Raise our Conscience against the Killing of RTI Activists




Monday, May 17, 2010

പോക്കിരിരാജ എന്ന പോക്കുരാജ


ഞാനും  എന്‍റെ  3 സുഹൃത്തുക്കളും കൂടിയാണ്‌ പോക്കിരിരാജ എന്ന പടം കാണാന്‍ ഓഫീസ്‌ കഴിഞ്ഞു പോയത്‌. ഞങ്ങള്‍ ചെന്നപ്പോഴേക്കും പടം തുടങ്ങി 10 മിനിട്ടു കഴിഞ്ഞിരുന്നു. "പോയല്ലൊ കര്‍ത്താവേ" എന്നും വിചാരിച്ച്‌ ബസ്സ്‌ ഇറങ്ങി തിയറ്ററിലെക്കു പാഞ്ഞു. സുഹൃത്തുക്കള്‍ സീറ്റ്‌ പിടിച്ചിരുന്നു. കനത്ത ആവേശത്തോടെ തിയറ്ററിലേക്ക്‌. അതു വരെയുള്ള കഥ ചോദിച്ചു മനസ്സിലാക്കി. "കൊള്ളാം", കഥ കേട്ട്‌ ഞാന്‍ മനസ്സില്‍ വിചാരിച്ചു.

കഥ നവീന കാലത്തേക്ക്‌ നീങ്ങി. ചെറിയ കുട്ടികള്‍ വളര്‍ന്നു വലുതായി. പിന്നീട്‌ കാണുന്നത്‌ യുവനായകന്‍റെ സ്റ്റണ്ടുകളാണ്‌. "ഹോ", ആവേശം കൊണ്ടു ഞാന്‍ കൈയടിച്ചു. കുറച്ചു കഴിഞ്ഞപ്പൊള്‍ കൈ വേദനിക്കാന്‍ തുടങ്ങി. 5-10 മിനിറ്റായിട്ടും സ്റ്റണ്ട്‌ തീരുന്നേയില്ല. വില്ലന്‍മാരെല്ലാം തലങ്ങും വിലങ്ങും പറന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. "ബാക്കി നന്നാവും", ഞാന്‍ ആത്മഗതം ചെയ്തു. ഉപനായകന്‍ പോകുന്നിടത്തെല്ലാം കൃത്യം 10 മിനിട്ട്‌ കൂടുമ്പോള്‍ വില്ലന്‍മാര്‍ വരികയും അടി മെടിച്ചു തിരിച്ചു പോവുകയും ചെയ്തുകൊണ്ടിരുന്നു.

മലയാള സിനിമയുടെ കാലഗതിയെ വേണമെങ്കില്‍ ഇങ്ങനെ സംഗ്രഹിക്കാം. ആദ്യ കാലങ്ങളില്‍ സിനിമയുടെ തുടക്ക ഭാഗങ്ങളില്‍ നായകന്‍ അടി മേടിക്കുകയും പിന്നീട്‌ അവസാനം നായകന്‍ വില്ലനെ കീഴ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടു സിനിമ പുരോഗമിച്ചപ്പോള്‍ ഒരു സ്റ്റണ്ടിന്‍റെ തന്നെ ആദ്യ ഭാഗത്ത്‌ നായകന്‍ അടി മെടിച്ചു കൂട്ടുകയും പിന്നീട്‌ നായകന്‌ എന്തോ ബാധ ആവേശിച്ചതു പോലെ ശക്തി ലഭിക്കുകയും വില്ലനെ അടിചു പപ്പടമാക്കുകയും ചെയ്യുന്നു. പിന്നീടും പുരോഗമിചപ്പോള്‍ നായകന്‍ തന്നെ സ്റ്റണ്ട്‌ ഏറ്റെടുക്കുകയും വില്ലന്‍ കിട്ടുന്നതെല്ലാം മേടിച്ചു കൂട്ടുകയും ചെയ്യുന്നു. പോക്കിരിരാജ പൊലെ അത്യാധുനീക കാല സിനിമയില്‍  വില്ലന്‍, നായകന്‍റെ നോട്ടം, ആംഗ്യം, ചലനങ്ങള്‍ എന്നിവ കൊണ്ടു തന്നെ തിരിഞ്ഞു ഓടുന്നു. അഥവാ അടുത്തു പോകുന്നവര്‍ക്ക്‌ പറക്കാനുള്ള ഭാഗ്യവും കിട്ടുന്നു. ഈ സിനിമയില്‍ യുവനായകന്‍ ഉന്തിയ ഒരു ഗുണ്ട പറന്നു പോയി കാറില്‍ ഇടിച്ചതും കാര്‍ തെറിച്ചു പോയതും ഓര്‍ക്കുന്നു.

അടി കണ്ടു കണ്ടു വട്ടായി ഇരിക്കുമ്പോളാണ്‌ ചേട്ടന്‍ രാജയുടെ രംഗപ്രവേശം. അനിയന്‍ രാജ അമേരിക്കന്‍ പട്ടാളം വന്നാല്‍ പൊലും അടിച്ചു തെറിപ്പിക്കാന്‍ കെല്‍പുള്ളവനാണ്‌. ആ അനിയനെ കമ്മീഷണര്‍, ആഭ്യന്തര മന്ത്രി തുടങ്ങിയ ചെറിയ ശത്രു നിര കുടുക്കുന്നു. ചേട്ടന്‍ രാജ ലാ‍ണ്റ്റ്‌ ചെയ്യുന്നു. പിന്നീടു തിരിഞ്ഞു നൊക്കേണ്ടി വന്നില്ല, അടിയോടടി. തുടങ്ങിയാല്‍ 10-15 മിനിറ്റു നില്‍ക്കും ഒരടി. ഞാന്‍ പതിയെ കോട്ടുവായിടല്‍ പ്രതിഭാസം തുടങ്ങി.

ഇതിന്‍റെ സംവിധായകന്‍ ഒരു മോഹന്‍ലാല്‍ ഫാനാണോ എന്നു എനിക്കു പലപ്പോഴും  സംശയം തോന്നി. പുതിയ മുഖത്തിലെ സ്റ്റണ്ടും രാജമാണിക്യത്തിലെ ഇംഗ്ളീഷ്‌ അറിവില്ലായ്മയുമൊക്കെ അതിന്‍റെ ഏറ്റവും മടുപ്പിക്കുന്ന രൂപത്തില്‍. ആഭ്യന്തര മന്ത്രി ജയിലിലാക്കിയ അനിയനെ, ചേട്ടന്‍ രാജ രക്ഷപ്പെടുത്തുന്നത്‌ ആദ്യം തമിഴ്നാട്‌ MP വഴി അവിടുത്തെ ആഭ്യന്തര മന്ത്രിയെയും അതു വഴി തമിഴ്നാട്‌ മുഖ്യമന്ത്രിയെയും അതു വഴി കേരള മുഖ്യമന്ത്രിയെയും സ്വാധീനിച്ചാണ്‍്‌. കേരളത്തില്‍ ഇപ്പൊള്‍ മുഖ്യനേക്കാള്‍ അധികാരം ആഭ്യന്തര മന്ത്രിക്കാണെന്നു തിരകഥാകൃത്ത്‌ ചിന്തിച്ചു കാണില്ല. എന്നിട്ടും നടന്നില്ലെങ്കില്‍ പ്രധാനമന്ത്രിയെയോ ഒബാമയെയോ വിളിക്കും എന്നൊരു ഡയലോഗും.

ഇടവേളയില്‍ നിരാശനായിരുന്ന എന്നെ എന്‍റെ സുഹൃത്തു ആശ്വസിപ്പിച്ചു.മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പൊട്ട പടങ്ങള്‍ കണ്ട വ്യക്തികളില്‍ ഒരാളായിരിക്കും എന്‍റെ ഈ സുഹൃത്തു."ചില പൊട്ട സിനിമകള്‍ ഇങ്ങനെയാണ്‌. എന്നാല്‍ ക്ളൈമാക്സില്‍ ചിലപ്പൊള്‍ ഒരു ട്വിസ്റ്റ്‌ കാണാറുണ്ട്‌." വീണ്ടും പ്രതീക്ഷ. ട്വിസ്റ്റിനു വേണ്ടി വീണ്ടും അകത്തേക്ക്‌. പക്ഷെ അടിയുടെ പൊടി പൂരമായിരുന്നു പിന്നിടു. ആദ്യം ചേട്ടന്‍ അടിക്കുന്നു. മടുക്കുമ്പോള്‍ അനിയന്‍ അടിക്കുന്നു. അങ്ങനെ ടേണ്‍ അനുസരിച്ചു അടി, അദൃശ്യമായ അടി തുടങ്ങിയ പ്രതിഭാസങ്ങള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. തന്‍റെ  കൂട്ടാളി, വെറുതെ പറന്നു പോവുന്നതു കണ്ട്‌ മനസ്സിലാവത്ത വില്ലനോട്‌, എന്‍റെ അടിക്കു വേഗത കൂടുതല്‍ ആണെന്നും സ്ളോ മോഷനില്‍ ആലോചിച്ചാല്‍ കിട്ടുമെന്നും നായകന്‍. ആലോചിച്ച വില്ലന്‌ അപ്പോളാണ്‌ അടി നടന്നതു മനസ്സിലാവുന്നത്‌. എന്‍റെ ഉള്ളില്‍ നിന്നും അറിയാതെ "കൂ" എന്നൊരു ശബ്ദം പൊങ്ങി. തിയേറ്ററിലുള്ള വളരെയധികം പേര്‍ ഇതിനോട്‌ സഹകരിച്ചു.


എന്‍റെ സുഹൃത്തു വാച്ചില്‍ സമയം നോക്കുന്നതു കണ്ടാണ്‌ ഞാനും നോക്കി തുടങ്ങിയതു. പിന്നിടു ഞാന്‍ ഓരോ 10 മിനിറ്റു കൂടുമ്പൊളും നോക്കി തുടങ്ങി. സമയത്തൊടെന്തോ ഒരു പ്രത്യേക താല്‍പര്യം. മമ്മൂട്ടിയുടെ ഡാന്‍സ്‌ എന്നു പറയുന്ന രംഗം കണ്ടപ്പൊള്‍ മദാമ്മ ഉണ്ടാക്കിയ പാല്‍പ്പായസം കഴിച്ച ഒരു പ്രതീതി. മണ്ണു ചവിട്ടി കുഴക്കുന്നതു പൊലുള്ള ആ സ്റ്റെപ്പ്‌ കണ്ടപ്പൊള്‍ എനിക്കു സലിം കുമാറിന്‍റെ ഡാന്‍സ്‌ സ്റ്റെപ്പുകള്‍ ഓര്‍മ വന്നു. വാച്ചു നോട്ടവും ബാക്കിയുള്ളവരെ നോട്ടവുമായി, ഞാന്‍ പിന്നിട്‌. വായ്കൊട്ട എന്നൊരു പ്രത്യേക വികാരം കുറെ പേരുടെ മുഖത്തു കാണാന്‍ കഴിഞ്ഞു. സമയത്തിനെന്തൊ കുഴപ്പമുണ്ടെന്നും അതു നീങ്ങുന്നില്ലെന്നും പറഞ്ഞു കുറച്ചു പേര്‍ ഇറങ്ങി പോവുന്നതും കണ്ടു. താന്തൊന്നി എന്ന സിനിമയില്‍ തന്‍റെ അഭിനയ പാടവം എല്ലവരെയും കാണിച്ച യുവനായകന്‍ ഇതില്‍ കൂടുതല്‍ തിളങ്ങിയിരിക്കുന്നു.ഇതിന്‍റെ നിര്‍മാതാവയ മുളകുപാടത്തോട്‌ ഒരു വാക്കു പറഞ്ഞു നിര്‍ത്തട്ടെ, " എന്നാലും mr. മുളകുപാടം, ഞങ്ങളോട്  ഇത്ര വേണ്ടിയിരുന്നില്ല"

5 comments:

  1. Eda njanum kandeda. Kasshu poyi. Pinee shreya matramayirunnu orashawasm.

    ReplyDelete
  2. thuni udutha Shreya enthaaswaasam aakaan aanu...btw eettavum mosham padangal kanda aa suhruthu kanda cinemayude peru paranjal odendi varum....

    btw i liked ur style of writing here

    ReplyDelete
  3. Danimone ninakku njan oru biriyani vangi tharunnund... Ithu vayichath kondu labham kittiya 40 roopa ninakkirikkatte... Funny and interesting review...

    ReplyDelete
  4. heyyyyyyyyyyyyyyyyyyyyyyyyyyyyyyyyy idhu mohanlalinte fans chumma iracki vidalle mone........

    ReplyDelete
  5. nannaayittundadee mone danee. superthaarangalude padathinu nalla vimarsanamezhuthaan dhairyam kaanicha ninakku abhinandhanangal. snehathinte oraayiiram poochendukal. abhivaadhyangal.

    ReplyDelete