Raise our Conscience against the Killing of RTI Activists




Friday, December 21, 2012

സിന്ദൂര


മഴ ഇനിയും തോര്‍ന്നിട്ടില്ല. പിരിയാനാവാത്ത കമിതാക്കളെ പോലെ ഇലകളെ ജല കണങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. മണ്ണിന്‍റെ മാറിലേക്ക് പതിക്കാനുള്ള മഴയുടെ ആവേശം അന്നമ്മയെ സന്തോഷിപ്പിച്ചു. മഴ കണ്‍ നിറയെ കാണാന്‍ അവര്‍ക്ക് എന്നും ആവേശമാണ്. മഴയുടെ കുളിര്‍മയാണോ, ശബ്ദമാണോ, ഗന്ധമാണോ എന്നറിയില്ല, ഏതോ ഘടകം അവരെ മഴയുമായി ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. വൃദ്ധസദനത്തിന്‍റെ മുഷിഞ്ഞ അന്തരീക്ഷത്തിലും അവര്‍ ആനന്ദം കണ്ടെത്തുന്നത് ഇങ്ങനെ ചില ഘടകങ്ങളിലാണ്. സദനത്തോടു ചേര്‍ന്നുള്ള പച്ചക്കറി തോട്ടത്തിലെ വെണ്ടയും, വഴുതനുമെല്ലാം അന്നമ്മയെ പോലെ തന്നെ മഴയെ ആസ്വദിക്കുകയാണ്. കാര്‍മേഘങ്ങള്‍ സൂര്യനെ കറുത്ത വലയങ്ങള്‍ കൊണ്ട് മറച്ചിരിക്കുന്നു. അവയ്ക്കിടയിലൂടെ എത്തിനോക്കുവാന്‍ സൂര്യന്‍ നടത്തുന്ന ശ്രമങ്ങള്‍ അവരെ സന്തോഷിപ്പിച്ചു.

പ്രായം പത്തെഴുപതു കടന്നെങ്കിലും പ്രായാധിക്യത്തിന്‍റെ യാതൊരു പ്രയാസങ്ങളും ആ ശരീരത്തെ ബാധിച്ചിട്ടില്ല. അതിനാല്‍ തന്നെ വൃദ്ധസദനത്തിലെ കുട്ടിയാണ് അന്നമ്മ. മുരിക്കന്‍ തറവാടിന്‍റെ ഗുണമാണ് തന്‍റെ പ്രസരിപ്പെന്നാണ് അവരുടെ വാദം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ പ്രൊഫസ്സറായിരുന്ന തട്ടേല്‍ വര്‍ക്കി സാറിന്‍റെ ഭാര്യയാണ് അവര്‍. ഒരേയൊരു മകന്‍ അമേരിക്കയില്‍. സാര്‍ കൂടി കളമോഴിഞ്ഞതോടെ അന്നമ്മ നാട്ടില്‍ ഒറ്റക്കായി. അവരെ കൂടെ കൊണ്ട് പോകുന്നതില്‍ നിന്നും സാമ്പത്തിക ബാധ്യതകള്‍, മകന്‍ സണ്ണിയെ വിലക്കി. കപ്പൂച്ചിന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന വൃദ്ധ സദനത്തിലേക്ക് അവര്‍ മാറ്റപ്പെട്ടു. ഒരു ആയുസ്സിന്‍റെ പ്രതിഫലം അവര്‍ അവിടെ കൈപറ്റി തുടങ്ങി. മക്കള്‍ ചിത്രങ്ങളാക്കാന്‍ വെമ്പുന്ന അനേകരെ അവര്‍ അവിടെ കണ്ടു. അവര്‍ സുഹൃത്തുക്കളായി. അമ്മമാര്‍ അവര്‍ക്ക് മക്കളായി. പച്ചക്കറി തോട്ടം അന്നമ്മയുടെ ആശയമായിരുന്നു. ഫിലോമിനയും, ഗ്രേസിയും അതിനു പൂര്‍ണ്ണ പിന്തുണ നല്‍കി. ഇന്ന് സദനത്തിലേക്കും, മഠത്തിലേക്കുമുള്ള മുഴുവന്‍ പച്ചക്കറികളും അവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്.

"അന്നാമ്മച്ചി ജനലരുകില്‍ തന്നെ കാണുമെന്ന് തോന്നിയിരുന്നു. വാ, വന്നു ചായ കുടിക്ക്" സിസ്റ്റര്‍ അനീറ്റയാണ്. പഞ്ചവാദ്യം മേളസ്ഥാനത്തു നിന്നു താഴും പോലെ മഴയും കെട്ടടങ്ങി കൊണ്ടിരുന്നു. "ഈ മഴയൊക്കെയാണ് എന്‍റെ സന്തോഷം സിസ്റ്ററേ‍. ഒരിക്കലും തിരിച്ചു പോകാന്‍ സാധിക്കാത്ത കുട്ടിക്കാലവുമായി നമ്മെ കൂട്ടിയിണക്കുന്ന സന്തോഷങ്ങള്‍. അന്നും ഇന്നും അതിനൊരു മാറ്റവുമില്ല". സൂര്യന്‍ കാര്‍മേഘത്തോടു പരാജയം സമ്മതിച്ചു തുടങ്ങിയപ്പോള്‍, അടുക്കളയിലെ കുഞ്ഞന്‍ മെഴുകു തിരികള്‍ അവയെ പരാജയപ്പെടുത്തി. അവ മെസ്സ് ഹാളിനു പ്രകാശം പകര്‍ന്നു. "ഇരുട്ടും മുമ്പ് നമുക്ക് പോയി ആ വഴുതനങ്ങ പറിച്ചു വരാം". മറ്റൊരു ദിനം കൂടി ഇരുട്ടിന്‍റെ ആക്രമണത്തിനു കീഴടങ്ങാന്‍ തുടങ്ങിയിരുന്നു.

പുലര്‍ച്ചെയുള്ള പള്ളിയില്‍ പോക്ക് അന്നമ്മ മുടക്കാറില്ല. കര്‍ത്താവിനെ കാണുക എന്നതുപോലെ തന്നെ തന്‍റെ പ്രീയതമനെ കാണുക എന്നതും അവരുടെ സന്ദര്‍ശന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സമീപത്തുള്ള കല്ലറകള്‍ ഇലകള്‍ വീണു മുഷിഞ്ഞിരുന്നപ്പോള്‍, വര്‍ക്കി സാറിന്‍റെ കല്ലറ മാത്രം നിത്യം പൂക്കള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടു. അതിലവര്‍ സന്തോഷവും, അതിലുപരി അഭിമാനവും കണ്ടെത്തിയിരുന്നു. മാഷ്‌ ഒരിക്കലും അവരെ പിരിഞ്ഞിരുന്നില്ല. അന്നും പതിവു പോലെ പുലര്‍ച്ചെ അഞ്ചിന് അവര്‍ എഴുന്നേറ്റു. തലേന്നത്തെ മഴയുടെ ഈര്‍പ്പവും, കുളിര്‍മയും മുറിയാകെ വ്യാപിച്ചിരുന്നു. അതില്‍ നിന്നു രക്ഷ നേടുവാന്‍ അവര്‍ ഒരു ചായയെ ആശ്രയിച്ചു. "അന്നാമ്മച്ചി കുര്‍ബ്ബാനക്ക് സമയമായി". ഇലകളില്‍ നിന്നു ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ വീണ്ടും അവരെ പ്രകൃതിയുമായി രമിപ്പിച്ചു തുടങ്ങിയിരുന്നു. അമ്മമാരും, അഞ്ചാറു അന്തേവാസികളും പുലര്‍ച്ചെ പള്ളിയിലേക്ക് പുറപ്പെട്ടു. മഴയുടെ ആധിക്യം കൊണ്ടോ എന്തോ, അന്ന് അന്തേവാസികളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു.

തിരികെ വരുമ്പോള്‍ ഗ്രേസിയാണ്‌, കവലയിലുള്ള തയ്യല്‍ക്കടയിലെ പുതിയ സാരി അന്നമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഗ്രേസിക്കു പരിചയമുള്ള കടയാണ്. ഓര്‍മ്മകള്‍ കൂട്ടിയിണക്കാന്‍ വല്ലപ്പോഴും മക്കള്‍ വരുമ്പോള്‍ പ്രതിഫലം സ്വീകരിക്കുന്ന സ്ഥലം. "നമുക്കൊന്നു കയറി നോക്കാം", ഗ്രേസിയുടെ നിര്‍ബന്ധത്തിനു അന്നമ്മ വഴങ്ങി.  സാരി അന്നമ്മക്കും ഇഷ്ടമായി. രണ്ടായിരം രൂപ എന്ന ഉയരമേറിയ കടമ്പക്കു മുന്നില്‍ അവര്‍ നിലംപതിച്ചു. "ആ ബോര്‍ഡര്‍ കറുത്ത നൂലായിരുന്നേല്‍ കൂടുതല്‍ നന്നായേനെ." ഇറങ്ങാന്‍ നേരം കടയുടമ റോസിയോടായി അന്നമ്മ ഒരു അഭിപ്രായം പങ്കുവച്ചു. പിന്നീടുള്ള ആലോചനയില്‍ അതു റോസിക്കും നല്ലതായി തോന്നുകയും, അവര്‍ ചെറിയൊരു ഭാഗം ബോര്‍ഡര്‍ കറുത്ത നൂലാക്കി നോക്കുകയും ചെയ്തു.

ഓര്‍മ്മകളില്‍ നിന്നു എന്തോ തികട്ടി വരും പോലെ. അത് ആഗ്രഹമാണോ, ചിന്തയാണോ, അതോ താല്‍പര്യങ്ങളാണോ? അന്നു മുഴുവനും അന്നമ്മ ചിന്തയിലമര്‍ന്നു. ആര്‍ത്തു പെയ്യുന്ന ഇടവപ്പാതിക്കും അവരുടെ ചിന്തകളെ വഴി തിരിക്കാന്‍ സാധിച്ചില്ല. അവര്‍ ഓര്‍മകളില്‍ ഒരു ഉല്‍ഖനനം നടത്തുകയാണ്. ലക്‌ഷ്യം അവരെ മോഹിപ്പിക്കുന്ന ആ വസ്തുത കണ്ടെത്തുകയും. തയ്യല്‍ കടയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അവരെ തയ്യല്‍ എന്ന കല വീണ്ടും ഭ്രമിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ചെറുപ്പത്തില്‍ ധാരാളം തയ്ക്കുകയും, അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു അവര്‍. സാഹചര്യങ്ങളുടെയോ, കാലത്തിന്‍റെയോ സമ്മര്‍ദ്ദത്തിനു അവര്‍ അവരുടെ മോഹങ്ങള്‍ അടിയറ വച്ചു. എന്നാല്‍ ഇന്നവ കുഴിതോണ്ടി പുറത്തെത്തിയിരിക്കുന്നു. തയ്ക്കാനുള്ള ഒരു അടങ്ങാത്ത ആവേശം അവരെ ബാധിച്ചു തുടങ്ങി. എന്നാല്‍ പ്രായം, സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ അവരെ സ്വയം പിന്തിരിപ്പിച്ചു കൊണ്ടുമിരുന്നു. പിറ്റേന്നു അവര്‍ക്ക് പള്ളിയില്‍ പങ്കു വയ്ക്കാന്‍ പുതിയൊരു വിഷയം കിട്ടിയിരുന്നു. മാഷിനോട് ചോദിച്ചിട്ട് മാഷും ഒന്നും മിണ്ടുന്നില്ല. പൂര്‍ണ്ണമായ ശൂന്യതയില്‍, ലക്‌ഷ്യം കണ്ടെത്താന്‍ സാധിക്കുന്നില്ല. ആശയക്കുഴപ്പത്തില്‍ നടന്ന അന്നമ്മയുടെ ശ്രദ്ധയെ ഗ്രേസിയാണ്‌ തലേന്നത്തെ തുണിക്കടയിലേക്കു തിരിച്ചത്. ആ സാരി കറുത്ത ബോര്‍ഡറില്‍ പൂര്‍വ്വധികം ശോഭയില്‍ മിന്നുന്നു. "ഇപ്പൊ അതിനെന്തൊരു ഭംഗി", ഗ്രേസിക്കു ആഹ്ലാദം മറച്ചു വയ്ക്കാന്‍ സാധിച്ചില്ല. ആ സാരി അന്നമ്മയ്ക്കൊരു ഉത്തരമായിരുന്നു, രണ്ടു ദിവസമായി മനസ്സില്‍ തികട്ടിക്കൊണ്ടിരുന്ന ഒരു സംശയത്തിനുള്ള ഉത്തരം.

"ചെറുപ്പത്തില്‍ തയ്യല്‍ പഠിച്ചിട്ടുണ്ട്. കുറച്ചു ദിവസമായി മനസ്സില്‍ ഒരു തോന്നല്‍, വീണ്ടും തയ്ച്ചാലോ എന്ന്. സമയം കളയാന്‍ ഉപയോഗപ്രദമായ ഒരു മാര്‍ഗമല്ലേ.". മദര്‍ ജസീന്തക്ക് ഈ ആശയത്തോടു ഒട്ടും എതിര്‍പ്പുണ്ടായിരുന്നില്ല. അന്തേവാസികളെക്കൊണ്ട് ഉപയോഗപ്രദമായ രീതിയില്‍ സമയം ചിലവഴിപ്പിക്കുവാന്‍ ഉല്‍സാഹിച്ചിരുന്നു അവര്‍. മോട്ടോര്‍ കടുപ്പിച്ച ഒരു തയ്യല്‍ മെഷീന്‍ സദനത്തിലെത്താന്‍ ഒട്ടും താമസമുണ്ടായില്ല. പച്ചക്കറി കൃഷി കൂടാതെ സദനത്തിന്‍റെ രണ്ടാമത്തെ തൊഴില്‍ ഉദ്യമം. സദനത്തിന്‍റെ ഏകാന്തതയിലേക്ക് മെഷീന്‍റെ കട കട ശബ്ദം അതിക്രമിച്ചു കയറി. അതിന്‍റെ ചക്രങ്ങള്‍ ഒരു സൈക്കിള്‍ അഭ്യാസിയുടെ ചക്രങ്ങള്‍ കണക്കെ നിര്‍ത്താതെ ചലിച്ചു. അന്നമ്മയുടെ ഈ ഉദ്യമത്തിനു ഗ്രേസിയും, ഫിലോമിനയും എല്ലാ വിധ പിന്തുണയും നല്‍കി. ആവശ്യമുള്ള എല്ലാ സാധനങ്ങളും അവര്‍ കവലയിലെ തയ്യല്‍ കടയില്‍ നിന്നും മറ്റും വാങ്ങി നല്‍കി. ഒരു ചുരിദാറിന് സാവധാനം അവരുടെ കരങ്ങളില്‍ ജീവന്‍ വച്ചു വന്നു. അതിനെ അവര്‍ സ്വന്തം മകളെ പോലെ സ്നേഹിച്ചു. ബ്രൌണ്‍ നിറത്തില്‍ കറുത്ത കരയോടു കൂടിയ ചുരിദാര്‍. ഇടവപ്പാതിയോ, തണുപ്പോ അന്നമ്മയുടെ ശ്രദ്ധയെ കവര്‍ന്നില്ല. രണ്ടു മൂന്നു മാസം കഴിയേ, ആരും കണ്ണുവച്ചു പോകുന്ന ഒരു ചുരിദാര്‍ വൃദ്ധസദനത്തില്‍ പിറന്നു വീണു.

അഭിനന്ദനങ്ങളും, പ്രോത്സാഹനങ്ങളും അന്നമ്മയുടെ കഴിവിനുള്ള സ്വാഭാവീകമായ പ്രതിഫലം മാത്രമായിരുന്നു. അന്നമ്മയെക്കാള്‍ സന്തോഷം ഗ്രേസിക്കും, ഫിലോമിനക്കുമായിരുന്നു. അവര്‍ ആ ചുരിദാര്‍ റോസിയുടെ തയ്യല്‍ കടയില്‍ പ്രദര്‍ശിപ്പിച്ചു. ആവശ്യക്കാര്‍ ഏറെയായിരുന്നു. അന്നമ്മ എന്ന പേര്‍ ആദ്യമായി സ്വന്തം നിലക്ക് പുറം ലോകം അറിഞ്ഞു. വീണ്ടും വസ്ത്രങ്ങള്‍ക്കുള്ള ഓര്‍ഡര്‍ വന്നു. കച്ചവടാടിസ്ഥാനത്തില്‍ ഒരു പ്രസ്ഥാനം തുടങ്ങാനുള്ള പ്രായവും, പണവും അന്നമ്മയെ കൈ വിട്ടിരുന്നു. അവരുടെതായി അടുത്ത ഒരു ചുരിദാറും ഒരു മാസത്തിനകം കടയില്‍ പ്രത്യക്ഷപ്പെട്ടു. ആളുകള്‍ക്കിടയില്‍ അന്നമ്മ ബ്രാന്‍ഡ്‌ എന്നൊരു പുതിയ ബ്രാന്‍ഡ്‌ പ്രചരിച്ചു തുടങ്ങിയിരുന്നു.

"അന്നാമ്മച്ചിയുടെ ഈ കഴിവുകള്‍ മറ്റുള്ളവരെയും പഠുപ്പിച്ചാല്‍ വളരെ നല്ലതായിരിക്കില്ലേ." സിസ്റ്റര്‍ അനീറ്റയാണ് ഈ ആശയം പങ്കു വച്ചത്. സദനത്തിന്‍റെ പടിഞ്ഞാറു വശത്തായി ഒരു ഷീറ്റിട്ട കെട്ടിടം സാവധാനം തലയുയര്‍ത്തി. അവിടെ മെഷീനുകള്‍ വന്നു, നൂല്‍ വന്നു, മോട്ടോര്‍ വന്നു. തയ്യല്‍ പഠനത്തിനായി ഒന്നു രണ്ടു യുവതികളും. അവര്‍ ഒരുമിച്ചു തയ്ച്ചു തുടങ്ങി. ആ കെട്ടിടം സദാ ഉണര്‍ന്നിരുന്നു. യുവതികളുടെ എണ്ണം കൂടി വന്നു. സിന്ദൂര എന്ന പേരില്‍ അവര്‍ സ്വന്തമായി ഒരു വസ്ത്ര ബ്രാന്‍ഡ്‌ രംഗത്തിറക്കി. പരസ്യങ്ങളോ, ക്യാന്‍വാസിംഗുകളോ ഇല്ലാതെ പരിചയക്കാര്‍ വഴി വിപണനം. ടൌണിലെ രണ്ടു തുണിക്കടയിലേക്കും സപ്ലൈ ഉണ്ട്. പരമ്പരാഗത രീതിയില്‍ നിന്നു ഓരോ ഉല്‍പ്പന്നവും വ്യത്യസ്ഥമായിരിക്കാന്‍ അന്നമ്മ ശ്രദ്ധിച്ചിരുന്നു. വര്‍ഷം ഒന്നു കടന്നു പോകവേ, അന്നമ്മ മഠത്തിന്‍റെ അനുമതിയോടെ പ്രസ്ഥാനത്തെ സഹകരണ രീതിയിലേക്കു മാറ്റി. ലാഭവും നഷ്ടവും, ബ്രാണ്ടുമെല്ലാം അവിടെ പണിയെടുക്കുന്ന യുവതികളുടെ സ്വന്തം. അനേകം യുവതികളുടെ വിവാഹത്തിനാവശ്യമായ പണം സിന്ദൂര സ്വരൂപിച്ചു. യുവതികളെ സദനത്തിന്‍റെ കൊച്ചു ഷെഡ്ഡിനു താങ്ങാവുന്നതിലും അപ്പുറമായി. എല്ലാവരും പിരുവിട്ടു, കുറച്ചു സ്ഥലം വാങ്ങി. നാട്ടിലെ ധാരാളം സന്മനസ്സുകള്‍ ഈ നല്ല പ്രസ്ഥാനത്തിന് സാമ്പത്തിക പിന്തുണയുമായി രംഗത്തു വന്നു. വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു സിന്തൂരയ്ക്കു മേല്‍നോട്ടം വഹിച്ചിരുന്നത്. അന്തേവാസികളിലും അതു പുതിയൊരു പ്രസരിപ്പുണ്ടാക്കി. അവരുടെയെല്ലാമായ ആ പ്രസ്ഥാനം വളരുകയായിരുന്നു. അവരുടെ സ്വന്തം സിന്ദൂര.

കയ്യെഴുത്തുകള്‍ക്കു പകരം സിന്ദൂരയുടെ പരസ്യങ്ങള്‍ അച്ചടിയിലേക്ക് മാറി, അവിടെ നിന്ന് ഫ്ലെക്സിലേക്കും. വര്‍ഷം മൂന്നാലു കഴിഞ്ഞിരിക്കുന്നു. കുടുംബശ്രീ പോലെ, ആളുകള്‍ സിന്ദൂരയുടെ ഉല്പന്നങ്ങള്‍ ചോദിച്ചു വാങ്ങി തുടങ്ങി. പൊടി പിടിച്ച അനേകം ജീവിത വിളക്കുകള്‍ കരിയിട്ടു തേച്ചു മിനുക്കപ്പെട്ടു. സഹകരണ പ്രസ്ഥാനത്തിന്‍റെ ചിറകുകള്‍ സാവധാനം വ്യാപിച്ചു. അന്യ ജില്ലകളിലും സിന്ദൂരക്ക് വേരുകള്‍ ഉണ്ടായി. ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങളെല്ലാം കേന്ദ്രീകൃതമായി വിപണനം ചെയ്യണമെന്നു അന്നമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. സിന്ദൂരയുടെ വാഹനങ്ങള്‍ വസ്ത്രങ്ങളുമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു. വൃദ്ധസദനത്തിലെ അമ്മച്ചിമാര്‍ വര്‍ദ്ധിത ഉത്സാഹത്തോടെ അതിനു നേതൃത്വം വഹിച്ചു വന്നു.

"ജീവിതത്തില്‍ ഇനിയെന്ത് എന്നു ഞാന്‍ ഒരിക്കല്‍ ചിന്തിച്ചിരുന്നു. ബാല്യവും, കൌമാരവും, വിദ്യാഭ്യാസത്തിനും, യൌവ്വനം ഭര്‍ത്താവിനും, വാര്‍ദ്ധക്യം ആദ്ധ്യാത്മികതയ്ക്കും വേണ്ടി ചിലവഴിക്കുന്ന മറ്റേതൊരു സാധാരണ സ്ത്രീയെ പോലെ തന്നെയാവും എന്‍റെയും ജീവിതമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു." 2000ത്തിലെ ബിസ്സ്നെസ്സ് പുരസ്കാരം സ്വീകരിച്ചു കൊണ്ട് അന്നമ്മ തുടര്‍ന്നു. ചടങ്ങുകള്‍ കവര്‍ ചെയ്യുവാന്‍ ദേശീയ മാധ്യമങ്ങള്‍ പോലും മല്‍സരിച്ചു. "ബൈബിളിലെ താലന്തുകളുടെ ഉപമ പലപ്പോഴും എന്നെ ചിന്തിപ്പിക്കുകയും, അതോടൊപ്പം ദുഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൃദ്ധസദനത്തിലെ ജീവിതം എന്നെ പലപ്പോഴും ചിന്തിപ്പിച്ചു. തന്നിലേക്ക് പോലും തിരിഞ്ഞു നോക്കാന്‍ സമയമില്ലാതെ പായ്യുന്ന മനുഷ്യന്‍റെ ജീവിത ശൂന്യതയെക്കുറിച്ച്, സ്നേഹത്തിന്‍റെ ആപേക്ഷികതയെക്കുറിച്ച്, ആത്മീയതയുടെ അന്തസത്തയെക്കുറിച്ച്, ഇങ്ങനെ പലതിനെ കുറിച്ചും. എന്നാല്‍ ഇവയെല്ലാം പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ പോലെ എന്നില്‍ ഒരു ചലനവുമുണ്ടാക്കാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. മഴയെ ഞാന്‍ എന്നും സ്നേഹിച്ചിരുന്നു. ഇലകളില്‍ തട്ടി ചിതറി വീഴുന്ന മഴത്തുള്ളികളോട് എനിക്ക് എന്നും അഭിനിവേശമായിരുന്നു. എന്നാല്‍ ഇന്ന് അവയെക്കാള്‍ അധികം ഞാന്‍ എന്‍റെ സിന്ദൂരയെ സ്നേഹിക്കുന്നു. ഞങ്ങളുടെ ഈ പ്രസ്ഥാനത്തിന്‍റെ നിയന്ത്രണം വൃദ്ധസദനത്തിലുള്ള അമ്മച്ചിമാരുടെ കയ്യിലാണ്. എന്നാല്‍ പ്രസ്ഥാനത്തിന്‍റെ ഓഹരികളെല്ലാം തൊഴിലെടുക്കുന്ന യുവതികളുടെ പേരിലും. ഇതിനോടൊപ്പം ഞങള്‍ക്ക് ഒരു കൊച്ചു ബാങ്കു കൂടിയുണ്ട്. യുവതികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ അതില്‍ നിന്നു വായ്പയെടുക്കാം. ജോലി ചെയ്തോ, പണമായോ അവര്‍ക്ക് ആ സംഖ്യ തിരിച്ചടക്കാം. തുടക്കത്തില്‍ പലരും എന്നോട് ചോദിച്ചു, ഞാന്‍ എന്താണ് ഇതില്‍ നിന്നു നേടിയതെന്ന്". അവര്‍ പ്രസംഗം ഒന്നു നിര്‍ത്തി സദസ്സിനെ നോക്കി. "സ്വന്തമായി ഞാന്‍ ഇതില്‍ നിന്നു ഒന്നും നേടിയില്ല എന്നതു തന്നെയാണ് ഇതില്‍ നിന്നുള്ള എന്‍റെ ഏറ്റവും വലിയ നേട്ടം.". നിര്‍ത്താത്ത കരഘോഷം ഹാളില്‍ നിന്നു മുഴങ്ങി.

-----------------------------------------------------------
വര്‍ഷങ്ങള്‍ കടന്നു പോയി. മഴ തോര്‍ന്ന ആ സായാഹ്നത്തില്‍, വര്‍ഷങ്ങള്‍ക്കു ശേഷം സണ്ണി അമ്മയെ കാണാന്‍ എത്തി. മഴത്തുള്ളികള്‍ ആ കല്ലറയില്‍ നിന്നും വിട്ടു പോകാന്‍ വിസമ്മതിക്കുന്ന പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു. അവ അയാളുടെ രൂപം വികൃതമാക്കി പ്രതിഫലിപ്പിച്ചു. ജീവിതം അയാളെയും പലതും പഠുപ്പിച്ചുണ്ടാകാം. കണ്ണുകളടച്ചു അയാള്‍ പ്രാര്‍ത്ഥിച്ചു. മഴത്തുള്ളികളെ പോലെ കണ്ണുനീര്‍ തുള്ളികളും അയാളില്‍ പറ്റി പിടിച്ചിരുന്നു. കുളിരു കോരുന്ന ആ സായാഹ്നത്തില്‍ അയാള്‍ അമ്മയുടെ കാല്‍ക്കല്‍ മെഴുകുതിരികള്‍ കത്തിച്ചു. അവ അയാളോട് താല്‍പര്യമില്ലാത്ത പോലെ ഇളകിയാടി പല വിക്രത രൂപങ്ങള്‍ ജനുപ്പിച്ചു. തിരികെ പോരുമ്പോള്‍ അയാള്‍ കല്ലറയിലേക്ക് തിരിഞ്ഞു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു,


"ഒരു സ്ത്രീ വൃദ്ധസദനത്തിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും സ്വപ്‌നങ്ങള്‍ നെയ്തു. അവരുടെയൊപ്പം അനേകരും. ആ സ്വപ്‌നങ്ങള്‍ അനേകര്‍ക്ക് വഴികാട്ടിയായി. അവരുടെ ആശയങ്ങള്‍ അനേകരെ സാമ്പത്തികമായി സ്വതന്ത്രരാക്കി."

അന്നമ്മ വര്‍ക്കി.
ജനനം: 28-9-1932
മരണം: 24-12-2009

Monday, November 26, 2012

ബന്ധങ്ങള്‍


"എന്നെ അന്വേഷിക്കേണ്ടതില്ല. ഞാന്‍ രഘുവിനൊപ്പം പോകുന്നു. സ്വന്തം മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞിട്ടും അതിനെതിരു നില്‍ക്കുന്ന നിങ്ങള്‍ ഒരച്ചനാണോ? എനിക്കു നിങ്ങളോട് വെറുപ്പാണ്. ഇനി ഒരിക്കലും തമ്മില്‍ കാണാതിരിക്കട്ടെ. കോളേജില്‍ പോലും പോകാന്‍ സമ്മതിക്കാതെ എന്നെ വീട്ടില്‍ അടച്ചതിന് നിങ്ങളെ ഞാന്‍ സ്റ്റേഷനില്‍ കയറ്റും. എല്ലാറ്റിനും നിങ്ങള്‍ സമാധാനം പറയേണ്ടി വരും." കത്തു വായിച്ചു ഔസേപ്പ് സാര്‍ കസേരയിലേക്ക് ചാഞ്ഞു. പ്രഭാത കുര്‍ബാനക്കു പള്ളിയില്‍ പോയ മകളെ ഉച്ചയായിട്ടും കാണാത്തതിനാല്‍ അവളുടെ മുറി പരതുകയായിരുന്നു സാര്‍. വിറയ്ക്കുന്ന കരങ്ങളില്‍ ആ കത്തുമായി, സാറിന്‍റെ ശരീരം മാത്രം മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. മനസ്സ് എപ്പോഴേ കൂട് വിട്ടിരുന്നു. "നീ വായിച്ചോ നമ്മുടെ മോളുടെ കത്ത്?". ഉച്ചക്കഞ്ഞി വയ്ക്കുന്ന തിരക്കിലായിരുന്ന മേരി ടീച്ചര്‍ ആ വാക്കുകളോട് പ്രതികരിച്ചില്ല. "ദേ കെടക്കുന്നു നിന്‍റെ മോളുടെ വിശേഷം.", അയാളുടെ ഈ വാക്കുകളില്‍ പ്രതികരണമില്ലായ്മയോടുള്ള പ്രതികാരം കലര്‍ന്നിരുന്നു. ശബ്ദത്തിന്‍റെ ബാഹുല്യമാണോ, അതോ അതിലെ ഗദ്ഗദമാണോ ടീച്ചറുടെ ശ്രദ്ധയെ ക്ഷണിച്ചതെന്ന് അറിയില്ല. വിതുമ്പലുകളുടെ നിശബ്ദത വീടിനെ വിഴുങ്ങി കഴിഞ്ഞിരുന്നു.

ടോണി സ്കൂള്‍ വിട്ടു വീട്ടിലെത്തിയപ്പോഴേക്കും സമയം സന്ധ്യയായിരുന്നു. വീട്ടിലെ അവസ്ഥ സന്തോഷകരമല്ലെന്നു പരിസരങ്ങളില്‍ നിന്നു തന്നെ അവന്‍ മനസ്സിലാക്കി. "ഇന്നെന്തു പ്രശ്നമാണോ ചേച്ചി വീട്ടില്‍ ഉണ്ടാക്കിയിരിക്കുന്നത്? ഒരിക്കലും സമാധാനം ലഭിക്കില്ലെ ഈശ്വരാ?". അവന്‍ വീട്ടിലെത്തിയതും, അച്ഛന്‍ അവനെ ചേര്‍ത്തു പിടിച്ചു. കര്‍ക്കശക്കാരനായ മാഷിനെ സംബന്ധിച്ചിടത്തോളം അതൊരു അസാധാരണ സംഭവമാണ്. അയാളും മാനസീകമായി പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. "അവള്‍ പോയെടാ.". "എപ്പോള്‍?". "ഇന്ന് രാവിലെ പള്ളിയില്‍ പോയ ശേഷം തിരിച്ചു വന്നില്ല.". അവനതൊരു ആശ്വാസമായാണ് തോന്നിയത്. എത്രയോ നാളുകളായി ഒരു വീട്ടില്‍ രണ്ടു കുടുംബങ്ങളായുള്ള താമസം. രഘുവുമായുള്ള നിമ്മിയുടെ ബന്ധം ഒരു ബന്ധു മുഖേനയാണ് മാഷ്‌ അറിയുന്നത്. അവള്‍ പതിവായി കോളേജില്‍ പോകുന്ന ബസ്സിന്‍റെ ഡ്രൈവറാണ് രഘു. അവള്‍ എങ്ങനെ ഒരു ബസ്‌ ഡ്രൈവറെ പ്രണയിക്കുമെന്നു എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ മനസ്സിലായില്ല. അരുതാത്ത പല സ്ഥലങ്ങളിലും അവരെ ഒരുമിച്ചു കണ്ടു എന്ന് സുഹൃത്തുക്കള്‍ പലരും പറഞ്ഞപ്പോഴാണ് മാഷ്‌ ഈ ബന്ധത്തെ കാര്യമായെടുത്തു തുടങ്ങിയത്. ചോദിച്ചപ്പോള്‍ നിമ്മി അതു നിഷേധിച്ചത്, മാഷിനെ വീണ്ടും സംശയത്തിലാക്കി. അയാള്‍ക്ക് മകളെ അത്ര കാര്യമായിരുന്നു. ടൂറിനെന്ന പേരില്‍ വീട്ടില്‍ നിന്നു പോയ അവള്‍ ഒന്നു രണ്ടു ദിവസം അവന്‍റെ കൂടെ താമസിച്ചു എന്ന് കൂടി കേട്ടതോടെ അയാള്‍ തളര്‍ന്നു. അന്നു വീട്ടിലെത്തിയ നിമ്മിയെ പുറത്തു പോകുന്നതില്‍ നിന്നും അയാള്‍ വിലക്കി.

അതോടെ കുടുംബത്തിനകത്തെ വീര്‍പ്പുമുട്ടലുകളും വളര്‍ന്നു. അവള്‍ ആരോടും മിണ്ടാതായി. ദിവസങ്ങളോളം അവള്‍ ഭക്ഷണത്തിനായി മാത്രം മുറിക്കു പുറത്തിറങ്ങുന്ന അവസ്ഥയില്‍ ജീവിച്ചു. വൈകുന്നേരങ്ങളില്‍ ഉച്ചത്തിലുള്ള മറ്റൊരു സന്ധ്യാ പ്രാര്‍ത്ഥന കൂടി വീട്ടില്‍ നിന്നുയര്‍ന്നു. കലഹങ്ങള്‍ പതിവായി. അവളുടെ മുറിയിലെ സാധനങ്ങള്‍ പലതും ദേഷ്യത്തിന് പാത്രമായി. നാളുകള്‍ കഴിയുമ്പോള്‍ അവള്‍ അവനെ മറക്കുമെന്ന് മാഷ്‌ ആശിച്ചു. രഘുവിനുള്ള കത്തുകള്‍  വീട്ടുകാര്‍ അറിയാതെ, വഴിപോക്കര്‍ മുഖാന്തിരം അവള്‍ കൊടുത്തുവിട്ടു. സമാധാനം എന്തെന്നറിയാതെ മാസങ്ങള്‍ ആ വീട്ടുകാര്‍ ചിലവഴിച്ചു. അതിനാല്‍ തന്നെ അവള്‍ പോയി എന്ന വാര്‍ത്ത ടോണിക്കു ആശ്വാസകരമായിരുന്നു. "നിങ്ങള്‍ക്കു ഞാനില്ലേ. അവള്‍ പോണെങ്കില്‍ പോട്ടെ. നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ", ടോണി തന്‍റെ കൊച്ചു വാക്കുകള്‍ കൊണ്ട് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"കിഴക്കേടത്തെ ഔസേപ്പ് സാറില്ലേ, അയാളുടെ മകള്‍ ആ ഡ്രൈവര്‍ രഘുവിന്‍റെ കൂടെ ഒളിച്ചോടിയെന്നു.". "ആയ്യോ കഷ്ടം. എനിക്കപ്പഴെ തോന്നിയതാ". "അവരിരുവരേം പാര്‍ക്കില്‍ വെച്ചു കണ്ടൂന്ന് ഞാന്‍ പറഞ്ഞപ്പോ നിങ്ങളൊക്കെ എന്താ പറഞ്ഞത്?" "അല്ലേലും അവളുടെ മട്ടും നടപ്പുമൊക്കെ തീരെ മോശമായിരുന്നു. മാഷിതൊക്കെ എങ്ങനെ സഹിക്കുവോ ആവോ?" കഥകള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കാന്‍ ഒട്ടും താമസമുണ്ടായില്ല. എല്ലാം അറിയാമെങ്കിലും അവര്‍ മാഷിനെ കാണുമ്പോള്‍ ചോദിച്ചു, "മോളിപ്പോ എന്തു ചെയ്യുന്നു മാഷേ?, അവള്‍ക്കു സുഖമാണോ". ഔസേപ്പ് മാഷിന്‍റെ ശിരസ്സ്‌ അവരുടെ പരിഹാസങ്ങള്‍ക്ക് മുന്നില്‍ കുനിഞ്ഞു. മാഷും ടീച്ചറും പൊതു പരിപാടികള്‍ക്കൊന്നും പോകാതായി.

അവളുടെ ഒളിച്ചോട്ടം കുടുംബത്തിലും പ്രശ്നങ്ങളുണ്ടാക്കി. "നമ്മുടെ കൊച്ചു ഒളിച്ചോടുമെന്നു എനിക്കിപ്പഴും വിശ്വസിക്കാന്‍ പറ്റണില്ല അളിയാ. നമ്മള്‍ എങ്ങനെ വളര്‍ത്തിയതാ അവളെ. ഇന്നലെ കണ്ട ഏതോ ഒരുത്തന്‍റെ കൂടെ അവളങ്ങനെ പോകുവോ?. അവളെ ബലം പ്രയോഗിച്ചോ, മോഹിപ്പിച്ചു മയക്കിയോ കൊണ്ട് പോയതാകാനാ സാധ്യത. നമ്മുടെ മോള്‍ അല്ലാതങ്ങനെ പോകില്ല അളിയാ. ". ടീച്ചറുടെ ആങ്ങള ബാസ്റ്റ്യന്‍ തന്‍റെ ദുഃഖം പങ്കു വച്ചു. സമുദ്രത്തിലേക്ക് എത്ര നദികള്‍ ഒഴുകിയാലും അതിനു മാറ്റമുണ്ടാകുന്നില്ല. "അപ്പോ അവളെഴുതിയ ഈ കത്തോ?", മാഷ്‌ ആ കത്ത് ഉയര്‍ത്തി പിടിച്ചു ചോദിച്ചു. "മോഹിപ്പിച്ചു മയക്കിയാ, ഇതല്ല ഇതിനപ്പുറം വരെ ആളുകള്‍ എഴുതും. നമുക്കിതിന്‍റെ സത്യാവസ്ഥ അറിയണം അളിയാ. അളിയന്‍ പോലീസില്‍ ഒരു പരാതി കൊടുക്കണം. നമ്മുടെ കുട്ടിയുടെ സുരക്ഷ നമ്മള്‍ തന്നെ നോക്കണം. ഇന്നത്തെ കാലമല്ലേ." കാര്യങ്ങളെ മറ്റൊരു വഴിക്ക് നോക്കി കാണാന്‍ ഈ വാക്കുകള്‍ മാഷിനെ പ്രേരിപ്പിച്ചു. ഇപ്പോള്‍ മകള്‍ മാഷ്ക്ക് അത്ര തെറ്റുകാരിയല്ല. ഇപ്പോള്‍ വില്ലന്‍ രഘുവാണ്. അവളെ അവന്‍ മാനസീകമായി തളര്‍ത്തി തട്ടികൊണ്ടുപോയതാണ്.  സത്യം ഉള്ളില്‍ കിടന്നു പുച്ചിച്ചു ചിരിക്കുമ്പോഴും, അയാള്‍ തന്‍റെ പുതിയ ചിന്തകള്‍ കൊണ്ട് സത്യത്തെ കീഴടക്കാന്‍ ശ്രമിച്ചു. നിരന്തരമായ ശ്രമത്തിലൂടെ അയാള്‍ സ്വയം അങ്ങനെ വിശ്വസിച്ചു തുടങ്ങി.

"എന്‍റെ മകള്‍ നിമ്മി ജോസെഫിനെ, ഈ മാസം 12ആം തിയതി മുതല്‍ വീട്ടില്‍ നിന്നു കാണുന്നില്ല. മുട്ടം പള്ളിയിലെ പ്രഭാത കുര്‍ബ്ബാനക്കായി, വീട്ടില്‍ നിന്നു ഇറങ്ങിയതാണ്. കുന്നുമ്മേല്‍ മോഹനന്‍റെ മകന്‍ രഘു അവളെ തട്ടിക്കൊണ്ട് പോയതായി ഞാന്‍ സംശയിക്കുന്നു. ആയതിനാല്‍ അവളെ സുരക്ഷിതയായി കണ്ടെത്തി തിരികെ വീട്ടില്‍ എത്തിക്കണമെന്ന് ഇതിനാല്‍ അപേക്ഷിച്ചു കൊള്ളുന്നു. എന്ന്, കിഴക്കേടത്ത് ഔസേപ്പ് (ഒപ്പ്).". പോലീസ്‌ സ്റ്റേഷനില്‍ ഈ പരാതിക്ക് കാര്യമായ സ്വീകാര്യത ഉണ്ടായിരുന്നില്ല. "ഇതു പോലെ എത്രയോ പെണ്ണുങ്ങള്‍ വീട്ടില്‍ നിന്നു ദിനം പ്രതി ഒളിച്ചോടുന്നു. ഇവരെയൊക്കെ കണ്ടു പിടിക്കലാണോ പോലീസിന്‍റെ പണി." എസ്.ഐയുടെ മറുപടിയില്‍ പരിഹാസം കലര്‍ന്നിരുന്നു. "പത്തു മുപ്പതു വര്‍ഷം സര്‍ക്കാരിനെ സേവിച്ച ഒരു അധ്യാപകനാണ് ഞാന്‍. എന്‍റെ മകള്‍ ഒളിച്ചോടുമെന്നു ഞാന്‍ കരുതുന്നില്ല. അവള്‍ക്കു ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍, നിങ്ങളെയെല്ലാം ഞാന്‍ കോടതി കയറ്റും.", മാഷിന്‍റെ മുഖം ചുവന്നിരുന്നു "ഞങ്ങള്‍ അന്വേഷിക്കാം മാഷേ. ഇപ്പൊ ചെല്ല്. ഇവിടെ നൂറുകൂട്ടം പണിയുണ്ട്". ഔസേപ്പ്‌ സാറിനെ കൂടുതല്‍ വിഷമിപ്പിക്കാതെ എസ്.ഐ യാത്രയാക്കി.

പിന്നീടുള്ള ദിവസങ്ങളിലൊന്നു. പ്രഭാതത്തിലുള്ള കോളിങ്ങ് ബെല്‍ കേട്ടു കതകു തുറന്ന മാഷ്‌ കണ്ടത് ഒരു പോലീസ്‌ കോണ്‍സ്റ്റബളിനെയാണ്. "കിഴക്കേടത്ത് ഔസേപ്പ് സാറല്ലേ.?". "അതെ". "സാര്‍ ഇന്നു സ്റ്റേഷന്‍ വരെ ഒന്നു വരണം. എസ്.ഐ പറഞ്ഞിട്ട് വന്നതാണ്." സന്ദേശം കൈമാറി, ഒരു ചായക്ക് പോലും കാത്തു നില്‍ക്കാതെ കോണ്‍സ്റ്റബിള്‍ യാത്രയായി. മാഷിനെ ചെറുതായി ആധി ബാധിച്ചു തുടങ്ങി. മകള്‍ക്ക് അരുതാത്തത് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ചിന്ത അയാളെ സാവധാനം കീഴടക്കി. "ആരാ വന്നത്?" അടുക്കളയില്‍ നിന്നു ടീച്ചര്‍ ആരാഞ്ഞു. "ഒന്ന് സ്റ്റേഷന്‍ വരെ ചെല്ലാന്‍ പറഞ്ഞതാ". വേഷമൊക്കെ മാറ്റി അയാള്‍ അപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങി. "ഞാനപ്പോഴേ പറഞ്ഞില്ലേ സാറേ, ഇതു ഒളിച്ചോട്ടമാണെന്നു". കണ്ട പാടെ എസ്.ഐ അത്യുല്‍സാഹത്തില്‍ അറിയിച്ചു. "ഞങ്ങള്‍ അന്വേഷിച്ചു. അവളെ തട്ടി കൊണ്ട് പോയതൊന്നുമല്ല. സ്വമനസ്സാലെ ഇറങ്ങി പോയതാ. തൊടുപുഴ രജിസ്റ്റര്‍ ഓഫീസില്‍ കല്യാണത്തിനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, അവളിപ്പോ നിമ്മിയൊന്നുമല്ല, സ്വാതിയാണ്, സ്വാതി. പ്രായപൂര്‍ത്തിയായ അവര്‍ക്കെതിരെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല.". അയാള്‍ ഒറ്റ ശ്വാസത്തില്‍ അറിയിച്ചു. അയാളും ഈ വാര്‍ത്തയില്‍ ചെറിയൊരാനന്ദം കണ്ടെത്തിയിരുന്നു. തന്‍റെ ഉയര്‍ച്ചയിലും, അന്യന്‍റെ താഴ്ചയിലും മാത്രമേ മനുഷ്യനു സന്തോഷം ലഭിക്കൂ എന്ന കാലം. മാഷിനു ആ വാര്‍ത്ത ഒട്ടും ശുഭകരമായിരുന്നില്ല.. "സാര്‍, ആ റൈറ്ററുടെ അടുത്തു ചെന്ന്‍,  വിവരങ്ങളൊക്കെ അറിഞ്ഞിരിക്കുന്നു എന്ന നോട്ടീസില്‍ ഒരൊപ്പിട്ടട്ടു പൊക്കോളൂ.". " ഇനിയും പെണ്‍മക്കളുണ്ടേല്‍ ഒന്നു സൂക്ഷിച്ചു വളര്‍ത്തുന്നത് നല്ലതാ", മാഷു മുറി വിടുമ്പോഴേക്കും അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

സോമരാജന്‍ ഹൈക്കോടതിയിലെ ഒരു വക്കീലാണ്, മാഷിന്‍റെ മികച്ച ശിഷ്യന്മാരിലൊരാള്‍. "മാഷേ, നമുക്കൊരു ഹേബിയസ്‌ കോര്‍പസ്‌ ഫയല്‍ ചെയ്താലോ?.", ആഴ്ചകള്‍ക്കു ശേഷം മാഷിനെ കണ്ട സോമന്‍ ചോദിച്ചു. "അതെന്തു ഹര്‍ജിയാ സോമാ?". "അന്യാമായി തടങ്കലില്‍ വച്ചിരിക്കുന്നവരെ കോടതി മുമ്പാകെ ഹാജരാക്കാനുള്ള നടപടി ക്രമത്തെ സൂചിപ്പിക്കുന്ന ഒരു ലാറ്റിന്‍ പദമാണ് ഹേബിയസ്‌ കോര്‍പസ്‌. അത് വഴി നമുക്ക് നിമ്മിയെ കോടതി മുന്‍പാകെ വിളിച്ചു വരുത്താനാവും. മേരി ടീച്ചര്‍ വഴി ഹര്‍ജി നല്‍കുന്നതാണ് കൂടുതല്‍ ഉചിതം. അമ്മയോടുള്ള അടുത്ത ബന്ധം അവള്‍ക്കൊരു പുനര്‍വിജിന്തനത്തിനു പ്രചോദനം നല്‍കും. അവള്‍ കോടതിയില്‍ എത്തി നിങ്ങളെയൊക്കെ കാണുമ്പോള്‍ ഇങ്ങു പോരും മാഷേ. ഇങ്ങനെ എത്രയെണ്ണം ഞാന്‍ കണ്ടിരിക്കുന്നു." സോമന്‍റെ വാക്കുകള്‍ ടീച്ചര്‍ക്കും തെല്ലോരാശ്വാസം നല്‍കി. വിദ്യാഭ്യാസം പൂര്‍ത്തിയാകാത്ത തന്‍റെ മകളെ തിരിച്ചു നല്‍കണമെന്ന് കാണിച്ചു അവര്‍ ഹര്‍ജി ഫയല്‍ ചെയ്തു.

വെള്ളിയാഴ്ചകളില്‍ ഹൈക്കോടതിയിലെ പത്താം നമ്പര്‍ കോടതി മുറിയിലാണ് ഹേബിയസ്‌ കോര്‍പ്പസ് കൈകാര്യം ചെയ്യുന്നത്. അനേകം പ്രതീക്ഷകള്‍ക്കും, വ്യസനങ്ങള്‍ക്കും വേദിയായിട്ടുണ്ട് അവിടം. ആ കോടതി മുറിയില്‍ ജഡ്ജിയുടെ റോള്‍ പരിമിതമാണ്. കക്ഷികളെ തന്‍റെ മുമ്പില്‍ വിളിച്ചുവരുത്തുന്നതില്‍ അതവസാനിക്കുന്നു. ഇവിടെ അപേക്ഷ സമര്‍പ്പിക്കുന്നതും, വിധി പ്രസ്ഥാവിക്കുന്നതും കക്ഷികള്‍ തന്നെ. വരുന്നതില്‍ നല്ലൊരു പങ്കു ഹര്‍ജികളും, പ്രണയത്തിന്‍റെയും, ഒളിച്ചോട്ടത്തിന്‍റെയും തല്‍ഭലമായി ഉണ്ടാകുന്നതാണ്. അങ്ങിങ്ങായി മാറാല പിടിച്ച ആ മുറി, മാറുന്ന മനുഷ്യ ബന്ധത്തിന്‍റെ പ്രതീകമെന്നോണം നിലകൊണ്ടു. പലപ്പോഴും ആ മുറിയിലെ കണ്ണ് മൂടിക്കെട്ടിയ നിയമത്തിന്‍റെ പ്രതിമ ബാഹ്യ വികാര വേലിയേറ്റങ്ങളില്‍ ആടിയുലഞ്ഞു.

വെള്ളിയാഴ്ച വളരെ നേരത്തെ തന്നെ പരാതിക്കാരി മേരി ടീച്ചറും, ഔസേപ്പ് സാറും കോടതിയിലെത്തി. ആളുകള്‍ എത്തി തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. ഒന്‍പതര മണിയോടു കൂടി കോടതി മുറികള്‍ തുറന്നു തുടങ്ങി. ആകംക്ഷയുടെയും, പ്രതീക്ഷയുടെയും അണയാത്ത നെരിപ്പോടുമായി ആ അച്ഛനും, അമ്മയും കോടതി മുറിയില്‍ ഇരിപ്പുറപ്പിച്ചു. സോമരാജന്‍ താമസിയാതെ എത്തിച്ചേര്‍ന്നു. കോടതി മുറി കാണികളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. കോടതി പരിസരങ്ങളില്‍ ഉദ്യോഗസ്ഥരെത്തി, വക്കീലന്മാരെത്തി, ജഡ്ജിമാരെയും വഹിച്ചു കൊണ്ട് വാഹനങ്ങളും എത്തി. അവര്‍ പ്രതീക്ഷിച്ച മുഖം എവിടെയും കാണാന്‍ കഴിഞ്ഞില്ല. അല്‍പം കഴിഞ്ഞപ്പോള്‍ രഘുവും നിമ്മിയും ബൈക്കില്‍ കോടതി പരിസരത്തേക്കെത്തുന്നത് അവര്‍ കണ്ടു. അമ്മ പരിസരം മറന്നു, മകളുടെ പക്കലേക്കോടി. ആളുകള്‍ നോക്കി നില്‍ക്കെ, അമ്മയുടെ കൈകള്‍ തട്ടി മാറ്റി അവള്‍ കോടതിയിലേക്ക് പ്രവേശിച്ചു. അവരുടെ പ്രായമായ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു തുടങ്ങി.

സമയം പത്തരയോടടുത്തു. ജസ്റ്റിസുമാരായ പയസ്‌ ജോസെഫും, കെ.പി. അബൂബക്കറും, ന്യായാസനങ്ങളിലേക്ക് പ്രവേശിച്ചു. കോടതി മുഴുവന്‍ അവരെ എഴുന്നേറ്റു നിന്ന് ബഹുമാനിച്ചു. ബഹുമാനം പ്രദര്‍ശനമാവുമ്പോള്‍, നാട്യക്കാരനാണ് പ്രതിഫലം ലഭിക്കുന്നത്. ആദ്യത്തെ കേസായി കിഴക്കേടത്തു മേരിയുടെ കേസ്‌ കോടതി പരിഗണിച്ചു. കേസ്‌ ഫയളിലൂടെ കണ്ണോടിച്ച ജസ്റ്റിസുമാര്‍, നിമ്മിയെ സാക്ഷിക്കൂടിലേക്ക് വിളിച്ചു. "താങ്കളെ അന്യായമായി കുന്നുമ്മേല്‍ രഘു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു, കുട്ടിയുടെ അമ്മയും പരാതിക്കാരിയുമായ കിഴക്കേടത്തു വീട്ടില്‍ മേരി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു. ഇത് സത്യമാണോ?", കോടതി നേരിട്ട് കക്ഷിയോട് ചോദിച്ചു. "രഘുവിന്‍റെ കൂടെ താമസിക്കാനുള്ളത് എന്‍റെ സ്വന്തം തീരുമാനമാണ്. അതില്‍ യാതൊരു ബാഹ്യ പ്രേരണയും ഇല്ല. ഞങ്ങള്‍ വിവാഹത്തിനായി നോട്ടീസ്‌ കൊടുത്തിട്ടുള്ളതാണ്. നിയമപരമായ വിവാഹപ്രായം കഴിഞ്ഞ എനിക്ക് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ബഹുമാനപ്പെട്ട കോടതി ഞങ്ങളെ ഒന്നിച്ചു ജീവിക്കുവാന്‍ അനുവദിക്കണം.", അവളുടെ മറുപടി അതിദ്രുതമായിരുന്നു.

"നിമ്മി വിവാഹത്തോടനുബന്ധിച്ച് മതം മാറിയിരിക്കുന്നതായും, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. മാറുന്ന ജീവിത സാഹചര്യങ്ങള്‍, പ്രണയത്തിന്‍റെ തീവ്രതയില്‍ ചുരുക്ക കാലത്തേക്ക് മനോഹരമായി അനുഭവപ്പെടുമെങ്കിലും, ദീര്‍ഘകാല ജീവിതത്തില്‍ അവ കയ്പ്പുനീരുകളായി ഭവിക്കും. ഒരു വ്യക്തിയുടെ ഭാവിക്ക്, വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. അതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യൌവ്വനത്തിന്‍റെ പക്വതയില്‍ വിവാഹത്തെ പറ്റി ഒരു തീരുമാനമെടുക്കുന്നതല്ലേ ഉചിതം. ദിവസവും, വ്യത്യസ്ഥങ്ങളായ അനേകം ജീവിതങ്ങള്‍ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നുണ്ട്. അവരുടെ അനുഭവങ്ങളില്‍ നിന്നാണ് ഞങ്ങള്‍ ഇതു പറയുന്നത്.", കോടതി അവളെ ഒരു പുനര്‍വിജിന്തനത്തിനു പ്രേരിപ്പിച്ചു.

"ഈ പരാതിക്കാരിക്ക്‌, എന്‍റെ മേല്‍ പരാതി തരാന്‍ എന്തര്‍ഹതയുണ്ട്. അവരെന്‍റെ അമ്മയൊന്നുമല്ല. എന്‍റെ അമ്മ എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു പോയി.", അവളുടെ മറുപടി കേട്ട് ഞെട്ടിയത് കോടതിയാണ്. കോടതി മുറി അതിദ്രുതം നിശ്ചലമായി. ജസ്റ്റിസ്‌ പയസ്‌ തന്‍റെ തൂവാല എടുത്തു മുഖത്തെ വിയര്‍പ്പ് തുള്ളികള്‍ തുടച്ചു. മേരി ടീച്ചറുടെ കണ്ണില്‍ ജലം കെട്ടി നിന്നു. അതില്‍ നിന്ന് ഒരു തുള്ളി താഴെ വീഴാന്‍ ഏറെ ക്ലേശിക്കുന്നുണ്ടായിരുന്നു. മാഷും ഇത് കേട്ട് സ്ഥബ്ദനായി. കോടതി മേരി ടീച്ചറെ സാക്ഷി കൂട്ടിലേക്ക് വിളിപ്പിച്ചു. സ്വന്തം മാതൃത്വം കോടതിയില്‍ തെളിയിക്കേണ്ടി വന്ന ആ അമ്മ അവിടെ നിന്ന് വാവിട്ടു കരഞ്ഞു, നിലവിളിച്ചു. അവരാണ് യഥാര്‍ത്ഥ അമ്മ എന്നു മനസ്സിലാക്കാന്‍ കോടതിക്ക് അത് മാത്രം മതിയായിരുന്നു. എന്നാല്‍ നിയമത്തിനു ഈ ഹര്‍ജിയില്‍ ഉള്ള പങ്കു തുലോം ശുഷ്കമാണ്. കരച്ചിലിന്‍റെ ആധിക്യത്തിനിടയില്‍ നിന്നും, "നൊന്തു പ്രസവിച്ച", തുടങ്ങിയ കുറച്ചു വാക്കുകള്‍ പുറം ലോകം ശ്രവിച്ചു. കോടതി മുഴുവന്‍ ക്ഷമയോടെ അവരുടെ വാക്കുകള്‍ക്കായി നിലകൊണ്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍, വിതുമ്പലുകള്‍ക്കിടയിലൂടെ അവര്‍ പറഞ്ഞു. "ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. അത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഭൂതമാണ് ഭാവിയാകുന്നത്. അതെ ആകൂ, ആകാവൂ. എനിക്കു പരാതിയില്ല.". പെണ്‍കുട്ടിയെ അവളുടെ താല്പ്പര്യ പ്രകാരം വിട്ടുകൊണ്ട് കോടതി, നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു.

നിമ്മി രഘുവിന്‍റെയൊപ്പം ഉല്ലാസവതിയായി പോകുന്നത് കോടതി വരാന്തയിലിരുന്ന് അവര്‍ കണ്ടു. കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ ടീച്ചര്‍ക്ക് ഏറെ നേരം അതു കണ്ടിരിക്കാന്‍ സാധിച്ചില്ല. കണ്ണീര്‍ ഒരു മറയാണ്, പല കാഴ്ചകളില്‍ നിന്നും, വിചാരങ്ങളില്‍ നിന്നും. തളര്‍ന്നു നില്‍ക്കുന്ന ആ അമ്മയുടെ കൈകളെ മറ്റൊരു കരം ശക്തിയില്‍ ചേര്‍ത്തു പിടിച്ചു. ടോണിയായിരുന്നു അത്. വാര്‍ദ്ധക്യം യൌവനത്തെ സാവധാനം പിന്തുടര്‍ന്നു. രഘുവും നിമ്മിയും അധിക ദൂരം പോകും മുമ്പ് തന്നെ ഒരു ശവസംസ്കാര പ്രദിക്ഷണം റോഡിനു എതിരെ വരുന്നതു കണ്ടു. അവര്‍ വണ്ടി വശത്തേക്കൊതുക്കി. ശവമഞ്ചത്തിനു മുകളില്‍ ഒരമ്മ വാവിട്ടു നിലവിളിക്കുന്നത് അവള്‍ കണ്ടു. മരിച്ചിരിക്കുന്നത് അവരുടെ മകളാണ്. മകളെയും കെട്ടിപിടിച്ചുള്ള ആ അമ്മയുടെ നിലവിളി, കോടതി മുറിയിലെ അവളുടെ അമ്മയുടെ നിലവിളിയായി അവള്‍ക്കു തോന്നി. പുറകിലുള്ള പ്രാര്‍ത്ഥനാസംഘത്തിന്‍റെ മൈക്കില്‍ നിന്നും ശബ്ദം ഉയര്‍ന്നു. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ മടങ്ങും. നീ അളക്കുന്ന അളവുകോലു കൊണ്ടു തന്നെ നീയും അളക്കപ്പെടും."

Monday, October 22, 2012

ആലപ്പുഴ ജലപ്പരപ്പില്‍ ഒരു ദിനം




"Here nature has spent up on the land her richest bounties". ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആലപ്പുഴ സന്ദര്‍ശിച്ച അന്നത്തെ വൈസ്രോയി ലോര്‍ഡ്‌ കഴ്സണ്‍, പ്രകൃതി ഭംഗി കണ്ടു അമ്പരന്നു പറഞ്ഞ വാക്കുകളാണ് മുകളില്‍ കുറിച്ചത്. കാഴ്ചകളുടെ ആവേശം അദ്ദേഹത്തിന്‍റെ സിരകളെ ബാധിച്ചുതുടങ്ങിയപ്പോള്‍, ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു അദ്ദേഹം ഉദ്ഘോഷിച്ചു, "Venice of the east". അവ അലയൊലികളായി കായല്‍പ്പരപ്പുകളില്‍ അവശേഷിച്ചു. വിദേശികള്‍ക്കും, സ്വദേശികള്‍ക്കും ഒരുപോലെ പ്രീയപ്പെട്ട കേരളത്തിലെ സുന്ദരമായൊരു ഭൂപ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് കേവലം ഒരു മീറ്റര്‍ മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതില്‍ നിന്നു തന്നെ ആലപ്പുഴയുടെ സവിശേഷത ആരംഭിക്കുന്നു. ആറു നദികളുടെ സംഗമ സ്ഥലമായ വേമ്പനാട് കായലും, കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടും സ്ഥിതി ചെയ്യുന്നതും ഇതേ ജില്ലയില്‍ തന്നെ. ലഗൂണുകള്‍, കായലുകള്‍, തോടുകള്‍, കനാലുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവിടം. ജലത്തിലാണ് ജീവന്‍ ഉണ്ടായതെങ്കില്‍, കേരളത്തില്‍ ജീവന്‍ ഉത്ഭവിച്ചിരിക്കുക ഇവിടെയാവാം.

ആലപ്പുഴയിലെ ജലജീവിതം ആസ്വദിക്കണമെങ്കില്‍ പുലര്‍ച്ചെ തന്നെ ആലപ്പുഴയില്‍ എത്തിച്ചേരണം. ഞാനും, എന്‍റെ സഹമുറിയന്‍ നിതിനും ഉള്‍പ്പെടുന്ന യാത്രാസംഘം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത് പുലര്‍ച്ചെ എട്ടു മണിയോടെ. പ്രധാനപ്പെട്ട സ്ഥലത്തിന്‍റെ ജീവനാടിയാണെങ്കിലും, തീര്‍ത്തും ശുഷ്കമാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍‍. ഭക്ഷണമുള്‍പ്പെടെ, ഒന്നിനുമുള്ള സൗകര്യം സ്റ്റേഷനില്‍ ലഭ്യമല്ല. സ്റ്റേഷനില്‍ നിന്നും, പ്രൈവറ്റ് ബസില്‍ ഞങ്ങള്‍ ബോട്ടു ജട്ടി വരെ എത്തി. ആലപ്പുഴയില്‍ ബോട്ടു ജട്ടിയും, ksrtc സ്റ്റാന്‍റും സമീപങ്ങളിലായി സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ കുടിവെള്ളത്തിന് ദൌര്‍ലഭ്യമുള്ളതിനാല്‍, സഞ്ചാരികള്‍ ജലം കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ജലത്താല്‍ ചുറ്റപ്പെട്ട ഒരു നഗരത്തില്‍, കുടിവെള്ളത്തിനുള്ള ക്ഷാമം തികച്ചും വിരോധാഭാസം തന്നെ. ടൂറിസ്റ്റുകള്‍ക്കായി ktdcയുടെ ഒരു ഔട്ട്ലെറ്റ് ഉണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യശേഷി തെളിയിച്ചു കൊണ്ട്, അനാധമായൊരു ഫാനും, കുറെ ഫയലുകളും മാത്രം ഞങ്ങളെ ഓഫീസില്‍ സ്വീകരിച്ചു.

ബോട്ട് ജട്ടിയുടെ സമീപത്തുകൂടെ നടക്കുമ്പോള്‍ താഴെ കായലില്‍, അനേകം ചെറു ബോട്ടുകള്‍ കാണാം. ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങള്‍ സീസണ്‍ അല്ലാത്തതിനാല്‍ പലതും റിപ്പയറിംഗ് തിരക്കുകളിലാണ്. അല്ലാത്തവ സന്ദര്‍ശകരെ പ്രതീക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍, എട്ടുപേര്‍ക്കിരിക്കാവുന്ന ഒരു ബോട്ട്, നാലു മണിക്കൂര്‍ നേരത്തേക്കു വാടകക്കെടുത്തു. മണിക്കൂറിനു മുന്നൂറു രൂപ നിരക്കില്‍. സീസണില്‍ ഇത് മണിക്കൂറില്‍ ആയിരത്തി ഇരുനൂറു വരെയാകുമെന്നു ബോട്ടുകാരന്‍ പിന്നീടു സൂചിപ്പിക്കുകയുണ്ടായി. ഡിസംബര്‍ ജനുവരിയും, ഓണക്കാലവുമാണ് അവിടെ സീസണ്‍. ഡ്രൈവര്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചു. കര കര ശബ്ദത്തോടെ അതു കനാലിലൂടെ സാവധാനം നീങ്ങി. ഡീസലും, എണ്ണയും വീണു കനാലിലെ ജലം മലിനമായിരുന്നു. വെള്ളത്തിന്‌ ഒഴുക്കില്ലാത്തതും മാലിന്യത്തിനു ആക്കം കൂട്ടി. സമയമിതു വരെ ആലപ്പുഴ എന്നതു കേരളത്തിലെ മറ്റേതു നഗരം പോലെയും സാധാരണമായിരുന്നു.

ഒരഞ്ചു മിനിറ്റുകൊണ്ട് തന്നെ ബോട്ട് കനാലില്‍ നിന്നു പുന്നമട കായലിലേക്ക് കടന്നു. കായലിന്‍റെ തീരങ്ങളില്‍, ഞണ്ടുകള്‍ കൂട്ടം കൂടി കിടക്കുന്നത് പോലെ നൂറുകണക്കിനു ഹൌസ് ബോട്ടുകള്‍ വിശ്രമിക്കുന്നുണ്ട്. ഹൌസ് ബോട്ടുകള്‍ യാത്ര പുറപ്പെടുന്നതും, അവസാനിപ്പിക്കുന്നതും അവിടെയാണ്. പകല്‍ ഒന്‍പതു മുതല്‍ അടുത്ത പകല്‍ ഒന്‍പതു വരെയാണ് അവയുടെ ദിവസങ്ങള്‍. അതിനാല്‍ തന്നെ പലതും സന്ദര്‍ശകരെ ഇറക്കുന്നതിന്‍റെയും, കയറ്റുന്നതിന്‍റെയും തിരക്കിലായിരുന്നു. അയ്യായിരം മുതല്‍ തുടങ്ങുന്നു അവയുടെ നിരക്കുകള്‍. ജലത്തിലുള്ള ഗൃഹങ്ങള്‍, കരയിലെ ഗൃഹങ്ങളെ കാഴ്ചയില്‍ നിന്നും മറച്ചു. ബോട്ടിലെ ഡ്രൈവര്‍ ഞങ്ങള്‍ക്ക് ഗൈഡു കൂടിയായിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ആരംഭ-അവസാന സ്ഥലങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്കായി വിവരിച്ചു. അനേകം തുഴക്കാരുടെ വിയര്‍പ്പും, വാശിയും ഏറ്റുവാങ്ങിയ അവിടം അടുത്ത മല്‍സരത്തിനെന്നവണ്ണം തയാറായിരുന്നു. അന്താരാഷ്‌ട്ര പ്രസിദ്ധമായ ആ വള്ളംകളി നേരില്‍ കാണണമെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു.

സമയവും ദൂരവും പോകെ, കേട്ടുവള്ളങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. നമ്മുടെ വീടുകളിലെ സൈക്കിളുകള്‍ പോലെ അവിടെ വീടുകളിലെല്ലാം കൊച്ചു വള്ളങ്ങളുണ്ട്. പത്തറുപത് വയസ്സായ സ്ത്രീകള്‍ വരെ അവ തുഴഞ്ഞു വരുന്നത് തുടക്കത്തില്‍ ആശ്ചര്യം ജനിപ്പിച്ചെങ്കിലും, പിന്നീട് അവ സാധാരണം മാത്രമായി. ജലത്തിനു ചുറ്റും അവരുടെ ജീവിതം പരിണാമം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. അലക്ക്, കുളി, മുതല്‍ വീട്ടാവശ്യങ്ങള്‍ക്ക് വരെ കായലില്‍ നിന്നു ആളുകള്‍ വെള്ളമെടുക്കുന്നുണ്ട്. പല വീടുകളുടെയും ഗേറ്റുകള്‍, കായലിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. പുന്നമട കായലിന്‍റെ ഓരങ്ങളില്‍ വാണിജ്യവല്‍ക്കരണം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. ചുറ്റും സ്പാകളും, ഹോം സ്റ്റേകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ജലത്തിലെ ഓളങ്ങളെയും, പായലുകളെയും കീറി മുറിക്കുവാന്‍ ഞങ്ങളുടെ ബോട്ട് കഷ്ടപ്പെടുന്നതായി തോന്നി. പുറമേക്ക് സൌന്ദര്യദായകമെങ്കിലും, ജലജന്യ ജീവിതത്തിന്‍റെ കഷ്ടപ്പാടുകള്‍ അവിടങ്ങളിലെ ജീവിതങ്ങളില്‍ വായിച്ചറിയാം.

കുട്ടനാടന്‍ പാടശേഖരങ്ങള്‍ സാവധാനം കണ്മുന്നിലേക്കെത്തിത്തുടങ്ങി. ജലനിരപ്പിനു കീഴെയായി പച്ചപ്പിന്‍റെ അനന്തമായ ഒരു വിരിപ്പ്. അവയ്ക്കിടയിലൂടെ ഒഴുകുന്ന ജല ചാലുകള്‍. അവ ആ നാടിനെ പോഷക സമൃദ്ധമാക്കുന്നു. ഭാരതത്തില്‍ ഏറ്റവും താഴ്ന്ന നിരപ്പില്‍ സ്ഥിതി ചെയ്യുന്ന ഇവിടം, ലോകത്തു തന്നെ സമുദ്രനിരപ്പില്‍ നിന്നും കീഴെ കൃഷി നടക്കുന്ന വിരളിലെണ്ണാവുന്ന പ്രദേശങ്ങളില്‍ പെടുന്നു. ചേര ഭരണ കാലത്ത് രാജ്യത്തെ പ്രബലമായ ഒരു പ്രദേശമായിരുന്നു അവിടം. തീപിടുത്തത്തില്‍ തകര്‍ന്ന ഒരു വനമേഘലയുടെ സൂചന നല്‍കിക്കൊണ്ട് കുട്ടാനാടിന്‍റെ ആഴങ്ങളില്‍ ഇന്നും കരിയുടെ സാനിധ്യമുണ്ട്. ജനങ്ങളുടെ പ്രധാന കൃഷി നെല്‍കൃഷി തന്നെ. കേരളത്തിന്‍റെ ദുരിതഭാവിയുടെ പ്രതീകമായി അവിടെ പല പാടങ്ങളിലും കൃഷി ഇറക്കാതെ തരിശായി കിടക്കുന്നത് കാണാനായി. കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പള്ളിത്താനം ലുക്ക്‌ മത്തായിയുടെ നേതൃത്വത്തില്‍, വേമ്പനാട് കായലില്‍ നിന്നു ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സൃഷ്ട്ടിച്ചെടുത്തതാണ് കുട്ടനാടന്‍ പാടശേഖരങ്ങളിലെ പല ബ്ലോക്കുകളും. സന്ദര്‍ശനത്തിനു വന്ന ഒരു ഉത്തരേന്ത്യന്‍ കുടുംബം കായലിന്‍റെ ഓരങ്ങളിലുള്ള ഒരു കള്ളു ഷാപ്പിലേക്ക് ബോട്ട് അടുപ്പിച്ചു കയറി.

ഞങ്ങള്‍ വേമ്പനാട് കായലിന്‍റെ തീരങ്ങളില്‍ സ്പര്‍ശിച്ചു. പുന്നമട കായല്‍ ചെസ്സിലെ തേരാളിയെങ്കില്‍ മന്ത്രിയാണ് വേമ്പനാട് കായല്‍. അതിന്‍റെ വന്യതയും, വശ്യതയുമാണ് വിദേശികളെ പോലും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പുന്നമട കായലും, വേമ്പനാടിന്‍റെ ഒരു ഭാഗം തന്നെയാണ്. മൂവാറ്റുപുഴ, മീനച്ചില്‍, പമ്പ, അച്ചെന്‍കോവില്‍ തുടങ്ങിയ നദികളെല്ലാം എത്തിച്ചേരുന്നിടം വേമ്പനാട് തന്നെ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായലിലൂടെ പകല്‍ മാത്രമേ ബോട്ടുകള്‍ക്ക് സഞ്ചരിക്കാനാവൂ. സന്ധ്യ ആവുന്നതോടെ കരിമീന്‍, കൊഞ്ചു കൃഷിക്കാര്‍ കായലിന്‍റെ ആഴങ്ങളില്‍ നിന്നു പൊന്നു കൊയ്തെടുക്കും. കായല്‍, രാത്രിയില്‍ വലകള്‍ കൊണ്ടു നിറയും. യാത്രയില്‍, പ്രസിദ്ധമായ പാതിരാമണല്‍ ദ്വീപ് വിദൂരങ്ങളില്‍ കാണാനാവും. പേരിലെ വശ്യത മാത്രമേ ദ്വീപിനുള്ളു. കാടും ഇഴജെന്തുക്കളും നിറഞ്ഞ ഒരു പ്രദേശമാണ് അത്. സമയം ഉച്ചയോടടുത്തു. കെട്ടുവള്ളങ്ങള്‍ ഞങ്ങളുടെ സഞ്ചാര പാതകള്‍ അപഹരിക്കാന്‍ നിഷ്കളങ്ക ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നിരന്തരമായ പാട ശേഖരങ്ങളും, വശങ്ങളിലുള്ള കേരവും, കേരളീയത വ്യക്തമാക്കുന്നു. കേട്ടുവള്ളങ്ങളുടെ ഓളങ്ങള്‍ ഞങ്ങളുടെ കൊച്ചോളങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നുണ്ട്. കായലിലൂടെ മുന്നോട്ട് പോകുന്തോറും മനുഷ്യ വാസം കുറഞ്ഞു വരുന്നു. വീടുകളൊന്നും തന്നെ വശങ്ങളില്‍ കാണാനാവുന്നില്ല. ഈ ഏകാന്തതയും, പച്ചപ്പും ഇപ്പോള്‍ കേരളത്തില്‍ നിന്നു പോലും അന്യം നിന്നു കൊണ്ടിരിക്കുകയാണ്. കെട്ടുവള്ളങ്ങളില്‍ നിന്നും പ്ലാസ്റ്റിക്‌ കൂടുകളില്‍ കെട്ടി കായലിലേക്കിടുന്ന അവശിഷ്ടങ്ങള്‍ ടൂറിസം എങ്ങനെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിന് നേര്‍സാക്ഷ്യമായി.

ഞങ്ങള്‍ ബോട്ടു യാത്ര ആരംഭിച്ചിട്ട് രണ്ടു മണിക്കൂറോളം പിന്നിട്ടു കഴിഞ്ഞു. ബ്ലോക്കുകള്‍ക്കിടയിലെ ഒരു ജല നാല്‍ക്കവലയിലൂടെ ബോട്ട് നാണിച്ചു യാത്ര തുടര്‍ന്നു. ആളൊഴിഞ്ഞ ഒരു പാടശേഖര ബ്ലോക്കില്‍ ഡ്രൈവര്‍ വണ്ടി അടുപ്പിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശയെ തുടര്‍ന്നു പാടശേഖരങ്ങളുടെ അതിരുകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ ദ്രുതം പുരോഗമിക്കുന്നുണ്ട്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കായലില്‍ നിന്നു മണ്ണെടുത്ത് അതിരുകളില്‍ നിക്ഷേപിക്കുകയാണ്. മണ്ണിനടിയിലെ കരിയുടെ നിക്ഷേപം വ്യക്തമായി കാണാം. ആ ബ്ലോക്കില്‍ ആളൊഴിഞ്ഞ പൂട്ടിയിട്ട നിലയിലുള്ള ഒരു ക്രിസ്ത്യന്‍ പള്ളി കാണാനായി. ഞങ്ങളല്ലാതെ വേറെ മനുഷ്യ ജീവികളെ അവിടെയെങ്ങും കാണാനായില്ല. ഞങ്ങള്‍ പള്ളിക്ക് ചുറ്റും നടന്നു. ആളൊഴിഞ്ഞ പള്ളി പരിസരങ്ങള്‍ പുല്ലുകള്‍ അവയുടെ കാല്‍ച്ചുവട്ടില്‍ ആക്കി കഴിഞ്ഞിരുന്നു. വള്ളിപ്പടര്‍പ്പുകളിലിരുന്നു കിളികള്‍ ശബ്ദമുണ്ടാക്കുന്നു. അതിരുകള്‍ പാകി നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകള്‍, ഞങ്ങളെ കണ്ടിട്ടെന്നവണ്ണം കാറ്റത്ത്‌, ഓലയടിച്ചു ശബ്ദമുണ്ടാക്കി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. പള്ളിയുടെ ജനലിലൂടെ പൊടി പിടിച്ചു കിടക്കുന്ന വിശുദ്ധ രൂപങ്ങള്‍ കാണാം. അള്‍ത്താരയില്‍ നിന്നും ഒരു പൂച്ചക്കുട്ടി അതിന്‍റെ സ്വൈര്യ വിഹാരത്തിന് തടസ്സമുണ്ടാക്കിയത്തില്‍ പ്രതിഷേധിച്ചു ജനല്‍ വഴി പുറത്തേക്കോടി. ജനലിന്‍റെ ഒരു വശത്ത്, കത്തിതീരാറായ ഒരു മെഴുകുതിരി, ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന വയോധികനെ പോലെ, നാളം നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടുന്നു. കാറ്റ് അതിന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ താങ്ങിയും തലോടിയും കടന്നു പോകുന്നു. അല്‍പ സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരികെ ബോട്ടില്‍ കയറി. വള്ളിപ്പടര്‍പ്പുകളില്‍ ഒച്ചയുണ്ടാക്കിയിരുന്ന കിളികള്‍ പറന്നു പോകുന്നത് ഞങ്ങള്‍ ബോട്ടിലിരുന്നു കണ്ടു.

ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. സമയം ഉച്ചയോടടുത്തു. വന്ന വഴികളിലൂടെയുള്ള ഒരു മടക്കസഞ്ചാരം. കായലരുകില്‍ തന്നെയുള്ള ഒരു ഹോട്ടെലിന്‍റെ മുന്നില്‍ ഡ്രൈവര്‍ ബോട്ടടുപ്പിച്ചു. ഞങ്ങള്‍ തിരഞ്ഞെടുത്ത കരിമീനും, കൊഞ്ചും, മിനിറ്റുകള്‍ക്കുള്ളില്‍ മുന്നില്‍ പാകമായെത്തി. ഡ്രൈവറും ബോട്ടിലിരുന്ന് ഭക്ഷണം കഴിച്ചു. മുന്നിലെ കായലിലൂടെ കെട്ടുവള്ളങ്ങളില്‍ അനേകം കുടുംബങ്ങള്‍ സഞ്ചാരം തുടരുന്നുണ്ട്. കെട്ടുവള്ളങ്ങള്‍ തന്നെ പല വലിപ്പങ്ങളില്‍ ലഭ്യമാണ്. പതിനഞ്ചു കിടപ്പുമുറികള്‍ ഉള്ള ഇരുനില കെട്ടുവള്ളങ്ങള്‍ വരെ ഞങ്ങള്‍ കണ്ടു മുട്ടി. അവ ഞങ്ങളുടെ പാതയില്‍ നിന്നു വഴിമാറാന്‍ കൂട്ടാക്കാത്ത ഗജവീരന്മാരെ പോലെ നിലകൊണ്ടു. ഉദ്ദേശം രണ്ടു മണിയോടെ ഞങ്ങള്‍ തിരികെ യാത്രയാരംഭിച്ച സ്ഥലത്ത് മടങ്ങിയെത്തി. ഡ്രൈവര്‍ക്ക് സലാം പറഞ്ഞു അടുത്ത യാത്രക്ക് ഞങ്ങള്‍ ഒരുങ്ങി. ആലപ്പുഴയില്‍ നിന്നു കോട്ടയത്തേക്കു സര്‍വീസ് ബോട്ടില്‍ ഒരു യാത്ര.

സര്‍ക്കാര്‍ ബോട്ട് സ്റ്റാന്‍റ് ജട്ടിയുടെ സമീപത്തു തന്നെയാണ്. കോട്ടയം എന്ന ബോര്‍ഡും ഉയര്‍ത്തി അഭിമാനപൂര്‍വ്വം ഒരുവന്‍ ജലത്തില്‍ നിലയുറപ്പിച്ചിരുന്നു. കൃത്യം രണ്ടരക്ക് തന്നെ ബോട്ട് യാത്ര ആരംഭിച്ചു. ഒരു സര്‍വീസ് ബോട്ടില്‍ അഞ്ചു ജീവനക്കാരുണ്ട്. രണ്ടു പേര്‍ ബോട്ടു കരയിലേക്ക് അടുപ്പിക്കാനും, ഒരാള്‍ ടിക്കെറ്റ് എടുക്കാനും, മറ്റൊരാള്‍ അടിയില്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനും, മറ്റൊരാള്‍ ബോട്ടിന്‍റെ മുകളില്‍ ബോട്ട് നിയന്ത്രിക്കാനും. ഞങ്ങള്‍ മുമ്പു സഞ്ചരിച്ച ബോട്ടിനെ അപേക്ഷിച്ചു, വളരെ ശക്തമായ എഞ്ചിനാണ് സര്‍വീസ് ബോട്ടിലുള്ളത്. കായലിന്റെ അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന സ്റ്റോപ്പുകളില്‍ നിന്നും ആളെ എടുക്കാന്‍, വളഞ്ഞും പുളഞ്ഞും ബോട്ടു കായലിലൂടെ മുന്നേറി. ബോട്ട് ഡ്രൈവര്‍ ആരെയെങ്കിലും കാണാതെ പോയെങ്കില്‍, കരയില്‍ നിന്നും ആളുകള്‍ കൂവി ഡ്രൈവറുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും കണ്ടു. സര്‍വീസ് ബോട്ട് കോട്ടയത്തേക്കുള്ള അതിന്‍റെ യാത്രാ മധ്യേ,  ടൂറിസ്റ്റ് ബോട്ടുകള്‍ പൊതുവില്‍ പോകാത്ത കുട്ടനാടിന്‍റെ ഹൃദയ ഭാഗങ്ങളിലേക്ക് പ്രവേശിച്ചു. മനുഷ്യ വാസത്തിന്‍റെ നേരിയ ലാഞ്ചന പോലും കാണിക്കാത്ത അനേകം പാടശേഖര ബ്ലോക്കുകള്‍. അവയില്‍ നിന്നും പണിക്കു ശേഷം ബോട്ടില്‍ കയറുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. കായലിലെ സ്വച്ഛമായ അന്തരീക്ഷം. നേരിയ കാറ്റ്. വശങ്ങളില്‍ വിശ്രമിക്കുന്ന കെട്ടുവള്ളങ്ങള്‍. ഇവയിലൂടെയാണ് ഞങ്ങളുടെ ബോട്ട് അതിന്‍റെ മുന്നോട്ടുള്ള ഗതി നടത്തുന്നത്. വേമ്പനാട്ടു കായലില്‍ നിന്നും ബോട്ട് ഒരു നദിയിലേക്ക് പ്രവേശിച്ചു. നദിക്കു കുറുകെയുള്ള നടപ്പാതകള്‍ ബോട്ട് വരുമ്പോള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് റെയില്‍വേ ക്രോസ്സുകളിലെ ബാറുകളെ ഓര്‍മിപ്പിച്ചു. സാവധാനം വശങ്ങളിലെ വീടുകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ കണ്ടു തുടങ്ങി. പിന്നീടു ടാറിട്ട റോഡുകള്‍ കണ്ടു. കാറുകള്‍, ലോറികള്‍ക്കും ബസ്സുകള്‍ക്കും വഴിമാറി. ഞങ്ങളുടെ ബോട്ടും നഗരത്തിലേക്കു പ്രവേശിച്ചു. കറുത്ത ബോര്‍ഡില്‍ വെളുത്ത ചായം കൊണ്ടെഴുതിയ "കോട്ടയം" എന്ന വലിയ അക്ഷരങ്ങള്‍ ഞങ്ങളെ കരയിലേക്കു സ്വാഗതം ചെയ്തു.

Sunday, September 23, 2012

ചില്ലറ മേഘലയിലെ വിദേശ നിക്ഷേപം- ഒരു പഠനം.


നമ്മുടെ രാജ്യത്തെ ഒരു പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ foreign direct investment അഥവാ fdi ആയി മാറിയിരിക്കുകയാണ്. സ്വരാജ്യത്തല്ലാതെ, മറ്റൊരിടത്തു കമ്പനി വാങ്ങുവാണോ, പ്രവര്‍ത്തനം വിപുലീകരിക്കാണോ കമ്പനികള്‍ പണം നിക്ഷേപിക്കുന്നതിനെ ആണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു കമ്പനിയുടെ വോട്ടിംഗ് ഷെയറുകളുടെ 10%ത്തില്‍ കൂടുതല്‍ വിദേശ കമ്പനി അതില്‍ നിക്ഷേപിച്ചാല്‍ മാത്രമേ അതിനെ fdi ആയി പരിഗണിക്കാറുള്ളു. മറ്റു രാജ്യങ്ങളുടെ സുരക്ഷാ നിക്ഷേപങ്ങളായ ബോണ്ടുകളിലും സ്റ്റോക്കുകളിലും പണം നിക്ഷേപിക്കുന്ന portfolio investmentല്‍ നിന്നുവ്യത്യസ്ഥമാണിത്. ഒരു രാജ്യത്തെ ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ആ രാജ്യത്തേക്കുള്ള മൊത്തം പണവരവ് (inflow) ഒരു പ്രധാന ഘടകമാണ്. fdi മുഖാന്തരം ഒഴുകുന്ന ധനം ദേശീയ വരുമാനം ഉയര്‍ത്തുന്നതിനാല്‍, സമ്പത്ത്‌ വ്യവസ്ഥയെ ചലിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് fdi. fdi ഏതൊക്കെ മേഘലകളില്‍ എങ്ങനെയൊക്കെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്‍റെ വിജയവും, പരാജയവും വരുന്നത്.

ലോകത്ത് fdi വഴി ഏറ്റവും പണം ഒഴുകിയിട്ടുള്ളത് അമേരിക്കയിലേക്കാണ്. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയുടെ 15 ശതമാനത്തില്‍ കൂടുതല്‍ പണം fdi വഴി മാത്രം എത്തിയതാണ്. രണ്ടാമതായി വളര്‍ച്ചക്ക് ഏറ്റവുമധികം fdi ഉപയോഗിച്ചിരിക്കുന്നത് ചൈന ആണ്. ലോകത്തെ വികസിത രാജ്യങ്ങളുടെയെല്ലാം വരുമാന സൂചിക വിലയിരുത്തിയാല്‍, fdiയുടെ പങ്കു അവയില്‍ വളരെ വലുതാണെന്ന് മനസ്സിലാക്കാം. ഇന്ത്യയില്‍, അമേരിക്കയിലും ചൈനയിലും ലഭിക്കുന്നതിന്‍റെ അഞ്ചില്‍ ഒന്നു മാത്രമേ fdi ആയി ലഭിക്കുന്നുള്ളൂ. fdi വരുന്നതിനു രാജ്യത്തെ നിയമവാഴ്ചയും, അവസരങ്ങളും, ഇന്‍ഫ്ര സ്ട്രക്ച്ഛറും, നിക്ഷേപ അന്തരീക്ഷവും തുടങ്ങി പലവിധ കാരണങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വതന്ത്ര വിപണികളുള്ള രാജ്യങ്ങളിലേക്കാണ് fdi ഒഴുക്ക് കൂടുതല്‍.

fdi, പണം നിക്ഷേപിക്കുന്ന രാജ്യത്തിനും, സ്വീകരിക്കുന്ന രാജ്യത്തിനും ഗുണകരമായ ഒരു ധനവിനിയോഗമാണ്. പണം മുടക്കുന്ന കമ്പനിക്ക്‌, രാജ്യാന്തര ബിസിനസ്സിലും, പുത്തന്‍ വിപണികളിലും, നൂതന വിപണന വഴികളിലും പ്രവേശിക്കുവാനും, പുതിയ സാങ്കേതിക വിദ്യ, പ്രവര്‍ത്തന പരിചയം എന്നിവ സ്വായത്തമാക്കുവാനും, പുത്തന്‍ ഉല്പന്നങ്ങളോ, സര്‍വീസുകളോ വഴി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും, ചെലവ് കുറഞ്ഞ ഉല്പാദനത്തിനും fdi അവസരമൊരുക്കുന്നുണ്ട്. പണം സ്വീകരിക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം, വികസനത്തിനുള്ള വിദേശ മൂലധനത്തിനും, പുത്തന്‍ മനേജ്മെന്റ്റ് തത്വങ്ങള്‍, സാങ്കേതിക വിദ്യ, പ്രവര്‍ത്തി പരിചയം എന്നിവ സ്വീകരിക്കുവാനും, പുത്തന്‍ തോഴിലവസരങ്ങള്‍ക്കുള്ള വഴിയും fdi ഒരുക്കുന്നു. എല്ലാ മേഘലകളിലും ആഗോള തലത്തിലാണ് ഇന്ന് ബിസ്സിനസ്സ് നടക്കുന്നത് എന്നതിനാല്‍ fdiക്ക് ഒരു രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ വികസനത്തിനുള്ള പങ്കു നിസ്സാരമല്ല.

മറ്റേതു മേഘലകളില്‍ വിദേശ നിക്ഷേപം വരുന്നതിനേക്കാളും എതിര്‍പ്പ് നേരിടുന്നത് ചില്ലറ വിപണന രംഗത്ത് വരുന്ന വിദേശ നിക്ഷേപത്തിനാണ്. മറ്റു മേഘലകളെക്കാളും പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഈ രംഗം സ്വാധീനിക്കുന്നു എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഇതില്‍ ലക്ഷക്കണക്കിന് ഭാരതീയര്‍ ഇന്ന് തൊഴിലെടുക്കുന്നുണ്ട് എന്നതു മറ്റൊരു കാരണം. ഈ മേഘലയില്‍ ലോകത്ത് പല രാജ്യങ്ങളിലും fdi പരീക്ഷിച്ചിട്ടുണ്ട്. ചൈന, സിങ്കപ്പൂര്‍, അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഇതു പൂര്‍ണ വിജയം കണ്ടെങ്കിലും , ബ്രസീല്‍, ചില്ലി മുതലായ രാജ്യങ്ങള്‍ക്ക് അത്ര വിജയകരമല്ലാത്ത കഥയും പറയുവാനുണ്ട്. അതിനാല്‍ തന്നെ ധനതത്വശാസ്ത്രത്തോടൊപ്പം, ചില്ലറ വിപണന മേഘലകളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള മറ്റു മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കും ഇവയുടെ വിജയത്തില്‍ വലിയ പങ്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ വിജയവും, പരാജയവും തീരുമാനിക്കുന്നത്, എങ്ങനെ ഇതു നടപ്പാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഇപ്പോഴത്തെ നമ്മുടെ ചില്ലറ വ്യാപാര മേഘലയുടെ പോരായ്മകള്‍ ഇവയാണ്.

1) ഇന്‍ഫ്രാസ്ട്രക്ച്ചര്‍ : നമ്മുടെ വിപണികളില്‍ ലോജിസ്റ്റിക്ക്സില്‍ ഉണ്ടായിട്ടുള്ള നിക്ഷേപം തീര്‍ത്തും ശുഷ്കമാണ്. ഭാരതം പച്ചക്കറികളുടെയും, പഴങ്ങളുടെയും ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണെങ്കിലും, ഇവിടെ കോള്‍ഡ്‌ സ്റ്റോറേജ് സൌകര്യങ്ങള്‍ വളരെ കുറവാണ്. ഉള്ളവ തന്നെ വിദൂര സ്ഥലങ്ങളില്‍ ആയതിനാല്‍, പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് വിദൂര, വിദേശ വിപണികളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. അതിനെ മറികടക്കുവാന്‍, കനത്ത വിഷപ്രയോകങ്ങളും ഇവിടെ നടത്തപ്പെടുന്നു.  കാര്‍ഷീക രംഗത്തും, ഉല്പാദന സമയത്തു നിന്നു ക്ഷാമ കാലത്തേക്ക് സാധനങ്ങള്‍ സൂക്ഷിക്കുവാന്‍  സ്റ്റോറേജ് ആവശ്യമാണ്‌. ഇതിന്‍റെ കുറവ് മൂലം, കര്‍ഷകരുടെ ഉല്പാദനത്തെ ബാധിക്കുകയും, അവര്‍ക്ക് ധാരാളം നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.
 
2) ഇടനിലക്കാരുടെ ആധിക്യം: നമ്മുടെ വിപണന ശ്രംഖലയില്‍ വില നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് ഇടനിലക്കാരനാണ്. ഇവ വില സംവിധാനത്തില്‍ സുതാര്യത നഷ്ടപ്പെടുത്തുന്നു. വിപണി വിലയുടെ അഞ്ചില്‍ ഒന്നു പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത ഉദാഹരണങ്ങള്‍ നിരവധിയാണ്.

3) പൊതുവിതരണ ശ്രംഖലയുടെ അപര്യാപ്തത: നമ്മുടെ പൊതുവിതരണ സിസ്റ്റത്തിന്‍റെ കാര്യക്ഷമത വളരെ മോശമാണ്. സാധനങ്ങള്‍ വാങ്ങുന്നതിലും, വിതരണം ചെയ്യുന്നതിലുമുള്ള അശാസ്ത്രീയത മൂലം ധാരാളം ഭക്ഷ്യ സാധനങ്ങള്‍ ആര്‍ക്കും പ്രയോജനപ്പെടാതെ നശിച്ചുപോകുന്നു. ഇതു സബ്സിഡിയോടു കൂടിയതായതിനാല്‍, അവ പണപ്പെരുപ്പം ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു. അവസാനം നശിച്ചു പോകുന്നവയുടെ വിലയുടെ ഒരു പങ്കും ഉപഭോക്താവ് നല്‍കേണ്ടി വരുന്നു.

4)ചെറിയ വിപണി: നമ്മുടെ ചെറുകിട മേഘലക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ്‌ ചെയ്യുവാനോ, മാര്‍ക്കറ്റ്‌ ചെയ്യുവാനോ സാധിക്കുന്നില്ല. ആയതിനാല്‍, അവക്ക് ബഹുരാഷ്ട്ര ബ്രാണ്ടുകളുടെ സ്വീകാര്യത ലഭിക്കാതെ വരികയും, ലോക്കല്‍ വിപണിയില്‍ ഒതുക്കപ്പെടുകയും ചെയ്യുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപത്തിന്‍റെ ആവശ്യകത
1) ചില്ലറ വ്യാപാര രംഗത്തെ fdi ഈ രംഗത്ത് മല്‍സരം വര്‍ധിപ്പിക്കുകയും, അതു മൂലം ഉല്പാദന രംഗത്ത് പുത്തന്‍ ഉണര്‍വേകുകയും ചെയ്യും.
2) വിദേശ ബ്രാന്‍ഡുകള്‍ ശീലമാക്കിയ വ്യക്തികള്‍ക്ക്, ആ പണം നമ്മുടെ രാജ്യത്തു തന്നെ വിനിയോഗിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇതിന്‍റെ നികുതി കൂടി സര്‍ക്കാരിനു ലഭിക്കുന്നതിനാല്‍ ഇത് ഗുണമുള്ള മറ്റൊരു കാര്യമാണ്.
3) fdi വഴി പണം നമ്മുടെ രാജ്യത്തുള്ള എതെങ്കിലും കമ്പനിയില്‍ എത്തുമ്പോള്‍, കമ്പനിയുടെ മൂല്യം ഉയരുകയും, അതില്‍ പണം നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാര്‍ക്ക് സ്റ്റോക്കിലെ ഉയര്‍ന്ന വില മൂലം അതിന്‍റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
4)ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളുടെ പുത്തന്‍ സാങ്കേതിക വിദ്യയും, സാങ്കേതിക പരിചയവും, മനേജ്മെന്‍റ് തത്വങ്ങളും ലഭിക്കുന്നു. ഇവ കമ്പനിയുടെ ഭാവിക്ക് ഗുണകരമാണ്.
5) fdi വഴി രാജ്യത്തിന്‍റെ ദേശീയ വരുമാനം ഉയരുകയും, സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സ്പെണ്ടിങ്ങ് പവര്‍ ലഭിക്കുകയും ചെയ്യും.
6) പുതിയ സപ്ലൈ ചെയിന്‍ മാതൃക മൂലവും, സാങ്കേതിക വിദ്യ മൂലവും, കര്‍ഷകര്‍ക്ക് ഉല്പാദനം ഉയരുകയും, അവരുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. ഇതു ഭക്ഷ്യ പണപ്പെരുപ്പം തടയുന്നതിനും സഹായിക്കും.
7) ചില്ലറ വ്യാപാര വിപണന രംഗത്തെ നിലവാരം ഉയരുന്നത് മൂലം, നമ്മുടെ മദ്ധ്യവര്‍ഗ ഉപഭോക്തൃ മേഘലയുടെ നിലവാരം ഉയരാന്‍ സാദ്ധ്യത ഉണ്ട്.

രാജ്യം, വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനു മുമ്പ് എടുക്കേണ്ട മുന്‍കരുതലുകള്‍.
ഒരു വന്‍ ജനസമൂഹത്തെ ഇതു നേരിട്ട് ബാധിക്കുമെന്നതിനാല്‍, വിപണി തുറന്നു കൊടുക്കന്നതിനു മുമ്പ് ചില മുന്‍കരുതലുകള്‍ ആവശ്യമാണ്‌. ഇതു സര്‍ക്കാരുകള്‍ ഉറപ്പാക്കണം.
1) സ്വകാര്യ മേഘല ലാഭം അധിഷ്ടിതമാക്കി മാത്രം പ്രവര്‍ത്തനം നടത്തുന്ന ഒരു മേഘലയായതിനാല്‍, ഇതു നമ്മുടെ സാമൂഹീക-സാമ്പത്തീക ജീവിത രീതികളെ ബാധിക്കുവാനും, പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുവാനും വഴി വെയ്ക്കും. ഇതു ആത്യന്തീകമായി സാമൂഹീക സമാധാനത്തെ ബാധിക്കും. ആയതിനാല്‍ തന്നെ, ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പ്രധാന പങ്കു, ഇതു മൂലം തൊഴില്‍ രഹിതരാകാന്‍ സാധ്യതയുള്ള ചില്ലറ മേഘലയിലെ വ്യാപാരികള്‍ക്ക്‌, മറ്റു സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള പ്രോത്സാഹനമായി, ലോണ്‍ ആയി കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്നത് ഉചിതമായിരിക്കും.

2)ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായും നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനാല്‍, ഗ്രാമ, നഗര അന്തരം വര്‍ധിക്കുവാന്‍ സാധ്യതയേറെയാണ്. ഇതു സമൂഹീക അസന്തുലിതാവസ്ഥ ഉണ്ടാക്കും. ആയതിനാല്‍, ഗ്രാമീണ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടി വരും.
3) വിദേശ കമ്പനികള്‍ക്ക് നാട്ടില്‍ തന്നെ ഉല്പന്നങ്ങള്‍ സംസ്കരിക്കുന്നതിനും, സൂക്ഷിക്കുന്നതിനും ഉള്ള സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ പ്രോത്സാഹിപ്പിക്കുക. അത് വഴി നാട്ടില്‍ തൊഴില്‍ ഉണ്ടാവുകയും, കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കുവാനും സാധിക്കും.

4)ഇത്തരം സ്ഥാപനങ്ങളില്‍ വിറ്റഴിക്കുന്ന ഉല്പന്നങ്ങളില്‍ ഒരു നിശ്ചിത ശതമാനം നാട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നു നിഷ്കര്‍ഷിക്കുക. ഇതു രാജ്യത്തെ ഉല്പാദനം വര്‍ധിപ്പിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ അത് മുപ്പതു ശതമാനം എന്നാണു നിശ്ചയിച്ചിരിക്കുന്നത്.
5)ഇവയിലെ തൊഴിലാളികളില്‍ ഒരു നിശ്ചിത ശതമാനം ഗ്രാമീണര്‍ക്കായി മാറ്റിവെയ്ക്കുന്നതും നല്ലതായിരിക്കും. എന്നാല്‍ ഈ ശതമാനം വലിയ തോതില്‍ ഉയരാതെ സര്‍ക്കാരുകള്‍ സൂക്ഷിക്കണം.

6) വന്‍ നഗരങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം പഠിച്ചു വിലയിരുത്തിയ ശേഷം മാത്രം ചെറു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉചിതം. ചെറു നഗരങ്ങളില്‍ എത്തുമ്പോഴാണ് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത കൂടുതല്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
7) അനുമതിക്ക് മുമ്പ് പ്രവര്‍ത്തനത്തെ പറ്റിയുള്ള ഒരു സമഗ്ര നിയമ നിര്‍മ്മാണം അത്യാവശ്യം വേണ്ട ഒരു കാര്യമാണ്. അശാസ്ത്രീയ വില രീതി നിയന്ത്രിക്കാന്‍ ഒരു സ്വതന്ത്ര കോംപറ്റീഷന്‍ കമ്മീഷനും അഭികാമ്യം.

മുകളിലെ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇവയുടെ ദൂഷ്യവശങ്ങളായ തൊഴില്‍ നഷ്ടവും, അവശ്യ സാധനങ്ങളുടെ അശാസ്ത്രീയ വില നിര്‍ണയവും നിയന്ത്രിക്കാനാവും. എവിടെയും സര്‍ക്കാരുകള്‍ക്കാണ് ജനങ്ങളുടെ സംരക്ഷകരായി മാറുവാനുള്ള ഉത്തരവാദിത്വം. അവരാണ് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നത്. ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ നാട്ടിലെ സമ്പത്ത് വ്യവസ്ഥക്ക് വളരെ ഗുണകരമാണ് fdi. എന്നാല്‍ ഈ ശ്രദ്ധ സര്‍ക്കാരുകള്‍ പുലര്‍ത്തണമെന്ന് മാത്രം.

Thursday, September 13, 2012

ഒഴിമുറി-ഒരു സിനിമാനുഭവം


ആഴ്ചതോറും പല ജനുസ്സിലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങുകയും, അവ നിലനില്‍ക്കുകയും ചെയ്യുന്നു എന്നത് സിനിമാപ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന ഒരു കാര്യമാണ്. ഈ സിനിമയില്‍ പുരാതന കാലഘട്ടമാണ് പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ഒപ്പം അവയോടെ അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്ന ചില വ്യക്തിത്വങ്ങളും. ബി. ജയമോഹന്‍റെ 'ഉറവിടങ്ങള്‍' എന്ന നോവലിനെ അധികരിച്ചുള്ള തിരക്കഥയിലാണ് ചിത്രം പിറവിയെടുത്തിരിക്കുന്നത്. അതിനെ അല്‍പം പോലും നാടകീയത കലര്‍ത്താതെ സത്യസന്ധമായി കാണികളിലേക്കെത്തിക്കുന്നതില്‍ മധുപാല്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ഈ വിജയമാണ്, കര്‍ട്ടന്‍ വീണു കഴിയുമ്പോഴും കാണികള്‍ക്ക് അനുഭവപ്പെടുന്നത്. തമിഴ്‌ നാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രദേശത്തെ കഥയായതിനാല്‍ പ്രേക്ഷകര്‍ക്ക്‌ സിനിമയിലേക്ക് ഇറങ്ങി ചെല്ലുവാന്‍ അല്‍പം സമയം എടുത്തേക്കാം.

പത്തന്‍പത് വയസ്സുള്ള ഒരു സ്ത്രീ ഒഴിമുറി അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. അവര്‍ എന്തിനു അപ്രകാരം ചെയ്യുന്നു എന്നുള്ളതും, അവരും, അവര്‍ക്ക് ചുറ്റുമുള്ളവരും കാര്യങ്ങളെ മനസ്സിലാക്കിയിരുന്നത് ശരിയായ രീതിയിലായിരുന്നോ എന്നതുമാണ് കഥ അന്വേഷിക്കുന്നത്. ഇതിനെ ജയമോഹന്‍ കൈകാര്യം ചെയ്തിരിക്കുന്നത് അല്പം വ്യത്യസ്ഥത കലര്‍ന്ന രീതിയിലാണ്. കാര്യങ്ങളെ തെറ്റായി മനസ്സിലാക്കുന്ന വ്യക്തികള്‍ പിന്നീട് സത്യങ്ങള്‍ തിരിച്ചറിയുന്നത്‌, മനസ്സിലാക്കിയിരുന്നവയിലെ അപൂര്‍ണത തിരിച്ചറിയുമ്പോഴാണ്. ഇതിലെ എല്ലാ പ്രമുഖ കഥാപാത്രങ്ങളും നന്മയുടെയും, തിന്മയുടെയും അംശങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ശക്തമായ സംഭവങ്ങള്‍ കൊണ്ടും, നാടകീയത കലരാത്ത സംഭാഷണങ്ങള്‍ കൊണ്ടും ജയമോഹന്‍ നല്ല ഒരു തിരക്കഥക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഇതിലെ പല കഥാപാത്രങ്ങളും സമീപ കാലത്തുണ്ടാകാത്ത വിധത്തില്‍ ശക്തമാണ്. ഇവയെ ശരിയായി അവതരിപ്പിക്കുക എന്ന ജോലി മധുപാല്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.  സിനിമ തീക്ഷണവും, വികാരഭരിതവുമായ അനേകം രംഗങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും, പ്രേക്ഷകരെ ഒട്ടും വഴി തെറ്റിക്കാതെ ലക്ഷ്യ സ്ഥാനത്ത് അദ്ദേഹം എത്തിക്കുന്നു. ഇതിലെ ഒട്ടുമിക്ക ഘടകങ്ങളും മികച്ചു നിന്നു എന്നതില്‍ നിന്നു തന്നെ ഇതിനെ ഒരു സംവിധായകന്‍റെ സിനിമ എന്നു നിസ്സംശയം വിളിക്കാം.  ഇതില്‍ ലാല്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രം പോലെ തന്നെയോ, അതിലും ശക്തമോ ആണ് ശ്വേതാ മേനോനും, മല്ലികയും അവതരിപ്പിക്കുന്ന നായിക കഥാപാത്രങ്ങള്‍.

അളഗപ്പന്‍റെ ക്യാമറ വളരെ നല്ലൊരു അനുഭവമാണ് നല്‍കിയത്. പുരാതന കാലഘട്ടവും, നവ കാലഘട്ടവും തമ്മില്‍ എളുപ്പം മനസ്സിലാക്കാവുന്ന വെളിച്ച വ്യതിയാനവും, ക്യാമറ ആങ്കിളുകളും ആണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. സിറില്‍ കുരുവിളയുടെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്ക്‌ അപ്പും ആണ് എടുത്തു പറയേണ്ട മറ്റൊന്ന്. പുരാതന കാലഘട്ടം ഒരു കഥാപാത്രം പോലെ തന്നെ അവതരിപ്പിക്കപ്പെടുമ്പോള്‍, ഇവരുടെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ഇവര്‍ ജോലിയോട് വളരെയധികം നീതി പുലര്‍ത്തി. ബിജിബാലിന്‍റെ സംഗീതം സാധാരണയില്‍ നിന്ന് ഉയര്‍ന്നതായി തോന്നിയില്ല. വിനോദ് ശിവറാമിന്‍റെ ശബ്ദ വ്യതിയാനം അല്പം മോശമായി അനുഭവപ്പെട്ടു. പല രംഗങ്ങളിലും സംഭാഷണങ്ങളേക്കാള്‍ ഉയര്‍ന്നു നിന്നത് പശ്ചാത്തല സംഗീതമായിരുന്നു. വി. സാജന്‍റെ എഡിറ്റിംഗ് സിനിമക്ക് കഥയാവശ്യപ്പെടുന്ന വേഗത നല്‍കുന്നുണ്ട്.

ഇതിലെ അഭിനേതാക്കളില്‍ പലര്‍ക്കും അടുത്ത വര്‍ഷത്തെ അവാര്‍ഡ്‌ നിശകളില്‍ പുരസ്കാരം ഉറപ്പിക്കാം. ഗംഭീരവും, ശക്തവുമായ അഭിനയമാണ് അവര്‍ കാഴ്ച വെച്ചത്. അഭിനയത്തില്‍ ഒരാള്‍ പോലും മോശം എന്നു പറയാനില്ല. ലാലിന്‍റെയും, മല്ലികയുടെയും കഥാപാത്രങ്ങളെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരു പക്ഷെ ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമാകും ഇതെന്നാണ് തോന്നിയത്. ശ്വേത അവതരിപ്പിക്കുന്ന കഥാപാത്രവും അതി ശക്തമാണ്. നോട്ടം കൊണ്ട് പോലും, അവര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ ഭര്‍ത്താവിന്‍റെ അടിയും, ഇടിയും മേടിക്കുന്ന ഒരു പതിവു രീതിയില്‍ നിന്നു തുടങ്ങി, ഒരു സ്ത്രീയുടെ വിലയും, ശക്തിയുമെന്ത് എന്നു നമ്മളെ കാട്ടി തരുന്നു മല്ലികയുടെ കഥാപാത്രം. നന്ദുവിന്‍റെ അഭിനയം വളരെ ന്യാച്ചുറല്‍ ആയിരുന്നു. ഉപയോഗിക്കാനറിയുന്ന സംവിധായകന്‍റെ കരങ്ങളില്‍, ആസിഫ്‌ അലിയുടെയും, ഭാവനയുടെയും പ്രകടനങ്ങള്‍ സുരക്ഷിതം. ശ്വേതയുടെയും, മല്ലികയുടെയും ഡബ്ബിങ്ങും നന്നായിരുന്നു.

സ്ത്രീകള്‍ക്ക് അമിതപ്രാധാന്യമുണ്ടായിരുന്ന മരുമക്കത്തായവും, പുരുഷന്മാര്‍ക്ക് അതു പോലെ പ്രാധാന്യമുണ്ടായിരുന്ന മക്കത്തായവും കഴിഞ്ഞു പുതിയ ഒരു കാലഘട്ടത്തിലേക്കാണ് സിനിമ വിരല്‍ ചൂണ്ടുന്നത്. സ്ത്രീയും, പുരുഷനും ആരും ആരുടേയും പിന്നിലല്ല എന്നു സിനിമ അടിവരയിടുന്നു. നമ്മുടെ ധാരണകള്‍ക്കിടയില്‍ ഒഴിഞ്ഞ കോണുകളുണ്ടെങ്കില്‍ നമ്മുടെ ധാരണ തെറ്റിധാരണയാവാം. അതു മനസ്സിലാക്കാന്‍ അനേക നാള്‍ കാത്തിരിക്കേണ്ടിയും വരാം. പലര്‍ക്കും അത് മനസ്സിലാകാനുള്ള ഭാഗ്യം ലഭിക്കാറുമില്ല. ശക്തമായ ഒരു പ്രമേയവും, സന്ദേശവും അവതരിപ്പിച്ച മധുപാലും, ജയമോഹനും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

Monday, September 3, 2012

പൊന്‍കുരിശ്


"മുത്തപ്പാ കാത്തോണേ", മുത്തപ്പന്‍റെ രൂപത്തിനു മുമ്പില്‍ നിന്നു വര്‍ഗ്ഗീസ് ചേട്ടന്‍ പ്രാര്‍ഥിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗീവര്‍ഗ്ഗീസ് പുണ്യാളന്‍റെ നാമധേയത്തിലുള്ള കപ്രാശേരി പള്ളി. കപ്രാശേരി ടൌണിന്‍റെ നെടുംതൂണാണ് ആ പള്ളിയും അവിടുത്തെ മുത്തപ്പനും. ധാരാളം അത്ഭുത പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നതായി പറയപ്പെടുന്നു. ഓരോ ബസുകള്‍ പോകുമ്പോഴും നൂറു കണക്കിനു രൂപ അവിടുത്തെ ഭണ്ടാരത്തില്‍ വീഴാറുണ്ട്. പണ്ടു കാലത്ത് ചാത്തന്‍ സേവ നടത്തുന്ന അനേകം കുടുംബങ്ങള്‍ കപ്രശേരിയില്‍ ഉണ്ടായിരുന്നെന്നും, കൊച്ചിയില്‍ നിന്നു വന്ന കപ്പൂച്ചിന്‍ അച്ഛന്മാര്‍ അവയെ തച്ചുടച്ചു പള്ളി സ്ഥാപിച്ചെന്നും ഒരു കേട്ടു കേള്‍വിയുണ്ട്. പള്ളിയുടെ അള്‍ത്താരയില്‍ പുരാതനമായൊരു മുത്തപ്പന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നു. പള്ളി പുതുക്കിപണിയുന്ന സമയത്ത് അതു അവിടെ നിന്നു മാറ്റുവാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നുള്ളത് മറ്റൊരു ജന സംസാരം. ഇങ്ങനെ ശരിയോ, തെറ്റോ ആയ ആയിരക്കണക്കിന് സംസാരങ്ങളും, വിശ്വാസങ്ങളും പള്ളിയെ ചുറ്റി പറ്റി നില്‍ക്കുന്നു.  പള്ളിയിലെ ഏപ്രില്‍ മാസത്തെ തിരുനാള്‍ അതി പ്രശസ്തമാണ്. അന്നു മാത്രം നിലവറയില്‍ നിന്നു പുറത്തെടുക്കുന്ന ഒരു പോന്‍കുരിശുണ്ട് പള്ളിയില്‍. അത് കാണുവാനും വന്ദിക്കുവാനും അന്യമതസ്ഥരായ ആളുകള്‍ പോലും എത്തിച്ചേരാറുണ്ട്. വര്‍ഗ്ഗീസു ചേട്ടനെ പോലെ ആയിരക്കണക്കിന് കപ്രാശ്ശേരി നിവാസികളുടെ സംരക്ഷകനാണ് മുത്തപ്പന്‍. സമയം സന്ധ്യയായി. പള്ളിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിയില്‍ നിന്നും സന്ധ്യാപ്രാര്‍ത്ഥനക്കുള്ള നാദങ്ങള്‍ ഉയര്‍ന്നു.

തകര, പാട്ട ഇവയാണ് ഗൊപിയുടെ ജീവിതം. സാമാന്യം കുഴപ്പമില്ലാത്ത നിലയില്‍ കപ്രാശേരിയില്‍ ജീവിച്ചു പോരുന്നു. പകല്‍ അനേകം ദേശങ്ങള്‍ അലഞ്ഞു പാട്ട പെറുക്കി കൊണ്ട് വരും. അതു സ്വന്തം ഗോഡൌണില്‍ സൂക്ഷിക്കും. വില ഉയരുമ്പോള്‍ തകര ഗോപിക്ക് പൊന്നാണ്. നല്ല പോലെ അധ്വാനിച്ചു കുടുംബം പുലര്‍ത്തുന്നവന്‍ എന്നതാണ് വാര്‍ഡ്‌ മെമ്പര്‍ ടോമിച്ചായന്‍റെ അഭിപ്രായം. എന്നാല്‍ തകര വില്പന കൊണ്ട് എങ്ങനെ ഒരാള്‍ക്ക്‌ കുഴപ്പമില്ലാത്ത നിലയില്‍ ജീവിക്കാനാകുമെന്നും, അയാള്‍ക്ക്‌ കൊച്ചിയില്‍ മയക്കു മരുന്നു വില്‍പനയുമായി ബന്ധമുണ്ടെന്നും, അസൂയ പൂണ്ടവര്‍ പ്രചരിപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ എന്തൊക്കെയായാലും അയാളെ പറ്റി ഒരു പരാതി പോലും കപ്രാശ്ശേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ല. എന്നാല്‍ മാലോകര്‍, എന്തിനു സ്വന്തം പത്നി പോലും അറിയാത്ത ഒരു ജോലി കൂടിയുണ്ടായിരുന്നു ഗോപിക്ക്, വിഗ്രഹ മോഷണം. വിഗ്രഹം കടത്തുന്ന അന്തര്‍ദേശീയ ശ്രംഖലയിലെ കേരളത്തിലെ ഒരു കൊച്ചു കണ്ണിയാണ് ഗോപി. കലൂരിലെ പഞ്ച ലോഹ വിഗ്രഹ മോഷണമടക്കം അനേകം മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്. ഇയാള്‍ ഒരു മോഷ്ടാവല്ല. മോഷ്ടാക്കളുടെ വഴികാട്ടിയാണ്. പ്രഗല്‍ഭരായ വിഗ്രഹ മോഷ്ടാക്കള്‍ക്ക് വേണ്ടി ഇയാള്‍ അമ്പലം അല്ലെങ്കില്‍ പള്ളി ഇവയുടെയൊക്കെ ചുറ്റുപാടുകള്‍ മനസ്സിലാക്കി വയ്ക്കുകയും, വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനു അയാള്‍ക്ക്‌ നല്ലൊരു തുക പ്രതിഫലമായി ലഭിച്ചിരുന്നു.

കപ്രാശ്ശേരി പള്ളിയിലെ പോന്‍കുരിശിനെ പറ്റിയുള്ള വിവരം ഇതിനിടയില്‍ വിഗ്രഹ മോഷണ സംഘത്തിനു ലഭിച്ചു. നാട്ടുകാരന്‍ എന്ന നിലയില്‍, അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്ന ജോലിയും, മോഷ്ടിക്കുക എന്ന ജോലിയും ഗോപിയില്‍ വന്നു ചേര്‍ന്നു. വെള്ളിടി പോലെയാണ് ഈ ആവശ്യം ഗോപിയുടെ മേല്‍ വന്നു വീണത്‌.  കപ്രാശ്ശേരിക്കാരുടെ എല്ലാമെല്ലാമാണ് ആ പൊന്‍കുരിശ്. പോരാത്തതിനു, മുത്തപ്പനെ ഗോപിക്ക് ഭയവുമായിരുന്നു. അതിനു പകരമായി, മോഷണ മുതലിന്‍റെ പകുതി എന്ന ആരും മയങ്ങുന്ന ഒരു വാഗ്ദാനമാണ് സംഘങ്ങള്‍ ഗോപിക്കു നല്‍കിയത്. രത്നങ്ങള്‍ പതിച്ച പോന്‍കുരിശാണ്. വില രണ്ടു മൂന്നു കോടിയെങ്കിലും പോകുമെന്ന് ഉറപ്പാണ്. സംഘാങ്ങളുടെ വക ഭീഷണി കൂടിയായപ്പോള്‍ ഗോപിയുടെ മനസ്സു മാറി തുടങ്ങി. വിശ്വാസവും, യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു വടം വലി. വിശ്വാസം പിന്നീടും വരുമെന്നും, ജീവിതം പോയാല്‍ പിന്നെ കിട്ടിലെന്നുമുള്ള ഒരു തോന്നലില്‍ ഗോപി ആ ഉദ്യമത്തിന് സമ്മതിച്ചു. നവംബര്‍ മാസം തുടങ്ങുന്നതേയുള്ളൂ, തിരുനാളിന് ഇനിയും മാസങ്ങള്‍ കിടക്കുന്നു. പള്ളിയില്‍ നിന്നും സന്ധ്യാമണിയടിച്ചു.

"നാഥാ നീ കൈ കൊള്ളണേ, എന്നെ നീ കൈ കൊള്ളണേ", പള്ളിയില്‍ നൊവേന നടക്കുകയാണ്. എല്ലാ ശനിയാഴ്ചയും പുലര്‍ച്ചെ പള്ളിയില്‍ നോവേനയുണ്ടാവും. ഗോപിയും ആ നോവേനക്ക് സംബന്ധിച്ചു. അള്‍ത്താരയിലെ മുത്തപ്പന്‍റെ ആ പുരാതന പ്രതിമ തന്‍റെ നേര്‍ക്ക്‌ കുന്തം കൊണ്ട് വരുന്നതായി തോന്നിയപ്പോള്‍ ഗോപി അള്‍ത്താരയില്‍ നോക്കുന്നതില്‍ നിന്നു പിന്‍വലിഞ്ഞു. "ഗോപീ നീ നോവേനക്കോ", ആളുകള്‍ക്കൊക്കെ ഒരു ചെറിയ അത്ഭുതമായിരുന്നു അത്. അത്ഭുതം സാവധാനം അത്ഭുതമില്ലായ്മയിലേക്ക് വഴി മാറി. ഓരോ നൊവേന കഴിയുമ്പോഴും ഗോപി മനസ്സില്‍ പദ്ധതിക്കുള്ള സ്കെച്ച് പൂര്‍ത്തിയാക്കികൊണ്ടിരുന്നു. നിലവറയിലേക്ക് കയറുക എളുപ്പമല്ല. സങ്കീര്‍ത്തിക്കുള്ളില്‍ എപ്പോഴും പൂട്ടി സൂക്ഷിച്ചിരിക്കുന്ന നിലവറക്കുള്ളിലാണ് കുരിശു സ്ഥിതി ചെയ്യുന്നത്. അവിടെ എത്തുന്നതിനുള്ള വഴികള്‍ ആലോചിച്ചപ്പോഴാണ് സെമിത്തേരിയുടെ അപ്പുറമുള്ള റബ്ബര്‍ തോട്ടം ഗോപിയുടെ കണ്ണില്‍ ഉടക്കിയത്. ഒരു തുരങ്കം. അതാണ്‌ അതിനുള്ള പോം വഴി. അയാള്‍ ഉറപ്പിച്ചു.

അയാള്‍ അന്നു രാത്രിയില്‍ തന്നെ തോട്ടത്തില്‍ എത്തി. സമയം പന്ത്രണ്ടായിക്കാണും. നിലാവും കുറവാണ്. രാത്രിയില്‍ ആളുകളുടെ പേടിസ്വപ്നമായ ഏകാന്തമായ ആ സെമിത്തേരി ഗോപിയെ തെല്ലും ഭയപ്പെടുത്തിയില്ല. ലക്ഷ്യമായിരുന്നു അയാള്‍ക്ക്‌ പ്രധാനം. അയാള്‍ തൂമ്പ കൊണ്ട്  മണ്ണില്‍ ആദ്യത്തെ വെട്ടു വെട്ടി. ഇരുട്ടത്ത്‌ ഒരു കല്ല് തെറിച്ചു പൊങ്ങി അയാളുടെ തലയില്‍ ഇടിച്ചു താഴെ വീണു. മുറിവ് ചെറുതാണ്. അയാള്‍ കാര്യമാക്കാതെ കുഴിച്ചു തടങ്ങി. രാത്രി മൂന്നു വരെ മാത്രമാണ് അയാളുടെ കുഴിക്കല്‍. വില്‍പന സംബന്ധമായ ജോലികള്‍ക്കാണ് പോകുന്നതെന്നാണ് കുടുംബത്തില്‍ പറഞ്ഞിരിക്കുന്നത്. സമയം മൂന്നു മണിയായി. കുഴി കാര്യമായി ആയിട്ടില്ല. കുഴിച്ചതിനു മുകളില്‍ ഒരു വലിയ കല്ലുരുട്ടി വച്ചു അയാള്‍ സ്ഥലം കാലിയാക്കി. പകല്‍ സമയം ഉറക്കവും, രാത്രി ജോലിയുമായി അയാള്‍ സമയം കഴിച്ചു. നാള്‍ക്കുനാള്‍ കുഴിയുടെ വലിപ്പം വര്‍ധിച്ചു വന്നു. ഉത്സാഹത്തില്‍ തന്നെ അയാള്‍ കുഴിക്കല്‍ തുടര്‍ന്നു. അവസാനം കുഴി ഒരു സെമെന്‍റ് തറയില്‍ വന്നു മുട്ടി. അയാള്‍ മാപ്പുമായി ഒത്തു നോക്കി. അതെ, അതു നിലവറയുടെ അടിവശം തന്നെ. അന്നത്തെ കുഴിക്കല്‍ നിര്‍ത്തി മടങ്ങി. മടങ്ങുമ്പോള്‍, കല്ല് തുരങ്കത്തിന്‍റെ വാതില്‍ക്കല്‍ ഉരുട്ടി വയ്ക്കാന്‍ പ്രത്യേകം അയാള്‍ ശ്രദ്ധിച്ചു.

ഗോപി മോഷണ സംഘാങ്ങളോട് ഒരു വ്യാജ പൊന്‍കുരിശു ആവശ്യപ്പെട്ടു. അതു കിട്ടുവാന്‍ ഒരാഴ്ചയോളം സമയവുമെടുത്തു. അയാള്‍ ഈ ഒരാഴ്ച തന്‍റെ തകര ബിസിനസ്സില്‍ മുഴുകി. നിലവറയെയും, തോട്ടത്തെയും ബന്ധിപ്പിക്കുന്ന ആ തുരങ്കം അതു പോലെ തന്നെ നിലനിന്നു. സാത്താനും, ദൈവവും തമ്മിലുള്ള ഒരു പിടിവലി പോലെ. ഒടുവില്‍ ആ വ്യാജ പൊന്‍കുരിശു ഗോപിയുടെയടുക്കല്‍ വന്നെത്തി. അടുത്ത അമാവാസി ദിനം കുരിശു കടത്തുവാന്‍ അയാള്‍ മനസ്സില്‍ ഉറപ്പിച്ചു. ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി. അമാവാസി ദിനം അയാള്‍ വ്യാജ കുരിശു ചാക്കില്‍ പൊതിഞ്ഞു, ഒരു പാരയുമായി പള്ളി ലക്ഷ്യമാക്കി പുറപ്പെട്ടു. പറമ്പിലെ കല്ല് തള്ളി മാറ്റി, അയാള്‍ തുരങ്കത്തിന്‍റെ അകത്തു കടന്നു. പാരയുപയോഗിച്ചു നിലവറയുടെ സിമെന്‍റ് തറ പൊളിച്ചു. അയാളുടെ ടോര്‍ച്ചു വെളിച്ചത്തില്‍, നിലവറയിലെ പൊന്‍കുരിശിലെ രത്നങ്ങള്‍ മിന്നി. സാവധാനം, ആ കുരിശു ചാക്കിലാക്കി, വ്യാജ കുരിശു അവിടെ പ്രതിഷ്ഠിച്ചു. അയാള്‍ കുരിശിലെ ക്രിസ്തുവിന്‍റെ മുഖത്തേക്ക് ടോര്‍ച്ച് മിന്നിച്ചു. മുള്‍ക്കിരീടം വച്ച ആ മുഖം സങ്കട ഭാരത്താല്‍ നിറയുന്നതായി അയാള്‍ക്ക്‌ തോന്നി. അയാള്‍ ആ കുരിശു ഭദ്രമായി ചാക്കില്‍ പൊതിഞ്ഞു, അവിടെ നിന്നിറങ്ങി. തുരങ്കത്തിലൂടെ അയാള്‍ തോട്ടത്തിലെത്തി.  ആ കല്ലുരുട്ടി തുരങ്കത്തിന്‍റെ വാതില്‍ ഭദ്രമായി അടച്ചു. വാച്ചില്‍ സമയം രണ്ടര ആകുന്നതേ ഉണ്ടായിരുന്നുള്ളൂ.

പുറത്തു മഴ ചാരുന്നുണ്ടായിരുന്നു. അയാള്‍ ചാക്കുമായി സൂക്ഷിച്ചു തോട്ടത്തിലൂടെ നടന്നു. ജോയിച്ചേട്ടന്‍ പള്ളിയിലെ കൈക്കാരനാണ്. വിഭാര്യനായ അയാളുടെ മക്കളും അയാളോടൊപ്പമില്ല. വാര്‍ദ്ധക്യത്തിന്‍റെ ഏകാന്തത അകറ്റുവാന്‍ വേണ്ടിയാണ് അയാള്‍ പള്ളിയുടെ കൈക്കാരന്‍ ഉദ്യോഗം ഏറ്റെടുത്തത്. പേരു കേട്ട ഒരു സത്യസന്ധന്‍. ജോയിചെട്ടന്‍റെ വീട് പള്ളിയുടെ തൊട്ടടുത്താണ്. ചേട്ടന്‍റെ വീടിനു സമീപത്തു കൂടി പോകുമ്പോള്‍, ഗോപി അവിടെ നിന്നു ബഹളം കേട്ടു. ചേട്ടന്‍ ഇത്ര രാത്രിയായിട്ടും ഉറങ്ങിയില്ലേ എന്ന വിചാരത്തില്‍ അയാള്‍ തോട്ടത്തില്‍ പതുങ്ങിയിരുന്നു. അല്‍പ സമയത്തിനകം ആ ബഹളം കെട്ടടങ്ങി. ഒറ്റക്കുള്ള ജോയി ചേട്ടന്‍റെ വീട്ടില്‍ ആരാണീ അര്‍ദ്ധരാത്രിയില്‍? തലയില്‍ ചാക്കിട്ട ഒരു രൂപം, ആ മഴയത്ത് ചേട്ടന്‍റെ വീട്ടില്‍ നിന്നു പുറത്തേക്കു വന്നു. ഗോപി സൂക്ഷിച്ചു നോക്കി, ആളെ മനസ്സിലാവുന്നില്ല. തോട്ടത്തില്‍ നിന്നു ഗോപി എത്തി നോക്കികൊണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഇറങ്ങി വന്നയാള്‍  തലയില്‍ നിന്നു ആ ചാക്കെടുത്തു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഗോപി ആളെ തിരിച്ചറിഞ്ഞു. പള്ളിയിലെ കപ്യാര്‍ സാക്ഷാല്‍ അലക്സ്‌.

വീട്ടില്‍ വന്ന ഉടനെ, കുരിശു അയാള്‍ ഭദ്രമായി അയാളുടെ ഇരുമ്പു ലോക്കറില്‍ സൂക്ഷിച്ചു. രാത്രിയിലെ കാര്യങ്ങള്‍ ആലോചിച്ച് അയാള്‍ക്ക്‌ ഉറക്കം വന്നില്ല. നേരം വെളിച്ചമായി. പള്ളിയില്‍ കൂട്ട മണി കേള്‍ക്കുന്നു. കാര്യം അത്ര പന്തിയല്ലെന്നു ഗ്രഹിച്ച ഗോപി കുരിശുമായി പുലര്‍ച്ചെ തന്നെ കപ്രാശേരിയില്‍ നിന്നു ബസ്‌ കയറി. കൊച്ചിയിലെ കച്ചവടക്കാര്‍ക്ക് സാധനം എത്തിച്ചു. അവര്‍ അതു പരിശോധിച്ച് നോക്കുവാനായി അയച്ചു. കോടികളുടെ ബിസിനെസ്സ് ആയതിനാല്‍ പരിശോധിച്ച് ശുദ്ധത ഉറപ്പു വരുത്തിയ ശേഷമേ പണം കൈ മാറാറുള്ളു. വര്‍ഷങ്ങളായി തുടരുന്ന കൊടുക്കല്‍ വാങ്ങലുകള്‍ കാരണം ഗോപിക്കും അവരെ വിശ്വാസക്കുറവില്ല. എന്നാല്‍ ഈ മേഘലയില്‍ ചതി, വഞ്ചന എന്നിവയ്ക്ക് മാപ്പില്ല. അതിനാല്‍ യഥാര്‍ത്ഥ മുതല്‍ മാത്രമേ കച്ചവടക്കാരുടെ പക്കല്‍ ആളുകള്‍ എല്‍പ്പിക്കാറുള്ളു. അയാള്‍ അന്നു കൊച്ചിയില്‍ തങ്ങി, പിറ്റേന്ന് നാട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി ഒരു ചായയുടെയൊപ്പം പത്രം നിവര്‍ത്തി. പ്രധാന വാര്‍ത്ത അയാളുടെ കണ്ണില്‍ പെട്ടു. "കപ്രാശ്ശേരി പള്ളിയിലെ കൈക്കാരന്‍ ജോയ്‌ നെടുമാരിക്കല്‍ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. പള്ളിയുടെ തൊട്ടടുത്തു താമസിക്കുന്ന ജോയിയെ പുലര്‍ച്ചെ വിളിക്കുവാന്‍ പോയ കപ്യാര്‍ അലക്സാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ അയാള്‍ കൂട്ടമണിയടിച്ചു ആളെ കൂട്ടുകയുണ്ടായി. പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മ്രതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തലക്കു പിന്‍ഭാഗത്തേറ്റ ശക്തിയായ മര്‍ദ്ദനമാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. കേസിന്‍റെ സ്വഭാവം പരിഗണിച്ചു, അന്വേഷണത്തിനായി പ്രത്യേക ക്രൈം ബ്രാഞ്ച് സംഘത്തെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രസ്ഥാവിച്ചു.". വാര്‍ത്ത വായിച്ചു ഗോപി തന്‍റെ കസേരയിലേക്ക് ചാഞ്ഞു. അയാള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. കുരിശു മോഷണം പുറത്തു വരാത്തതില്‍ ആശ്വാസവും, സംഭവങ്ങളുടെ ദൃക്സാക്ഷി എന്ന നിലയിലുള്ള ഞെട്ടലും ആ ദീര്‍ഘ നിശ്വാസത്തിലുണ്ടായിരുന്നു.

കപ്രാശേരിക്കാര്‍ എല്ലാവരും ഞെട്ടലിലാണ്. പ്രായമായവരെ കൊലപ്പെടുത്തുന്ന മോഷണ സംഘങ്ങളെ ആദ്യം സംശയിച്ചെങ്കിലും, ജോയി ചേട്ടന്‍റെ വീട്ടില്‍ നിന്നും ഒന്നും മോഷണം പോകാത്തതിനാല്‍ അതും നിരാകരിക്കപ്പെട്ടു.  വര്‍ഷങ്ങളായി ശാന്തമായി കിടന്നിരുന്ന ഒരു ഗ്രാമം ഇപ്പോള്‍ കൊലപാതക വാര്‍ത്തകള്‍ മൂലം പത്രങ്ങളില്‍ നിറയുന്നു. അതിനാല്‍ തന്നെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ബന്ധമാണ്. പഞ്ചായത്തു പ്രസിഡന്‍റ് മോഹന്‍ മാഷിന്‍റെ നേതൃത്വത്തില്‍ ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. വിദേശത്തു നിന്നു ജോയി ചേട്ടന്‍റെ മകന്‍ ജോണികുട്ടിയും എത്തിച്ചേര്‍ന്നു. അയാളും പല വഴിക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. ഇതിനിടയില്‍, ഗോപിക്ക് അത്യാവശ്യമായി കൊച്ചിയില്‍ എത്തുവാനുള്ള നിര്‍ദേശം ലഭിച്ചു. ഭാര്യയോട് കച്ചവടത്തില്‍ ലാഭമുണ്ടായെന്നും, പണം വാങ്ങിക്കാന്‍ കൊച്ചി വരെ പോവുകയാനെന്നുമുള്ള അറിയിപ്പോടെ അയാള്‍ പുറപ്പെട്ടു.

"ഗോപിയുടെ വീടല്ലേ?". "അതെ". "ഇതു കടവന്ത്ര പോലീസ് സ്റ്റേഷനില്‍ നിന്നാണ്. ഗോപി വെട്ടേറ്റു അബോധാവസ്ഥയില്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ആണ്. നിങ്ങള്‍ എത്രയും വേഗം ഇവിടെ എത്തിച്ചേരണം". മറുവശത്തു ഫോണ്‍ താഴെ വീണു. കലങ്ങിയ കണ്ണുകളുമായി നളിനി കപ്രാശേരിയില്‍ നിന്നു കൊച്ചിക്ക് വണ്ടി കയറി. സഹായത്തിനു ആകെ കൂടെയുള്ളത് പത്തില്‍ പഠിക്കുന്ന മകന്‍ വിഷ്ണു. ഏതെങ്കിലും മോഷണ സംഘാങ്ങളാവുമോ തന്‍റെ ഭര്‍ത്താവിനെ വെട്ടിയത്? അദ്ദേഹത്തിന്‍റെ ജീവന് ആപത്തുണ്ടാവുമോ? ചിന്തകള്‍ കാടു കയറി തുടങ്ങി. യാത്രയിലെ പല സ്ഥലങ്ങളിലും വിഷ്ണുവിന്‍റെ വിവേക പൂര്‍ണമായ പെരുമാറ്റങ്ങളാണ് അവരെ ലക്ഷ്യത്തിലെത്തിച്ചത്. മിടിക്കുന്ന ഹൃദയവുമായി അവര്‍ മകനെ ചേര്‍ത്തു പിടിച്ചു ഐ.സി.യുവിന്‍റെ പുറത്തു കാത്തു നിന്നു.

രണ്ടു ദിവസം കടന്നു പോയി. ഗോപിക്കു ബോധം വീണു. പോലീസ് ഇരച്ചെത്തി. താന്‍ പാലത്തില്‍ നിന്നു താഴെ വീണതാണെന്നും, മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അയാള്‍ മൊഴി കൊടുത്തു. പോലീസ് എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ തന്‍റെ മൊഴിയില്‍ ഉറച്ചു നിന്നു. ഭീതി മൂലമാണ് അയാള്‍ ഇതു പറയുന്നതെന്ന നിഗമനത്തില്‍ അയാളെ ധൈര്യപ്പെടുത്താന്‍ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും അതു വിലപ്പോയില്ല. ഒടുവില്‍ അയാള്‍ക്കില്ലാത്ത താല്പര്യം പോലീസിനും കേസില്‍ നഷ്ടപ്പെട്ടു. അവര്‍ അതു എഴുതി തള്ളി. ആശുപത്രിയിലെ ആഴ്ചകള്‍ നീണ്ട ചികത്സക്കു ശേഷം ഗോപി നാട്ടില്‍ തിരിച്ചെത്തി. അയാള്‍ക്ക്‌ എന്ത് സംഭവിച്ചു എന്നത് നാട്ടുകാര്‍ക്കും, അതിലുപരി ഭാര്യക്ക് പോലും അജ്ഞാതമായിരുന്നു. ഉരുണ്ടു വീണതാണെന്ന വാദത്തില്‍ നിന്നു അണുവിട വ്യതിചലിക്കാന്‍ അയാള്‍ കൂട്ടാക്കിയില്ല.

വ്യാജ മുതല്‍, മോഷണ കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ ഇതു തന്നെയാണ് ശിക്ഷയെന്നു ഗോപിക്ക് നന്നേ ഗ്രാഹ്യമുണ്ടായിരുന്നു. കുടുംബത്തോടുള്ള ഭയം നിമിത്തമാണ് അയാള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് പോലീസിനെ അറിയിക്കാതിരുന്നത്. എന്നാലും അയാള്‍ക്ക്‌ മനസ്സിലാകാത്ത ഒരു കാര്യമുണ്ടായിരുന്നു, താന്‍ കഷ്ടപ്പെട്ട് തുരങ്കമുണ്ടാക്കി പള്ളി നിലവറയില്‍ നിന്നു മോഷ്ടിച്ച പൊന്‍കുരിശു വെറും പിച്ചളയാകുന്നതെങ്ങനെ? അതിലെ രത്നങ്ങള്‍ വ്യാജമാകുന്നതെങ്ങനെ? അപ്പോള്‍ പള്ളി ഈ വര്‍ഷങ്ങളത്രയും വിശ്വാസികളെ പറ്റിക്കുകയായിരുന്നോ? അഥവാ അല്ലെങ്കില്‍ യഥാര്‍ത്ഥ കുരിശു എവിടെ? അയാള്‍ക്ക്‌ ഒരു ചോദ്യത്തിന് പോലും ഉത്തരം ലഭിച്ചിരുന്നില്ല. തനിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം. അയാളെ ആകെ ഭയം ബാധിച്ചിരുന്നു. ഒരിക്കല്‍ കൂടി താന്‍ മോഷ്ടിച്ച് കൊടുക്കുന്നത് വ്യാജമായാല്‍, ജീവന്‍ പോലും ഉണ്ടാകില്ല. എന്നാല്‍ മറ്റൊരു ജോലി ചെയ്തു എങ്ങനെ മാന്യമായി കുടുംബം പുലര്‍ത്തും. അയാള്‍ ധര്‍മ്മസങ്കടത്തില്‍ പെട്ടു.

അന്നൊരു അമാവാസിയായിരുന്നു. കട്ടിലില്‍ ശാന്തമായി കിടന്നുറങ്ങുന്ന ഗോപി. മരിച്ചു പോയ അമ്മയുടെ നീണ്ട കരച്ചിലാണ് കേള്‍ക്കുന്നത്. അതെവിടെ നിന്നാണെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല. അമ്മയെ അവ്യക്തമായി കാണാം. എന്തിനാണ് അമ്മ കരയുന്നത് എന്ന ചോദ്യത്തിന് അയാള്‍ക്ക്‌ മറുപടിയൊന്നും ലഭിച്ചില്ല. എങ്കിലും അമ്മയുടെ കണ്ണുകളില്‍ നിന്നു ജലം ഇറ്റിറ്റു വീണിരുന്നു. ഗോപി ഞെട്ടി എഴുന്നേറ്റു. സമയം മൂന്നാകുന്നതേയുള്ളു. ദുസ്വപ്നങ്ങളെ പഴിച്ചു അയാള്‍ വീണ്ടും കിടന്നുറങ്ങി. വരും ദിനങ്ങളിലും ഇതാവര്‍ത്തിച്ചു. അമ്മ യഥാര്‍ത്ഥത്തില്‍ ദുഖിതയാണോ, അതോ തന്‍റെ തോന്നലാണോ? ആണെങ്കില്‍ തന്നെ എന്താവും കാരണം. മരിച്ചവരെ പറ്റി ഇങ്ങനെയൊക്കെ ചിന്തിക്കുന്ന തനിക്കാണ് ഭ്രാന്ത് എന്നയാള്‍ നിനച്ചു. "കഴുതപുലിക്കും, കള്ളനും എന്തു സമാധാനം? അന്യന്‍റെ വാളിനിരയാകാന്‍ മാത്രമായി ഇവര്‍ ജീവിക്കുന്നു. അനാഥത്വം മക്കളില്‍ ഏല്‍പ്പിക്കുന്നവര്‍ ശാന്തിയണയുന്നില്ല". അമ്മ തന്‍റെയടുത്തു സംസാരിക്കുകയാണ്. അന്ന് അയാള്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ആകെ വിയര്‍ത്തിരുന്നു. ഭിത്തിയിലിരിക്കുന്ന കൈലാസ നാഥന്‍റെ ചിത്രത്തിലേക്ക് അയാള്‍ ദൃഷ്ടിയുയര്‍ത്തി. നിലാവെളിച്ചത്തിന്‍റെ ഒരംശം ആ മുഖത്തു പതിക്കുന്നുണ്ടായിരുന്നു.

പുതിയ തൊഴില്‍ എന്നൊരു തീരുമാനവുമായി അയാള്‍ പുലര്‍ച്ചയെ സ്വാഗതം ചെയ്തു. അയാള്‍ക്കുണ്ടായ അത്യാഹിതവും ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതില്‍ സ്വാധീനം ചെലുത്തി. അയാളുടെ മനസ്സ് അന്നു ശാന്തമായിരുന്നു. അയാള്‍ ഭാര്യയോടും മകനോടും പതിവില്‍ കവിഞ്ഞ സ്നേഹം പ്രകടിപ്പിച്ചു. അവളെ വാരിപ്പുണര്‍ന്നു കവിളില്‍ ചുംബിച്ചു. നളിനിക്കും അതൊരു ഞെട്ടലായിരുന്നു. ഭര്‍ത്താവിനു സ്നേഹപൂര്‍വ്വം അവളൊരു ചായ സമാനിച്ചു. ആവി പറക്കുന്ന ചായക്ക് മുന്നിലൂടെ വാര്‍ത്തകളുമായി പത്രമെത്തി. ചാരുകസേരയില്‍ ഇരുന്നു പത്രത്താളുകള്‍ നിവര്‍ത്തിയ അയാളുടെ കണ്ണുകളില്‍ പ്രാദേശിക പേജിലെ ഒരു വാര്‍ത്ത കുടുങ്ങി.

"ജോയി നെടുമാരിക്കല്‍ വധത്തില്‍ പ്രതി അലക്സിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍, കപ്രാശ്ശേരി. കപ്രാശ്ശേരി പള്ളിയിലെ കൈക്കാരനായിരുന്ന ജോയി വധത്തിനു പിന്നിലെ സൂത്രധാരന്‍ പള്ളിയിലെ തന്നെ കപ്യാരായിരുന്ന അലക്സാണെന്നു തെളിഞ്ഞു. ഒരു മോഷണ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലിസ്‌ പറഞ്ഞു. പള്ളി നിലവറയിലെ പൊന്‍കുരിശു മോഷ്ടിക്കുവാന്‍ ഏറെ നാളായി അലക്സ്‌ ശ്രമിച്ചു വരികയായിരുന്നു. അലക്സ്‌ കുരിശു മോഷ്ടിച്ച രാത്രിയില്‍ ജോയി ഈ ദൃശ്യം കാണുകയും, ബഹളം വയ്ക്കുകയും ആയിരുന്നു. വായ പൊത്തി പിടിച്ചു ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തുന്നതിനിടയില്‍ തലക്കു പുറകിലുണ്ടായ ക്ഷതമാണ് മരണ കാരണം. യഥാര്‍ത്ഥ പൊന്നിന്‍ കുരിശു അലക്സിന്‍റെ പുരയിടത്തില്‍ നിന്നു കണ്ടെടുത്തു. നിലവറയുടെ വാതില്‍ പൊളിച്ചാണ് കുരിശു മോഷ്ടിച്ചത് എന്നാണു അലക്സ്‌ ആദ്യം പറഞ്ഞിരുന്നതെങ്കിലും, തെളിവെടുപ്പിനു പോയ പോലിസ്‌ സംഘം തൊട്ടടുത്ത റബ്ബര്‍ തോട്ടത്തില്‍ ഒരു തുരങ്കം കാണുകയും, തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ആ തുരങ്കത്തിലൂടെയാണ് താന്‍ കുരിശു മോഷ്ടിച്ചതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. പോലിസ്‌ ഇന്നു പള്ളി നിലവറ തുറന്നു അവിടെയുള്ളത് വ്യാജ കുരിശാണോ എന്ന് ഉറപ്പിക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ തെളിവു സഹിതം പിടികൂടിയതിനു ആഭ്യന്തര മന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ അഭിനന്ദിച്ചു. "

Sunday, August 19, 2012

സായിയുടെ കൂട്ടുകാര്‍


അയാളുടെ മുഖം മനസ്സിന്‍റെ പ്രതിഫലനമായിരുന്നു. അഭിനയലോകത്തെ കുലപതി എന്നു സാധാരണ ജനങ്ങള്‍ അയാളെ വാഴ്ത്തി. സാധാരാണ കുടുംബത്തില്‍ നിന്നും സ്വന്തം കഴിവിലൂടെ മാത്രമായിരുന്നു അയാള്‍ ഉയര്‍ന്നു വന്നത്. ശരീരത്തിലെ ഓരോ സിരകളും അയാളെ അനുസരിച്ചിരുന്നു. അഭിനയം എന്ന തന്‍റെ കഴിവില്‍ അയാള്‍ അഹങ്കരിച്ചിരുന്നു. അയാള്‍ക്ക്‌ വേണ്ടി, അയാള്‍ മാറ്റി മറിക്കുന്ന സമയത്തിലൂടെ ചുറ്റുപാടുകള്‍ സഞ്ചരിച്ചു. സമൂഹത്തിലേക്ക് കണ്ണോടിക്കാന്‍ മടിച്ചിരുന്ന അയാള്‍ അവയെ തടയുന്നതിന് വേണ്ടി കൂറ്റന്‍ മതിലുകളും, കളര്‍ ഗ്ലാസ്സിട്ട ശീതീകരിച്ച മുറികളും കെട്ടി പൊക്കി. ഉദ്ഘാടന പരിപാടികള്‍ക്കും, സംഗീത നിശകളിലേക്കും അയാളുടെ വാഹനങ്ങള്‍ നിര്‍ത്താതെ സഞ്ചരിച്ചു. ഇന്നും പതിവ് പോലെ അയാള്‍ക്കൊരു അവാര്‍ഡ് നിശയുണ്ട്. അയാളുടെ മനസ്സിനേക്കാള്‍ വേഗതയില്‍ ആ വണ്ടി ലക്ഷ്യത്തിലേക്ക് പായുകയാണ്.

-------------------------------------------------------------

"നടന്‍ സായിക്ക് വാഹനാപകടത്തില്‍ സാരമായ പരിക്കോ?", സാധാരണക്കാര്‍ ഞെട്ടിപ്പോയി. നാല്‍ക്കവലകളിലെ ചൂടന്‍ ചായക്കൊപ്പം ഇതിലും ചൂടുള്ള മറ്റൊരു വാര്‍ത്ത കിട്ടാനില്ലായിരുന്നു. അയാളുടെ വാഹനം മുതല്‍ ജീവിത രീതികള്‍ വരെ മാധ്യമ പാപ്പരാസികള്‍ ചികഞ്ഞെടുത്ത്, മാലോകര്‍ക്കായി ആകാശത്തേക്കും ഭൂമിയിലേക്കും എറിഞ്ഞു. സായി ഇനി ജീവിതത്തിലേക്ക്, അതിലുപരി നടന കലയിലേക്ക് തിരിച്ചു വരുമോ എന്നതായിരുന്നു വീട്ടമ്മമാര്‍ക്ക് പോലും അറിയേണ്ട കാര്യം. അപ്രതീക്ഷിതമായി കിട്ടിയ പ്രശസ്തിയില്‍ ഉറച്ചു നില്‍ക്കാന്‍ സായിയുടെ ഡോക്ടര്‍മാരും അല്പം സമയമെടുത്തു. "ഒന്നും പറയാറായിട്ടില്ല. ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെ", എന്ന ഉത്ഘണ്ടാകുലമായ വാര്‍ത്തയാണ് ആശുപത്രിയില്‍ നിന്നുപുറത്തേക്കെത്തികൊണ്ടിരുന്നത്. സായി എന്ന വ്യക്തിയില്‍ നിന്നും, അയാളുടെ രോഗാതുരമായ ശരീരത്തിലേക്ക് ലോക ശ്രദ്ധ മാറാന്‍ അല്പം പോലും സമയമെടുത്തില്ല. അയാള്‍ എന്ന വ്യക്തിത്വം ഇപ്പോഴും മയക്കത്തിലാണ്, അത് അയാളുടെ രോഗാവസ്ഥയെ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുന്നു. മാലോകര്‍ക്ക് അയാളിലുള്ള താല്പര്യം നഷ്ടപ്പെട്ടു തുടങ്ങി. അതൊരു തേജസ്സറ്റ ശരീരമായി അവര്‍ എഴുതി തള്ളി. മാധ്യമ പടകള്‍ മറ്റു പല ജീവിതങ്ങളിലേക്കും എത്തി നോക്കാനുള്ള ശ്രമം അഭംഗുരം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. സാവധാനം, അയാളുടെ മനസ്സ് അയാളുടെ ശരീരത്തെ സ്പര്‍ശിച്ചു തുടങ്ങി. ഒരു രാത്രിയില്‍ അയാള്‍ തന്‍റെ കണ്ണുകള്‍ ചലിപ്പിച്ചു. വീട്ടുകാര്‍ കാര്യമായില്ലാത്തതു കൊണ്ടാവണം ചുറ്റുപാടും ഒരു ശൂന്യതയാണ് അയാള്‍ കണ്ടത്. ഇന്നലെ കാറോടിക്കുമ്പോള്‍ വാഹനത്തിലിടിക്കാന്‍ പോയതു മുതല്‍ എന്താണ് തനിക്ക് സംഭവിച്ചത്? അയാള്‍ക്ക്‌ മനസ്സിലാകുന്നുണ്ടായില്ല. താന്‍ ആശുപത്രിയില്‍ എത്തിയതെങ്ങനെ? തന്‍റെ ഓര്‍മകള്‍ക്ക് പറയാന്‍ നഷ്ടത്തിന്‍റെ കണക്കുകളും ഉണ്ടാവുമോ? സായി കണ്ണ് തുറക്കുന്നത് കണ്ട നേഴ്സ്, ഡോക്ടറെ വിവരമറിയിക്കാന്‍ ഓടി. ന്യൂറോയുടെ തലവന്‍ ഡോ. കുര്യന്‍ അല്‍പ സമയത്തിനകം സ്ഥലത്തെത്തി. ഡോക്ടറോട് കാര്യങ്ങള്‍ ചോദിക്കാന്‍ അയാള്‍ ചുണ്ട് ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അയാള്‍ക്ക്‌ കയ്യോ കാലോ മറ്റു ശരീര ഭാഗങ്ങള്‍ ഒന്നും തന്നെയോ ചലിപ്പിക്കാന്‍ സാധിക്കുന്നില്ല. കണ്ണുകള്‍ മാത്രമായി അയാള്‍ക്ക്‌ മനസ്സിന്‍റെ ആവരണം. അയാളുടെ പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിച്ചു ഡോക്ടര്‍ സംഘങ്ങള്‍ അവിടെ നിന്ന് മടങ്ങി.

നടന്‍ സായി കണ്ണു തുറന്നിരിക്കുന്നു എന്നത് പതിവിലും ചെറിയ ഒരു വാര്‍ത്ത മാത്രമായിരുന്നു. തനിക്ക് ചുറ്റുപാടുകളോട് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും, ഒന്നിനും സാധിക്കുന്നില്ല. ഫിസിയോതെറാപ്പിസ്റ്റ്‌ കിരണും, കൃത്യ ഇടവേളകളില്‍ മരുന്നുമായെത്തുന്ന നഴ്സുമായിരുന്നു അയാളുടെ നിത്യ സന്ദര്‍ശകര്‍. അഭിനയ രംഗത്ത് നിന്നും ആളുകളുടെ സന്ദര്‍ശന തോത് ഗണ്യമായി കുറഞ്ഞു. തന്‍റെ ബാല്യ കാല സുഹൃത്ത് സാംകുട്ടി കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കാനെത്തുന്നതാണ് മാനസീക സുഖം നല്‍കുന്ന ഒരു കാര്യം. തന്‍റെ മനോഭാവം സാംകുട്ടിയുമായുള്ള സമ്പര്‍ക്കത്തില്‍ ഇടക്കാലത്ത് വിള്ളലുണ്ടാക്കിയിരുന്നെങ്കിലും, അവന്‍ അതൊന്നും കാര്യമാക്കിയിരുന്നതായി തോന്നുന്നില്ല.

ഫിസിയോതെറാപ്പിസ്റ്റും, നഴ്സുമാരും എന്നും അയാളോട് കുശലം പറയും. കടല്‍ക്കരയിലെ അലകള്‍ പോലെ അത് പ്രതികരണമില്ലാതെ പോകും. അയാള്‍ക്ക്‌ സ്വയം ആകെ ചെയ്യാനാവുന്നത് കണ്ണുകള്‍ അനക്കുക എന്നത് മാത്രമായിരുന്നു. ശീതീകരിച്ച മുറിയിലെ ഗ്ലാസ് ജനാലയിലൂടെ അയാള്‍ ചുറ്റുപാടിലേക്ക് കണ്ണോടിച്ചു. താഴെ ഉറുമ്പുകളെ പോലെ മനുഷ്യര്‍ തിരക്കിട്ട് പായുന്നുണ്ട്. തിക്കി തിരക്കി അവര്‍ എത്തുന്നത് ഇതുപോലെ മറ്റൊരു കിടക്കയിലേക്കാവും. അയല്‍ മുറികളില്‍ കിടക്കുന്നവരെ കൃത്യമായി അവരുടെ വീട്ടുകാര്‍ പരിപാലിക്കുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു. സാംകുട്ടി വരുമ്പോള്‍ ഈ വിഷമങ്ങളെല്ലാം കണ്ണീരായി പെയ്തൊഴിയും. അവന്‍ നാട്ടുവിശേഷങ്ങള്‍ പങ്കു വെയ്ക്കും. ഒടുവില്‍ പിരിയും. കൂട്ടിനു ഏകാന്തതയും നിശബ്ദതയും മാത്രം.

ആശുപത്രിയുടെ സമീപമുള്ള ഒരു വീട്ടിലെ പയ്യനെ ഇതിനിടയില്‍ അയാള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഒരു ഏഴിലോ എട്ടിലോ ആവും അവന്‍ പഠിക്കുക. അതിരാവിലെ പത്രമിടാന്‍ പോയി, തിരിച്ചു വരുന്ന അവന്‍ നേരെ സ്ക്കൂളിലേക്ക് യാത്രയാകും. വൈകുന്നേരങ്ങളില്‍ അവിടെ ട്യൂഷന്‍ ക്ലാസ്സും ഉണ്ടാകാറുണ്ട്. അവനാണ് മാഷ്‌. പഠിക്കാനെത്തുന്നത് മൂന്നോ നാലോ തെരുവു കുട്ടികളെന്നു തോന്നിക്കുന്നവരാണ്, അവര്‍ അവന്‍റെ കൂട്ടുകാരാവും. അവനു അച്ചനുണ്ടെന്നു തോന്നുന്നില്ല, അഥവാ, ആ കുടുംബത്തില്‍ അങ്ങനെ ഒരാളെ ഇതുവരെ അയാള്‍ കണ്ടില്ല. അമ്മ പകല്‍ സമയത്ത് ഏതോ പണികള്‍ക്ക് പോകുന്നത് അയാള്‍ കാണാറുണ്ട്‌. എന്തായാലും വല്യ പത്രാസുള്ള പണിയല്ലെന്ന് തീര്‍ച്ചയാണ്. അവനും, അവന്‍റെ പ്രവൃത്തികളും അയാളില്‍ സന്തോഷം ജനിപ്പിച്ചു തുടങ്ങി. ഒരു കൌതുകത്തിന് തുടങ്ങിയ നിരീക്ഷണം, ഇപ്പോള്‍ അയാളുടെ പ്രധാന പ്രവൃത്തിയാണ്. ഇതിനു വേണ്ടിയുള്ള ആഗ്രഹം അയാളെ പുലര്‍ച്ചകളില്‍ എഴുന്നേല്‍പ്പിച്ചു. ഇരുട്ടും വരെ ഉണര്‍ത്തിയിരുത്തി. പകല്‍ സമയങ്ങളിലായി അയാളുടെ മയക്കം.

ഫിസിയോതെറാപ്പിസ്റ്റ്‌ കിരണ്‍ അയാളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയായി മാറിയിരുന്നു. തന്‍റെ തേജസ്സറ്റ ശരീരം അനക്കുന്നത് ഇപ്പോള്‍ അയാളാണ്. പണ്ട് താന്‍ സ്വാഭിമാനം ചെയ്തിരുന്ന കര്‍ത്തവ്യം. കിരണിന്‍റെ വീട്ടുകാരും ഒരിക്കല്‍ അയാളെ കാണാന്‍ വന്നിരുന്നു. സായിയുടെ, ബാല നിരീക്ഷണം എന്ന ഹോബിയെ പറ്റി കിരണിനും വ്യക്തമായി അറിയാം. സായിയുടെ മനസ്സ് എകാന്തതയുമായി രമ്യതയിലായി തുടങ്ങിയിരുന്നു. പണ്ടു ജനങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും അയാള്‍ അവരെയൊന്നും കണ്ടിരുന്നില്ല. ഇപ്പോള്‍ ആ ശീതീകരിച്ച മുറിയിലിരുന്നു അയാള്‍ അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അയാളുടെ കുടുംബം ഇപ്പോള്‍ ചെറുതാണ്. അതിലുള്ളത് സാംകുട്ടിയും, ആ ബാലനും, കിരണും, ഏതാനം നഴ്സുമാരും മാത്രമാണ്. ആരെയെങ്കിലും പരിചയപ്പെടുന്നത് എന്തെങ്കിലും മാറ്റങ്ങള്‍ക്കുവേണ്ടിയാവും എന്നു അയാളുടെ മനസ്സ് മന്ത്രിക്കുന്നു.

മാസം അഞ്ചു കടന്നു പോയിരിക്കുന്നു. സാംകുട്ടി കുട്ടിക്കാല കുസൃതികളൊക്കെ പറഞ്ഞു കട്ടിലിന്‍റെ വശത്തിരിക്കുന്നു. പണ്ടു മേരി ടീച്ചര്‍ അറിയാതെ ക്ലാസിലിരുന്നു തുണ്ട് പുസ്തകം വായിച്ചതിനെ പറ്റി സാംകുട്ടി വിവരിച്ചപ്പോള്‍, അയാള്‍ ഓര്‍മകളും സന്തോഷവും ഒക്കെ കൂടിക്കലര്‍ന്ന ഒരു മാനസീകാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. "ഒന്നു പോടാപ്പാ", അയാള്‍ അറിയാതെ അയാളുടെ വായില്‍ നിന്നും ശബ്ദം പുറത്തു വന്നു. അത് കേട്ടു സാംകുട്ടിയെക്കാള്‍ ഞെട്ടിയത് അയാള്‍ തന്നെയാണ്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വീണ്ടും, ഡോക്ടര്‍ പട പാഞ്ഞു വന്നു. കിരണെയും, നഴ്സുമാരെയും പുറകിലാക്കി അവര്‍ അയാളെ പരിശോധിച്ചു. സായിക്ക് ശരിയായി സംസാരിക്കാന്‍ ഇപ്പോഴും ആവുന്നില്ല. ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോയി. നല്ല ആയാസത്തോടെ മാത്രം കുറച്ചൊക്കെ  സംസാരിക്കാം എന്ന അവസ്ഥയിലാണ് അയാളിപ്പോള്‍. വലിയ ഒരു കാരഗ്രഹത്തില്‍ നിന്നും പുറത്തിറങ്ങിയതിന്‍റെ സുഖം അയാള്‍ അനുഭവിച്ചു തുടങ്ങി. ആ ബാലനും, വൈകുന്നേരം തന്‍റെ ശിഷ്യന്മാര്‍ക്ക് അവന്‍റെ വീട്ടില്‍ വെച്ചു മിഠായി വിതരണം നടത്തുന്നത് അയാള്‍ ചില്ലു കണ്ണാടിയിലൂടെ കണ്ടു. അവന്‍റെ സ്കൂള്‍ റിസള്‍ട്ട്‌ വന്നു കാണണം, അയാള്‍ അനുമാനിച്ചു.

കാലം അയാളെക്കൊണ്ട് കൈകളും കാലുകളും അനക്കിച്ചു. മാസങ്ങള്‍ ഇപ്പോള്‍ പത്തു പതിനൊന്നു കടന്നു പോയിരിക്കുന്നു. നടക്കുവാന്‍ സഹായിക്കുന്ന പ്രത്യേക ഉപകരണം വഴി അയാള്‍ തന്‍റെ മുറിയില്‍ നടക്കുന്നുണ്ട്. കിരണാണ് ഇപ്പോള്‍ അയാളുടെ ഗുരു. വേണമെങ്കില്‍ വീട്ടില്‍ പോകാമെങ്കിലും അയാള്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. തന്‍റെ പുതിയ കുടുംബത്തെ അയാള്‍ അത്രയേറെ ആസ്വദിക്കുന്നുണ്ട്. അയാളുടെ പ്രചോദനങ്ങളില്‍ ഒന്ന് ആ ബാലനാണ്. അവന്‍റെ സായാഹ്ന ക്ലാസ്സിന്‍റെ വലിപ്പം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നു. എട്ടു പത്തു തെരുവു ബാലന്മാര്‍ക്കാണ് അവന്‍ ഇപ്പോള്‍ ക്ലാസുകള്‍ എടുക്കുന്നത്. സാംകുട്ടി വരുമ്പോഴാണ് മുറിയില്‍ സന്തോഷത്തിന്‍റെ രശ്മികള്‍ നിറയുന്നത്. അവരുടെ സംസാരം സാമൂഹീക, രാഷ്ട്രീയ വിഷയങ്ങളിലേക്കും വഴി മാറി തുടങ്ങി. താനൊരു സാമൂഹീക ജീവിയാണെന്ന് അയാളെ ബോധ്യപ്പെടുത്തിയത് ആ ആശുപത്രി മുറിയാണ്. ഏകദേശം ഒരു വര്‍ഷത്തിനു മുമ്പ് നിരാശയുടെ പ്രതീകമായിരുന്ന ആ മുറി ഇപ്പോള്‍ പ്രതീക്ഷയുടെ ആസ്ഥാനമാണ്.

അയാള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടു വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷവും, മൂന്നു മാസവും. സായിക്ക് ഇനി ആശുപത്രിയുടെ ആവശ്യമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. കിരണ്‍ പഠിപ്പിച്ച വ്യായാമ മുറകള്‍ പതിവായി വീട്ടിലിരുന്നു ചെയ്യുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അയാള്‍ ആശുപത്രി വിടുന്ന ദിവസം വന്നെത്തി. ഒരു വര്‍ഷം തന്നെ താങ്ങിയ കട്ടിലിനോടും, എന്തിനേറെ മുറിയിലെ ചെറിയ കപ്പിനോടു പോലും അയാള്‍ മനസ്സു കൊണ്ട് യാത്ര ചോദിച്ചു. അയാളിപ്പോള്‍ വീണ്ടും പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലാണ്. സായി ആശുപത്രി വിടുന്നത് കവര്‍ ചെയ്യുവാന്‍ എത്തിയിരിക്കുന്നത് വന്‍ മാധ്യമ പടയാണ്. ആശുപത്രിയില്‍ നടന്ന ചെറു പരിപാടിയില്‍, ആശുപത്രി ഡയറക്ടര്‍ സായിക്ക് ഒരു ചെറു പൂച്ചെണ്ട് കൈ മാറി. ആശുപത്രിക്കും, പരിചരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു അയാള്‍ പുറത്തേക്കിറങ്ങി. ചുറ്റുമുള്ള ജനസഞ്ചയം സാംകുട്ടിയെയും, കിരണെയും, ആ നഴ്സുമാരെയും അയാളുടെ പരിസരത്തു നിന്ന് മാറ്റിയിരുന്നു. ജീവിത സാഹചര്യങ്ങള്‍ ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കുമെന്നതിന്‍റെ നേര്‍ സാക്ഷ്യം. എങ്കിലും, തന്‍റെ പുതിയ കുടുംബത്തെ വിട്ടു കളയില്ലെന്ന് അയാള്‍ ഉറച്ചിരുന്നു.

അയാള്‍ വണ്ടിയില്‍ പോയത് നേരെ ആ ബാലന്‍റെ വീടിലേക്കാണ്. സമയം സന്ധ്യയായി. അവിടെ അവന്‍റെ ക്ലാസ് നടക്കുന്നു. സായി അതിനിടയിലൂടെ അവന്‍റെ അടുത്തേക്ക്‌. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള സൂപ്പര്‍ സ്റ്റാര്‍ തന്‍റെ അടുത്തേക്ക്‌ വരുന്നത് കണ്ടു അവന്‍ അമ്പരന്നു പോയി. ആ ആശുപത്രി തനിക്കു സമ്മാനിച്ച പൂച്ചെണ്ട് അയാള്‍, അവനു സമ്മാനിച്ചു. വീട്ടില്‍ നിന്ന് അയാള്‍ ഒരു ചായ പറഞ്ഞു മേടിച്ചു. എന്താണ് തനിക്കു ചുറ്റും സംഭവിക്കുന്നതെന്ന് ആ കുട്ടിക്കു തീരെ മനസ്സിലായില്ല. അവിടെ ആളുകളും കൂടി തുടങ്ങി. വീട്ടുകാരോട് യാത്ര പറഞ്ഞു സായി ഇരുളിലൂടെ തന്‍റെ വണ്ടിയിലേക്ക് കയറി. നാട്ടുകാരുടെ ഇടയില്‍ ഒരു കൊച്ചു വീരനാകാന്‍ അവനു അധിക സമയം വേണ്ടി വന്നില്ല. എങ്കിലും അവന്‍റെ മനസ്സ് അവനോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു, "എന്തിനാവും സായി തന്‍റെ വീട്ടില്‍ വന്നത്?"

--------------------------------------------------

വര്‍ഷം ഒന്ന് കൂടി കൊഴിഞ്ഞു പോയിരിക്കുന്നു. സായി തന്‍റെ അനുഭവങ്ങള്‍ ഒരു പുസ്തകമാക്കി. അതിനു എന്‍റെ ആത്മകഥ എന്ന പേരും നല്‍കി. സ്ഥലം തിരുവനന്തപുരത്തെ ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍. സായിയുടെ പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നു. പ്രകാശനം ചെയ്യുന്നത് കേരള മുഖ്യനും. ക്ഷണിക്കപ്പെട്ട അതിഥികളില്‍ മുന്‍ നിരയിലുള്ളത് സാംകുട്ടിയും, ബാലനും, കിരണും അവന്‍റെ കുടുംബവും, ആ നഴ്സുമാരുമാണ്. സായി എങ്ങനെ തന്‍റെ സുഹൃത്തായെന്നു ഇന്ന് ആ ബാലനറിയാം. അവന്‍റെ സമൂഹീക സേവനം ചാനെലുകള്‍ കവര്‍ ചെയ്തു കഴിഞ്ഞു. പുസ്തക പ്രകാശനത്തിനിടയിലെ കനപ്പെട്ട പ്രസംഗങ്ങള്‍ നടക്കുമ്പോള്‍, മുഖ്യന്‍ ആ പുസ്തകം ഒന്നു മറിച്ചു നോക്കി. അതിന്‍റെ ഒന്നാം പുറത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. "സമര്‍പ്പണം: എന്നെ ആകാശത്തു നിന്നും ഭൂമിയിലേക്ക്‌ കൈ പിടിച്ചിറക്കിയ എന്‍റെ സുഹൃത്തുക്കള്‍ക്ക്". മുഖ്യന്‍ കൌതുകത്തോടെ സായിയോട് ആരാണ് അവര്‍ എന്നു അന്വേഷിച്ചു.  അയാളുടെ കൈ വിരലുകള്‍ കാണികളിലെ ഒന്നാം നിരയിലേക്ക് നീണ്ടു.

സായി ഇപ്പോള്‍ നടക്കുമ്പോള്‍, രാത്രിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളുടെ ഭംഗി ആസ്വദിക്കാറുണ്ട്, പകല്‍  മണല്‍പരപ്പിന്‍റെ വിശാലതയും.

Saturday, July 21, 2012

ഭക്ഷ്യവിഷബാധയേറ്റ കേരളം


തിരുവനന്തപുരം നഗരത്തിന്‍റെ ഹൃദയഭാഗങ്ങളായ വെള്ളയമ്പലവും, വഴുതക്കാടും. ഭരണ സിരാകേന്ദ്രങ്ങളുടെ മൂക്കിന്‍ തുമ്പത്തുള്ള സ്ഥലങ്ങള്‍. ജംക്ഷനു ഒത്തനടുക്കുള്ള സാല്‍വ ഡൈന്‍ ഹോട്ടല്‍. നല്ല വലിപ്പവും, തിരക്കുമുള്ളിടം‍. എന്നെ പോലെ അനേകം യുവാക്കള്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി എത്തുന്നിടം. കഴിഞ്ഞ ആഴ്ച സച്ചിന്‍ എന്ന ചെറുപ്പക്കാരന്‍ മൂന്നു ഷവര്‍മ മേടിച്ചതും ഇവിടെ നിന്നു തന്നെ. വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണം നിമിത്തം അവന്‍ മരണപ്പെട്ടു. ഒപ്പം ഭക്ഷ്യവിഷബാധയേറ്റു പത്തിരുപതു പേര്‍ ആശുപത്രിയില്‍. വിഷബാധയുണ്ടാക്കിയ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ പത്തു മണിക്കൂറിനകത്ത് മസിലുകളെ തളര്‍ത്തുകയും, പരസഹായമില്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയിലേക്കെത്തുകയും ചെയ്യും. ഈ വാര്‍ത്തകളൊക്കെ അറിഞ്ഞു സംസ്ഥാനം ഞെട്ടി. ഒട്ടും വൈകിയില്ല, അന്വേഷണ മാമാങ്കം ആരംഭിച്ചു. ആദ്യത്തെ ഞെട്ടിക്കുന്ന വിവരം. രാജ്ഭവന്‍റെ തൊട്ടടുത്ത്, ജംക്ഷനിലെ പ്രധാന സ്ഥലത്ത് വര്‍ഷങ്ങളായി നല്ല തിരക്കോടു കൂടി പ്രവര്‍ത്തിക്കുന്ന സാല്‍വ ഡൈനു ലൈസെന്‍സ് ഇല്ല.

അതു കഴിഞ്ഞു തുടങ്ങി അടുത്ത പ്രഹസനം. എറണാകുളം ജില്ലയില്‍ ഷവര്‍മ എന്ന ഭക്ഷണം നിരോധിച്ചു. വിഷബാധ ഷവര്‍മ മൂലമല്ലെന്നും, അതുണ്ടാക്കിയ പദാര്‍ത്ഥങ്ങളിലെ മായം മൂലമാണെന്നും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവര്‍ അല്ലല്ലോ കസേരകളില്‍ ഇരിക്കുന്നത്. അങ്ങനെയായിരുന്നെങ്കില്‍, ഈ അറബികളൊക്കെ വയറ്റിലസുഖം വന്നു എപ്പോഴേ സ്ഥലം കാലിയാക്കിയേനെ. അതിനു പിന്നാലെ ഷവര്‍മ ആരാധകരുടെ ചീത്ത വിളി. വയറിളകി മരണമടഞ്ഞ സച്ചിനെ പറ്റി, "അവനൊക്കെ മൂലം ഇപ്പൊ ഭക്ഷണം പോലും കിട്ടാതായി" എന്ന വാക്യം ഒരാള്‍ പറഞ്ഞത് എന്‍റെ തൊട്ടടുത്ത് നിന്നാണ്. അവന്‍ മൂന്നെണ്ണം മേടിച്ചു എന്നതിനായി അടുത്ത കുറ്റം. അങ്ങനെ ചിലരുടെയെങ്കിലും മനസ്സില്‍ ഇപ്പോഴും പ്രതി സ്ഥാനത്ത് സച്ചിനുണ്ട്. ഏതിനും രണ്ടഭിപ്രായമുള്ള നാടിനെയാണല്ലോ ദൈവം എടുത്തു മടിയില്‍ വച്ചിരിക്കുന്നത്.

ഭക്ഷണം കഴിച്ചു ആളു മരിച്ചു എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നു മോചിതരായപ്പോഴാണ് ഇതൊക്കെ പരിശോധിക്കാന്‍ ഇവിടെ ആരാണുള്ളത് എന്നതിനെ പറ്റി ജനം ചിന്തിച്ചത്. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് (ഞാന്‍ ഈ സംഭവത്തിനു മുമ്പ് വരെ ഇങ്ങനെയൊരു വകുപ്പിനെ പറ്റി കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല) ഉദ്യോഗസ്ഥന്മാര്‍ സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞു. രാവിലെ മുതല്‍ വൈകിട്ട് വരെ റെയ്ഡോടു റെയ്ഡ് . ഇപ്പോള്‍ തന്നെ ഏതാണ്ട് നൂറ്റന്‍പതോളം ഹോറെലുകള്‍ പൂട്ടിച്ചു കഴിഞ്ഞു എന്നാണു വിവരം. അപ്പോള്‍ അവിടെ നിന്നു ഇത്ര നാള്‍ ഭക്ഷണം കഴിച്ചവര്‍ വിഷമാണ് വാങ്ങി കഴിച്ചിരുന്നതല്ലേ അര്‍ഥം. ഈ ഉദ്യോഗസ്ഥര്‍ റെയ്ഡിനു പോകുന്നത് ക്രിസ്മസിന്‍റെ കാരോള്‍ സംഘങ്ങള്‍ പോകുന്നത് പോലെയും. ഒരറ്റത്ത് പരിശോധന തുടങ്ങുമ്പോഴേ മറ്റുള്ളവര്‍ പഴകിയ ഭക്ഷണം മാറ്റിയിരിക്കും. പിന്നെ ആര്‍ക്കോ വേണ്ടി ഇവര്‍ ഇങ്ങനെ റെയ്ഡ് ചെയ്തു കൊണ്ടേയിരിക്കുന്നു.

റെയ്ഡ് ഒക്കെ വളരെ നല്ല കാര്യം തന്നെ. പക്ഷെ, ഇതിലൊന്നും തുടര്‍നടപടികളിലേക്ക് പോകാന്‍ ആരും തയാറാകുന്നില്ല എന്നത് വാസ്തവം. 2003-2012 വരെയുള്ള കണക്കെടുത്താല്‍, മായം ലാബില്‍ തെളിയിക്കപ്പെട്ട കേസുകളില്‍ പോലും 25ശതമാനത്തില്‍ താഴെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോള്‍ ഇവര്‍ ഇത്ര കഷ്ടപ്പെട്ടു റെയ്ഡ് നടത്തുന്നത് എന്തിനു? ഏകദേശം 250ഓളം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ മാരെയാണ് ജനം ശമ്പളം കൊടുത്തു നിലനിര്‍ത്തുന്നത്. മിക്ക നേരവും പുറത്തു നിന്നു ഭക്ഷണം കഴിക്കുന്ന എന്‍റെ ഇത്ര കാലത്തെ ജീവിതത്തിനിടയില്‍ ഒരു ഹോട്ടലില്‍ പോലും ഇവരിലാരെങ്കിലും പരിശോധന നടത്തുന്നത് ഞാന്‍ കണ്ടിട്ടില്ല. ആകെയുള്ള ജോലി പോലും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഇവരുടെ സേവനം നാടിനു ആവശ്യമുണ്ടോ? അയ്യോ പറയാന്‍ പാടില്ലല്ലോ, സര്‍വീസില്‍ കയറിയാല്‍ പിന്നെ പിരിച്ചുവിടല്‍ എന്ന പദം പോലും ജാമ്യം കിട്ടാത്ത കുറ്റമാണ്. അപ്പൊ അവരെ കുറ്റം പറഞ്ഞിട്ടും വലിയ പ്രയോജനം ഇല്ല.

റെയ്ഡുകളില്‍ ധാരാളം നക്ഷത്ര ഹോട്ടെലുകളില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. എന്നാല്‍ അവര്‍ക്കെല്ലാം വാണിംഗ് മാത്രം. വഴിവക്കിലെ കടകളില്‍ ഇതിലും മികച്ച നിലവാരമുള്ള ഭക്ഷണം പിടിച്ചെടുത്തവ പോലും അടപ്പിച്ചു. അതെന്താ പണക്കാര്‍ക്ക് വയറ്റിലസുഖം വരില്ല എന്നോ മറ്റോ ഉണ്ടോ? ഇതില്‍ നിന്നു തന്നെ ഇത് പൊതു ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ എന്നുള്ളത് വ്യക്തം. അവര്‍ ദിവസേന കാണുന്ന കടകള്‍ അടപ്പിച്ചാലല്ലേ ഉദ്യോഗസ്ഥന്മാര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വിചാരിച്ചു നമ്മുടെ ജനങ്ങള്‍ മണ്ടന്മാരാകൂ. ഇതൊക്കെ കണ്ടു, നമ്മളാണോ വിഡ്ഢികള്‍ അതോ ആരോഗ്യ വകുപ്പുകാരാണോ വിഡ്ഢികള്‍ എന്നൊരു സന്ദേഹത്തിലാണ് ഞാന്‍.

വ്യക്തിപരമായ അഭിപ്രായത്തില്‍, ഭക്ഷ്യമായം മൂലം മരണത്തിനു കേസെടുക്കുമ്പോള്‍, പ്രതിപ്പട്ടികയില്‍ അതാത് സ്ഥലത്തെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ മാരെ കൂടി പ്രതി ചേര്‍ക്കണം. കാരണം, സാല്‍വാ കഫെ ഉടമ ചെയ്തത് പോലെ തന്നെയുള്ള കുറ്റം അവരും ചെയ്തിട്ടുണ്ട്. പിന്നെ അവരെ മാത്രം എന്തിനു ഒഴിവാക്കുന്നു? നമ്മുടെ ജനത ശരിക്കും മരവിച്ചിരിക്കുന്നു. ഇപ്പോള്‍ എല്ലാം കാണാപ്പാഠമാണ് അവര്‍ക്ക്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൂലം എന്തെങ്കിലും ദുരന്തം തടയാം എന്നൊരു വിചാരം ഇന്ന് ആര്‍ക്കും ഉണ്ടെന്നു കരുതുന്നില്ല. ദുരന്തമുണ്ടായാല്‍ ഉടനടി ഉണരുകയും, അതിലും വേഗത്തില്‍ ഉറങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ അവര്‍ ശീലിച്ചു കഴിഞ്ഞു. ബോട്ട് ദുരന്തങ്ങള്‍ മുതല്‍, വിഷമദ്യം, സ്ഫോടനങ്ങള്‍ തുടങ്ങി അത്രയോ സംഭവങ്ങള്‍ നമ്മള്‍ കണ്ടു ശീലിച്ചു കഴിഞ്ഞു. സെന്‍സേഷണലിസത്തിനു പുറകെ മാത്രം പോകുന്ന മാധ്യമങ്ങളും സംഭവങ്ങളുടെ ഗ്ലാമര്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കുന്നില്ല.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ ആണ് ഈ പ്രശ്നങ്ങളുടെയെല്ലാം മൂല കാരണം. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍, അഴിമതി തടയുവാനും, ഉദ്യോഗസ്ഥരെ പിരിച്ചു വിടുവാനും ഒരു ഭരണഘടനാ സ്ഥാപനം സ്ഥാപിക്കാനുള്ള ദീര്‍ഘവീക്ഷണം ഭരണഘടനാ ശില്പികള്‍ക്കില്ലാതെ പോയി. സര്‍ക്കാരുകള്‍ ഇനി അതൊരിക്കലും കൊണ്ട് വരുവാനും പോകുന്നില്ല. രാജ്യത്ത് നിയമങ്ങള്‍ അധികാരമില്ലാത്തവര്‍ക്ക് വേണ്ടി മാത്രമാണ്. അത് അധികാരത്തിനു മുമ്പില്‍ പല വിധത്തിലും കുമ്പിടുന്നു. നമ്മുടെ തന്നെ ചിന്താഗതിയില്‍ വന്ന മാറ്റമാണ് മറ്റൊന്ന്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിലും മായം. എന്‍റെ പരിചയക്കാരന്‍റെ പച്ചക്കറി തോട്ടത്തില്‍ അദ്ദേഹത്തിന്‍റെ വീട്ടിലെക്കാവാശ്യമുള്ള പച്ചക്കറിയും, മാര്‍ക്കറ്റിലേക്കുള്ളതും പ്രത്യേകമായാണ് വളര്‍ത്തുന്നത്. മാര്‍ക്കറ്റിലേക്കുള്ളതില്‍ അടിക്കുന്ന വിഷാംശം അതിഭീകരവും. കേരളത്തില്‍ അനുദിനം ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം പ്രത്യേകിച്ച് ആലോചിക്കാനില്ല.

ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ഭാഗമായി എന്നതില്‍ അഭിമാനിക്കാറുണ്ട് നമ്മള്‍ പലപ്പോഴും. എന്നാല്‍, ഇവിടുത്തെ ജനാധിപത്യം ഭാഗികമാണ് എന്നാണു എന്‍റെ അഭിപ്രായം. അത് ജനതയ്ക്ക് തങ്ങളുടെ അഭിപ്രായം എവിടെ വേണമെങ്കിലും വ്യക്തമാക്കാം എന്നതില്‍ ഒതുങ്ങുന്നു. അവര്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കുന്നതിലോ, സേവനങ്ങള്‍ നല്‍കുന്നതിലോ നമ്മുടെ രാജ്യം ഒരു ജാനാധിപത്യ രാജ്യത്തിന്‍റെ പടിവാതില്‍ക്കല്‍ പോലും എത്തിയിട്ടില്ല. പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നമുക്ക് പല വികസിത രാജ്യങ്ങളെയും മാതൃകയാക്കാം. ഞാനും തുല്യനാണ് എന്ന് സമൂഹത്തിന്‍റെ താഴെക്കിടയിലുള്ളവനും തോന്നുമ്പോഴേ ജനാധിപത്യം പൂര്‍ണ്ണമാകുന്നുള്ളു. നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യം ഒരിക്കലും മാറാന്‍ പോകുന്നില്ല. ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന ഈ തലമുറയില്‍ അടുത്ത ദുരന്തത്തിനായി ആകാംക്ഷയോടെ നമുക്ക് കാത്തിരിക്കാം.

Saturday, June 30, 2012

നഗരക്കാഴ്ചകള്‍


അവന്‍ ട്രെയിനിലേക്ക് കയറിയപ്പോള്‍ എല്ലാവരുടെയും വദനങ്ങളില്‍ പ്രകടമായ നീരസം ഉണ്ടായിരുന്നു. അവനു പ്രായം ഉദ്ദേശം ആറു വയസ്സുണ്ടാവും. ആകെയുള്ളത് പൊടിപടലങ്ങളും, ചെളിയും അതിര്‍ത്തി തീര്‍ത്ത ഒരു കുട്ടിനിക്കര്‍. തലമുടി, ചെളി നിറഞ്ഞു ജട പിടിച്ചിരിക്കുന്നു. എന്നെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു സ്കൂളില്‍ വിടുകയും, വിദ്യാഭ്യാസം എന്ന ഫലവൃക്ഷം രുചിച്ചു തുടങ്ങുകയും ചെയ്ത പ്രായത്തില്‍ പെട്ട ഒരു മനുഷ്യ ജീവി. അവന്‍റെ കയ്യില്‍ ഒരു കമ്പി വളയമുണ്ട്. അത് വച്ച് ചില അഭ്യാസങ്ങള്‍ അവന്‍ കാണിക്കുന്നുണ്ടെങ്കിലും, യാത്രക്കാര്‍ അതില്‍ ഒരു താല്പര്യവും പ്രകടപ്പിക്കുന്നില്ല. അവന്‍ തലകുത്തി മറിയുന്നതിനിടയില്‍ സമീപത്തെ ഇരിപ്പിടത്തില്‍ തല ഇടിച്ചെങ്കിലും, ഒരു ഭാവഭേദവും ആരുടേയും മുഖത്തില്ല. അവനില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധവും അവനെ കാണികളില്‍ നിന്ന് അകറ്റുന്നുണ്ട്. അവന്‍ ഒരു പാത്രവുമായി, നാണയത്തുട്ടുകള്‍ക്ക് വേണ്ടി കരുണയുള്ള കണ്ണുകള്‍ പരതിയെങ്കിലും നിരാശയായിരുന്നു ഫലം. ചെന്നൈ അടുക്കാറായപ്പോള്‍ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ പിടിച്ചിട്ടു. അവന്‍ അവിടെ ഇറങ്ങി. എന്‍റെ മനസ്സ് അവനു ഒരു പേരിട്ടിരുന്നു. ബാസ്റ്റ്യന്‍. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ എന്‍റെ നയനങ്ങള്‍ അവനെ തന്നെ പരതിക്കൊണ്ടിരുന്നു. സ്റ്റേഷനു തൊട്ടടുത്ത് തന്നെയുള്ള ഒരു പടുത കൊണ്ടുള്ള മറയിലേക്ക് അവന്‍ നടന്നു നീങ്ങി. അവിടെ അവനെ പോലെ അനേകം കുഞ്ഞുങ്ങള്‍ നില്‍ക്കുന്നുണ്ടായിരുന്നു. കുടുംബവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട ഒരു ചെറു സമൂഹം. ട്രെയിന്‍ജനാലയെന്ന കാരാഗ്രഹം എന്‍റെ കാഴ്ചയെ മറച്ചു തുടങ്ങി. എങ്കിലും ആ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചുകൊണ്ട് അവരുടെ അടുത്തു തന്നെയുണ്ടായിരുന്ന ആ മധ്യവയസ്കനെ ഞാന്‍ മറക്കില്ല. അയാള്‍ ആ ഭിക്ഷാലയത്തിന്‍റെ നടത്തിപ്പുകാരനാവും.  അനേകം കുഞ്ഞുങ്ങളാണ് വ്യക്തമല്ലാത്ത ഒരു ഭാവിയിലേക്ക് അവിടെ നിന്ന് ചുവടു വച്ചിറങ്ങുന്നത്.

അതിനു ഉദ്ദേശം രണ്ടു രണ്ടര കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെ പ്രശസ്തമായ എക്സ്പ്രസ്സ്‌ അവെന്യൂ മാള്‍. ബി.എം.ഡബ്ല്യൂവും, ഓഡിയും, ബെന്‍സും സമ്പന്നമാക്കിയ കാര്‍ പാര്‍ക്കിംഗ്. വിദേശ നിര്‍മിത സ്പ്രേകളുടെ സൌരഭ്യവുമായി ധാരാളം യുവാക്കളും, കൌമാരക്കാരും. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കാന്‍ മടിക്കുന്ന ഒരു ജനസമൂഹം. എല്ലാവരും തിരക്കിലാണ്. വിദേശ നിര്‍മിത ബ്രാണ്ടുകളുടെ ഷോപ്പുകളില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ചെന്നൈയിലെ അഴുക്ക് ചാലുകള്‍ അതിനുള്ളില്‍ ദര്‍ശിക്കാനാവുന്നില്ല. ആ വെള്ള മാര്‍ബിളും, അതിനുള്ളിലെ വ്യക്തികളും ഒരു കൃത്രിമ സന്തോഷമാണ് എന്നില്‍ നിറച്ചത്. അതിനുള്ളിലെ മനസാക്ഷി, നഗരത്തിന്‍റെ പൊതു മനസാക്ഷിയില്‍ നിന്നു വേറിട്ട്‌ നില്‍ക്കുന്നു. അതിനു പണത്തിന്‍റെ ആഢംബരമുണ്ട്, സുഗന്ധമുണ്ട്, എന്നാല്‍ അവിടെ മനുഷ്യത്വത്തിന്‍റെ സംതൃപ്തിയില്ല. ഒരു കച്ചവട സ്ഥാപനത്തില്‍ അത് പ്രതീക്ഷിക്കാനും പാടില്ല. സാമ്പത്തീക പുരോഗതിയോടൊപ്പം, വ്യക്തികളിലെ പണത്തിന്‍റെ അളവ് കൂടി വന്നു. ഉത്തരാധുനീക സമൂഹം എന്ന പേരില്‍ പടിഞ്ഞാറോട്ട് ഉറ്റു നോക്കുന്ന ഒരു വലിയ ജനവിഭാഗം നമ്മുടെയിടയില്‍ വളര്‍ന്നു കഴിഞ്ഞു.

മാളില്‍ നിന്ന് സന്ധ്യയായപ്പോള്‍ പുറത്തിറങ്ങി. അതിനുള്ളിലേക്ക് ഉറ്റുനോക്കുന്ന വലിയൊരു ജനവിഭാഗം മാളിനു പുറത്തുണ്ട്. അതില്‍ ഓട്ടോത്തൊഴിലാളികലുണ്ട്, ആലംബമില്ലാത്ത വന്ധ്യവയോധികരുണ്ട്, ഭ്രാന്തന്മാരുണ്ട്, തെരുവുകുട്ടികളും, പട്ടികളുമുണ്ട്, തിളങ്ങുന്ന വസ്ത്രങ്ങളുമായി രാത്രിയെ പ്രഭാതമാക്കുന്ന സ്ത്രീകളുമുണ്ട്. എല്ലാവര്‍ക്കും ഒരു ചിന്തയും പ്രതീക്ഷയും, നാണയം അഥവാ രൂപ. ഇവര്‍ക്കിടയിലൂടെ, നമ്മുടെ നാട് ഒരിക്കലും നന്നാകില്ല എന്നാ മനോഭാവത്തോടെ പോകുന്ന അനേകരെയും കണ്ടു. മാളില്‍ നിന്ന് ആളുകള്‍ പകുതി കഴിച്ചു വലിച്ചെറിയുന്ന കെ.എഫ്.സി.യുടെ എച്ചിലുകളുമായി വണ്ടി ഇവര്‍ക്കിടയിലൂടെ നീങ്ങുന്നതും കണ്ടു. ചിലര്‍ ഭക്ഷണം സ്റ്റാറ്റസിന്‍റെ ഭാഗമാക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് അത് ജീവന്‍ പിടിച്ചു നിര്‍ത്തുവാന്‍ മാത്രമുള്ളതാകുന്നു. റെയില്‍വേ സ്റ്റേഷനു സമീപം ഗുണ്ടകളും പിടിച്ചുപറിക്കാരുമുണ്ട്. നഗരത്തില്‍ മൊത്തം മാലിന്യവും നിറഞ്ഞിരിക്കുന്നു.

രാത്രി, ഭക്ഷണം ചെന്നൈയില്‍ നിന്നു തന്നെ ആക്കി. സ്റ്റേഷന്‍റെ പുറത്തു നൂറു കണക്കിന് ആളുകള്‍ മയങ്ങുന്നുണ്ട്. അതിനു തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ ആളുകള്‍ തിക്കിത്തിരക്കുന്നു. പലതും കൂട്ടിവായിക്കുമ്പോള്‍ വിചിത്രമായി തോന്നി. യുവാക്കള്‍ സിനിമ തിയേറ്ററില്‍ ആരവങ്ങളുയര്‍ത്തുമ്പോള്‍, ആലംബമില്ലാതെ അനേകം വ്രദ്ധര്‍ നഗര പ്രാന്തങ്ങളില്‍ സഞ്ചരിക്കുന്നു. നഗരം ഒരു തിരക്കഥയുടെ ഭാഗമാണ്. നാടകീയത തീരെയില്ലാതെ, അന്ത്യം കാത്തുകിടക്കുന്നൊരു തിരക്കഥ. അതില്‍ അനേകം നായകരുണ്ട്, വില്ലന്മാരും. വെളിച്ചം കുറഞ്ഞു തുടങ്ങി, എന്‍റെ ട്രെയിനും പുറപ്പെട്ടു. പകല്‍ നിര്‍ത്തിയിട്ട സ്റ്റേഷന്‍ എത്തിയപ്പോള്‍ വീണ്ടും അവന്‍ ട്രെയിനില്‍ കയറി, ബാസ്റ്റ്യന്‍. അവന്‍ ചാടി മറിയുന്നതിനിടയില്‍ അവന്‍റെ തുടയിലെ അടികൊണ്ടു കരുവാളിച്ച പാട് ഞാന്‍ ശ്രദ്ധിച്ചു. അഭ്യാസങ്ങലെല്ലാം കഴിഞ്ഞു, രാവിലത്തേതു പോലെതന്നെ അവന്‍ നിരാശനായി ട്രെയിനില്‍ നിന്നിറങ്ങി, അടുത്ത വണ്ടിയും, നാണയവും കാത്തു സ്റ്റേഷനില്‍ നില്‍പുറപ്പിച്ചു.. പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഇന്‍സപ്ഷനില്‍ നിന്നുള്ള ഒരാശയം കടമെടുത്താല്‍, എന്‍റെ ഈ നഗരക്കാഴ്ചകള്‍ ഒരു സ്വപ്നമാണെങ്കില്‍, പ്രതീക്ഷയറ്റ ബാസ്റ്റ്യനും, അല്പായുസ്സിയായ ധനവും സ്വപ്നത്തിലെ സ്വപ്നമാവുമോ?

Monday, June 18, 2012

അയാള്‍


അയാള്‍ എന്‍റെ ബോധമണ്ഡലത്തിലേക്ക് അതിക്രമിച്ചു കയറിയത് അതിദ്രുതമായിരുന്നു. യാത്രകളില്‍ ഞാന്‍ പ്രധാനമായും കാത്തുസൂക്ഷിക്കുന്നത് എന്‍റെ ഏകാന്തതയും, ഓര്‍മകളുമാണ്. അവയിലേക്ക് എത്തിനോക്കാന്‍ സുഹൃത്തുക്കളല്ലാതെ ആരെയും ഞാന്‍ അനുവദിക്കാറുമില്ല. നിരന്തരം ശല്യമുണ്ടാക്കുന്ന ചില കുടിയന്മാര്‍ക്കുള്ള മറുപടി ബാലെയിലെ പോലെ മൂകാഭിനയം മാത്രമാണ്. ചിലര്‍ അതില്‍ കൂടുതല്‍ ക്ഷോഭിക്കാറുണ്ട്. ചിലര്‍ മടുത്തു നിര്‍ത്തി പോകാറുമുണ്ട്. അതിര്‍വരമ്പുകളിലേക്ക് അനുവാദമില്ലാതെ എത്തുന്നവരോട് പ്രതികരണം ആവശ്യമാണ്‌.

പതിവു പോലെയുള്ള എന്‍റെ ഒരു യാത്രയില്‍, ഞാന്‍ ചിന്തകളില്‍ വ്യാപരിച്ചിരിക്കുന്നു. അതില്‍ ഞാന്‍ ആനന്ദം കണ്ടെത്താറുണ്ട്. "നിങ്ങള്‍ എങ്ങോട്ടാണ്?" ഉയര്‍ന്ന ശബ്ദത്തില്‍ എന്‍റെ സമീപമിരുന്ന ചെരുപ്പക്കാരന്‍ സംസാരിക്കുകയാണ്. ബസ്‌ കൊട്ടാരക്കര വിട്ടു കോട്ടയത്തിനുള്ള യാത്രയില്‍. ഞാന്‍ പ്രതികരിക്കാതെ എന്‍റെ അനിഷ്ടം പ്രകടിപ്പിച്ചു. അയാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ചോദ്യം ആവര്‍ത്തിക്കുകയാണ്. ഒരു മറുപടിക്കായി സാഹചര്യവും നിര്‍ബന്ധിച്ചു തുടങ്ങി. "കോട്ടയത്തേക്ക്", ഞാന്‍ പതിയെ അറിയിച്ചു. "എവിടുന്നാ?" ഉദ്ദേശം മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന അയാള്‍ ഒരു കുടിയനല്ല. എനിക്ക് ഈ സംഭാഷണങ്ങളില്‍ താല്പര്യവുമില്ല. പിന്നെ എന്തിനു അയാള്‍ എന്നെ നിര്‍ബന്ധിക്കുന്നു? അയാളുടെ ശബ്ദം പതിവിലും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പരിസരത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്.

"തിരുവനന്തപുരത്തുന്നാ", ഞാന്‍ ഒരു മറുപടി കൃത്രിമമായി സൃഷ്ടിച്ചു. "അതിനു ഇവിടുന്നാണോ കയറുന്നെ?", കടന്നു പോകുന്ന കൊട്ടാരക്കര ചൂണ്ടി അയാള്‍ ചോദിച്ചു. ഞാന്‍ അതിനു മുന്‍പേ ബസ്സില്‍ കയറിയെങ്കിലും അയാളുടെ അടുത്തു ഇരുന്നത് കൊട്ടാരക്കരയിലാണ്. അതാവും അയാളുടെ ചോദ്യത്തിനുള്ള പ്രചോദനം."പിന്നെ എവിടെ നിന്നു കയറണം?", ഞാന്‍ അനിഷ്ടം മറച്ചില്ല. അത് അയാള്‍ക്കും മനസ്സിലായെന്നു തോന്നുന്നു. അയാള്‍ ഒരു ക്ഷമാപണ ഭാവത്തോടെ കൊട്ടാരക്കരക്കു മുന്‍പു കാണാത്തതിനാലാണ് ചോദ്യം ഉന്നയിച്ചത് എന്ന് അറിയിച്ചു. കയറിയ സ്ഥലം ഞാനും അറിയിച്ചു. പിന്നീടയാള്‍ ജോലി സ്ഥലമാണ് തിരക്കിയത്. മറുപടി പറഞ്ഞു എന്‍റെ അനിഷ്ടം ഉയര്‍ന്നു വന്നു.

ഉത്തരങ്ങളില്ലാത്തവരുടെ പ്രധാന ആയുധം നിരന്തരമായ ചോദ്യങ്ങളാണ്. ഞാന്‍ അയാളോടും ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ആള്‍ ഫിസിക്സില്‍ phd ചെയ്യുകയാണെന്നും, അവസാന പ്രബന്ധം പ്രസിദ്ധീകരിക്കാറായെന്നും, ഒരു iit വിദ്യാര്‍ത്ഥിയാണെന്നുമുള്ള വിവരം കേട്ടതോടെ യഥാര്‍ത്ഥത്തില്‍ ചെറുതായത് ഞാനാണ്. അയാളുടെ വിനയം കൂടി മനസ്സിലാക്കിയതോടെ എന്‍റെ ഏകാന്തത എന്നില്‍ നിന്നു പിന്‍വലിഞ്ഞു തുടങ്ങി. ഇത്ര പ്രഗല്‍ഭനായ ഒരു വ്യക്തിയോടാണല്ലോ ഞാന്‍ ഇത്ര നേരം പ്രതികരിക്കാതിരുന്നത്.

ഞങ്ങള്‍ സുഹൃത്തുക്കളാകാന്‍ സമയം ഏറെ എടുത്തില്ല. വണ്ടി സ്ഥലങ്ങള്‍ പിന്നിടുമ്പോള്‍ ഞങ്ങള്‍ സംഭാഷണങ്ങളിലൂടെ കാലങ്ങളെ പിന്നിലാക്കി കൊണ്ടിരുന്നു. ബസ്‌ ഓരോ സ്റ്റാന്‍റ് പിന്നിടുമ്പോഴും അയാളുടെ ജീവിതകാലഘട്ടം ഓരോന്നായി ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു. എനിക്കു ഇതില്‍ ഉണ്ടായിരുന്നത് ഒരു ശ്രോദ്ധാവിന്‍റെ വേഷം മാത്രം. അയാള്‍ ജീവിതത്തിനോ, കാലത്തിനോ ഒരു മറയും കൊടുത്തിരുന്നില്ല. ഞാന്‍ ആളുകളെ എന്നില്‍ നിന്നു അകറ്റി നിര്‍ത്തികൊണ്ടിരുന്നപ്പോള്‍, അതിന്‍റെ വിരുദ്ധമായ ഒരു സമീപനമായിരുന്നു അയാളുടേത്.

വണ്ടി ചെങ്ങന്നൂര്‍ എത്തിയിരിക്കുന്നു. അയാളിപ്പോള്‍ അയാളുടെ കോളേജ് കാലഘട്ടത്തിലാണ്. ഒരു വിജയിയുടെ കഥയാണ്‌ ഞാന്‍ അയാളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. കോളേജ് കാലഘട്ടത്തില്‍ അയാള്‍ ഒരു പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും, അതു പഠന കാലഘട്ടത്തില്‍ തന്നെ തകര്‍ന്നു. സാധാരണമായൊരു സംഭവത്തെ അത്ര ലാഘവത്തോടെ എടുക്കാന്‍ അയാളുടെ മനസ്സു ഒരുക്കമായിരുന്നില്ല. താമസിയാതെ വളരെ വേഗം സ്വഭാവവും, വ്യക്ത്തിത്വവും മാറുന്ന ട്വിന്‍ പേഴ്സണാലിറ്റി എന്നൊരു മാനസീക രോഗത്തിന് അയാള്‍ അടിപ്പെട്ടു. ഇതൊക്കെ സംഭവിക്കുന്നത് iit പഠനകാലത്തും. രണ്ടു വര്‍ഷത്തോളം ഒരു മനശാസ്ത്രജ്ഞന്‍റെ അടുത്തു ചികല്‍സ. ചെറിയൊരു പനി വരെ മറ്റുള്ളവരില്‍ നിന്നു മറച്ചു വയ്ക്കുന്നൊരു തലമുറയെ കണ്ടു ശീലിച്ച എനിക്കു അയാള്‍ പുതിയൊരനുഭവമായിരുന്നു. ആദ്യമായി കാണുന്ന എന്നോട് അയാള്‍ എല്ലാ വിവരങ്ങളും പങ്കു വച്ചു.

രണ്ടു വര്‍ഷത്തോളം പഠനം മുടങ്ങി. iitയില്‍ തിരിച്ചെത്തിയ ഉടനെ അസുഖം വീണ്ടും കണ്ടതിനെ തുടര്‍ന്ന് അമ്മ കൂടെ വന്നു നില്‍കേണ്ടിയും വന്നു. എല്ലാവരും ഒരു മാനസീക രോഗി എന്ന നിലയില്‍ കണ്ടിരുന്ന ആ കാലത്തെ അയാള്‍ വെറുക്കുന്നുണ്ട്. അതു പറയുമ്പോള്‍ അയാളുടെ കണ്ണ് നനഞ്ഞിട്ടില്ലേ? ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. സഹപാഠികളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും മൂലം അയാള്‍  MSc ക്ലാസ്സില്‍ പത്താമനായി വിജയിച്ചു. ഇപ്പോള്‍ അവിടെ തന്നെ phdയും കഴിയാറായിരിക്കുന്നു. ഇപ്പോള്‍ ആ കണ്ണുകളില്‍ വേദനയുടെ നനവില്ല, വിജയത്തിന്‍റെ തിളക്കം മാത്രം. തന്‍റെ മനോരോഗത്തെ പോലും മറച്ചു പിടിക്കാത്ത അയാള്‍ എന്‍റെ മറ്റൊരു അധ്യാപകനായി മാറിയിരുന്നു.

വണ്ടി ചെങ്ങനാശ്ശേരി പിന്നിട്ടു കഴിഞ്ഞു. കോട്ടയത്തിനു ഇനി അര മണിക്കൂറില്‍ താഴെ മാത്രം. പഴകി ദ്രവിച്ച ഓര്‍മകളുമായി ഞാന്‍ വന്നിറങ്ങുന്ന സ്ഥലത്ത് ഇന്നെനിക്കുള്ളത് പുതുമയുള്ള ഒരു ജീവിതവും, സുഹൃത്തുമാണ്.  ഞാന്‍ എന്‍റെ ജീവിതം ഹ്രസ്വമായി വിവരിച്ചു. എന്നാല്‍ അതില്‍ പ്രയാസങ്ങള്‍ തീരെ കുറവ്. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായവന്‍ വെട്ടിപിടിക്കുമ്പോള്‍ അതിലെന്തു പുതുമ? അയാള്‍ തന്‍റെ രോഗത്തോട്, സാഹചര്യത്തോട്, സഹതാപത്തോട് എല്ലാം പൊരുതി വിജയം എന്ന് പൊതുവില്‍ വിചാരിക്കപെടുന്നിടത്തു എത്തി നില്‍ക്കുന്നു. വണ്ടി കോട്ടയം സ്റ്റാന്‍റിലേക്ക് കയറി. ചായ കുടിക്കാന്‍ അഞ്ചു മിനിട്ട് വണ്ടി നിര്‍ത്തി. അയാള്‍ യാത്ര പറഞ്ഞു കോട്ടയത്തെ ഇരുട്ടിലൂടെ നടന്നു മറഞ്ഞു. എന്‍റെ സ്വന്തമായ ഏകാന്തതയെയും, ചിന്തകളെയും എന്നെ തിരികെ ഏല്‍പ്പിച്ചിട്ട്.

Sunday, June 10, 2012

പത്മനാഭപുരം കൊട്ടാരത്തിലൂടെ


പ്രതാപശാലികളായിരുന്ന തിരുവതാംകൂര്‍ രാജാക്കന്മാരുടെ ഈറ്റില്ലമായിരുന്ന പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിക്കുക എന്നത് വളരെ നാളായുള്ള ഒരാഗ്രഹമായിരുന്നു. പല നിര്‍ണായക ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച അവിടം ഇപ്പോഴും മനോഹരമായി സംരക്ഷിക്കപ്പെട്ടുപോരുന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പത്മനാഭ ദാസന്മാര്‍ വസിക്കുന്നിടം എന്നതില്‍ നിന്നാണ് കൊട്ടാരത്തിനു ആ പേരു ലഭിച്ചത്. ചരിത്രാനുഭവ യാത്രക്ക് എന്നോടൊപ്പമുണ്ടായിരുന്നത് സഹമുറിയനായ നിതിന്‍. ഞങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണ ശേഷം ഉടനെ തന്നെ ഞങ്ങള്‍ പാസ്സെടുത്തു കൊട്ടാരത്തില്‍ പ്രവേശിച്ചു. തറകളുടെ സംരക്ഷണാര്‍ത്ഥം കൊട്ടാരത്തില്‍ ചെരുപ്പുകള്‍ക്ക് വിലക്കുണ്ട്. തമിഴ്‌ നാട്ടില്‍ ആണെങ്കിലും കൊട്ടാരം നില്‍ക്കുന്ന സ്ഥലം കേരളത്തിന്‍റെതാണ്. 


തിരുവോണ തോണി
കുതിരക്കാല്‍  വിളക്ക്
കൊട്ടാരം ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കും. അത് ആഢംബരം കൊണ്ടല്ല. മറിച്ച്, അതിന്‍റെ പ്രൌഢി കൊണ്ടാണ്. കൊട്ടാരത്തിനു ചുറ്റുമുള്ള വിശാലമായ പഠിപ്പുര അതിഥികളെ സ്വാഗതം ചെയ്യുന്നു. പഠിപ്പുരയില്‍ നിന്നു കൊട്ടാരത്തിന്‍റെ പൂമുഖത്തേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. അവിടെ തൂങ്ങി കിടക്കുന്ന കുതിരക്കാല്‍ വിളക്കുകള്‍ പുരാതന കാലത്തെ ശില്‍പികളുടെ കലാവൈഭവം പ്രകടമാക്കുന്നു. കൂടാതെ അതിഥികളെ രാജാവ് സ്വീകരിച്ചിരുത്തിയിരുന്ന പൂമുഖ കട്ടിലും, രാജാവിന് തിരുവോണ നാളുകളില്‍ സമ്മാനമായി ലഭിച്ചിരുന്ന തിരുവോണ തോണികളുടെ മാതൃകയും അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 

കൊട്ടാരം 1601ല്‍ ഇരവി വര്‍മ കുലശേകര പെരുമാളാണ് പണികഴിപ്പിച്ചത്. തായ്‌ കൊട്ടാരം 1550കളില്‍ തന്നെ ഉണ്ടെന്നു വിശ്വസിക്കപെടുന്നു. മാര്‍ത്താണ്ട വര്‍മ മഹാരാജാവ് 1750ല്‍ കൊട്ടാരം പുതുക്കിപണിയുകയും രാജ്യം പത്മനാഭനു കാഴ്ച സമര്‍പ്പിക്കുകയും ചെയ്തു. 1795ല്‍ ആണ് കൊട്ടാരം തിരുവനന്തപുരത്തെ കവടിയാറിലേക്ക് മാറ്റുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള ഒരു ചരിത്ര സ്മാരകം ഇന്നും അതെ കെട്ടുറപ്പോടെ തന്നെ നിലകൊള്ളുന്നു. രാജശാസനകളുടെ അലയൊലികള്‍ ഇന്നും അവിടെ ശ്രവിക്കാം.


മന്ത്രശാല
പൂമുഖത്തു നിന്ന് നമ്മള്‍ പ്രവേശിക്കുന്നത് മന്ത്രശാലയിലേക്കാണ്. രാജാവ് മന്ത്രിസഭാ യോഗങ്ങള്‍ നടത്തിയിരുന്നത് ഇവിടെയാണ്‌. ഇത് പൂമുഖത്തിന്‍റെ നേരെ മുകള്‍ നിലയിലാണ്. കോണിപടികള്‍ പുരാതന കേരള നിര്‍മാണ രീതിയായ വീതി കുറച്ച് ഉയരം കൂട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ കയറാന്‍ ലേശം ബുദ്ധിമുട്ടും. മന്ത്രശാലയിലെ തറ കറുത്ത് തിളങ്ങുന്നുണ്ട്. ചകിരി, മുട്ട വെള്ള തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഇതിന്‍റെ നിര്‍മാണ രീതി ഇന്ന് അജ്ഞാതമാണ്. നിര്‍മാണ പ്രത്യേകത കൊണ്ടും, തടികളുടെ ആധിക്യം കൊണ്ടും നട്ടുച്ചക്ക് പോലും കുളിര്‍മ അനുഭവപ്പെടും. ഇവിടെ നിന്ന് നേരെ ചെല്ലുന്നത് രാജാക്കന്മാര്‍ ആയിരങ്ങള്‍ക്ക് അന്നദാനം നടത്തിയിരുന്ന വിശാലമായൊരു ഹാളിലേക്കാണ്. തിരുവതാംകൂര്‍ രാജാക്കന്മാര്‍ ദാനധര്‍മരായിരുന്നതിനാല്‍ അവിടെ ദിനപ്രതി അനേകര്‍ വിശപ്പകറ്റിയിരുന്നു. ഇന്നവ ആളും അനക്കവും ഒഴിഞ്ഞു സന്ദര്‍ശകരെ പ്രതീക്ഷിച്ചിരിക്കുന്നു. 

രാജകട്ടില്‍ 
ഇവിടെ നിന്നു നമ്മള്‍ ചെന്നെത്തുന്നത് ഉപ്പിരിക്ക മാളികയിലെക്കാണ്. ഇതാണ് കൊട്ടാരത്തിന്‍റെ കേന്ദ്രഭാഗം. ഇതിന്‍റെ ഒന്നാം നിലയിലാണ് കൊട്ടാരത്തിന്‍റെ ധനകാര്യ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. മച്ചിലെ കൊത്തുപണികള്‍ ലോകോത്തരമാണ്. രണ്ടാം നിലയിലായി രാജാവിന്‍റെ കിടപ്പുമുറി സ്ഥിതി ചെയ്യുന്നു. 64 കൂട്ടം മരുന്നു ചെടികളുടെ തടി കൊണ്ടാണ് ആ കട്ടില്‍ പണി കഴിപ്പിച്ചിരിക്കുന്നത്. ഇവ ഡച്ച് കച്ചവടക്കാര്‍ രാജാവിന് സമ്മാനിച്ചതാണ്. ഇതിന്‍റെ അടുത്തായി തന്നെ വാളുകളും കുന്തങ്ങളും സൂക്ഷിക്കാനുള്ള ആയുധപുരകളും ഉണ്ട്. ജനാധിപത്യവും വിദ്യാഭ്യാസവും നല്‍കിയ ധൈര്യത്തില്‍ ഞാന്‍ ആ കട്ടിലില്‍ സ്പര്‍ശിച്ചു. ഒരു കാലത്തു പ്രജകള്‍ നോക്കുവാന്‍ പോലും പേടിച്ചിരുന്നിടം, ഇന്ന് സന്ദര്‍ശകരുടെ ഇഷ്ട സ്ഥലമായിരിക്കുന്നു. മൂന്നാം  നിലയിലായി രാജാവിന്‍റെ വിശ്രമ, പഠന മുറികള്‍ സ്ഥിതി ചെയ്യുന്നു. മുകള്‍ നിലയാണ് ഉപ്പിരിക്ക മാളിക എന്ന പേരില്‍ അറിയപ്പെടുന്നത്. അത് പദ്മനാഭന്‍റെ വാസ സ്ഥലമായാണ് കരുതി പോരുന്നത്. 


 ബെല്‍ജിയം കണ്ണാടി
ക്ലോക്ക് ടവര്‍ 
ഉപ്പിരിക്ക മാളികയില്‍ നിന്നു നമ്മള്‍ പ്രവേശിക്കുന്നത് തായ് കൊട്ടാരത്തിലെക്കാണ്. അമ്മ മഹാറാണിയുടെ കൊട്ടാരമാണ് തായ്‌ കൊട്ടാരം. അത് പുരാതന ശൈലിയിലുള്ള ഒരു നാലുകെട്ടാണ്. റാണിമാര്‍ ഒരുങ്ങാന്‍ ഉപയോഗിച്ചിരുന്ന ബെല്‍ജിയം കണ്ണാടിയും, സാമഗ്രികളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പുരാതന കക്കൂസുകളും ഒരു കോട്ടവും പറ്റാതെ സംരക്ഷിച്ചു പോരുന്നുണ്ട്. അമ്മമാഹാറാണിയുടെ കിടപ്പറയുടെ സമീപത്തായി വളരെ വിശാലമായ ആയുധപുരയാണ്. അവിടെ നിന്നു നോക്കിയാല്‍ കൊട്ടാരത്തിന്‍റെ മുക്കും മൂലയും കാണാനാവും. അതിനാല്‍ തന്നെ രാജാവിന്‍റെ വിശ്വസ്തരാന് അവിടെ നിരീക്ഷണ ജോലി നടത്തിയിരുന്നത്. തായ്‌ കൊട്ടാരത്തില്‍ തന്നെയുള്ള ഏകാന്ത മണ്ഡപത്തില്‍ ഒറ്റ പ്ലാവിന്‍ തടിയില്‍ നിര്‍മിച്ച കൊത്തുപണികള്‍ നിറഞ്ഞ അനേകം തൂണുകള്‍ കാണാനാവും. 300 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ക്ലോക്ക് ടവറില്‍ സമയം ഇപ്പൊഴും കൃത്യമാണ്.

അമ്പാരി മുഖപ്പ്
അവിടെ നിന്നു നമ്മള്‍ കൊട്ടാരത്തിന്‍റെ ചരിത്രം അനാവരണം ചെയ്യുന്നൊരു ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ തിരുവതാംകൂര്‍ രാജചരിത്രം അവിടെ വിവരണം ചെയ്യുന്നുണ്ട്.  രാജാവ് അമ്പലത്തിലെ ഉല്‍സവത്തിന് കുതിരയോട്ടം ആസ്വദിച്ചിരുന്ന അമ്പാരി മുഖപ്പ് അവിടെയായി സ്ഥിതി ചെയ്യുന്നു. ആന സവാരിക്ക് ഉപയോഗിക്കുന്ന അമ്പാരിയുടെ സാദൃശ്യമാണ് പേരിനു കാരണം. സ്ത്രീകള്‍ക്ക് പൊതു ജന സമ്പര്‍ക്കം നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് കൊട്ടാരം. അതിനാല്‍ തന്നെ അവര്‍ക്ക് പുറം ലോകം കാണുവാന്‍ പ്രത്യേകം ജനലുകളും സ്ഥലങ്ങളും ഉണ്ട്. 



             ഇന്ദ്രവിലാസം 
കുളക്കടവ്
ഇത് നേരെ എത്തിചേരുന്നിടം ഇന്ദ്ര വിലാസമാണ്. രാജാവിന്‍റെ അതിഥി മന്ദിരമാണിത്. വിദേശ വാസ്തുനിര്‍മാണ ശൈലി ഇവിടെ പ്രകടമാണ്. കൊത്തുപണികളിലും, പടികളിലും, വാതിലുകളിലും ഇത് ദര്‍ശിക്കാം. അവിടെ നിന്നു ഹെറിട്ടേജ്‌ മ്യൂസിയത്തിലെക്കാന് നാം എത്തുന്നത്. രാജാവിന്‍റെ മൂത്ത അമ്മാവന്‍റെ ഗ്രഹമാണിവിടം. മണിച്ചിത്രത്താഴ് സിനിമയില്‍ പ്രാധാന്യമുള്ള അനേകം രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു. കൊട്ടാരത്തിന്‍റെ കുളക്കടവും, കുളിമുറികളും സമീപത്തു തന്നെയാണ്. ഉപയോഗം നിലച്ചതിനാല്‍ ജലം മലിനമാണ്. കൊട്ടാരത്തിന്‍റെ കിണറും അവിടെ തന്നെയാണ്. വര്‍ഷങ്ങളുടെ ഓര്‍മകളും പേറി ഒരു ചന്തന മരം വഴിയില്‍ കാണികളെ സ്വാഗതം ചെയ്യുന്നുണ്ട്. 

രഹസ്യ വഴി
നവരാത്രി മണ്ഡപം
നവരാത്രി മണ്ഡപം നവരാത്രി ആഘോഷങ്ങള്‍ക്കായി മാര്‍ത്താണ്ട വര്‍മ നിര്‍മിച്ചതാണ്. കല്‍ത്തൂണുകളും, തിളങ്ങുന്ന തറയും അതിരു പാകിയിരിക്കുന്നിടം. സ്ത്രീകള്‍ക്കു പരിപാടികള്‍ വീക്ഷിക്കുവാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയിരിക്കുന്നു. കൊട്ടാരത്തിന്‍റെ അടുക്കള ഇതിനു ശേഷമാണ്. അനേകം അടുപ്പുകള്‍ കാണാം നമുക്കവിടെ. അടുക്കളയുടെ സമീപത്തു കൂടെ നമ്മള്‍ കൊട്ടാരത്തിന്‍റെ പുറത്തേക്കെത്തുന്നു. തൊട്ടടുത്തായി ഒരു സ്മാരകം സര്‍ക്കാര്‍ സംരക്ഷിച്ചു പോരുന്നുണ്ട്. പുരാതന ശില്പങ്ങള്‍, വിളംബരങ്ങള്‍, നാണയങ്ങള്‍, ആയുധങ്ങള്‍, ശിക്ഷാരീതികള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രാജാവിനും അടുത്ത കുടുംബാങ്ങള്‍ക്കും കിലോമീറ്ററുകള്‍ അകലെയുള്ള ചാരോട്ടു കൊട്ടാരത്തിലേക്ക് പോകാനുള്ള ഒരു രഹസ്യ വഴിയും കൊട്ടാരത്തില്‍ ഉണ്ട്. കാണികള്‍ക്ക് അതിലേക്കു പ്രവേശനമില്ല. 

ഞങ്ങള്‍ പുറത്തെക്കെത്തുമ്പോള്‍ സമയം സന്ധ്യയായിരുന്നു. കൊട്ടാരം സന്ദര്‍ശിക്കാന്‍ വന്ന ഞങ്ങളെപോലെ അനേകം സഞ്ചാരികള്‍ പുറത്തു നില്‍ക്കുന്നുണ്ട്. തെരുവു കച്ചവടക്കാര്‍ ഉത്സാഹപൂര്‍വം അവരുടെ അന്നത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ പുറത്തുകൂടെ കൊട്ടാരം ഒന്നുകൂടി ചുറ്റി കണ്ടു. വര്‍ഷങ്ങള്‍ പിന്നിലേക്കു പോയിരുന്നെങ്കിലെന്നു ഞാന്‍ അറിയാതൊന്നാശിച്ചു. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നമ്മുടെ ചരിത്രത്തില്‍ നമുക്കഭിമാനിക്കാം. കാരണം അതു നമ്മുടെ തന്നെ പൈതൃകമാണ്.