്ല സുഖമാണ്‌. ചെറുതായതു കൊണ്ട്‌ വെള്ളത്തില്‍ വരെ ഇറങ്ങാം. ഞങ്ങള്‍ എല്ലാവരും ഫോട്ടോ സെഷന്‌ വേണ്ടി നിരന്നു. തലങ്ങും വെലങ്ങും ഫ്ളാഷുകല്‍ പാറി. നിന്നും ഇരുന്നും കിടന്നും മലര്‍ന്നും പിന്നെ പറ്റാവുന്ന എല്ല രീതിയിലും ഫോട്ടോ എടുത്തു. അവിടെ നിന്നു നോക്കിയാല്‍ വിദൂരതയില്‍ മലനിരകളായി നെല്ലിയാമ്പതി കാണാം. അതും ഞങ്ങള്‍ ക്യാമറയില്‍ ആക്കി. അല്‍പ നേരം അവിടെ വിശ്രമിച്ച ശെഷം ഐസ്‌ ക്രീമൊക്കെ മേടിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി.


 ഡാം കഴിഞ്ഞാല്‍ ഉടനെ വന മേഖല ആണ്‌. പാസ്സ്‌ മേടിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഹെയര്‍പിന്‍ വളവുകളും തുടങ്ങി. താഴെ നിന്നു കണ്ട മലനിരകള്‍ സുമോ അരിച്ചരിച്ചു കയറുകയാണ്‌. കൊള്ളാവുന്ന സ്ഥലങ്ങളിലൊക്കെ ഞങ്ങള്‍ നിര്‍ത്തി ഫോട്ടോ എടുക്കുന്നുണ്ട്‌. ഒരു ഫോട്ടോ സെഷനു പൊകുന്ന മൂഡിലാണ്‌ എല്ലാവരും. അങ്ങു താഴെ ഡാം ചെറിയ ഒരു പൊട്ടായി വരുന്നതു സുമൊയില്‍ ഇരുന്നു വലരെ വ്യക്തമായി കാണാം. അവസാനം അതും കാണാമറയത്താക്കി ഞങ്ങളുടെ വണ്ടി മുകളിലേക്കു കുതിച്ചു. ഉദ്ദെശം മുക്കാല്‍ മണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നെല്ലിയമ്പതി ഗ്രമപഞ്ചായത്തില്‍ എത്തി. വളരെ ചെറിയ ഒരു പഞ്ചായത്ത്‌. ഈ ടൂറിസ്റ്റ്‌ വരുമാനം കൊണ്ടു മാത്രമാണ്‌ അതു കഴിഞ്ഞു പോവുന്നതു എന്നു തോന്നി.

 ഞങ്ങളുടെ വണ്ടി പിന്നെയും മുന്നോട്ടു പോവുകയാണ്‌. ചെങ്കുത്തായ പാറകളുടെയും മറ്റും മുകളിലൂടെ. ഭ്രമരം എന്ന സിനിമയില്‍ ക്യാമറ കണ്ണിലൂടെ കണ്ട പലതും നേരിട്ടു കാണാനായതിന്‍റെ   സന്തോഷത്തിലായിരുന്നു ഞങ്ങള്‍. കേരളം ദൈവത്തിന്‍റെ  സ്വന്തം നാട്‌ എന്നു അറിയപ്പെടുന്നതു ഇത്തരം സ്ഥലങ്ങല്‍ കൊണ്ടാകാം.വേനല്‍ കാലത്തു പോയിട്ടും നല്ല തണുപ്പായിരുന്നു അവിടെ.വണ്ടി പിന്നെയും നിര്‍ത്താതെ പാഞ്ഞുകൊണ്ടിരുന്നു.



അവസാനം വണ്ടി പോബ്സ്‌ എന്ന സ്വകാര്യ എസ്റ്റേറ്റില്‍ പ്രവേശിച്ചു. മുന്നാര്‍ എന്ന പൊലെ ഇവിടെയും ഭൂരിഭാകവും സ്വകാര്യ എസ്റ്റേറ്റ്‌ ആണ്‌. കാപ്പി, ഓറഞ്ച്‌ തെയില, മലഞ്ചരക്ക്‌ എന്നിവയാണ്‌ പ്രധാന കൃഷി. ആദ്യം കാപ്പിത്തോട്ടം പിന്നിട്ട വണ്ടി ഓറഞ്ചുത്തോട്ടത്തിലേക്കു കയറി. ശരിക്കും മനോഹരം. ചുറ്റും ഓറഞ്ചു മരങ്ങല്‍ മാത്രം. അതൊക്കെ ആസ്വദിച്ചു കുറെ കഴിഞ്ഞപ്പൊള്‍ ആണ്‌ സാക്ഷാല്‍ തെയിലത്തോട്ടങ്ങളുടെ വരവ്‌. ആവേശം മൂത്ത ഞങ്ങള്‍ വണ്ടി നിര്‍ത്തി അവിടെയിറങ്ങി അവക്കിടയില്‍ അല്‍പ സമയം ചിലവഴിച്ചു.ഫ്ളാഷുകല്‍ മിന്നികൊണ്ടിരുന്നു.


 അവസാനം ഞങ്ങള്‍ വ്യൂ പോയിന്റ്‌  എന്ന കാഴ്ചയുടെ വിസ്മയ ലോകത്തെത്തി. ശരിക്കും നെല്ലിയാമ്പതി ഒരു ക്ളിഫ്‌ ആണ്‌. അടിവാരത്തില്‍ നിന്നു ഉദ്ദെശം 1km മുകളില്‍, ചെങ്കുത്തായ പാറകള്‍ക്കു മുകളില്‍ ആണ്‌ സ്ഥിതി ചെയ്യുന്നത്‌. പാറകള്‍ എല്ലം ചെങ്കുത്തായതു കൊണ്ട്‌ ഞങ്ങള്‍ വളരെ സൂക്ഷിച്ചാണ്‌ നടന്നത്‌. അടിവാരം വളരെ കഷ്ടിയെ കാണാന്‍ പറ്റു. ആ കാഴ്ച ശരിക്കും മനസ്സിനെ ഫ്രീ ആക്കും. അതിന്‍റെ തൊട്ടടുത്ത് ഒരു ചെറുകാടു കൂടിയുള്ളത്‌ അതിന്‍റെ സൌന്തര്യം വര്‍ദ്‌ധിപ്പിച്ചു. എല്ലാവരും ഓടി നടന്ന്‌ ഫോട്ടോ എടുക്കുന്നുണ്ട്‌. പല ഫോട്ടോകള്‍ക്കും സുഹൃത്തുക്കള്‍ പോസ്‌ ചെയ്തതു അത്യാവശ്യം സാഹസികമായി തന്നെ ആയിരുന്നു. നടന്നു നടന്നു കുറെ കഴിയുമ്പൊള്‍ മനം കുളിര്‍പ്പിക്കാന്‍ എന്ന പൊലെ ഒരു വെള്ളച്ചാട്ടവും. എത്ര മികച്ച സദ്യ കഴിച്ചാലും ഇതു പോലെ മനൊഹരമായ ഒരു സ്ഥലത്തു പൊയ സംതൃപ്തി കിട്ടില്ല.


 നേരം നന്നേ വൈകിയപ്പൊളാണ്‌ ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചത്‌. ഞങ്ങള്‍ വണ്ടിയില്‍ കയറിയതും തകര്‍പ്പന്‍ മഴയും ഒരുമിച്ചായിരുന്നു. മഴയത്തുള്ള നെല്ലിയാമ്പതി മലനിരകള്‍ മനം കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. ഞങ്ങലുടെ വണ്ടി മലകളും വനവും പിന്നിട്ടു സാവധാനം നഗരത്തിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരുന്നു.തിരിച്ചു പോത്തുണ്ടി ഡാം എത്തിയപ്പൊള്‍ ഞാന്‍ കൈകള്‍ വെളിയിലിട്ടു നെല്ലിയാമ്പതി മലനിരകളോട്‌ യാത്ര പറഞ്ഞു. അതില്‍ എന്‍റെ മനസ്സും ഉണ്ടായിരുന്നു.

2 comments:

  1. കൊള്ളാം. പക്ഷെ നീ കുളിക്കുകയൊക്കെ ചെയ്യുമോ? അത്ഭുതം തന്നെ!

    ReplyDelete
  2. അഭിപ്രായങ്ങള്‍ക്ക്‌ നന്ദി ഇല്ല.

    ReplyDelete